Thursday, August 6, 2026
Home Blog Page 22

തൊണ്ടിമുതല്‍ തിരിമറി : ആന്റണി രാജുവിനെതിരെ ബാര്‍ കൗണ്‍സില്‍

0


തൊണ്ടിമുതല്‍ തിരിമറിയില്‍ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. വിഷയം ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആന്റണി രാജുവിന് നോട്ടീസ് നല്‍കും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആന്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. അതേസമയം അയോഗ്യത വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്തേക്കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം.

മേയറാക്കാതെ പറ്റിച്ചു : അതൃപ്തി പരസ്യമാക്കി ശ്രീലേഖ

0


തിരുവനന്തപുരം കോര്‍പേറേഷനില്‍ ബിജെപിക്കകത്ത് പൊട്ടിത്തെറി. മേയര്‍ സ്ഥാനം നിഷേധിക്കപ്പെട്ട ആര്‍ ശ്രീലേഖ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. തന്നെ മേയറാക്കാമെന്ന് ഉറപ്പ് നല്‍കിയാണ് മത്സരിപ്പിച്ചതെന്നും എന്നാല്‍ ഒടുവില്‍ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും ശ്രീലേഖ പറഞ്ഞു.

ശാസ്തമംഗലത്ത് തന്നെ മത്സരിക്കാന്‍ ഇറങ്ങിയത് വെറും കൗണ്‍സിലറാകാന്‍ വേണ്ടിമാത്രമായിരുന്നില്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറ്ത്തായിരുന്നുവെന്നുമാണ് ശ്രീലേഖ പറയുന്നത്.
മത്സരിക്കാന്‍ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താന്‍. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നല്‍കി. താനാണ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖമെന്ന രീതിയില്‍ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും.
എന്നാല്‍, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി. രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് തന്റെ കണക്കുകൂട്ടല്‍. നേതൃത്വത്തിന്റെ തീരുമാനത്തോട് തര്‍ക്കമില്ല. അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാന്‍ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ ശ്രീലേഖ അതൃപ്തി തുറന്നുപറഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മേയര്‍ സ്ഥാനം സംബന്ധിച്ചുള്ള അതൃപ്തിയും ചര്‍ച്ചയാകുന്നത്. വിവി രാജേഷിന്റെയും ആര്‍ ശ്രീലേഖയുടെയും പേരുകളായിരുന്നു മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ ഉയര്‍ന്നുകേട്ടിരുന്നത്. അവസാന നിമിഷം വരെ മേയര്‍ ആരാകുമെന്നതില്‍ ബിജെപി സസ്‌പെന്‍സും തുടര്‍ന്നിരുന്നു. തുടര്‍ന്ന് മേയര്‍ സ്ഥാനാര്‍ത്ഥിയുടെ മത്സരത്തിന് മുമ്പായിട്ടാണ് ബിജെപി വിവി രാജേഷിനെ മേയറായും ആശാനാഥിനെ ഡെപ്യൂട്ടി മേയറായും പ്രഖ്യാപിച്ചത്. മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ആര്‍ ശ്രീലേഖ നേരത്തെ മടങ്ങിപോയതും നേരത്തെ വാര്‍ത്തയായിരുന്നു.

സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്

0


അമേരിക്ക വെനിസ്വേലയെ ആക്രമിച്ചതിന് പിന്നാലെ സ്വര്‍ണത്തിന്റെ വില യുഎഇ യില്‍ കുത്തനെ ഉയര്‍ന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ജനം സ്വര്‍ണം വാങ്ങാന്‍ ആരംഭിച്ചതാണ് വിലയ ഉയരാന്‍ കാരണമായത്.

