Sunday, August 9, 2026
Home Blog Page 81

ലണ്ടനില്‍ ഹീത്രൂ വിമാനത്താവളത്തിലെ സബ്‌സ്‌റ്റേഷനില്‍ പൊട്ടിത്തെറി

ലണ്ടനില്‍ ഹീത്രൂ വിമാനത്താവളത്തിലെ വൈദ്യുതി സബ്‌സ്‌റ്റേഷനില്‍ പൊട്ടിത്തെറി. വിമാനത്താവളം താല്‍കാലികമായി അടച്ചു. അപകടത്തെ തുടര്‍ന്ന് പതിനാറായിരത്തിലധികം വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ലണ്ടനിലെ ഹെയ്‌സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ് സ്‌റ്റേഷനിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ആയിരത്തിലധികം വിമാന സര്‍വ്വീസുകള്‍ വഴി തിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തു. ഇന്ന് അര്‍ദ്ധരാത്രി വരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് അടച്ചിടുന്നതെന്ന് വിമാനത്താവളാധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് പങ്കുവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാഹചര്യം പരിഹരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതര്‍ നിര്‍ദേശം നല്‍കി. സബ്‌സ്റ്റേഷനിലെ തീപ്പിടിത്തത്തെത്തുടര്‍ന്ന് 16,000ത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. 150ലധികം ആളുകളെ ഒഴിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അവധി ദിനങ്ങളിലെ തിരക്ക്:യുഎഇയിലെ വിമാന കമ്പനികള്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

0

അവധി ദിനങ്ങളിലെ തിരക്ക് പ്രമാണിച്ച് യാത്രക്കാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി യുഎഇയുടെ വിമാന കമ്പനികള്‍. പെരുന്നാള്‍ അവധിയും സ്‌കൂള്‍ അവധി ദിനങ്ങളും എത്തുന്നതോടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. വാരാന്ത്യങ്ങളിലാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുക.

മാര്‍ച്ച് അവസാനം മുതല്‍ ആഗസ്റ്റ് വരെ യുഎഇയിലെ വിമാനത്താവളങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് എയര്‍ലൈനുകള്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവും ചെറിയ പെരുന്നാള്‍ അവധി പ്രമാണിച്ച് രാജ്യത്തെ വിമാനത്താവളങ്ങളില്‍ തിരക്ക് അനുഭവപ്പെടും. രാജ്യത്തെ സ്‌കൂളുകള്‍ക്കും അവധി ആയതിനാല്‍ കുടുംബയാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. അബുദബി, ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ യുഎഇയുടെ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരമാവധി യാത്രക്കാര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍, സിറ്റി ചെക്ക് ഇന്‍, ഹോം ചെക്ക് ഇന്‍ സംവിധാനം ഉപയോഗിക്കണമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സും, എമിറേറ്റ്‌സ് എയല്‍ലൈന്‍സും ആവശ്യപ്പെട്ടു. 48 മണിക്കൂര്‍ മുമ്പ് സേവനം ഉപയോഗിക്കാം.

ചെക്ക് ഇന്‍ ചെയ്തവര്‍ക്ക് വിമാനത്താവള ടെര്‍മിനലില്‍ ഓട്ടോമേറ്റഡ് സെല്‍ഫ് സര്‍വ്വീസ് ബാഗ് ഡ്രോപ്പുകള്‍ വഴി ലഗേജുകള്‍ നല്‍കി ബോര്‍ഡിംഗ് പാസുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ശേഖരിക്കാം. ഇതിലൂടെ ചെക്ക് ഇന്‍ കൗണ്ടറിലെ കാത്തിരിപ്പ് ഒഴിവാക്കാന്‍ കഴിയും. സ്മാര്‍ട്ട് ഗേറ്റുകളിലൂടെ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം. നിരോധിത സാധനങ്ങള്‍ ബാഗുകളില്‍ ഇല്ലെന്ന് ഉറപ്പാക്കണം. ദുബൈയില്‍ ടെര്‍മിനല്‍ ഒന്നിലും മൂന്നിലും എത്തുന്ന യാത്രക്കാര്‍ പരമാവധി മെട്രോ സര്‍വ്വീസ് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ മറ്റ് യാത്രകര്‍ ഒഴിവാക്കണമെന്നും മറ്റ് പാതകള്‍ തെരഞ്ഞെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം.

