Thursday, August 6, 2026
Home Blog Page 29

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തി

0


വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തി. എസ്‌സി – എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

ആദ്യം കൊലപാതകത്തിനുള്ള വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ് എടുത്ത് പൊലീസ് സമ്മര്‍ദ്ദത്തിനൊടുവില്‍ ഏഴാം ദിവസം ആണ് പ്രതികള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ കൂടി ചുമത്തിയത്. കഴിഞ്ഞ ദിവസം മന്ത്രി കെ രാജന്‍ തന്നെ എസ് സി എസ് ടി വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാളയാര്‍ അട്ടപ്പള്ളത്ത് വെച്ചാണ് ചത്തീസ്ഗഡ് സ്വദേശിയായ രാം നാരായണ്‍ ബാഗലിനെ ഒരു സംഘം കള്ളനാണെന്നാരോപിച്ച് തല്ലിക്കൊന്നത്. ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണന്റെ കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന് അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എസ്‌സി – എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തയ്യാറായത്. അതേസമയം, ആദ്യ ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനും മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി വിമര്‍ശനം ഉയര്‍ന്നു. കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിന് കഴിഞ്ഞില്ല. രണ്ട് ദിവസത്തിനുശേഷം മര്‍ദ്ദനത്തില്‍ പങ്കെടുത്തവര്‍ നാടുവിട്ടു. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ആദ്യ മണിക്കൂറുകളില്‍ ഉണ്ടായ അനാസ്ഥ കാരണം തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചതായിട്ടാണ് വിലയിരുത്തല്‍. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തില്‍ ഇവരും പങ്കെടുത്തു എന്നാണ് കണ്ടെത്തല്‍..

സ്വര്‍ണപാളികേസ് അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

0


ശബരിമല സ്വര്‍ണപാളി മോഷ്ടിച്ച് കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയെയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

രാജീവ് ചന്ദ്രശേഖരിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് സ്വര്‍ണപാളി മോഷണം പോയ സംഭവം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. നിലവില്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണം മന്ദഗതിയിലാണ് എന്ന് കഴിഞ്ഞദിവസം കോടതി കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധത പ്രകടിപ്പിച്ചത്. കേസിന് അന്തര്‍സംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍, ഹൈക്കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ കേസ് ഏറ്റെടുക്കുന്നതില്‍ തടസ്സമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നിലവില്‍ സ്വര്‍ണത്തിന്റെ കാലപഴക്കം നിര്‍ണയിക്കുന്നതിനുള്ള എഫ് എസ് എല്‍ റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലാണ്. നേരത്തെ അന്വേഷണം നടത്താന്‍ ഇഡിയും രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കൊള്ളക്കേസിലെ വിവരങ്ങളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. കേസുകളുടെ എഫ്‌ഐആറുകള്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഇവ നല്‍കാന്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി.മോഹിത് ഉത്തരവിടുകയായിരുന്നു.

ജബല്‍ ജെയ്‌സ് താല്‍ക്കാലികമായി അടച്ചിട്ടു

0


മലയോരപ്രദേശമായ ജബല്‍ ജെയ്‌സ് താല്‍ക്കാലികമായി അടച്ചു. കഴിഞ്ഞയാഴ്ച്ചയുണ്ടായ മഴയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ചാണ് അടച്ചിട്ടത്.


ഡിസംബര്‍ 17 മുതല്‍ 19 വരെ പെയ്ത മഴയില്‍ വലിയ മഴവെള്ളപാച്ചിലിന് ജബല്‍ ജെയ്‌സ് സാക്ഷ്യം വഹിച്ചിരുന്നു. ഇത് പ്രദേശത്തേക്കുള്ള യാത്രയും മറ്റും അപകട സാധ്യത ഉള്ളതാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രിച്ചിരുന്നു. മഴയത്ത് പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളും നിലവിലെ സ്ഥിതിഗതികളും വിലയിരുത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ഇപ്പോള്‍ ജബല്‍ ജെയ്‌സ് താല്‍ക്കാലികമായി അടച്ചിട്ടത്. വിവിധ ഭാഗങ്ങളില്‍ മലമുകളില്‍ നിന്ന് വെള്ളം വീഴുന്നുണ്ട്. ഇത് അപകടത്തിന് ഇടയാക്കിയേക്കാം എന്നതിനാല്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് ജബല്‍ ജെയ്‌സ് അടച്ചിടുന്നത് എന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് വിദഗ്ധ സംഘം പരിശോധനകള്‍ നടത്തുകയാണ് പൂജ്യം ഡിഗ്രിവരെ താപനില താഴുന്ന ജബല്‍ ജെയ്‌സിലേക്ക് സഞ്ചാരികളുടെ പ്രവാഹം ഉണ്ടാകുന്ന സമയമാണ് ശൈത്യകാലം. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ വാടികളില്‍ ക്യാമ്പ് ചെയ്യരുതെന്നും അധികൃതര്‍ ജനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലപ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മണ്ണിടിച്ചിലിനും വഴുക്കിവീഴുന്നതിനും കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തെ അഡ്വഞ്ചര് ടൂറിസത്തിനും അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി.