അമേരിക്ക – വെനിസ്വേലയെ ആക്രമിച്ചതിന് ശേഷമുള്ള ആദ്യ വിപണിദിവസം തന്നെ സ്വര്‍ണത്തിന് വന്‍ വിലകയറ്റമാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച്ച വിപണി തുറന്നപ്പോഴെ സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തുകയായിരുന്നു. അമേരിക്ക വെനിസ്വേലയില്‍ നടത്തിയ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ തന്നെ സൃഷ്ടിച്ച ആശങ്കയുടെ ഫലമായാണ് വില ഉയര്‍ന്നത്. 24 ക്യാരററ് സ്വര്‍ണം ഗ്രാമിന് രാവിലെ 530.5 ദിര്‍ഹം എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 491.25 ദിര്‍ഹത്തിനാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്രി വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4408.65 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 1.76 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഒറ്റദിനം കൊണ്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വര്‍ണവിപണിയെ പ്രതികൂലമായി ബാധിച്ിരുന്നു. ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം, റഷ്യ യുക്രൈന്‍ യുദ്ധം എന്നിവയെ തുടര്‍ന്ന് സ്വര്‍ണത്തിന്റെ വില കുത്തനെ ഉയര്‍ന്നിരുന്നു. അതിനിടെ വെനിസ്വേലയിലെ ആക്രമണം കൂടിയായപ്പോള്‍ വില വീണ്ടും ഉയര്‍ന്നു. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും സ്വര്‍ണവിലയെ ഉയര്‍ത്തിയ ഘടകമാണ്. സ്വര്‍ണവില ഉയര്‍ന്നതോടെ സ്വര്‍ണകട്ടികളായിയും നാണയങ്ങളായും വാങ്ങുന്നവരുടെ എണ്ണവും കൂടി. പണിക്കൂലി ഇനത്തിലെ ലാഭവും ലോങ് ടേം നിക്ഷേപം എന്നനിലയിലും ഇതാണ് ലാഭകരമെന്നതിനാലാണ് വാങ്ങല്‍ ശീലത്തിലെ മാറ്റത്തിന് പിന്നില്‍.

ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

0


ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് അഞ്ച് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്‌മാന്‍, മീര ഹൈദര്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍.വി.അഞ്ജരിയയുമുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകള്‍ നല്‍കിയിരുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി പ്രതികള്‍ കസ്റ്റഡിയിലാണ്. 2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

ഭരണത്തിൽ രണ്ട് പതിറ്റാണ്ട് ; ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

0

യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണ നേതൃത്വത്തില്‍ എത്തിയിട്ട് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയായി. ലോകത്തിന് മുന്നില്‍ യുഎഇ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ഈ ഭരണാധികാരിയുടെ ദീര്‍ഘ വീക്ഷണവും ഭരണ നൈപുണ്യവും തന്നെയാണ് അതിന് കരുത്താകുന്നത്. ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇനിയും ഉരങ്ങളിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായി എന്ന മഹാനഗരവും..