കൂട്ടക്കുരുതി:ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 600 മരണം

ഗാസയില്‍ വീണ്ടും കൂട്ടക്കുടിയൊഴിപ്പിക്കല്‍.വടക്കാന്‍ ഗാസയിലും തെക്കന്‍ ഗാസയിലും ആണ് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇസ്രയേല്‍ ആക്രമണത്തില്‍ 91 പേര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വടക്കന്‍ ഗാസയില്‍ ബെയ്ത്ത് ലഹിയ,ബെയ്ത്ത് ഹനൗന്‍,ഗാസസിറ്റി,ഖാന്‍ യൂനിസ് എന്നിവടങ്ങളിലാണ് ഇസ്രയേല്‍ സൈന്യം ഒഴിഞ്ഞുപോകുന്നതിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.വിമാനങ്ങള്‍ നിന്നാണ് ജനവാസ മേഖലകളില്‍ ഒഴിഞ്ഞുപോകലിന് നിര്‍ദ്ദേശം നല്‍കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തത്.വെടിനിര്‍ത്തിലിന് ശേഷം സ്വദേശങ്ങളിലേക്ക് തിരികെ എത്തിയവരെയാണ് വീണ്ടും ഇസ്രയേല്‍ സൈന്യം ഒഴിപ്പിക്കുന്നത്.യുദ്ധം ഗാസമുനമ്പിലാകെ വീണ്ടും വ്യാപിപ്പിക്കുകയാണ് ഇസ്രയേല്‍ പ്രതിരോധ സേന.വ്യോമാക്രമണത്തിന് ഒപ്പം കരയുദ്ധവും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.ബെയ്ത്ത് ലെഹിയ അടക്കമുള്ള ജനവാസമേഖലകളില്‍ ടാങ്കുകള്‍ എത്തിച്ച് ആക്രമണം ആറംഭിച്ചിരിക്കുകയാണ് സൈന്യം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രയേല്‍ ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിച്ചത്.ഇതുവരെ അറുനൂറിലധികംപേരാണ് കൊല്ലപ്പെട്ടത്.ഇതില്‍ പകുതിയിലധികവും സ്ത്രീകളും കുട്ടികളും ആണെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഇതുവരെ ഫലപ്രാപ്തിയിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.അമേരിക്കയുടെ പൂര്‍ണ്ണപിന്തുണയോട് കൂടിയാണ് ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്.

പ്രവാസി പണത്തില്‍ കേരളം മുന്നില്‍:ഗള്‍ഫില്‍ നിന്നുള്ള ഒഴുക്ക് കുറഞ്ഞു

വിദേശഇന്ത്യക്കാര്‍ കേരളത്തിലേക്ക് അയക്കുന്ന പണത്തില്‍ വര്‍ദ്ധന എന്ന് റിസര്‍വ് ബാങ്കിന്റെ കണക്ക്.കൂടുതല്‍ വിദേശപ്പണം എത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കേരളം വീണ്ടും രണ്ടാം സ്ഥാനത്ത് എത്തി. ഇന്ത്യയിലേക്ക് എത്തുന്ന ആകെ വിദേശപ്പണത്തില്‍ 19.7 ശതമാനവും കേരളത്തിലേക്കാണെന്നാണ് റിസര്‍വ് ബാങ്കിന്റെ പതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.2023-2024 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ഇത്.പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്.രണ്ടാംസ്ഥാനത്തുള്ള കേരളവും ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയും തമ്മില്‍ പൂജ്യം ദശാംശം എട്ട് ശതമാനം മാത്രമാണ് വ്യത്യാസം.2020-2021 കാലഘട്ടത്തില്‍ 10.2 ശതമാനം ആയിരുന്നു കേരളത്തിന്റെ വിഹിതം.ഇതാണ് 2023-2024 സാമ്പത്തിക വര്‍ഷം 19.7 ശതമാനമായി ഉയര്‍ന്നത്.

വിദേശപ്പണത്തില്‍ വര്‍ദ്ധന വന്നുവെങ്കിലും ഗള്‍ഫ് പ്രവാസികളുടെ വിഹിതം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ആകെ എത്തിയ പണത്തിന്റെ 27.7 ശതമാനവും അമേരിക്കയില്‍ നിന്നാണ്.യുഎഇയുടെ സംഭാവന 19.2 ശതമാനവും.സൗദി അറേബ്യയും യുഎഇയും അടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സംഭാവന 37.9 ശതമാനമായി കുറഞ്ഞു.2016-2017 സാമ്പത്തിക വര്‍ഷം ആകെ എത്തിയ പണത്തില്‍ 46.7 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു.റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിദേശതൊഴിലാളികളില്‍ 19.4 ശതമാനവും ജോലി ചെയ്യുന്നത് യുഎഇയില്‍ ആണ്.എന്നിട്ടും പണം എത്തുന്നതില്‍ രണ്ടാംസ്ഥാനമാണ്.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 330 മരണം

0

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 330 മരണം.മരിച്ചവരില്‍ അന്‍പത് പേര്‍ കുട്ടികളാണെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.ഹമാസിന് എതിരെ ശക്തമായ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.

