Tuesday, July 28, 2026
Home Blog Page 212

കടമക്കുടിയിൽ അമ്മയും അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ

0

എറണാകുളം കടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

കടമക്കുടിയിൽ തന്നെ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു നിജോ. ഇറ്റലിയിൽ ജോലി ചെയ്തിരുന്ന ശില്‍പ അടുത്തിടെയാണ് നാട്ടിലെത്തിയത്. തിരിച്ച് പോകാനിരിക്കെയാണ് സംഭവം. സാമ്പത്തിക ബാധ്യതതയെ തുടര്‍ന്നാണ് ആത്മഹത്യയാണെന്നാണ് നി​ഗമനം. ചൊവ്വാഴ്ച രാവിലെയോടെയാണ് നാല് മൃതദേഹങ്ങളും വീടിനുള്ളില്‍ കണ്ടെത്തിയത്. കടമക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നിപയാണോ എന്ന് ഇന്ന് അറിയാം; പരിശോധന ഫലം ഇന്ന് വൈകീട്ടോടെയെന്ന് വീണാ ജോർജ്

0

നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. നിപയാണോയെന്ന് സ്ഥിരീകരിക്കാന്‍ അതിന് ശേഷമേ കഴിയൂവെന്നും ‌ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ അത്തരം വെല്ലുവിളി മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് സ്വീകരിക്കുന്നത്. സമ്പർകത്തിലേർപ്പെട്ടവരെ കണ്ടെത്തി റിസ്ക് അനുസരിച്ച് പട്ടികപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ തന്നെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിപ സംശയിക്കുന്ന നാലുപേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.

ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ പനി കേസും പ്രത്യേകം നിരീക്ഷണമെന്ന നിര്‍ദേശം ആരോ​ഗ്യവകുപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി നാളെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. പനിയ്‌ക്കൊപ്പം തലവേദന, ഛര്‍ദി എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

നിപ്പയാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരികയാണെങ്കില്‍ അത് മുന്‍കൂട്ടി കണ്ടുള്ള മുന്നൊരുക്കപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിപയാണെങ്കില്‍ അതിനനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. നിപയാണെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിവ്യക്തമാക്കി. കോഴിക്കോട് സംഭവിച്ച അസ്വഭാവിക പനിമരണങ്ങളുടെ സാഹചര്യം അവലോകനം ചെയ്യാന്‍ കോഴിക്കോട് എത്തിയതായിരുന്നു ആരോഗ്യ മന്ത്രി.

കോഴിക്കോട് നിപ ജാ​ഗ്രത; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

0

നിപ രോ​ഗ ലക്ഷണങ്ങളോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കോഴിക്കോട് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രത നിർദേശം. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ജാ​ഗ്രതാ നിർദ്ദേശം. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോ എ.എസ് അനൂപ് കുമാർ വ്യക്തമാക്കി. നിപ സംശയമുള്ള നാല് പേർ ചികിത്സയിലാണ്. മുന്‍പ് നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ തന്നെയാണ് ഇപ്പോള്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാട്ടാക്കടയിൽ പതിനഞ്ചുകാരനെ കാറിടിച്ചു കൊന്ന പ്രതി പിടിയിൽ; പ്രി​യ​ര​ഞ്ജ​ൻ പിടിയിലായത് തമിഴ്നാട് അതിർത്തിയിൽ നിന്ന്

0

കാട്ടാക്കടയിൽ സൈക്കിളിൽ പോകുന്നതിനിടെ പത്താംക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രി​യ​ര​ഞ്ജ​ൻ പിടിയിൽ. കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ നി​ന്ന് ഇ​ന്ന് വൈ​കി​ട്ടാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കൊലപാതകം നടന്ന് പന്ത്രണ്ടാം ദിവസമാണ് പ്രതിയെ പിടികൂടിയത്.

പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​യാ​യ ആ​ദി​ശേ​ഖ​ർ(15) എ​ന്ന കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. പു​ളി​ങ്കോ​ട് ക്ഷേ​ത്ര​മ​തി​ലി​ന് സ​മീ​പം മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്രി​യ​ര​ഞ്ജ​ൻ ബ​ന്ധു​വാ​യ ആ​ദി​ശേ​ഖ​റി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കഴിഞ്ഞ 31 നാണ് പുളിങ്ങോട് ക്ഷേത്രത്തിന് സമീപത്തുവെച്ച് കുട്ടി കാറിടിച്ച് മരിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മനപൂർവം നടത്തിയ നരഹത്യയാണെന്ന് സ്ഥിരീകരിച്ചത്. പ്രതി സംഭവശേഷം ഒളിവിൽപോയിരുന്നു.

മൊബൈൽ ഫോൺ ഓഫാക്കിയ നിലയിലും വീട് അടച്ചിട്ട നിലയിലുമായിരുന്നു. 4 സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇതിനിടെ വിശദ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ കുടുംബം പരാതി നല്‍കിയിരുന്നു. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം.

മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്; ഉമ്മൻചാണ്ടിയെ ആക്ഷേപിച്ചവർ മാപ്പു പറയണമെന്ന് ഷാഫി പറമ്പിൽ

0

സോളാർ കേസുമായി ബന്ധപ്പെട്ട് ലൈംഗികാരോപണം ഉന്നയിച്ച് ഉമ്മന്‍ചാണ്ടിയെ ആക്ഷേപവര്‍ഷങ്ങള്‍ ചൊരിയാന്‍ തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവര്‍ മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സോളാര്‍ തട്ടിപ്പുകേസിലെ സിബിഐ കണ്ടത്തലുകളുടെ പശ്ചാത്തലത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയിലായിരുന്നു ഷാഫി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്. കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ സുതാര്യമായ പൊതുജീവിതം നയിച്ച, അവരുടെ മുഴുവൻ വിശ്വാസ്യതയും ആർജിച്ച ഉമ്മൻ ചാണ്ടിക്ക് നേരെ ആക്ഷേപ വർഷങ്ങൾ ചൊരിഞ്ഞവർ മാപ്പ് പറയാതെ കേരളം പൊറുക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നേരിട്ടത് കടുത്ത അവഹേളനമാണ്. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളങ്ങളുടെ പേരിൽ ലോകത്തെവിടെയും കേൾക്കാത്ത​ ക്രൂരമായ വേട്ടയാടലുകൾക്ക് ഉമ്മൻ ചാണ്ടി ഇരയായി എന്നത് കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ആരോപണങ്ങളുടെ പേരിൽ നിയമസഭക്കകത്ത് എത്ര വലിയ അവഹേളനമാണ് നേരിടേണ്ടി വന്നതെന്ന് സഭയിലുണ്ടായിരുന്നവർക്ക് ഓർമയുണ്ടാകും. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പോലുള്ളവർ ഏറ്റവും ഹീനമായ തരത്തിൽ അദ്ദേഹത്തെ വ്യക്തിഹത്യ നടത്തി. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനെ ഇല്ലാക്കഥകള്‍ പറഞ്ഞ് വേട്ടയാടിയെന്നും പി സി ജോര്‍ജിനെപ്പോലുള്ള രാഷ്ട്രീയമാലിന്യങ്ങളെ അതിനായി ഉപയോഗിച്ചെന്നും ഷാഫി ആരോപിച്ചു. പച്ചക്കള്ളമാണെന്ന് അറിഞ്ഞിട്ടും ഞാനും എന്നെക്കൊണ്ട് സാധിക്കുന്നത് പോലെ ചെയ്തെന്ന് പിസി ജോര്‍ജ് പിന്നീട് വെളിപ്പെടുത്തി. സൈബര്‍ ലിഞ്ചിങ്ങിന്റെ തുടക്കം സോളര്‍ കേസാണെന്നും ഷാഫി പറഞ്ഞു. ഒരു സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയാണ് സോളര്‍ കേസ് എന്നും കേരളത്തിന്റെ പൊതുസമൂഹം സിപിഐഎമ്മിന് മാപ്പ് നല്‍കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സൗദി – ഇന്ത്യ ബന്ധം ഊര്‍ജ്ജിതം; ശ്രദ്ധേയമായി മോദി-എംബിഎസ് കൂടിക്കാഴ്ച

0

സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തെ ശ്രദ്ധാപ്പൂര്‍വ്വം ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ശ്രദ്ധേയമായ കരാറില്‍ ഒപ്പുവെച്ചേക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ദീര്‍ഘകാല ഊര്‍ജ്ജ സഹകരണ കരാറിലും ഇരു രാഷ്ട്ര നേതാക്കളുമെത്തിയേക്കുമെന്നാണ് സൂചന.

