സലാല തുറമുഖത്തിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് ആരോഗ്യസുരക്ഷ നിര്‍ദേശങ്ങളുമായി ഒമാന്‍. ഡ്രോണ്‍ ആക്രമണത്തില്‍ സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് ഒമാന്‍ പരിസ്ഥിതി അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കഴിഞ്ഞദിവസമാണ് ഇറാന്‍ സലാല തുറമുഖത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയത്. സംഭവം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്നവര്‍ വായുമലിനീകരണമടക്കം അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ് നല്‍കിയത്. നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക, വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ ആവശ്യമെങ്കില്‍ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്. സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കിലുണ്ടായ തീപിടുത്തം അന്തരീക്ഷത്തിലുണ്ടാക്കിയ മാറ്റം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. നിലവില്‍ സലാലയിലെ വായുനിലവാരം സുരക്ഷിതമായ അളവിലാണ്.വായുനിലവാരത്തിലെ മാറ്റങ്ങള്‍ തത്സമയം അറിയാന്‍ താഖി എന്ന എന്‍വയോണ്‍മെന്റല്‍ മോണിറ്ററിങ് ആപ്പ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുമെന്നും പരിസ്ഥിതി അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
വായുമലിനീകരണം ; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഒമാന്‍
വിസ കാലാവധി കഴിഞ്ഞ് വിദേശത്ത് കുടുങ്ങിയവര്‍ക്ക് തിരികെവരാന്‍ ഗ്രേസ് പിരീഡ്
വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് തിരികെ വരാന്‍ ഗ്രേസ് പിരീഡ് അനുവദിച്ച് യുഎഇ. ഇതിനായി പുതിയ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നും ഐസിപി ഉത്തരവിറക്കി
മേഖലയിലെ പ്രത്യേക സാഹചര്യവും വ്യോമഗതാഗതത്തിലെ തടസ്സവും കാരണം വിസ കലാവധി തീര്‍ന്ന് വിദേശത്ത് കുടുങ്ങിയവര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ സമയമനുവദിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ആണ് ഈ സുപ്രധാന ഉത്തരവ് പ്രഖ്യാപിച്ചത്. 30 ദിവസത്തെ ഗ്രേസ് പിരീഡാണ് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 28 ന് ശേഷം വിസാ കാലവധി കഴിഞ്ഞ വിദേശത്തുള്ള താമസക്കാരുടെ വിസകാലാവധി മാര്‍ച്ച് 31 വരെയാണ് ഉത്തരവ് പ്രകാരം നീട്ടിയത്. വിമാനസര്‍വ്വീസുകളിലെ നി.ന്ത്രണങ്ങള്‍ മൂലം രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ എന്‍ട്രി വിസക്ക് അപേക്ഷിക്കൊതെ തന്നെ ഈ കാലയളവില്‍ പ്രവേശനം ഉറപ്പാക്കും. അടിയന്തരസാഹചര്യങ്ങളില്‍ താമസക്കാരുടെ കാര്യത്തില്‍ യുഎഇ സ്വീകരിക്കുന്ന മാനുഷിക സമീപനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി
വീണ്ടുമുയര്‍ന്ന് എണ്ണവില
അന്താരാഷട്ര വിപണിയില് എണ്ണ വില വീണ്ടും ഉയര്‍ന്നു. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണയുടെ നീക്കം നിലച്ചതാണ് വില കൂടാന്‍ കാരണമായത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില ഇന്ന് ഒരു ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. ക്രൂഡ് ഓയിലിന് ബാരലിന് 100 ഡോളറിനടുത്ത് എത്തിയപ്പോള്‍ ബ്രന്റ് ക്രൂഡിന്റെ വില 102 ഡോളറിനടുത്തെത്തി. ഇറാന്‍ അമേരിക്ക യുദധം തുടരുന്നത് തന്നെയാണ് എണ്ണയുടെ വല കൂടാനിടയാക്കിയത്. കഴിഞ്ഞ ദിവസം പത്ത് ശതമാനം വരെ വില കുറഞ്ഞിരുന്നുവെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ എണ്ണ വില ഉയരുകതന്നെയാണ്. വരും ദിവസങ്ങളിലും എണ്ണയുടെ വില ഉയരുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ഇറാനും ഒമാനുമിടയിലുള്ള ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണയുടെ നീക്കം നിലച്ചതാണ് എണ്ണവില കൂടാന്‍ വഴിയൊരുക്കിയത്. പ്ര്തി്ദിനം 20 മില്യണ്‍ ബാരല്‍ എണ്ണയാണ് ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകുന്നത്. ലോകത്തിന്റെ എണ്ണ ഉപയോഗത്തിന്റെ അഞ്ചിലൊന്ന് ഭാഗം. എണ്ണവില പിടിച്ച് നിര്‍ത്താനായി അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള നിയന്ത്രണം എടുത്തുമാറ്റിയിരുന്നു. ഇതിന് പുറമെ 30 ലേറെ രാജ്യങ്ങള്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് 400 മില്ല്യണ്‍ ബാരല്‍ എണ്ണ എടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമായ നടപടികളായിരുന്നില്ല. കരുതല്‍ ശേഖരത്തില്‍ നിന്ന് എടുക്കുന്ന എണ്ണയുടെ അളവ് വെറും 20 ദിവസം കൊണ്ട് ഹോര്‍മൂസിലൂടെ കടന്ന് പോകുന്നതിന് തുല്യമായ അളവ് മാത്രമാണ്. മാത്രവുമല്ല, കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ എടുക്കാനുള്ള നടപടിക്രമങ്ങളും ട്രാന്‍സ്‌പോര്‍ട്ടും ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല എന്നതും എണ്ണവിപണിക്ക് പ്രതിസന്ധി തീര്‍ക്കുന്ന ഒന്നാണ്.
തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ജിസിസി രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടര്‍ന്ന് ഇറാന്‍
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍..ദുബായ് വിമാനത്തവാളത്തിന് സമീപം ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഇന്ത്യക്കാരനടക്കം നാല് പേര്‍ക്ക് പരിക്കേറ്റു..ഒമാനിലെ ദുഖം തുറമുറത്തിന് നേരെയും ഇറാന്റെ ആക്രണം ഉണ്ടായി.ഹോര്‍മൂസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലുകളും ആക്രമിക്കപ്പെട്ടു..അതേ സമയം
മുജതബ കമയേനിക്ക് പരിക്ക് പറ്റിയെന്ന വാര്‍ത്ത ഇറാന്‍ മാധ്യമങ്ങള്‍ നിക്ഷേധിച്ചു..ഇറാനില്‍ ഭരണ മാറ്റത്തിനുളള ശ്രമം തുടങ്ങിയെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.
യു.എ.ഇയെ ലക്ഷ്യമിട്ട് ഇന്നും വ്യാപക ആക്രമണ ശ്രമങ്ങള്‍ ഉണ്ടായി. ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച ഒരു ഇന്ത്യക്കാരനും ഘാന, ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.. വിമാന സര്‍വീസിനെ ബാധിച്ചിട്ടില്ലെന്ന് ദബായ് മീഡിയ ഓഫീസ് അറിയിച്ചു..ഒമാനിലെ ദുംഖം തുറമുഖത്തിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. ഒരു ഡ്രോണ്‍ വെടിവച്ചിട്ടതായും മറ്റൊന്ന് കടലില്‍ പതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു..ഹോര്‍മൂസ് കടലിടുക്കിനോട് ചേര്‍ന്ന മേഖലയിലും ചരക്ക് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു..ഖത്തറിനെ ലക്ഷ്യമാക്കിയും ഇന്നും ഇറാന്റെ മിസൈലുകളും ഡ്രോണുകളുമെത്തി..എല്ലാ ആക്രമണ ശ്രമങ്ങളെയും ശക്തമായി
പ്രതിരോധിച്ചതായി സുരക്ഷാ സേന വ്യക്തമാക്കി..സൗദി അറേബ്യയില്‍ അല്‍ഷെയ്ബ എണ്ണപ്പാടം,
അല്‍ഖര്‍ജ് മേഖല, പ്രിന്‍സ് സുല്‍ത്താന്‍ വ്യോമ താവളം എന്നിവിടങ്ങളെ ഇറാന്‍ ഇന്നും ലക്ഷ്യമിട്ടു. എന്നാല്‍ ഇറാന്റെ ഡ്രോണുകളും മിസൈലുകളും തകര്‍ക്കാന്‍ രാജ്യത്തിന്റെ വ്യാമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞു..
