ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. അതീവ രഹസ്യമായി നടത്തിയ ഓപറേഷന് ഒടുവിലാണ് തന്ത്രിയെ എസ്‌ഐടി കുടുക്കിയത്. പോറ്റിയെ ശക്തനാക്കിയത് തന്ത്രിയാണെന്നാണ് കണ്ടെത്തല്‍
രാവിലെ കസ്റ്റഡിയില്‍ എടുത്ത തന്ത്രിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങലിലെ ഓഫീസില്‍ ചോദ്യം ചെയ്തശേഷം തിരുവനന്തപുരം ഇഞ്ചയ്ക്കലിലെ ഓഫീസീലെത്തിക്കുകയായിരുന്നു. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതല്‍ തന്ത്രിയുടെ ഇടപെടല്‍ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്‌ഐടി നടത്തിയത്. പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നതിനാല്‍ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടും. പോറ്റി സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിന്റെ ജാമൃ ഹര്‍ജിയില്‍ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാന്‍ എസ്‌ഐടി ശ്രദ്ധിച്ചു. മുന്‍കൂര്‍ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്. തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോര്‍ട്ട്. അനുമതി എല്ലാത്തിലും നിര്‍ബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാല്‍ ചില സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നല്‍കിയ അനുമതി സംശയകരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും തന്ത്രിയുടെ അനുമതി ആവശ്യമാണ്. ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ നേരിട്ട് പങ്കില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍
സ്മാര്‍ട്ട് ക്യാമറ ട്രയല്‍ ആരംഭിച്ചു; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും
പൊതു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്മാര്‍ട്ട് ക്യാമറ ട്രയല്‍ ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പൊതു ശുചിത്വ നിരീക്ഷണം മെച്ചപ്പെടുത്തുക, നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘സ്മാര്‍ട്ട് വേസ്റ്റ് മാനേജ്‌മെന്റ്’ ചട്ടക്കൂടിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി സ്മാര്‍ട്ട് ക്യാമറ സിസ്റ്റത്തിന്റെ പൈലറ്റ് ഘട്ടം ആരംഭിച്ചത്. തത്സമയ ഡാറ്റ വിശകലനം ചെയ്ത് എഐ സഹായത്തോടെ മേല്‍നോട്ടവും നിര്‍വ്വഹണവും മെച്ചപ്പെടുത്തുന്നതാണ് പദ്ധതി. പൈലറ്റ് ഘട്ടത്തില്‍ മാലിന്യ ശേഖരണ വാഹനങ്ങലിലും ഗതാഗത വാഹനങ്ങളിലും സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കും. റോഡുകളിലെയും റെസിഡന്‍ഷ്യല്‍ ഏരിയകളിലെയും ശുചിത്വ നിലവാരം നിരീക്ഷിക്കുന്നതിനും മാലിന്യ പാത്രങ്ങള്‍, നടപ്പാതകള്‍, പൊതു സ്‌ക്വയറുകള്‍ക്ക് എന്നിവയ്ക്ക് സമീപം അനധികൃത മാലിന്യ നിക്ഷേപം നടത്തുന്ന സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നുണ്ട്. പ്രദേശങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തുകയും അത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതോടെ ഫീല്‍ഡ് ടീമുകള്‍ക്ക് നടപടി കള്‍ എളുപ്പത്തില്‍ സ്വീകരിക്കാനും കഴിയും. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍് 500 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക. നിരീക്ഷണ സംവിധാനങ്ങളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുക, ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കലിനെ പിന്തുണയ്ക്കുക, നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിര നയങ്ങള്‍ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ സമീപനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മര്‍വാന്‍ അഹമ്മദ് ബിന്‍ ഗാലിറ്റ സ്ഥിരീകരിച്ചു. പൈലറ്റ് ഘട്ടത്തിലെ ഫലങ്ങള്‍ വിലയിരുത്തിയാകും പദ്ധതി നടപ്പിലാക്കുക. ദുബായ് ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് സ്ട്രാറ്റജി 2041 നെ പിന്തുണയ്ക്കുന്നതിനും, പൊതു ശുചിത്വത്തിന്റെയും ജീവിത നിലവാരത്തിന്റെയും സുസ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും, സുസ്ഥിരതയിലും നവീകരണത്തിലും ഒരു മുന്‍നിര ആഗോള നഗരമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
എത്തിഹാദ് റെയില്‍ ഏഴ് പുതിയ സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചു
യുഎഇയിലെ എമിറ്റേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എത്തിഹാദ് റെയില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി ഏഴ് പതിയ സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം പതിനൊന്ന് ആയി. യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയില്‍.യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധി എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാ സമയം വലിയ തോതില്‍ കുറയും.