രാത്രിയില്‍ ഗാസയിലുടനീളം വ്യാപക ബോംബാക്രമണം ആണ് ഇസ്രയേല്‍ സൈന്യം നടത്തിയത്.ജനുവരി പത്തൊന്‍പതിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണം ആണ് ഇന്ന് പുലര്‍ച്ചെ നടന്നത്.ബന്ദിളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തല്‍ നീണ്ടുന്നതിനും ഹമാസ് തയ്യാറാകാത്ത സാഹചര്യത്തില്‍ ആക്രമണം പുനരാരംഭിച്ചത് എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.ഹമാസിന് എതിരെ ശക്തമായ ആക്രമണം തുടരാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇത് തുടരും എന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ഗാസയില്‍ പലയിടത്തും ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ഒഴിഞ്ഞുപോകലിന് ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഗാസ സിറ്റിയുടെ പടിഞ്ഞാറന്‍ ഭാഗത്തും ഖാന്‍ യൂനിസിലും ഉളള അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ഒഴിഞ്ഞുപോകണം എന്നാണ് ഇസ്രയേല്‍ പ്രതിരോധസേനയുടെ നിര്‍ദ്ദേശം.

നിരാലംബരായ ജനങ്ങളെ ഇസ്രയേല്‍ ആക്രമിക്കുന്നുവെന്ന് ഹമാസ് ആരോപിച്ചു.മധ്യസ്ഥ രാഷ്ട്രങ്ങള്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം എന്നും ഹമാസ് ആവശ്യപ്പെട്ടു.ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല.ഗാസയില്‍ ആക്രമണം പുനരാരംഭിക്കും മുന്‍പ് അമേരിക്കന്‍ ഭരണകൂടത്തിന് ഇസ്രയേല്‍ അറിയിപ്പ് നല്‍കിയിരുന്നുവെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

അല്‍ഖൈല്‍ മെട്രോ സ്‌റ്റേഷന്‍ അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചായി

0

ദുബൈയില്‍ അല്‍ഖൈയില്‍ മെട്രോ സ്‌റ്റേഷന്റെ പേര് അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് എന്ന് മാറ്റിയതായി ആര്‍ടിഎ അറിയിച്ചു. മെട്രോയുടെ റെഡ് ലൈനിലാണ് അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ സ്‌റ്റേഷന്‍.ദുബൈയിലെ അല്‍ഖൈല്‍ മെട്രോ സ്‌റ്റേഷനാണ് അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് എന്ന് പുനര്‍നാമകരണം ചെയ്തത്. മെട്രോയുടെ റെഡ് ലൈനില്‍ ഷെയ്ഖ് സായിദ് റോഡിലെ 4,5 ഇന്റര്‍ചേഞ്ചുകള്‍ക്കിടയിലാണ് മെട്രോ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചും ദുബൈ ആര്‍ടിഎയും തമ്മില്‍ കരാറിലൊപ്പു വെച്ചതായി ആര്‍ടിഎ അധികൃതര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെ പേരുകള്‍ മെട്രോ സ്‌റ്റേഷന് നല്‍കി പുനര്‍നാമകരണം നടത്താന്‍ ആര്‍ടിഎ അവസരം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മാറ്റം. വിവിധ സ്‌റ്റേഷനുകളില്‍ സമാനമായ മാറ്റം ആര്‍ടിഎ വരുത്തിയിരുന്നു.

ചെറിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍

0

യുഎഇയില്‍ ചെറിയപെരുന്നാളിന് സര്‍ക്കാര്‍ മേഖലയ്ക്കുളള അവധി ഫെഡറല്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അതോറിട്ടി പ്രഖ്യാപിച്ചു. മൂന്ന് ദിവസം ആണ് അവധി.ശവ്വാല്‍ ഒന്ന് മുതല്‍ മുതല്‍ മൂന്ന് വരെയാണ് അവധി.മാസപ്പുറവിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മുപ്പതിനോ മുപ്പത്തിയൊന്നിനോ ആയിരിക്കും ശവ്വാല്‍ ഒന്ന്.