ബഹ്‌റൈനില്‍ യു.എസ് സൈനിക മേഖല ലക്ഷ്യമാക്കിയും ഇറാന്‍ ആക്രമണം നടത്തി..അതേ സമയം ഇറാന്‍ ഇസ്രായേല്‍, യു.എസ് സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്..ഇറാന്റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രായേലും.മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രായേലും തിരിച്ചടി നല്‍കുന്നുണ്ട്.പരമോന്നത നേതാവ് മുജതബ കമയേനിക്ക് പരിക്ക് പറ്റിയെന്ന വാര്‍ത്ത ഇറാന്‍ മാധ്യമങ്ങള്‍ നിക്ഷേധിച്ചു..എന്നാല്‍ ഇറാനില്‍ ഭരണമാറ്റത്തിനുളള ശ്രമം തുടങ്ങിയെന്നാണ് ഇസ്രോയേല്‍ അവകാശപ്പെടുന്നത്.
ദുബായിലെ ജുമൈറ ബീച്ചില്‍ പുതിയ ബീച്ച് ലൈബ്രറി തുറന്നു
ദുബായിലെ ജുമൈറ ബീച്ചില്‍ പുതിയ ബീച്ച് ലൈബ്രറി തുറന്നു. ബീച്ച് ആസ്വദിക്കുന്നതിനൊപ്പം ഇനി മികച്ച പുസ്തകങ്ങളും ജുമൈറ 2 വിലെ ലൈബ്രറിയില്‍ സൗജന്യമായി വായിക്കാം. നേരത്തെ കൈറ്റ് ബീച്ച് ഉള്‍പ്പടെ പല ബീച്ചുകളിലും ലൈബ്രറികള്‍ തുറന്നിരുന്നു.
പ്രശസ്ത സാഹിത്യ കൃതികള്‍ മുതല്‍ കുട്ടികളുടെ കഥകള്‍ വരെ അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള പുസ്തകങ്ങളുടെ വലിയ ശേഖരമാണ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് യു.എ.ഇയുടെ ഔദ്യോഗിക വായന മാസമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വായനയുടെയും അറിവിന്റെയും സുസ്ഥിരമായ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ ആണ് യു.എ.ഇ മന്ത്രിസഭ വായന സംരംഭ വര്‍ഷം പ്രഖ്യാപിച്ചത്. നേരത്തെ കൈറ്റ് ബീച്ചില്‍ ലൈബ്രറി പദ്ധതിക്ക് തുടക്കമിട്ടിരുന്നു. അടുത്ത ഘട്ടം ദുബൈയില്‍ എട്ട് ബീച്ച് ലൈബ്രറികള്‍ കൂടി സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി. ദുബായ് മുനിസിപ്പാലിറ്റിയുടേതാണ് സംരംഭം. മംസാര്‍ ബീച്ച് ഉള്‍പ്പടെ നിരവധി ബീച്ചുകളില്‍ ഇതിനോടകം തന്നെ ലൈബ്രറികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒഴിവു സമയം ആസ്വദിക്കാനായി എത്തുന്നവരെ വായനയിലേക്ക് കൈപിടിച്ചു നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറികള്‍ സ്ഥാപിച്ചു തുടങ്ങിയത്.
ലൈഫ് ഓഫ് എഡ്ജ് ക്യാമ്പെയിന്‍ പിന്തുണച്ച് യുഎഇയിലെ ദാവൂദി ബോറ സമൂഹം
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സ്വപ്ന പദ്ധതിയായ എഡ്ജ് ഓഫ് ലൈഫ് കാമ്പെയ്‌നിനെ പിന്തുണച്ച് യുഎഇയിലെ ദാവൂദി ബോറ സമൂഹം 21 ലക്ഷം ദിര്‍ഹം സംഭാവന പ്രഖ്യാപിച്ചു. റമദാനില്‍ ആരംഭിച്ച ക്യാമ്‌പെയിന്‍ ലക്ഷ്യമിടുന്നത് 50 ലക്ഷം കുട്ടികളെ വിശപ്പില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ്.
