Thursday, July 30, 2026
Home Blog Page 197

ചോരക്കുഞ്ഞിൻ്റെ മൃതദേഹം ബിഗ്ഷോപ്പറിൽ ഉപേക്ഷിച്ച നിലയിൽ

0

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

തുണിയിൽ പൊതിഞ്ഞ് ഒരു ബിഗ് ഷോപ്പറിനകത്തായിരുന്നു മൃതദേഹം. വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല.

വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്; പുരസ്കാരം ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്ക്

0

47 -മത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം.

സിനിമ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭയാണ് ശ്രീകുമാരൻ തമ്പി. ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചു. 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. കണക്കും കവിതയും എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ല്‍ ലഭിച്ചു. 2018 ല്‍മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27ന് പുരസ്കാരം സമ്മാനിക്കും.

ഏഷ്യന്‍ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ; 107 മെഡലുകള്‍ നേടി മടക്കം

0

2023 ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ അവസാനിച്ചു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ മികച്ച മെഡല്‍ വേട്ടയോടെയാണ് ഇന്ത്യ മടങ്ങുന്നത്. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 107 ആണ്. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറ് സ്വര്‍ണ്ണമാണ് 14ാം ദിനം മാത്രം ഇന്ത്യ നേടിയത്.

വനിതകളുടെ അമ്പെയ്ത്തിലെ വ്യക്തിഗത വിഭാഗത്തില്‍ ജ്യോതി സുരേഖ വിനാം ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയപ്പോള്‍ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഓജസ് പ്രവീണും സുവര്‍ണ്ണ നേട്ടം സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ചെസ്സില്‍ പുരുഷ-വനിതാ ടീമുകള്‍ വെള്ളി നേടിയതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു. ഷൂട്ടിങ്, അത്‌ലറ്റിക്‌സ് രംഗങ്ങളില്‍ നിന്നാണ് ഏറ്റവുമധികം മെഡലുകള്‍ ഇന്ത്യ നേടിയത്. അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം 28 മെഡലുകളാണ് ലഭിച്ചത്. നീരജ് ചോപ്ര 88.88 മീറ്റര്‍ ദൂരം ജാവലിന്‍ ത്രോയില്‍ കണ്ടെത്തി സ്വര്‍ണം നിലനിര്‍ത്തി. ഷോട്ട്പുട്ടില്‍ തജിന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നിലനിര്‍ത്തി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണമടക്കം ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കി. ആര്‍ച്ചറിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ മറികടന്ന് ഒന്നാമത്തെത്തി.

194 സ്വര്‍ണ്ണവും 108 വെള്ളിയും 68 വെങ്കലവും ചൈന നേടി. 49 സ്വര്‍ണ്ണവും 62 വെള്ളിയും 68 വെങ്കലവും ഉള്‍പ്പെടെ 179 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്താണ്. റിപ്പബ്ലിക്ക് ഓഫ് കൊറിയ 39 സ്വര്‍ണ്ണവും 56 വെള്ളിയും 89 വെങ്കലവും ഉള്‍പ്പെടെ 184 മെഡലുമായി മൂന്നാം സ്ഥാനത്തുമെത്തി. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആകെ 70 മെഡലുകളായിരുന്നു നേടിയത്.

വിവാഹം കഴിഞ്ഞത് മറച്ചുവെച്ചു, ഒരു മകനുണ്ട്; പരാതിക്കാരിക്കെതിരെ ഷിയാസ് കരീം

0

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന് ജാമ്യം. ഹൊസ്ദുര്‍ഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നു രാവിലെ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഷിയാസിനെ, വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി.

യുവതി തന്നെ ചതിക്കുകയായിരുന്നെന്ന് ഷിയാസ് മൊഴി നൽകി. യുവതി നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു. അതിൽ ഒരു മകനുള്ള വിവരം യുവതി മറച്ചുവെച്ചുവെന്നും ഷിയാസ് പൊലീസിനോട് പറഞ്ഞു. പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി ഷിയാസ് കരീം മൊഴി നല്‍കിയിരുന്നു. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അത് ഇപ്പോള്‍ അവരുടെ കൈവശമുള്ള കാര്‍ വാങ്ങാന്‍ ഉപയോഗിച്ചെന്നും ഷിയാസ് പറഞ്ഞു.