ഞായറാഴ്ച സമാപിച്ച 18-ാമത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ന്യൂഡല്‍ഹിയിലെത്തിയത്. എന്നാല്‍ തിങ്കളാഴ്ചത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അദ്ദേഹം ഡല്‍ഹിയില്‍ തുടരുകയായിരുന്നു. ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍ നടക്കുന്ന നേതാക്കളുടെ ആദ്യ യോഗത്തില്‍ മോദിയും എം ബി എസും സഹകാര്‍മികത്വം വഹിക്കും.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ, സൗദി അറേബ്യയുടെ കിരീടാവകാശി പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും കണക്ടിവിറ്റി, ഊര്‍ജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നിവയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ജൂണ്‍ മാസത്തില്‍ മോദിയും സല്‍മാന്‍ രാജകുമാരനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു

മാസപ്പടിയല്ല എക്സാലോജിക്ക് കൈപ്പറ്റിയത് ചെയ്ത ജോലിയുടെ പ്രതിഫലമെന്ന് പിണറായി വിജയൻ

0

എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പടിയല്ല എക്സാലോജിക്ക് കമ്പനി കൈപ്പറ്റിയതെന്നും ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേൺ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ക്‌സാലോജിക് കമ്പനി അതിന്റെ ബിസിനസിന്റെ ഭാഗമായി പല സ്ഥാപനങ്ങളുമായും സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ് ബിസിനസ് നടത്തിയിട്ടുണ്ട്. അതിലൊന്നാണ് സിഎംആര്‍എല്‍. സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിനു പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇതു സ്രോതസ്സില്‍ ആദായനികുതി കിഴിച്ചും ജിഎസ്ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഒരു സംരംഭക, അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ കരാറില്‍ ഏര്‍പ്പെടുകയോ ബിസിനസ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പൊതുസേവകന്‍ എന്തെങ്കിലും ഒരു വഴിവിട്ട സഹായം ചെയ്യുകയോ, നിയമപരമായി നിറവേറ്റേണ്ട ഒരു ബാധ്യതയില്‍ വീഴ്ചവരുത്തുകയോ ചെയ്തതായി ഒരു ചുണ്ടനക്കം പരിശോധന നടത്തിയ ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലോ ഇന്ററിം സെറ്റില്‍മെന്റ് സെറ്റില്‍മെന്റ് ഓര്‍ഡറിലോ ഉള്ളതായി പറയാന്‍ കഴിയുമോ എന്നും പിണറായി വിജയൻ ചോദിച്ചു.

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണെമെന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതാണ്. പ്രഥമദൃഷ്ട്യാ അടിസ്ഥാനമില്ലായെന്ന നിരീക്ഷണത്തിലാണ് കേസ് തള്ളിയത്. ഇതും ഇവിടെ പ്രസക്തമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പ്രചരണത്തെയുംആരോപണത്തെയും ശക്തിയായി നിഷേധിക്കുകയാണെന്നും പിണറായി പറഞ്ഞു.

500 കോടിയും കടന്ന് ജവാന്‍; ആറ്റ്‌ലിയുടെ ബോളീവുഡ് അരങ്ങേറ്റത്തിന് റെക്കോര്‍ഡ്

0

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കലക്ഷന്‍ സ്വന്തമാക്കി ജവാന്‍ മുന്നേറുന്നു. ചിത്രത്തിന്റെ
ആദ്യ ആഴ്്ചയിലെ ആഗോള കളക്ഷന്‍ 520.79 കോടി രൂപയാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് കലക്ഷന്‍
ഔദ്യോഗിഗമായി പുറത്തു വിട്ടത്.
ഇതുവരെയുളള കണക്കെടുത്താല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ്
ജവാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ ഷാറൂഖിന്റെ തന്നെ പഠാന്റെ റെക്കോര്‍ഡും ജവാന്‍ മറികടന്നു.

