Thursday, July 30, 2026
Home Blog Page 201

നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം; റോബിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലസിന് ലഭിച്ചു

0

കോട്ടയത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. കോട്ടയം സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒളിവിൽ പോയ റോബിനെ കുറിച്ച് പൊലീസിന് നിർണായക സൂചന ലഭിച്ചു എന്നാണ് വിവരം. നായ്ക്കൾക്ക് ആയുള്ള ഹോസ്റ്റൽ നടത്തുന്നതിൻ്റെ മറവിലാണ് റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ റോബിനെ പിടികൂടാനായി പോലീസ് എത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.

റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നായകളെ ഹോസ്റ്റലിൽ ഏല്പിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ പിടിയിലായവർ നായ്ക്കളെ കടത്തിക്കൊണ്ട് പോകാൻ എത്തിയവരാണ് എന്നാണ് സൂചന. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്. കഴിഞ്ഞ ദിവസം പോലീസ് വന്നപ്പോൾ നായകളെ അഴിച്ചു വിട്ട ശേഷം ആണ് റോബിൻ ഓടി രക്ഷപെട്ടത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. റോബിന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി.

മധുവിൻ്റെ കൊലപാതകം: ശിക്ഷാവിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി കോടതി ഇന്ന് പരിഗണക്കും

0

ശിക്ഷാവിധി നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 13 പ്രതികളുടെ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക. ‌‌‌ പ്രത്യേക കോടതി ഏഴ് വ‍ർഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം കുറ്റവാളികളെ കൊലപാതക കുറ്റത്തിന് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീൽ നൽകിയിട്ടുണ്ട്. ജസ്റ്റിസ് പിബി സുരേഷ് കുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ പരിഗണിക്കുന്നത്.

കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി ഡോ. കെ പി സതീശനെ നിയമിച്ച കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി പി വി ജീവേഷിൻെറ നിയമന വിജ്ഞാപനവും ഹൈക്കോടതിക്ക് കൈമാറും. ഡോ. കെ പി സതീശൻ്റെ സൗകര്യം കൂടി കണക്കിലെടുത്ത് അപ്പീൽ നാളെ പരിഗണിക്കാൻ മാറ്റിയേക്കും. ജസ്റ്റിസ് പി ബി സുരേഷ് കുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സർക്കാർ ഡോ. കെ പി സതീശനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അഡ്വ. പി വി ജീവേഷിന്റെയും രാജേഷ് എം മേനോന്റെയും പേരുകളാണ് പ്രോസിക്യൂട്ടറാക്കാൻ ആവശ്യപ്പെട്ട് കുടുംബം നൽകിയിരുന്നത്.കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികളെ ഏഴ് വ‍ർ‌ഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. 16 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു.

സ്ക്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 മരണം

0

കാസര്‍കോട് വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് പള്ളത്തടുക്കയിലാണ് സംഭവം. ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. ഗ്ലോബല്‍ സ്‌കൂള്‍ വാഹനം ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

മൊഗ്രാല്‍ സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയില്‍ വച്ചാണ് സംഭവം നടന്നത്. അപകടസമയത്ത് സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ആരുമുണ്ടായിരുന്നില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകർന്നു.

ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

0

തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക്‌ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമൂഹത്തിൽ പ്രതിക്കെതിരെ നിലനിൽക്കുന്ന വികാരം മാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ലെന്നും വിചാരണ നടക്കാനിരിക്കുന്ന കേസിൽ ജാമ്യം തടയാനാവില്ലെന്നും വ്യക്തമാക്കിയാണ്‌ കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നടക്കാനിരിക്കുന്ന കേസിൽ കസ്‌റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും കേസ്‌ അന്വേഷണവുമായി സഹകരിച്ചതായും കാണിച്ചാണ് ഗ്രീഷ്മ ജാമ്യാപേക്ഷ നൽകിയത്.

മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയുമായ ഷരോണിനെയാണ്‌ പെൺസുഹൃത്തായ ഗ്രീഷ്‌മ കൊലപ്പെടുത്തിയത്‌. 2022 ഒക്ടോബർ 14ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. മറ്റൊരാളുമായി വിവാഹം നിശ്‌ചയിച്ചതിനാൽ ബന്ധത്തിൽ പിൻമാറണമെന്നാവശ്യം നിഷേധിച്ചതിനെ തുടർന്ന്‌ ഷാരോണിനെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി വിഷം നൽകുകയായിരുന്നു.

