വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പ്രവാസി മലയാളി പുതുജീവന്‍ നല്‍കിയത് വിവിധ രാജ്യക്കാരായ ആറ് പേര്‍ക്ക്. കൊല്ലം പരവൂര്‍ സ്വദേശി ബാബുരാജന്റെ അവയവങ്ങളാണ് ആറ് പേര്‍ക്ക് ജീവനായത്.
രണ്ടാഴ്ച മുന്‍പാണ് അബുദാബി വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്ത് വെച്ച് 50 വയസുകാരനായ ബാബുരാജ് വാഹനാപകടത്തില്‍പെട്ടത്. സിഗ്നലില്‍ റോഡ് മുറിച്ചുകടക്കവേ ഇലക്ട്രിക് സ്‌കൂട്ടര്‍ വന്നിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ ഉടന്‍ അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബാബുരാജന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചു. സുഹൃത്തായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ഷിബു മാത്യു ഇക്കാര്യം ആശുപത്രി അധികൃതരെയും അറിയിച്ചു. തുടര്‍ന്ന് വിവിധ രാജ്യക്കാരായ ആറ് രോഗികളിലായി അവയവങ്ങള്‍ വെച്ചുപിടിപ്പിച്ചും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ കുമാരി. മക്കള്‍ പ്രീതി, കൃഷ്ണപ്രിയ.
പുതുജീവന്‍ പകര്‍ന്ന് മലയാളി; ബാബുരാജ് ജീവിക്കും ആറ് പേരിലൂടെ
തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്ന് ബിനോയ് വിശ്വം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ തെറ്റുകള്‍ തിരുത്തും. തെറ്റുകള്‍ തിരുത്തല്‍ കമ്യൂണിസ്റ്റ് ഗുണമാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി തുറന്നുപറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത എണ്ണമറ്റ കാര്യങ്ങള്‍ കേരളത്തിന്റെ എല്ലാ തുറകളിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ നീണ്ടു പരന്ന് കിടക്കുന്നവയാണ്. അതുകൊണ്ടുത്തന്നെ ജനങ്ങളുടെ വോട്ട് എല്‍ഡിഎഫിനുള്ള വിജയ വോട്ടുകളാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പ്രതീക്ഷ ഫലവത്തായില്ല. ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും പരാജയം പുത്തരിയല്ല. പരാജയപ്പെട്ടാല്‍ അതോടുകൂടി എല്ലാം തീര്‍ന്നുവെന്ന് ചിന്തിക്കുന്നില്ല. ചരിത്രം ആര്‍ക്കെങ്കിലും വേണ്ടി അവസാനിക്കുന്നില്ലെന്നും കാലത്തിന്റെ തീരുമാനമായിട്ടാണ് ഈ പരാജയത്തെ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനെക്കാളും വലുത് ജനങ്ങളാണ്. ജനങ്ങളുടെ വിധിയെഴുത്തിനെ തലതാഴ്ത്തി അംഗീകരിക്കുന്നു. ജനങ്ങള്‍ തന്ന മുന്നറിയിപ്പായി ഈ പരാജയത്തെ കാണുന്നുവെന്നും ആ മുന്നറിയിപ്പിനെ എല്ലാവിധ ആദരവോടുകൂടെ കാണുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ പാര്‍ട്ടി ശ്രമിക്കും. തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ തെറ്റുകള്‍ തിരുത്തും. തെറ്റുകള്‍ തിരുത്തല്‍ കമ്യൂണിസ്റ്റ് ഗുണമാണ്. വീഴ്ചകള്‍ തിരുത്തി പാര്‍ട്ടി തിരിച്ചുവരും. എല്‍ഡിഎഫിന്റെ മൂന്നാം ഊഴം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
എമറാത്തികള്‍ക്ക് മിനിമം കൂലി : നാളെ മുതല്‍ പ്രാബല്യത്തില്‍ വരും
യുഎഇയില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എമറാത്തികളുടെ മിനിമം വേതനം 6000 ദിര്‍ഹമാക്കി നിശ്ചയിച്ചു. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറ്ക്കിയത്.
മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എമിറേറ്റികള്‍ക്ക് 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മിനിമം വേതനം 6,000 ദിര്‍ഹം ആയി യുഎഇ നിശ്ചയിച്ചു. ഡിസംബര്‍ 27 ന് മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്പിലാണ് ഈ അപ്ഡേറ്റ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കല്‍, പുതുക്കല്‍, ഭേദഗതി ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഈ ആവശ്യകത ബാധകമാകും.ഇക്കാര്യം തൊഴിലുടമകളെ അറിയിക്കുന്നതിനായി സേവന ചാനലുകളിലൂടെയും സ്മാര്‍ട്ട് ആപ്പിലൂടെയും അലേര്‍ട്ട് അറിയിപ്പുകള്‍ അയയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ആ തീയതി മുതല്‍, രജിസ്റ്റര്‍ ചെയ്ത ശമ്പളം 6,000 ദിര്‍ഹത്തില്‍ താഴെയാണെങ്കില്‍, പൗരന്മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷ നല്‍കാനോ സമര്‍പ്പിക്കാനോ തൊഴിലുടമകള്‍ക്ക് അനുവാദമില്ല, അത് ഇഷ്യു ചെയ്യാനോ പുതുക്കാനോ ഭേദഗതി ചെയ്യാനോ ആകട്ടെ. ശമ്പളം ക്രമീകരിക്കണമെന്ന് തൊഴിലുടമകളെ അറിയിക്കും.
2026 ജൂണ്‍ 30-നകം ശമ്പളം ശരിയാക്കിയില്ലെങ്കില്‍, 2026 ജൂലൈ 1 മുതല്‍ നടപ്പിലാക്കല്‍ നടപടികള്‍ പ്രാബല്യത്തില്‍ വരും. ശമ്പളം ക്രമീകരിക്കുന്നതുവരെ എമിറാറ്റി ജീവനക്കാരനെ എമിറാറ്റിസേഷന്‍ ക്വാട്ട കണക്കുകൂട്ടലുകളില്‍ നിന്ന് ഒഴിവാക്കുക , എമിറാറ്റി ശമ്പളം 6,000 ദിര്‍ഹത്തില്‍ താഴെയാണെന്ന കാരണത്താല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് തടയുന്ന ഒരു നിയന്ത്രണം സ്ഥാപനത്തിന് ഏര്‍പ്പെടുത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷത്തെ സാധുതയുള്ള പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് മാത്രമേ മിനിമം വേതന വര്‍ദ്ധനവ് ബാധകമാകൂ, അത് പുതുതായി നല്‍കിയാലും പുതുക്കിയാലും ഭേദഗതി ചെയ്താലും 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജനുവരിയിലെ ഇന്ധന വില പ്രസിദ്ധീകരിച്ചു, വിലയില്‍ നേരിയ കുറവ്
യുഎഇ ഇന്ധന വില സമിതി 2026 ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. ഡിസംബറിലേതിനേക്കാള്‍ നേരിയ കുറവോടെയാണ് ജനുവരിയിലെ വില പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.53 ദിര്‍ഹമായിരിക്കും. ഡിസംബറില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.70 ദിര്‍ഹമായിരുന്നു വില. സ്പെഷ്യല്‍ 95 ന് ലിറ്ററിന് 2.42 ദിര്‍ഹമായിരിക്കും ജനുവരിയിലെ വില. കഴിഞ്ഞ മാസം ഇത് 2.58 ദിര്‍ഹമായിരുന്നു. ഡിസംബറില്‍ ലിറ്ററിന് 2.51 ദിര്‍ഹത്തില്‍ നിന്ന് ഇ-പ്ലസ് വിഭാഗം പെട്രോള്‍ ലിറ്ററിന് 2.34 ദിര്‍ഹത്തിന് ലഭ്യമാകും. ഡീസലിന്റെ പുതുക്കിയ റേറ്റ് ലിറ്ററിന് 2.55 ദിര്‍ഹമാണ്. കഴിഞ്ഞ മാസം ഇത് 2.85 ദിര്‍ഹമായിരുന്നു.
ശൈത്യകാല വിനോദസഞ്ചാര ഭൂപടത്തില്‍ മുന്‍നിരയിലേക്ക് ഫുജൈറ
യുഎഇയുടെ ശൈത്യകാല വിനോദസഞ്ചാര ഭൂപടത്തില്‍ മുന്‍നിരയിലേക്ക് എത്തി ഫുജൈറ.കുടുംബങ്ങള്‍ക്കും സാഹസിക പ്രിയപ്രിയര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ശൈത്യകാലം ആഘോഷിക്കാനായി എമിറേറ്റില്‍ ഒരുക്കിയിരിക്കുന്നത്.
