ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് രൂക്ഷമായ ആക്രമണം തുടര്‍ന്ന്
ഇസ്രയേല്‍ സൈന്യം. ലബനനില്‍ നാനൂറോളം ആക്രമണങ്ങള്‍ നടത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്. ഇസ്രയേലില്‍ ഒരു സൈനിക ബേസിന് നേരെ ആക്രമണം നടത്തിയെന്ന് ഹിസ്ബുളളയും അവകാശപ്പെട്ടു.ഇസ്രയേലില്‍ കൂടുതല്‍ ഉള്ളിലേക്ക് ഹിസ്ബുള്ള റോക്കറ്റുകള്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.യുദ്ധത്തിന്റെ പുതിയ മുഖം എന്ന് വിശേഷിപ്പിച്ച് ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ആരംഭിച്ച ആക്രമണം കൂടുതല്‍ കടുപ്പിക്കുകയാണ്.
ശനിയാഴ്ചയും ഞായറാഴ്ചയുമായി നാനൂറോളം ആക്രമണങ്ങള്‍ ലബനനില്‍ നടത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധസേന അവകാശപ്പെടുന്നത്. ഇന്നലെ രാത്രി മാത്രം നൂറിലധികം വ്യോമാക്രമണങ്ങള്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ നടത്തിയെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ ആയിരക്കണക്കിന് റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ക്കപ്പെട്ടു.ഹിസ്ബുള്ളയും ശക്തമായ തിരിച്ചടിക്കുന്നുണ്ട്. ഇസ്രയേലിന്റെ റാമത് ഡേവിഡ് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയെന്നും ഡസ്സന്‍ കണക്കിന് മിസൈലുകള്‍ തകര്‍ത്തെന്നും ഹിസ്ബുള്ള അറിയിച്ചു. ഇസ്രയേലിന്റെ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്ക് ഹിസ്ബുള്ളയുടെ റോക്കറ്റുകള്‍ എത്തുന്നുണ്ടെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലി നഗരമായ ഹെയ്ഫയ്ക്ക് സമീപം നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഹിസ്ബുള്ള ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഹിസ്ബുള്ളയും ആക്രമണം കടുപ്പിച്ചതോട് കൂടി ഇസ്രയേലിന്റെ വടക്കന്‍ ഭാഗത്തും ഗോലാന്‍ കുന്നിലും നിയന്ത്രണം കടുപ്പിച്ചു. സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ആളുകള്‍ കൂട്ടംകൂടുന്നതിന് നിരോധനവും ഏര്‍പ്പെടുത്തി.