Tuesday, May 26, 2026
Home Blog Page 222

പ്രതിപക്ഷ മഹാസഖ്യം ഏകോപനസമിതിയെ പ്രഖ്യാപിച്ചു; സീറ്റ് വിഭജന ചർച്ചകൾ ഉടൻ

0

പ്രതിപക്ഷ സഖ്യം ‘ഇന്‍ഡ്യ’യെ നയിക്കുന്ന 13 അംഗ ഏകോപനസമിതി പ്രഖ്യാപിച്ചു. ഘടകകക്ഷികളിൽനിന്ന് കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), എം കെ സ്റ്റാലിന്‍ (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന്‍ (സമാജ്വാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന്‍ (ജെഎംഎം), ഡി രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് സമിതിയിലുള്ളത്.

നിലവില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഏകോപന സമിതിയില്ല. സിപിഐഎം പ്രതിനിധിയും ഏകോപന സമിതിയിലില്ല. സി പി ഐ എം പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ പരസ്പര ധാരണയോടേയും സഹകരണത്തോടെയും പൂര്‍ത്തിയാക്കുമെന്നും ഇന്ത്യ മുന്നണി അറിയിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കണമെന്ന പ്രമേയവും സഖ്യം പാസാക്കി. സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും അവർ അറിയിച്ചു.

‘ജുഡേഗാ ഭാരത് , ജീത്തേഗാ ഇന്ത്യ’ (ഒന്നിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. മുന്നണി കണ്‍വീനര്‍ പ്രഖ്യാപനവും ഇന്ന് തന്നെ ഉണ്ടാവുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കണ്‍വീനര്‍ ആകാൻ സാധ്യത ഉണ്ട്.

ലോഗോ സംബന്ധിച്ച് ചില കക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ലോഗോ പ്രകാശനം മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്. ചെറുപാര്‍ട്ടികള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കാനാണ് സഖ്യത്തിന്റെ തീരുമാനം. ഇതിനായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കല്‍, മീഡിയ മാനേജ്മെന്റ് തുടങ്ങിയ സമിതികളില്‍ ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തും. “വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിടൽ ക്രമീകരണങ്ങൾ ഉടനടി ആരംഭിക്കുകയും സഹകരണ മനോഭാവത്തിൽ എത്രയും വേഗം അവസാനിപ്പിക്കുകയും ചെയ്യും” പ്രമേയത്തിൽ വ്യക്തമാക്കുന്നു.

മെസ്സി തന്നെ നയിക്കും…! അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമായി

0

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനയുടെ 32 അംഗ ടീമിനെ കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചു. ഇക്വഡോറിനും ബൊളീവിയയ്ക്കുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയെ ലയണൽ മെസ്സി നയിക്കും

ഈ മാസം 7ന് സ്വന്തം നാട്ടിൽ ഇക്വഡോറിനെ നേരിടുന്ന അർജന്റീന 12ന് ബൊളീവിയയെ അവരുടെ മൈതാനത്ത് നേരിടും.ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ , നിക്കോളാസ് ഒട്ടാമെന്റി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഇടം നേടിയപ്പാള്‍ ഡിബാല പരിക്കുമൂലം ടീമിലില്ല.

നെയാദി നാളെ മടങ്ങില്ല: മടക്കയാത്ര മാറ്റിയെന്ന് നാസ

0

യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മടക്കയാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിച്ചു. പുതിയ തീയതി നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.

നാളെ വൈകിട്ട് 5.5-ന് ബഹിരാകാശനിലയത്തില്‍ നിന്നും നെയാദിയും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങും എന്നായിരുന്നു നാസയുടെ ആദ്യ അറിയിപ്പ്. എന്നാല്‍ നാളത്തെ മടക്കയാത്ര മാറ്റിവെച്ചതായി നാസയും സ്‌പെയ്‌സ് എക്‌സും അറിയിച്ചു. നെയാദിയും സംഘവും വന്നിറങ്ങുന്ന ഫ്‌ളോറിഡ തീരത്തെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് യാത്ര മാറ്റിവെച്ചത്. ഭൂമിയിലേക്ക് മടങ്ങുന്നതിനുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും നെയാദി അടങ്ങുന്ന ക്രൂ സിക്‌സ് പൂര്‍ത്തിയാക്കിയിരുന്നു.സംഘത്തിന് ബഹിരകാശ നിലയത്തില്‍ പുതിയതായി പുതിയതായി എത്തിയ സംഘം യാത്രയയപ്പ് നല്‍കി.

