Tuesday, May 26, 2026
Home Blog Page 227

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വർണ്ണം എറിഞ്ഞുവീഴ്ത്തി നീരജ് ചോപ്ര

0

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞുവീഴ്‌ത്തി. ജാവലിൻ ത്രോയിലെ സ്വർണ നേട്ടത്തോടെ ലോക ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യൻ അത്‍ലറ്റായി നീരജ് മാറി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയിരുന്നു. ഒറിഗോണില്‍ 88.13 ദൂരം എറിഞ്ഞാണ് വെള്ളി നേടിയത്. 25 വയസുകാരനായ നീരജ് ചോപ്ര പാരിസ് ഒളിംപിക്‌സിന് ഇതിനകം യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. അണ്ടർ 20 ലോക ചാമ്പ്യനായി വരവറിയിച്ച നീരജ് ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംയിലും സ്വർണം നേടി. ഒളിംപിക്സ് അത്‍ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്.

അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 87.82 മീറ്ററോടെ പാകിസ്ഥാന്‍റെ അർഷാദ് നദീമാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 84.77 മീറ്ററോടെ കിഷോർ ജെന അഞ്ചും 83.72 മീറ്ററോടെ ഡി പി മനു ആറും സ്ഥാനത്ത് ഫിനിഷ് ചെയ്‌തതും ഇന്ത്യക്ക് അഭിമാനമായി.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടോയെന്ന് സംശയം; മലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന കൊല്ലം സ്വദേശി അറസ്റ്റില്‍

0

ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ലിവിങ് ടുഗദര്‍ പങ്കാളിയായ ദേവയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി മൊഴി നല്‍കി. ദേവ സ്ഥിരമായി മൊബൈലിൽ സമയം ചിലവഴിക്കുന്നതും ചിലര്‍ക്ക് മെസേജ് അയക്കുന്നതും സംശയത്തിന് കാരണമായി. സംഭവദിവസം ഇരുവരും ബെംഗളൂരുവില്‍ തന്നെ താമസിക്കുന്ന ദേവയുടെ സഹോദരി കൃഷ്ണയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെവെച്ച് രണ്ടു പേരും തമ്മില്‍ വഴക്കിട്ടിരുന്നതായി കൃഷ്ണ മൊഴി നൽകി. ഇരുവരെയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ടു പേരും വാടകവീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ദേവയെ വൈഷ്ണവ് കൊലപ്പെടുത്തിയത്.

കുക്കറുമായി കിടപ്പുമുറിയിലെത്തിയ പ്രതി വൈകിട്ട് നാലിനും നാലരയ്ക്കും ഇടയില്‍ മൂന്നു തവണ യുവതിയുടെ തലയ്ക്കടിച്ചു. ഗുരുതര പരുക്കേറ്റ യുവതി തൽക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു. ദേവയെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരി കൃഷ്ണ അയല്‍ക്കാരെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് കൊലപാതകവിവരം അറിഞ്ഞത്.

കാലാവസ്ഥ സര്‍ക്കാര്‍ പ്രവചിക്കും:ഔദ്യോഗികമല്ലാത്ത കാലാവസ്ഥാ പ്രവചനത്തിന്പിഴശിക്ഷയെന്ന് സൗദി

0

അനുമതിയില്ലാതെ കാലാവസ്ഥാ പ്രവചനം നടത്തിയാല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് സൗദി പരിസ്ഥിതി മന്ത്രാലയം. കാലാവസ്ഥ സംബന്ധിച്ച് അംഗീകൃതമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും. മാധ്യമങ്ങള്‍ക്കും ഇത് ബാധകമാണ്.
കാലാവസ്ഥ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന വിവരങ്ങളെയാണ് ആശ്രയിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് സൗദി പരിസ്ഥിതി വകുപ്പ്. കാലാവസ്ഥ സംബന്ധിച്ച് ഔദ്യോഗികമല്ലാത്ത വിവിരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷ സംബന്ധിച്ച നിയമത്തില്‍ ഭേദതഗതി വരുത്തിയിരിക്കുകയാണ് മന്ത്രാലയം. നിയമലംഘകര്‍ക്ക് അന്‍പതിനായിരം റിയാല്‍ മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെയാണ് പിഴശിക്ഷ. കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന കേന്ദ്രങ്ങള്‍ക്കും കാലാവവസ്ഥാ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും നിയമഭേദഗതി ബാധകമായിരിക്കും.

