Thursday, August 6, 2026
Home Blog Page 25

ശബരിമല സ്വര്‍ണപാളി കേസിൽ കൂടുതല്‍ സ്വര്‍ണം കവര്‍ന്നെന്ന് കണ്ടെത്തല്‍

0


ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയാണെന്ന് എസ്‌ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചുവെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍. ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. സ്വര്‍ണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സ്വര്‍ണം മോഷ്ടിച്ച കാര്യം വ്യക്തമാക്കുന്നത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണവും പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതല്‍ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും അധിക സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പണിക്കൂലിയായി എടുത്ത സ്വര്‍ണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എസ് ഐ ടിക്ക് മുന്നില്‍ ഹാജരാക്കി.109. 243 ഗ്രാം സ്വര്‍ണമാണ് എസ്‌ഐടിക്ക് കൈമാറിയത്. കൊള്ളയടിച്ച സ്വര്‍ണം എന്തുചെയ്‌തെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പൂജ നടത്തിയ സ്ഥലങ്ങള്‍, കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവയെക്കുറിച്ചും മൊഴി കൊടുത്തു. കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുമെങ്കിലും എന്ന് വിളിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.

പ്രവാസികള്‍ക്കുള്ള പ്രവേശന നടപടികള്‍ കര്‍ശനമാക്കി ഒമാൻ തൊഴില്‍ മന്ത്രാലയം

0

ഒമാനില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും പ്രഫഷനല്‍ ലൈസന്‍സുകളും തടയുന്നതിന് പ്രവാസികള്‍ക്കുള്ള പ്രവേശന നടപടികള്‍ കര്‍ശനമാക്കി തൊഴില്‍ മന്ത്രാലയം.വിദേശികള്‍ ഒമാനില്‍ ജോലിക്കായി എത്തുന്നതിന് മുമ്പ് തന്നെ വിദ്യാഭ്യാസ യോഗ്യതകളും പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കണം.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഒമാനില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.എന്‍ജിനിയറിങ്, ലോജിസ്റ്റിക്‌സ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ ജോലി നേടുന്നതിന് അതത് സെക്ടറല്‍ സ്‌കില്‍ യൂണിറ്റുകളുടെ അംഗീകാരം മുന്‍കൂട്ടി നേടിയിരിക്കണം. ഒമാന്‍ പ്രഫഷനല്‍ അക്രഡിറ്റേഷന്‍ സംവിധാനത്തിന് കീഴിലാണ് പ്രവാസി തൊഴിലാളികള്‍ക്ക് പ്രീ എന്‍ട്രി ആവശ്യകതകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. വിദേശി തൊഴിലാളികള്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ അക്കാദമിക്, പ്രഫഷനല്‍ യോഗ്യതകള്‍ പരിശോധിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പ്രഫഷനല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വകുപ്പ് ഡയറക്ടര്‍ സഹര്‍ ബിന്‍ അബ്ദുല്ല അല്‍ ശൈഖ് പറഞ്ഞു. യോഗ്യത ഔദ്യോഗികമായി പരിശോധിച്ചതിനുശേഷം മാത്രമേ വര്‍ക്ക് പ്രാക്ടീസ് ലൈസന്‍സ് നല്‍കൂ. ലൈസന്‍സ് നല്‍കിക്കഴിഞ്ഞാല്‍ മാത്രമേ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കൂ, അതായത് അക്രഡിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ല.
പുതിയ പ്രവാസി തൊഴിലാളികള്‍ക്കും നിലവിലുള്ള വിദേശ തൊഴിലാളികള്‍ക്കും ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഈ ആവശ്യകതകള്‍ ബാധകമാണെന്നും, തൊഴില്‍ കാലയളവിലുടനീളം തുടര്‍ച്ചയായ പരിശോധന നടത്തുമെന്നും അറിയിച്ചു.വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനമായ പിഴകള്‍ ചുമത്തുമെന്നും അറിയിച്ചു.ഊര്‍ജ്ജ, ധാതു മേഖല ഉള്‍പ്പെടെ ചില മേഖലകള്‍ക്ക് 2026 ജൂണ്‍ ഒന്ന് വരെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍
കാലയളവ് അനുവദിച്ചിട്ടുണ്ട്.

ബുള്ളറ്റ് ട്രെയിന്‍ 2027 ല്‍ സര്‍വ്വീസ് ആരംഭിക്കും

0


ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ ഒന്നര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് 15 ന് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചു.

ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ബിലിമോറയിലേക്കായിരിക്കും ബുള്ളറ്റ് ട്രൈയിനിന്റെ ആദ്യ ഘട്ടത്തിലെ സര്‍വീസ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള അത്യാധുനിക മോഡല്‍ ട്രെയിനുകളാണ് രാജ്യത്ത് എത്തുന്നത്. ഇന്ത്യയുടെ യാത്രാ മേഖലയില്‍ വിപ്ലവകരമായ മാറ്റം കുറിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. തുടക്കത്തില്‍ സൂറത്ത് – ബിലിമോറ റൂട്ടിലാണെങ്കിലും വൈകാതെ തന്നെ വാപിയില്‍ നിന്ന് അഹമ്മദാബാദിലേക്കും താനെയില്‍ നിന്ന് അഹമ്മദാബാദിലേക്കും സര്‍വീസുകള്‍ വ്യാപിപ്പിക്കും. മുംബൈ – അഹമ്മദാബാദ് റൂട്ടിലെ പൂര്‍ണ്ണതോതിലുള്ള സര്‍വീസ് ഇതിന് പിന്നാലെ സജ്ജമാകും. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ രാജ്യം ബുള്ളറ്റ് ട്രെയിന്‍ യുഗത്തിലേക്ക് കടക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന്റെ ആദ്യ റൂട്ടും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊല്‍ക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടുക. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പൈലറ്റ് മദ്യപിച്ചെത്തി, വിമാനം രണ്ട് മണിക്കൂര്‍ വൈകി

0


മദ്യപിച്ച് ജോലിക്കെത്തിയ എയര്‍ ഇന്ത്യ പൈലറ്റിനെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചു. കാനഡയിലെ വാങ്കൂവര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

ഡിസംബര്‍ 23 നാണ് കാനഡയിലെ വാങ്കൂവര്‍ വിമാനത്താവളത്തില്‍ വെച്ച് സംഭവമുണ്ടായത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഒരു ജീവനക്കാരന്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പൈലറ്റിനെതിരെ നടപടി ഉണ്ടായത്. പൈലറ്റ് മദ്യം കഴിക്കുന്നത് കണ്ടെന്ന് ഇയാള്‍ വിമാനത്താവള അധികൃതര്‍ക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് അധികൃതര്‍ പൈലറ്റിനെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റിന് വിധേയനാക്കുകയും അതില്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി മേലുദ്യോഗസ്ഥര്‍ ഇയാളെ വിളിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ കോക്പിറ്റ് ക്രൂവിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ഏവിയേഷന്‍ റെഗുലേറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെത്തുടര്‍ന്ന് വാങ്കൂവറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എഐ186 വിമാനം രണ്ടുമണിക്കൂറുകളോളം വൈകി. പകരം മറ്റൊരു പൈലറ്റിനെ നിയോഗിച്ചതിനുശേഷമാണ് വിമാനം സര്‍വീസ് നടത്തിയത്.യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കുറ്റാരോപിതനായ പൈലറ്റിനെ ജോലികളില്‍നിന്നും താത്ക്കാലികമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. എയര്‍ ഇന്ത്യയുടെ ചട്ടങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ പൈലറ്റിനെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. വിമാനത്തിന്റെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇത്തരം നിയമലംഘനങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി

പ്രായപൂര്‍ത്തിയാകാവനുള്ള പ്രായം യുഎഇ 18 ആയി കുറച്ചു

0

നിയമത്തില്‍ സുപ്രധാന മാറ്റവുമായി യുഎഇ. പ്രായപൂര്‍ത്തിയാകാവനുള്ള പ്രായം യുഎഇ 18 വായി കുറച്ചു. നേരത്തെ ഇത് 21 വയസായിരുന്നു.

