വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ആയി നിയമിച്ച് വെനസ്വേല സുപ്രീം കോടതി. പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ലോറസിനേയും ബന്ദികളാക്കി ന്യൂയോര്‍ക്കിലെത്തിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. അതിനിടെ അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.
വെനസ്വേലയില്‍ യുഎസ് നടത്തിയ ആക്രമണത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ലോറസിനേയും ബന്ദികളാക്കി അമേരിക്ക ന്യൂയോര്‍ക്കിലെത്തിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. വെനിസ്വേലന്‍ ഭരണഘടനപ്രകാരം പ്രസിഡന്റിന്റെ അഭാവത്തില്‍ എക്‌സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്നാണ് വ്യവസ്ഥ. ആര്‍ട്ടിക്കിള്‍ 233, 234 പ്രകാരമുള്ള ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരമാണ് അധികാരക്കൈമാറ്റം. മഡുറോയെ യുഎസ് ബന്ദിയാക്കി കൊണ്ടു പോയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ റോഡ്രിഗസ് വെനിസ്വേലയുടെ ദേശീയ പ്രതിരോധ കൗണ്‍സിലിന്റെ യോഗത്തില്‍ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഡുറോയേയും ഭാര്യയേയും ഉടന്‍ മോചിപ്പിക്കണമെന്നും യുഎസ് നടപടി വെനിസ്വേലയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും യോഗം വിശേഷിപ്പിച്ചു. അതേസമയം, മഡുറോ പിടിക്കപ്പെട്ടതിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുമായി റോഡ്രിഗസ് സംസാരിച്ചുവെന്നും വാഷിങ്ടണുമായി സഹകരിക്കാന്‍ തയ്യാറെന്ന് അവര്‍ തുറന്നു സമ്മതിച്ചെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ മഡുറോയെ ബന്ദിയാക്കിയയതിന് പിന്നാലെ റോഡ്രിഗസ് നടത്തിയ പ്രസ്താവനകളില്‍ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട സൂചനകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രവുമല്ല, വെനിസേലയ്‌ക്കെതിരായ ആക്രമണത്തിന് പിന്നില്‍ സയണിസ്റ്റുകളാണെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. നിയമനിര്‍മ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ രണ്ടു പതിറ്റാണ്ടിലേറെയായി ഡെല്‍സി റോഡ്രിഗസ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 2018-ലാണ് ഡെല്‍സി റോഡ്രിഗസിനെ വെനസ്വേലയിലെ വൈസ് പ്രസിഡന്റ് ആയി നിയമിച്ചത്. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം തന്നെ ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ്. ഇത് രാജ്യത്തെ പ്രധാനവ്യക്തികളില്‍ ഒരാളാക്കി മാറ്റി. സര്‍ക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിച്ചിരുന്ന വ്യക്തികൂടിയായ റോഡ്രിഗസിനെ ‘കടുവ’ എന്നായിരുന്നു മഡുറോ വിശേഷിപ്പിച്ചിരുന്നത്.
ഡെല്‍സി റോഡ്രിഗസ് : വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ്
പവര്‍ ബാങ്ക് : വിമാനയാത്രക്കിടെ ഉപയോഗിക്കുന്നതിന് വിലക്ക്
വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിറക്കി. വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികള്‍ക്ക് തീ പിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിര്‍ണായക തീരുമാനം.
