Tuesday, May 26, 2026
Home Blog Page 232

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് 1000 രൂപ ഉത്സവബത്ത പ്രഖ്യാപിച്ച് കേരള സർക്കാർ

0

ഓണം പ്രമാണിച്ച് 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു .

4.6 ലക്ഷം ആളുകളിലേക്കാണ് ഇപ്രകാരം സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായി മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നൽകും. ഓണം അഡ്വാൻസായി 20000 രൂപ ജീവനക്കാർക്ക് അനുവദിക്കാനും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തൃശ്ശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്; രണ്ടുപേരുടെ നില ഗുരുതരം

0

തൃശൂർ കണിമംഗലം പാടത്തേക്ക് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. തൃപ്രയാറിൽ നിന്നും തൃശൂർ ഭാ​ഗത്തേക്ക് വന്ന ക്രെെസ്റ്റ് എന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. 50ഓളം പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

റോഡില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് താഴേക്ക് പതിക്കുകയായിരുന്നു. ബസ് പൂര്‍ണമായും മറിഞ്ഞ നിലയയിലാണ്. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മന്ത്രി കെ.രാജന്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പെട്ടവരിൽ നിരവധി വിദ്യാർത്ഥികളും ഉണ്ട്.

കോൺക്രീറ്റ്‌ പാളി അടർന്നു വീണ് യുവാവിന് ദാരുണാന്ത്യം

0

കോട്ടയം നഗരമധ്യത്തിൽ മുനിസിപ്പാലിറ്റിക്കു മുൻവശത്തുള്ള രാജധാനി ഹോട്ടലിൽനിന്ന് കോൺക്രീറ്റ്‌ സൺഷേഡ്‌ അടർന്നു തലയിൽ വീണ് യുവാവിന് ദാരുണാണാന്ത്യം.കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന മീനാക്ഷി ലോട്ടറീസിലെ ജീവനക്കാരനാണ്‌ മരിച്ചത്‌.

ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ.എബ്രഹാമിന്‍റെ മകൻ ജിനോ കെ.എബ്രഹാം (46) ആണ് മരിച്ചത്‌. വ്യാഴാഴ്‌ച രാത്രി ലോട്ടറിക്കട അടച്ച്‌ പോകാനൊരുങ്ങുമ്പോഴാണ് അപകടം. രാജധാനി ഹോട്ടലിന്‍റെ രണ്ടാംനിലയിലെ ജനലിനോട് ചേർന്ന് നിർമിച്ച കോൺക്രീറ്റ് സൺഷേഡാണ്‌ അടർന്നു വീണത്. റോഡിൽ നിൽക്കുകയായിരുന്ന ജിനോയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

നാട്ടുകാർ ഉടൻതന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബസ്‌ സ്‌റ്റാൻഡ്‌ ഷോപ്പിങ്‌ കോംപ്ലക്‌സിലെ മറ്റ്‌ കെട്ടിടങ്ങൾ ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. ഷീജയാണ് ജിനോയുടെ ഭാര്യ. മക്കൾ: അഡോൺ, അർഷോ.

ശക്തിധരന്റെ കൈതോലപ്പായ ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥയെന്ന് മന്ത്രി പി രാജീവ്

0

കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥയാണെന്നും വസ്തുതയുടെ കണികപോലുമില്ലെന്നും രാജീവ് പറഞ്ഞു. കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ കുറച്ച് മുമ്പാണ് പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും പി.രാജീവുമാണു പണം കൊണ്ടുപോയതെന്നായിരുന്നു ശക്തിധരന്റെ ആരോപണം.

രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്‍ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശക്തിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു കാണിച്ച് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണർക്കു പ്പോർട്ട് കൈമാറിയതിനു പിന്നാലെയാണു വെളിപ്പെടുത്തൽ.

മാത്യു കുഴൽനാടന്‍റെ കുടുംബവീട്ടിൽ റവന്യൂ വകുപ്പ് സർവേ നടത്തും

0

മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേയ്ക്ക് നോട്ടീസ് നൽകിയതെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.

എവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തേ തർക്കവും പ്രതിഷേധവുമുണ്ടായിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടനു നോട്ടിസ് നൽകി. കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചതിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. മാത്യു കുഴൽനാടൻ എംഎൽഎ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചു സിപിഐഎം രംഗത്തെത്തിയതിനു പിന്നാലെയാണ് റീസർവേ.

കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി; കൈക്കുഞ്ഞിന് ദാരുണാന്ത്യം

0

ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം മഹിഴൻ ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ നാമക്കൽ സ‍ർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

മോഡലായ യുവതിയുടെ ഹണിട്രാപ്പ്; ബെംഗളൂരുവില്‍ മാത്രം കുടുങ്ങിയത് 12 പേര്‍

0

ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ പിടിയില്‍. മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) ആണ് പിടിയിലായത്. ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ബെംഗളൂരുവില്‍മാത്രം 12 പേരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.

രണ്ട് ദിവസം മുൻപാണ് സംഘത്തിലെ മൂന്നുപേർ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യവേ ആണ് നേഹയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ടെല​ഗ്രാമിലൂടെ നിരവധിപേരുമായി നേഹ ബന്ധം സ്ഥാപിക്കും. പിന്നീട് ഇവരെ ജെ.പി. നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തും. ബിക്കിനി ധരിച്ചാണ് ഇവരെ സ്വീകരിക്കുക. മുറിയിൽ എത്തിയാൽ ഉടൻ കൂടെ നിർത്തി ഫോട്ടോയെടുക്കും. പിന്നാലെ ഫോൺ തട്ടിയെടുത്ത് കോൺടാക്‌ട് ലിസ്റ്റിൽ നിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പറുകൾ ശേഖരിക്കും. തുടർന്ന് പണം ആവശ്യപ്പെടും. വഴങ്ങിയില്ലെങ്കിൽ നഗ്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തും. ഇതോടെ ചോദിച്ച പണം നൽകി ഇവർ രക്ഷപ്പെടും.