എത്തിഹാദ് റെയില്‍ എത്രയും വേഗം സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് . പദ്ധതിയുടെ ഭാഗമായുള്ള ഏഴ് പുതിയ് സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.. അല്‍ സില, അല്‍ ധന്ന, അല്‍ മിര്‍ഫ, മദീനത്ത് സായിദ്, മെസൈറ, അല്‍ ഫയ, അല്‍ ദൈദ് എന്നിവായാണ് പുതിയതായി പ്രഖ്യാപിച്ച സ്റ്റേഷനുകള്‍. അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ്, ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റി, ഫുജൈറയിലെ അല്‍ ഹിലാല്‍ ഏരിയ എന്നിവിടങ്ങളിലെ സ്റ്റേഷനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനസാന്ദ്രതയുള്ള മേഖലകളെ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം പതിനൊന്ന് ആയി. സ്റ്റേഷനുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച്കൊണ്ട് സര്‍വീസിന് തുടക്കം കുറിക്കുമെന്നും എത്തിയഹാദ് റെയില്‍ അറിയിച്ചു. ബിസിനസ്, ഇക്കണോമി ക്ലാസുകളാകും പാസഞ്ചര്‍ ട്രെയിനുകളില്‍ ഉണ്ടാവുക. ബിസിനസ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 16 സീറ്റുകളും ഇക്കണോമി ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 56 സീറ്റുകളും ഉണ്ടാകും. വൈ-ഫൈ കണക്റ്റിവിറ്റി, ഓരോ സീറ്റിലും പവര്‍ ഔട്ട്‌ലെറ്റുകള്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്ന 13 ട്രെയിനുകളില്‍ പത്ത് എണ്ണം ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്. ട്രെയനുകള്‍ അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയെന്ന് എത്തിഹാദ് റെയില്‍ സി.ഇ.ഒ വ്യക്തമാക്കി. യാത്രാക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരുന്നു. ട്രെയിന്‍ റൂട്ടുകള്‍, ടിക്കറ്റ് നിരക്കുകള്‍ എന്നിവയും ആപ്പിലൂടെ ലഭ്യമാക്കും. ട്രെയിന്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ബസ്, ടാക്‌സി, ദുബായ് മെട്രോ, ഓണ്‍ ഡിമാന്‍ഡ് ടാക്‌സി എന്നിവയിലേക്കുള്ള തുടര്‍ യാത്രകളും ഒരേ സമയം ആസൂത്രണം ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മയക്കുമരുന്ന് കടത്ത് ; രണ്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയതിന് രണ്ട് ഇന്ത്യാക്കാരെ കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധേയരാക്കി. ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍ എന്നിവ വന്‍ തോതില്‍ കടത്തിയ കുറ്റത്തിനാണ് വധശിക്ഷ നടപ്പാക്കിയത്.
രാജ്യത്തിനുള്ളില്‍ വിതരണത്തിനായി വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെസിഡെന്‍ഷ്യല്‍ ഏരിയകളില്‍ ശക്തമാക്കിയ റെയ്ഡിലാണ് ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍ എന്നിവയുമായി രണ്ട് ഇന്ത്യക്കാരെ പിടികൂടിയത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൈഫാന്‍, ഷുവൈഖ് പ്രദേശങ്ങളില്‍ നിന്നാണ് രണ്ടുപേരും പിടിയിലായത്. ഇവരില്‍ നിന്ന് 14 കിലോഗ്രാം ഹെറോയിനും ഷാബു എന്നറിയപ്പെടുന്ന 8 കിലോഗ്രാം മെത്താംഫെറ്റാമൈനും രണ്ട് ഇലക്ട്രോണിക് വെയ്ിംഗ് സ്‌കെയിലുകളും അധികൃതര്‍ പിടിച്ചെടുത്തു. ക്രിമിനല്‍ സുരക്ഷാ മേഖലയ്ക്ക് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. കുവൈറ്റിന് പുറത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ അംഗങ്ങളാണ് പ്രതികളെന്ന് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിച്ചതിനെത്തുടര്‍ന്ന് ജഡ്ജി ഖാലിദ് അല്‍ തഹൂസ് അധ്യക്ഷനായ ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ടോക്‌സിന്‍ സാന്നിധ്യം ;ബേബി ഫോര്‍മുലകള്‍ തിരികെ വിളിച്ച് നെസ്ലേ