കാസർകോട് ഹൊസ്ദുർഗ് സ്വദേശിനിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നൽകിയത്. എറണാകുളത്തെ ജിമ്മിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് ഷിയാസിനെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

പടക്കകടകൾക്ക് തീപിടിച്ച് 11 മരണം

0

കർണാടക-തമിഴ്‌നാട് അതിർത്തിപ്രദേശമായ അത്തിബല്ലയിൽ പടക്ക കടകൾക്ക് തീപിടിച്ച് 11 മരണം. അഞ്ച് പടക്ക കടകള്‍ക്കാണ് തീപിടിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ കടയില്‍ പടക്കം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ജീവനക്കാരനെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന പടക്കങ്ങൾ തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. ദേശീയപാതയോരത്താണ് അപകടമുണ്ടായത്‌. കടകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു. അഗ്നിശക്ഷാസേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ട്രിപ്പ് പോകാൻ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎ തൂക്കം കൂട്ടാൻ ചില്ല് പൊടിച്ച് ചേർക്കും

0

ട്രിപ്പ് പോയി അടിച്ചു പൊളിക്കാന്‍ എംഡിഎംഎ കച്ചവടം നടത്തിയ 20കാരന്‍ പിടിയില്‍. കാരമുക്ക് സ്വദേശി അഭിരാഗ് ആണ് എക്‌സൈസിന്റെ പിടിയായത്. ചേര്‍പ്പ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്ന് നാലരഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

തൃശൂര്‍ വല്ലച്ചിറയില്‍ ഒരു വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം അന്വേഷണം നടത്തിയത്. വിഷ്ണു എന്നയാളുടെ വീട്ടിലാണ് കച്ചവടം നടത്തിയിരുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നും കിട്ടുന്ന തുക ഉപയോഗിച്ച് അഭിരാഗ് ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്ര പോകാറാണ് പതിവ്. തിരികെ മയക്കുമരുന്നുമായാണ് വരുന്നത്. മയക്കു മരുന്നിന് തൂക്കം കൂട്ടുന്നതിനായി ചില്ലുപൊടികളും മറ്റും ചേർക്കാറുണ്ട്. ബൾബ് പൊട്ടിച്ച് അതിന്റെ പൊടിയാണ് എംഡിഎംഎയ്‌ക്കൊപ്പം ചേര്‍ക്കാറുള്ളതെന്നാണ് ഇയാൾ എക്‌സൈസിന് മൊഴി നൽകിയത്. കൂട്ടുപ്രതിയായ വിഷ്ണുവിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

മുനമ്പത്ത് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

0

മുനമ്പത്ത് കടലിൽ വളളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം ചാപ്പാ കടപ്പുറം സ്വദേശിയായ അപ്പു എന്ന ശരത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് പേരെ കണ്ടെത്താനുണ്ട്. നേവി, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിൽ ബോട്ട് മുങ്ങി നാല് പേരെയാണ് കാണാതായത്. താഹ, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെ കാണ്ടെത്താനുണ്ട്. നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയർ ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേരെ വെളളിയാഴ്ച രാത്രി മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. ഇവർ വള്ളത്തിലെ ഡീസല്‍ കാനില്‍ പിടിച്ചുകിടക്കുകയായിരുന്നു.

ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ബോട്ട് അപകടത്തിൽ പെട്ടത്. വള്ളത്തിന്റെ പിന്‍ഭാഗത്തുകൂടി വെള്ളം കയറി വള്ളം മുങ്ങുകയായിരുന്നു. ശക്തിയായ തിരമാലയും ഇരുട്ടും മൂലം അപകടം പുറത്തറിയാൻ വൈകി. കാണാതായവർക്കായി തെരച്ചിൽ നടക്കുകയാണ്.

പലിശനിരക്കിൽ മാറ്റമില്ല; റിപ്പോ 6.5 ശതമാനത്തിൽ തുടരും

0

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ നാലാം തവണയാണ് മാറ്റം വരുത്താതെ തുടരുന്നത്. റിപ്പോ 6.5 ശതമാനത്തിൽ തുടരും. പണപ്പെരുപ്പം ഉയർന്ന നിലയിലാണെങ്കിലും ഉത്സവകാലം പരിഗണിച്ചാണ് തിരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനവും അഞ്ചാം തവണയും 6.5 ശതമാനത്തില്‍ നിലനിര്‍ത്തി.

പണപ്പെരുപ്പം രാജ്യത്ത് ഉയര്‍ന്ന നിലയിലാണ്. ഇത്തവണത്തെ പണ വായ്പാനയ യോഗം റിപ്പോ നിരക്കിൽ മാറ്റം വരുത്തുന്നതിനോട് യോജിച്ചില്ല. വരുന്ന രണ്ട് മാസം റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി മാര്‍ജിനല്‍, സ്റ്റാന്‍ഡിങ് ഫെസിലിറ്റി എന്നിവയുടെ നിരക്കിൽ മാറ്റം ഉണ്ടാകില്ല . യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരും.