ഇങ്ങനെതട്ടിപ്പിനിരയായ ഒരാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ജെ.പി. നഗറിലെ ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലില്‍ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഈ സമയത്ത് മുംബൈയില്‍ പോയിരിക്കുകയായിരുന്നു നേഹ. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാണ് ബെംഗളൂരു പോലീസ് മുംബൈയിലെത്തി നേഹയെ പിടികൂടിയത്.

യുവേഫ സൂപ്പർകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്; വിജയം പെനൽറ്റി ഷൂട്ടൗട്ടിൽ

0

യുവേഫ സൂപ്പർകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഫൈനലിൽ സെവിയ്യക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സിറ്റിയുടെ ജയം. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില വഴങ്ങിയതിനാൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

കളിയുടെ ആദ്യ പകുതിയിൽ തന്നെ സെവിയ്യ ലീഡ് നേടി. 25 ആം മിനിറ്റിലായിരുന്നു സെവിയ്യയുടെ ഗോൾ. 63 ആം മിനിറ്റിൽ റോഡ്രിയിലൂടെ പാൽമാർ പന്ത് വലയിലാക്കി. ഷൂട്ട് ഔട്ടിൽ ഒരു ഗോൾ പോലും സിറ്റി പാഴാക്കിയില്ല. ഷൂട്ടൗട്ടിൽ 5-4 നാണ് സിറ്റി ജയിച്ചത്. സിറ്റി ഇതാദ്യമായാണ് സൂപ്പർ കപ്പ് നേടുന്നത്.

ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി; 72 കാരന് നഷ്ടമായത് ഒൻപതുലക്ഷം രൂപ

0

മാന്ത്രിക കണ്ണാടി വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് 72 കാരനിൽനിന്നും ഒമ്പതുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ പാര്‍ഥ സിങ്‌റോയ്, മൊലായ സര്‍ക്കാര്‍, സുദീപ്ത സിന്‍ഹ റോയ് എന്നിവരെയാണ് ഒഡീഷയിലെ നയാപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ 72-കാരനില്‍നിന്ന് ഒമ്പതുലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു.

കാൺപൂരിലെ സുഹൃത്ത് വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളുമായി പരാതിക്കാരനായ അവിനാഷ് കുമാർ ശുക്ല ബന്ധപ്പെട്ടത്. പുരാതന വസ്തുക്കൾ വിൽക്കുന്ന സിംഗപ്പൂരിലെ കമ്പനിയുടെ പ്രതിനിധികളാണെന്നാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്. മാന്ത്രിക കണ്ണാടി വാങ്ങാൻ പണവുമായി ഭുവനേശ്വറിലേക്ക് വരണമെന്ന് പ്രതികൾ ശുക്ലയോട് അഭ്യർത്ഥിച്ചു. അങ്ങനെ പണവുമായി ഭുവനേശ്വറിൽ എത്തിയ ഇയാൾ ഒരു ഹോട്ടലിൽ വച്ച് 9 ലക്ഷം രൂപ പ്രതികൾക്ക് കൈമാറി.

അമേരിക്കയിലെ നാസ ശാസ്ത്രജ്ഞരും സമാനമായ കണ്ണാടി ഉപയോഗിക്കുന്നതായി പ്രതികൾ ശുക്ലയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കൂടാതെ കണ്ണാടിയിൽ നോക്കിയാൽ ഭാവി പ്രവചിക്കാൻ കഴിയുമെന്ന മോഹന വാഗ്ദാനവും മാന്ത്രിക കണ്ണാടി സ്വന്തമാക്കാനുള്ള ആഗ്രഹത്തിലേക്ക് ഇയാളെ എത്തിച്ചു.

എന്നാൽ, പിന്നീട് നടന്ന കൂടിക്കാഴ്ചയിൽ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാൾ തട്ടിപ്പുകാരാണെന്ന് മനസ്സിലാക്കുകയായിരുന്നു. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. ഒടുവിൽ നയപള്ളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

ചന്ദ്രയാൻ-3 ദൗത്യത്തിലെ നിർണായക ഘട്ടം പിന്നിട്ടു; ലാൻഡർ മൊഡ്യൂൾ വേർപ്പെട്ടു

0

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ വേർപിരിയൽ വിജയകരം. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രധാന ദൗത്യം പൂർത്തിയാക്കി. വിക്രം ലാന്‍ഡര്‍, പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ലാന്റര്‍ ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കിയുള്ള യാത്ര തുടരും.

പകൽ ഒന്നരയോടെയാണ് ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്ക്‌ നൽകിയ കമാൻഡ്‌ സ്വീകരിച്ച്‌ ലാൻഡറിൽനിന്ന്‌ മൊഡ്യൂൾ വേർപെട്ടത്. അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ആ​ഗസ്ത് 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.

വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നു പേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഡീബൂസ്റ്റിങ്ങിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തും. വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ മാസങ്ങളോ വര്‍ഷങ്ങളോ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരും.