Friday, July 31, 2026
Home Blog Page 188

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

0

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്.ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിക്ക് പോകാനെത്തിയതാണ് രാകേഷ്. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് പോലീസ് പറയുന്നത്.

രാകേഷിന്റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറി. സംഭവത്തെ തുടർന്ന് വിമാനം പുറപ്പെടുന്നത് രണ്ടു മണിക്കൂര്‍ വൈകി. പരിശോധനയ്ക്ക് ശേഷം വിമാനം കൊച്ചിയില്‍ നിന്നു വൈകിയാണ് പുറപ്പെട്ടത്.

ഇടുക്കിയില്‍ കനത്ത മഴ: കല്ലാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു; ചിന്നാര്‍ പുഴയുടെ കരകളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

0

ഇടുക്കിയിൽ കനത്തമഴയെ തുടർന്ന് ഡാമുകൾ തുറന്നു. കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തി. കല്ലാർ -ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കിയിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. കല്ലാർ ഡാമിലെ ജലനിരപ്പ് ചുവപ്പ് ലെവലില്‍ എത്തി.

പാംബ്ല ഡാമിന്‍റെ ഷട്ടറുകളും ആവശ്യാനുസരണം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. 500 ക്യൂമെക്സ് ജലം വരെ പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടർച്ചയായി മഴ പെയ്യുന്നുണ്ട്.

അതിനിടെ കൊച്ചുകരിന്തരുവി പുഴയില്‍ കാണാതായ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച 14 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിലാണുള്ളത്. സെന്‍റ് ജോസഫ് പള്ളി പാരിഷ് ഹാളിലാണ് ക്യാംപ്. 11 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. പച്ചടി പത്തുവളവിലും പേത്തോട്ടി ഞണ്ടാറിലുമാണ് ഇന്നലെ ഉരുള്‍പൊട്ടലുണ്ടായത്. ചേറ്റുകുഴി–കമ്പംമെട്ട് റോഡിലും കൂട്ടാര്‍ റോഡിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിക്ക് കേൾവി നഷ്ടമായി

0

തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി ശക്തി നഷ്ടമായി. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്. വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം . ഇടിമിന്നലേറ്റ് അമ്മയും ആറ് മാസം പ്രായമായ കുഞ്ഞും തെറിച്ചു വീണു. ഐശ്വര്യയ്ക്ക് ഇടത് ചെവിയുടെ കേൾവി ശക്തി നഷ്ട്ടപ്പെട്ടു. ശരീരത്തിൽ പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

ഇടിമിന്നലേറ്റ് ഐശ്വര്യയും കുഞ്ഞും തെറിച്ചു വീഴുകയായിരുന്നു. പിന്നീട് ബോധം നഷ്ടപ്പെട്ടു. തുടർന്ന് ആശുപതിയിലെത്തിച്ചപ്പോഴാണ് കേൾവി ശക്തി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. കുഞ്ഞിന് പ്രശ്നം ഒന്നും ഇല്ല. സമീപത്തെ വീടുകളിലും മിന്നലാക്രമണത്തിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

തൃശൂരിൽ കാണാതായ നാലാംക്ലാസുകാരൻ മാലിന്യ കുഴിയിൽ വീണ് മരിച്ച നിലയിൽ

0

തൃശൂര്‍ കൊട്ടേക്കാട് നിന്ന് കാണാതായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാലിന്യക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുറുവീട്ടില്‍ റിജോയുടെ മകന്‍ ജോണ്‍ പോള്‍ ആണ് മരിച്ചത്. കൊട്ടേക്കാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. കുന്നത്തുപീടിക സെന്ററിലെ ഒരു സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ജോൺ വീട്ടില്‍ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. മഴ പെയ്തതിനെ തുടര്‍ന്ന് മാലിന്യക്കുഴിയില്‍ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. അബദ്ധത്തിൽ കുട്ടി കുഴിയിൽ വീണതാകാം എന്നാണ് നിഗമനം. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ച കേസിൽ അറസ്റ്റിലായ നടന്‍ വിനായകനെ ജാമ്യത്തില്‍ വിട്ടു

0

മദ്യപിച്ച് പോലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. വിനായകനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്റ്റേഷൻ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകൻ കലൂരിനടുത്തുള്ള ഫ്ലാറ്റിലേക്ക് പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. മുന്‍പും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ ഫ്ലാറ്റിലേക്ക് വരുത്തിയിട്ടുണ്ട്‌. ഫ്ലാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തുകയായിരുന്നു.

പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പോലീസ് പറയുന്നു. അതോടൊപ്പം സ്‌റ്റേഷില്‍ വച്ച് പുകവലിച്ചു. അതിന് പോലീസ് നടനെകൊണ്ട് പിഴയടപ്പിച്ചു. തുടര്‍ന്ന് എസ്.ഐയോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

ഗുണ്ടൽപേട്ടിൽ ബൈക്ക് അപകടം; ഇരുപത്തിനാലുകാരിയായ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം

0

ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം. മൈസൂരില്‍ നിന്ന് ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോളാണ് അപകടം. വയനാട് മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്‌ലി സാബു (24) ആണ് മരിച്ചത്. ദേശീയപാത 766ൽ മദ്ദൂരിൽ തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം.