സര്‍ക്കാരിന്റെ കാലാവാസ്ഥാ വകുപ്പ് ലഭ്യമാക്കുന്ന വിശദാംശങ്ങളാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്. ഔദ്യോഗകമല്ലാത്ത കാലാവസ്ഥാ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും പിഴശിക്ഷ ലഭിക്കും. വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും സാധ്യത പഠനം നടത്തുമ്പോഴും കാലാവസ്ഥാ വിവരങ്ങള്‍ കൂടി പരിഗണിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്.

യുഎഇ ഓണ്‍അറൈവല്‍ വീസ 82 രാജ്യക്കാര്‍ക്ക്: പുതുക്കിയ പട്ടികയുമായി വിദേശകാര്യമന്ത്രാലയം

0


എണ്‍പ്പത്തിരണ്ട് രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവില്‍ വീസയില്‍ യുഎഇയില്‍ പ്രവേശിക്കാമെന്ന് വിദേശകാര്യമന്ത്രാലയം. തൊണ്ണൂറ് ദിവസം വരെ കാലാവധിയുള്ള വീസയാണ് രാജ്യത്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുക. യു.എസ് വീസയുള്ള ഇന്ത്യക്കാര്‍ക്കും ഓണ്‍ അറൈവല്‍ വീസയില്‍ യുഎഇയിലേക്ക് പ്രവേശിക്കാം.
മുന്‍കൂട്ടി വീസയെടുക്കാതെ യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യക്കാരുടെ പുതുക്കിയ പട്ടികയാണ് വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പട്ടികയില്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കുമ്പോള്‍ വീസ ലഭിക്കും. രണ്ട് വിഭാഗങ്ങളിലാണ് ഇത്തരക്കാര്‍ വീസ ലഭിക്കുക. മുപ്പത് ദിവസം കാലാവധിയുള്ള വീസ പത്ത് ദിവസത്തേക്ക് കൂടി നീണ്ടാന്‍ കഴിയും. മറ്റൊന്ന് തൊണ്ണൂറ് ദിവസം കാലാവധിയുള്ള വീസയാണ്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ രേഖയോ ഉപയോഗിച്ച് യുഎഇയില്‍ പ്രവേശിക്കാം. വീസയോ സ്‌പോസര്‍ഷിപ്പോ ആവശ്യമില്ല.

യു.എസ് സന്ദര്‍ശക വീസയോ താമസവീസയോ ഉള്ള ഇന്ത്യക്കാര്‍ക്ക് പതിനാല് ദിവസം കാലാവധിയുളള ഓണ്‍അറൈവല്‍ വീസയാണ് ലഭിക്കുക. പതിനാല് ദിവസത്തേക്ക് കൂടി വീസ നീട്ടുകയും ചെയ്യാം. യു.കെയോ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തിന്റെയും താമസവീസയോ സന്ദര്‍ശകവീസയോ ഉളള ഇന്ത്യക്കാര്‍ക്കും യുഎഇയില്‍ പതിനാല് ദിവസം കാലാവധിയുള്ള ഓണ്‍ അറൈവല്‍ വീസ ലഭിക്കും. അതെസമയം 115 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കണമെങ്കില്‍ മുന്‍കൂട്ടി വീസ എടുക്കണം.

