പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് എഴ് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു. അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍ ജീവനക്കാര്‍ക്ക് 2021 ഫെബ്രുവരി 10 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്‌കരണവും നിബന്ധനകള്‍ക്ക് അനുസൃതമായി അനുവദിക്കും. കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് ജീവനക്കാരായി മാറിയ കേരള കൈത്തൊഴിലാളി, വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും.
പ്രതിപക്ഷ ഐക്യം അഴിമതിക്കാരുടെ സംഗമം; പ്രതിപക്ഷ നീക്കങ്ങളെ പരിഹസിച്ച് നരേന്ദ്ര മോദി
അഴിമതിയും കുടുംബാധിപത്യവും രാജ്യത്തിന് ദോഷം ചെയ്യുകയെ ഉള്ളു എന്നാണ് പ്രതിപക്ഷ ഐക്യ നീക്കങ്ങളെ പരിഹസിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗംചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് എന്‍ഡിഎ യോഗത്തില്‍ പ്രതിപക്ഷ സഖ്യത്തിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സഖ്യ നീക്കങ്ങളെ എങ്ങനെ ആണ് മോഡി കൈകാര്യം ചെയ്യുക എന്ന് രാജ്യം ഉറ്റു നോക്കുന്നതിനിടെ ആണ് വളരെ രൂക്ഷമായി തന്നെ വിമർശനം ഉയർത്തുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ അപ്രമാദിത്യം തകർക്കാൻ രാഷ്ട്രീയ വൈര്യം മറന്ന് പ്രതിപക്ഷ പാർട്ടികൾ കൈ കോർക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.
സഖ്യം വിജയംകാണില്ലെന്ന് മോദി പറഞ്ഞു.
കുടുംബാധിപത്യ പാർട്ടിയും അഴിമതിക്കാരും ഉൾപ്പെട്ട സഖ്യം രാജ്യത്തെ പരാജയപ്പെടുത്തും.എന്നാൽ NDA രാജ്യത്തിൻറെ സഖ്യത്തിന് വേണ്ടിയാണു പ്രവർത്തിക്കുന്നത്. NDA രൂപീകരിച്ചത് ആർക്കെങ്കിലും എതിരെയോ ആരെയെങ്കിലും അധികാരത്തിൽ നിന്നും താഴെ ഇറക്കാനോ അല്ല, രാജ്യത്ത് സ്ഥിരത കൊണ്ടുവരാൻ ആണ്. ഗാന്ധിയും അംബേദ്കറും ആഗ്രഹിച്ച സാമൂഹിക നീതി നടപ്പാക്കുകയാണ് എന്‍ഡിഎ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനിക്ക് കേരളത്തിലേക്ക് മടങ്ങാം; കൊല്ലത്ത് സ്ഥിരതാമസത്തിന് സുപ്രീം കോടതി അനുമതി
അബ്ദുൽ നാസർ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകി സുപ്രീം കോടതി. കേരളത്തിലേക്ക് പോകാൻ അനുമതി. സ്ഥിര താമസത്തിനു പോകാൻ ആണ് അനുമതി. സ്വന്തം നാടായ കൊല്ലത്ത് മഅ്ദനിക്ക് തങ്ങാം. 15 ദിവസത്തിനൊരിക്കൽ കൊല്ലം പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്നതാണ് വ്യവസ്ഥ.
കൊല്ലം ജില്ലയിലായിരിക്കണം മഅ്ദനി കഴിയേണ്ടത്. എന്നാൽ, ചികിത്സയുടെ ആവശ്യത്തിന് ജില്ല വിട്ട് പുറത്തു പോകാം. ഈ സാഹചര്യത്തിൽ പൊലീസിനെ വിവരം അറിയിക്കണം. . വിചാരണകോടതി ആവശ്യപ്പെട്ടാൽ ബെംഗളൂരുവിൽ എത്തണമെന്നും കോടതി നിർദേശിച്ചു.
മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് ഹർജിയിൽ മഅ്ദനി കോടതിയെ അറിയിച്ചിരുന്നു. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നായിരുന്നു ആവശ്യം.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്കൂട്ടർ യാത്ര; അമ്മയ്ക്ക് 26,000 രൂപ പിഴ
തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി സുഹൃത്തുക്കളെയും കൂടെ ഇരുത്തി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ പിഴ ചുമത്തി വാഹനവകുപ്പ്. കുട്ടി ഓടിച്ച സ്‌കൂട്ടറിന്‍റെ ഉടമസ്ഥാവകാശം അമ്മയ്ക്കാണെന്ന് കണ്ടെത്തിയ കോടതി പ്രതിസ്ഥാനത്ത് നിന്നും അച്ഛനെ ഒഴിവാക്കുകയായിരുന്നു. ഈ വർഷം ജനുവരി 20 ന് തൃശൂർ പൂച്ചട്ടിയിലാണ് കേസിന് ആസ്‌പദമായ സംഭവം.
രണ്ട് സുഹൃത്തുക്കളുമായാണ് കുട്ടി സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ തലയിൽ മാത്രമാണ് ഹെൽമറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയിൽ അമിത വേഗതയിലാണ് സ്കൂട്ടർ ഓടിച്ചത്. 26,൦൦൦ രൂപയാണ് പിഴ ശിക്ഷിച്ചിരിക്കുന്നത്.
അങ്കമാലിയിൽ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു; മുൻ സുഹൃത്ത് കസ്റ്റഡിയിൽ
എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. അമ്മയ്ക്കു കൂട്ടിരിപ്പിനെത്തിയതായിരുന്നു ലിജി. യുവതിയുടെ മുൻ സുഹൃത്തായ മഹേഷാണ് കുത്തിയതെന്ന് പോലീസ് അറിയിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’നിർമാതാവ്; രണ്ടര കോടി വാങ്ങിയ നടൻ പ്രൊമോഷനു പോലും വരുന്നില്ലെന്ന് സുവിൻ
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ പദ്മിനി കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രം സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത് നിര്‍മിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
എന്നാൽ കുഞ്ചോക്കോ ബോബനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടനെതിരെ നിര്‍മാതാക്കള്‍ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ചിത്രത്തിൽ രണ്ടരക്കോടി രൂപ പ്രതിഫലം നൽകിയിട്ടും പ്രമോഷനിൽ പങ്കെടുക്കാതെ കൂട്ടുകാരുമൊത്ത് യൂറോപ്പിൽ പോയി ഉല്ലസിക്കുകയാണെന്നാണ് നിർമാതാവ് സുവിൻ കെ. വർക്കി ആരോപിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി അഭിമുഖങ്ങളിലോ പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളിലോ താരം പങ്കെടുത്തില്ലെന്നും സുവിൻ പറയുന്നു. സിനിമയുടെ റോ ഫൂട്ടേജ് കണ്ട മാർക്കറ്റിങ് കൺസൽറ്റന്റ് ഈ സിനിമയുടെ പ്രമോഷനു വേണ്ടി ചാർട്ട് ചെയ്ത എല്ലാ പ്രമോഷണൽ പ്ലാനുകളും തള്ളിക്കളയുകയായിരുന്നുവെന്നും സിനിമയിലെ നായകന്റെ ഭാര്യയാണ് ഈ മാർക്കറ്റിങ് കൺസൽറ്റന്റിനെ നിയോഗിച്ചിരുന്നതെന്നുമാണ് നിർമാതാവ് പോസ്റ്റിലൂടെ ആരോപിക്കുന്നത്.
സി .പി.ഐ.എം സെമിനാർ: ഇ പി പങ്കെടുക്കാത്തത് സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമെന്ന് എ കെ ബാലൻ
സി .പി.ഐ.എം സംഘടിപ്പിക്കുന്ന ഏകസിവിൽകോഡിന് എതിരായ സെമിനാറുമായി ബന്ധപ്പെട്ട ഉയരുന്ന ആരോപണങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കാനെന്ന് എ കെ ബാലൻ. കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ സെമിനാറിൽ പോകുന്നില്ലല്ലോ; പിന്നെ ഇ പി ജയരാജൻ പങ്കെടുക്കാത്തതിനെ എന്തിനു വിമർശിക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്. പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. ആരാണ് പങ്കെടുക്കേണ്ടത് എന്നത് സംബന്ധിച്ചു നല്ല ധാരണ സിപിഐഎമ്മിന് ഉണ്ട്. പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം. മുൻനിശ്ചയിച്ച പരിപാടിക്കാണ് ഇപി ജയരാജന്‍ തിരുവനന്തപുരത്ത് വന്നത്. മുസ്ലിം ലീഗിനെ കൂടെ കൂട്ടാൻ സിപിഐഎമ്മിന് ഒരു അജണ്ടയുമില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
ശമ്പളം നല്‍കാനാവുന്നില്ലെങ്കില്‍ KSRTC സിഎംഡി പദവി ഒഴിയുമെന്ന് ബിജു പ്രഭാകർ; സാഹചര്യം ജനങ്ങളോട് വിശദീകരിക്കും
ശമ്പള പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ KSRTC സിഎംഡി പദവി ഒഴിയാൻ ബിജു പ്രഭാകർ സന്നദ്ധത അറിയിച്ചു. ഗതാഗത മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് ആവശ്യമുന്നയിച്ചു. ശമ്പള പ്രതിസന്ധിക്ക് കാരണം ധനവകുപ്പെന്ന് ബിജു പ്രഭാകർ ഗതാഗത മന്ത്രിയെ അറിയിച്ചു. അനുവദിച്ച പണം ധനവകുപ്പ് നൽകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജു കുറ്റപ്പെടുത്തിയിരുന്നു.
