Thursday, July 30, 2026
Home Blog Page 200

വിമാനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ റിയാദ് എയര്‍: നാരോബോഡി എയര്‍ക്രാഫ്റ്റുകള്‍ക്ക് കരാര്‍ ഉടന്‍

0

വലിയ വിമാനങ്ങള്‍ക്കൊപ്പം ചെറിയവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകളും അന്തിമഘട്ടത്തിലെന്ന് റിയാദ് എയര്‍. നാരോ ബോഡി എയര്‍ക്രാഫ്റ്റുകളുടെ കരാര്‍ നവംബറില്‍ ദുബൈ എയര്‍ഷോയില്‍ ഒപ്പുവെച്ചേക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് റിയാദ് എയറിന്റെ പദ്ധതി

നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കുള്ള ആദ്യഘട്ട ഓര്‍ഡറുകള്‍ വരും മാസങ്ങളിലുണ്ടാകുമെന്ന് റിയാദ് എയര്‍ സി.ഇ.ഒ ടോണി ഡഗ്ലസ് അറിയിച്ചു. നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിന് ബോയിങ്ങുമായും എയര്‍ബസുമായും ചര്‍ച്ചകള്‍ തുടരുകയാണ്. റിയാദ് എയറിനായി നാനൂറ് നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ ഓര്‍ഡര്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യഘട്ട ഓര്‍ഡറുകള്‍ മേഖലയിലെ ഏറ്റവും വലിയ ഏവിയേഷന്‍ മേളയായ ദുബൈ എയര്‍ഷോയില്‍ ഉണ്ടാകും എന്നാണ് സൂചന. ആദ്യഘട്ടത്തില്‍ 150 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്കായി റിയാദ് എയര്‍ ചര്‍ച്ച നടത്തുന്നുവെന്ന് ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കും ബോയിംഗുമായി റിയാദ് എയര്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. 72 ബോയിംഗ് 787 ഡ്രിം ലൈനര്‍ വിമാനങ്ങളാകും റിയാദ് എയര്‍ ആദ്യഘട്ടത്തില്‍ വാങ്ങുക. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പൈലറ്റുമാര്‍ക്ക് നിയമനം നല്‍കി വരികയാണ് റിയാദ് എയര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എഴുനൂറ് പൈലറ്റുമാര്‍ക്ക് നിയമനം നല്‍കും. 2025ന്റെ തുടക്കത്തില്‍ റിയാദ് എയര്‍ സര്‍വീസ് തുടങ്ങും. 2030ഓട് കൂടി നൂറിലധികം കേന്ദ്രങ്ങളിലേക്ക് റിയാദ് എയര്‍ സര്‍വീസ് നടത്തും.

മഴ കനക്കുന്നു; സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

0

സംസ്ഥാനത്ത് രണ്ട് ദിവസമായി ശമിച്ചിരുന്ന മഴ വീണ്ടും ശക്തമായി. പല പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലർട്ട് നിലവിലുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്.

ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കു സാധ്യതയുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴ അടുത്ത തിങ്കളാഴ്ച വരെ തുടരും.

അറബിക്കടലിൽ കൊങ്കൺ- ഗോവ തീരത്തും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലുമാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. അറബിക്കടലിൽ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചു. മലയോര മേഖലയിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ഡോ. വന്ദന ദാസ് കൊലപാതകം; പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

0

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. കൊല്ലം റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡി ഐ ജി, ആർ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതി സന്ദീപിനെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബേബി മോഹൻ, ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവ‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാർത്ഥം മാറിനിന്നെന്നാണ് റൂറൽ എസ്പിയുടെ അന്വേഷണ റിപ്പോർട്ട്.

മെയ്‌ 10 നാണ് വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുകയായിരുന്നു. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു. സർജിക്കൽ കത്രിക കൊണ്ട് നെഞ്ചിലേറ്റ മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം. പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്ന സന്ദീപിനെ കഴിഞ്ഞ മാസം ജോലിയിൽ നിന്നും പിരിച്ച് വിട്ടു.

