പി.വി അന്‍വറിന്റെ ആരോപണത്തില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിന് എതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റില്ല. അതെസമയം ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും എഴുതി നല്‍കിയെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
കൊലപാതകം,സ്വര്‍ണ്ണക്കള്ളക്കടത്ത്,മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ ഗുരുതര ആരോപണം ആണ് എഡിജിപി എംആര്‍ അജിത്കുമാറിന് എതിരെ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ചത്.പിന്നാലെ ആരോപണങ്ങളില്‍ പൊതുവേദിയില്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ക്രമസമാധാന ചുമതലയില്‍ നിന്നും എംആര്‍ അജിത്കുമാറിനെ മാറ്റി നിര്‍ത്തിക്കൊണ്ടായിരിക്കും അന്വേഷണം എന്നാണ് ആഭ്യന്തരവകുപ്പില്‍ നിന്നും ആദ്യ പുറത്തുവന്ന സൂചനകള്‍. എന്നാല്‍ വൈകിട്ടോട് കൂടി കാര്യങ്ങളില്‍ മാറ്റം വന്നു.അന്വേഷണത്തിനായി അജിത് കുമാറിനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറി. ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയെങ്കിലും പൊലീസ് മേധാവി ഒഴിച്ചുള്ളവര്‍ എല്ലാം അജിത്കുമാറിനെക്കാള്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്.
മുഖ്യമന്ത്രി പിണറായി വിജയനുമായി സെക്രട്ടറിയേറ്റില്‍ കൂടിക്കാഴ്ച നടത്തിയ പി.വി അന്‍വറും അല്‍പ്പം അയഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയെ കാര്യങ്ങള്‍ വിശദമായി ധരിപ്പിച്ചിട്ടുണ്ടെന്നും പ്രധാന കാര്യങ്ങള്‍ എഴുതിക്കൊടുത്തെത്തും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കി പരാതി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നല്‍കും. ഇതോടെ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്നും ഇനി എല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു.