Thursday, July 30, 2026
Home Blog Page 194

കാട്ടാനകളെ തുരത്താന്‍ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകള്‍ക്കൊപ്പം മുങ്ങി

0

കാട്ടുകൊമ്പന്മാരെ തുരത്താനെത്തിയ കുങ്കിയാന കാട്ടാനകൾക്കൊപ്പം മുങ്ങിയത് വനംവകുപ്പ് ഉദ്യോഗസ്ഥരെ വലച്ചു. പന്തല്ലൂരിനേയും ഇരുമ്പുപാലത്തിന് സമീപമുള്ള ജനവാസ മേഖലകളെ വിറപ്പിച്ച കാട്ടുകൊമ്പന്മാരെ വിരട്ടിയോടിക്കാന്‍ കൊണ്ടുവന്നതാണ് കുങ്കിയാനയെ. എന്നാൽ സ്ഥലത്തെത്തിയപ്പോൾ ആനയുടെ മനസ്സ് മാറി. കുങ്കി കാട്ടാനകൾക്കൊപ്പം സ്ഥലംവിട്ടു. കട്ടക്കൊമ്പന്‍, ബുള്ളറ്റ് എന്നിങ്ങനെ നാട്ടുകാര്‍ പേരിട്ട രണ്ട് കാട്ടാനകളാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. മുതുമലയിൽനിന്നു വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ എത്തിച്ചു.

വ്യാഴാഴ്ച രാത്രിയാണ് കുങ്കിയാന ചങ്ങല പൊട്ടിച്ച് കാട്ടുകൊമ്പന്‍മാര്‍ക്കൊപ്പം വനമേഖലയിലേക്ക് കടന്നത്. രാത്രി എട്ടോടെ പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. മഞ്ഞ് മാറിയപ്പോൾ ശ്രീനിവാസൻ എന്ന കുങ്കിയാനയെ കാണാതായി. ചങ്ങല വേർപ്പെടുത്തിയാണ് ശ്രീനിവാസൻ സ്ഥലം വിട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഏറെ നേരത്തെ ശ്രമഫലമായി ഉദ്യോഗസ്ഥരും പാപ്പാന്മാരും കുങ്കിയാനകളുടെ സഹായത്തോടെ ശ്രീനിവാസനെ തിരിച്ചെത്തിച്ചു. എന്നാൽ വെള്ളിയാഴ്ച രാവിലെ ശ്രീനിവാസനെ തേടി കാട്ടാനകൾ എത്തി. പന്തല്ലൂരിൽ നിന്ന് തന്നെയാണ് വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസനെ പിടികൂടിയത്. ശ്രീനിവാസന്റെ അന്നത്തെ കൂട്ടുകാർക്കൊപ്പമായിരിക്കാം അവൻ പോയതെന്നാണ് വനപാലകരുടെ നിഗമനം.

ഓപ്പറേഷൻ അജയ്: ഇസ്രായേലിൽ നിന്ന് 235 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ദില്ലിയിൽ എത്തി

0

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ദില്ലിയിൽ എത്തി. 235 ഇന്ത്യക്കാരാണ് അജയ് ഓപെറേഷൻ്റെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. രണ്ട് കൈക്കുഞ്ഞുങ്ങള്‍ ഉൾപ്പടെ ഈ സംഘത്തിൽ ഉണ്ട്. 16 മലയാളികൾ രണ്ടാം വിമാനത്തിൽ ഉണ്ടെന്നാണ് വിവരം.

വിദേശകാര്യ‑വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. വന്നവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ദില്ലിയിൽ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രയേൽ എംബസിയിൽ തുടരുകയാണ്.

വ്യാഴാഴ്ചയാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള രക്ഷാദൗത്യമായ ‘ഓപ്പറേഷൻ അജയ്’ ആരംഭിച്ചത്. 212 ഇന്ത്യക്കാരുമായി വ്യാഴാഴ്ച ഇസ്രായേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെയോടെ ദില്ലിയിലെത്തി. ഇസ്രായേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രായേൽ എംബസിയുടെ കണക്കുകൾ പ്രകാരം വിദ്യാർത്ഥികൾ, നിരവധി ഐടി പ്രൊഫഷണലുകൾ, വജ്ര വ്യാപാരികൾ എന്നിവരുൾപ്പെടെ ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരാണ് അവിടെയുള്ളത്.

