Sunday, August 9, 2026
Home Blog Page 82

യുഎഇയില്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സ് നിയമം മാര്‍ച്ച് 29ന് പ്രാബല്യത്തില്‍ വരും

0

യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി കുറച്ച നിയമം ഈ മാസം 29ന് പ്രാബല്യത്തില്‍ വരും. പ്രായപരിധി 18 ല്‍ നിന്നും 17 യാണ് കുറച്ചത്. ഗവണ്‍മെന്റ് പ്രഖ്യാപിച്ച പുതിയ ഗതാഗത നിയമത്തിലാണ് പ്രായപരിധിയില്‍ മാറ്റം വരുത്തിയത്.

2024 ഒക്ടോബറിലായിരുന്നു യുഎഇയില്‍ പരിഷ്‌കരിച്ച ഗതാഗത നിയമം പ്രഖ്യാപിച്ചത്. പുതിയ നിയമലത്തിലാണ് യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി പതിനെട്ട് വയസില്‍ നിന്നും പതിനേഴായി കുറച്ചത്. ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ ആണ് ആദ്യമായി ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായപരിധി കുറച്ചത്. പതിനേഴ് വയസ് പൂര്‍ത്തിയായാല്‍ ഫോര്‍ വീലര്‍ ലൈസന്‍സിന് അപേക്ഷിക്കാം. മാര്‍ച്ച് 29 ന് പുതിയ നിയമം പ്രാബല്യത്തില്‍ വരും. രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുക.

ഇതോടൊപ്പം രാജ്യത്ത് വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങള്‍ക്ക് വന്‍ തുക പിഴയും തടവും ശിക്ഷ ലഭിക്കും. വിവിധ നിയമലംഘനങ്ങള്‍ക്ക് അമ്പതിനായിരം ദിര്‍ഹം വരെയാണ് പിഴ.


പൊന്നുംവില:യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധന

0

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധന.ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് വില 330 കടന്നു.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 64960 രൂപയായി ഉയര്‍ന്നു.

330 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സ് ആണ് യുഎഇ വിപണിയില്‍ ഇന്ന് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില.ഇരുപത്തിനാല് ക്യാരറ്റിന്റെ വില 354 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായും കൂടി.ഒരു ദിവസത്തിനിടയില്‍ മാത്രം ഗ്രാമിന് മൂന്ന് ദിര്‍ഹം ആണ് ഉയര്‍ന്നത്.രാജ്യാന്തരവിപണിയില്‍ 2945 ഡോളറിലാണ് സ്വര്‍ണ്ണത്തിന്റെ വ്യാപാരം.ഇന്ന് മാത്രം മുപ്പത് ഡോളറിലധികം ആണ് കൂടിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നികുതി നയങ്ങളാണ് സ്വര്‍ണ്ണവില വര്‍ദ്ധിപ്പിക്കുന്നത്.അമേരിക്ക കൂടുതല്‍ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന ഭീതി ശക്തിപ്പെടുന്നുണ്ട്.ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്.അടിസ്ഥാന പലിശനിരക്കുകള്‍ ഈ വര്‍ഷം അമേരിക്ക രണ്ട് തവണ കുറയ്ക്കും എന്ന പ്രതീക്ഷും സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ എത്തിക്കുകയാണ്.

സുനിതയുടെയും വില്‍മോറിന്റെയും മടക്കയാത്രയില്‍ പ്രതിസന്ധി

രാജ്യാന്തരബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്രയില്‍ വീണ്ടും പ്രതിസന്ധി.ഇരുവരും തിരിച്ചുവരേണ്ടിയിരുന്ന സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിന്റെ വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് വൈകുകയാണ്.

ഇന്ന് പ്രാദേശികസമയം രാത്രി 7.48-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നും ഡ്രാഗണ്‍ പേടകത്തിന്റെ വിക്ഷേപണം നടത്തുന്നതിന് ആയിരുന്നു പദ്ധതി.എന്നാല്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ച് വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ റദ്ദാക്കുകയായിരുന്നു.വിക്ഷേപണത്തറയിലെ ഹൈഡ്രോളിംഗ് സംവിധാനത്തിന്റെ തകരാറാണ് പ്രതിസന്ധി.ഇത് പരിഹരിക്കാനായാല്‍ വെളളിയാഴ്ച വിക്ഷേപണം നടത്താനാണ് നാസയുടെ തീരുമാനം.