പുതുക്കിയ സിവില്‍ ട്രാന്‍സാക്ഷന്‍സ് നിയമപ്രകാരം യുഎഇ നിയമപരമായ പക്വതയുടെ പ്രായം 21 ല്‍ നിന്ന് 18 ആയി കുറച്ചു. സാമ്പത്തിക കാര്യങ്ങളില്‍ രക്ഷാകര്‍തൃത്വത്തിനുള്ള ഭേദഗതിയാണ് പുതിയ നിയമത്തിലൂടെ നടപ്പിലാകുന്നത്. ഇതോടെ 18 വയസ്സ് പ്രായമുള്ള വ്യക്തികള്‍ക്ക് അവരുടെ ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. അതേസമയം 15 വയസ്സ് പ്രായമുള്ളവര്‍ക്ക് അവരുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അനുമതിക്ക് അപേക്ഷിക്കാനും സാധിക്കും. യുവാക്കളെ ശാക്തീകരിക്കുന്നതിനും സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനും നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ മാറ്റങ്ങള്‍. നിയമ പ്രാക്ടീസ് നവീകരിക്കുന്നതിനും സിവില്‍, വാണിജ്യ ഇടപാടുകളിലുടനീളം സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലമായ പരിഷ്‌കാരങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ സിവില്‍ നിയമ ചട്ടക്കൂടിനെ സമകാലിക സാമ്പത്തിക സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമായി യോജിപ്പിച്ചുകൊണ്ട്, നഷ്ടപരിഹാരം, കരാറുകള്‍, ഇന്‍ഷുറന്‍സ്, വില്‍പ്പന, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കൂടുതല്‍ വ്യക്തതയോടെ അവരിപ്പിക്കുകയാണ് പുതിയ നിയമത്തില്‍. മരണമോ പരിക്കോ മൂലമുണ്ടാകുന്ന ധാര്‍മ്മികമോ ഭൗതികമോ ആയ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിരക്ഷ ഉറപ്പാക്കിക്കൊണ്ട്, ദിയയെ അധിക നഷ്ടപരിഹാരവുമായോ അര്‍ഷുമായോ സംയോജിപ്പിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് പ്രധാന മാറ്റങ്ങളില്‍ ഒന്ന്. അത്തരം കേസുകളില്‍ കോടതികള്‍ക്ക് മുമ്പാകെ ഉയര്‍ന്നുവന്ന നിയമപരമായ അവ്യക്തതകളും നിയമം പരിഹരിക്കുന്നു. ലാഭേച്ഛയില്ലാത്ത കമ്പനികള്‍ക്കായി ഒരു പുതിയ നിയമ ചട്ടക്കൂട് സ്ഥാപിക്കുന്ന ഈ നിയമനിര്‍മ്മാണം, സമീപകാല നിയമനിര്‍മ്മാണ ഭേദഗതികള്‍ക്ക് അനുസൃതമായി അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതില്‍ അവയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

സ്വര്‍ണകൊള്ള കേസില്‍ പിണറായി : പോറ്റി ആദ്യം കയറിയത് സോണിയയുടെ വീട്ടില്‍

0


ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. വിവാദത്തില്‍ അടൂര്‍ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കടകംപള്ളിയെ ചോദ്യം ചെയ്തത് വ്യക്തതയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം വെള്ളാപ്പള്ളിയെ സ്വന്തം വാഹനത്തില്‍ കയറ്റിയതിനെ പിണറായി വീണ്ടും ന്യായീകരിച്ചു.

സ്വര്‍ണപാളി കേസിലെ മുഖ്യപ്രതിയായ ഉണ്്ണി കൃഷ്ണന്‍ പോറ്റി സോണിയയുമായി കൂടിക്കാഴ്ച്ച നടത്തിയത് ഉയര്‍ത്തിയായിരുന്നു മുഖ്യമന്ത്രി സ്വര്‍ണപാളികേസുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിരോധിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഒപ്പമുണ്ടായിരുന്ന അടൂര്‍ പ്രകാശ് ഇപ്പോള്‍ പറയുന്നത് കൂടിക്കാഴ്ച്ചയില്‍ തനിക്ക് പങ്കില്ലെന്നാണ്. എങ്ങനെയാണ് മഹാതട്ടിപ്പുകാര്‍ക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കല്‍ എത്താന്‍ കഴിയുന്നതെന്നും ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്നാണ് വന്നതെന്ന അടൂര്‍ പ്രകാശിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത് വ്യക്തതക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്‌ഐടി നല്ല നിലയില്‍ ചുമതല നിര്‍വഹിക്കുന്നുണ്ട്. അന്വേഷണത്തില്‍ പരാതികള്‍ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ലെ്ന്നും അദ്ദേഹം പറഞ്ഞു. അതേസമയം പദ്മകുമാറിനെതിരെ നടപടി വാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നുകൊണ്ട് തനിക്ക് പറയാനാവില്ലെന്നായിരുന്നു മറുപടി. അതിനിടെ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെ വീണ്ടും പിണറായി ന്യായീകരിച്ചു. ഇക്കാര്യത്തില്‍ ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണം. താനാണെങ്കില്‍ കാറില്‍ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോട് അതിന് ബിനോയ് വിശ്വമല്ല പിണറായി എന്നായിരുന്നു പ്രതികരണം

പുതുവര്‍ഷത്തില്‍ ഗിന്നസ് റെക്കോര്‍ഡ് തിളക്കത്തില്‍ റാസല്‍ഖൈമ….

0

പുതുവത്സരാഘോഷ വേളയില്‍ റാസല്‍ഖൈമയ്ക്ക്ഗിന്നസ് റെക്കോര്‍ഡ് .മള്‍ട്ടിറോട്ടര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഫീനിക്‌സ് പക്ഷിയുടെ ഏറ്റവും വലിയ ആകാശ പ്രദര്‍ശനത്തിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിരീടം ലഭിച്ചത്.റാസല്‍ഖൈമയുടെ തീരദേശത്ത് ആറ് കിലോമീറ്റര്‍ നീളത്തിലാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്.
മര്‍ജാന്‍ ഐലന്‍ഡിന് മുകളില്‍ 2,300ലധികം ഡ്രോണുകള്‍ അണിനിരന്നു.2,300 ഡ്രോണുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഉയര്‍ത്തെഴുന്നേല്‍പ്പ്‌ന്റെ പ്രതീകമായ ഫീനിക്‌സ് പക്ഷി ആയിരുന്നു ഹൈലൈറ്റ്.ഇത് റാസല്‍ഖൈമയുടെ ചരിത്രത്തില്‍ മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് കൂടെ രചിച്ചു.ഇതിനോടകം 14 ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ റാസല്‍ഖൈമ ഇത്തവണയും വിസ്മയം തീര്‍ത്തു.റാസല്‍ഖൈമയുടെ ആതിഥ്യമര്യാദയെയും തുറന്ന മനസ്സിനെയും സാക്ഷ്യപ്പെടുത്തുന്ന, തുറന്ന കൈകളുമായി കടലില്‍ നിന്ന് ഉയര്‍ന്നുവരുന്ന മനുഷ്യരൂപത്തെ ചിത്രീകരിക്കുന്ന ‘ദി വെല്‍ക്കം’ എന്ന രണ്ടാമത്തെ രൂപവും വേറിട്ട കാഴ്ചയായി.റാസല്‍ഖൈമയില്‍ 6 കി.മീ നീളത്തില്‍ തുടര്‍ച്ചയായി 15 മിനിറ്റ് വെടിക്കെട്ടും പുതുവര്‍ഷത്തിന് മാറ്റ് കൂട്ടി.ബീച്ച്ഫ്രണ്ട് റിസോര്‍ട്ടുകളിലും പുതുവത്സരാഘോഷത്തിലും ആയിരക്കണക്കിന് താമസക്കാരും സന്ദര്‍ശകരുമാണ് ആഘോഷങ്ങള്‍ കാണാന്‍ ഒത്തുകൂടിയത്.

തട്ടിപ്പില്‍ വീഴരുത്,മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

0

ഒമാനിലം ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരില്‍ വ്യേജ വെബ്‌സൈറ്റ് നിര്‍മ്മിച്ചുള്ള തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. തട്ടിപ്പുകള്‍ക്ക് ഇരകളാകരുതെന്നും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.പൊതുജനങ്ങള്‍ക്ക് സംശയം തോന്നാത്ത വിധത്തില്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമിന്റെ രൂപകല്‍പ്പനയും ഉള്ളടക്കവും അതേപടി അനുകരിച്ചുകൊണ്ടാണ് വ്യോജ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.. സമ്മാനങ്ങള്‍ക്ക് അര്‍ഹായിട്ടുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം ജനങ്ങളെ സമീപിക്കും. തുടര്‍ന്ന് അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ടു വിശദാംശങ്ങളും സ്വന്തമാക്കും. ഉപഭോക്താവ് അറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ഇവര്‍ക്ക് കഴിയും. പ്രവാസികളടക്കം നിരവധിയാളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുളള സ്വകാര്യ വിവരങ്ങള്‍ ഒരു കാരണവശാലം കൈമാറരുതെന്ന് റോയല്‍ ഒമാന്‍ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാറില്ലെന്നും പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റിന്റെ ആധികാരികത പരിശോധിക്കണം. സംശയാസ്പദമായ ഏതെങ്കിലും സാഹചര്യം ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം അറിയക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഒമാനില്‍ പ്രവാസികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