സൗദി കിരീടവകാശി ഇന്ത്യയിലേക്ക്:സന്ദര്‍ശനം സെപ്റ്റംബറില്‍

0


ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയില്‍ എത്തും. സെപ്റ്റംബറില്‍ ആണ് സന്ദര്‍ശനം. ജി-20 ഉച്ചകോടിയോട് അനുബന്ധിച്ചാണ് സൗദി കിരീടവകാശിയുടെ സന്ദര്‍ശനം.
സെപ്റ്റംബര്‍ പതിനൊന്നിനാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദില്ലിയില്‍ എത്തുക. സൗദി കിരീടവകാശിയായി ചുമതലയേറ്റെുത്ത ശേഷം ആദ്യമായിട്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയില്‍ എത്തുന്നത്. കിരീടവകാശിയുടെ സന്ദര്‍ശനത്തിന് മുന്നോടിയയി സൗദയില്‍ നിന്നുള്ള ഉന്നതതല സംഘം ദില്ലിയില്‍ എത്തി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇന്ത്യ-സൗദി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിനുള്ള കൂടിക്കാഴ്ച്ചകളും ചര്‍ച്ചകളുമായിരക്കും മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തില്‍ നടക്കുക. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. സൗദിയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയും ഇന്ത്യ വര്‍ദ്ധിപ്പിച്ച് വരികയാണ്. വ്യാപാര-വാണിജ്യമേഖലകളിലെ കൂടുതല്‍ സഹകരണത്തിന് കിരിടീവകാശിയുടെ സന്ദര്‍ശനം വഴിവെയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചെങ്കില്‍ പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു.

ഇമറാത്തി വനിതകളുടെ മുന്നേറ്റത്തിനായി പുതിയ ദേശീയ നയം

0

ഇമറാത്തി വനിതകളുടെ മുന്നേറ്റത്തിനായി പുതിയ ദേശീയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. 8 വര്‍ഷത്തെ നയമാണ് രാഷ്ട്ര മാതാവ് ശൈഖ ബിന്‍ത് മുബാറക് നാളേക്കായി ഞങ്ങള്‍ സഹകരിക്കും എന്ന പ്രമേയത്തില്‍ നയം പ്രഖ്യാപിച്ചത്.

യുഎഇയിലെ സ്ത്രീ ശാക്തീകരണത്തിന്റെ പാത അതിന്റെ വേരുകൾ കണ്ടെത്തുന്നത് രാജ്യത്തിന്റെ സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനപരമായ ആശയങ്ങളിലാണ്. ലിംഗഭേദമില്ലാതെ വിദ്യാഭ്യാസത്തിനും തുല്യ അവസരങ്ങൾക്കും ഊന്നൽ നൽകി, സ്ത്രീകളുടെ അവകാശങ്ങളും പദവികളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയ്ക്ക് ഷെയ്ഖ് സായിദ് അടിത്തറയിട്ടു. യുഎഇയുടെ ചരിത്രത്തിന്റെ വാർഷികങ്ങളിലൂടെ, ഡൈവിംഗ്, മീൻപിടുത്തം, വ്യാപാരം തുടങ്ങിയ സമുദ്രാന്വേഷണങ്ങൾക്കായി പുരുഷന്മാർ ദീർഘദൂര യാത്രകൾ ആരംഭിച്ച കാലഘട്ടങ്ങളിൽ, പരിചരണം, ശുഷ്കാന്തിയോടെ കുടുംബങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യുന്നവരായി സ്ത്രീകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ സഹിഷ്ണുത സംരംഭകത്വ ശ്രമങ്ങളിലേക്കും വ്യാപിച്ചു, നിരവധി സ്ത്രീകൾ സങ്കീർണ്ണമായ ഈന്തപ്പന അടിസ്ഥാനമാക്കിയുള്ള കരകൗശലവസ്തുക്കൾ തയ്യാറാക്കി, പ്രാദേശിക ചന്തകളിൽ അനുരണനം കണ്ടെത്തി, അവരുടെ ഉപജീവനമാർഗം സുരക്ഷിതമാക്കുന്നു.