റമദാന്‍ ഇരുപത്തിയൊന്‍പതായ മാര്‍ച്ച് ഇരുപത്തിയൊന്‍പത് ശനിയാഴ്ച യുഎഇയുടെ ചാന്ദ്രനിരീക്ഷണ സമിതി യോഗം ചേരും.മാസപ്പിറവി ദൃശ്യമായാല്‍ മാര്‍ച്ച് മുപ്പത് ഞായറാഴ്ച ആയിരിക്കും ചെറിയപെരുന്നാള്‍.യുഎഇയില്‍ സര്‍ക്കാര്‍മേഖലയുടേതിന് സമാനമായ അവധിയാണ് സ്വകാര്യമേഖലയ്ക്കും ലഭിക്കുക.പൊതു-സ്വകാര്യമേഖലകളുടെ അവധികള്‍ ഏകീകരിക്കാന്‍ യുഎഇ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.

യുഎഇയില്‍ ഡ്രോണ്‍ സേവന കമ്പനികള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍

0

യുഎഇയില്‍ ഡ്രോണ്‍ സേവന കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനറല്‍ സിവില്‍ ഏവിയേഷന്‍. ഡ്രോണ്‍ ഉപയോഗം വ്യാപമാകാനിരിക്കെയാണ് നിയന്ത്രണം. പ്രവര്‍ത്തനാനുമതിയ്ക്ക് വിവിധ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.

പൊതുസുരക്ഷയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രോണ്‍ സേവന കമ്പനികള്‍ വ്യോമയാന വിഭാഗത്തിന്റെ മാനദണ്ഡങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ഡ്രോണ്‍ പറത്താന്‍ ആവശ്യമായ ലൈസന്‍സ് നേടുക, പരിശീലനം നടത്തുക, ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് പുറത്തിറക്കിയത്. യാത്ര, ചരക്കുനീക്കം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ ഉപയോഗം വ്യാപകമാകാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഡ്രോണ്‍ സേവന കമ്പനികളും വ്യോമയാന വിഭാഗവും തമ്മില്‍ സംയോജനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരാറുകള്‍, പരിശീലനം, ഗുണനിലവാരം, സുരക്ഷ, ഓഡിറ്റിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളാണ് പുതുതായി വ്യക്തമാക്കിയിരിക്കുന്നത്.

യുഎഇയില്‍ വ്യക്തിഗത ഡ്രോണ്‍ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ആഭ്യന്തര മന്ത്രാലയം ഭാഗികമായി നീക്കിയിരുന്നു. വിനോദത്തിനായി ഡ്രോണ്‍ പറത്തുന്നവരും യുഎഇ ഡ്രോണ്‍സ് ആപ്ലിക്കേഷന്‍ വഴി റജിസ്റ്റര്‍ ചെയ്ത് ജനറല്‍ സിവില്‍ എവിയേഷനില്‍ നിന്ന് സേവന, പരിശീലന സര്‍ട്ടിഫിക്കറ്റ് നേടണം. ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏകീകൃത പ്ലാറ്റ്‌ഫോമിനു കീഴില്‍ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും റജിസ്‌ട്രേഷന്‍, പ്രവര്‍ത്തന പ്രക്രിയകള്‍ ലളിതമാക്കും. നിയമവും നിയന്ത്രണങ്ങളും ലംഘിക്കുന്നവര്‍ക്ക് 6 മാസം മുതല്‍ 5 വര്‍ഷം വരെ തടവോ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയോ ശിക്ഷ ലഭിക്കും.

വിസിറ്റ് വീസ:സൗദി അറേബ്യയില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി

0

സൗദി അറേബ്യയില്‍ വിസിറ്റ് വീസ അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി വിദേശകാര്യ മന്ത്രാലയം. വീസ അനുവദിക്കുന്ന സൈറ്റില്‍ നിന്ന് സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ഓപ്ഷനുകള്‍ മന്ത്രാലയം പിന്‍വലിച്ചത്. പുതിയ നിയന്ത്രണം നിരവധി പ്രവാസികളെ പ്രതികൂലമായി ബാധിക്കും.

വീസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏത് തരം വീസയാണ് അനുവദിക്കേണ്ടത് എന്ന് ഇനി മുതല്‍ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോണ്‍സുലേറ്റിനോ തീരുമാനിക്കാം. ഇത് സ്ഥിരം സംവിധാനമാണോ താല്‍കാലിക നിയന്ത്രണമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ടുമാസം മുന്‍പാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വീസ അപേക്ഷയില്‍ മാറ്റങ്ങളുണ്ടായത്. ഒരു വീസയില്‍ സൗദിയിലേക്ക് പലവട്ടം വരാന്‍ സാധിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അപേക്ഷ സൗകര്യം നേരത്തെ പിന്‍വലിച്ചിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും വിഎഫ്എസ് കേന്ദ്രങ്ങളില്‍ സൗകര്യം പുനഃസ്ഥാപിച്ചില്ല. ഇതിനു പിന്നാലെയാണ് വെബ്‌സൈറ്റില്‍ നിന്നും മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി സൗകര്യം പിന്‍വലിച്ചത്.