ഭൂമിയിലേക്ക് മടങ്ങുന്ന സുനിത വില്യംസിനും ബൂച്ച് വില്‍മോറിനും നിക്ക് ഹേഗിനും പകരമായി മൂന്ന് ബഹിരാകാശ സഞ്ചാരികളും ഈ പേടകത്തില്‍ നിലയത്തിലെത്തും.അങ്ങനെ എങ്കില്‍ മാര്‍ച്ച് പത്തൊന്‍പതിന് സുനിതയും സംഘവും ഭൂമിയിലേക്ക് മടങ്ങും. മാര്‍ച്ച് ഇരുപതിന് മൂവരും ഭൂമിയില്‍ തിരികെ എത്തും.എട്ട് ദിവസത്തെ ദൗത്യത്തിനായി യാത്രതിരിച്ച സുനിത വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ അഞ്ച് മുതല്‍ രാജ്യാന്തരബഹിരാകാശ നിലയത്തില്‍ തുടരുകയാണ്.


ചെങ്കടലില്‍ വീണ്ടും കപ്പലുകള്‍ ആക്രമിക്കും എന്ന് ഹൂത്തികള്‍

ചെങ്കടലില്‍ വീണ്ടും കപ്പലുകള്‍ ആക്രമിക്കും എന്ന ഭീഷണിയുമായി യെമനിലെ ഹൂത്തി വിമതര്‍.ഇസ്രയേല്‍ കപ്പലുകള്‍ ആക്രമിക്കും എന്നാണ് ഭീഷണി.

ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നത് ഹൂത്തി നിര്‍ത്തിവെച്ചിരുന്നു.എന്നാല്‍ ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് ഇസ്രയേല്‍ തടയുന്ന സാഹചര്യത്തില്‍ ആക്രമണം പുനരാരംഭിക്കും എന്ന് ഹൂത്തി നേതൃത്വം അറിയിച്ചു.ഇസ്രയേലിന്റെ ഒരു കപ്പല്‍ പോലും ചെങ്കടല്‍ വഴി യാത്രചെയ്യാന്‍ പാടില്ലാണ് ഹൂത്തികളുടെ അറിയിപ്പ്.വിലക്ക് ലംഘിച്ചാല്‍ കപ്പലുകളആക്രമിക്കും.ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍,മരുന്ന് എന്നിവ എത്തുന്നത് തടയുന്ന നടപടി ഇസ്രയേല്‍ അവസാനിപ്പിക്കണം എന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഏത് സമയവും ആക്രമണം ആരംഭിക്കും എന്നും ഹൂത്തികള്‍ വ്യക്തമാക്കി.ഹൂത്തികളുടെ ഭീഷണിയെ തുടര്‍ന്ന് യെമന്‍തീരം വഴി സഞ്ചരിക്കുന്ന കപ്പല്‍ കമ്പനികള്‍ ആശങ്കയിലാണ്.2023 നവംബര്‍ മുതല്‍ ചെങ്കടലില്‍ ഹൂത്തികള്‍ കപ്പലുകള്‍ ആക്രമിക്കുന്നുണ്ട്. നൂറിലധികം കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.രണ്ട് കപ്പലുകള്‍ കടലില്‍ മുങ്ങി.ഏഷ്യയില്‍ നിന്നും സൂയസ് കനാല്‍ വഴി യൂറോപ്പിലേക്കുള്ള സുപ്രധാന കപ്പല്‍പാതയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ശമ്പളം ഏഴാം തീയതിക്കുള്ളില്‍ നല്‍കണം എന്ന് കുവൈത്ത്‌

0

തൊഴിലാളികളുടെ ശമ്പളം ഏഴാംതീയതിക്കുള്ളില്‍ നല്‍കണം എന്ന നിര്‍ദ്ദേശവുമായി കുവൈത്ത് പബ്ലിക് അതോറിട്ടി ഫോര്‍ മാന്‍ പവര്‍.തൊഴിലാളികളുടെ പാര്‍പ്പിടകേന്ദ്രങ്ങള്‍ സംബന്ധിച്ചും അതോറിട്ടി കര്‍ശനം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


തൊഴിലാളികളുടെ ശമ്പളം നിശ്ചിത തീയതി കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണം എന്നാണ് കുവൈത്ത് പബ്ലിക് മാന്‍ പവര്‍ അതോറിട്ടി പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.ശമ്പളം വൈകിപ്പിച്ചാല്‍ രാജ്യത്തെ തൊഴില്‍നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.തൊഴിലാളികളുടെ താമസസൗകര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാകണം.തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.ഇരുനൂറിലധികം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശീലനം നേടിയ നഴ്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഥമ ശുശ്രൂഷാ കേന്ദ്രം ഒരുക്കണം.

തൊഴിലാളി പാര്‍പ്പിട കേന്ദ്രങ്ങള്‍ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ല.കുവൈത്തിലെ പുതിയ നിയമപ്രകാരം ഒരു മുറിയില്‍ നാല് പേര്‍ മാത്രമേ പാടുള്ളു.തൊഴിലാളികളുടെ വേതനം പാര്‍പ്പിട സൗകര്യം എന്നിവ സംബന്ധിച്ച് പബ്ലിക് മാന്‍ പവര്‍ അതോറിട്ടി സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്.

യുഎഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദൂരജോലിക്ക് അനുമതി

0

രാജ്യത്തിന് പുറത്തുളള ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദൂര ജോലി അനുവദിക്കാന്‍ യുഎഇയുടെ തീരുമാനം.അടുത്ത ആറ് വര്‍ഷത്തേക്കുള്ള നിക്ഷേപ നയത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

അബുദബി ഖസര്‍ അല്‍ വതാനില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് വിദൂരജോലിക്ക് അനുമതി നല്‍കുന്നതിന് തീരുമാനിച്ചത്.രാജ്യത്തിന് പുറത്തുനിന്നും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദൂരജോലി ചെയ്യുന്നതിനാണ് അനുമതി നല്‍കുന്നത്.

യുഎഇ സര്‍ക്കാര്‍ പദ്ധതികളിലും പഠനങ്ങളിലും പ്രത്യേക ദൗത്യങ്ങളിലും രാജ്യാന്തരതലത്തിലുളള പ്രതിഭകളെ ആകര്‍ഷിക്കുക എന്നതാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.അടുത്ത ആറ് വര്‍ഷത്തിനുളളില്‍ രാജ്യത്തേക്ക് എത്തുന്ന വിദേശനിക്ഷേപം ഇരട്ടിയിലധികമാക്കുന്നതിനും നയത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.ആകെ വിദേശനിക്ഷേപം എണ്ണൂറ് ബില്യണില്‍ നിന്നും 2.2 ട്രില്യണിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ഇസ്രയേല്‍ ഉപരോധം:ഗാസ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുന്നു

0

ഗാസയിലേക്ക് മാനുഷികസഹായം പ്രവേശിക്കുന്നതിന് ഇസ്രയേല്‍ തടസ്സം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്നു.ഭക്ഷ്യസ്ഥാപനങ്ങള്‍ പലതും അടച്ചുതുടങ്ങി.പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥരാഷ്ട്രങ്ങള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്

ഈജിപ്ത് അതിര്‍ത്തി വഴി ഗാസയിലേക്ക് സഹായം എത്തുന്നത് ഇസ്രയേല്‍ തടഞ്ഞിട്ട് പത്ത ദിവസങ്ങള്‍ പിന്നിടുകയാണ്.ഭക്ഷ്യവസ്തുക്കളുടെ നീക്കിയിരിപ്പ് അതിവേഗത്തിലാണ് കുറയുന്നത്.ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലാതായതോടെ ബേക്കറികള്‍ അടക്കമുളള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി തുടങ്ങി.പലസത്‌നീകള്‍ക്ക് ഇഫ്താര്‍ ലഭ്യമാക്കുന്ന സാമൂഹ്യഅടുക്കളകളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.ഗാസ മുനമ്പിലുളള ഇരുപത്തിമൂന്ന് ലക്ഷം ജനങ്ങളില്‍ ഭൂരിഭാഗം പേരും പുറത്തുനിന്നും എത്തുന്ന സഹായവസ്തുക്കളെയാണ് ആശ്രയിക്കുന്നത്.

