ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്തു. ട്വിറ്റര്‍ വെബ്‌സൈറ്റിലെ പക്ഷിയുടെ ചിഹ്നം മാറി X എന്ന പുതിയ ലോഗോ ആണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ മാറ്റി X എന്നാക്കി. വെബ്സൈറ്റ് തുറക്കുമ്പോഴും X എന്ന ലോഗോ കാണാം. കറുപ്പ് നിറത്തിലാണ് ലോഗോ. ട്വിറ്ററിന്റെ ഔദ്യോഗിക പേജായിരുന്ന @twitter പേര് മാറ്റി X എന്നാക്കി. പ്രൊഫൈൽ ചിത്രവും പുതിയ ലോഗോ ആണ് .
ഇന്ത്യൻ 2 ഡിജിറ്റൽ റൈറ്റ്സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്
ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ന്റെ ചിത്രീകരണത്തിലാണ് കമൽ ഹാസൻ. 1996ൽ പുറത്തിറങ്ങിയ ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണിത്. സിനിമയുടെ ഒടിടി അവകാശങ്ങൾ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയതായാണ് റിപ്പോർട്ട്. ഒരു രാജ്യാന്തര ഒടിടി പ്ലാറ്റ്‌ഫോം 200 കോടി മുടക്കി സിനിമ സ്വന്തമാക്കിയെന്നാണ് വിവരം.
ഉലകനായകൻ കമൽ ഹാസനും ശങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനും ഒന്നിച്ച ചിത്രമാന് ഇന്ത്യൻ. ദൃശ്യ മികവ് കൊണ്ടും, ഹിറ്റ് ഗാനങ്ങൾ കൊണ്ടുമെല്ലാം ചിത്രം ശ്രദ്ധനേടി. ദക്ഷിണേന്ത്യയിൽ നിന്നും അമ്പതു കോടി കളക്ഷൻ നേടിയ ആദ്യത്തെ സിനിമ എന്ന റെക്കോർഡും ഇന്ത്യൻ കരസ്ഥമാക്കിയിരുന്നു. മികച്ച നടനുള്ള അവാർഡ് കമൽ ഹാസന് ലഭിച്ച്. മൂന്ന് ദേശീയ അവാർഡുകളും ചിത്രം നേടിയിരുന്നു.
അതേ സമയം കമല്‍ ഹാസന്റെ 233-ാം ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്നാണ് റിപോർട്ടുകൾ.
ലോകേഷ് കനകരാജ് ചിത്രം ‘വിക്രമി’ന്റെ വിജയത്തിന് ശേഷം കമലിന്റെ താരമൂല്യം ഉയർന്നതാണ് ഡിജിറ്റൽ അവകാശങ്ങൾ ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോകാൻ കാരണമെന്നാണ് വിലയിരുത്തൽ. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് വിക്രം നേടിയത് 435 കോടിയിലധികമാണ്.
കോഴിക്കോട് കോട്ടനടപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
ബാലുശ്ശേരി വില്ലേജിലെ കോട്ടനടപുഴയിലെ ആറാളക്കൽ ഭാഗത്ത് ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉണ്ണൂൽമൽക്കണ്ടി അബ്ദുൾ നസീറിന്റെ മകൻ മിഥിലാജിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഐടിഐ വിദ്യാര്‍ത്ഥിയാണ്. 20 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷസഖ്യം
മണിപ്പൂരിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും വംശീയ കലാപത്തിനും എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സഖ്യം ഇന്ത്യ യുടെ നീക്കം. നാലാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ദമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങുകയാണ് പ്രതിപക്ഷസഖ്യം. 26 പാര്‍ട്ടികള്‍ അടങ്ങുന്ന പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’, പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് റിപോർട്ടുകൾ. രാവിലെ നടന്ന സഖ്യത്തിന്റെ യോഗത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസ് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു എന്നാണ് റിപോർട്ടുകൾ.
മണിപൂർ വിഷയത്തിൽ നരേന്ദ്ര മോദി ലോക്‌സഭയില്‍ സംസാരിക്കണമെന്നതാണ് സഖ്യത്തിന്റെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധം മൂലം ലോക്സഭാസ്തംഭനം അവസാനിപ്പിക്കുന്നതിന് കക്ഷി നേതാക്കളുമായി ലോക്സഭ സ്പീക്കർ നടത്തിയ കൂടിക്കാഴ്ച ഫലം കണ്ടില്ല. പ്രധാനമന്ത്രി തന്നെ പ്രസ്താവന നടത്തണമെന്ന നിലപാട് പ്രതിപക്ഷം ആവർത്തിച്ചു. ആഭ്യന്തരമന്ത്രി മറുപടി നൽകുമെന്ന നിലപാട് കേന്ദ്രവും ആവർത്തിച്ചതോടെയാണ് സമവായ ചർച്ച പൊളിഞ്ഞത്. ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം ചര്‍ച്ച മതി എന്ന നിലപാടിലാണ് പ്രതിപക്ഷം.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ന്യൂസിലന്‍ഡ് നിയമമന്ത്രി രാജി വെച്ചു
വാഹനാപകടക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ന്യൂസീലന്‍ഡ് നിയമമന്ത്രി കിരി അലന്‍ രാജിവെച്ചു. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് തലസ്ഥാനമായ വെല്ലിങ്ടണില്‍വെച്ചാണ് കിരി ഓടിച്ച വാഹനം, നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന്റെ പേരിലാണ് മന്ത്രിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സിന്റെ ക്യാബിനറ്റില്‍ നിന്ന് പുറത്തുപോകുന്ന നാലാമത്തെ മന്ത്രിയാണ് കിരി അലന്‍.