കണ്ണൂരിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു

0

ബസ് ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടുപേർ വെന്തുമരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടം. പാറാൽ സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് മരിച്ചത്. ഓട്ടോ മറിഞ്ഞതോടെ വാതകം ചോർന്നാണ് തീപിടിച്ചത്. വാഹനത്തിൽ ആളിരിക്കെ തന്നെ തീ ആളി കത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

തലശ്ശേരിയിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന എം ഫോർ സിക്സ് എന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബസ് അമിതവേഗത്തിൽ എത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. പിന്നാലെ ഓട്ടോയിൽ നിന്ന് തീ ഉയർന്നു. തീ ആളിപടർന്നതിനാൽ ഓട്ടോയിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാനായില്ല. ഫയർഫോഴ്‌സ് എത്തി തീയണച്ചതിന് ശേഷമാണ് രണ്ട് പേരുടെയും മൃതദേഹം പുറത്തെടുത്തത്.

വിമാനത്തിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

0

വിമാനത്തിൽ യുവ നടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി സിആർ ആന്റോയുടെ ആവശ്യം കോടതി തള്ളി . എറണാകുളം ജില്ലാ സെ‌ഷൻസ് കോടതിയാണ് തള്ളിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത് പൊലീസ് കോടതിയെ അറിയിച്ചു. കേസിലെ പ്രതിയായ തൃശൂർ സ്വദേശി ആന്‍റോ ഇപ്പോഴും ഒളിവിലാണ്. പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും.

സീറ്റിനെച്ചൊല്ലിയുള്ള തർക്കം മാത്രമാണ് വിമാനത്തിൽ ഉണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് പ്രതിയുടെ വാദം. കേസിൽ റിപ്പോർട്ട്‌ നൽകാൻ കോടതി പോലിസിന് നിർദ്ദേശം നൽകി. സംഭവത്തിൽ എയർ ഇന്ത്യയോട്പോലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം നടന്ന ദിവസം വിമാനത്തിനുള്ളിൽ നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് ഇത്. സംഭവത്തിൽ വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ പ്രതി സി ആർ ആന്റോയിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി പൊലീസിനെ സമീപിച്ചത്. സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും യുവനടി ആരോപിച്ചു. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ പെടും; പിഴയും തടവും ശിക്ഷ നൽകാൻ ഓർഡിനൻസ് വരുന്നു

0

കേരളത്തിൽ ഇനി റോഡിലും ജലാശയങ്ങളിലും ഉൾപ്പെടെ പൊതു സ്ഥലങ്ങളിൽ മലിന്യം വലിച്ചെറിയുന്നവർ പെടും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് വരുന്നു. പിഴ മാത്രമല്ല ആറുമാസം മുതൽ ഒരുവർഷം വരെ തടവ് ശിക്ഷയും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരേയും നടപടിക്ക് വ്യവസ്ഥയുണ്ട്. അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കുന്ന വകുപ്പുകൾ നിലവിൽ വരും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ ചുമത്തും.15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ നിയമനടപടികൾക്ക് വിധേയമാക്കേണ്ടി വരും.

മാലിന്യം ശേഖരിക്കുന്നതിന് മാസം തോറുമുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ മൂന്ന് മാസത്തിന് ശേഷം 50 ശതമാനം പിഴ ഈടാക്കാം. പൊതുസ്ഥലത്ത് മാലിന്യപ്രശ്നം ഉണ്ടായാൽ തദ്ദേശ സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ഉത്തരവാദിയാകും. ഇവർ നടപടി നേരിടേണ്ടി വരും. നിർദേശങ്ങൾ പാലിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെയും സംസ്ഥാന സർക്കാർ പിഴ ചുമത്തും. വാണിജ്യസ്ഥാപനങ്ങളുടെ പരിസരത്ത് മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ 5000 രൂപ പിഴയീടാക്കും. നിയമവിരുദ്ധമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ മൂന്ന് ദിവസം മുൻപായി തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് മാലിന്യസംസ്കരണത്തിനു ഫീസ് അടയ്ക്കണം.

വിദേശ ജോലിതട്ടിപ്പ് കേരളത്തിൽ വർധിച്ചതായി യുവജന കമ്മിഷൻ

0

വിദേശജോലിക്കായി അനധികൃത ഏജൻസികളെ സമീപിച്ച് ചതിക്കുഴികളിൽ വീഴുന്നവരുടെ എണ്ണം വർധിച്ചതായി യുവജന കമീഷൻ. മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ നടന്ന അദാലത്തിൽ ഇതുസംബന്ധിച്ച പരാതികളാണ് ഏറെയും ലഭിച്ചതെന്ന് കമീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. വിദേശ തൊഴില്‍തട്ടിപ്പുകൾക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളും പെരുകുന്നുന്നതായി യുവജന കമ്മിഷൻ വിലയിരുത്തി. ലഹരിപോലെതന്നെ അപകടകരമായ ഇത് യുവജനങ്ങളെ ചതിയിൽ പെടുത്തുകയാണെന്നും ഷാജർ പറഞ്ഞു. യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പു വരുത്തുന്നതിനായി യുവജന കമീഷൻ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. യുവജന സംഘടനകളുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെയാകും കാമ്പയിൻ. കാമ്പയിന്റെ ഭാഗമായി ആറുവർഷം സമൂഹത്തിൽ നട നടന്ന ആത്മഹത്യയെക്കുറിച്ച് പഠിക്കും. ഇതിനായി 150 ഓളം എം.എസ്.ഡബ്ല്യു വിദ്യാർഥികളെ നിയോഗിച്ചു.

പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകും. അദാലത്തിൽ പരിഗണിച്ച 17 പരാതികളിൽ ഏഴെണ്ണം പരിഹരിച്ചു. 10 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി

അമ്മയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ; അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

0

നീലേശ്വരത്ത് അമ്മയെ മകൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മണിയെയാണ് മകൻ സുജിത്ത് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രുഗ്മിണി അതീവ ഗുരുതരാവസ്ഥയിലാണ്.

വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. തുടർച്ചയായി ഫോൺ ചെയ്തത് ചോദ്യം ചെയ്തതിനാണ് അമ്മയെ തലക്കടിച്ച് വീഴ്ത്തിയത്. രുഗ്മണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തടയാൻ നോക്കിയെങ്കിലും അയല്‍വാസികളെ ഇയാള്‍ വീട്ടിനകത്തേക്ക് കയറ്റിയില്ല. തുടർന്ന് ഇവർ നീലേശ്വരം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ ശേഷമാണ് രുഗ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ചതിനുശേഷവും സുജിത്ത് ആക്രമണശ്രമം തുടർന്നു.

ഇസ്രായേലിൽ നിന്നുള്ള ആദ്യ വിമാനം എത്തി; സംഘത്തിൽ 10 മലയാളികളടക്കം 212 പേർ

0

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ‘ഓപ്പറേഷന്‍ അജയ്’ ദൗത്യം ആരംഭിച്ചു.മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.

വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കരാണ് ഇസ്രായേലിൽ ഉള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി എത്തിക്കുന്നത്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രായേൽ എംബസിയിൽ തുടരുകയാണ്.

തിരികെ എത്തിക്കുന്ന കാര്യങ്ങളിൽ ഏകോപിപ്പിക്കാൻ പ്രത്യേക ഹെൽപ് ഡസ്ക് ഒരുക്കിയിട്ടുണ്ട്. ഇസ്രയേലില്‍നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌കും സജ്സജ്ജമാക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079. ഒക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രമുഖ മാധ്യമപ്രവർത്തകൻ സച്ചിദാനന്ദ മൂർത്തി അന്തരിച്ചു

0

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്. സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു. മലയാളമനോരമയുടേയും ദ വീക്കിന്റേയും ഡല്‍ഹി മുന്‍ റസിഡന്റ് എഡിറ്ററായിരുന്നു. ബംഗളൂരുവിലാണ് അന്ത്യം. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗവുമായിരുന്നു അദ്ദേഹം. ദർലഭ് സിങ് സ്മാരക മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടി.

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ മാസ്റ്റർ അന്തരിച്ചു

0

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ടി. ശോഭീന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായിരുന്നു. ഷട്ടർ(2013), അമ്മ അറിയാൻ(1986), കൂറ(2021) എന്നീ സിനിമകളിലും അഭിനയിച്ചു. സഹയാത്രി, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പരിസ്ഥിതിക്ക് വേണ്ടി പോരാടുകയും ജീവിതം തന്നെ പരിസ്ഥിതിക്കായി ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ വസ്ത്രധാരണവും അങ്ങനെ തന്നെ ആയിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിൻ്റെ വേഷം.