പുതിയ പദ്ധതികള്‍: ദുബൈ ടെന്‍ എക്‌സ് മൂന്നാം പതിപ്പ്

0

ദുബൈ:സുപ്രധാന മേഖലകളില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ദുബൈ ഭരണാധികാരി ആരംഭിച്ച ദുബൈ ടെന്‍ എക്‌സിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. എമിറേറ്റിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ തിരഞ്ഞെടുക്കപ്പെട്ട പദ്ധതിളാണ് നടപ്പിലാക്കുക. മറ്റ് ആഗോള നഗരങ്ങളില്‍ നിന്നും പത്ത് വര്‍ഷം മുന്നോട്ടുള്ള വികസ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ദുബൈ ടെന്‍ എക്‌സ് നടപ്പിലാക്കിയത്. 2017 ലായിരുന്നു ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ഭാഗമായി ദുബൈ ടെന്‍ എക്‌സ് ആരംഭിച്ചത്. സംരഭത്തിന്റെ തുടര്‍ച്ചയായി എമിറേറ്റിന്റെ സുസ്ഥിര വികസനത്തിനായുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ദുബൈ ടെന്‍ എക്‌സിന്റെ മൂന്നാം ഭാഗമായുള്ള പദ്ധതികളാണ് ആരംഭിക്കുന്നത്. ഗതാഗതം, വ്യോമയാനം, ബഹിരാകാശം, ഊര്‍ജം, സുസ്ഥിരത, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാപാരം, ധനകാര്യം, ആരോഗ്യം, സുരക്ഷ, സിവില്‍ ഡിഫന്‍സ്, കമ്മ്യൂണിറ്റി സേവനങ്ങള്‍ എന്നീ പ്രധാന മേഖലകളിലായി സുപ്രധാന പദ്ധതികള്‍ക്ക് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

33 വ്യത്യസ്ത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള 120 ല്‍ അധികം ജീവനക്കാര്‍ സംയുക്തമായി 79 പ്രൊജക്ടുകളാണ് വികസിപ്പിച്ചടുത്തത്. ഇതില്‍ നിന്നും തിരഞ്ഞെടുത്തവയാണ് നടപ്പിലാക്കുന്നത്. എമിറേറ്റിന്റെ സുസ്ഥിര വികസനമാണ് ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സാധ്യമാക്കുന്നതും. ഒരോ മേഖലയിലും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപ രേഖയും തയ്യാറായി കഴിഞ്ഞു. പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരിക്കണമെന്ന് ഷെയ്ഖ് ഹംദാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതിനും കൂടുതല്‍ സന്ദര്‍ശകരെ എമിറേറ്റിലേക്ക് എത്തിക്കുന്നതിനും ഉതകുന്നതാകും പദ്ധതികള്‍ എന്നാണ് വിലയിരുത്തല്‍. മികച്ച ജീവിത നിലവാരം, യാത്ര സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, സുരക്ഷ തുടങ്ങിയവയിലെല്ലാം ദുബൈ സമഗ്രമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്.

യുഎഇ ശൈത്യത്തിലേക്ക്: താപനില കുറയുന്നു: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

0

അബുദബി: ഒക്ടോബര്‍ ആദ്യ വാരത്തോടെ യുഎഇ ശൈത്യകാലത്തിലേക്ക് കടക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു തുടങ്ങും. ശൈത്യകാലത്തെ വരവേല്‍ക്കാന്‍ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. പകല്‍ സമയങ്ങളിലെ താപനില കുറഞ്ഞു. ആഗസ്റ്റ് അവസാനം മുതല്‍ രാജ്യത്ത് താപനില കുറഞ്ഞു തുടങ്ങിയിരുന്നു. പകല്‍ സമയങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. ഒക്ടോബര്‍ ആദ്യവാരത്തോടെ ശൈത്യകാലത്തിന് തുടക്കമാകും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മഴയും തണുപ്പും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 2, 3 തിയതികളില്‍ പകലും രാത്രിയും തുല്യമായിരിക്കും. തുടര്‍ന്ന് പകലിന്റെ ദൈര്‍ഘ്യം കുറയും. ശൈത്യകാലത്ത് രാജ്യത്ത് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുകയും മൂടല്‍ മഞ്ഞ് രൂപപ്പെടുകയും ചെയ്യുന്നുണ്ട്.