സമൂഹത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കാനായി പരസ്പരആശ്രിതത്വം, ഒത്തൊരുമ, കുടുംബ സഹകരണം, തൊഴില്‍ വിപണിയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുക, നേതൃശേഷി ഉയര്‍ത്തുക തുടങ്ങിയവയാണ് പുതിയ നയം പ്രധാനമായി നിദേശിക്കുന്ന മാര്‍ഗങ്ങള്‍.

ജൂനിയര്‍ മെസ്സിയും അമേരിക്കന്‍ ലീഗില്‍…!! തിയാഗോ മെസ്സി ഇന്റര്‍ മയാമിയില്‍ ചേര്‍ന്നു

0

ലയണല്‍ മെസ്സിയുടെ മകനായ തിയാഗോ മെസ്സി ഇന്റര്‍ മയാമിയുടെ അക്കാദമി ടീമില്‍ ചേര്‍ന്നു.
അണ്ടര്‍ 12 വിഭാഗത്തില്‍ ചേര്‍ന്ന തിയാഗോ തന്റെ പിതാവിനെപ്പോലെ വലിയ താരമാവാനുള്ള ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായാണ്
ഇതിനെ കാണുന്നത്. മുന്‍പ് ഇന്റര്‍ മയാമി ക്ലബ് ഉടമയും ഇതിഹാസ താരവുമായിരുന്ന ഡേവിഡ് ബെക്കാമിന്റെ മകനും മയാമി അക്കാദമിയുടെ
ഭാഗമായിട്ടുണ്ട്.
10 വയസ്സ് മാത്രമുള്ള തിയാഗോ മെസ്സി ഇതിനോടകം തന്നെ അക്കാദമി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇന്റര്‍ മയാമി അക്കാദമി ടീം ഫ്‌ളോറിഡ
അക്കാദമി ലീഗിലാണ് പ്രധാനമായും മല്‍സരിക്കുന്നത്. 2019ല്‍ ക്ലബ് തുടങ്ങിയ ഇന്റര്‍ മയാമി ഇതിനോടകം തന്നെ മികച്ച താരങ്ങളെ വളര്‍ത്തിയെടുത്തിട്ടുണ്ട്.

‘ശിവശക്തിയിൽ വിവാദം വേണ്ട’; രാജ്യങ്ങൾക്ക് ഇഷ്ടമുള്ള പേരിടാമെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്

0

ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ഭാഗത്തിന് പ്രധാനമന്ത്രി ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ലാന്‍ഡ് ചെയ്യുന്ന സ്ഥലത്തിന് പേരിടാന്‍ അതത് രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.

ശിവശക്തിയെന്ന് പേരിട്ടതില്‍ ഞാനെന്ത് ചെയ്യാനാ. ഇന്ത്യയുടെ ഒരുപാട് സ്ഥലങ്ങളുടെ പേരുകള്‍ ചന്ദ്രനിലുണ്ട്. ഇന്ത്യക്കാരല്ലാത്തവരുടെ ഒരുപാട് പേരുകളുണ്ട്. ഓരോ രാജ്യത്തിനും അതാത് രാജ്യങ്ങളുടെ ബന്ധപ്പെട്ട പേരിടാം. നമുക്ക് സാരാഭായ് ക്രൈറ്ററുണ്ട് ചന്ദ്രനില്‍. മറ്റ് രാജ്യങ്ങളിലെ ഇതുപോലെ സയന്റിഫിക് അക്കംപ്ലീഷ്‌മെന്റിന് അവര്‍ എക്‌സ്‌പ്ലോര്‍ ചെയ്ത സ്ഥലങ്ങള്‍ക്ക് പേരിടാറുണ്ട്. അതൊരു പാരമ്പര്യമാണെന്നും സോമനാഥ് പറഞ്ഞു.