പലയിടത്തും പട്ടിണി ബാധിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍തോതില്‍ വില കുതിച്ചുയര്‍ന്നു.ഇന്ധന ക്ഷാമം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പോലും ബാധിച്ച് തുടങ്ങി.അമേരിക്ക മുന്നോട്ടുവെച്ച രണ്ടാംഘട്ട വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഹമാസ് അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഇസ്രയേല്‍ ഗാസയിലേക്കുളള സഹായവിതരണം തടസപ്പെടുത്തുന്നത്.രണ്ടാംഘട്ട വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുളള ശ്രമങ്ങള്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ഇടിമിന്നലും മഴയും:യുഎഇയില്‍ പുലര്‍ച്ചെ മുതല്‍ മഴ

0

യുഎഇയില്‍ ഇടിമിന്നലോടു കൂടിയ മഴ. രാജ്യത്തെ ഏഴ് എമിറേറ്റുകളിലും പുലര്‍ച്ചെ മുതല്‍ മഴ അനുഭവപ്പെട്ടു. അറബിക്കടല്‍ പ്രക്ഷുബ്ദ്മായതോടെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്നലെ മുതല്‍ യുഎഇില്‍ നേരിയ മഴ അനുഭവപ്പെടുന്നുണ്ട്. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ മഴ ലഭിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദബിയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു.അല്‍ ദഫ്ര മേഖല, അല്‍ മുത്വ, അല്‍ മിര്‍ഫ എന്നിവിടങ്ങളില്‍ നേരിയ മഴ അനുഭവപ്പെട്ടു. ദുബൈയില്‍ റാസല്‍ഖോര്‍, അവീര്‍, പാം ജുമൈറ, ദെയ്‌റ, അല്‍ നാഹ്ദ എന്നിവയുള്‍പ്പെടുള്ള വിവിധ മേഖലകളിലാണ് മഴ പെയ്തത്. ഷാര്‍ജയില്‍ ദെയ്ദ്, ഖോര്‍ഫക്കന്‍, ഉംഅല്‍ഖുവൈനില്‍ അല്‍ റാസ്, അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലും മഴ നേരിയ മഴ അനുഭവപ്പെട്ടു.

റാസല്‍ഖൈമയില്‍ അല്‍ മസ്ര, അല്‍ഖയ്ല്‍, ഷാം, അല്‍ റംസ്, ദല്‍മ ഐലന്റ് എന്നിവിടങ്ങളിലും പുലര്‍ച്ചെ മുതല്‍ മഴ ലഭിച്ചു. അറബിക്കടല്‍ പ്രക്ഷുബ്ദമായതോടെ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. താപനിലയിലും കുറവ് രേഖപ്പെടുത്തി. പകല്‍ സമയങ്ങളിലെ ഉയര്‍ന്ന താപനില 29 ഡ്ിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്.

ട്രംപിന്റെ നയങ്ങള്‍:വീണ്ടും സാമ്പത്തിക മാന്ദ്യഭീതിയില്‍ അമേരിക്ക

അമേരിക്കന്‍ സമ്പദ്ഘടന വീണ്ടും മാന്ദ്യഭീതിയില്‍.പ്രസിഡന്റ് ഡൊണള്‍ഡ് ടംപിന്റെ നയങ്ങള്‍ അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നയിക്കുന്നത് എന്ന ആശങ്കയാണ് ശക്തമാകുന്നത്.അമേരിക്കന്‍ ഓഹരി വിപണികളും തകര്‍ച്ച നേരിടുകയാണ്.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് വീണ്ടും ചുമതലയേറ്റതിന് ശേഷം സ്വീകരിക്കുന്ന നയസമീപനങ്ങള്‍ സമ്പദ്ഘടനയെ വീണ്ടും മാന്ദ്യത്തിലേക്ക് നയിക്കും എന്ന ഭീതി ശക്തിപ്പെട്ടിരിക്കുകയാണ്.ഇന്നലെ അമേരിക്കന്‍ ഓഹരിവിപണികളില്‍ നേരിട്ട വന്‍തകര്‍ച്ചയ്ക്ക് കാരണവും ഈ ഭീതിയാണ്.