ലക്ഷം താണ്ടി പൊന്ന് – വില 1,01,600

0


കേരളത്തില്‍ സ്വര്‍ണ്ണവില പവന് ഒരു ലക്ഷം കടന്നു. പവന് 1760 രൂപയാണ ഇന്ന് കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവില ഉയരാനിടയാക്കിയത്

ഇന്നലെ രണ്ട് തവണ കൂടി 99,840 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഒറ്റയടിക്കാണ് ഒരുലക്ഷം കടന്നത്. 1,01,600 രൂപയാണ് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 12700 രൂപ. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4487 ഡോളറിലേക്ക് എത്തിയതോടെയാണ് കേരളത്തിലും വില ഉയര്‍ന്നത്. ഡിസംബര്‍ 15 നാണ് ആദ്യമായി സ്വര്‍ണവില 99000 കടന്നത്. പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണത്തിന്റെ വില കഴിഞ്ഞ രണ്ട് ദിവസമായി റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യുഎഇ യില്‍ 24 ക്യാരറ്റ് സ്്വര്‍ണത്തിന് രാവിലെ 540 ദിര്‍ഹമാണ് ഗ്രാമിന് വില. ഇന്നലെ 533 ദിര്‍ഹം എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഒറ്റ രാത്രികൊണ്ട് കൂടിയത് 7 ദിര്‍ഹമാണ്. യുഎസ് ഫെഡറല്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സൂചനകളും,ഡോളറിന്റെ മൂല്യ ശോഷണവും, അന്താരാഷ്ട്ര സംഘര്‍ഷങ്ങളും, സ്വര്‍ണത്തെ ഏറ്റവും സുരക്ഷിത നിക്ഷേപം ആക്കി മാറ്റിയതാണ് വില ഉയരുന്നതിന്റെ കാരണങ്ങള്‍. വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലിക ലാഭമെടുപ്പ് നടത്തിയാല്‍ വിലയില്‍ ചെറിയ കുറവ് വന്നേക്കാം. അതല്ല, ഔണ്‍സിന് 4500 ഡോളര്‍ കടന്നു മുന്നോട്ട് നീങ്ങിയാല്‍ വീണ്ടും വലിയതോതില്‍ വില വര്‍ധിക്കും. 2020 ലെ കോവിഡ് സമയത്ത് സ്വര്‍ണത്തിന്റെ വില പവന് 40000 രൂപയായിരുന്നു. അവിടെ നിന്നാണ് 5 വര്‍ഷം കൊണ്ട് വില ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഈ കാലഘട്ടത്തിലുണ്ടായ മാറ്റം 2500 ഡോളറിന്റേതായിരുന്നു.