പുതിയ ഉത്തരവ് പ്രകാരം പവര്‍ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ. വിമാനങ്ങള്‍ക്കുള്ളിലെ ഇന്‍-സീറ്റ് പവര്‍ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് ഇനി അനുവാദമുണ്ടാകില്ല. ഇവ വിമാനത്തിലെ ഓവര്‍ഹെഡ് ബിന്നുകളിലോ ചെക്ക്-ഇന്‍ ബാഗുകളിലോ വെക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഓവര്‍ഹെഡ് ബിന്നുകളില്‍ വെക്കുന്ന ബാഗുകളില്‍ തീപിടുത്തമുണ്ടായാല്‍ അത് പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാന്‍ വൈകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം എന്ന് ഡിജിസിഎ മുന്നറിയിപ്പ് നല്‍കുന്നു.ലിഥിയം ബാറ്ററികള്‍ക്ക് തീപിടിച്ചാല്‍ അത് അണയ്ക്കുക പ്രയാസകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കുന്നു. പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ബാഗുകളില്‍ അനുവദിക്കാത്തതിനാല്‍, വിമാനത്തിലെ ഓവര്‍ഹെഡ് ബിന്നുകള്‍ നിറയുമ്പോള്‍ ഹാന്‍ഡ് ബാഗുകള്‍ കാര്‍ഗോ ഹോള്‍ഡിലേക്ക് മാറ്റുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് പൈലറ്റുമാരും വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാര്‍ഗോ ഹോള്‍ഡില്‍ തീപിടുത്തമുണ്ടായാല്‍ അത് തിരിച്ചറിയാന്‍ വൈകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.യാത്രയ്ക്കിടെ ഏതെങ്കിലും ഉപകരണത്തിന് അമിതമായ ചൂടോ പുകയോ അല്ലെങ്കില്‍ അസാധാരണമായ മണമോ അനുഭവപ്പെട്ടാല്‍ യാത്രക്കാര്‍ ഉടന്‍ തന്നെ ക്യാബിന്‍ ക്രൂവിനെ അറിയിക്കേണ്ടതാണെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട എല്ലാ അപകടങ്ങളും വിമാനക്കമ്പനികള്‍ ഉടന്‍ തന്നെ ഡിജിസിഎയെ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ പുതിയ നിയമങ്ങളെക്കുറിച്ച് അനൗണ്‍സ്‌മെന്റുകള്‍ നടത്താന്‍ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗള്‍ഫ് റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് പ്രവാസികളെ വെട്ടിലാക്കി വിമാനകമ്പനികള്‍
വിമാനക്കമ്പനികളുടെ ചൂഷണം തുടരുകയാണ്. ഗള്‍ഫ് റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് പ്രവാസികളെ വെട്ടിലാക്കിയിരിക്കുകയാണ് വിമാനകമ്പനികള്‍. കേരളം ഉള്‍പ്പെടെയുളള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കിലാണ് വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
ക്രിസ്മസ്പുതുവത്സര അവധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. വിമാന ടിക്കറ്റ് നിരക്ക് തന്നെയാണ് വില്ലന്‍. സാധാരണ ടിക്കറ്റ് നിരക്കിന്റെ മൂന്ന് ഇരട്ടിവരെയാണ് വിവിധ വിമാനകമ്പനികള്‍ ഈടാക്കുന്നത്. കോഴിക്കോട് നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാന്‍ ഒരു ടിക്കറ്റിന് ഏകദേശം 45,000 രൂപ വരെ നല്‍കേണ്ടുന്ന സാഹചര്യമാണ് നിലവിലുളളത്. എന്നാല്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടുള്ള ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണ്. സാധാരണയായി 8,000 മുതല്‍ 14,000 രൂപക്ക് വരെ ടിക്കറ്റ് ലഭ്യമാക്കിയിരുന്ന സാഹചര്യത്തിലാണ് ഈ അസാധാരണ വര്‍ധന. കോഴിക്കോട്-അബുദാബി റൂട്ടില്‍ 41,000 രൂപയാണ് ടിക്കറ്റ് നിരക്ക്.. അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ 15,000 രൂപ മാത്രമുള്ളപ്പോഴാണ് ഇത്തരത്തില്‍ തുക കുത്തനെ ഉയര്‍ത്തിയത്. കോഴിക്കോട്-ഷാര്‍ജ റൂട്ടില്‍ 46,000 രൂപ വരെ ഈടാക്കുമ്പോള്‍, ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടെത്താന്‍ പരമാവധി 18,000 രൂപ നല്‍കിയാല്‍ മതിയാകും. ഖത്തറിലേക്കുളള യാത്രക്കും സമാനമായ സാഹചര്യമാണ് നിലവിലുളളത്.. കോഴിക്കോട്-ദോഹ റൂട്ടില്‍ 35,000 രൂപയും, ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള യാത്രയ്ക്ക് 62,000 രൂപ വരെ ഈടാക്കുമ്പോള്‍ ജിദ്ദയില്‍ നിന്ന് തിരിച്ചെത്താന്‍ ഇതിന്റെ പകുതി തുക മതിയാകും. റിയാദ്, ദമാം റൂട്ടുകളിലും നാട്ടില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യം മുതലെടുത്താനാണ് വിമാന കമ്പനികളുടെ അമിത നിരക്ക് വര്‍ദ്ധന.. അവധി ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലെത്തിയ നിവവധി പ്രവാസികളെയാണ് വിമാനക്കമ്പനികളുടെ ഈ നീക്കം പ്രതിസന്ധിയിലായിരിക്കുന്നത്.