‘ദക്ഷിണധ്രുവത്തില്‍ പോകാന്‍ ഒരുപാട് രാജ്യങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിന്റെ പ്രയാസം ഒരുപാടുണ്ട്. ചന്ദ്രന്റെ ആ ഭാഗം നിരപ്പായ സ്ഥലമല്ല. ഒരുപാട് കുന്നുകളുണ്ട്. വലിയ താഴ്ചയുള്ള താഴ്വരകലുമുണ്ട്. അതിന്റെ ചെരിവില്‍ പോയി ലാന്‍ഡ് ചെയ്താല്‍ ലാന്‍ഡറിന്റെ കഥ ആലോചിക്കാവുന്നതേ ഉള്ളൂ. ഫ്‌ളാറ്റ് ഏരിയ കണ്ടെത്താന്‍ പ്രയാസമുള്ളത് കൊണ്ടാണ് അധികമാരും അങ്ങോട്ട് പോകാത്തത്.’

ചാന്ദ്രയാന്‍-3 ല്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോവറും ലാന്‍ഡറും ചിത്രങ്ങൾ വരും ദിവസങ്ങളില്‍ കൂടുതല പുറത്തുവിടുമെന്നും എസ് സോമനാഥ് വ്യക്തമാക്കി. കൂടുതല്‍ ഗ്രഹാന്തര ദൗത്യങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ബഹിരാകാശ മേഖലയുടെ വിപുലീകരണത്തിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂര്യപ്രകാശം 14 ദിവസത്തേക്കെ കിട്ടൂ. അവിടെ മൂലകങ്ങള്‍ ഒരുപാട് കണ്ടെത്താന്‍ സാധ്യതയുണ്ട്. ജലം കണ്ടെത്താന്‍ സാധ്യതയുണ്ട്. 14 ദിവസം അത് അതിജീവിക്കാന്‍ വലിയ പ്രയാസമാണ്. കാരണം അവിടെ ഐസിനേക്കാള്‍ 180 ഡിഗ്രി കുറവാണ് താപനില. അത്രയും തണുപ്പില്‍ 14 ദിവസം നിലനില്‍ക്കുക എന്നത് വെല്ലുവിളിയാണ്. നിലനിന്നാൽ അത് വലിയ മുതൽക്കൂട്ടാണ്. സോഫ്റ്റ് ലാന്‍ഡിംഗ് മാത്രമല്ല ചന്ദ്രയാന്‍-3 ന്റെ മുഴുവന്‍ കാര്യങ്ങളും പൂര്‍ണ വിജയമായിരുന്നു. മഹത്തായ നേട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനും എന്റെ സഹപ്രവര്‍ത്തകരും സന്തോഷവാന്‍മാരും അഭിമാനവുമുള്ള വരാണെന്നും സോമനാഥ് പറഞ്ഞു.

മലപ്പുറത്ത് എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയിൽ

0

മലപ്പുറം പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. പാടത്ത് കൊക്കിനെ പിടിക്കുന്നതിനിടയിൽ സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ പൊട്ടിയ വെടി കൊണ്ടതാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവ് പോലീസിന്റെ പിടിയിലായി.

ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഷാഫിയുടെ സുഹൃത്തിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഇവർ രണ്ടുപേരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് വിവരം.

പശ്ചിമ ബംഗാളിൽ പടക്ക ഫാക്ടറിയിൽ സ്ഫോടനത്തിൽ ഏഴ് മരണം

0

പശ്ചിമ ബംഗാളിൽ പടക്ക ഫാക്റ്ററിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. പരുക്കേറ്റ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നോർത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്കശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. തീപിടുത്തം ഉണ്ടായതിനെ തുടർന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

രാവിലെ പത്ത് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. സ്ഫോടന സമയത്ത് നിരവധി പേർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.

ദുട്ടപുകുരിൽ ഒരു വീട് കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിച്ച പടക്ക ശാലയിലാണ് അപകടമുണ്ടായത്. ആവശ്യമായ അനുമതിയില്ലാതെ പടക്ക നിർമാണത്തിനുള്ള അംസ്കൃതവസ്തുക്കൾ വൻതോതിൽ ഇവിടെ സൂക്ഷിച്ചിരുന്നു. പൊട്ടിത്തെറിയിൽ വീട് പൂർണമായും തകർന്നു.