ലോകമെമ്പാടും ഓരോ മിനിറ്റിലും 5 വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികള്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരിക്കുന്നുണ്ടൊണ് കണക്കുകള്‍. ഈ കുരുന്നുകളെ വിശപ്പില്‍ നിന്ന് സംരക്ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എഡ്ജ് ഓഫ് ലൈഫ് ക്യാമ്പെയിന് തുചക്കമിട്ടത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാമ്പെയ്ന്‍, ലോകത്തിലെ ഏറ്റവും ദുര്‍ബലമായ സമൂഹങ്ങളില്‍, പ്രത്യേകിച്ച് പ്രകൃതിദുരന്തങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മേഖലകളില്‍ വിശപ്പ് ഭീഷണി നേരിടുന്ന കുട്ടികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യൂണിസെഫ്, സേവ് ദി ചില്‍ഡ്രന്‍, ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഫൗണ്ടേഷന്‍, ആക്ഷന്‍ എഗൈന്‍സ്റ്റ് ഹംഗര്‍ എന്നിവയുമായി സഹകരിച്ചാണ് ഈ കാമ്പയിന്‍. ക്യാമ്പെയിനിലേക്കായി 1 ബില്യണ്‍ ദിര്‍ഹം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കാണ് 21 ലക്ഷം ദിര്‍ഹം ദാവൂദി ബോറ സമൂഹം സംഭാവന ചെയ്തത്. കാമ്പയിന്‍ യുഎഇയെ നിര്‍വചിക്കുന്ന ഉദാത്തമായ മാനുഷിക മൂല്യങ്ങളെയും അതിന്റെ സമൂഹത്തിന്റെ സ്ഥാപിതമായ ദാനധര്‍മ്മ സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്നുഎന്ന ദുബായിലെ ദാവൂദി ബോറ സമൂഹത്തിന്റെ തലവനായ കിനാന ജമാലുദ്ദീന്‍ പറഞ്ഞു.
പള്ളികള്‍ക്കു സമീപം വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലീസ്
നമസ്‌കാര സമയങ്ങളില്‍ പള്ളികള്‍ക്കു സമീപം വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലീസ്. റോഡിലോ നടപ്പാതകളിലോ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
റമസാനിലെ അവസാന പത്തുദിവസങ്ങളില്‍ പള്ളികളില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഗതാഗത വിഭാഗം മുന്നറിയിപ്പ് നല്‍കി. തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കായി എത്തുന്നവര്‍ റോഡിലോ നടപ്പാതകളിലോ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കും.മറ്റു വാഹനങ്ങള്‍ക്ക് പുറത്തുകടക്കാന്‍ കഴിയാത്ത വിധം പിന്നിലായി പാര്‍ക്ക് ചെയ്യുന്നതും കുറ്റകരമാണ്. ഇതിന് 500 ദിര്‍ഹം പിഴ ചുമത്തും. റോഡുകളിലെ ലെയ്‌നുകള്‍ തടസ്സപ്പെടുത്തി വാഹനം നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിനു കാരണമാകും.കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമാകുന്ന രീതിയില്‍ നടപ്പാതകളില്‍ പാര്‍ക്ക് ചെയ്യരുത്. നമസ്‌കാര സമയങ്ങളില്‍ പള്ളികള്‍ക്ക് സമീപമുള്ള നിയുക്ത പാര്‍ക്കിങ് മേഖലകള്‍ സൗജന്യമായി ഉപയോഗിക്കാം. മറ്റു സമയങ്ങളില്‍ പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും
ദുബായില്‍ ചരക്ക് ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവുകള്‍ ഈ മാസം 22 വരെ തുടരും
ദുബായില്‍ ചരക്ക് ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവുകള്‍ ഈ മാസം 22 വരെ തുടരും. ദുബായിലെ എല്ലാ റോഡുകളിലും ചരക്ക് ലോറികള്‍ക്ക് 24 മണിക്കൂറും സഞ്ചരിക്കാനാണ് അനുവാദം നല്‍കിയിരുന്നത്. അതിനിടെ ഷാര്‍ജ എമിറേറ്റിലെ പ്രധാന റോഡുകളില്‍ ട്രക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അധികൃതര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചു.
ദുബായിലെ ലോജിസ്റ്റിക്‌സ് മേഖലയെ ശക്തിപ്പെടുത്താനും വിതരണ ശൃംഖല തടസ്സമില്ലാതെ ഉറപ്പാക്കാനുമായാണ് ചരക്ക് ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. ഇളവുകള്‍ ഈ മാസം 22 വൈകിട്ട് വരെ തുടരും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ദുബായ് പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ റോഡുകളിലും ഇളവ് നല്‍കിയെങ്കിലും, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി എയര്‍പോര്‍ട്ട് ടണലിലും അല്‍ ഷിന്ദഗ ടണലിലും നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ പ്രധാന പാതകളിലെ സുരക്ഷയും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്കും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം. അതിനിടെ എമിറേറ്റ്‌സ് റോഡ്, അല്‍ ദൈദ് റോഡ്, അല്‍ മദാം റോഡ് എന്നിവിടങ്ങളില്‍ ട്രക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഷാര്‍ജയും പിന്‍വലിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ട്രക്കുകള്‍ക്ക് പ്രധാന റോഡുകളിലൂടെ യാത്ര തുടരാമെന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. എമിറേറ്റിലെ പ്രധാന റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്താനും ഹെവി വാഹനങ്ങളുടെ നീക്കം നിയന്ത്രിക്കുകയുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ തീരുമാനം എമിറേറ്റിലെ ചരക്കുഗതാഗത മേഖലയെ പിന്തുണക്കുകയും റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സുഗമമായ ഗതാഗത നീക്കത്തെ സഹായിക്കുകയും ചെയ്യും.
റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ പ്രതിദിനം 140 ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസുകള്‍
റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും വന്‍ തിരക്ക് പരിഗണിച്ച് ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി സൗദി റെയില്‍വേ.മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആവിഷ്‌കരിച്ച ഈ പദ്ധതിയില്‍ സീസണിലുടനീളം ആകെ 3,600 സര്‍വിസുകള്‍ ഉണ്ടാകും
1447ാമത് ഹിജ്‌റ വര്‍ഷത്തിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി പ്രതിദിന സര്‍വിസുകളുടെ എണ്ണം 140ലധികമായി ഉയര്‍ത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആവിഷ്‌കരിച്ച ഈ പദ്ധതിയില്‍ സീസണിലുടനീളം ആകെ 3,600 സര്‍വിസുകള്‍ ഉണ്ടാകും. ഏകദേശം 17 ലക്ഷത്തിലധികം സീറ്റുകളാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ ഉചിതമായ യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം തിരക്കേറിയ ദിവസങ്ങളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കാനും സഹായിക്കും.മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പദ്ധതികളിലൊന്നായ ഹറമൈന്‍ ട്രെയിന്‍, മക്കയെയും മദീനയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവ വഴിയാണ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കുന്നു. അത്യാധുനിക സംവിധാനങ്ങളും കൃത്യനിഷ്ഠയും ഉറപ്പാക്കുന്ന ഈ ട്രെയിനില്‍ യാത്രക്കാര്‍ക്ക് സുഗമമായ യാത്രയ്ക്കായി മികച്ച ഇരിപ്പിടങ്ങളും സ്റ്റേഷനുകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് 65-ാം ജന്‍മദിനം
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് 65-ാം ജന്‍മദിനം. മേഖല സംഘര്‍ഷഭരിതമായ ദിവസങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ഇത്തവണ രാഷ്ട്രപതിയുടെ ജന്‍മദിനമെത്തുന്നത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടയുള്ളവരും ലോകനേതാക്കളും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
യുഎഇ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്. കരുത്തുറ്റ നേതൃത്വത്തിന്റെ കരുതലിനും ലോകമാതൃക. മധ്യപൂര്‍വ്വേഷ്യന്‍ മേഖല വലിയ സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ രാജ്യത്തെ നിര്‍ഭയം നയിക്കുന്ന പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ജന്‍മദിനാശംസകള്‍ നേരുകയാണ് രാജ്യത്തെ ജനങ്ങള്‍. 2022 മെയ് 14 ന് യുഎഇയുടെ പ്രസിഡന്റായി ചുമതലയേറ്റതുമുതല്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജനമനസില്‍ ഇടംപിടിച്ചു. ഇക്കാലയളവില്‍ അദേഹം നടത്തിയ നിര്‍ണായകമായ ഇടപെടലുകളും ശ്രദ്ധേയം. യുഎഇയുടെ അതിര്‍ത്തിക്കപ്പുറം രാജ്യത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പങ്കും നിര്‍ണായകമാണ്. മറ്റ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും അദ്ദേഹം ബന്ധങ്ങള്‍ സ്ഥാപിച്ചു. ഈ രാജ്യത്തെ പൗരന്‍മാര്‍ക്കൊപ്പം താമസക്കാരായ 200 ഓളം രാജ്യങ്ങളിലെ ജനങ്ങളും അവരുടെ സുരക്ഷയും ഏറെ പ്രാധനമെന്ന്ത് അദ്ദേഹം പ്രവര്‍ത്തിയിലൂടെതന്നെതളെയിക്കുന്നു. ഈ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവിനെയും ആ തലോടലും ചേര്‍ത്തുപിടിക്കലും ജനങ്ങള്‍ അടുത്തറിയുകയാണ്. കൂടുതല്‍ കരുത്തോടെ വരും കാലങ്ങളിലും രാജ്യത്തെ ഉയരത്തിലേക്ക് നയിക്കാന്‍, ഇവിടെയുള്ള ഓരോ മനുഷ്യരോടുമുള്ള കരുതല്‍ തുടരാന്‍ അങ്ങേക്കാകട്ടെ..