കെഎസ്ആർടിസി പ്രതിസന്ധിയെ കുറിച്ചും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കും മറുപടി നൽകാൻ ഒരുങ്ങുകയാണ് ബിജു പ്രഭാകർ. കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയുടെ കാരണം അദ്ദേഹം ഇന്ന് വിശദീകരിക്കും. വരവ് ചെലവ് കണക്കുകൾ പുറത്തുവിടുമെന്ന് ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ അവസ്ഥ അഞ്ച് എപ്പിസോഡുകളിലായി വിശദീകരിക്കും. ആദ്യ എപ്പിസോഡ് ഇന്ന് പുറത്തു വരും. ഇന്ന് വൈകുന്നേരം അഞ്ചിന് എഫ് ബി പേജിലൂടെയാണ് പുറത്തു വിടുക.
ജൂൺ മാസത്തെ ശമ്പളം കിട്ടാതെ വന്നതോടെ പ്രതിഷേധം ശക്തമാണ്. ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നിലും തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ജൂൺ മാസത്തെ പകുതി ശമ്പളം വിതരണം ചെയ്തു. എന്നാൽ മുഴുവൻ ശമ്പളം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.
തൃശൂരിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയിൽ; കൊലപ്പെടുത്തിയതെന്ന് സംശയം
തൃശൂർ ള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടിയതായി കണ്ടെത്തി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കളണ്ടത്തിയത്. തോട്ടമുടമ റോയ് ഒളിവിലാണ്
15 വയസ്സിൽ താഴെ പ്രായമുള്ള ആനയുടെ ജഡമാണു കണ്ടെത്തിയത്. 20 ദിവസത്തെ പഴക്കമുണ്ട് ജഡത്തിന്. ആനയുടെ ഒരു കൊമ്പ് നഷ്ടമായിട്ടുണ്ട്. മുറിച്ചെടുത്തതാണെന്നാണ് നിഗമനം.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വന്യജീവികൾ കടക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യതി വേലയിൽനിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് സൂചന. വനംവകുപ്പിനെ അറിയിക്കാതെ ആനയെ കുഴിച്ചു മൂടുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
പ്രളയത്തിൽ മുങ്ങി രാജ്യ തലസ്ഥാനം; കൂടുതൽ മേഖലകളിലേക്ക് വെള്ളം ഒഴുകുന്നു; അതീവ ജാഗ്രതയിൽ ദില്ലി
യമുനാ നദി കരകവിഞ്ഞതിനേത്തുടർന്ന് ദില്ലി നഗരത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് തുടരുന്നത്. രാജ്ഘട്ട് ഉള്‍പ്പടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളത്തിലായി. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഭരണസിരാകേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും വെള്ളം ഒഴുകി എത്തി. സുപ്രീം കോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ് വൻ ദാസ് റോഡിന്റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ആറ് ജില്ലകൾ പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്.
വെള്ളക്കെട്ടിൽ ഒട്ടേറെ വാഹനങ്ങൾ തകരാറിലായി. അപ്രോച്ച് റോഡ് വെള്ളത്തിനടിയിലായതോടെ യമുനാ ബാങ്ക് മെട്രോ സ്‌റ്റേഷൻ അടച്ചു. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ദില്ലിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ദില്ലി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 23,692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.


