അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കമ്പോളം അന്ന് ഉച്ചയ്ക്ക് 2.30 മുതൽ മാത്രമേ ആരംഭിക്കുകയുള്ളു. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന വിപണികൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 5 മണി വരെയെ പ്രവർത്തിക്കുകയുള്ളു. കോൾ/നോട്ടിസ്/ ടേം മണി, മാർക്കറ്റ് റിപ്പോ ഇൻ ഗവൺമെന്റ് സെക്യൂരിറ്റീസ്, ട്രൈ-പാർട്ടി റിപ്പോ ഇൻ ഗവൺമെന്റ് സെക്യൂരിറ്റീസ്, കൊമേഴ്‌സ്യൽ പേപ്പർ ആന്റ് സർട്ടിഫിക്കറ്റ്‌സ് ഓഫ് ഡെപ്പോസിറ്റ്, റിപ്പോ ഇൻ കോർപൊറേറ്റ് ബോണ്ട്‌സ്, ഗവൺമെന്റ് സെക്യൂരിറ്റീസ്, വിദേശ കറൻസി എന്നിവയാണ് സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന മാർക്കറ്റുകളിൽ ഉൾപ്പെടുന്നവ.
ജനുവരി 22ന് പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക റൂറൽ ബാങ്കുകൾ എന്നിവ ഉച്ചവരെ അടഞ്ഞുകിടക്കും. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. മന്ത്രാലയങ്ങളിലെയും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നതിനാണ് അവധി നല്‍കാനുള്ള തീരുമാനമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഈ ഉത്തരവു പ്രകാരം ഉച്ചവരെ അവധിയായിരിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.