Tuesday, May 26, 2026
Home Blog Page 223

നടി അപർണ നായർ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

0

സിനിമാ– സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചിരുന്നൂ. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. മരണത്തിൽ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക.

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെയും വില കുറച്ചു

0

ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യാശ്യത്തിനുള്ള എൽ.പി.ജി. വിലയും കുറച്ച് കേന്ദ്രം. 19 കിലോ ഗ്രാം എൽ.പി.ജി.യ്ക്ക് 158 രൂപയാണ് കുറച്ചത്. കുറഞ്ഞ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ദില്ലിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾ 1522 രൂപ ആയി കുറയും.

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന്റെ വില 200 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വലയോജനപ്രകാരം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്ക് വിതരണം ചെയ്യുന്ന പാചകവാതക സിലിൻഡർ വിലയിൽ 200 രൂപ സബ്സിഡി നൽകുന്നത് തുടരുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഫലത്തിൽ, ഉജ്ജ്വല പദ്ധതി ഉപഭോക്താക്കൾക്ക് 400 രൂപയുടെ ഇളവ് ലഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് എന്നാണ് വിമർശനം.

ഡ്യൂറന്റ് കപ്പ് ഫൈനലില്‍ കൊല്‍ക്കത്ത ഡര്‍ബി; സെമിയില്‍ ഗോവയെ വീഴ്ത്തി മോഹന്‍ ബഗാൻ

0

ഡ്യൂറന്റ് കപ്പ് ഫൈനലിൽ കൊൽക്കത്ത ഡർബി. രണ്ടാം സെമിയിൽ എഫ്സി ഗോവയെ കീഴടക്കി മോഹൻ ബഗാൻ ഫൈനലിൽ കടന്നതോടെ ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ ഫൈനലിന് കളമൊരുങ്ങി. ചൊവ്വാഴ്ച നടന്ന ആദ്യ സെമിയിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഈസ്റ്റ് ബംഗാൾ കലാശപ്പോരിന് യോഗ്യത നേടിയത്. ഞായറാഴ്ചയാണ് ഫൈനൽ.

സെമിയിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാൻ, ഗോവയെ മറികടന്നത്. കളിയുടെ 23-ാം മിനിറ്റിൽ നോവ സദോയിയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. ഹ്യൂഗോ ബോമസിന്റെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ നോവ വലകുലുക്കി. ജേസൻ കമ്മിൻസ്, സാദിക്കു എന്നിവർ ബഗാന് വേണ്ടി വലകുലുക്കി. നാൽപ്പത്തി ഒന്നാം മിനുട്ടിൽ കമ്മിൻസിൻ്റെ പെനൽറ്റിയിലൂടെ മോഹൻ ബഗാൻ ഗോൾ മടക്കി. അറുപത്തി ഒന്നാം മിനുട്ടിൽ സദിക്കുവിൻ്റെ ഗോളിലൂടെ ബഗാൻ ലീഡ് കരസ്ഥമാക്കി. അവസാന നിമിഷങ്ങളിൽ ശക്തമായ പ്രതിരോധം തീർക്കാൻ ബഗാന് കഴിഞ്ഞു.

ടൂർണമെന്റിലെ പ്രാഥമിക ഘട്ടത്തിൽ ബഗാനെ തോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. 19 വർഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാൾ ഡ്യുറാൻഡ് കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.

ചന്ദ്രനിൽ പ്രകമ്പനം; നിർണായക വിവരം കണ്ടെത്തി ചന്ദ്രയാൻ 3

0

ചന്ദ്രനിൽ നിന്ന് മറ്റൊരു നിർണായക വിവരം കൂടി. പ്രകമ്പനങ്ങൾ ഉള്ളതായാണ് ചാന്ദ്രദൗത്യത്തിലെ പുതിയ കണ്ടെത്തൽ. ലാൻഡറിലെ ഇൽസ എന്ന പേ ലോഡാണ് പ്രകമ്പനങ്ങൾ തിരിച്ചറിഞ്ഞത്. ഭൂചലനങ്ങൾ മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ, ആഘാതം തുടങ്ങിയവ പഠിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ചന്ദ്രയാൻ 3ന്റെ ലാൻഡറിന്റെ ഭാഗമായ ‘ഇൽസ’. പ്രകമ്പനത്തിന്‍റെ ഗ്രാഫും ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു.