സുഖകരമായ കാലാവസ്ഥയും വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ഫുജൈറയെ സഞ്ചാരികളളുടെ പ്രീയപ്പെട്ട ഇടമാക്കി മാറ്റുന്നു. ബീച്ചുകളും ആഡംബര റിസോര്‍ട്ടുകളും മുതല്‍ മലനിരകളിലെ ഹൈക്കിങ് ട്രയലുകള്‍ വരെ സഞ്ചാരികളെ കാത്തിരിക്കുന്നു. വാദി വുറയ്യ, വിസ്തൃതമായ ക്യാംപിങ് ഏരിയകള്‍ എന്നിവയ്ക്ക് പുറമെ ചരിത്രമുറങ്ങുന്ന ഫുജൈറ ഫോര്‍ട്ട്, അല്‍ ബിദിയപള്ളി, പൈതൃക ഗ്രാമം തുടങ്ങിയ പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. നാടന്‍ വിപണികളും പ്രാദേശിക സംസ്‌കാരം വിളിച്ചോതുന്ന കമ്മ്യൂണിറ്റി പരിപാടികളും ശൈത്യകാല ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നുണ്ട്. കടലും മലയും പ്രകൃതിയും ഒത്തുചേരുന്ന ഫുജൈറയിലെ ശൈത്യകാലം സഞ്ചാരികള്‍ക്ക് സവിശേഷമായ അനുഭവം നല്‍കുന്നതാണെന്ന് ഫുജൈറ ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സയീദ് അബ്ദുല്ല അല്‍ സമാഹി പറഞ്ഞു. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനും പൈതൃക സംരക്ഷണത്തിനും മുന്‍ഗണന നല്‍കുന്നതിനൊപ്പം ഈ മേഖലയില്‍ യുവാക്കളുടെയും സംരംഭകരുടെയും പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഖത്തർ : ട്രാന്‍സ്ഷിപ്പ്മെൻറ് പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച
ഖത്തറിന്റെ ലോജിസ്റ്റിക്‌സ് അധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലും വിശാലമായ വിഷന്‍ 2030 വൈവിധ്യവല്‍ക്കരണ തന്ത്രത്തിലും രാജ്യത്തെ തുറമുഖങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ട്രാന്‍സ്ഷിപ്പ്മെൻറ് പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് കഴിഞ്ഞ മാസം രാജ്യത്തെ തുറമുഖങ്ങള്‍ കൈവരിച്ചത്.
2025-ല്‍, ഹമദ് തുറമുഖത്തിന്റെ നേതൃത്വത്തില്‍ ഖത്തറിലുടനീളമുള്ള തുറമുഖങ്ങള്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റുകളില്‍ സ്ഥിരമായ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു. സമീപ മാസങ്ങളില്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് അളവ് ഇരട്ട അക്ക ശതമാനത്തില്‍ വര്‍ദ്ധിച്ചു. ഒരു പ്രാദേശിക ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ രാജ്യം മാറുന്നുവെന്നതിന്റെ തെളിവാണ് ഇത്. മത്സരക്ഷമത കൂടുതല്‍ ഉറപ്പിച്ചുകൊണ്ട്, ഹമദ് തുറമുഖം അടുത്തിടെ ഗള്‍ഫില്‍ ഒന്നാം സ്ഥാനം നേടുകയും 2024 ലെ കണ്ടെയ്‌നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ആഗോളതലത്തില്‍ 11-ാം സ്ഥാനത്ത് എത്തുകയും ചെയ്തു. 2025 സെപ്റ്റംബറില്‍ ഖത്തറിലെ തുറമുഖങ്ങളിലെ ട്രാന്‍സ്ഷിപ്പ്‌മെന്റ് അളവ് 12 ശതമാനം വര്‍ദ്ധിച്ചു, ഇത് പ്രാദേശിക, അന്തര്‍ദേശീയ വ്യാപാരത്തില്‍ ഹമദ്, ദോഹ, അല്‍ റുവൈസ് തുറമുഖങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. മൂന്ന് തുറമുഖങ്ങളും കൂടി ഈ മാസം 124,740 ഇരുപത് അടി തുല്യ യൂണിറ്റുകള്‍ കൈകാര്യം ചെയ്തു, ആഗസ്റ്റിനെ അപേക്ഷിച്ച് ട്രാന്‍സ്ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ വര്‍ധനവ് രേഖപ്പെടുത്തി. റോറോ കൈകാര്യം ചെയ്യലും പ്രതിമാസം ഏകദേശം 34 ശതമാനം വര്‍ദ്ധിച്ചു, അതേസമയം ബള്‍ക്ക് കാര്‍ഗോയും 45,000 ടണ്‍ കവിഞ്ഞു. സെപ്റ്റംബറില്‍ മാത്രം ഖത്തറിന്റെ തുറമുഖങ്ങള്‍ 12,397 റോറോ യൂണിറ്റ് വാഹനങ്ങളും 3,881 കന്നുകാലികളും 36,879 ടണ്‍ നിര്‍മ്മാണ സാമഗ്രികളും കൈകാര്യം ചെയ്തു. കപ്പല്‍ ഗതാഗതം ശക്തമായി തുടര്‍ന്നു, ഈ മാസം 231 കപ്പലുകള്‍ മൂന്ന് തുറമുഖങ്ങളിലും എത്തി. ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്കകള്‍ എന്നിവയ്ക്കിടയിലുള്ള തന്ത്രപരമായ കണ്ണിയായി ഖത്തറിലെ തുറമുഖങ്ങള്‍ വര്‍ത്തിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു, ഇത് ചരക്ക് ഗതാഗത സമയം കുറയ്ക്കുന്നതിനും വിതരണ ശൃംഖല കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കയറ്റുമതി, പുനര്‍-കയറ്റുമതി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും തുറമുഖങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ ലക്ഷ്യങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനൊപ്പം പ്രാദേശിക വ്യവസായങ്ങളെ അന്താരാഷ്ട്ര വിപണികളില്‍ എത്താന്‍ പ്രാപ്തമാക്കുന്നു.