ജബല്‍ ഹഫീത് – ബാര്‍ബിക്യു നിരോധിച്ച് ഉത്തരവ്
അല്‍ ഐനിലെ ജബല്‍ ഹഫീത്തിലെ ചില പ്രദേശങ്ങളില്‍ ബാര്‍ബിക്യു നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന പിഴയീടാക്കുമെന്ന് അധികൃതര്‍ സ്ഥാപിച്ച സൈന്‍ ബോര്‍ഡുകളില്‍ പറയുന്നു.
തണപ്പുകാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന പ്രദേശമാണ് ജബല്‍ ഹഫീത്. ഇവിടത്തെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ ബാര്‍ബിക്യുകള്‍ ചെയ്യുന്നത് വ്യാപകമായതോടെയാണ് മുന്‍സിപാലിറ്റി അധികൃതര്‍ ഇത് നിരോധിച്ചത്. നിയമം ലംഘിച്ചാല്‍ അബുദാബി എമിറേറ്റിലെ പൊതുരൂപം ആരോഗ്യം, ശാന്തത എന്നിവയുടെ സംരക്ഷണം സംബന്ധിച്ച 2012 ലെ നിയമപ്രകാരം കേസെടുക്കും. ആയിരം ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക. 2025 ല്‍ അല്‍ അല്‍ ഐനെ 2026 ലെ ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുത്തിരുന്നു. അറബ് മിനിസീറ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ ടൂറിസത്തിന്റെ ശുപാര്‍ശ പ്രകാരമാണ് അല്‍ ഐനെ തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായാണ് പ്രദേശം വൃത്തിഹീനമാകാതെ സൂക്ഷിക്കുന്നത് ലക്ഷ്യമിട്ട് പാര്‍ക്കിങ് ലോട്ടുകളില്‍ ബാര്‍ബിക്യു ചെയ്യുന്നത് നിരോധിച്ചത്.
യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്
യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് പടരുന്നു.ദുബായ്, അബുദാബി ഉള്‍പ്പെടെയുള്ള വിവിധ തീരദേശ ഉള്‍നാടന്‍ മേഖലകളില്‍ കാഴ്ചപരിധി കുറഞ്ഞതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഇന്ന് പുലര്‍ച്ചെ മുതല്‍ 10 മണി വരെ നീണ്ടു നിന്ന കനത്ത മൂടല്‍ മഞ്ഞില്‍ പലയിടങ്ങളിലും ഗതാഗത പ്രതിസന്ധി ഉണ്ടായി.മൂടല്‍മഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ അബുദാബി പൊലീസ് പ്രധാന പാതകളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തി. മക്തൂം ബിന്‍ റാഷിദ് റോഡില്‍ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചു. ദൂരക്കാഴ്ച കുറയുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാനായി നിശ്ചയിച്ചിട്ടുള്ള സ്മാര്‍ട്ട് ട്രാഫിക് സംവിധാനത്തിന്റെ ഭാഗമായാണ് നടപടി. മുന്‍പിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ദുബായിലെയും അബുദാബിയിലെയും ഷാര്‍ജയിലെയും പൂണമായും മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു. തെരുവുവിളക്കുകള്‍ മഞ്ഞിലൂടെ മങ്ങി കാണപ്പെടുന്ന അവസ്ഥയായിരുന്നു രാവിലെ. ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇന്ന് അബുദാബിയില്‍ 15 മുതല്‍ 24 ഡിഗ്രി വരെയും ദുബായില്‍ 13 മുതല്‍ 24 ഡിഗ്രി വരെയുമായിരിക്കും താപനിലയെന്നും അധികൃതര്‍ വ്യക്തമാക്കി.
