Monday, July 27, 2026
Home Blog Page 224

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ‘ ബിൽ പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാൻ നീക്കം

0

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർക്കുന്നത്.

സെപ്റ്റംബർ 18 മുതൽ അഞ്ച് ദിവസത്തേക്ക് ചേരുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ അജൻഡയൊന്നും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിതമായി പാർലമെന്‍റ് സമ്മേളനം വിളിച്ചത് പ്രതിപക്ഷ കക്ഷികളെയും അമ്പരപ്പിച്ചിട്ടുണ്ട്. വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥി അടക്കം ഉള്ള കാര്യങ്ങളിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ പെട്ടന്ന് ഒരു തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വെല്ലുവിളിയാകും. ഇത് തന്നെയാണ് എൻ ഡി എ യുടെ ലക്ഷ്യം.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചായിരുന്നു മമതയുടെ പ്രതികരണം.

‍ജയസൂര്യ തിരുവോണ സൂര്യനെന്ന് നടൻ ജോയ് മാത്യു

0

നടൻ ജയസൂര്യക്ക് പിന്തുണയുമായി ജോയ് മാത്യു. ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് ജോയ് മാത്യു പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നടന്റെ പ്രതികരണം.

പേരുപോലെ തന്നെ ജയസൂര്യ ജയിച്ച സൂര്യനായെന്ന് ജോയ് മാത്യു കുറിച്ചു. അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യനെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.

ജോയ് മത്യുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവോണസൂര്യൻ

മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരാണെങ്ങും.
ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!

നെൽ കർഷകർക്ക് പണം നൽകിയിട്ടുണ്ട്; യാഥാർത്ഥ്യം മനസ്സിലാക്കാതെ സംസാരിക്കരുത്; ജയസൂര്യക്ക് കൃഷി മന്ത്രിയുടെ മറുപടി

0

നടൻ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്. നെൽ കർഷകർക്ക് പണം നൽകിയില്ലെന്ന ജയസൂര്യയുടെ ആരോപണം തെറ്റെന്ന് കൃഷി മന്ത്രി. ഇറങ്ങും മുൻപേ പൊളിഞ്ഞു പോയ സിനിമയാണ് ജയസൂര്യയുടെ ആരോപണമെന്നും മന്ത്രി പരിഹസിച്ചു. ജയസൂര്യ നല്ല നടനാണ്. എന്നുവച്ച് ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ ശ്രമിക്കരുത്. ആരോപണം ഉന്നയിക്കും മുൻപ് യാഥാർഥ്യ മനസിലാക്കാൻ ശ്രമിക്കണം. ഇപ്പോഴത്തെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ അജൻഡയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി രാജീവ് അപ്പോൾ തന്നെ ജയസൂര്യക്ക് മറുപടി നൽകിയതാണ് എന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. മന്ത്രി നൽകിയ മറുപടി മാധ്യമങ്ങൾ നൽകിയില്ല. ജയസൂര്യ പരാമർശിച്ച കൃഷ്ണപ്രസാദിനെ വിളിച്ചിട്ട് ഫോണെടുത്തില്ല. അദ്ദേഹത്തിൻ്റെ പാടശേഖരത്തിൽ എല്ലാവരും മാസങ്ങൾക്ക് മുൻപ് പണം വാങ്ങിയതാണ് എന്നും മന്ത്രി പ്രതികരിച്ചു.

കേരളം മാത്രമാണ് നെൽകർഷകർക്ക് ഇത്രയും സഹായം നൽകുന്നത്. കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകി. സംഭരണ ഘട്ടത്തിൽ തന്നെ പണം നൽകൽ അനിവാര്യമാണ്. പണം ലഭിക്കുന്നതിന് താമസം നേരിടുമ്പോൾ ബാങ്കിനെ സമീപിക്കുന്നത് അതുകൊണ്ടാണ്. ഇടപെടലിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതാണ്. സംസ്ഥാന വിഹിതം ഓണത്തിന് മുൻപ് കൊടുത്തു തീർത്തതാണ് എന്നും മന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി. രാജീവും കൃഷി മന്ത്രി പി. പ്രസാദും പങ്കെടുത്ത പരിപാടിയിൽ അവരുടെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ വിമർശനം. ആറു മാസം മുൻപ് സപ്ലൈകോ ഏറ്റെടുത്ത നെല്ലിന് കർഷകർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