ചന്ദ്രോപരിതലത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രകമ്പനവും പ്രഗ്യാന്‍ റോവറും പരീക്ഷണോപകരണങ്ങളും പ്രവര്‍ത്തിക്കുമ്പോഴുള്ള പ്രകമ്പനവും ഐഎൽഎസ്എ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകമ്പനത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലാണെന്നും ഐ.എസ്.ആര്‍.ഒ. എക്‌സില്‍ പോസ്റ്റ് ചെയ്തു. ഓഗസ്റ്റ് 26നാണ് ഇൽസ പ്രകമ്പനം സംബന്ധിച്ച വിവരം ഐഎസ്ആർഒയ്ക്ക് കൈമാറിയത്.

ചന്ദ്രനിലെത്തിക്കുന്ന ആദ്യത്തെ മൈക്രോ ഇലക്ട്രിക്കോ മെക്കാനിക്കല്‍ സിസ്റ്റംസ് ഉപകരണമാണ് ഐഎൽഎസ്എ. ചന്ദ്രനിലെ പലതരത്തിലുള്ള പ്രകമ്പനം സംബന്ധിച്ച നിരീക്ഷണം നടത്തുന്നതിനുവേണ്ടി ലാൻഡറിൽ ഘടിപ്പിച്ച ഉപകരണമാണിത്.

റോവറിന്റെ പുതിയ വീഡിയോ ഇസ്രോ പങ്കുവെച്ചിട്ടുണ്ട്. സഞ്ചാര പാത തിരഞ്ഞെടുക്കുന്ന റോവറിന്റെ വീഡിയോ ലാൻഡറാണ് പകർത്തിയത്. ചന്ദ്രന്റെ പ്രതലത്തിൽ ഒരു കുട്ടിയെപോലെയാണ് റോവർ എന്നും സ്നേഹത്തോടെ അത് നോക്കി നിൽക്കുന്ന അമ്മയെ പോലെയാണ് ലാൻഡർ എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആർഒ ദൃശ്യം പങ്കുവച്ചിരിക്കുന്നത്.

ഓരോ ദിവസവും ചന്ദ്ര ഉപരിതലത്തിൽ നിന്നും നിർണായകമായ കണ്ടെത്തലുകൾ ആണ് ചന്ദ്രയാൻ 3 ദൗത്യം നടത്തുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തിയിരുന്നു. ലേസർ ഇൻഡ്യൂസ്‌ഡ് ബ്രേക്ക്ഡൗൺ സ്‌പെക്‌ട്രോസ്‌കോപ് എന്ന ഉപകരണം വഴി നടത്തിയ പരീക്ഷണത്തിലാണ് സൾഫർ സാന്നിദ്ധ്യം വ്യക്തമായത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീന് വീണ്ടും ED-യുടെ നോട്ടീസ്, തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

0

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രിയും സി.പി.ഐ.എം. നേതാവുമായ എ.സി. മൊയ്തീന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിർദേശം. കേസിൽ ഇന്നലെ പ്രതികളായ ബിജു കരിമീനെയും പിപി കിരണിനെയും അനിൽ സേട്ടിനെയും ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ഇന്ന് ഹാജരാകാൻ ഇ.ഡി. നിർദേശിച്ചിരുന്നെങ്കിലും മൊയ്തീൻ അസൗകര്യം അറിയിക്കുകയായിരുന്നു. പത്ത് വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർച്ചയായ അവധി കാരണം രേഖകൾ സംഘടിപ്പിക്കാൻ പ്രയാസമുണ്ടെന്നും, ഇവ ലഭിച്ച ശേഷം മറ്റൊരു തീയതിയിൽ ഹാജരാകാമെന്നും ഇ മെയിൽ വഴി മൊയ്തീൻ ഇ.ഡി.യെ അറിയിക്കുകയായിരുന്നു.

ഈ മാസം 22-ന് എ.സി.മൊയ്തീന്റെ തൃശ്ശൂരിലെ വീട്ടിൽ ഇ.ഡി. 23 മണിക്കൂർ നീണ്ട റെയ്ഡ് നടത്തിയിരുന്നു. എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും പേരിലുള്ള അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു. ഇതേത്തുടർന്ന് 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചിരുന്നു. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കി.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ‘ ബിൽ പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാൻ നീക്കം

0

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർക്കുന്നത്.