ചെറിയ അശ്രദ്ധ വലിയ അപകടത്തിന് കാരണമാകും…ഡ്രൈവിങ്ങില്‍ ജാഗ്രത പാലിക്കമമെന്ന് അബുദബി പൊലീസ്
കവലകളിലും ട്രാഫിക് സിഗ്‌നലുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡ്രൈവര്‍മാരോട് ആഹ്വാനം ചെയ്ത് അബുദബി പൊലീസ്. ഗുരുതരമായ അപകടങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത് ചെറിയ അശ്രദ്ധയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. അപകടങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് അബുദബി പൊലീസിന്റെ മുന്നറിയിപ്പ്.പൊതുജന അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മോണിറ്ററിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി ഏകോപിപ്പിച്ച് ഈ അപകട തൃശ്യങ്ങള്‍ പൊലീസ് പുറത്തിറക്കിയിരിക്കുന്നത്. ഡ്രൈവിംഗിലെ ശ്രദ്ധക്കുറവും പെട്ടന്നുള്ള തിരിയലുകളുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതോ ശ്രദ്ധ തിരിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതോ പോലുള്ള ഒന്നിലധികം ജോലികള്‍ വാഹനമോടിക്കുന്നത് പൊതു സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് തലസ്ഥാന പോലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കാല്‍നടയാത്രക്കാരുടെ നീക്കങ്ങള്‍, റോഡിലെ സൂചനകള്‍ എന്നിവയുള്‍പ്പെടെ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കാനും ട്രാഫിക് പട്രോള്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2020 ലെ നിയമം നമ്പര്‍ (5) പ്രകാരമുള്ള കര്‍ശനമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അബുദാബി പോലീസ് പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഡ്രൈവറുടെ ഫയലില്‍ 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ചേര്‍ക്കുക, 30 ദിവസം വാഹനം കണ്ടുകെട്ടുക,. പിടിച്ചെടുത്ത വാഹനം തിരിച്ചുപിടിക്കാന്‍ 50,000 ദിര്‍ഹം വിടുതല്‍ ഫീസ് ഏര്‍പ്പെടുത്തുക, പിന്‍വലിച്ച തീയതി മുതല്‍ ആറ് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍്‌റ് ചെയ്യുക, മൂന്ന് മാസത്തിനുള്ളില്‍ 50,000 ദിര്‍ഹം റിലീസ് ഫീസ് അടച്ചില്ലെങ്കില്‍, വാഹനം പൊതു ലേലത്തില്‍ വില്‍പ്പനയ്ക്ക് വയ്ക്കുക എന്നീ ശിക്ഷകളാണ് കുറ്റക്കാര്‍ക്ക് നേരിടേണ്ടിവരിക. റോഡ് സുരക്ഷ ഒരു പൊതു ഉത്തരവാദിത്തമാണെന്നും തലസ്ഥാനത്തെ റോഡ് ശൃംഖലയിലുടനീളം ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഈ കാമ്പെയ്ന്‍ ഓര്‍മ്മപ്പെടുത്തുന്നു.
ആഡംബര കാറില്‍ അഭ്യാസം,നടപടി എടുത്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
ആഡംബര കാറുകളില്‍ അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെയുംെൈ ഡ്രവര്‍മാരെയും അറസ്റ്റ് ചെയ്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഡ്രൈവര്‍മാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.കുവൈറ്റിലെ ജലീബ് അല്‍ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിലെ റോഡിലായിരുന്നു അഭ്യാസ പ്രകടനം. സ്വകാര്യ സ്‌കൂളിലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രവാസി വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്. വാടകക്ക് എടുത്ത കാറിലായിരുന്നു ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയുളള അഭ്യാസ പ്രകടനം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സുരക്ഷാ സേന നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍മാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനം വാടകക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവര്‍. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയമാണ് ആഭ്യന്തര മന്ത്രാലയം പിന്തുടരുന്നത്. നിയമം ലംഘിക്കുന്ന പ്രവാസികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ നടപടിയിലൂടെ ആഭ്യന്തരമന്ത്രാലയം നല്‍കുന്നത്.
സൗദി അപകടം : തെരുവുവേലികളില്‍ കൃത്രിമം കാണിക്കുന്നത് കാരണമാകുന്നു
കഴിഞ്ഞ വര്‍ഷം സൗദിയിലുണ്ടായ മിക്ക അപകടങ്ങള്‍ക്കും കാരണം റോഡ് സൈഡുകളിലെ തെരുവുവേലികളില്‍ കൃത്രിമം കാണിച്ചതിനാലാണ് എന്ന് സൗദി പൊലീസ്. 426 അപകടങ്ങളാണ് ഇങ്ങനെയുണ്ടായത് എന്നും ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്സ് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ദരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2025ല്‍ സൗദിയിലെ റോഡുകളില്‍ 426 അപകടങ്ങള്‍ക്കും അഞ്ച് മരണങ്ങള്‍ക്കും 26 പേര്‍ക്ക് പരിക്കേറ്റതിനും കാരണം റോഡ് സൈഡുകളില്‍ സ്ഥാപിച്ച തെരുവ് വേലികളില്‍ ആളുകള്‍ കൃത്രിമം കാണിക്കുന്നതിന്റെ ഫലമായാണെന്നാണ് ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്സ് വ്യക്തമാക്കുന്നത്. മൃഗങ്ങളുടെ ചലനം നിയന്ത്രിക്കാനായി സ്ഥാപിച്ചിരിക്കുന്ന വേലികള്‍ മുറിച്ചുമാറ്റുന്നതാണ് അപകടത്തിന് വഴിവെച്ചത്. മൃഗങ്ങളുടെ ചലനം നിയന്ത്രിക്കുന്നതിന് ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് വേലികളും ക്രോസിങ്ങുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ റോഡ് ശൃംഖലയില്‍ ഒട്ടകങ്ങള്‍ മുറിച്ചുകടക്കുന്നതിനുള്ള 51 സ്ഥലങ്ങളും 3,056 കിലോമീറ്റര്‍ വേലികെട്ടിയ റോഡുകളുമുണ്ട്. മനഃപൂര്‍വ്വം വേലികള്‍ മുറിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും 50,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.കൂടാതെ, കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ചെലവുകള്‍ കുറ്റവാളികള്‍ വഹിക്കേണ്ടിവരും.