പ്രാദേശിക വികസനം, കണ്‍സര്‍വേഷന്‍, എമര്‍ജന്‍സി മാനേജ്‌മെന്റ് എന്നീ വകുപ്പുകളും കിരി അലനാണ് കൈകാര്യം ചെയ്തിരുന്നത്. മുന്‍ പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍ പടിയിറങ്ങിയപ്പോള്‍ അടുത്ത പ്രധാനമന്ത്രിയായി ഉയർന്നുകേട്ട പേരുകളുടെ കൂട്ടത്തില്‍ കിരിയുമുണ്ടായിരുന്നു. ഒക്ടോബറില്‍ രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ഫിലിപ്പീന്‍സ്, കൊളംബിയയ്ക്ക് വിജയം
മെൽബണിൽ നടക്കുന്ന 2023 വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ഫിലിപ്പീന്‍സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഫിലിപ്പീന്‍സിന്റെ വിജയം. മറ്റ് മത്സരങ്ങളിൽ കൊളംബിയ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയപ്പോൾ നോർവെ സ്വിറ്റസർലാൻഡ് മത്സരം സമനിലയിൽ കലാശിച്ചു.
ലോകായുക്ത റെയ്ഡിനെത്തി; കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍
ലോകായുക്ത റെയ്ഡിനെത്തിയതോടെ കൈക്കൂലിയായി വാങ്ങിയ പണം ചവച്ചരച്ച് വിഴുങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലെ കഠ്ണിയില്‍ റവന്യൂ ഉദ്യോഗസ്ഥനായ ഗജേന്ദ്ര സിങ്ങാണ് കൈക്കൂലിയായി ലഭിച്ച 5,000 രൂപ വായിലിട്ട് ചവച്ചരച്ച് വിഴുങ്ങിയത്.
ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ലോകായുക്തയുടെ സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ഇയാളെ ലോകായുക്ത ഉദ്യോഗസ്ഥര്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിൽ പ്രതി സൈഫുള്ളയെ കസ്റ്റഡിയിലെടുത്തു
പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിൽ പ്രതി സൈഫുള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അതിജീവിതയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 27 വയസ്സുകാരിയായ പെൺകുട്ടി സെറിബ്രൽ പാൾസി ബാധിച്ച് കയ്യും കാലുകളും ശോഷിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുള്ള ഭിന്ന ശേഷിക്കാരിയാണ്.
ഐപിസി 376, 92 (b) വകുപ്പുകൾ പ്രകാരമാണ് കേസ്. ഭിന്നശേഷിക്കാരിയായ സ്ത്രീയ്ക്ക് എതിരായ പീഡനം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള വ്യാജ ട്രസ്റ്റിന്റെ മറവിലാണ് തട്ടിപ്പുകള്‍ നടന്നത്. തണലോര ശലഭങ്ങള്‍ എന്ന പേരിലായിരുന്നു വ്യാജ ട്രസ്റ്റിന്റെ പ്രവര്‍ത്തനം. സൈഫുള്ളക്കെതിരെ ഗുരുതര ആരോപണവുമായി ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. നിരവധി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടായെന്നാണ് റിപ്പോർട്ട്.
ഭീഷണിയും ഭയവും കാരണമാണ് പരാതി നൽകാഞ്ഞതെന്ന് ട്രസ്റ്റില്‍ അംഗമായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കിയാണ് ചൂഷണം ചെയ്തത്. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യം ഉണ്ടായെന്നും കൂട്ടായ്മയില്‍ അംഗമായിരുന്ന പെണ്‍കുട്ടി വെളിപ്പെടുത്തി.
ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉയർന്നിട്ടുണ്ട്. വീൽചെയറിന് വേണ്ടി ഭിന്നശേഷിക്കാർ സമാഹരിച്ച പണവും ഭിന്നശേഷിക്കാരുടെ പേരിൽ സമാഹരിച്ച പണവും ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഇയാള്‍ തട്ടിയെടുത്തു എന്നാണ് ആരോപണം. സംഭവത്തിൽ രക്ഷിതാക്കൾ മന്ത്രി ആർ ബിന്ദുവിന് പരാതി നൽകിയിട്ടുണ്ട്.
ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്: പുനരന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു
ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പുനരന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പുനരന്വേഷണം തടഞ്ഞത്. ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ പുറപ്പെടുവിച്ചത്. പുനരന്വേഷണത്തിന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. നോട്ടീസുകൾക്ക് ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്.
മഴ കടുക്കുന്നു: കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്
കേരളത്തിന്റെ വടക്കൻ മധ്യ മേഖലകളിൽ കനത്ത മഴ. തൃശൂർ പനമുക്ക് വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടൻ വീട്ടിൽ ആഷിഖ് ആണ് മരിച്ചത്. വെള്ളം നിറഞ്ഞ പാടത്ത് വഞ്ചിയുമായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പകല്ലാട് മലപ്പുറം ജില്ലകളിൽ ആണ് യെല്ലോ അലേർട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.