കേസിൽ കുറ്റപത്രം നൽകിയതിനെ തുടർന്നാണ്‌ ഗ്രീഷ്‌മ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്‌. ഷാരോണിന്റെ മരണമൊഴിയിൽ തനിക്കെതിരെ ആരോപണമില്ലെന്നും കസ്‌റ്റഡിയിൽ വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി റദ്ദാക്കിയെന്നുമുള്ള വാദങ്ങൾ പരിഗണിച്ചാണ്‌ ജാമ്യം അനുവദിച്ചത്‌. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് പ്രധാനവ്യവസ്ഥ. വിചാരണ കോടതി ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം.

10 മാസത്തെ ആസൂത്രണത്തിനുശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റപത്രം. 2021 ജനുവരി അവസാനം മുതൽ ഷാരോണിനെ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ചെറിയ അളവിൽ വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്നും, വിഷം നൽകിയാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും ഓൺലനിലൂടെ മനസ്സിലാക്കി. വിഷം നൽകുന്നതിനാണ് ജൂസ് ചാലഞ്ച് തെരഞ്ഞെടുത്തത്. തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തപ്പോൾ പല തവണയായി വിഷം കലർത്തിയ ജ്യൂസ് നൽകി. 2022 ഒക്ടോബർ 14ന് ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്.

ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിലെ കന്നി സ്വർണം നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

0

ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് അഭിമാന നേട്ടം. ഫൈനലിൽ ശ്രീലങ്കയെ 19 റൺസിന് പരാജയപ്പെടുത്തി പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിലെ രണ്ടാം സ്വര്‍ണവും കരസ്ഥമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു.

ശ്രീലങ്കയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ ലങ്കയ്ക്ക് നഷ്ടമായി. ചമാരി അത്തപത്തു(12), അനുഷ്‌ക സഞ്ജീവനി(1), വിശ്മി ഗുണരത്‌നെ(0) എന്നിവരാണ് പുറത്തായത്. ടിതാസ് സധുവാണ് മൂന്ന് വിക്കറ്റുകളുമെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ഹസിനി പെരേരയും നിളാകാശി ഡി സില്‍വയും ചേര്‍ന്ന് ശ്രീലങ്കയെ തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും സ്‌കോര്‍ 50-ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഹസിനി പെരേരയെ രാജേശ്വരി ഗയക്വാദ് പുറത്താക്കി.

22 പന്തിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ടിറ്റസ് സിദ്ധു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.നിളകാശി ഡി സില്‍വ(23), ഒഷാധി രണസിങ്കെ(19) എന്നിവര്‍ ലങ്കന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കി.

സോളാർ ഗൂഢാലോചന കേസ് ഇന്ന് കോടതിയിൽ

0

സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സോളാർ കേസ് പരാതിക്കാരി ഒന്നാം പ്രതിയും കെ ബി ഗണേശ് കുമാർ എംഎൽഎ രണ്ടാം പ്രതിയുമാണ്. പ്രതികൾക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ തെളിവില്ലെന്ന് നേരത്തെ സിബിഐ വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയിരുന്നു. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കോൺഗ്രസ്സ് തീരുമാനിച്ചത്. ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ.

അതേസമയം സംഭവത്തിൽ ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഉള്ള തീരുമാനത്തിലാണ് യുഡിഎഫ്.ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. തീരുമാനം. മന്ത്രിസഭാ പുനഃസംഘടനയിൽ ഗണേഷ് കുമാർ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഗണേഷ് കുമാറിനെതിരായ നിലപാട് കടുപ്പിക്കുന്നത്.

ഏഷ്യൻ ഗെയിംസിൽ സ്വർണം വെടിവച്ചിട്ട് ഇന്ത്യ; ഷൂട്ടിംഗിൽ റെക്കോർഡ് നേട്ടം

0

പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള ടീമിനത്തിലാണ് സ്വര്‍ണ നേട്ടം. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം.

