എണ്‍പതിലധികം അനധികൃത താമസക്കാരെ നാടുകടത്തി ബഹ്‌റിന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകര്‍ പിടിയിലായത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം.ഈ മാസം 14 മുതല്‍ 20 വരെയുള്ള ഒരാഴ്ച കാലയളവിലാണ് ഇത്രയും ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലായി 242 പരിശോധനകളും 13 സംയുക്ത കാമ്പയിനുകളും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തി. ക്രമക്കേട് നടത്തിയ നിരവധി പ്രവാസികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ഗുരുതര നിയമ ലംഘനം നടത്തിയ എണ്‍പതിലധികം പ്രവാസികളെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. അറസ്റ്റിലായ മറ്റുളളവര്‍ക്കെതിരായ നിയമ നടപടികള്‍ തുടരുന്നതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ആകെ 1,16,217 പരിശോധനകളാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതേറ്റി സംഘടിപ്പിച്ചത്. പന്ത്രണ്ടായിരത്തോളം പ്രവാസികളെ ഒരു വര്‍ഷത്തിനുളളില്‍ നാടുകടുത്തുകയും ചെയ്തു. നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, പൊലീസ് ഡയറക്ടറേറ്റുകള്‍, ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റ്എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. തൊഴില്‍ വിപണിയുടെ സ്ഥിരതയെ ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയ്ക്ക് ഹാനികരമാകുന്നതോ ആയ നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കി . ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അപകടകരമായ രീതിയില്‍ ഇ-സ്‌കൂട്ടര്‍ ഓടിച്ചു,തൊണ്ണൂറ് പേര്‍ക്കെതിരെ നടപടിയെടുത്ത് ദുബൈ പോലീസ്
ദുബൈയില്‍ അപകടകരമായ രീതിയില്‍ ഇ -സ്‌കൂട്ടര്‍ ഓടിച്ച തൊണ്ണൂറ് പേരെ അറസ്റ്റ് ചെയ്ത് ദുബൈ പോലീസ്. ഇവരുടെ സ്‌കൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. അപകടങ്ങള്‍ തടയുന്നതിനും പൊതു വിനോദ മേഖലകള്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത, സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.ദുബായില കൈറ്റ് ബീച്ചിലെ സ്‌പോര്‍ട്‌സ് ട്രാക്കില്‍ അപകടരമായ രീതിയില്‍ സ്റ്റണ്ട് നടത്തിയ തൊണ്ണൂറ് ഇ – സ്‌കൂട്ടര്‍ യാത്രക്കാരാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ ഇ- സ്‌കൂട്ടറുകള്‍ പിടിച്ചെടുക്കുകയും കനക്ക പിഴചുമത്തുകയും ചെയ്തു. വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ വെറെയും പിഴ അടക്കേണ്ടിവരും. ശൈത്യകാലത്ത് കൂടുതല്‍ ആളുകള്‍ രാത്രി നടത്തത്തിനും കുടുംബ വിനോദങ്ങള്‍ക്കുമായി ബീച്ചില്‍ എത്തും. അതിനാല്‍ കൈറ്റ് ബീച്ച് പോലുള്ള ജനപ്രിയ സ്ഥലങ്ങളില്‍ ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നത് അപകടകരങ്ങള്‍ക്ക് കാരണമാകുമെന്ന് പോലീസ് വ്യക്തമാക്കി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇ-സ്‌കൂട്ടറുകളും ഇ-ബൈക്കുകളും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുവഴിയുണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങള്‍ മരണത്തിന് ഉള്‍പ്പെടെ കാരണമാകുന്നുണ്ട്. ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍, ദുബായില്‍ ഇ-സ്‌കൂട്ടര്‍ ദുരുപയോഗവും അശ്രദ്ധമായ റോഡ് മുറിച്ച് കടക്കലും കാരണം പതിമൂന്ന് ജീവനകളാണ് നഷ്ടമായത്..2024 ല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉള്‍പ്പെട്ട 254 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു..വിവിധ അപകടങ്ങളില്‍ പത്ത് പേര്‍ മരിക്കുകയും 259 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുബായ് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായിലെ നിരവധി താമസക്കാര്‍ ഇ-സ്‌കൂടേടറുകള്‍ക്ക് റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളോ നിരോധനങ്ങളോ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .
കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ : പുതിയ നിയമം പുറപ്പെടുവിച്ച് യുഎഇ
കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യുഎഇ സര്‍ക്കാര്‍. ഡിജിറ്റല്‍ അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക, സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്. 2026 കുടുംബ വര്‍ഷമായി യുഎഇ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
കുട്ടികളുടെ ശാരീരികവും മാനസികവും ധാര്‍മ്മികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്ന ദോഷകരമായ ഡിജിറ്റല്‍ ഉള്ളടക്കത്തില്‍ നിന്നും രീതികളില്‍ നിന്നും അവരെ സംരക്ഷിക്കുക എന്നതാണ് നിയമനിര്‍മ്മാണത്തിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ആവാസവ്യവസ്ഥയ്ക്കുള്ളില്‍ കുട്ടികളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിന് അധികാരികള്‍ക്കുള്ള ഉത്തരവാദിത്തങ്ങളും നിയമത്തില്‍ നിര്‍വചിക്കുന്നുണ്ട്. യുഎഇയില്‍ പ്രവര്‍ത്തിക്കുന്നതോ രാജ്യത്തെ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതോ ആയ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. വെബ്സൈറ്റുകള്‍, സെര്‍ച്ച് എഞ്ചിനുകള്‍, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, മെസേജിംഗ് ആപ്ലിക്കേഷനുകള്‍, ഫോറങ്ങള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍, പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമുകള്‍, സ്ട്രീമിംഗ് സേവനങ്ങള്‍, ഓണ്‍ലൈന്‍ വീഡിയോ-ഓണ്‍-ഡിമാന്‍ഡ് പ്ലാറ്റ്ഫോമുകള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍. എന്നിവയാണ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍. കുട്ടികളുടെ പരിചരണത്തിന് ഉത്തരവാദികളായവര്‍ക്കും നിയമം ബാധകമാണ്. കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ സംബന്ധിച്ച് സംരക്ഷകരുടെ ബാധ്യതകളും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിയമത്തിന്റെ ഭാഗമായി കുടുംബ മന്ത്രി അധ്യക്ഷനായ ചൈല്‍ഡ് ഡിജിറ്റല്‍ സേഫ്റ്റി കൗണ്‍സില്‍ സ്ഥാപിക്കും. കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ഫെഡറല്‍, തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള യോജിച്ചുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രത്യേക സാഹചര്യങ്ങളിലൊഴികെ, 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ ഡാറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ശേഖരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും പങ്കിടുന്നതുംനിയമം നിരോധിച്ചിരിക്കുന്നു. ചൂതാട്ടമോ വാതുവെപ്പോ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ വാണിജ്യ ഗെയിമുകളില്‍ കുട്ടികള്‍ പങ്കെടുക്കുന്നതിനെയും നിയമം വിലക്കുന്നുണ്ട്. കുടുംബ മന്ത്രാലയം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന്, അനുസരണം ഉറപ്പാക്കുന്നതിനുള്ള പരിപാടികളും സംവിധാനങ്ങളും വികസിപ്പിക്കും. ദോഷകരമായ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും നിയമം ലഘൂകരിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ദുരുപയോഗത്തിനോ ചൂഷണത്തിനോ എതിരെ വേഗത്തിലുള്ള നടപടി ഉറപ്പാക്കുന്നതാണ് പുതിയ നിയമം.