ശൈത്യകാലത്തെ വരവേല്‍ക്കാന്‍ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. മഞ്ഞ് വീഴ്ച ആസ്വദിക്കാന്‍ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സ് ഒരുങ്ങി. ലോകത്തിലെ ഏറ്റവും വലിയ സിപ് ലൈനും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ദുബൈയിലെ ഹത്ത, ഷാര്‍ജയിലെ മലീഹ, സഫാരി പാര്‍ക്ക്, എന്നിവടങ്ങള്‍ തുറന്നു. ദുബൈയിലെ സഫാരി പാര്‍ക്ക്, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളും ഉടന്‍ തുറന്നു പ്രവര്‍ത്തിക്കും. ശൈത്യകാലത്തിന്റെ വരവറിയിച്ചുള്ള ഹാര്‍വെസ്റ്റ് മൂണ്‍ സെപ്റ്റംബര്‍ 29 ന് പ്രത്യക്ഷമാകും. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഏറ്റവും അടുത്തുള്ള പൂര്‍ണ ചന്ദ്രനാണ് ഹാര്‍വെസ്റ്റ് മൂണ്‍ എന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍ മൂണായിരിക്കും ഇത്. ഷമല്‍ എറിയപ്പെടുന്ന ശൈത്യകാല കാറ്റ് താപനില കുറക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ന് കുറഞ്ഞ് താപനില 25 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയാണ്. വിവിധ എമിറേറ്റുകളില്‍ താപനില ക്രമാതീതമായി കുറഞ്ഞതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇറാഖിന് അനുശോചനമറിയിച്ച് യുഎഇ

0

അബുദബി: കഴിഞ്ഞ ദിവസം ഇറാഖില്‍ വിവാഹ പന്തലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ വധുവും വരനും ഉള്‍പ്പെടെ നൂറിലേറെ പേരാണ് മരിച്ചത്. ഇറാഖിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും തീപിടുത്തത്തിന് ഇരയായവര്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി യുഎഇ അറിയിച്ചു. ഇറാഖിലെ നിനവേ പ്രവിശ്യയിലാണ് തീ പിടുത്തമുണ്ടായത്. പടക്കത്തില്‍ നിന്നുമാണ് തീ പിടിച്ചത്. അപകടത്തില്‍ 150 ലേറെ പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇറാഖ് സര്‍ക്കാരിനോടും ജനങ്ങളോടും ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അപകടമുണ്ടായതിനെ തുടര്‍ന്ന് പുറത്തു കടക്കാന്‍ ശ്രമിച്ച് തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി ആളുകളാണ് മരിച്ചത്.

ദുബൈയില്‍ ഹോട്ടല്‍ ബുക്കിംഗില്‍ കുതിപ്പ്: ഹോട്ടല്‍ നിരക്കുകളിലും വര്‍ദ്ധന

0

ദുബൈയില്‍ കോപ്-28 ഉച്ചകോടി തുടങ്ങാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ ഹോട്ടല്‍ നിരക്ക് കുത്തനെ ഉയരുന്നു. അതിവേഗത്തിലാണ് ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യപ്പെടുന്നത്. ചില ഹോട്ടലുകളില്‍ അഞ്ചിരട്ടി വരെയാണ് നിരക്ക് വര്‍ദ്ധന.