മോഹന്‍ലാലിന്റെ അമ്മ അന്തരിച്ചു
നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാല്‍ സംസാരിച്ചിട്ടുണ്ട്.
മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടില്‍ വയ്ക്കും. രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. 14 വര്‍ഷമായി രോഗാവസ്ഥയിലായിരുന്ന ശാന്തകുമാരിയമ്മയ്ക്ക് മൂന്നു മാസം മുന്‍പാണ് രോഗം മൂര്‍ച്ഛിച്ചത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ നിയമം
ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ രംഗത്ത് പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സിംഗ് കര്‍ശനമാക്കുന്നതാണ് പുതിയ നിയമം.
ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ രംഗത്ത് സമൂലമായ മാറ്റം വിഭാവന ചെയ്യുന്ന നിയമം ഡിസംബര്‍ 30 ചൊവ്വാഴ്ചയാണ് യുഎഇ അവതരിപ്പിച്ചത്. വിദ്യാഭ്യാസം ജീവിതസന്ധാരണത്തിനുള്ള മാര്‍ഗ്ഗമാകണം. അതിന് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരവും മത്സരക്ഷമതയം മികവുറ്റതാവണം. ഇത് സാധ്യമാക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുടെയും ലൈസന്‍സിംഗ്, വര്‍ഗ്ഗീകരണം, പ്രോഗ്രാം അക്രഡിറ്റേഷന്‍ എന്നിവ നിയന്ത്രിക്കുകയും സുഗമമായ ഭരണവും ഫലപ്രദമായ മാനേജ്‌മെന്റും ഉറപ്പാക്കുകയും ചെയ്യുന്നതാണ് നിയമം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ അക്കാദമിക് പ്രോഗ്രാമുകളുടെയും അക്കാദമിക് ഗുണനിലവാരം ഉറപ്പാക്കുന്നതിന് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങളും സംവിധാനങ്ങളും പാലിക്കണം. രാജ്യത്തുടനീളമുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകള്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമാകും. മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടാതെ ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനം നടത്താന്‍ പാടില്ല എന്നും പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല എന്നും നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.
ഫ്രീ സോണുകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണമുണ്ടാകും. ഇതിനായി, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ പ്രാദേശിക പെര്‍മിറ്റ്, സ്ഥാപന ലൈസന്‍സ്, പ്രോഗ്രാം അക്രഡിറ്റേഷന്‍ എന്നിവ നല്‍കിക്കൊണ്ട്, മന്ത്രാലയത്തിനും യോഗ്യതയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇടയിലുള്ള ഏകോപനത്തിനും മേല്‍നോട്ടത്തിനുമുള്ള സംവിധാനങ്ങള്‍ നിയമം നിര്‍വചിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും മത്സരശേഷി ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ സഹായിക്കുന്നതാണ് പുതിയ നിയമം.
ബീഗം ഖാലിദ സിയ അന്തരിച്ചു
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് നവംബര്‍ 23-നാണ് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്..