വിവി രാജേഷ് സംസ്ഥാനത്തെ ആദ്യ ബിജെപി മേയർ
സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലെ മേയര്‍മാരെയും മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുത്തു. മേയര്‍ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം, തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയര്‍ അധികാരത്തിലെത്തി. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫ് മേയര്‍ വിജയിച്ചത്. പഞ്ചായത്തുകളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വി വി രാജേഷ് പുതിയ ചരിത്രം കുറിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് വി വി രാജേഷിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആര്‍ പി ശിവജിക്ക് 29 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിന്റെ കെ എസ് ശബരീനാഥന്‍ 17 വോട്ടുകള്‍ നേടി. കോണ്‍ഗ്രസിന്റെ രണ്ട് വോട്ട് അസാധുവായി. കൊല്ലം കോര്‍പ്പറേഷന്‍ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു. ഇടതുകോട്ടയായിരുന്ന കൊല്ലം യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കോര്‍പ്പറേഷനിലെ ആദ്യ യുഡിഎഫ് മേയറാണ് എ കെ ഹഫീസ്. മേയറുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇടതുമുന്നണിയുടെ പക്കല്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ച കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ വി കെ മിനിമോളാണ് പുതിയ മേയര്‍. 76 അംഗ കൗണ്‍സിലില്‍ സ്വതന്ത്രന്റെ വോട്ട് ഉള്‍പ്പെടെ 48 വോട്ട് നേടിയാണ് മിനിമോള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്
എല്‍ഡിഎഫില്‍ നിന്നും അധികാരം തിരിച്ച് പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. നിജി ജസ്റ്റിന്‍ വിജയിച്ചു. 35 വോട്ട് നേടിയാണ് നിജി ജസ്റ്റിന്‍ തൃശൂര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉന്നയിച്ച ലാലി ജയിംസിന്റെ വോട്ടും കോണ്‍ഗ്രസിന് തന്നെയാണ് ലഭിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഓ സദാശിവന്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഓ സദാശിവന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 33 വോട്ടുകളാണ് ഓ സദാശിവന് ലഭിച്ചത്. രണ്ട് വോട്ട് അസാധുവായി. യ ആദ്യ ഘട്ട വോട്ടെടുപ്പില്‍ കേവല ഭൂരിപക്ഷം ആര്‍ക്കും ഇല്ലാത്തതിനാലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തിയത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി. ഇന്ദിരയെ തെരഞ്ഞെടുക്കപ്പെട്ടു. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. പാലാ നഗരസഭയില്‍ 21 കാരിയായ ദിയ ബിനു പുളിക്കകണ്ടം ചെയര്‍പേഴ്‌സണായി വിജയിച്ചു. 14 വോട്ടുകള്‍ നേടിയാണ് ദിയ ജയിച്ചത്.
പുതുവത്സരാഘോഷം: ഗതാഗത നിയന്ത്രണങ്ങളുമായി ദുബൈ
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബൈ മെട്രോ 43 മണിക്കൂര്‍ നിര്‍ത്താതെ സര്‍വ്വീസ് നടത്തും. ആഘോഷങ്ങള്‍ക്കായി ദുബൈയിലെ ചില റോഡുകള്‍ താല്ക്കാലികമായി അടച്ചിടുമെന്നും ആര്‍ടിഎ അറിയിച്ചു.