‘മസ്‌കറ്റ് നൈറ്റ്‌സ് 2026 ‘ ഒമാന്‍ നഗരം ഉത്സവ ലഹരിയിലേക്ക്…

0

ഒമാന്റെ തലസ്ഥാന നഗരം മസ്‌കറ്റ് വീണ്ടും ആഘോഷങ്ങളുടെ ലഹരിയിലേക്ക്.മസ്‌കറ്റ് നൈറ്റ്‌സ് 2026 ജനുവരി 1 മുതല്‍ 31 വരെ നീളും. വിനോദം, കല, സംസ്‌കാരം, കായികം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച ഒരു സമഗ്ര നഗരോത്സവമായാണ് ഈ വര്‍ഷത്തെ മസ്‌കറ്റ് നൈറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.ക്വുറം മുതല്‍ ഖുറിയാത്ത് വരെ നഗരത്തിന്റെ പല കോണുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കും. അല്‍ ക്വുറം നാച്ചുറല്‍ പാര്‍ക്ക്, അല്‍ അമിറാത്ത് പബ്ലിക് പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ട്, റോയല്‍ ഓപ്പറ ഹൗസ് മസ്‌കറ്റ്, സീബ് ബീച്ച്, ഖുറിയാത്ത് വിലായത്ത്, വാദി അല്‍ ഖൂദ്, പ്രമുഖ ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളിലായി പരിപാടികള്‍ വ്യാപിച്ചു കിടക്കും. മസ്‌കറ്റ് നഗരത്തിന്റെ വിവിധ പ്രത്യേകതകള്‍ നേരിട്ട് അനുഭവിച്ചറിയുവാന്‍ സന്ദര്‍ശകര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.മസ്‌കറ്റ് നൈറ്റ്‌സിന്റെ ഔദ്യോഗിക കഥാപാത്രമായി ‘സിറാജ്’ വീണ്ടും എത്തുന്നു. ആകാശത്തിലൂടെ സഞ്ചരിക്കുന്ന ‘പ്രകാശത്തിന്റെ ഒമാനി ബാലന്‍’ എന്ന ആശയത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ കഥാപാത്രം, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആകര്‍ഷകമായ ദൃശ്യാനുഭവം സമ്മാനിക്കും. സംഗീതത്തിനനുസരിച്ച് ചലിക്കുന്ന ജലധാരകളും വെളിച്ചങ്ങളും മസ്‌കറ്റ് നൈറ്റ്‌സിന്റെ ദൃശ്യഭംഗി ഉയര്‍ത്തും.

മണിപ്പൂര്‍ – സമാധാനം പുലരാന്‍ കാലങ്ങളെടുക്കുമെന്ന് ഭാഗവത്

0


മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മണിപ്പൂരിലെ ക്രമസമാധനപ്രശ്‌നങ്ങള്‍ പതിയെ മാറികൊണ്ടിരിക്കുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

മണിപ്പൂരില് നടത്തിയ സന്ദര്‍ശനത്തെ സംബന്ധിച്ച് സംസാരിക്കവെയാണ് മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് ആര്‍എസ്എസ് ചീഫ് പ്രതികരിച്ചത്. മണിപ്പൂരില്‍ തീര്‍ച്ചയായും സമാധാനം പുലരും. എന്നാല്‍ അതിന് സമയമെടുക്കും. ക്രമസമാധാനപ്രശ്‌നങ്ങള്‍ കുറഞ്ഞുവരികയാണെന്നും ഒരു വര്‍ഷത്തിനകം അതെല്ലാം ഇല്ലാതാകുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ നിരവധി ഗോത്രവിഭാഗതലവന്‍മാരോടും സാമൂഹിക നേതാക്കളോടും മോഹന്‍ ഭാഗവത് സംസാരിച്ചിരുന്നു. മനസുകള്‍ തമ്മിലുള്ള അകല്‍ച്ച രൂക്ഷമാണ്. അത് മാറാന്‍ കാലങ്ങളെടുക്കുമെന്നും സംഭാഷണങ്ങളിലൂടെ മാത്രമേ ഇക്കാര്യം നേടിയെടുക്കാന്‍ സാധിക്കൂവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രണ്ട് വംശജര്‍ക്കിടയില്‍ മണിപ്പൂരിലുണ്ടായ കലാപത്തില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിന് ശേഷം ആദ്യമായിട്ടായിരുന്നു മോഹന്‍ ഭാഗവത് മണിപ്പൂര്‍ സന്ദര്‍ശിച്ചത്.

