ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ റിസര്‍വ് ഡേ മല്‍സരത്തിലും മഴ ഭീഷണി.
ഇന്നും മഴ പെയ്താല്‍ മല്‍സരം ഉപേക്ഷിച്ചേക്കും. അങ്ങനെ എങ്കില്‍ ഇരു ടീമുകള്‍ക്കും ഒരു പോയിന്റ് വീതം ലഭിക്കും
മഴ കാരണം ഗ്രൂപ്പ് ഘട്ടത്തിലെ ഇരു ടീമുകളും തമ്മിലുള്ള മല്‍സരവും ഉപേക്ഷിച്ചിരുന്നു.
ഇന്നലെ കളി 24 ഓവറില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്, ബാറ്റ് കൊണ്ട് നല്ല തുടക്കം ലഭിച്ച ഇന്ത്യക്ക് മല്‍സരം
ഉപേക്ഷിച്ചാല്‍ അത് തിരിച്ചടിയായേക്കും.
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; റിസര്‍വ് ഡേയിലും ഇന്ത്യാ പാക് പോരാട്ടം ആശങ്കയില്‍
വിശ്രമത്തിന് വിരാമമിട്ട് പൃഥ്വിരാജ്; എംപുരാന്റെ സെറ്റ് സന്ദർശിക്കുന്ന വീഡിയോ
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എംപുരാന്റെ സെറ്റ് സന്ദർശിച്ച് പൃഥ്വിരാജ് സുകുമാരൻ. ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ പൃഥ്വിരാജ് വിശ്രമത്തിലായിരുന്നു. മലയാളത്തിലെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. വിശ്രമത്തിനു വിരാമമിട്ട് എംപുരാന്റെ പൃഥ്വിരാജ് സെറ്റ് സന്ദർശിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

ഖുറേഷി അബ്രഹാമിന്റെ വരവിന് വേദിയൊരുക്കുന്ന സെറ്റ് സന്ദർശിക്കാൻ ആണ് പൃഥ്വിരാജ് എത്തിയതെന്നാണ് സൂചന. എമ്പുരാന് വേണ്ടി ഒരു ഹെലികോപ്റ്റർ കൃത്രിമമായി പണിയുന്നതായി നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വർക്ക് നടക്കുന്ന സ്ഥലത്താണ് പൃഥ്വിരാജ് എത്തിയത് എന്നാണ് റിപ്പോർട്ട്.
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാൽ കുഴയ്ക്കാണ് പൃഥ്വിരാജിന് പരുക്കേറ്റത്. കാലിന് പരുക്കേറ്റ താരത്തെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പിന്നീട് രണ്ട് മാസത്തെ വിശ്രമത്തിനു ശേഷം ഇതാദ്യമായാണ് വീണ്ടും ഒരു സിനിമാ സെറ്റിൽ എത്തുന്നത്.
ആശീര്‍വാദ് സിനിമാസാണ് എംപുരാൻ നിര്‍മിക്കുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാണ് ലൈൻ പ്രൊഡക്‌ഷൻ.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ പെയ്യുന്നത് തുടരുകയാണ്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ മഴ പെയ്യും. മധ്യ, തെക്കൻ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്.
മലയോരമേഖലകളിൽ ജാഗ്രത മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാനസിക സംഘര്‍ഷമുണ്ടായി; പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് രമേശ് ചെന്നിത്തല
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടാതെപോയതിന്റെ പേരില്‍ കൂടുതല്‍ പ്രതിഷേധത്തിനില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാൽ പ്രവര്‍ത്തകസമിതി രൂപീകരണത്തിന് ശേഷം മാനസിക സംഘര്‍ഷമുണ്ടായി എന്ന് അദ്ദേഹം വ്യക്തമാക്കി. 19 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന പദവിയില്‍ തന്നെ നിയമിച്ചതില്‍ അസ്വാഭാവികത തോന്നി. സമിതിയില്‍ കേരളത്തില്‍നിന്ന് ഉള്‍പ്പെട്ട നാലുപേരും അതിന് അര്‍ഹതപ്പെട്ടവരാണെന്നും മനുഷ്യനെന്ന നിലയിലുള്ള വികാരവിക്ഷോഭം മൂലമാണ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളിലെല്ലാം സത്യസന്ധമായും ആത്മാര്‍ഥമായും പാര്‍ട്ടിയുടെ നൻമയ്ക്ക് വേണ്ടിയുമാണ് പ്രവർത്തിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രത്യേകിച്ച് പദവികളൊന്നും പാര്‍ട്ടിയിലില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയ ശേഷം 24 മണിക്കൂറും പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഒരു പദവിയില്ലെങ്കിലും നാളെയും ആ ശ്രമം തുടരും. സ്ഥിരം ക്ഷണിതാവായി എന്നെ ഉള്‍പ്പെടുത്തിയതില്‍ നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇനി എം എൽ എ ചാണ്ടി ഉമ്മൻ; സത്യപ്രതിജ്ഞ ചെയ്തു
ചാണ്ടി ഉമ്മൻ പുതുപ്പള്ളി എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു സത്യപ്രതിജ്ഞ. പി.സി. വിഷ്ണുനാഥ് എം.എൽ.എയ്ക്കൊപ്പമാണ് ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ഡെസ്കിലടിച്ചാണ് പ്രതിപക്ഷം സഭയിലേക്ക് ചാണ്ടി ഉമ്മനെ വരവേറ്റത്.
ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷനേതാവിനേയും മുഖ്യമന്ത്രിയേയും കൈകൂപ്പി അഭിസംബോധ ചെയ്തശേഷമായിരുന്നു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കുശേഷം അംഗത്വ രജിസ്റ്ററിൽ ഒപ്പുവെച്ചു. തുടർന്ന് സ്പീക്കറുടെ ഡയസിലെത്തി ഹസ്തദാനം ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയടക്കം മുൻനിരയിലുള്ള മന്ത്രിമാരുടെ അടുത്ത് ചെന്ന് ഹസ്തദാനം നടത്തി. പിന്നീട് പ്രതിപക്ഷനേതാവടക്കമുള്ള സഭാ കക്ഷിനേതാക്കളേയും അഭിസംബോധന ചെയ്തു.
സോളാർ വിഷയത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയത്തിൽ ചർച്ച
സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ അടിയന്തര പ്രമേയ നോട്ടീസില്‍ ഇന്ന് ചര്‍ച്ച. ഉച്ചക്ക് ഒരു മണിക്കാണ് പ്രതിപക്ഷത്തിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ചര്‍ച്ച നടക്കുക. ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. ഒരു മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച നടക്കുക.
ഷാഫി പറമ്പിലിന്റെ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ഇല്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്നാണ് രണ്ടു മണിക്കൂര്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയത്.
സോളാര്‍ ലൈംഗിക പീഡനക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട്. പുറത്തുവന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സാമ്പത്തികനേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു അതെന്നുമാണ് കണ്ടെത്തൽ. കെ.ബി. ഗണേഷ് കുമാര്‍, ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ എന്നിവര്‍ ഇടപെട്ടുവെന്നുമാണ് റിപ്പോർട്ട്.
‘ഉമ്മന്‍ ചാണ്ടി സര്‍ ചിലര്‍ കാരണം അങ്ങയെ തെറ്റിദ്ധരിക്കേണ്ടിവന്നു’ – ഷമ്മി തിലകന്‍
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം കുറച്ചുനാളുകളെങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഷമ്മി കുറിച്ചു.
ഷമ്മി തിലകന്റെ കുറിപ്പ് : ”ഉമ്മന്‍ചാണ്ടി സര്‍ മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു. ഒപ്പം, പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാന്‍ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ (CME) മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്, ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്യുണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.’
യുഎഇ ഹെലികോപ്ടര്‍ അപകടം:രണ്ട് പൈലറ്റുമാരും കൊലപ്പെട്ടു
യുഎഇ തീരത്തുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ കാണാതായ രണ്ടാമത്തെ പൈലററ്റും മരിച്ചതായി സ്ഥിരീകരണം. ഈജിപിത്-ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണ് മരിച്ചത്.സെപ്റ്റംബര്‍ ഏഴിന് രാത്രി എട്ട് ഏഴിനാണ് ഏറോ ഗള്‍ഫിന്റെ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണത്. അപകടത്തില്‍പ്പെട്ട പൈലറ്റുമാരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി വെളളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. കാണാതായ രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഹെലികോപ്ടര്‍ കമ്പനിയായ എറോ ഗള്‍ഫ്.
അല്‍മക്തും രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഓഫ്‌ഷോര്‍ റിഗ്ഗിലേക്ക് സര്‍വീസ് നടത്തുന്ന ഹെലികോപ്ടര്‍ ആണ് കടലില്‍ തകര്‍ന്നുവീണത്. പതിവ് പരിശീലനപറക്കിലിനിടെയാണ് അപകടം ഉണ്ടായതെന്ന് ഏറോ ഗള്‍ഫ് അറിയിച്ചു. രണ്ട് പൈലറ്റുമാര്‍ മാത്രമേ ഹെലിക്ടോപ്ടറില്‍ ഉണ്ടായിരുന്നുള്ളെന്നും മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും ഏറോ ഗള്‍ഫ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളാല്‍ കഴിയും വിധത്തിലുള്ള സഹായം ലഭ്യമാക്കുമെന്ന് ഏറോഗള്‍ഫ് അറിയിച്ചു.