പുതുവത്സരത്തെ വരവേല്‍ക്കാനായി ദൂബൈ തയ്യാറെടുക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നട്ക്കുന്ന ആഘോഷപരിപാടികളില്‍ ജനങ്ങള്‍ക്ക് എത്തിച്ചേരാനായി വന്‍ ക്രമീകരണങ്ങളാണ് ഭരണകൂടം ഒരുക്കുന്നത്. യാത്ര സുഖകരമാക്കാന്‍ മെട്രോ സര്‍വ്വീസ് തുടര്‍ച്ചയായി 43 മണിക്കൂര്‍ സര്‍വ്വീസ് നടത്തും. എമിറേറ്റ്‌സ് ടവേഴ്സ്, ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ, ബുര്‍ജ് ഖലീഫ, എന്നിവയുള്‍പ്പെടെ പ്രധാന സ്റ്റേഷനുകളില്‍ അധിക സര്‍വീസുകള്‍ നടത്തും. ആഘോഷത്തിന്റെ ഭാഗമായി ചില റോഡുകള്‍ അടച്ചിടും. ദുബൈ ഡൗണ്‍ടൗണിന് ചുറ്റുമുള്ള റോഡുകളാണ് അടച്ചിടുന്നത്. വിവിധ സമയങ്ങളിലായാണ് ഈ റോഡുകള്‍ അടച്ചിടുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വൈകുന്നേരം 4 മുതല്‍: അല്‍ ഇസ്തിഖ്ലാല്‍ സ്ട്രീറ്റ്, അല്‍ മുസ്തക്ബാല്‍ സ്ട്രീറ്റ്, ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ബുര്‍ജ് ഖലീഫ സ്ട്രീറ്റ്. രാത്രി 8 മുതല്‍: അല്‍ മുല്‍തഖ (അല്‍ മുലൂക്ക്) സ്ട്രീറ്റ് , രാത്രി 9 മുതല്‍: അപ്പര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, രാത്രി 11 മുതല്‍: ഷെയ്ഖ് സായിദ് റോഡ് എന്നിവയാണ് അടച്ചിടുക. പൊതുജന സുരക്ഷയും സുഗമമായ സഞ്ചാരവും നിലനിര്‍ത്തുന്നതിനൊപ്പം ജനസാന്ദ്രത കുറയ്ക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം. ദുബായ്, ബുര്‍ജ് ഖലീഫ, ഡൗണ്‍ടൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ബ്ലൂവാട്ടേഴ്സ്, ബുര്‍ജ് അല്‍ അറബ്, എക്സ്പോ സിറ്റി ദുബായ്, ഗ്ലോബല്‍ വില്ലേജ്, അറ്റ്‌ലാന്റിസ് ദി പാം, പാം ജബല്‍ അലി എന്നിവയുള്‍പ്പെടെ 40 സ്ഥലങ്ങളിലായി 48 വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ക്കാണ് ദുബായ് പുതുവര്‍ഷരാവില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം മേയര്‍ സ്ഥാനം: പിണങ്ങി ആര്‍ ശ്രീലേഖ
കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ കടുത്ത അതൃപ്തിയില്‍. അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് ശ്രീലേഖ അറിയിച്ചു. അനുനയത്തിനായി കേന്ദ്ര നേതൃത്വം ശ്രീലേഖയുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവിയടക്കം വാഗ്ദാനം ചെയ്‌തെന്നാണ് സൂചന
ശാസ്തമംഗലം ഡിവിഷനില്‍ നിന്നാണ് ആർ ശ്രീലേഖ മത്സരിച്ച് വിജയിച്ചത്. മത്സരരംഗത്ത് ഇറക്കുമ്പോഴേ മേയര്‍ മുഖമായി ശ്രീലേഖയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാ്ല്‍ ഭരണം ഉറപ്പിച്ചശേഷം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വിവി രാജേഷിനെ മേയറാക്കിയതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. അവസാനനിമിഷം വരേയും ശ്രീലേഖ പരിഗണനപട്ടികയില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാര്‍ട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവര്‍ പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന. ശ്രീലേഖയുടെ അതൃപ്തി പരിഗണിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. മുതിര്‍ന്ന കേന്ദ്ര നേതാക്കള്‍ നേരിട്ട് ശ്രീലേഖയുമായി സംസാരിച്ചുവെന്നാണ് വിവരം. ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുഖമായിരുന്ന ശ്രീലേഖയുടെ അതൃപ്തി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം നേരിട്ട് അനുനയ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നത്. ശ്രീലേഖയെ സമാധാനിപ്പിക്കാനായി വമ്പന്‍ വാഗ്ദാനങ്ങളാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ സീറ്റ് ഉള്‍പ്പെടെയുള്ള പദവികള്‍ നല്‍കുന്നത് പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. കൂടാതെ കേന്ദ്ര തലത്തില്‍ മറ്റേതെങ്കിലും നിര്‍ണ്ണായകമായ ഉത്തരവാദിത്തങ്ങള്‍ നല്‍കി അവരെ സജീവമായി പാര്‍ട്ടിയില്‍ നിലനിര്‍ത്താനാണ് കേന്ദ്ര നേതാക്കളുടെ നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീലേഖ ഇതുവരേയും പരസ്യമായി പ്രതികരിച്ചിട്ടില്ല
വ്യാജ ടിക്കറ്റ് തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി
സംഗീതനിശ, വിനോദ പരിപാടികള്‍, കായിക പരിപാടികള്‍ എന്നിവയ്ക്കുള്ള ടിക്കറ്റുകള്‍ ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ വാങ്ങാവൂ എന്ന് മുന്നറിയിപ്പ് നല്‍കി ദുബായ് പോലീസ്.ആരാധകര്‍ ഏറെയുള്ള പരിപാടികളെ ലക്ഷ്യമിട്ട് വ്യാജ ടിക്കറ്റ് തട്ടിപ്പുകള്‍ തുടരുന്ന സാഹചര്യത്തിലാണ് നിര്‌ദേശം.ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ആന്റിഫ്രോഡ് സെന്റര്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്.നിലവിലില്ലാത്ത ടിക്കറ്റുകള്‍ പ്രമോട്ട് ചെയ്യുന്നതിനായി തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റുകളും സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയ പേജുകളും കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പലപ്പോഴും അറിയപ്പെടുന്ന സംഘാടകരുടെയോ ടിക്കറ്റ് പ്ലാറ്റ്‌ഫോമുകളുടെയോ പേരുകളും ബ്രാന്‍ഡിംഗും അനുകരിച്ചാണ് ഇവ നിയമാനുസൃതമായി കാണപ്പെടുന്നത്. ആദ്യം ഇരകളോട് സാധാരണയായി പണം കൈമാറാനോ ബാങ്ക് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കാനോ ആവശ്യപ്പെടുന്നു . എന്നാല്‍ പിന്നീടാണ് ടിക്കറ്റ് നല്‍കിയിട്ടില്ലെന്നും അക്കൗണ്ടുകളില്‍ നിന്ന് അനധികൃത തുക പിന്‍വലിച്ചിട്ടുണ്ടെന്നും കണ്ടെത്തുന്നത്.തട്ടിപ്പുകളില്‍ പലതും യുഎഇക്ക് പുറത്തു നിന്നാണ് ഏകോപിപ്പിക്കുന്ന്ത്.സംശയാസ്പദമായ പ്ലാറ്റ്‌ഫോമുകളും തട്ടിപ്പുകളും ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് പോലീസിന്റെ സ്മാര്‍ട്ട് ആപ്പ് വഴിയോ,അടിയന്തര ഘട്ടങ്ങളില്‍ 901 എന്ന നമ്പറില്‍ വിളിച്ചോ, ഇക്രൈം പ്ലാറ്റ്‌ഫോം വഴിയോ റിപ്പോര്‍ട്ട് ചെയ്യണം.
ശബരിമല സ്വര്‍ണക്കൊള്ള വിഷയം തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ള വിഷയം തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും മുന്നണിയായി പ്രവര്‍ത്തിക്കുകയായിരുന്നു. വെള്ളിപ്പള്ളി നടേശനൊപ്പം ഒരു കാറില്‍ സഞ്ചരിച്ചത് മഹാപരാധമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പില്‍ പരസ്പര സഹകരണത്തോടെയാണ് ബിജെപിയും കോണ്‍ഗ്രസും പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് വിജയിച്ചിയിടങ്ങളില്‍ ബിജെപിക്കും, ബിജെപി വിജയിച്ചയിടങ്ങളില്‍ യുഡിഎഫിനും വന്‍തോതില്‍ വോട്ട് കുറഞ്ഞു. ഇത് സാധാരണനിലയില്‍ സംഭവിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വലിയ തോതില്‍ പ്രചാരണത്തിന് ഉപയോഗിച്ചുവെന്നത് വസ്തുതയാണ്. ബിജെപിയും കോണ്‍ഗ്രസും നല്ല തോതില്‍ ഉപയോഗിച്ചു. അതിനെ ഒരു പ്രത്യേക രീതിയില്‍ ഉയര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിന് ഒരാശയക്കുഴപ്പവും ഉണ്ടായിട്ടില്ല. എവിടെ തട്ടിപ്പ് നടന്നാലും അവിടെ ശക്തമായ നിലപാട് സ്വീകരിക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. ശബരിമലയിലും അതാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച രിതിയില്‍ ആയില്ല. ശബരിമല വിഷയം സംസ്ഥാനത്ത് ഏതെങ്കിലും തരത്തില്‍ എല്‍ഡിഎഫിനെ ബാധിച്ചെന്ന് കാണാന്‍ കഴിയില്ല. പരാജയത്തിന് പല കാരണങ്ങളുണ്ടെന്നും അത് വിശദമായി പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പസംഗമ പരിപാടിയുടെ സമയത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശനൊപ്പം ഒരു കാറില്‍ സഞ്ചരിച്ചത് മഹാപരാധമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പാലക്കാട് വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒറ്റദിനം 19 മത്സരം – പിറന്നത് 1 ഡബിള്‍ സെഞ്ച്വറി, 21 സെഞ്ച്വറി !!!
റെക്കോര്‍ഡ് റണ്‍വേട്ടയാണ് വിജയ് ഹസാരെ ട്രോഫിയുടെ ആദ്യദിനത്തിലെ മത്സരങ്ങളില്‍ കണ്ടത്. ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിചതച്ച് ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാണപ്പോള്‍ പിറന്നത് 1 ഡബിള്‍ സെഞ്ച്വറിയും 21 സെഞ്ച്വറികളുമാണ്.
വെറ്ററന്‍ താരങ്ങളുടേയും യുവതാരങ്ങളുടേയും അഴിഞ്ഞാട്ടം തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ വിജയ് ഹാസരെ ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസത്തെ കളിയില്‍ കണ്ടത്. ബൗളര്‍മാരുടെ ശവപറമ്പായി മാറിയ പിച്ചുകളില്‍ സിക്‌സറുകളും ഫോറുകളും പറന്നപ്പോള്‍ തകര്‍ന്നുവീണത് ഒരു പിടി റെക്കോര്‍ഡുകളാണ്. ആഭ്യന്തര ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറികള്‍ മുതല്‍ ഉയര്‍ന്ന ടീം ടോട്ടല്‍ വരെ.
രോഹിത് ശര്‍മ, വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി, യാഷ് ദുബെ, ശുഭം ഖജൂരിയ, ഹിമാന്‍ഷു റാണ…. സെഞ്ച്വറി വേട്ടക്കാരില്‍ ചിലര്‍മാത്രമാണിത്. അതിവേഗ സെഞ്ച്വറി മുതല്‍ ഏറ്റവും വലിയ ടീം ടോട്ടല്‍ വരെ പിറന്ന ദിവസം 1 ഇരട്ട സെഞ്ച്വറിയും 21 സെഞ്ച്വറികളും പിറന്നു. ഒഡീഷയുടെ സ്വസ്തിക് സമലാണ് ഇരട്ട സെഞ്ച്വറി നേടിയത്. 212 റണ്‍സാണ് സ്വസ്തിക് സൗരാഷ്ട്രയ്ക്ക് എതിരെ നേടിയത്. 15 വര്‍ഷത്തിന് ശേഷം ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നേടിയ സെഞ്ച്വറികള്‍ അക്ഷരാര്‍ത്ഥത്തില്‍ ദേശിയ സെലക്ടര്‍മാര്‍ക്കും ടീം മാനേജുമെന്റിനും നല്‍കിയ മറുപടിയായിരുന്നു. കോഹ്ലി ലിസ്റ്റ് എ ക്രിക്കറ്റില്‍ വേഗത്തില്‍ 16000 റണ്‍സ് തികയ്ക്കുന്ന താരമായി. സച്ചിന്റെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. കേരളത്തിന്റെ വിഷ്ണു വിനേദും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലുണ്ട്. 84 പന്തില്‍ നിന്ന് 190 റണ്‍സ് അടിച്ച വൈഭവ് സൂര്യവംശിയുടേയും 32 പന്തില്‍ അതിവേഗ സെഞ്ച്വറി നേടിയ ക്യ.ാപ്റ്റന്‍ സാക്കിബുള്‍ ഗാനിയും ആയുഷ് ലോഹരൂകയും നേടിയ സെഞ്ച്വറികളുടെ കരുത്തില്‍ ബിഹാര്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്‌റവും വലിയ ടീം സ്‌കോറാണ് അടിച്ചെടുത്തത്. അരുണാചല്‍ പ്രദേശിനെതിരെ 6 വിക്കറ്റിന് 574 റണ്‍സാണ് ബിഹാര്‍ അടിച്ചത്. 36 പന്തിലെ സെഞ്ച്വറി നേട്ടത്തോടെ വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന് പ്രായം കുറഞ്ഞ കളിക്കാരനായി. 33 പന്തില്‍ സെഞ്ച്വറി തികച്ച ഝാര്‍ഖണ്ഡിന്റെ നായകന്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനെ ന്്യായീകരിക്കുന്ന പ്രകടനം തന്നെ ന്ടത്തി.