സാമ്പത്തിക മാന്ദ്യസാധ്യത തളളാത്ത ട്രംപിന്റെ നിലപാടും വിപണിയുടെ ആത്മവിശ്വാസത്തെ ബാധിച്ചു.ഫോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഈ വര്‍ഷം സാമ്പത്തികപ്രതിസന്ധിയുണ്ടാകുമോ എ്ന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.കാര്യങ്ങള്‍ അങ്ങനെ പ്രവചിക്കാന്‍ താനില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.തിങ്കളാഴ്ച മാത്രം 1.75 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് അമേരിക്കന്‍ വിപണി നേരിട്ടത്.മാന്ദ്യഭീതിയില്‍ ഡോളറിന് മൂല്യത്തില്‍ ഇടിവ് നേരിട്ടു.ക്രൂഡ് ഓയില്‍ വില എഴുപത് ഡോളറില്‍ താഴേയ്ക്ക് എത്തി.ട്രംപിന്റെ നികുതി നയം ആഗോളതലത്തില്‍ വ്യാപാരയുദ്ധത്തിന് തുടക്കമിടുമെന്ന ആശങ്ക ശക്തമായി തുടരുകയാണ്.ഇതിനൊപ്പം ആണ് ചെലവുചുരുക്കലും പിരിച്ചുവിടലും യു.എസ് വിപണിയെ മാന്ദ്യഭീതിയിലാക്കുന്നത്.

രണ്ടാംഘട്ടം:ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അടുത്തയാഴ്ച തുടങ്ങിയേക്കും

ഗാസവെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിനുള്ള ചര്‍ച്ചകള്‍ വൈകാതെ ആരംഭിച്ചേക്കും.ചര്‍ച്ചകള്‍ക്ക് ഹമാസും ഇസ്രയേലും സമ്മതമറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്്.ഗാസയുടെ ഭാവി സംബന്ധിച്ച് ഈജിപ്തുമായി ഹമാസും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

നാളെയോ മറ്റന്നാളോ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് മധ്യസ്ഥര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.തുടര്‍ചര്‍ച്ചകള്‍ക്കുള്ള മധ്യസ്ഥരുടെ ക്ഷണം സ്വീകരിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.തിങ്കളാഴ്ച പ്രതിനിധി സംഘത്തെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് അയക്കും എന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.രണ്ടാംഘട്ട വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിനുള്ള അനുകൂല സാഹചര്യം ഒരുങ്ങുന്നുവെന്ന് ഹമാസും വ്യക്തമാക്കി.

ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായും പിന്‍വാങ്ങുന്നത് അടക്കമുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ആണ് രണ്ടാംഘട്ടത്തില്‍ ചര്‍ച്ചചെയ്യേണ്ടത്.ഇതൊടൊപ്പം തന്നെ ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി അറബ് രാഷ്ട്രങ്ങള്‍ അംഗീകരിച്ച പദ്ധതി സംബന്ധിച്ച് ഈജിപ്ത് ഹമാസുമായി ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ പ്രതിനിധി സംഘം ഈജിപത് തലസ്ഥാനമായ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.ഗാസയുടെ നിയന്ത്രണത്തിനായി ഒരു താത്കാലികഭരണസമിതിക്ക് രൂപം നല്‍കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് വരെ ഗാസയുടെ നിയന്ത്രണത്തിനായി താത്കാലിക ഭരണസമിതിക്ക് രൂപം നല്‍കുന്നതിന് ഹമാസും സമ്മതം അറിയിച്ചതായാണ് സൂചന.