പട്ടിണി കിടക്കുന്ന മാതാപിതാക്കളെ കണ്ട് പുതുതലമുറ എങ്ങനെ കൃഷിയിലേക്ക് ഇറങ്ങും; കൃഷി മന്ത്രി വേദിയിൽ ഇരിക്കെ ജയസൂര്യയുടെ വിമർശനം

0

കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയിൽ ഇരുത്തി കൃഷിയുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിച്ച് നാടൻ ജയസൂര്യ. കൃഷിക്കാർ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം നൽകുന്നില്ലെന്നും ജയസൂര്യ പറഞ്ഞു. സഹപ്രവർത്തകനും കർഷകനുമായ നടൻ കൃഷ്ണ പ്രസാദിന്റെ സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജയസൂര്യയുടെ പരാമർശം. കളമശ്ശേരിയിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ പരാജയപ്പെട്ടാൽ ഏറ്റവും അവസാനം അറിയുക നായകനായിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ജയസൂര്യ കാര്യങ്ങൾ പറഞ്ഞത്. മന്ത്രി നായകനാണെങ്കിലും അറിയുന്നത് വൈകിയായിരിക്കും. ഓണത്തിന് പട്ടിണികിടക്കുന്ന മാതാപിതാക്കളെ കണ്ടാൽ എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരിക എന്ന് ജയസൂര്യ ചോദിക്കുന്നു. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു.

താൻ ഒരു സ്ഥലത്ത് പോയപ്പോൾ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാൽ അത് കേരളത്തിൽ വിൽക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി എന്നും ജയസൂര്യ പറഞ്ഞു. ഗുണനിലവാര പരിശോധന ഇല്ലാത്തതുകൊണ്ട് തേർഡ് ക്വാളിറ്റി അരിയും വിഷം അടങ്ങിയ പച്ചക്കറികൾ കഴിക്കേണ്ട ഗതികേടിലാണ് നമ്മൾ ഇപ്പോൾ ഉള്ളത് എന്ന കാര്യവും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനല്‍: അബുദബി ടെര്‍മിനല്‍-എ നവംബറില്‍ തുറക്കും

0

അബുദബി രാജ്യാന്തരവിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ നവംബറില്‍ തുറക്കും. ടെര്‍മിനല്‍-A ആണ് യാത്രക്കാര്‍ക്കായി തുറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളില്‍ ഒന്നായിരിക്കും ടെര്‍മിനല്‍-A.നിര്‍മ്മാണഘട്ടത്തില്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ എന്നറിയപ്പെട്ടിരുന്ന ടെര്‍മിനല്‍-A നവംബറിന്റെ തുടക്കത്തില്‍ തുറക്കുമെന്ന് അബുദബി എയര്‍പോര്‍ട്‌സ് അറിയിച്ചു.

7,42000 ചതുരശ്രമീറ്ററില്‍ ആണ് ടെര്‍മിനല്‍-A നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 11,000 യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം പുതിയ ടെര്‍മിനലില്‍ ഉണ്ട്. പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കൂടുതല്‍യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനും ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്റര്‍കണക്റ്റഡ് ബയോമെട്രിക് സംവിധാനം അടക്കം ഇമിഗ്രഗേഷന്‍ നടപടിക്രമങ്ങള്‍ക്കായി അത്യാധുനിക സൗകര്യങ്ങളും പുതിയ ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.

സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളും,കാര്യക്ഷമത വര്‍ദ്ധിപ്പിച്ച സെക്യുരിറ്റി ചെക്ക് പോയിന്റുകളും ടെര്‍മിനല്‍ എ-യില്‍ ഒരുക്കിയിട്ടുണ്ട്. ബാഗ്ഗേജ് കൈകാര്യം ചെയ്യുന്നതിനും അത്യാധുനിക സംവിധാനം ആണ് ക്രമീകരിച്ചിരിക്കുന്നത്. 2012-ല്‍ ആണ് ടെര്‍മിനല്‍ A-യുടെ നിര്‍മ്മാണം ആരംഭിച്ചത്. 1080 കോടി ദിര്‍ഹം ആണ് ആരംഭഘട്ടത്തില്‍ നിര്‍മ്മാണച്ചെലവ് കണക്കാക്കിയിരുന്നത്.

ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ ഹൈബ്രിഡ് വിദ്യാഭ്യാസം

0

ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഹൈബ്രിഡ് വിദ്യാഭ്യാസ മാതൃക പ്രഖ്യാപിച്ച് ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുന്നത് ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പുതിയ തീരുമാനം. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠന രീതി പുനരാവിഷ്‌കരിക്കാനാണ് തീരുമാനം. ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ ജോലിയോടൊപ്പം പഠനം നടത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. ഡോ.ഷെയ്ഖ് സുല്‍ത്താന്റെ തത്സമയ റേഡിയോ പരിപാടിയില്‍ ആണ് വിദ്യാര്‍ത്ഥി ഫോണ്‍ വിളിച്ച് ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്.

തൊഴില്‍ സമയം കഴിഞ്ഞ് സര്‍വ്വകലാശാലയില്‍ എത്താന്‍ സമയം ലഭിക്കുന്നില്ലെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പരാതി. ഇതെ തുടര്‍ന്നാണ് ഹൈബ്രിഡ് പഠനരീതി ഭരണാധികാരി പ്രഖ്യാപിച്ചത്. ആഴ്ചയില്‍ മൂന്ന് ക്ലാസുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. ഒരു ക്ലാസില്‍ നേരിട്ട് പങ്കെടുക്കണം. ഓണ്‍ലൈന്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ച് ഹൈബ്രിഡ് പഠനരീതിയാണ് നടപ്പിലാക്കുക. അടുത്ത സെമസ്റ്റര്‍ മുതലാണ് പുതിയ പഠന മാതൃക നടപ്പിലാക്കുന്നത്. ഹൈബ്രിഡ് പഠനം രീതിക്കായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷ നല്‍കണം. അതേസമയം കോഴ്‌സിന്റെ സ്വഭാവമനുസരിച്ച് മാത്രമായിരിക്കും ഓണ്‍ലൈന്‍ പഠനസമയം ക്രമീകരിക്കുക.

ഓണത്തിന് കേരള ഖജനാവിലോക്ക് മദ്യം നല്‍കിയത് 757 കോടി രൂപ…!!തിരുവോണ ദിനത്തില്‍ ഏറ്റവും കൂടുതല്‍ വില്പന മലപ്പുറം ജില്ലയിലെ തിരൂരില്‍..!

0

ഓരോ ഉത്സവ സീസണുകളിലും റെക്കോർഡ് തിരുത്തി എഴുതുന്ന ബിവറേജ്‌ കോർപറേഷൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ വർഷത്തെ ഓണക്കാല മദ്യ വിൽപന 700 കോടിയായിരുന്നങ്കിൽ ഇത്തവണ 757 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. 57 കോടിയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്.

ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്‍ഡ് ജവാൻ റം ആണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റർ ജവാനാണ് ഈ ഓണക്കാലത്ത് വിറ്റത്. മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് പണമിടപാടിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ബെവ്‌കോ, ഔട്ട്‌ലറ്റുകൾക്ക് നേരത്തെ തന്നെ സർക്കുലർ നൽകിയിരുന്നു. ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്‌മെന്റ് നടത്തുന്ന ഔട്ട്‌ലെറ്റുകൾക്ക് പാരിതോഷികവും ബെവ്‌കോ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും കൂടുതൽ വിൽപന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലറ്റ് വഴിയാണ്. ഏഴ് കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. നികുതിയായി സര്‍ക്കാറിന് 675 കോടി രൂപയുടെ നേട്ടമാണുണ്ടായത്‌