ഈ സാമ്പത്തിക വർഷത്തെ വിലക്കയറ്റ പ്രതീക്ഷ 5.4 ശതമാനത്തിൽ തന്നെ നില നിർത്തിയും അടുത്ത വര്‍ഷം ആദ്യ പാദത്തിൽ അത് 5.2 ശതമാനത്തിലേക്ക് താഴുമെന്നും കമ്മിറ്റി വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക നയ അവലോകന സമയത്ത് കൊണ്ടുവന്ന അധിക ക്യാഷ് റിസർവ് റേഷ്യോ (I-CRR) പൂർണമായും പിൻവലിക്കും. അതോടെ 1.1 ലക്ഷം കോടി രൂപ വീണ്ടും സമ്പദ് ഘടനയിലേക്ക് തിരിച്ചെത്തും. ഇത് സമ്പദ് ഘടനയിൽ പണലഭ്യത വർദ്ധിപ്പിക്കുകയൂം വളർച്ചയെ ഊർജിതപ്പെടുത്തുകയും ചെയ്യും.

ഇന്‍ഡിഗോയില്‍ യാത്രാച്ചിലവേറും:ഇന്ധന ചാര്‍ജ് ഈടാക്കാന്‍ എയര്‍ലൈന്‍

0

ഇന്‍ഡിഗോ വിമാനങ്ങളിലെ യാത്രയ്ക്ക് ഇനി ചിലവേറും. ഇന്ധന ചാര്‍ജ് എന്ന പേരിലാണ് നിരക്ക് വര്‍ദ്ധന. ടിക്കറ്റുകള്‍ക്ക് ആയിരം രൂപ വരെ അധികമായി ഈടാക്കാനാണ് എയര്‍ലൈന്റെ തീരുമാനം.

വിമാന ഇന്ധനത്തിന്റെ വില വന്‍തോതില്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ടിക്കറ്റുകളില്‍ ഇന്ധന ചാര്‍ജ് കൂടി കൂട്ടിച്ചേര്‍ക്കുന്നതെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിശദീകരണം. യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് രൂപ മുതല്‍ ആയരം രൂപ വരെയായിരിക്കും അധികമായി ഈടാക്കുക.ഇന്ന് മുതല്‍ ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് ഇന്‍ഡിഗോ ഈ നിരക്കുകള്‍ അധികമായി ഈടാക്കും. യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ പല സ്ലാബുകളായി തിരിച്ചാണ് ഇന്ധന ചാര്‍ജ് ഈടാക്കുക.

അഞ്ചൂറ് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് മുന്നൂറ് രൂപയായിരിക്കും നിരക്ക്. 1001 മുതല്‍ 1500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 550 രൂപ ഈടാക്കും. 1501 മുതല്‍ 2500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 650 രൂപയാണ് ഇന്ധന ചാര്‍ജ്. 2501 മുതല്‍ 3500 കിലോമീറ്റര്‍ എണ്ണൂറ് രൂപയും 3501-ന് മുകളില്‍ ദൂരമുള്ളവര്‍ക്ക് ആയിരം രൂപയും നല്‍കേണ്ടിവരും. ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ക്ക് ഇന്ധന ചാര്‍ജ് ബാധകമാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ നിരക്കില്‍ വന്‍തോതില്‍ വര്‍ദ്ധന രേഖപ്പെടുത്തിയതാണ് നിരക്ക് വര്‍ദ്ധനയ്ക്ക് എയര്‍ലൈനെ പ്രേരിപ്പിച്ചത്

സൗദിവത്കരണം:സൗദിയില്‍ സ്വകാര്യമേഖലയില്‍ 22 ലക്ഷം സ്വദേശികള്‍

0

സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാകുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി പൗരന്‍മാരുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നു. നാഷ്ണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി പുറത്ത് വിട്ട കണക്കിലാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വ്യക്തമാക്കുന്നത്.


സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമായതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്‍മാരുടെ എണ്ണം വലിയ തോതില്‍ കൂടിയതായും നാഷ്ണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി പുറത്തിവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി പൗരന്‍മാരുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നു. 2022ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവനക്കാരുടെ എണ്ണം 2,10,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദത്തിലെ സ്വദേശിവല്‍ക്കരണ റിപ്പോര്ട്ട് പ്രകാരം സ്വദേശികളായ സ്ത്രീപുരുഷ ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. മൊത്തം സ്വദേശിവല്‍ക്കരണ നിരക്ക് 22.3 ശതമാനത്തിലെത്തി.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഉയര്‍ന്ന സ്വദേശിവല്‍ക്കരണം രേഖപ്പെടുത്തിയത്. മക്കയില്‍ 24 ശതമാനവും റിയാദിലും മദീനയിലും 21 ശതമാനവുമാണ് സ്വദേശിവല്‍ക്കരണ തോത്. വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍സ് മേഖലയിലാണ് പുരുഷന്‍മാര്‍ കൂടുതലും ജോലിയില്‍ പ്രവേശിച്ചത്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ഹദ്ഫ വിഭാഹം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനും പരിശീലനം നല്‍കാനും സഹായം നല്‍കി വരുന്നുണ്ട്.