നവംബര്‍ മുപ്പത് മുതല്‍ പന്ത്രണ്ട് വരെ നീണ്ടുനില്‍ക്കുന്നതാണ് കോപ്-28 കാലാവസ്ഥാ ഉച്ചകോടി. ഉച്ചകോടിയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതിനായിരത്തോളം സന്ദര്‍ശകര്‍ ദുബൈയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം യുഎഇയില്‍ ശൈതക്യകാലവിനോദസഞ്ചാര സീസണ്‍ കൂടി ആരംഭിക്കുന്നതാണ് ഹോട്ടല്‍ മുറികള്‍ക്ക് ആവശ്യകത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കോപ്-28 ഉച്ചകോടി നടക്കുന്ന ആദ്യ ദിവസങ്ങളില്‍ എമിറേറ്റിലെ മുപ്പത് ശതമാനം ഹോട്ടല്‍ മുറികളും ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. ശേഷിക്കുന്ന മുറികള്‍ അതിവേഗത്തിലാണ് ബുക്ക് ചെയ്യപ്പെടുന്നത്.

ആവശ്യകത കൂടിയതോടെ ഹോട്ടല്‍ മുറികളുടെ നിരക്കുകളില്‍ വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം യുഎഇയുടെ ദേശീയദിന അവധികള്‍ കൂടി എത്തുന്നത് ഹോട്ടല്‍ മുറികളുടെ ബുക്കിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശൈത്യകാലം ആരംഭിക്കുന്നതോടെ ദുബൈ വേള്‍ഡ് ട്രെഡ് സെന്ററില്‍ അടക്കം നടക്കുന്ന പ്രദര്‍ശനങ്ങളിലും മറ്റ് പ്രധാന പരിപാടികളിലും പങ്കെടുക്കാന്‍ കൂടുതല്‍ ആളുകള്‍ എമിറേറ്റിലേക്ക് എത്തും. ഇത് ഹോട്ടല്‍ മുറികളുടെ ബുക്കിംഗ് കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

പ്ലാസ്റ്റിക് രഹിതം, കുപ്പിവെള്ളം ഉപയോഗം കുറയുന്നു: ദുബൈ കാന്‍ വിജയകരം

0

ദുബൈ: 2022 ലാണ് ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുബൈ കാന്‍ പദ്ധതിയുടെ വാട്ടര്‍ ഫൗണ്ടനുകള്‍ സ്ഥാപിച്ചത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കുകയാണ് ലക്ഷ്യം. പൊതു സ്ഥലങ്ങള്‍ക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പദ്ധതി ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഹോട്ടലുകളില്‍ നിന്നും മാത്രം 1.4 ദശലക്ഷം കുപ്പികളുടെ ഉപയോഗം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം 116 ടണ്‍ കാര്‍ബണ്‍ െൈഡഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സാധിച്ചതായാണ് കാലാവസ്ഥാ സ്ഥിതിവിവര കണക്കകള്‍ സൂചിപ്പിക്കുന്നത്. ദുബൈ കാന്‍ ആരംഭിക്കുന്നതിന് മുമ്പ് 1,17000 കുപ്പി വെള്ളമാണ് ഒരു മാസം ഉപയോഗിച്ചിരുന്നത്. പുനരപയോഗിക്കാന്‍ കഴിയുന്ന ബോട്ടിലുകളും ശുദ്ധീകരിച്ച് ലഭിക്കുന്ന വെള്ളവും ഉപയോഗിക്കുന്നതോടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.

കാര്‍ബണ്‍ ബഹിര്‍ഗമനത്തിലും പരിസ്ഥിതി മലിനീകരണത്തിലും ഗണ്യമായ കുറവുണ്ടാക്കുന്നതായാണ് വിലയിരുത്തല്‍. നവംബറില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയ്ക്കു മുന്നോടിയായി പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കി വിജയത്തിലെത്തിച്ച് മാതൃകയാകുകയാണ് ദുബൈ. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനായി പ്രത്യേക ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചു കഴിഞ്ഞു. കാലാവസ്ഥാ ഭാവിക്കായി ഉച്ചകോടിയോട് അനുബന്ധിച്ച് കാര്‍ബ ബഹിര്‍ഗമനം കുറക്കുന്ന പദ്ധതികളായിരിക്കും ലോക രാഷ്ട്രങ്ങള്‍ക്കിടിയില്‍ ചര്‍ച്ചയാകുക.