ബംഗ്ലാദേശില ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയെ ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യനില വഷളായതോടെ ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. ഡിസംബര്‍ ആദ്യം ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ധാക്കയിലെ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. 1991-ലെ ദേശീയ തിരഞ്ഞെടുപ്പില്‍ ആദ്യമായി പ്രധാനമന്ത്രിയായ ഖാലിദ സിയ മൂന്നുവട്ടമാണ് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായത്. വ്യാപാരിയായ ഇസ്‌കന്ദര്‍ മസൂംദറിന്റെയും തയേബ മസൂംദറിന്റെയും മകളായി 1945-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ജല്‍പായ്ഗുരിയിലാണ് ഖാലിദ സിയയുടെ ജനനം. 1947-ലെ വിഭജനത്തിനുശേഷം ഖാലിദ സിയയുടെ കുടുംബം കിഴക്കന്‍ പാകിസ്താനിലേക്ക് മാറി. ബംഗ്ലാദേശിലെ ദിനാജ്പുര്‍ മിഷിണറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദിനാജ്പുര്‍ ഗേള്‍സ് സ്‌കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പാസായി. 1960ലാണ് ഖാലിദ സിയ പാകിസ്താന്‍ സൈന്യത്തില്‍ ക്യാപ്റ്റനായിരുന്ന സിയാവുര്‍ റഹ്‌മാനെ വിവാഹം കഴിച്ചത്. ഇതിനുശേഷം 1965-ല്‍ ദിനാജ്പുരിലെ സുരേന്ദ്രനാഥ് കോളേജില്‍ ചേര്‍ന്ന് ഖാലിദ സിയ വിദ്യാഭ്യാസം തുടര്‍ന്നു. 1971-ല്‍ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പ്രധാനിയായിരുന്നു സിയാവുര്‍ റഹ്‌മാന്‍. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ അധ്യക്ഷനായ അദ്ദേഹം, പിന്നീട് ബംഗ്ലാദേശിന്റെ പ്രസിഡന്റുമായി.1980 മേയ് 30-നാണ് സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത്. സിയാവുര്‍ റഹ്‌മാന്റെ മരണത്തിന് പിന്നാലെ പ്രതിസന്ധിയിലായ ബിഎന്‍പിയെ പിന്നീട് ഖാലിദ സിയയാണ് നയിച്ചത്. അന്നേവരെ രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്ന ഖാലിദ സിയ, ബിഎന്‍പിയില്‍ സജീവമാകുകയും പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാവുകയുംചെയ്തു. 1984-ല്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലെത്തി.ഖാലിദ സിയയുടെ നേതൃത്വത്തിലാണ് ബിഎന്‍പി 1983-ല്‍ ഏഴ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഇര്‍ഷാദ് ഭരണകൂടത്തിനെതിരേ പോരാട്ടം നയിച്ചത്. 1991 മാര്‍ച്ച് 20-ന് ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സിയ അധികാരമേറ്റു. പിന്നീട് 1996ലും 1999ലും ഖാലിദ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ജയിലിലടക്കപ്പെട്ട ഖാലിദ സിയയെ ഷെയ്ഖ് ഹസീനയെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ല്‍ രാജ്യത്ത് നിന്ന് സ്ഥാനഭ്രഷ്ടയായി പലായനം ചെയ്തതോടെയാണ് മോചിപ്പിച്ചത്. ജയില്‍ വാസത്തിനിടെ അസുഖബാധിതയായ ഖാലിദ സിയയെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ പോലും ഹസീന ഭരണകൂടം അനുവദിച്ചിരുന്നില്ല.
ശബരിമല സ്വര്‍ണപാളികേസ് – കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാ്‌ഴ്ച്ച നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു.
ശബരിമലയിലെ സ്വര്‍ണപാളികള്‍ മോഷണം പോകുമ്പോള്‍ ദേവസ്വം മന്ത്രിയായിരുന്നത് കടകംപള്ളി സുരേന്ദ്രനായിരുന്നു. തട്ടിപ്പ നടത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കടകംപള്ളിയെ ചോദ്യംചെയ്യലിന് വിധേയനാക്കിയത്. ശനിയാഴ്ച്ച നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറിലേറെ നീണ്ടു. മുന്‍ മന്ത്രിയെന്ന നിലയ്ക്ക് വിവരശേഖരണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ആ നിലയ്ക്ക് അറിയാവുന്നകാര്യങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തോട് പങ്കുവെച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കടകംപള്ളിക്ക് പുറമെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായകമായ ചോദ്യം ചെയ്യലാണ ്ഇപ്പോള്‍ നടന്നിരിക്കുന്നത്. അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിന്റെയും ഗോവര്‍ധന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. 40 ദിവസമായി ജയിലില്‍ കഴിയുന്നു എന്ന് പത്മകുമാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു പരിധിക്ക് അപ്പുറം അന്വേഷണം മുന്നോട്ട് പോകുന്നില്ല എന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ജാമ്യം തള്ളിയ കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത് അവധിക്ക് ശേഷം മാത്രമെന്ന് വ്യക്തമാക്കി.