അപകടത്തിന്റെ കാരണം എന്തെന്ന് നിലവില്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടിയോ ഹെലിക്ടോപര്‍ കമ്പനിയോ വ്യക്തമാക്കിയിട്ടില്ല. അപകടം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവെയ്ക്കുമെന്ന് എയറോഗള്‍ഫ് അറിയിച്ചു
ദുബൈയിലെ ജലഗതാഗത ശൃംഖല വിപുലീകരിക്കുന്നു
ദുബൈയിലെ ജലഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കി. ജലഗതാഗത ശൃംഖലയില്‍ 188 ശതമാനം വിപുലീകരണം ആണ് ലക്ഷ്യമിടുന്നത്. ജലഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം
2030 എത്തുമ്പോഴേയ്ക്കും ദുബൈയിലെ ജലഗതാഗത ശൃംഖലയിലേക്ക് 22.2 ദശലക്ഷം യാത്രക്കാരെ എത്തിക്കുന്നതിനുള്ള പദ്ധതിയ്ക്കാണ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കിയിരിക്കുന്നത്. ജലഗതാഗത ശൃംഖല 55 കിലോമീറ്ററില്‍ നിന്നും 158 കിലോമീറ്ററായി ഉയര്‍ത്തും. ബോട്ട് സ്‌റ്റേഷനുകള്‍ 48-ല്‍ നിന്നും 79-ആയി വര്‍ദ്ധിപ്പിക്കും. ജലഗതാഗത സര്‍വീസുകള്‍ 196-ല്‍ നിന്നും 258-ആയും വര്‍ദ്ധിപ്പിക്കും. ദൂബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയില്‍ സന്ദര്‍ശനം നടത്തിയ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പദ്ധതി വിലയിരുത്തി.
ത്രിഡി പ്രിന്റഡ് ഇലക്ട്രിക് അബ്രകള്‍ നിര്‍മ്മിക്കുന്നതടക്കമാണ് പദ്ധതി. ത്രീഡിപിന്റിംഗിലൂടെ അബ്രകള്‍ ഒരുക്കുന്നതിലൂടെ നിര്‍മ്മാണസമയം തൊണ്ണൂറ് ശതമാനവും ചിലവ് മുപ്പത് ശതമാനവും കുറയ്ക്കാന്‍ കഴിയുമെന്ന് ആര്‍ടിഎ അറിയിച്ചു. സ്വയംനിയന്ത്രിത ഇലക്ട്രിക് അബ്രയുടെ പരീക്ഷണ ഓട്ടം വിജയകരമായി നടക്കുന്നുവെന്നും ആര്‍ടിഎ വ്യക്തമാക്കി. ജദ്ദാഫിനും ഫെസ്റ്റിവല്‍ സിറ്റിക്കും ഇടയിലാണ് പരീക്ഷണ ഓട്ടം. തദ്ദേശിയമായിട്ടാണ് സ്വയംനിയന്ത്രിത ആര്‍ടിഎ നിര്‍മ്മിച്ചത്.
‘യഥാര്‍ത്ഥ പാക്കിസ്ഥാനെ ഇന്ത്യ കാണാന്‍ പോകുന്നതേയുള്ളൂ’- ഷാഹിന്‍ അഫ്രീദി
ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുന്‍പ് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി. മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ എന്ന് താരം വ്യക്തമാക്കി. എ.എഫ്.പിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയ്ക്കെതിരായ എല്ലാ മത്സരവും പ്രത്യേകത നിറഞ്ഞതാണ്. നിരവധി പേരാണ് ഈ മത്സരം കാണുന്നത്. അണ്ടര്‍ 16 ക്രിക്കറ്റ് കളിക്കുന്നതിന് മുന്‍പ് സ്ഥിരമായി ഞാന്‍ ഇന്ത്യ-പാക് കളി കാണുമായിരുന്നു. ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ.’ – അഫ്രീദി പറഞ്ഞു.
മഴമുടക്കിയ ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തില്‍ അഫ്രീദി നാല് വിക്കറ്റെടുത്തിരുന്നു. പേസ് അറ്റാക്കിലാണ് പാകിസ്താന്റെ പ്രതീക്ഷ. അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരാണ് പാക് പേസ് നിരയിലുള്ളത്. ഇവര്‍ ഇതുവരെ ഏഷ്യാകപ്പില്‍ നിന്ന് 23 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഈ പേസ് ത്രയത്തെ നേരിടുക എന്നതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി


