തിരുവോണം ബംപർ ഒന്നാം സമ്മാനം ഇത്തവണയും 25 കോടി രൂപ തന്നെ. ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി. അതേസമയം കൂടുതൽ പേർക്ക് സമ്മാനം ലഭിക്കാനായി ഓണം ബംപർ സമ്മാന ഘടനയിൽ മാറ്റം വരുത്താനും ധനവകുപ്പ് തീരുമാനിച്ചു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്കും നൽകും. കഴിഞ്ഞ തവണ മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേർക്കായിരുന്നു. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതമാണ്.125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഇത് കഴിഞ്ഞ തവണത്തേതിനെക്കാൾ കൂടുതലാണ്. ടിക്കറ്റ് വില 500 രൂപ തന്നെയാണ്. 67.5 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ ഓണത്തിന് അച്ചടിച്ചത്.
ഇരട്ട കൊലപാതക കേസിൽ ‘ജോക്കർ ഫെലിക്സ്’ അറസ്റ്റിൽ; കൊലയ്ക്കു ശേഷം വാർത്ത സ്റ്റാറ്റസ് ഇട്ട് പ്രതി
ബംഗളൂരുവിൽ ടെക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളും അറസ്റ്റിൽ. രാവിലെയാണ് ഇവർ പോലീസ് പിടിയിലായത്. മുഖ്യപ്രതിയായ ശബരീഷ് എന്ന ഫെലിക്‌സ് കൃത്യം നടത്തിയതിന് പിന്നാലെ കൊലപാതകം സംബന്ധിച്ച വാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചൊവ്വാഴ്ച വൈകിട്ട് രണ്ടുപേരെ വെട്ടിക്കൊന്നശേഷം നഗരത്തില്‍ കടന്നുകളഞ്ഞ ഇയാള്‍ രാത്രിയോടെയാണ് തന്റെ ചിത്രം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച കൊലപാതകവാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ‘ഈ ലോകത്തെ മനുഷ്യരെല്ലാം മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതുകൊണ്ട് ചീത്ത മനുഷ്യരെ മാത്രമേ വേദനിപ്പിക്കുകയുള്ളൂ. നല്ല മനുഷ്യരെ ഞാന്‍ ഒരിക്കലും വേദനിപ്പിക്കില്ല’, എന്നായിരുന്നു കൊലപാതകം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇയാൾ പോസ്റ്റ് ചെയ്ത മറ്റൊരു സ്റ്റോറി. വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഫെലിക്സ് ഉൾപ്പടെ മൂന്ന് പേർ അടങ്ങിയ സംഘം ഓഫീസിൽ അതിക്രമിച്ചു കയറി കൊലപാതകം നടത്തുകയായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാർട്ട് അപ്പ് തുടങ്ങിയിരുന്നു. മുൻ കമ്പനി തന്റെ സ്റ്റാർട്ട്അപ്പിന് ഭീഷണി ആണെന്ന് ഫെലിക്സ് കരുതി. ഇതിന്റെ പകയും ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പൊലീസ് നിഗമനം.
അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ 6 പേർ കുറ്റക്കാർ; കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി
അധ്യാപകൻ്റെ കൈവെട്ട് കേസിൽ രണ്ട്, മൂന്ന്, അഞ്ച് സ്ഥാനത്തുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർ ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി വിധിച്ചു. അഞ്ച് പ്രതികളെ വെറുതെവിട്ടു. 4, 6, 7, 8 പ്രതികളായ ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി എന്നിവരെയാണ് വെറുതെ വിട്ടത്. ശിക്ഷ നാളെ വിധിക്കും.
പ്രതികൾക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, കാറിന് നാശം വരുത്തിയത്, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർ പ്രതികളെ ഒളിപ്പിച്ചു, തെളിവ് മറച്ചു വെച്ചു എന്നീ കുറ്റങ്ങൾ ചെയ്തു. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല എന്ന് എന്‍ ഐ എ പറഞ്ഞു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണ് കൈവെട്ട് എന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.
2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയത്. ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞു. അതുവരെ പിടിയിലായ 31 പേരാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ വിചാരണ നേരിട്ടത്. 2015 ല്‍ വിധി വന്നശേഷം പിടിയിലായവരാണ് രണ്ടാംഘട്ടത്തില്‍ വിചാരണ നേരിട്ടത്. ആകെ പതിനൊന്ന് പ്രതികള്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് കൈവെട്ടിയ സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് ആദ്യമായി മുന്നേറി അൽകാരസ്
കരിയറിലാദ്യമായി വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസ്. ഇന്നലെ രാത്രി നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ റണ്ണറപ്പായ ഇറ്റാലിയന്‍ താരം മറ്റെയോ ബരേറ്റിനിയെയാണ് അല്‍കാരസ് തോല്‍പിച്ചത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. സ്‌കോര്‍ 3-6, 6-3, 6-3, 6-3.
ക്വാർട്ടർ ഫൈനലിൽ മുൻ ഡബിൾസ് പങ്കാളിയും സുഹൃത്തും ആയ ആറാം സീഡ് ഡാനിഷ് താരം ഹോൾഗർ റൂണാണ് അല്‍കാരസിന്റെ എതിരാളി. 1958-നു ശേഷം വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ഡാനിഷ് താരമെന്ന ബഹുമതിയുമായാണ് റൂണിന്റെ വരവ്.
കേന്ദ്ര സർക്കാരിന് തിരിച്ചടി: ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി
ഇഡി ഡയറക്ടർ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്ന് കോടതി നിർദേശം നൽകി. വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെ എസ്കെ മിശ്രയ്ക്ക് തുടരാം. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായിരുന്നു ഹർജി. മിശ്രയുടെ കാലാവധി ഇനിയും നീട്ടരുതെന്ന 2021ലെ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. സുപ്രീം കോടതി വിധിയുണ്ടായിട്ടും കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിൽ കോടതി വ്യക്തമാക്കി.
2018 ലാണ് ഇഡി ഡയറക്ടറായി എസ്കെ മിശ്രയെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. ശേഷം സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജികളെത്തിയത്.
ജമ്മു കാശ്മീർ പ്രത്യേക പദവി: ഓഗസ്റ്റ് രണ്ടു മുതല്‍ സുപ്രീം കോടതിയില്‍ വാദം
ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതിന് എതിരായ ഹർജികളിൽ ഓഗസ്റ്റ് രണ്ട് മുതൽ അന്തിമ വാദം ആരംഭിക്കാൻ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ തീരുമാനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റേതാണ് തീരുമാനം. ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആകെ 23 ഹർജികൾ ആണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്. കേസിൽ കക്ഷികൾക്ക് ഈ മാസം 27 വരെ രേഖകൾ സമർപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.
പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതി വിശദമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന വിഷയവുമായി ഇതിനു ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കാർ വിപണിയെ ഞെട്ടിച്ച് ഹ്യുണ്ടായിയുടെ കുഞ്ഞൻ എസ്.യു.വി എക്‌സ്റ്റര്‍; വില ആറ് ലക്ഷം മുതൽ
ഏറ്റവും പുതിയ മോഡലായ കുഞ്ഞൻ എസ്‌യുവി എക്സ്റ്റർ പുറത്തിറക്കി ഹുണ്ടായി. മോഡലിന്റെ അഞ്ച് വേരിയന്റുകളാണ് പുറത്തിറക്കിയത്. ട്രിം, പെട്രോള്‍, സിഎൻജി ഇന്ധന ഓപ്ഷനുകളുള്ള എഞ്ചിൻ, മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവ വാഹനത്തിനുണ്ട്.
ഹുണ്ടായ് എക്സ്റ്റർ 1.2 പെട്രോൾ മാനുവലിന് ആറ് ലക്ഷം മുതലാണ് വില. വേരിയന്റ് അനുസരിച്ച് 9.32 ലക്ഷം വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്സിന് ആറ് ലക്ഷവും, എസിന് 7.27 ലക്ഷവും ആണ് അടിസ്ഥാനവില. എസ്എക്സ് എട്ട് ലക്ഷത്തിനും എസ്എക്സ് (ഒ) 8.64 ലക്ഷത്തിനും എസ്എക്സ്(ഒ) കണക്ട് 9.32 ലക്ഷത്തിനുമാണ് വിപണിയിലുള്ളത്.
ആദ്യം സെമി ഹൈസ്പീഡ് റെയിൽ: മാറ്റങ്ങൾ നിർദ്ദേശിച്ച് ഇ ശ്രീധരൻ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
അതിവേഗ ട്രെയിൻ സംബന്ധിച്ച മാറ്റങ്ങൾ നിർദേശിച്ച് മെട്രോമാൻ ഇ ശ്രീധരന്‍റെ റിപ്പോർട്ട്. സിൽവർലൈൻ അതേപടി നടപ്പാക്കാനാകില്ലെന്നും പദ്ധതിയിൽ മാറ്റം വേണമെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വഴിയാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും കെ.വി.തോമസ് ഡല്‍ഹിയില്‍ പറഞ്ഞു
പുതിയ പാതയെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ ബന്ധിപ്പിക്കാന്‍ കഴിയണം. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാകൂ. ആദ്യം സെമി ഹൈസ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കണമെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്റണി രാജു
മുതലപ്പൊഴിയില്‍ ഇന്നലെ മന്ത്രിമാരെ തടഞ്ഞ സംഭവം രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്റണി രാജു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോയ മന്ത്രിമാരെ തടയാന്‍ പുറത്തു നിന്ന് കോണ്‍ഗ്രസുകാര്‍ എത്തി. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവരോടാണ് കയര്‍ത്തതെന്നും മന്ത്രി പറഞ്ഞു.
സംഭവം അറിഞ്ഞ് അദാലത്ത് നിര്‍ത്തിവെച്ചാണ് തങ്ങള്‍ മന്ത്രിമാര്‍ സ്ഥലത്തെത്തിയത്. എത്തുമ്പോള്‍ നൂറിലധികം പേരുണ്ടായിരുന്നു. ഇതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് പ്രതിഷേധ സ്വരത്തില്‍ സംസാരിച്ചത്. അവര്‍ നാട്ടുകാരോ മരിച്ചുപോയവരുടെ ബന്ധുക്കളോ അല്ല. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോളി പത്രോസ്, കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു സ്ത്രീ, യൂത്ത് കോണ്‍ഗ്രസ മണ്ഡലം പ്രസിഡന്റ് കിരണ്‍ ഡേവിഡ് ഉള്‍പ്പെടെ നാല് പേരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. മത്സ്യത്തൊഴിലാളികളും കോണ്‍ഗ്രസുകാരുമായുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്. വള്ളംമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കള്‍ പരാതി ഒന്നും പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.
ഗ്ലാസ് പാളികൾ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
ഏലൂരിൽ ഗ്ളാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. കൊച്ചി ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിലാണ് സംഭവം. അസം സ്വദേശി ധൻകുമാർ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിനിടെ ആയിരുന്നു സംഭവം.
ഏഴ് വലിയ ഗ്ളാസ് പാളികളാണ് ധൻകുമാറിന്റെ ശരീരത്തേക്ക് പതിച്ചത്. അപകടം സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