ബേബി ഫോര്‍മുലകളില്‍ ടോക്സിന്‍ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ യവിപണിയില്‍ നിന്നും പ്രോഡക്ടുകള്‍ പിന്‍വലിച്ച് നെസ്ലേ. വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ എന്‍എഎന്‍, എസ്എംഎ, ബെബ എന്നിവയാണ് നെസ്ലേ തിരിച്ചുവിളിച്ചത്. സൗദിയടക്കമുള്ള ജിസിസി രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഈ ഉത്പന്നങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ എന്‍എഎന്‍, എസ് എംഎ, ബെബ എന്നിവയില്‍ ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇവയടങ്ങിയവ കഴിച്ചാല്‍ കുട്ടികള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി എന്നിവയുണ്ടാകാന്‍ കാരണമാകും. പാചകം ചെയ്യുന്നതിലൂടെയോ, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ, കുഞ്ഞുങ്ങള്‍ക്ക് പാല്‍ ഉണ്ടാക്കുന്നതിലൂടെയോ ഈ വിഷവസ്തു നിര്‍വീര്യമാക്കാനോ നശിപ്പിക്കാനോ സാധ്യതയില്ലെന്ന് ബ്രിട്ടണിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി പറഞ്ഞു. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് നോര്‍വേയിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സി അറിയിച്ചു. ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമായേക്കാവുന്ന വിഷവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ യൂറോപ്പിലുടനീളം കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ ഇവ തിരിച്ചുവിളിക്കപ്പെടുകയായിരുന്നു. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചില ബാച്ചുകളിലുള്ള ഉത്പന്നങ്ങള്‍ നെസ്ലേ തിരിച്ചുവിളിച്ചത്. ഡിസംബര്‍ മുതലാണ് തിരിച്ചുവിളിക്കാന്‍ തുടങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നെസ്ലെ ബേബി ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ സൗദി അറേബ്യയുടെ ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്്. എന്നാല്‍ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നെസ്ലെ ഉത്പന്നങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്ലെ സിഇഒ ഫിലിപ്പ് നവരാറ്റില്‍ പറയുന്നു. കിറ്റ്കാറ്റ് മുതല്‍ നെസ്‌കഫെ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് നെസ്ലെ. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വിഷവസ്തുവിന്റെ സാന്നിധ്യം മൂലം തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങളുമായി ബന്ധമില്ലെന്നാണ് നെസ്ലെ അറിയിക്കുന്നത്.
മാധവ് ഗാഡ്ഗില്‍ : ജനകീയനായ പരിസ്ഥിതി പ്രവര്‍ത്തകന്‍
പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മനുഷ്യ സ്നേഹിയായിരുന്നു മാധവ് ഗാഡ്ഗില്‍. ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനെയാണ് മാധവ് ഗാഡ്ഗിലിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമായത്.
ജനകീയനായ പരിസ്ഥിതി പ്രവര്‍ത്തകന്‍.. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന ഉറച്ച ശബ്ദം… പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ട് ഒരു വികസനവും പാടില്ലെന്ന നിലപാടിന്റെ പേര്… ഈ വിശേഷണങ്ങളെല്ലാം ഒറ്റപ്പേരില്‍ സംഗ്രഹിക്കാം.. അതായിരുന്നു മാധവ് ഗാഡ്ഗില്‍. പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മനുഷ്യ സ്നേഹിയെന്ന് ആ ജീവിതത്തെ വിശേഷിപ്പിച്ചാല്‍ അത് ഒട്ടും കുറവ് വരില്ല. പരിസ്ഥിതിയെ പൂര്‍ണമായി സംരക്ഷിച്ച് കൊണ്ട് മാത്രമേ വികസനം സാധ്യമാക്കാവൂ എന്ന നിലപാട് ജീവിതത്തില്‍ അങ്ങോളം അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയാണ് പരിസ്ഥിതി സംരക്ഷണ ചരിത്രത്തില്‍ മാധവ് ഗാഡ്ഗില്‍ എന്ന പേര് എന്നും സ്മരിക്കപ്പെടുന്നത.
അദ്ദേഹം അധ്യക്ഷനായ സമിതിയാണ് പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്തത്. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024-ല്‍ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്നും സജീവ ചര്‍ച്ചാവിഷയമാണ്. തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തില്‍ എന്നും ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞന്‍’ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ ആയി തെരഞ്ഞെടുത്തത് ആ പ്രവര്‍ത്തന ജീവിതത്തിന്റെ നേര് വിളിച്ച് പറയും. ഭാവി തലമുറയ്ക്ക് സുഗമമായി ജീവിക്കണമെങ്കില്‍ പരിസ്ഥിതിയോട് ചേര്‍ന്ന് നിന്ന് വികസനം നടപ്പാക്കണമെന്ന് സര്‍ക്കാരുകളോട് ഗാഡ്ഗില്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനെയാണ് മാധവ് ഗാഡ്ഗിലിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമായത്.
വാടക കുടിശിക : ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനായി പദ്ധതി
ദുബൈയില്‍ വാടക കുടിശികയാല്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനായി 10 മില്യണ്‍ ദിര്ഹം അനുവദിച്ചു. റെന്റല്‍ ഡിസ്പ്യൂട്ട്‌സ് സെന്ററും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റബിള്‍ എസ്റ്റാബ്ലിഷ്മെന്റും ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭിച്ചത്. വാടക കുടിശികയെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട നിരവധി പേരുടെ മോചനത്തിന് ഇത് വഴിവെക്കുമെന്ന്ാണ് വിലയിരുത്തല്‍.
‘സിത്ര്‍’ എന്ന പേരില്‍ ആണ് ദുബായ് വാടക ബാധ്യതകളാല്‍ വലയുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതിനായി 10 മില്യണ്‍ ദിര്ഹം അനുവദിച്ചു . റെന്റല്‍ ഡിസ്പ്യൂട്ട്‌സ് സെന്ററും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റബിള്‍ എസ്റ്റാബ്ലിഷ്മെന്റും സംയുക്തമായാണ ് ഇത് നടപ്പാക്കുന്നത്. കുടുംബ സ്ഥിരത സംരക്ഷിക്കുന്നതിനും എമിറേറ്റിലുടനീളം സമൂഹത്തിന്റെ ഘടന ശക്തിപ്പെടുത്തുന്നതിനുമായി 2026 കുടുംബ വര്‍ഷമായി ആചരിക്കാനുള്ള യുഎഇ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗം കൂടിയാണ് പദ്ധതി. കുടിശ്ശിക വരുത്തിയ 111 കുടിയാന്‍മാരുടെ മോചനത്തിനും, 187 എന്‍ഫോഴ്സ്മെന്റ് കേസുകള്‍ തീര്‍പ്പാക്കുന്നതിനും, യോഗ്യരായ 232 കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മുഴുവനും ഈ പദ്ധതി നീണ്ടുനില്‍ക്കും. വാടകയുമായി ബന്ധപ്പെട്ട കേസുകളില്‍ തടവിലാക്കപ്പെട്ട വ്യക്തികളെ മോചിപ്പിക്കുക, സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുക, പരമാവധി എന്‍ഫോഴ്സ്മെന്റ് ഫയലുകള്‍ അവസാനിപ്പിക്കാന്‍ വാടക തര്‍ക്ക കേന്ദ്രത്തെ സഹായിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. ദുബൈയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വാടക വന്‍തോതില്‍ വര്‍ദ്ധിച്ചത് താമസക്കാര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിരുന്നു. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ ആളുകളുടെ ചെലവുകളുടെ വലിയൊരു ഭാഗം വാടകയാണെന്നാണ്. അതിനാല്‍ തന്നെ ‘സിത്ര്‍’ പോലുള്ള സംരംഭങ്ങള്‍ കുടുംബങ്ങളെ, ഈ വെല്ലുവിളി മറികടക്കാന്‍ സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു. സാമൂഹിക സാഹചര്യങ്ങള്‍, കുടിശ്ശിക ബാധ്യതകള്‍, വരുമാന സ്രോതസ്സുകള്‍, മുന്‍കാല പേയ്മെന്റ് പാലിക്കല്‍, പരിശോധിച്ചുറപ്പിച്ച രേഖകള്‍ എന്നിവയുള്‍പ്പെടെ സുതാര്യവും നീതിയുക്തവുമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി, സഹായം ഏറ്റവും അര്‍ഹരായവര്‍ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആര്‍ഡിസി പ്രസക്തമായ പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുവഴി സമഗ്രതയോടും നീതിയോടും കൂടി പിന്തുണ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഷാര്‍ജ : ഇവി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിയന്ത്രിക്കും
ഷാര്‍ജയില്‍ ഇല്ക്ട്രിക്ക് വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിയന്ത്രിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ചട്ടക്കൂട് തയ്യാറാക്കി.
ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ക്കൊപ്പം എമിറേറ്റിലുടനീളമുള്ള ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചും എസ്ഇസി ചര്‍ച്ച ചെയ്തു. ഇതിനായി നിര്‍ദ്ദിഷ്ട ചട്ടക്കൂട് തയ്യാറാക്കുകയും ചെയ്തു. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഇന്‍സ്റ്റാളേഷനും പ്രവര്‍ത്തനവും സംഘടിപ്പിക്കുക, സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കുക, വിശ്വസനീയവും നൂതനവുമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ചട്ടകൂട് തയ്യാറാക്കിയത്. ഇതിനുപുറമെ ഫലപ്രദമായ നിരീക്ഷണം നടപ്പിലാക്കുക, ന്യായമായതും സുരക്ഷിതവുമായ വിലകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുക, എല്ലാ ഉപയോക്താക്കള്‍ക്കും പ്രവേശനക്ഷമത ഉറപ്പാക്കുക എന്നതും ഉദ്ദേശലക്ഷ്യമാണ്. ഷാര്‍ജയുടെ നഗരാസൂത്രണ ലക്ഷ്യങ്ങളും വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിക് വാഹന സ്വീകാര്യതയും കൈവരിക്കുന്നതിന് വൈദ്യുത വിതരണ സംവിധാനത്തിന്റെ സന്നദ്ധത വര്‍ദ്ധിപ്പിക്കാനും ഇതിനോടനുബന്ധിച്ച് തീരുമാനിച്ചു. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ബോയിംഗ് 787-8-നെ സ്റ്റാര്‍ലിങ്കുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ കാരിയര്‍ആയി ഖത്തര്‍ എയര്‍വേസ്
ബോയിംഗ് 787-8-നെ സ്റ്റാര്‍ലിങ്കുമായി ബന്ധിപ്പിക്കുന്ന ആഗോളതലത്തില്‍ ആദ്യത്തെ കാരിയര്‍ ആയി ഖത്തര്‍ എയര്‍വേസ് മാറി. ഫ്‌ലീറ്റിലെ എല്ലാ എ 350 വിമാന സര്‍വ്വിസുകളും സ്റ്റാര്‍ ലിങ്കുമായി ബന്ധിപ്പിച്ച് മറ്റൊരു റെക്കോര്‍ഡും ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് മുഴുവന്‍ എ 350 വിമാനങ്ങളും സ്റ്റാര്‍ലിങ്കുമായി ഖത്തര്‍ ബന്ധിപ്പിച്ചത്. 8 മാസം കൊണ്ടായിരുന്നു ഇത് പൂര്‍ത്തീകരിച്ചത്. ഇതിന് പിന്നാലെയാണ് ബോയിംഗ് 787-8-നെ സ്റ്റാര്‍ലിങ്കുമായി ബന്ധിപ്പിച്ചത്. നിലവില്‍ ഖത്തര്‍ എയര്‍വേയ്സ് ആകാശത്തിലെ ഏറ്റവും വേഗതയേറിയ വൈ-ഫൈ ഉള്ള മൂന്ന് ഡ്രീംലൈനറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു, ഇത് സ്റ്റാര്‍ലിങ്ക്-കണക്റ്റഡ് വൈഡ്‌ബോഡി വിമാനങ്ങളുടെ ആകെ എണ്ണം ഏകദേശം 120 ആയി. വെറും 14 മാസത്തിനുള്ളില്‍, ഖത്തര്‍ എയര്‍വേയ്സ് ബോയിംഗ് 777, എയര്‍ബസ് എ350 സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാളേഷന്‍ പ്രോഗ്രാമുകള്‍ ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തു, തുടര്‍ന്ന് അതിന്റെ ബോയിംഗ് 787 ഡ്രീംലൈനറുകളിലേക്ക് വികസിപ്പിച്ചു. ഈ പുരോഗതി സ്റ്റാര്‍ലിങ്ക് പ്രാപ്തമാക്കിയ ദീര്‍ഘദൂര, അള്‍ട്രാ ദീര്‍ഘദൂര കണക്റ്റിവിറ്റിയില്‍ ആഗോള നേതാവെന്ന നിലയില്‍ എയര്‍ലൈനിന്റെ സ്ഥാനം ഉറപ്പിക്കുന്നു, അതോടൊപ്പം ലോകത്തിലെ ആദ്യത്തേതും വലുതുമായ സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച എ350 ഫ്‌ലീറ്റ് കൈവരിക്കുകയും ചെയ്യുന്നു, ഇത് വിമാനത്തിന്റെ ആഗോള ലോഞ്ച് ഉപഭോക്താവെന്ന ഖത്തര്‍ എയര്‍വേയ്സിന്റെ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നു. ഖത്തര്‍ എയര്‍വേസിന്റെ വിമാനങ്ങള്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക് 500 എംബിപിഎസ് വരെ അള്‍ട്രാ-ഹൈ-സ്പീഡ് കണക്റ്റിവിറ്റി നല്‍കുന്നു. ഇത് ഹോം ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളെ പോലും മറികടക്കുന്ന വേഗതയാണ്്.