തനിക്കും തന്റെ മേഖലയ്ക്കും അതിശയകരമായ അനുഭവങ്ങള്‍ ആണ് രാജ്യാന്തരബഹിരാകശ നിലയം സമ്മാനിച്ചതെന്ന് നെയാദി പറഞ്ഞു. നിലയത്തിലെ മറ്റ് അന്തേവാശികള്‍ കുടുംബാംഗങ്ങളെപ്പോലെയായിരുന്നുവെന്നും നെയാദി പറഞ്ഞു. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ച അറബ് വംശജന്‍ എന്ന റെക്കോര്‍ഡുമായാണ് നെയാദി ഭൂമിയിലേക്ക് മടങ്ങുന്നത്.

സല സൗദി പ്രോലീഗിലേക്ക്: അല്‍ ഇത്തിഹാദും ലിവര്‍പൂളും ധാരണയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്‌

0

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയും സൗദി പ്രോലീഗില്‍ എത്തിയേക്കും. ലിവര്‍പൂളും അല്‍ഇത്തിഹാദ് ക്ലബും തമ്മില്‍ കൈമാറ്റത്തിന് ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രി സല സൗദിയില്‍ എത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി ദിനപത്രമായ ഒകാസ് ആണ് സലയെ കൈമാറുന്നതിന് ക്ലബുകള്‍ തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട് ചെയ്തതത്. 150 ദശലക്ഷം പൗണ്ടിനാണ് സലയെ അല്‍ഇത്തിഹാദ് ക്ലബ് സ്വന്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അല്‍ നാസര്‍ ക്ലബ് നല്‍കുന്നതിലും ഇരട്ടി തുകയാണ് സലയ്ക്ക് അല്‍ഇത്തിഹാദ് നല്‍കുന്നത്. ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സല ഇന്ന് രാത്രി സൗദിയില്‍ എത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സ്വകാര്യവിമാനത്തില്‍ ജിദ്ദയില്‍ ആയിരിക്കും സല എത്തുക. കഴിഞ്ഞ ആറ് സീസണുകളായി ലിവര്‍പൂളിന്റെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് സല. 2017-ല്‍ ആണ് ഈജിപ്ഷ്യന്‍ താരം ലിവര്‍പൂളില്‍ എത്തിയത്.

ക്ലോക്ക് ടവറിന് പുതിയ മുഖം: ദുബൈ ക്ലോക്ക് ടവര്‍ നവീകരിച്ചു:

0

ദുബൈയിലെ ക്ലോക്ക് ടവര്‍ നവീകരണം പൂര്‍ത്തിയായെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു. പത്ത് ദശലക്ഷം ദിര്‍ഹം ചിലവിലാണ് ക്ലോക്ക് ടവര്‍ നവീകരിച്ചത്. രൂപത്തില്‍ മാറ്റം വരുത്താതെയാണ് നവീകരണം. ദുബൈ നഗരത്തിലെ പ്രധാന ലാന്‍ഡ് മാര്‍ക്കുകള്‍ എല്ലാം നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്ലോക്ക് ടവറും മുന്‍സിപ്പാലിറ്റി നവീകരിച്ചത്.