0

ഒമാനില്‍ പ്രവാസികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
അനുവദിച്ച ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് ഓര്‍മിപ്പിച്ച് ഒമാന്‍ പൊലീസ്. പ്രവാസി തൊഴിലാളികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും പിഴകളില്‍ നിന്നും സാമ്പത്തിക ബാധ്യതകളില്‍ നിന്നുമുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും അനുവദിച്ച ഗ്രേസ് പിരീഡ് തൊഴിലുടമകളും വ്യക്തികളും ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കി. സമയപരിധിക്ക് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്നും പൊലീസ് അറിയിച്ചു.ഏഴ് വര്‍ഷത്തിലധികം കാലഹരണപ്പെട്ട എല്ലാ ലേബര്‍ കാര്‍ഡ് പിഴകളും റദ്ദാക്കും. 2017ലോ അതിനുമുമ്പോ രേഖപ്പെടുത്തിയ കേസുകളില്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കേണ്ട സാമ്പത്തിക ബാധ്യതകളും ഒഴിവാക്കി നല്‍കും.വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടുന്നതിനും തങ്ങളുടെ പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനും ശരിയായ സാഹചര്യത്തില്‍ ജോലി ചെയ്യാനും മന്ത്രാലയം അനുവദിച്ച അധിക സമയം ഉപയോഗപ്പെടുത്താവുന്നതാണ്.രേഖകള്‍ ശരിപ്പെടുത്തി അടുത്ത രണ്ട് വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും. അതേസമയം, നിരവധി തൊഴിലുടമകളും വ്യക്തികളും ഈ അവസരം ഇതിനോടകം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പുതുവത്സരരാവില്‍ മഴയ്ക്ക് സാധ്യത

0


പുതുവത്സരാഘോഷത്തിലേക്ക് കടക്കുമ്പോള്‍ യുഎഇയുടെ പല ഭാഗങ്ങളിലും ഇടയ്ക്കിടെ മഴ പെയ്യുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ഇത് തണുത്ത താപനില, ശക്തമായ കാറ്റ്, അപകടകരമായ കടല്‍ സാഹചര്യങ്ങള്‍ എന്നിവയിലേക്ക് നയിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മു്ന്നറിയിപ്പ് നല്‍കി.

പുതുവത്സര രാവില്‍ ദ്വീപുകളിലും ചില തീരദേശ, വടക്കന്‍ പ്രദേശങ്ങളിലും നേരിയതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശമായിരിക്കും. രാത്രിയില്‍ ഈര്‍പ്പം വര്‍ദ്ധിക്കുകയും വ്യാഴാഴ്ച രാവിലെയോടെ ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നേരിയതോ കനത്തതോ ആയ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട. വടക്ക്-കിഴക്കന്‍ മേഖലകളിലെ താപനിലയില്‍ ഗണ്യമായ കുറവും കാഴ്ച്ച പരിമിധി കുറയുന്നതും അനുഭവപ്പെടും. അസ്ഥിരമായ സാഹചര്യങ്ങള്‍ക്കൊപ്പം ശക്തമായ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് പൊടിയും മണലും ഉയര്‍ത്തുന്നത് തുടരും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ഉയര്‍ന്നിട്ടുണ്ട്, എന്നാലിത് ചിലപ്പോള്‍ കൂടുതല്‍ ശക്തി പ്രാപിച്ചേക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമൊണ് പ്രവചനം. ഒമാന്‍ കടലില്‍ തിരമാലകള്‍ ആറ് അടി വരെ ഉയരുമെന്നും അറേബ്യന്‍ ഗള്‍ഫില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഏഴ് അടി വരെ ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. കടല്‍ പ്രക്ഷുബ്ധമാകുന്ന സമയങ്ങളില്‍ താമസക്കാരോടും സമുദ്ര ഉപയോക്താക്കളോടും ജാഗ്രത പാലിക്കാനും നീന്തലും ഡൈവിംഗും ഒഴിവാക്കാനും സമുദ്ര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും എന്‍സിഎം അഭ്യര്‍ത്ഥിച്ചു.