1893.3 പോയിന്റോടെ ചൈനയുടെ പേരിലായിരുന്നു ഈ ഇനത്തിലെ റെക്കോർഡ്. ബാഹുവിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലായിരുന്നു ചൈനയുടെ നേട്ടം. എന്നാൽ സ്വന്തം മണ്ണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ അതേ ഇനത്തിൽ വെങ്കല മെഡൽ മാത്രമാണ് ചൈനയ്ക്ക് നേടാൻ കഴിഞ്ഞത്.

1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്. ഇന്നലെ 10 മീറ്റർ എയർ റൈഫിൾസിൽ വെള്ളി നേട്ടത്തോടെ ആയിരുന്നു ഇന്ത്യ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.

നിപ ആശങ്ക ഒഴിയുന്നു; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും

0

കോഴിക്കോട് നിപ ആശങ്ക ഒഴിയുന്നു. ഇന്നലെ പുറത്തുവന്ന ഏഴ് പരിശോധന ഫലങ്ങളും നെഗറ്റീവായി. ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ നിന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു സംബന്ധിച്ച് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഠനം ഓൺലൈനാക്കിയിരുന്നു. ജില്ലയിൽ പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്.

ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 915 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഐസോലേഷൻ പൂർത്തിയാക്കിയ 373 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളും വൈകാതെ പൂർണ്ണമായും ഒഴിവാകും. എന്നാൽ ജാഗ്രത തുടരണമെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നുണ്ട്. നിപ പ്രതിരോധ പ്രവർത്തനങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി മന്ത്രി വീണാ ജോർജ്ജിൻ്റെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേരുന്നുണ്ട്.

സർക്കാർ വാഹനങ്ങൾ ഇനി KL 90

0

സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന ഒറ്റ രജിസ്ട്രേഷൻ സീരീസ്. വാഹനങ്ങളെല്ലാം ഒറ്റ ആർടി ഓഫിസിൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് വരുന്നത്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2 ൽ രജിസ്റ്റർ ചെയ്യാൻ തീരുമാനമായി. കെഎൽ 90 എ സംസ്ഥാന സർക്കാർ, കെഎൽ 90 ബി കേന്ദ്രസർക്കാർ, കെഎൽ 90 സി തദ്ദേശ സ്ഥാപനങ്ങൾ, കെഎൽ 90 ഡി സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നൽകുക. സർക്കാർ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് ഇങ്ങനെ ആക്കുന്നത്.

നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഈ ഓഫിസിൽ റീ രജിസ്ട്രേഷൻ നടത്തണം. എല്ലാ പഞ്ചായത്തുകളുടെയും വാഹനങ്ങൾ തിരുവനന്തപുരത്താകും രജിസ്റ്റർ ചെയ്യുക. ഇത് ഓൺലൈൻ വഴി ചെയ്യാനും അവസരമുണ്ട്. കെഎസ്ആർടിസി വാഹനങ്ങൾ മാത്രമാണ് നേരത്തേ ഒറ്റ ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്നത്. അത് ഇനിയും തുടരും. തിരുവനന്തപുരം റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് –1 ലാണ് കെഎസ്ആർടിസി ബസുകൾ റജിസ്റ്റർ ചെയ്യേണ്ടത്.

പാലക്കയത്ത് മഴ കുറഞ്ഞു; കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ ഉയർത്തി

0

ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കാട് പാലക്കയത്ത് മഴ കുറഞ്ഞു. റോഡുകളിൽ നിന്ന് വെളളം പൂർണ്ണമായി ഇറങ്ങി.കുണ്ടംപോട്ടി, ഇരുട്ടുക്കുഴി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. വട്ടപ്പാറ,പാണ്ടൻമല എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായിരുന്നു. പ്രദേശത്ത് കടകളിലും വീടുകളിലും വെളളം കയറി വൻ നാശനഷ്ടമാണ് ഉണ്ടായത്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

പ്രദേശത്ത് ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട് കുറഞ്ഞു. ഇന്നലെ ശക്തമായ മഴയെ തുടർന്ന് ഇവിടെ ഉരുൾപൊട്ടിയിരുന്നു. വീടുകളിലും കടകളിലും വെള്ളം കയറിയെങ്കിലും ആളപായമില്ല. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഇനിയും കുറഞ്ഞിട്ടില്ല. മൂന്ന് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഷട്ടറുകൾ ഇത്രയും അളവിൽ ഉയർത്താറില്ല. പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കടകളിലും വീടുകളിലും ശുചീകരണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.