യുഎഇയില്‍ ക്രിസ്മസ് ആഘോഷമാക്കാന്‍ നിരവധി സ്വകാര്യ മേഖലയില്‍ അവധി

0

ക്രിസ്മസ് എത്തിയതോടെ യുഎഇയിലെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഡിസംബര്‍ 25നും ചിലയിടങ്ങളില്‍ 26നും പ്രത്യേക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇയിലെ ഔദ്യോഗിക പൊതു അവധി പട്ടികയില്‍ ക്രിസ്മസ് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും, കമ്പനികള്‍ ആഭ്യന്തര നയം അനുസരിച്ചാണ് ഈ അവധി അനുവദിക്കുന്നത്.ഈ വര്‍ഷം ഡിസംബര്‍ 25 വ്യാഴാഴ്ചയും 26 വെള്ളിയാഴ്ചയും ആയതിനാല്‍, ശനി, ഞായര്‍ വാരാന്ത്യ അവധികള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ നാല് ദിവസം അവധി ലഭിക്കും. ഇത് വിദേശങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കും നാട്ടിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ക്രിസ്മസിന് നാട്ടില്‍ പോകാന്‍ ഒരാഴ്ചത്തെ വാര്‍ഷിക അവധി എടുക്കാന്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ക്ക് കമ്പനി വക രണ്ട് ദിവസം അവധി ലഭിക്കുന്നത് വലിയ ഗുണകരമാകും. യുഎഇയില്‍ പൊതുസ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധികള്‍ സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാറുണ്ട്. ക്രിസ്മസ് ഒരു ഫെഡറല്‍ പൊതു അവധിയല്ലെങ്കിലും, ജീവനക്കാര്‍ക്ക് ഇത്തരം ഇളവുകള്‍ നല്‍കാന്‍ കമ്പനികള്‍ക്ക് അനുവാദമുണ്ട്. ഈ അവധി ദിനങ്ങള്‍ ജീവനക്കാരുടെ വാര്‍ഷിക അവധി അക്കൗണ്ടില്‍ നിന്ന് കുറയ്ക്കാറില്ല എന്നതും പ്രത്യേകതയാണ്.

ബസ് അപകടത്തിൽ 16 മരണം

0

ഇന്തോനേഷ്യയില്‍ ബസ് അപകടത്തില്‍ 16 പേര്‍ മരിച്ചു. ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് രാജ്യത്തിന്റെ പുരാതന രാജകീയ നഗരമായ യോഗ്യകാര്‍ത്തയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ടോള്‍ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഒരു കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാധമിക നിഗമനം. ബസ് അമിതവേഗതയില്‍ ആയിരുന്നുവെന്നും അതാണ് നിന്ത്രണം നഷ്ടപ്പെടാന്‍ കാരണമായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസില്‍ ആകെ 36 പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ പലരും ബസിനുള്ളില്‍ കുടുങ്ങിപ്പോയി. പരിക്കേറ്റ പലരുടെയും നിലഗുരുതരമാണ്.

ഇന്ത്യ – ഒമാൻ വ്യാപാരകരാർ വലിയ വിപണിസാധ്യതകൾ ഉണ്ടാക്കുമെന്ന് ഒമാൻ

0

ഒമാനും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരകരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ വിപണി സാധ്യതകള്‍ തുറക്കുമെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഉഭയകക്ഷി ബന്ധത്തിലൂടെ 17 ട്രില്യന്റെ വിപണിയിലേക്കുള്ള പാതയാണ് ഇതിലൂടെ സാധ്യമാകുന്നത്. സെപ കരാര്‍ ഇന്ത്യയും ഒമാനും തമ്മിലുളള ബന്ധത്തില്‍ പുതിയൊരു നാഴികക്കല്ലാണെന്നും ഒമാന്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി..