ഉദ്ദവ്-രാജ് താക്കറെ സഖ്യം – 20 വര്‍ഷത്തെ വൈര്യം മറന്ന് സഹോദരര്‍
നീണ്ട 20 വര്‍ഷത്തെ വൈര്യം മറന്ന് ഉദ്ദവ് താക്കറേയും രാജ് താക്കറേയും ഒന്നിക്കുന്നു. വരാനിരിക്കുന്ന മുബൈ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇരുവരുടേയും പാര്‍ട്ടികള്‍ സംയുക്തമായി മത്സരിക്കും.
2005 ലാണ് ബാല്‍താക്കറെയുടെ അനന്തരവകാശി ആരെന്ന തര്‍ക്കത്തെ തുടര്‍ന്ന് ബാല്‍താക്കറേയുടെ അനന്തരവനായിരുന്ന രാജ് താക്കറെ പാര്‍ട്ടിവിട്ടത്. താനായിരിക്കും അടുത്ത പാര്‍ട്ടി നേതാവ് എന്ന രാജ് താക്കറേയുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചാണ്് ബാല്‍താക്കറെ സ്വന്തം മകനായ ഉദ്ദവ് താക്കറെയെ അനന്തരാവകാശിയായി പ്രഖ്യാപിച്ചത്. അത്രയും കാലം ബാല്‍താക്കറേയുടെ വലംകൈയ്യായി നിന്ന് പാര്‍ട്ടിയെ നയിച്ച തന്നെ തഴഞ്ഞതില്‍ മനംനൊന്ത് പാര്‍ട്ടി വിട്ട അന്നുമുതല്‍ ഉദ്ദവുമായി വൈര്യം കാത്ത് സൂക്ഷിച്ച രാജ് താക്കറെ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയെന്ന സ്വന്തം പാര്‍ട്ടിയും ആരംഭിച്ചു. കാര്യമായ നേട്ടം കൊയ്യാനൊന്നുമായില്ലെങ്കിലും തിരഞ്ഞെടുപ്പുകളില്‍ ചില ചലനമൊക്കെയുണ്ടാക്കാന്‍ നവനിര്‍മാണ സേനയ്ക്കായി. എന്നാലിപ്പോള്‍ പഴയ വൈര്യമെല്ലാം മാറ്റിവെച്ച് ഇരുവരും ഒന്നിക്കുകയാണ്. ശിവസേനയുടെ പിളര്‍പ്പിന് ശേഷം ഉദ്ദവിന്റെ നേതൃത്വത്തിലുള്ള ശിവസേന ഊര്‍ദ്ധ്വന്‍ വലിക്കുന്ന വേളയിലാണ് ഇരുവരും തമ്മില്‍ ഒന്നിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനം ഭരിക്കുന്ന ബിജെപി-ശിവസേന എക്‌നാഥ് ഷിന്‍ഡേ വിഭാഗം – എന്‍സിപി അജിത്ത് പവാര്‍ വിഭാഗം എന്നിവര്‍ നേതൃത്വം നല്‍കുന്ന മഹായുതി സര്‍ക്കാരിനെ പരാജയപ്പെടുത്തലാണ് ഇരുവരുടേയും മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഇരുവരും തമ്മില്‍ സഖ്യമുണ്ടാക്കിയത്. നേരത്തെ ഹിന്ദി മൂന്നാം ഭാഷയായി സ്‌കകൂളുകളില്‍ പഠിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ഇരുപാര്‍ട്ടികളും സംയുക്ത സമരം നടത്തിയിരുന്നു. അത് തിരഞ്ഞെടുപ്പ് രംഗത്തേക്കും നീളുന്നുവെന്നതാണ് പുതിയ സഖ്യം ചൂണ്ടിക്കാട്ടുന്നത്. ബോംബെ മുന്‍സിപാലിററിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇരുവരും സഖ്യമായി മത്സരിക്കും. അതേസമയം മറ്റ് കേര്‍പറേഷനുകളില്‍ സഖ്യമുണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല.


