റിയാദ് മെട്രോയില്‍ ഇതുവരെ സഞ്ചരിച്ചവരുടെ എണ്ണം നൂറ് ദശലക്ഷം
കടന്നു.ഒന്‍പത് മാസങ്ങള്‍ക്കൊണ്ടാണ് ഇത്രയും യാത്രക്കാര്‍ മെട്രോ ട്രെയ്‌നുകളില്‍ സഞ്ചരിച്ചത്.
2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോ സര്‍വീസ് ആരംഭിച്ചത്.99.7 ശതമാനം കൃത്യനിഷ്ടിയിലാണ് റിയാദ് മെട്രോയുടെ പ്രവര്‍ത്തനം.ബ്ലു ലൈനില്‍ ആണ് കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത്.46.5 ദശലക്ഷം പേര്‍.റെഡ് ലൈനില്‍ 17 ദശലക്ഷം യാത്രക്കാരും ഓറഞ്ച് ലൈനില്‍ പന്ത്രണ്ട് ദശലക്ഷം യാത്രക്കാരും ഇക്കാലയളവില്‍ സഞ്ചരിച്ചു.ഖസല് അല്‍ ഹൊക്കം,കാഫ്ഡ,എസ്.ടി.സി, നാഷണല്‍ മ്യൂസിയം തുടങ്ങിയ സ്റ്റേഷനുകളില്‍ ആണ് യാത്രക്കാര്‍ കൂടുതല്‍.ആകെ യാത്രക്കാരില്‍ ഇരുപത്തിയൊന്‍പത് ശതമാനം പേരും ഈ സ്റ്റേഷനുകള്‍ വഴിയാണ് സഞ്ചരിച്ചത്.റിയാദ് തലസ്ഥാനത്ത് 176 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ റെയില്‍ ശൃംഖല നിര്‍മ്മിച്ചിരിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ സ്വയംനിയന്ത്രിത റെയില്‍ ശൃംഖലയാണ് റിയാദ് മെട്രോയുടേത്.നാല് വര്‍ഷം കൊണ്ടാണ് റിയാദ് മെട്രോയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
റിയാദ് മെട്രോയില്‍ സഞ്ചരിച്ചത് 100 ദശലക്ഷം പേര്‍
സനായില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം
യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് മരണം.ഹൂത്തികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു.ഇസ്രയേലിന് നേര്‍ക്ക് ഹൂത്തികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരച്ചടിയായിട്ടായിരുന്നു സനായിലെ ആക്രമണം എന്നാണ് ഐഡിഎഫ് വിശദീകരിക്കുന്നത്.ഒരു എണ്ണ ശുദ്ധീകരണശാലയും രണ്ട് വൈദ്യുതി നിലയങ്ങളും സൈനിക താവളവും ആണ് ആക്രമിക്കപ്പെട്ടത്.സൈനികതാവളത്തിന് അകത്ത് സ്ഥിതി ചെയ്യുന്ന പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിക്കപ്പെട്ടു.
എണ്‍പത്തിയാറ് പേര്‍ക്ക് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി ഹൂത്തി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.വെള്ളിയാഴ്ചയാണ് ഹൂത്തികള്‍ ഇസ്രയേലില്‍ ബാലിസിറ്റിക് മിസൈല്‍ ആക്രമണം നടത്തിയത്.ഇസ്രയേലിനും ഇസ്രയേല്‍ ജനതയ്ക്കും എതിരായി ഹൂത്തികള്‍ നിരന്തരം നടത്തുന്ന ആക്രമണത്തിന് പ്രതികരണമായിട്ടാണ് സനായില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഗാസ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് യെമനിലെ ഹൂത്തി സായുധ സംഘം ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്.
മധ്യവേനലവധിക്ക് ശേഷം യുഎഇ സ്‌കൂളുകള്‍ തുറന്നു
മധ്യവേനലവധിക്ക് ശേഷം യുഎഇ സ്‌കൂളുകള്‍ തുറന്നു.പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ആണ് യുഎഇ സ്‌കൂളുകളിലേക്ക് മടങ്ങി എത്തിയത്.ഇന്ത്യന്‍ സ്‌കൂളുകള്‍ വേനലവധിക്ക് ശേഷം തുറന്നപ്പോള്‍ അറബിക് സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് ആണ് തുടക്കമായിരിക്കുന്നത്.അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ഒരാഴ്ച മുന്‍പെ എത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിച്ച വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും ആശംസകള്‍ നേര്‍ന്നു.കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ സ്‌കൂളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം എന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകളും ഗതാഗത അതോറിട്ടികളും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.പതിനായിരത്തിലധികം സ്‌കൂള്‍ ബസുകള്‍ ആണ് ഇന്ന് നിരത്തുകളിലേക്ക് എത്തിയത്.ഷാര്‍ജയുടെയും ദുബൈയുടെയും വിവിധ ഭാഗങ്ങളില്‍ രാവിലെ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
രാഹൂല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തു
രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്.എംഎല്‍എ സ്ഥാനത്ത് തുടരാം
കോണ്‍ഗ്രസ് നിയമസഭാ കക്ഷി സ്ഥാനവും രാഹുലിന് ഉണ്ടാകില്ല.ആറ് മാസത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യുക എന്നുള്ളതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.ആരോപണങ്ങളെ പാര്‍ട്ടി ഗൗരവമായി കാണുന്നു എന്നും രാഹുലിനെതിരെ ആര്‍ക്കും പരാതികള്‍ ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ രാജി എന്ന ആവശ്യത്തില്‍ യുക്തിയില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
മറ്റുള്ളവര്‍ക്ക് രാജി ആവശ്യപ്പെടാന്‍ ധാര്‍മികമായി അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ആദ്യമായാണ് ഒരുരാഷ്ട്രീയപാര്‍ട്ടി പരാതിയോ തെളിവോ ഇല്ലാഞ്ഞിട്ടും ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.പാര്‍ട്ടിയുടെ മുന്‍നിരയിലുള്ള നേതാവായിട്ടുപോലും പാര്‍ട്ടി അയാളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത സിപിഐഎമ്മിനില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു
മഴ പെയ്യും:യുഎഇയില്‍ ചൂടുകാലം അവസാനിക്കുന്നു
ചൂടുകാലത്തോട് വിടപറയാന്‍ ഒരുങ്ങി യുഎഇ.വേനല്‍ക്കാലത്തിന്റെ സമാപനത്തിന്റെ സൂചനയുമായി സുവൈല്‍ നക്ഷത്രം ഉദിച്ചെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.ഈ വാരാന്ത്യത്തില്‍ രാജ്യത്ത് മഴ പെയ്യുമെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രവും അറിയിച്ചു.
അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്ന താപനില യുഎഇയില്‍ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.ഇന്ന് നാല്‍പ്പത്തിയെട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.അറേബ്യന്‍ ഉപദ്വീപില്‍ പല രാജ്യങ്ങളിലും സുഹൈല്‍ നക്ഷത്രം ഉദിച്ചെന്ന് ആസ്‌ട്രോണമി സെന്റര്‍ വ്യക്തമാക്കുന്നത്.