വ്യാപാരത്തിലൂടെയുള്ള വിനിമയം ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനും, ചരക്കുസേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും, ഗുണനിലവാരമുള്ള നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും ഒമാനും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിലൂടെ കഴിയുമെന്നാണ് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വിലയിരുത്തുന്നത്. വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന സാമ്പത്തിക ഇടപെടലുകളെ ഏകീകരിക്കാനും വ്യാപാര, നിക്ഷേപ പങ്കാളിത്തങ്ങള്‍ക്ക് വിശാലമായ മേഖലകള്‍ തുറക്കാനും ഇതിലൂടെ കഴിയും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഇന്ത്യയിലേക്കുള്ള ഉന്നതതല സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കരാര്‍ യാഥാര്‍ഥ്യമായതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പുതിയ കരാര്‍ ആഴത്തിലുള്ള സാമ്പത്തിക സഹകരണത്തിന് ശക്തമായ അടിത്തറ പാകും.
ഒമാനില്‍ നിന്നുളള കറ്റുമതി കൂട്ടുന്നതിനൊപ്പം ദേശീയ സമ്പദ് വ്യവസ്ഥയില്‍ അധിക മൂല്യം വര്‍ധിപ്പിക്കുന്നതിനുമുള്ള സാധ്യതയും ഇതില്‍ പ്രധാനമാണ്. നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂടുകള്‍, ഉത്ഭവ നിയമങ്ങള്‍, ആരോഗ്യസാങ്കേതിക നടപടികള്‍, വ്യാപാര സൗകര്യം, ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, ബൗദ്ധിക സ്വത്തവകാശം, സഹകരണം, തര്‍ക്ക പരിഹാരം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കരാര്‍ പ്രകാരം, ഒമാന്‍ 97.4 ശതമാനം ഉത്പ്പന്നങ്ങളിലും വ്യാപാര ഉദാരവത്ക്കരണം കരസ്ഥമാക്കി. ഇന്ത്യയിലേക്കുള്ള വിപണി പ്രവേശനം ഏകദേശം 77.8 ശതമാനത്തിലെത്തുകയും ചെയ്തു. പ്രധാനപ്പെട്ട ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക പരിഗണനയും ലഭിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, കസ്റ്റംസ് തീരുവ, ഇറക്കുമതി, കയറ്റുമതി നടപടിക്രമങ്ങള്‍, ഉത്ഭവ നിയമങ്ങള്‍, വ്യാപാര പരിഹാരങ്ങള്‍, സാനിറ്ററി, സാങ്കേതിക നടപടികള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സാമ്പത്തിക, സാങ്കേതിക സഹകരണം, സേവന വ്യാപാരത്തിലെ സുതാര്യത എന്നിവ നിയന്ത്രിക്കുന്ന 16 പ്രധാന വ്യവസ്ഥകളും കരാറിന്റെ ഭാഗമാണ്. ഒമാനിലെ ഏറ്റവും മികച്ച പത്ത് നിക്ഷേപ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും, 2025ന്റെ ആദ്യ പാദത്തില്‍ 286 ദശലക്ഷം റിയാലായിരുന്നു വിദേശ നിക്ഷേപമെന്നും മന്ത്രാലയം പറഞ്ഞു. പുതിയ കരാര്‍ ആഗോള വ്യാപാര സംവിധാനത്തില്‍ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും വൈവിധ്യമാര്‍ന്നതും മത്സരാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ ഒരു സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു.

ബംഗ്ലാദേശ് കലാപം -രണ്ടാമതൊരു വിദ്യാര്‍ത്ഥി നേതാവിനും വെടിയേറ്റു

0

ബംഗ്ലാദേശില്‍ കലാപം തുടരുന്നതിനിടെ വീണ്ടുമൊരു വിദ്യാര്‍ത്ഥി നേതാവിന് വെടിയേറ്റു. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ഖുല്‍നയിലെ മുഖ്യ സംഘാടകനായ മുഹമ്മദ് മൊത്തലേബ് സിഖ്ദറിനാണ് വെടിയേറ്റത്. വിദ്യാര്‍ത്ഥി പ്രക്ഷോഭനേതാവായ ഉസ്മാന്‍ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവം

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്ന ഉസ്മാന്‍ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി കലാപം തുടരുന്നതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥി നേതാവിനുകൂടി വെടിയേറ്റത്. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ഖുല്‍നയിലെ മുഖ്യ സംഘാടകനായ മുഹമ്മദ് മൊത്തലേബ് സിഖ്ദറിന അജ്ഞാതനായ ഒരാളാണ് വെടിവെച്ചത്. ഷെയ്ഖ് ഹസിന സര്‍ക്കാരിനെ പുറത്താക്കാനായി രാജ്യവ്യാപകമായി 2024 ല്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് സിഖ്ദര്‍. സിഖ്ദര്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച ദേശവ്യാപകകലാപത്തില്‍ ഇതിനോടകം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു. മാധ്യമസ്ഥാപനങ്ങളുള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ക്ക് അക്രമികള്‍ തീയിടുകയും ചെയ്തു. ഇന്ത്യന്‍ എംബസി അടക്കമുള്ളവയ്ക്ക് നേരെയും ആക്രമണങ്ങള്‍ അരങ്ങേറി. ഹിന്ദുവംശജനായ ഒരാള്‍ ആള്‍ക്കൂട്ടകൊലപാതകത്തിനും ഇരയായി. ഇന്ത്യയ്‌ക്കെതിരേ വ്യാപകപ്രതിഷേധമാണ് പ്രക്ഷോഭകാരികള്‍ ഉയര്‍ത്തുന്നത്. ഇതിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഇന്ത്യയുടെ വിസ പ്രൊസസിങ് സെന്റര്‍ അടച്ചിട്ടു. അതേസമയം ഹാദിയുടെ കൊലയാളികള്‍ ആരാണെന്നത് സംബന്ധിച്ച് ഇതുവരേയും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.