സെപ്റ്റംബർ 18 മുതൽ അഞ്ച് ദിവസത്തേക്ക് ചേരുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ അജൻഡയൊന്നും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിതമായി പാർലമെന്‍റ് സമ്മേളനം വിളിച്ചത് പ്രതിപക്ഷ കക്ഷികളെയും അമ്പരപ്പിച്ചിട്ടുണ്ട്. വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥി അടക്കം ഉള്ള കാര്യങ്ങളിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ പെട്ടന്ന് ഒരു തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വെല്ലുവിളിയാകും. ഇത് തന്നെയാണ് എൻ ഡി എ യുടെ ലക്ഷ്യം.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചായിരുന്നു മമതയുടെ പ്രതികരണം.

‍ജയസൂര്യ തിരുവോണ സൂര്യനെന്ന് നടൻ ജോയ് മാത്യു

0

നടൻ ജയസൂര്യക്ക് പിന്തുണയുമായി ജോയ് മാത്യു. ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് ജോയ് മാത്യു പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നടന്റെ പ്രതികരണം.

പേരുപോലെ തന്നെ ജയസൂര്യ ജയിച്ച സൂര്യനായെന്ന് ജോയ് മാത്യു കുറിച്ചു. അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യനെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.

ജോയ് മത്യുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവോണസൂര്യൻ

മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരാണെങ്ങും.
ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!

നെൽ കർഷകർക്ക് പണം നൽകിയിട്ടുണ്ട്; യാഥാർത്ഥ്യം മനസ്സിലാക്കാതെ സംസാരിക്കരുത്; ജയസൂര്യക്ക് കൃഷി മന്ത്രിയുടെ മറുപടി

0

നടൻ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്. നെൽ കർഷകർക്ക് പണം നൽകിയില്ലെന്ന ജയസൂര്യയുടെ ആരോപണം തെറ്റെന്ന് കൃഷി മന്ത്രി. ഇറങ്ങും മുൻപേ പൊളിഞ്ഞു പോയ സിനിമയാണ് ജയസൂര്യയുടെ ആരോപണമെന്നും മന്ത്രി പരിഹസിച്ചു. ജയസൂര്യ നല്ല നടനാണ്. എന്നുവച്ച് ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ ശ്രമിക്കരുത്. ആരോപണം ഉന്നയിക്കും മുൻപ് യാഥാർഥ്യ മനസിലാക്കാൻ ശ്രമിക്കണം. ഇപ്പോഴത്തെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ അജൻഡയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി രാജീവ് അപ്പോൾ തന്നെ ജയസൂര്യക്ക് മറുപടി നൽകിയതാണ് എന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. മന്ത്രി നൽകിയ മറുപടി മാധ്യമങ്ങൾ നൽകിയില്ല. ജയസൂര്യ പരാമർശിച്ച കൃഷ്ണപ്രസാദിനെ വിളിച്ചിട്ട് ഫോണെടുത്തില്ല. അദ്ദേഹത്തിൻ്റെ പാടശേഖരത്തിൽ എല്ലാവരും മാസങ്ങൾക്ക് മുൻപ് പണം വാങ്ങിയതാണ് എന്നും മന്ത്രി പ്രതികരിച്ചു.

കേരളം മാത്രമാണ് നെൽകർഷകർക്ക് ഇത്രയും സഹായം നൽകുന്നത്. കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോൾ കടമെടുത്ത് പണം നൽകി. സംഭരണ ഘട്ടത്തിൽ തന്നെ പണം നൽകൽ അനിവാര്യമാണ്. പണം ലഭിക്കുന്നതിന് താമസം നേരിടുമ്പോൾ ബാങ്കിനെ സമീപിക്കുന്നത് അതുകൊണ്ടാണ്. ഇടപെടലിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതാണ്. സംസ്ഥാന വിഹിതം ഓണത്തിന് മുൻപ് കൊടുത്തു തീർത്തതാണ് എന്നും മന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി. രാജീവും കൃഷി മന്ത്രി പി. പ്രസാദും പങ്കെടുത്ത പരിപാടിയിൽ അവരുടെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ വിമർശനം. ആറു മാസം മുൻപ് സപ്ലൈകോ ഏറ്റെടുത്ത നെല്ലിന് കർഷകർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