ഘട്ടഘട്ടമായിട്ടാവും ചൂടുകാലം അവസാനിക്കുക.അതെസമയം ഈ ആഴ്ച്ചയും അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന് തന്നെ നില്‍ക്കും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഈ ആഴ്ച്ചയും യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ട്.ബുധനാഴ്ച മുതലുളള ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യത.വ്യാഴം വെളഅളി ദിവസങ്ങളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത എന്നും കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.രാജ്യത്തിന്റെ ദക്ഷിണമേഖലയിലും കിഴക്കന്‍ ഭാഗത്തും ആണ് മഴയ്ക്ക് സാധ്യത.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദമേറുന്നു.മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ കൈവിട്ടു.രാജി വെയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കും.രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഇന്നലെ പുറത്ത് വന്ന ശബ്ദരേഖ അതിഗുരുതരം എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണം എന്നാണ് വനിതാ നേതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്.രാഹുലിനോട് രാജി ആവശ്യപ്പെടാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.രാജി ഉടന്‍ ഉണ്ടാകണം എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും.രാഹുലിന് എതിരായ നടപടി സംബന്ധിച്ച് കോണ്‍ഗ്രസ് തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നുണ്ട്.പൊതുനിലപാടിന് ഒപ്പം നില്‍ക്കും എന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കാലത്തേക്ക് കടക്കുന്ന ഘട്ടത്തില്‍ വിവാദം തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് വന്‍ ദോഷം ചെയ്യും എന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.തദ്ദേശതെരഞ്ഞെടുപ്പിലും ദോഷകരമായി ബാധിക്കും എന്നും നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ട്.എല്ലാ അഭിപ്രായങഅങളും പരിഗണിച്ച് ഉചിതമായ തീരുമാനം ഉണ്ടാകും എന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് വ്യക്തമാക്കിയത്.ഉചിതമായ സമയത്ത് തന്നെ തീരുമാനം ഉണ്ടാകും എന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.രാജി ആവശ്യം ശക്തമാകുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അടൂരിലെ വീട്ടില്‍ തുടരുകയാണ്.എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കുന്നതിനായി രാഹുല്‍ ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ചുവെങ്കിലും അവസാനനിമിഷം റദ്ദാക്കി.
ദുബൈ വിമാനത്താവള റോഡില്‍ നവീകരണ പദ്ധതി
ദുബൈ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പാലത്തിന്റെ വീതി കൂട്ടുന്നതിന് കരാര്‍.ടെര്‍മിനല്‍ വണ്ണിലേക്കുളള പാലത്തിന്റെ വീതിയാണ് കൂട്ടുന്നത്.ദുബൈ ആര്‍ടിഎയും ദുബൈ എയര്‍പോര്‍ട്‌സും ചേര്‍ന്നാണ് ടെര്‍മിനല്‍ ഒന്നിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.മൂന്ന് ലെയ്‌നുകള്‍ ഉള്ളതാണ് നിലവിലുള്ള പാലം.ഇത് നാലായി വര്‍ദ്ധിപ്പിക്കും.
സ്റ്റീല്‍ ബോക്‌സ് ഗര്‍ഡറുകള്‍ ഉപയോഗിച്ചാണ് പാലത്തിന്റെ വീതി കൂട്ടുന്നത്.ഗതാഗതം തടസ്സപ്പെടുത്താതെ വേഗത്തില്‍ പാലത്തിന്റെ വീതി കൂട്ടല്‍ പൂര്‍ത്തിയാക്കും എന്നും ആര്‍ടിഎ അറിയിച്ചു.വീതി കൂട്ടുന്നതോടെ വാഹനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള പാലത്തിന്റെ ശേഷിയില്‍ മുപ്പത്തിമൂന്ന് ശതമാനം വര്‍ദ്ധന സംഭവിക്കും.മണിക്കൂറില്‍ 4200 വാഹനങ്ങള്‍ എന്നത് 5600 ആയി കൂടും.ദുബൈ രാജ്യന്തരവിമാനത്താവളത്തിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാകുന്നതിനാണ് നവീകരണപദ്ധതി എന്ന് ആര്‍ടിഎ അറിയിച്ചു.
യുഎഇ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന
യുഎഇ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലധികം വാഹനങ്ങളാണ് യുഎഇ നിരത്തുകളില്‍ ഉള്ളത്.2025 ജൂണ്‍ വരെ ദുബൈ സാലിക്കില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 4.56 ദശലക്ഷം ആണ്.കഴിഞ്ഞ വര്‍ഷം ഇതെ സമയം ഇത് 4.17 ദശലക്ഷം ആയിരുന്നു.ഒരു വര്‍ഷത്തിനിടയില്‍ 9.35 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതായത് 390000 വാഹനങ്ങളുടെ വര്‍ദ്ധന.ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം വാഹനങ്ങളുടെ എണ്ണത്തില്‍ രണ്ട് ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യത്തെ ജനസഖ്യാ വര്‍ദ്ധനയാണ് വാഹനങ്ങളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നത്.