2006 ജനുവരി നാലിനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. ദീര്‍ഘവീക്ഷണമുള്ള കര്‍മ്മ പദ്ദതികളാണ് ഒരു ഭരണാധികാരിയുടെ കരുത്തെന്ന് തെളിയിച്ച രണ്ട് പതിറ്റാണ്ടിനാണ് ലോകം പിന്നീട് സാക്ഷിയായത്. ലോകത്തിന് മുന്നില്‍ അതിജീവനത്തിന്റെയും പുരോഗതിയുടെയും മഹാ മാതൃകയായി ദുബൈ വളര്‍ന്നു. ദീര്‍ഘവീക്ഷണമുള്ള ഭരാധിപനായും പ്രതിസന്ധികളില്‍ പതറാത്ത കപ്പിത്താനായും നന്‍മയുടെ പ്രചാരകനായും അദ്ദേഹം രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുകയാണ്. ആഘോഷങ്ങള്‍ക്കപ്പുറം ഓരോ വര്‍ഷവും ഈ ദിനത്തെ ജനക്ഷേമത്തിനായുള്ള പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്ന രീതിയാണ് ഷെയ്ഖ് മുഹമ്മദ് പിന്‍തുടരുന്നത്. എല്ലാ വാര്‍ഷികങ്ങളും ജനങ്ങളോടുള്ള പ്രതിജ്ഞ പുതുക്കാനും നാടിനോടുള്ള കടപ്പാട് ഉറക്കെ പ്രഖ്യാപിക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ ദുബൈയുടെ അതിവേഗമുളള വളര്‍ച്ച തന്നെയാണ് അദ്ദേഹത്തിന്റെ ഭരണ മികവിന്റ ഏറ്റവും മികച്ച ഉദാഹരണം. ആഗോള സാമ്പത്തിക, വിനോദസഞ്ചാര തലസ്ഥാനമായി വളരുന്ന ദുബൈയി ഇന്ന് ലോകത്തിന് അഭിമാന മാതൃകയാണ്. പുതിയ കാലത്തിന്റെ സാധ്യതകള്‍ അതിവേഗം സ്വാംശീകരിച്ച്, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെല്ലാം ഏറ്റവും നൂതനമായ സംവിധാനങ്ങളും സംരംഭങ്ങളും ഏര്‍പ്പെടുത്തി. ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും മികച്ച സ്ഥലമായി ദുബായ് മാറിയതും ഈ ഭരണാധിപന്റെ ഇച്ഛാശക്തിയുടെ തെളിവ് . യു.എ.ഇ സ്ഥാപിതമായതുമുതല്‍ വ്യത്യസ്ത ചുമതലകളും ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിച്ചു. രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് വ്യക്തം. യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭങ്ങളും മൂലം വിവിധ രാജ്യങ്ങള്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ യു.എ.ഇയില്‍ നിന്ന് എണ്ണമറ്റ സഹായങ്ങള്‍ അവിടേക്ക് ഒഴുകി. അങ്ങനെ അദ്ദേഹം സ്‌നേഹത്തിന്റെ പ്രവാചകനായി. ഭരണാധികാരിയുടെ പകിട്ട് ഒട്ടുമില്ലാതെ തീര്‍ത്തും സാധാരണക്കാരനെപ്പോലെ ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്നും ഷെയ്ഖ് മുഹമ്മദ് പലപ്പോലും ജനങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജനങ്ങളോട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന മാതൃകാ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രിയങ്കരനാണ്.അതുകൊണ്ട്തന്നെ ദുബൈ ഭരണത്തിന്റെ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ സമൂഹം ഒന്നാകെ അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ്.

അബുദാബിയില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

0


സൗദി മദീനയിലെ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചതിന്റെ നടുക്കം മാറും മുമ്പ് രണ്ടാമത്തെ അപകടം. അബുദാബിയില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. മൂന്ന് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളും സഹോദരങ്ങളാണ്. അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരാണ് മരിച്ച കുട്ടികള്‍. ഇവര്‍ കോഴിക്കോട് സ്വദേശികളാണ്. മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയാണ് മരിച്ച മറ്റൊരാള്‍ . ഇവര്‍ ഹൗസ് മെയ്ഡ് ആയി ഈ കുടുംബത്തിനൊപ്പം ജോലി ചെയ്യുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ പരിക്കേറ്റ് അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞ് സൗദിക്ക് പോകുന്ന വഴിയായിരുന്നു അപകടം. വാഹനത്തില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

സൗദിവത്ക്കരണം : എഞ്ചിനീയറിംഗ്, സംഭരണമേഖലകളിലേക്കും

0


എഞ്ചിനീയറിംഗ്, സംഭരണമേഖലകളിലെ സൗദിവല്‍ക്കരണ ലക്ഷ്യങ്ങള്‍ ഉയര്‍ത്തി സൗദി അറേബ്യ. സൗദി പൗരന്മാരുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേതനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം.