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഓഫര്‍ : കുറഞ്ഞ നിരക്കില്‍ അധിക ലഗേജ് കൊണ്ടുപോകാം
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം. കുറഞ്ഞ നിരക്കില്‍ പത്ത് കിലോ വരെ ലഗേജ് അധികം കൊണ്ടുപോകാമെന്നാണ് പുതിയ പ്രഖ്യാപനം.
നിലവിലുള്ള 30 കിലോ ബാഗേജ് പരിധിക്ക് പുറമെ,കുറഞ്ഞ നിരക്കില്‍ അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ രണ്ട് ലോട്ടുകളായി അധിക ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് വിമാനക്കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതോടെ പ്രവാസികള്‍ക്ക് ആകെ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും.ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. യുഎഇയില്‍ 5 കിലോ അധികമായി കൊണ്ടുപോകുന്നതിന് 10 ദിര്‍ഹവും, 10 കിലോയ്ക്ക് 20 ദിര്‍ഹവും നല്‍കിയാല്‍ മതി. ബഹ്‌റൈനിലും കുവൈത്തിലും അധികമായി കൊണ്ടുപോകുന്ന ഒരോ കിലോയ്ക്കും 0.2 ദിനാര്‍ വീതം ചാര്‍ജ് നല്‍കിയാല്‍ മതി. ഒമാനില്‍ ഒരു കിലോയ്ക്ക് 0.2 റിയാലും ഖത്തറിലും സൗദി അറേബ്യയിലും 2 റിയാല്‍ നിരക്കിലും അധിക ബാഗേജ് കൊണ്ടുപോകാം.ഈ പ്രത്യേക ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി 31-നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതുണ്ട്.ജനുവരി 16 മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിങ് ചാനലുകള്‍ എന്നിവ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്ളെക്സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും പിടികൂടിയെന്ന് അമേരിക്ക
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും പിടികൂടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇരുവരേയും നാടുകടത്തിയതായും ട്രംപ് അറിയിച്ചു. തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ വലിയ ആക്രമണത്തിനൊടുവിലാണ് മഡൂറോയെ അമേരിക്ക പിടികൂടിയത്. അതേസമയം അമേരിക്കയുടെ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുതുടങ്ങി.
വെന്വസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ലോറസിനേയും പിടികൂടിയതായും ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് സ്ഥിരീകരിച്ചത്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് വന്‍തോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡുറോയെ പിടികൂടി വെനസ്വേലയില്‍ നിന്ന് നാടുകടത്തിയതായാണ് ട്രംപ് വെളിപ്പെടുത്തിയത്.’യുണൈറ്റഡ് സ്റ്റേറ്റ്സ് വെനസ്വേലയ്‌ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെയും വന്‍തോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവര്‍ത്തനം യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് നടത്തിയത്. വിശദാംശങ്ങള്‍ ഉടന്‍ ലഭിക്കും.രാവിലെ 11 മണിക്ക് മാരാലാഗോയില്‍ ഒരു വാര്‍ത്താ സമ്മേളനം നടക്കും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.വെനസ്വലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ യുഎസ് സ്ഫോടനങ്ങള്‍ നടത്തിയതായി നേരത്തെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. യുഎസ് ആക്രമണം വെനസ്വേലയിലുടനീളം നഗരപ്രദേശങ്ങളെ ബാധിച്ചതായി പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പാരിനോ ലോപ്പസ് പറഞ്ഞു. അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും, കാരക്കാസിലെ ഫോര്‍ട്ട് ട്യൂണ സൈനിക താവളം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിവിധ രാജ്യങ്ങളും സംഘടനകളും കുറ്റപ്പെടുത്തി. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ട്രംപ് ഭരണകൂടം നടത്തിയത്.