വാഹനങ്ങളുടെ എണ്ണം അതിവേഗത്തില്‍ വര്‍ദ്ധിക്കുന്നത് പലയിടത്തും ഗതാഗതക്കുരുക്കിനും കാരണമാവുകയാണ്.റോഡുകളുടെ വീതി കൂട്ടിയും പുതിയ റോഡുകള്‍ നിര്‍മ്മിച്ചും വാഹനപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതിനാണ് അധികൃതരുടെ ശ്രമം.ദുബൈ റോഡുകളില്‍ മാത്രം പകല്‍സമയത്ത് സഞ്ചരിക്കുന്നത് മുപ്പത്തിയഞ്ച് ലക്ഷം വാഹനങ്ങളാണെന്നാണ് ആര്‍ടിഎയുടെ കണക്ക്.നാളെ സ്‌കൂളുകള്‍ തുറക്കുന്നതോടെ രാജ്യത്തെ റോഡുകളില്‍ വീണ്ടും തിരക്ക് വര്‍ദ്ധിക്കും.
സൗദി അറേബ്യയില്‍ പൊടിക്കാറ്റ് കുറഞ്ഞു
സൗദി അറേബ്യയില്‍ പൊടിക്കാറ്റ് അന്‍പത് ശതമാനത്തിലധികം കുറഞ്ഞതായി ദേശീയ കാലവസ്ഥാ കേന്ദ്രം.പരിസ്ഥിതി സംരക്ഷണ നടപടികള്‍ ആണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.2024-നെ അപേക്ഷിച്ച് 2025-ല്‍ പൊടിക്കാറ്റ് അന്‍പത്തിമൂന്ന് ശതമാനത്തോളം കുറഞ്ഞു.പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറയുന്ന സാഹചര്യത്തിനും വന്‍തോതില്‍ കുറവ് വന്നു.ഈ വര്‍ഷം ജനുവരിയില്‍ പൊടിക്കാറ്റില്‍ എണ്‍പത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഫെബ്രുവരിയില്‍ എഴുപത്തിയഞ്ച് ശതമാനത്തിന്റെയും.മാര്‍ച്ചില്‍ നാല്‍പ്പത്തിയൊന്ന് ശതമാനവും,ഏപ്രിലില്‍ നാല്‍പ്പത് ശതമാനും മെയില്‍ അന്‍പത്തിയൊന്‍പത് ശതമാനവും കുറവ് രേഖപ്പെടുത്തി.രാജ്യത്ത് മരങ്ങളും പച്ചപ്പും വര്‍ദ്ധിച്ചതും ക്ലൗഡ് സീഡിംഗും ആണ് പ്രധാനമായും പൊടിക്കാറ്റ് കുറയുന്നതിന് സഹായിച്ചത്.കാലാവസ്ഥയില്‍ വന്ന അനൂകലമായ മാറ്റങ്ങളും പൊടിക്കാറ്റ് കുറയുന്നതിന് കാരണമായിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
പുതിയ അധ്യയന വർഷത്തിൽ സ്കൂൾ സമയത്തിൽ മാറ്റമുണ്ടാകില്ലെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
2025-2026 അധ്യയന വർഷത്തിൽ പബ്ലിക് സ്കൂളുകൾക്കുള്ള പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.എല്ലാ ഗ്രേഡുകളിലേയും പബ്ലിക് സ്കുൾ വിദ്യാർത്ഥികൾക്കും നിലവിലുള്ള സമയക്രമം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇൗ മാസം 25ന് സ്കൂൾ തുറക്കാനിരിക്കെ സമയക്രമത്തിൽ മാറ്റമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തിൽ വ്യക്തത വരുത്തിയത്.ആധികാരികമായ വിവരങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒൗദ്യോഗിക ഹാൻഡിലുകളിൽ അറിയിപ്പുകളുണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.വേനലവധി കഴിഞ്ഞ് സ്കൂളുകളിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്ക് മന്ത്രാലയം ആശംസയറിയിച്ചു.അതോടൊപ്പം 2025-2026 വിദ്യാഭ്യാസ വർഷത്തിലെ കിന്റർഗാർട്ടൻ മുതൽ എല്ലാ ഗ്രേഡുകളിലേയും സ്കൂൾ സമയക്രമവും വിദ്യാഭ്യാസ മന്ത്രാലയം എക്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്