റാസല്‍ഖൈമയില്‍ നിന്നും മുസന്ദത്തിലേയ്ക്ക് ഇനി ബസില്‍ പോകാം

0

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്നും ഒമാന്‍ മുസന്ദം ഗവര്‍ണറേറ്റിലേയ്ക്ക് ബസ് സര്‍വീസ് വരുന്നു. ഇതിനായി റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും മുസന്ദം മുനിസിപ്പാലിറ്റിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. യാത്രാ സൗകര്യം ലളിതമാക്കുതിന്റെ ഭാഗമായാണ് കരാറെന്ന് റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. റാസല്‍ഖൈമയില്‍ നിന്നും ഒമാന്‍ മുസന്ദം ഗവര്‍ണറേറ്റിലേയ്ക്കുള്ള ആദ്യ അന്താരാഷ്ട്ര ബസ് സര്‍വീസാണ് ഇത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് പുതിയ തീരുമാനമെന്ന് റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഇസ്മായീല്‍ ഹസന്‍ അല്‍ ബ്ലൂഷി അറിയിച്ചു. യാത്രക്കാര്‍ക്ക് ഗതാഗത സേവനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് പുതിയ സേവനം ലക്ഷ്യമിടുന്നത്. അല്‍ദെയ്ദില്‍ നിന്ന് ആരംഭിക്കുന്ന ബസ് സര്‍വീസ് മുസന്ദം ഗവര്‍ണറേറ്റ് റസബിലെ വിലായത്തിലാണ് അവസാനിക്കുന്നത്. ഒരാള്‍ക്ക് 300 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയായിരിക്കും ചെലവ് വരിക.

സ്‌പെയ്‌സ് സ്യൂട്ട് പരിശോധിച്ചു, കിടപ്പുമുറി ഒഴിഞ്ഞു:സുല്‍ത്താന്‍ അല്‍ നെയാദി മടക്കയാത്രയ്ക്കുള്ള ഒരുക്കത്തില്‍

0

രാജ്യാന്തരബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഭൂമിയിലേക്ക് മടങ്ങുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളില്‍ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശ നിലയത്തിലെ പുതിയ അംഗങ്ങള്‍ നെയാദിക്കും സംഘത്തിനും ഇന്ന് യാത്രയയ്പ്പ് നല്‍കും. തിരികെ മടങ്ങുമ്പോള്‍ ധരിക്കേണ്ട സ്‌പെയ്‌സ് സ്യൂട്ടിന്റെ ക്ഷമത അടക്കം പരിശോധിച്ച് ഉറപ്പാക്കി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് നെയാദി സ്‌പെയ്‌സ് സ്യൂട്ട് ധരിക്കുന്നത്.ആറ് മാസക്കാലം കൊണ്ട് ശരീരത്തിന് മാറ്റമുണ്ടായാല്‍ സ്‌പെയ്‌സ് സ്യൂട്ട് പാകമാകില്ല. അതുകൊണ്ടാണ് യാത്രയ്ക്ക് മുന്‍പ് പരിശോധന നടത്തിയത്.

മടക്കയാത്രയ്ക്ക് മുന്‍പ് ബഹിരാകാശനിലയത്തില്‍ താമസിച്ചിരുന്ന മുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളും നെയാദി ട്വിറ്ററിലൂടെ പങ്കുവെയ്ച്ചു.
തലമുടിയും പൊടിപടലങ്ങളും അടക്കമുള്ളവ നീക്കിയാണ് മുറി വൃത്തിയാക്കിയത്. ഇതുവരെ ഉപയോഗിച്ചിരുന്ന മുറി പുതിയതായി എത്തിയവര്‍ക്ക് കൈമാറും മുന്‍പായിരുന്നു വൃത്തിയാക്കല്‍. തിരികെ മടങ്ങും വരെ മറ്റൊരു താത്കാലിക സംവിധാനത്തിലായിരിക്കും നെയാദി ഉറങ്ങുക. മടക്കയാത്രയ്ക്ക് മുന്‍പായി രക്തസാമ്പിളുകള്‍ ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും സുല്‍ത്താന്‍ അല്‍ നെയാദി പങ്കുവെയ്ച്ചിട്ടുണ്ട്.