പ്രത്യേക ജോലികളില്‍ സൗദി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പൗരന്മാര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് പുതിയ തീരുമാനങ്ങള്‍ ആണ് സൗദി അറേബ്യയുടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. സൗദി പ്രസ് ഏജന്‍സി (എസ്പിഎ) പ്രകാരം , ആദ്യ തീരുമാനം എഞ്ചിനീയറിംഗ് തസ്തികകളിലെ സൗദിവല്‍ക്കരണം 30 ശതമാനമായി ഉയര്‍ത്തും. സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്ന സൗദി എഞ്ചിനീയര്‍മാര്‍ക്ക് 8,000 റിയാലിന്റെ പുതിയ കുറഞ്ഞ ശമ്പളം നിശ്ചയിക്കുകയും ചെയ്യുന്നു. ഇതിനോടകം പ്രാബല്യത്തില്‍ വന്ന ഈ നിയമം 46 എഞ്ചിനീയറിംഗ് തസ്തികകളിലായി അഞ്ചോ അതിലധികമോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് ബാധകമാകും. ആര്‍ക്കിടെക്റ്റ്, ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയര്‍, പവര്‍ ജനറേഷന്‍ എഞ്ചിനീയര്‍ തുടങ്ങിയ തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രൊഫഷണലുകള്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സിന്റെ അംഗീകാരം ഉണ്ടായിരിക്കണം. തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് തയ്യാറെടുക്കാന്‍ കമ്പനികള്‍ക്ക് ആറ് മാസം സമയം നല്‍കും. രണ്ടാമത്തെ തീരുമാനം സ്വകാര്യ മേഖലയിലെ സംഭരണതൊഴിലുകളിലെ സൗദിവല്‍ക്കരണം 70 ശതമാനമായി ഉയര്‍ത്തുകയെന്നതാണ്. സംഭരണമാനേജര്‍, കോണ്‍ട്രാക്റ്റ് മാനേജര്‍, വെയര്‍ഹൗസ് കീപ്പര്‍ എന്നിവയുള്‍പ്പെടെ 12 സംഭരണവുമായി ബന്ധപ്പെട്ട റോളുകളില്‍ മൂന്നോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന ബിസിനസുകള്‍ക്ക് ഇത് ബാധകമാകും. ആറ് മാസത്തെ ഗ്രേസ് പിരീഡും നല്‍കും. തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രധാന മേഖലകളില്‍ ദേശീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നടപടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ആവശ്യകതകളും പാലിക്കല്‍ നടപടികളും വിശദീകരിക്കുന്ന വിശദമായ ഗൈഡ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

സുരക്ഷാപ്രശ്‌നം : ഇന്ത്യയിലേക്ക് ടി20 ലോകകപ്പിനില്ലെന്ന് ബംഗ്ലാദേശ്


മുസ്തഫിസുര്‍ റഹമാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ രംഗത്ത്. ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് രംഗത്തെത്തി.

ബംഗ്്‌ലാദേശില്‍ കലാപത്തിനിടെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നത് ഉയര്‍ത്തിക്കാട്ടി ബിജെപി എംഎല്‍എ ഉയര്‍ത്തിയ വിവാദത്തിനൊടുവിലാണ് മുസ്താഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കടുത്ത നടപടികളുമായി ബംഗ്ലാദേശും രംഗത്തെത്തിയത്. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ സുരക്ഷാ കാരണങ്ങളാല്‍ കളിക്കാനാവില്ലെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് സര്‍ക്കാര് തന്നെ പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇന്ത്യയിലേക്ക് കളിക്കാനായി ടീം വരില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു താരത്തിന് ഇന്ത്യയില്‍ കളിക്കാന്‍ സുരക്ഷ ഇല്ല എങ്കില്‍ മൊത്തം ടീമിന് എങ്ങനെയാണ് സുരക്ഷയുണ്ടാവുക എന്ന കാതലായ ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. ഫബ്രുവരി പകുതിയോടെയാണ ലോകകപ്പിന് മൂന്നോടിയായുള്ള പ്രാക്ടീസ് മത്സരത്തിനായി ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ എത്തേണ്ടിയിരുന്നത്.