1963-ല്‍ നിര്‍മ്മിച്ച ക്ലോക്ക് ടവര്‍ ദുബൈയിലെ ചരിത്രപ്രാധാന്യമുള്ള റൗണ്ട് എബൗട്ടാണ്. പ്രധാന തൂണുകളുടെ രൂപത്തില്‍ മാറ്റം വരുത്താതെയാണ് നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തിലാണ് നവീകരണം ആരംഭിച്ചത്. ക്ലോക്ക് ടവറും ചുറ്റുമുള്ള റൗണ്ട് എബൗട്ടും ആണ് നവീകരിച്ചത്. റൗണ്ട് എബൗട്ടില്‍ കൂടുതല്‍ ചെടികള്‍ നട്ടുവളര്‍ത്തി മനോഹരമാക്കി. റൗണ്ട് എബൗട്ടിലെ വാട്ടര്‍ ഫൗണ്ടനും നവീകരിച്ചു. ഫൗണ്ടനിലെ ലൈറ്റുകളിലും മാറ്റം വരുത്തി. ക്ലോക്ക് ടവറിന് ചുറ്റും നിലത്ത് പുതിയ ടൈലുകള്‍ പതിപ്പിച്ചു.

വൈകുന്നേരങ്ങളിലും രാത്രിയിലും കൂടുതല്‍ മനോഹരമാകും വിധത്തിലാണ് ക്ലോക്ക് ടവര്‍ നവീകരിച്ചിരിക്കുന്നത്.

ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്: നീക്കം തകൃതിയാക്കി കേന്ദ്രം, രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി

0

ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് നീക്കം കേന്ദ്ര സർക്കാർ തകൃതിയായി മുന്നോട്ട് കൊണ്ടുപോകുന്നു. വിഷയം ആലോചിക്കാന്‍ കേന്ദ്രം പ്രത്യേക സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നിയമിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണു തിരക്കിട്ട നീക്കം. വിഷയം പഠിച്ചതിനു ശേഷം സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.

സമിതിയുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണമായി പുറത്തുവന്നിട്ടില്ല. ആരൊക്കെയാണ് മറ്റു അംഗങ്ങൾ എന്നതിനെക്കുറിച്ചും വ്യക്തതയില്ല. വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകുമെന്നാണ് സൂചനകള്‍. 2014 ല്‍ ബി ജെ പിയുടെ പ്രകടന പത്രികയില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

110 കോടി പ്രതിഫലത്തിനുപിന്നാലെ ലാഭവിഹിതവും; രജനിക്ക് ചെക്ക് കൈമാറി ജയിലർ നിർമാതാവ്

0

മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍. ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ ചിത്രം ഇതുവരെ നേടിയത് 600 കോടിയാണ്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേ രജനീകാന്തിന് ലാഭവിഹിതത്തിന്റെ ഒരു ഭാഗം കൂടി നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍.

ചെന്നൈയിലെ രജനീകാന്തിന്റെ വസതിയില്‍ എത്തിയാണ് കലാനിധി മാരന്‍ ചെക്ക് കൈമാറിയത്. ചെക്കിലെ തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 20 കോടി രൂപയ്ക്കടുത്ത് ചെക്കിലെ തുക വരുമെന്നാണ് റിപ്പോർട്ട്.

സൺപിക്‌ചേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ചെക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. ജയിലറിന്റെ ചരിത്ര വിജയം ആഘോഷിക്കുന്നുവെന്നാണ് പോസ്റ്റിനൊപ്പമുള്ള തലക്കെട്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ സിഇഒ ആണ് കലാനിധി മാരന്‍. പ്രൊഫിറ്റ് ഷെയറിംഗ് കരാറും ജയിലറില്‍ രജനി സണ്‍ പിക്ചേഴ്സുമായി ഒപ്പിട്ടിരുന്നു എന്നാണ് സൂചന.

ഇനി സൂര്യനെ കീഴടക്കാൻ: ആദിത്യ എൽ1 വിക്ഷേപണം നാളെ‌, കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും

0

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിന് ഒരുങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ശനിയാഴ്ച രാവിലെ 11.50 നാണ് പേടകം വിക്ഷേപണം നടത്തുക. ആദിത്യ എല്‍ വണ്ണിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും. വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.