ആരോഗ്യസംരക്ഷണം : ലോകത്തിലെ മികച്ച 18 ആമത് രാജ്യമായി ഖത്തര്‍
ആരോഗ്യ സംരക്ഷണത്തിനുള്ള ലോകത്തിലെ മികച്ച 20 രാജ്യങ്ങളില്‍ ഖത്തര്‍ വീണ്ടും സ്ഥാനം പിടിച്ചു. ജീവിത നിലവാര ഡാറ്റയ്ക്കായുള്ള ക്രൗഡ്സോഴ്സ്ഡ് ആഗോള ഉറവിടമായ നംബിയോ പുറത്തിറക്കിയ ഏറ്റവും പുതിയ ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്സ് 2026 പ്രകാരം 18 ആം സ്ഥാനത്താണ് ഖത്തര്‍
മെഡിക്കല്‍ പ്രൊഫഷണലുകള്‍, ആരോഗ്യ സംരക്ഷണ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ ലഭ്യതയും കഴിവും, മെഡിക്കല്‍ ഉപകരണങ്ങള്‍, അനുബന്ധ ചെലവുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ഘടകങ്ങള്‍ പരിഗണിച്ചാണ്പട്ടിക തയ്യാറാക്കിയത്. ഓരോ രാജ്യത്തും ലഭ്യമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍, വിഭവങ്ങള്‍ എന്നിവയുടെ വിശാലമായ വിലയിരുത്തല്‍ സൂചിക നല്‍കുന്നു. 2025 ലെ അതേ റാങ്ക് നിലനിര്‍ത്തിക്കൊണ്ട് 2026 ലും ഖത്തര്‍ 18-ാം സ്ഥാനത്ത് തുടരുന്നുവെന്ന് റാങ്കിംഗ് കാണിക്കുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ മൊത്തത്തിലുള്ള സ്‌കോറില്‍ നേരിയ പുരോഗതി രേഖപ്പെടുത്തി, ഇത് 73.4 ല്‍ നിന്ന് 73.6 ആയി ഉയര്‍ന്നു, ഇത് ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ഗുണനിലവാരത്തിലെ തുടര്‍ച്ചയായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം സമീപ വര്‍ഷങ്ങളില്‍ ശേഷി, തൊഴില്‍ ശക്തി വളര്‍ച്ച, സേവന നിലവാരം എന്നിവയില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് എല്ലാവര്‍ക്കും പ്രാപ്യവും ഉയര്‍ന്ന നിലവാരമുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ആരോഗ്യ സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, മാനവ വിഭവശേഷി, പ്രതിരോധ പരിചരണം, ഭക്ഷ്യ സുരക്ഷ, അന്താരാഷ്ട്ര അംഗീകാരം എന്നിവയില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇത് ആഗോളതലത്തില്‍ മുന്‍നിര ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്‍ ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളെ വിലയിരുത്തുന്ന സൂചികയുടെ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടിയ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ നിന്നുള്ള ഏക രാജ്യം ഖത്തര്‍ ആണെന്നത് ശ്രദ്ധേയമാണ്. പ്രാദേശിക, ആഗോള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖത്തറിന്റെ ശക്തമായ പ്രകടനമാണ് ഈ വ്യത്യാസം എടുത്തുകാണിക്കുന്നത്. അയല്‍ രാജ്യങ്ങളില്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 70.8 പോയിന്റുമായി 28-ാം സ്ഥാനത്തും, ഒമാന്‍ 62.2 പോയിന്റുമായി 53-ാം സ്ഥാനത്തും, സൗദി അറേബ്യ 62.2 പോയിന്റുമായി 53-ാം സ്ഥാനത്തും, കുവൈറ്റ് 58.6 പോയിന്റുമായി 66-ാം സ്ഥാനത്തുമാണ്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ തായ്വാന്‍ (86.5), ദക്ഷിണ കൊറിയ (82.8), ജപ്പാന്‍ (80.0) എന്നിവയാണ്.