സ്‌കൂള്‍ അവധിക്ക് ശേഷം സൗദിയിലേക്ക് വരാനിരുന്ന നൂറു കണക്കിന് പ്രവാസി കുടുംബങ്ങള്‍ ഇപ്പോഴും അനിശ്ചിതത്തിലാണ്. പുതിയ വീസ അനുവദിക്കുന്നത് ഏപ്രില്‍ മധ്യം വരെയാണ്. കേരളത്തില്‍ സ്‌കൂളുകളില്‍ പരീക്ഷ അവസാനിക്കുന്നത് മാര്‍ച്ച് അവസാനമാണ്. ഇതിന് ശേഷം രണ്ടാഴ്ച മാത്രമാണ് സൗദിയില്‍ തങ്ങാന്‍ പുതിയ വീസക്കാര്‍ക്ക് അനുവാദമുള്ളത്. ഇതേ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ യാത്ര റദ്ദാക്കുകയാണ്. ഹജ് സീസണ്‍ ആയതുകൊണ്ടാണ് വീസ നിയമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


പുതിയ യുഗം:സിറിയയില്‍ താത്കാലിക ഭരണഘടന നിലവില്‍ വന്നു

അധികാരമാറ്റത്തിന് പിന്നാലെ സിറിയയില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു.അഭിപ്രായ സ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവും ഉറപ്പാക്കുന്നതാണ് ഭരണഘടന.സ്ത്രീകള്‍ക്ക രാഷ്ട്രീയ അവകാശങ്ങളും ഭരണഘടന നല്‍കുന്നുണ്ട്.

ഇസ്ലാമിക നിയമങ്ങളില്‍ അധിഷ്ഠിതമായ താത്കാലിക ഭരണഘടനയ്ക്കാണ് സിറിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷക്കാലത്തേക്കുള്ളതാണ് പുതിയ ഭരണഘടന.സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനും തൊഴിലെടുക്കുന്നതിനുമുള്ള അവകാശങ്ങള്‍ ഭരണഘടന നല്‍കുന്നുണ്ട്.രാഷ്ട്രീയ രംഗത്തും സ്ത്രീകള്‍ക്ക് പങ്കാളികളാകാം.മാധ്യമ സ്വാതന്ത്ര്യവും പുതിയ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്.ജുഡിഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും ഭരണഘടന ഊന്നല്‍ നല്‍കുന്നുണ്ട്.പുതിയ ഭരണഘടനപ്രകാരം ഇസ്ലാം മതവിശ്വാസിയായിരിക്കണം സിറിയന്‍ പ്രസിഡന്റ.

സിറിയന്‍ ജനതയ്ക്ക് ഒരു പുതിയ തുടക്കം നല്‍കുന്നതാകും ഭരണഘടന എന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ ഷാറ പറഞ്ഞു.2012-ല്‍ നിലവില്‍ വന്ന സിറിയന്‍ ഭരണഘടന അധികാരമാറ്റത്തിന് പിന്നാലെ ജനുവരിയില്‍ റദ്ദാക്കിയിരുന്നു.തുടര്‍ന്ന് ഭരണഘടനയുടെ കരടിന് രൂപം നല്‍കുന്നതിന് ഒരു സമിതിക്കും രൂപം നല്‍കി.ഈ സമിതി തയ്യാറാക്കിയ ഭരണഘടനയ്ക്കാണ് അംഗീകാരം നല്‍കിയത്.സിറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കണം എങ്കില്‍ നാല് മുതല്‍ അഞ്ച് വര്‍ഷം വരെ വേണ്ടി വരും എന്നാണ് അഹമ്മദ് അല്‍ ഷാറ വ്യക്തമാക്കിയിട്ടുള്ളത്.കഴിഞ്ഞ ഡിസംബറില്‍ ആണ് സിറിയന്‍ വിമതസേന ദമാസ്‌ക്കസ് പിടിച്ചെടുത്തത്.അധികാര നഷ്ടമായതോടെ പ്രസിഡന്റായിരുന്ന ബഷാര്‍ അല്‍ അസദ് രാജ്യം വിടുകയായിരുന്നു.