സൂര്യനില്‍ നിന്നു വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യം. ലാഗ്രേഞ്ച് 1 പോയിന്റിൽ നിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റര്‍ അകലെയാണ് ഇത്. വിക്ഷേപിച്ച് മൂന്ന് മാസം സഞ്ചരിച്ചാണ് പേടകം ഇവിടെ എത്തുക. പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ് ആദിത്യ എല്‍1. 5 കൊല്ലവും രണ്ടുമാസവും നീണ്ടുനില്‍ക്കുന്ന സ്പേസ് ഓബ്സര്‍വേറ്ററി ദൗത്യം വിജയിച്ചാല്‍ സൂര്യപര്യവേഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും.

ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് പോയന്റ്-1 പോയിന്റിൽ ഗുരുത്വാകർഷണ ബലങ്ങൾ സന്തുലിതമാണ്. അതിനാൽ ബഹിരാകാശ പേടകങ്ങൾക്ക് തുടർച്ചയായി കൂടുതൽ ഇന്ധനം ഉപയോഗിക്കാതെ തന്നെ ഇവിടെ തുടരാനാകും. സൗര പ്രവർത്തനങ്ങൾ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ സ്വാധീനം ചെലുത്തുന്നതിനാൽ ഭൂമിയുടെ കാലാവസ്ഥയെ കുറിച്ച് മറഞ്ഞിരിക്കുന്ന പല കാര്യങ്ങളും കണ്ടെത്താനും ഇത് സഹായകരമാകും.

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിപ്പട്ടിക സമര്‍പ്പിച്ചു, രണ്ട് ഡോക്ടര്‍മാരും നഴ്സുമാരും പ്രതികള്‍

0

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതിയ പ്രതിപട്ടിക സമര്‍പ്പിച്ചു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടര്‍മാരും സഹായിച്ച നഴ്‌സുമാരും പ്രതികളാണ്. കുന്നമംഗലം കോടതിയിലാണ് പൊലീസ് പ്രതിപട്ടിക സമര്‍പ്പിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സി കെ രമേശനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹനയും, കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സുമാരായ രഹന എം, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ.

ഐപിസി 338 വകുപ്പ് പ്രകാരമാണ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തതെന്നാണ് വിവരം. കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഡിഎംഒയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഉള്‍പ്പടെ മുമ്പ് പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയ പട്ടിക സമര്‍പ്പിച്ചത്.

സംഭവത്തിൽ ഡോക്ടര്‍മാരെ പിന്തുണച്ച് ഐഎംഎ രംഗത്തെത്തി. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹു പറഞ്ഞു. അന്തിമ തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്റെതാണ്. വിഷയത്തില്‍ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റേതല്ലാത്ത കണ്ടെത്തലുകള്‍ നിലനില്‍ക്കില്ലെന്നും സുല്‍ഫി നൂഹു പ്രതികരിച്ചു.

ആലുവയിലെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു

0

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേരളത്തെ ഞെട്ടിച്ച
കൊലപാതമുണ്ടായി മുപ്പത്തഞ്ചാം ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം നൽകിയത്. എറണാകുളം പോക്‌സോ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ബിഹാർ സ്വദേശി അസഫാക് ആലം മാത്രമാണ് പ്രതി.

കേസിൽ വിചാരണ വേഗത്തിലാക്കുന്നതിനും പൊലീസ്, കോടതിയിൽ അപേക്ഷ നൽകും. വിശദമായ അന്വേഷണ റിപ്പോർട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പടുത്തി 645 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. കേസിൽ 99 സാക്ഷികളാണുള്ളത്. കുട്ടിയെ കൊന്നത് തെളിവ് നശിപ്പിക്കാനെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രതിക്കെതിരെ പോക്സോ കൊലപാതകം, ബലാത്സംഗം ഉൾപ്പടെ 9 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജൂലൈ 28 നാണ് ആലുവ തായിക്കാട്ടുകരയിൽനിന്നു കാണാതായ ബിഹാർ സ്വദേശിയായ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നു അന്വേഷണമാണ് ക്രൂരമായകൊലപാതകം പുറംലോകം അറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചന അനുസരിച്ച് അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നൽ തിരച്ചിലിന് ഒടുവിൽ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തുകയായിരുന്നു.