ആഷ്‌ലി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന ബന്ധുവിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ആഷ്‍ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഷ്‌ലിയും കുടുംബാംഗങ്ങളും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

തൃശൂരിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ മരണം നാലായി

0

തൃശൂർ മാടക്കത്തറ പഞ്ചായത്തിലെ ചിറക്കേക്കോട്ട് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൊട്ടേക്കാടൻ വീട്ടിൽ ജോജിയുടെ ഭാര്യ ലിജി (32) ആണ് മരിച്ചത്. ജോജി (39), മകൻ തെൻഡുൽക്കർ (12) എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. തീ കൊളുത്തിയ പിതാവ് ജോൺസൻ (68) വിഷം കഴിച്ച് മരിച്ചിരുന്നു.

സെപ്റ്റംബർ 14നു പുലർച്ചെ 12.30നാണു മകന്റെ കുടുംബം ഉറങ്ങുന്ന മുറിയിലേക്കു ജനലിലൂടെ ജോൺസൺ പെട്രോൾ ഒഴിച്ചത്. ഭാര്യ സാറ ഉറങ്ങുന്ന മുറി പൂട്ടിയിട്ട ശേഷമാണ് ഇയാൾ തീയിട്ടത്. കുറച്ച് വർഷങ്ങളായി ജോൺസനും മകനും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. വാടകവീട്ടിലേക്കു മാറിയ ജോജിയും കുടുംബവും ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നു 2 വർഷം മുൻപാണ് വീട്ടിലേക്ക് തിരികെ താമസത്തിന് എത്തിയത്.

തീ പടരുന്നത് കണ്ട അയൽവാസികളാണ് ആംബുലൻസ് വിളിച്ച് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജൂബിലി മിഷനിലും പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചെങ്കിലും ജോജിയും തെൻഡുൽക്കറും അന്നു തന്നെ മരിച്ചു. വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയിൽ ആയിരുന്ന ജോൺസൺ ഒരാഴ്ച കഴിഞ്ഞ് മരിച്ചു.

ചെന്നൈയില്‍ ഭിന്നശേഷിക്കാരായ 3 കുട്ടികൾക്ക് ട്രെയിന്‍ ഇടിച്ച് ദാരുണാന്ത്യം

0

ചെന്നൈ താംബരത്ത് ട്രെയിൻ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാർഥികൾ മരിച്ചു . കർണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. ഇവർ ബധിരരും മൂകരുമായിരുന്നു.

ഉച്ചയോടുകൂടി താംബരത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചാണ് അപകടം. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല.

‘ലിയോ’ പ്രമോഷനിടെ പാലക്കാട് സംവിധായകൻ ലോകേഷ് കനകരാജിന് പരുക്ക്

0

ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാട് അരോമ തിയേറ്ററില്‍ ഉണ്ടായ തിരക്കിനിടയില്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസ്സാര പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയൂം പ്രാഥമിക ചികിത്സ നേടിയ ശേഷം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങി എന്നും ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. പരിപാടിക്കിടയില്‍ കൃഷ്ണമൂര്‍ത്തിക്കും നിസ്സാര പരിക്ക് പറ്റിയിരുന്നു.

ലോകേഷ് കനകരാജിനെ കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ലോകേഷിന്റെ കാലിനാണ് പരുക്കേറ്റത്. ഇതോടെ ഇന്നു നടക്കേണ്ടിയിരുന്ന മറ്റ് തിയറ്റർ വിസിറ്റും പ്രസ്മീറ്റും റദ്ദാക്കി. അതേസമയം പരുക്ക് നിസ്സാരമാണെന്നും എല്ലാവരെയും കാണാന്‍ താൻ വീണ്ടും കേരളത്തിൽ തിരികെയെത്തുെമെന്നും ലോകേഷ് എക്സിൽ കുറിച്ചു.

‘‘കേരളം, നിങ്ങളുടെ സ്നേഹത്തിന് നന്ദി. എല്ലാവരെയും പാലക്കാട് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താൻ കഴിഞ്ഞില്ല. കേരളത്തിൽ നിങ്ങളെ കാണാൻ ഞാൻ തീർച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക.’’ലോകേഷ് കനകാരാജ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

സംസ്ഥാനത്ത് വില്‍ക്കുന്നത് കാലാവധി കഴിഞ്ഞ ചാത്തന്‍ മരുന്നുകള്‍; ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷനേതാവ്

0

ആരോഗ്യവകുപ്പിനെതിരെ ഗുരുതര വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗുണനിലവാരമില്ലാത്ത ചാത്തന്‍ മരുന്നുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. സിഎജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം, വിതരണം ചെയ്ത 1610 ബാച്ച് മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികള്‍ക്ക് നല്‍കി. രോഗികൾക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ പണം തട്ടി. ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവമുണ്ടായി എന്നാണ് സിഎജി കണ്ടെത്തലിൽ നിന്നും വ്യക്തമാകുന്നതെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സപ്ലൈക്കോയില്‍ നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. കെഎസ്ആര്‍ടിസിയെ പോലെ സപ്ലൈക്കോയും തകരുകയാണ്. ഖജനാവില്‍ പണമില്ലാത്തപ്പോഴാണ് സോഷ്യല്‍ മിഡിയ മാനേജ്‌മെന്റിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.