അബുദബിയില്‍ പാര്‍ക്കിംഗ് ടോള്‍ എന്നിവ സൗജന്യം

0

അബുദബി: നബിദിനം പ്രമാണിച്ചാണ് അബുദബി സംയോജിത ഗതാഗത കേന്ദ്രം പാര്‍ക്കിംഗും ടോളും സൗജന്യമാക്കിയത്. അവധി ദിനമായ സെപ്റ്റംബര്‍ 29നാണ് സൗജന്യമായി പാര്‍ക്കിംഗും ടോളും ലഭിക്കുക. സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിംഗ് അനുവതിച്ചിരിക്കുന്നത്. മുസഫ എം 18 ലെ ട്രക്ക് പാര്‍ക്കിംഗും സൗജന്യമായിരിക്കും. നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതും ഒഴിവാക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും. ടോള്‍ ഗേറ്റ് നിരക്കുകള്‍ ശനിയാഴ്ച രാവിലെ 7 മണി മുതല്‍ പുനരാരംഭിക്കും. അബുദബിയിലെ പൊതു ബസ് സര്‍വീസുകള്‍ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും സാധാരണ ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. എമിറേറ്റില്‍ ഉടനീളമുള്ള കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകള്‍ അവധി ദിവസം അടച്ചിടുമെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

ബാങ്കിന്റെ ഭീഷ‌ണിയെ തുടർന്ന് കോട്ടയത്ത് വ്യാപാരി ജീവനൊടുക്കി

0

ബാങ്ക് ഭീഷണിയെ തുടർന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയെന്ന് പരാതി. കോട്ടയം അയ്മനം കുടയംപടയിൽ കെ സി ബിനു( 50) ആണ് തിങ്കളാഴ്ച ഉച്ചയോടെ അത്മഹത്യ ചെയ്തത്. കർണാടക ബാങ്കിന്‍റെ ഭീഷണിയെ തുടർന്നാണ് ബിനു ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ ആപോരണം. കുടയംപടയി ജംഗ്ഷനിൽ ചെരുപ്പ് കട നടത്തുകയായിരുന്നു ബിനു. കടയിലെ ആവശ്യത്തിനായി ബിനു വായ്പയായി 5 ലക്ഷം രൂപ എടുത്തിരുന്നു. മാസം 14000 രൂപയാണ് അടവ് വരുന്നത്. എന്നാൽ കഴിഞ്ഞ 2 മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.

നിർബന്ധിതമായി കടയിൽ നിന്ന് പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുള്ളതായി ഇവർ പറയുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ബിനു വീട്ടിലെത്തി തൂങ്ങിമരിച്ചത്. കുടുംബം ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്‍പും ബിനു ഇതേ ബാങ്കിൽ നിന്നും 2 തവണ വായ്പ എടുക്കുകയും അത് തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ വൻ പ്രതിഷേധം ഉയരുകയാണ്. കർണാടക ബാങ്കിന് മുന്നിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടക്കുകയാണ്. ബാങ്ക് മാനേജർക്കെതിരെ നടപടി വേണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. ബിനുവിൻ്റെ മൃതദേഹം ബാങ്കിന് മുന്നിൽ കൊണ്ടുവച്ച് പ്രതിഷേധിച്ചു. പുതുതലമുറ ബാങ്കുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ജെയിക് സി തോമസ് ആരോപിച്ചു. ബാങ്ക് മാനേജർക്ക് എതിരെ കേസ് എടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജയിക്ക് പറഞ്ഞു.