ഇന്ന് രാത്രിയാണ് നെയാദിക്കും സംഘത്തിനും ബഹിരാകാശ നിലയത്തില്‍ യാത്രയയ്പ്പ് നല്‍കുക. ശനിയാഴ്ചയാണ് നെയാദിയും സംഘവും ഭൂമിയിലേക്ക് മടങ്ങുക. സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്,ആേ്രന്ദ ഫെദ്‌യേവ് എന്നിവരാണ് നെയാദിക്കൊപ്പം ഭൂമിയിലേക്ക് മടങ്ങുക.ഞായറാഴ്ചയാണ് സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയില്‍ മടക്കി എത്തുക.

ദുബൈയിലെ അബ്രാ സ്‌റ്റേഷനുകളില്‍ നവീകരണം : ബര്‍ദുബൈ സ്‌റ്റേഷന്‍ നവീകരിച്ചു

0


ദുബൈയിലെ അബ്രാ സ്‌റ്റേഷനുകള്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി നവീകരിക്കുന്നു. ബര്‍ദുബൈ സ്‌റ്റേഷന്റെ നവീകരണം പൂര്‍ത്തിയാക്കി. മറ്റ് മൂന്ന് സ്റ്റേഷനുകളുടെ നവീകരണം വൈകാതെ പൂര്‍ത്തിയാക്കും. ദുബൈ ക്രീക്കിലെ നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകളില്‍ ആണ് നവീകരണം .

ബര്‍ദുബൈ മോഡല്‍ സ്‌റ്റേഷന്റെ നവീകരണം ആണ് ആര്‍ടിഎ പൂര്‍ത്തിയാക്കിയത് .ബര്‍ദുബൈ സ്‌റ്റേഷന്റെ ശേഷി മുപ്പത്തിമൂന്ന് ശതമാനമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കി. ബര്‍ദുബൈ സ്റ്റേഷന്റെ സാംസ്‌കാരികവും ചരിത്രപരവുമായ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് യാത്രക്കാര്‍ക്കായി ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനിലെ സാങ്കേതിക സംവിധാനങ്ങളും നവീകരിച്ചു. യാത്രക്കാര്‍ക്കായി കൂടുതല്‍ വിശ്രമകേന്ദ്രങ്ങളും റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും ബര്‍ദുബൈ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമായ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍.

ദേര ഓള്‍ഡ് സൂഖിന്റെ നവീകരണപ്രവര്‍ത്തികള്‍ ആരംഭിച്ചതായും ആര്‍ടിഎ അറിയിച്ചു. ദുബൈ ഓള്‍ഡ് സൂഖ്, സബ്ക സ്‌റ്റേഷന്‍ എന്നിവയുടെ നവീകരണം അടുത്ത വര്‍ഷം അവസാനം പൂര്‍ത്തിയാക്കും. ദുബൈ വാട്ടര്‍ കനാല്‍ തുറന്നതിന് ശേഷം ജലഗതാഗതം പ്രയോജനപ്പെടുത്തുന്നുവരുടെ എണ്ണം വര്‍ദ്ധിച്ചെന്ന് ആര്‍ടിഎ അറിയിച്ചു.നിലവില്‍ പ്രതിവര്‍ഷം പതിനാല് ദശലക്ഷം യാത്രക്കാരാണ് ദുബൈയില്‍ ജലഗതാഗതം ഉപയോഗിക്കുന്നത്.കൂടുതല്‍ യാത്രക്കാരെ ജലഗതാഗതത്തിലേക്ക് ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആര്‍ടിഎ നടപ്പാക്കുന്നത്.