ഏറ്റവും വേഗത്തില്‍ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാന്‍ മാറി. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നാല് ദിവസത്തെ കലക്ഷന്‍ 34 കോടിയാണ്. അതേസമയം തുടര്‍ച്ചയായി നാല് സിനിമകള്‍ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായും അറ്റ്ലി മാറി. ഇതിനു മുമ്പ് വിജയ്യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത തെറി, മെര്‍സല്‍, ബിഗില്‍ എന്നീ സിനിമകള്‍ ബോക്‌സ്ഓഫിസില്‍ നൂറ് കോടി കടന്നിരുന്നു

ക്ലൗഡ് സീഡിങ്ങിനായി പുതിയ രീതികള്‍: 40 മണിക്കൂര്‍ ക്ലൗസ് സീഡിങ് നടത്തും

0

അബുദബി: കൊടുംചൂട് തുടരുന്ന യുഎഇയില്‍ ക്ലൗഡ് സീഡിങ്ങിലൂടെ മഴ വര്‍ദ്ധിക്കും. ഇതിനായി പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ നാല്‍പ്പത് മണിക്കൂര്‍ എന്‍സിഎം വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തും. മൂന്ന് പുതിയ രീതികളും ക്ലൗഡ് സീഡിങ്ങിനായി പരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ക്ലൗഡ് സീഡിങ് ക്യാംപെയിന് തുടക്കമായതോടെ ഇനി വ്യാപക മഴയുണ്ടാകുമെന്നും അറിയിപ്പുണ്ട്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ഉപ്പും പൊട്ടാസ്യവും മഗ്നീഷ്യവും സോളിഡ് കാര്‍ബണ്‍ഡയോക്‌സൈഡുമെല്ലാം കൂട്ടിക്കലര്‍ത്തി മേഘങ്ങളില്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. ഓരോ ദൗത്യത്തിനും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുണ്ടാകും. യുഎസ് ആസ്ഥാനമായ സ്ട്രാറ്റണ്‍ പാര്‍ക്കാണ് വിമാനം പ്രവര്‍ത്തിപ്പിക്കുന്നത്. യുഎഇ കാലാവസ്ഥ കേന്ദ്രത്തിന്റെ ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് 25,000 അടി ഉയരത്തില്‍ മേഘങ്ങളെ നിരീക്ഷിച്ച് പഠനം നടത്തിയാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്.

‘ഒരു കുടുംബം‘ നടത്തുന്ന കൊള്ളയ്ക്ക് പാർട്ടി കാവൽ നിൽക്കുന്നു; മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ

0

മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളക്ക് സിപിഐഎം കാവല്‍ നില്‍ക്കുകയാണെന്ന് മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു. പണം നൽകിയത് ഒരു സേവനവും നൽകാതെയാണ്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

വീണാ വിജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എക്‌സാ ലോജിക്ക് കമ്പനിയില്‍ നിന്നും 1.72 കോടി രൂപ കൈപ്പററിയത് സേവനങ്ങള്‍ നല്‍കിയത് കൊണ്ടാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. എന്നാല്‍ ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് കര്‍ത്ത തന്നെ പറയുന്നു. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്. ഈ 1.72 കോടി രൂപ അനധികൃത ഇടപാടാണെന്ന് പറഞ്ഞാൽ, അതിന്റെ അർഥം അഴിമതിപ്പണം ആണെന്നാണ്. ആ അഴിമതിപ്പണം ഇന്നത്തെ ദിവസം എവിടെയാണ്? മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. ഒന്നുകിൽ അദ്ദേഹത്തിന്റെ മടിയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അലമാരയിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ സഭയിലില്ലാത്തവരെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു ഇത് സഭാ രേഖയില്‍ ഉണ്ടാകാന്‍ പാടില്ലന്നും മന്ത്രി എംബി രാജേഷ് സ്പീക്കറോട് ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് സ്പീക്കര്‍ മറുപടി പറഞ്ഞു. ഭരണപക്ഷ ബഞ്ചുകളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് മാത്യു കുഴല്‍നാടനെതിരെ ഉയര്‍ന്നത്.