ഒമാനികളുടെ വിവാഹം : വൈദ്യപരിശോധന കര്‍ശനമാക്കി ഒമാന്‍

0


വിവാഹം കഴിക്കണമെങ്കില്‍ വൈദ്യപരിശോധന കര്‍ശനമാക്കി ഒമാന്‍. പുതുവര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സുപ്രധാന തീരുമാനവുമായി ഒമാന്‍ സുല്‍ത്താനേറ്റ്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ഒമാനി പൗരന്മാര്‍ക്കും വിവാഹത്തിന് മുന്‍പ് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2026 ജനുവരി 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജകീയ ഉത്തരവ് നമ്പര്‍ 111/2025 പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. വിവാഹം രാജ്യത്തിനുള്ളിലോ പുറത്തോ നടന്നാലും, അല്ലെങ്കില്‍ വധുവോ വരനോ ഒരാള്‍ വിദേശിയാണെങ്കിലും, വിവാഹ കരാര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനയായിരിക്കും ഈ മെഡിക്കല്‍ പരിശോധന. വിവാഹത്തിന് മുന്‍പ് നടത്തുന്ന പരിശോധനയിലൂടെ പ്രധാനമായും കണ്ടെത്തുന്നത് ജനിതക രക്തരോഗങ്ങളാണ്. സിക്കിള്‍ സെല്‍ അനീമിയ, തലസീമിയ, പകര്‍ച്ചവ്യാധികള്‍, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച് ഐ വി തുടങ്ങിയ പരിശോധനയ്ക്ക് പുറമെ, ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സലിംഗും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ പരിഷ്‌കാരം. ഈ തീരുമാനം ജനിതക, പാരമ്പര്യ, പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റിനില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നു

0

ബഹ്‌റിനില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിനായുളള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മിഡില്‍ ഈസ്റ്റ് മേഖലയില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി സ്ഥാപിക്കുന്ന ആദ്യരാജ്യമായി ബഹ്റൈന്‍ മാറും.

രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കുമിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന അന്താരാഷ്ട്ര നീതിന്യായ സ്ഥാപനമായ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ കേന്ദ്രമാണ് ബഹറൈനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ മറ്റു രാജ്യങ്ങളില്‍ പ്രവൃത്തിക്കുന്ന കമ്പനികളുമായുള്ള തര്‍ക്കങ്ങളും കേസുകളും പരിഹരിക്കാന്‍ കൂടുതല്‍ നടപടി ക്രമങ്ങളും സമയവും ആവശ്യമായി വരുന്നുണ്ട് . ആര്‍ബിട്രേഷന്‍ കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത്തരം കേസുകള്‍ വളരെ വേഗം തീര്‍പ്പാക്കാനാകും. ആര്‍ബിട്രേഷന്‍ കോടതി സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ നടപടിക്ക് ശൂറാ കൗണ്‍സിലിന്റെ വിദേശകാര്യ, പ്രതിരോധ സമിതി ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. ശൂറാ കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന്മേല്‍ വോട്ടെടുപ്പ് നടക്കും. കോടതിക്ക് ആവശ്യമായ സൗകര്യങ്ങളും നിയമപരിരക്ഷയും ഭരണപരമായ പിന്തുണയും ഭരണകൂടം ലഭ്യമാക്കും..കോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനായി ആര്‍ബിട്രേറ്റര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക നിയമപരിരക്ഷ ഉറപ്പാക്കും. കേസുകളില്‍ ഉള്‍പ്പെടുന്ന അഭിഭാഷകര്‍, സാക്ഷികള്‍ എന്നിവര്‍ക്കും ഈ സംരക്ഷണം ബാധകമായിരിക്കും. നീതി സംബന്ധമായ പിന്തുണക്കാണ് ഈ സംരക്ഷണമെന്ന് അധികൃതര്‍ വ്യക്തമാക്കി.. കോടതിയുമായി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് വിസ നടപടികളില്‍ പ്രത്യേക ഇളവുകളും ലഭ്യമാക്കും.എന്നാല്‍ കോടതിയുടെ തീരുമാനങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ബഹ്റൈന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും തീര്‍ത്തും സ്വതന്ത്രമായിട്ടായിരിക്കും ഇത് പ്രവര്‍ത്തികയെന്നും അധികൃതര്‍ വ്യക്തമാക്കി.