പട്ടിണി കിടക്കുന്ന മാതാപിതാക്കളെ കണ്ട് പുതുതലമുറ എങ്ങനെ കൃഷിയിലേക്ക് ഇറങ്ങും; കൃഷി മന്ത്രി വേദിയിൽ ഇരിക്കെ ജയസൂര്യയുടെ വിമർശനം

0

കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയിൽ ഇരുത്തി കൃഷിയുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിച്ച് നാടൻ ജയസൂര്യ. കൃഷിക്കാർ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം നൽകുന്നില്ലെന്നും ജയസൂര്യ പറഞ്ഞു. സഹപ്രവർത്തകനും കർഷകനുമായ നടൻ കൃഷ്ണ പ്രസാദിന്റെ സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജയസൂര്യയുടെ പരാമർശം. കളമശ്ശേരിയിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ പരാജയപ്പെട്ടാൽ ഏറ്റവും അവസാനം അറിയുക നായകനായിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ജയസൂര്യ കാര്യങ്ങൾ പറഞ്ഞത്. മന്ത്രി നായകനാണെങ്കിലും അറിയുന്നത് വൈകിയായിരിക്കും. ഓണത്തിന് പട്ടിണികിടക്കുന്ന മാതാപിതാക്കളെ കണ്ടാൽ എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരിക എന്ന് ജയസൂര്യ ചോദിക്കുന്നു. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു.

താൻ ഒരു സ്ഥലത്ത് പോയപ്പോൾ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാൽ അത് കേരളത്തിൽ വിൽക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി എന്നും ജയസൂര്യ പറഞ്ഞു. ഗുണനിലവാര പരിശോധന ഇല്ലാത്തതുകൊണ്ട് തേർഡ് ക്വാളിറ്റി അരിയും വിഷം അടങ്ങിയ പച്ചക്കറികൾ കഴിക്കേണ്ട ഗതികേടിലാണ് നമ്മൾ ഇപ്പോൾ ഉള്ളത് എന്ന കാര്യവും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനല്‍: അബുദബി ടെര്‍മിനല്‍-എ നവംബറില്‍ തുറക്കും

0

അബുദബി രാജ്യാന്തരവിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ നവംബറില്‍ തുറക്കും. ടെര്‍മിനല്‍-A ആണ് യാത്രക്കാര്‍ക്കായി തുറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളില്‍ ഒന്നായിരിക്കും ടെര്‍മിനല്‍-A.നിര്‍മ്മാണഘട്ടത്തില്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ എന്നറിയപ്പെട്ടിരുന്ന ടെര്‍മിനല്‍-A നവംബറിന്റെ തുടക്കത്തില്‍ തുറക്കുമെന്ന് അബുദബി എയര്‍പോര്‍ട്‌സ് അറിയിച്ചു.

7,42000 ചതുരശ്രമീറ്ററില്‍ ആണ് ടെര്‍മിനല്‍-A നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 11,000 യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം പുതിയ ടെര്‍മിനലില്‍ ഉണ്ട്. പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കൂടുതല്‍യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനും ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്റര്‍കണക്റ്റഡ് ബയോമെട്രിക് സംവിധാനം അടക്കം ഇമിഗ്രഗേഷന്‍ നടപടിക്രമങ്ങള്‍ക്കായി അത്യാധുനിക സൗകര്യങ്ങളും പുതിയ ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.

സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളും,കാര്യക്ഷമത വര്‍ദ്ധിപ്പിച്ച സെക്യുരിറ്റി ചെക്ക് പോയിന്റുകളും ടെര്‍മിനല്‍ എ-യില്‍ ഒരുക്കിയിട്ടുണ്ട്. ബാഗ്ഗേജ് കൈകാര്യം ചെയ്യുന്നതിനും അത്യാധുനിക സംവിധാനം ആണ് ക്രമീകരിച്ചിരിക്കുന്നത്. 2012-ല്‍ ആണ് ടെര്‍മിനല്‍ A-യുടെ നിര്‍മ്മാണം ആരംഭിച്ചത്. 1080 കോടി ദിര്‍ഹം ആണ് ആരംഭഘട്ടത്തില്‍ നിര്‍മ്മാണച്ചെലവ് കണക്കാക്കിയിരുന്നത്.