Friday, July 31, 2026
Home Blog Page 187

ഭക്ഷ്യ വിഷബാധ; ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ച് പേർ പരാതി നൽകി

0

ഷവര്‍മ കഴിച്ച ശേഷം കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിനെതിരേ കൂടുതല്‍ പരാതികള്‍. കാക്കനാട് ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച പതിനഞ്ച് പേരാണ് ഇതിനോടകം പരാതി നൽകിയിട്ടുള്ളത്. ഷവര്‍മ കഴിച്ചതിന് പിന്നാലെ കടുത്ത പനിയും വയറിളക്കവുമുണ്ടായെന്ന് ഒരു യുവതി കൂടി പരാതിപ്പെട്ടിരിക്കുന്നു. ഭക്ഷണത്തില്‍ ഈച്ചയെ കണ്ടതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നെന്നും ഇവർ പറഞ്ഞു.

അതേസമയം കോട്ടയം സ്വദേശി രാഹുൽ മരിച്ച സംഭവത്തിൽ പരാതിയെ തുടര്‍ന്ന് ഹോട്ടലിനെതിരെ മനഃപൂര്‍വമായ നരഹത്യ വകുപ്പ് ചുമത്തി. തൃക്കാക്കര പൊലീസിന്റേതാണ് നടപടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു. ഓണ്‍ലൈനായി ഭക്ഷണം വാങ്ങിച്ച് കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ഭക്ഷ്യവിഷബാധയുണ്ടായത് എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നാലെ ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് പേര്‍ കൂടി ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയിരുന്നു.

അതേസമയം, യുവാവിൻ്റെ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കാക്കനാട് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ നിന്ന് ലഭ്യമായിട്ടില്ല. അണുബാധയെ തുടര്‍ന്ന് രാഹുലിന്റെ അവയവങ്ങള്‍ തകരാറിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി.

പാലക്കാട് വാഹനാപകടത്തിൽ ഒരു മരണം

0

പാലക്കാട് മുട്ടിക്കുളങ്ങരയിൽ ലോറിയും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം. കോങ്ങാട് നിന്ന് മുട്ടിക്കുളങ്ങര ഭാഗത്തേക്ക് വരികയായിരുന്നു മുബാരിം. മുട്ടിക്കുളങ്ങര വള്ളിക്കോട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

എതിരെ വന്ന ലോറി വാനിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുബാരിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത വേഗതയാണ് അപകടകാരണമെന്നാണ് സൂചന.

ഓട്ടോയും കാറും കൂട്ടിയിടിച്ച് കൈക്കുഞ്ഞടക്കം അഞ്ചുപേർക്ക് പരുക്ക്

0

കോട്ടയം ദേശീയ പാത 183-ല്‍ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറല്‍ ആശുപത്രിക്ക് സമീപത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരുക്ക്. ഓട്ടോയാത്രക്കാരായ പാറത്തോട് ഇഞ്ചിയാനി വലക്കാമറ്റം ലാലി, മകള്‍ റിയ, റിയയുടെ മകള്‍ ഒരു മാസം പ്രായമുള്ള കുഞ്ഞ്, ഓട്ടോ ഡ്രൈവര്‍ മുണ്ടക്കയം 31-ാം മൈല്‍ സ്വദേശി ഇലവുങ്കല്‍ ജീസ്, കാര്‍ ഡ്രൈവര്‍ മുക്കാലി കറ്റുവേലില്‍ സാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റിയയുടെ മകളെ പൊന്‍കുന്നം ശാന്തി ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചശേഷം വീട്ടില്‍ പോകുംവഴിയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ ജീസ്, ലാലി, റിയ, റിയായുടെ മകള്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

0

കണ്ണൂര്‍ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ വെമ്മരടി പട്ടികജാതി കോളനിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിൽ തയ്യില്‍വളപ്പിലെ വെള്ളക്കുടിയില്‍ ജാനകിയുടെയും പരേതനായ കുഞ്ഞിരാമന്റെയും മകള്‍ കെ.വി പ്രസന്നയാണ് (32) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

പത്തുവര്‍ഷം മുന്‍പ് വിവാഹിതരായ ഷാജിയും പ്രസന്നയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. പ്രസന്നയും മൂന്നുമക്കളും അമ്മയ്ക്കും സഹോദരനുമൊപ്പം മയ്യിലിലെ സ്വന്തം വീട്ടിലായിരുന്നു താമസം.

ഷാജിയുടെ വീടിനു സമീപത്ത് ഒരു കല്യാണത്തില്‍ പങ്കെടുക്കാനായി കാങ്കോലിലെത്തിയ പ്രസന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് എടുക്കാൻ ഇന്നലെ ഭർത്താവിൻ്റെ വീട്ടിലെത്തി. ഈ സമയം ഷാജി വീട്ടിലുണ്ടായിരുന്നു. വാതില്‍ തുറന്ന് അകത്തുകയറിയ പ്രസന്നയും ഷാജിയും തമ്മില്‍ വാക്ക്തര്‍ക്കവും പിടിവലിയുമുണ്ടായി. തുടര്‍ന്ന് കമ്പിവടി കൊണ്ട് ഭാര്യയെ തലയ്ക്ക് അടിച്ചുവീഴ്ത്തി കത്തികൊണ്ട് തല അറുത്തുമാറ്റുകയായിരുന്നു.

എട്ടുവയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു, രണ്ടാനച്ഛനും സഹോദരനും പിടിയില്‍

0

കാസർകോട് ചിറ്റാരിക്കലില്‍ എട്ടുവയസ്സുകാരിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെയും ഇയാളുടെ സഹോദരനെയും പോലീസ് പിടികൂടി. കൊലപാതക കേസിലെ പ്രതി കൂടിയാണ് കുട്ടിയുടെ രണ്ടാനച്ഛൻ.വീട്ടില്‍ ആളില്ലാത്ത സമയത്താണ് രണ്ടാനച്ഛനും ഇയാളുടെ സഹോദരനും പെൺകുട്ടിയെ പീഡിപ്പിച്ചത്.

വീട്ടില്‍ അമ്മയില്ലാതിരുന്ന സമയത്ത് കുട്ടിയെ അടുത്ത വീട്ടിലേക്ക് എടുത്തു കൊണ്ടുപോയാണ് ഇവര്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് മദ്യം നല്‍കിയശേഷമാണ് ഇവര്‍ ക്രൂരത കാട്ടിയത്.ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. നിരന്തരം പീഡനത്തിനിരയായ പെൺകുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

ചിറ്റാരിക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രണ്ടുപ്രതികളെയും അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

യുവാവിൻ്റെ മരണത്തിൽ വില്ലൻ ഷവർമ തന്നെയോ? വിദഗ്ധ പരിശോധനാഫലം ഇന്ന്

0

കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യം വഷളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഡോക്ടർമാർ. ഭക്ഷ്യ വിഷബാധ മൂലമാണോ മരണം എന്ന് സ്ഥിരീകരിക്കണമെങ്കിൽ വിദഗ്ധ പരിശോധനാ റിപ്പോർട്ട് വരണം.

കോട്ടയം സ്വദേശിയാണ് മരിച്ച രാഹുൽ ഡി നായർ. രാഹുലിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ നടക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ പറയുന്നു. യുവാവിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദഘാതം ഉണ്ടായെന്ന് ഡോക്ടർ പറയുന്നു. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായി.

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

0

പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ഭാര്യയെ കുത്തിയ ശേഷം വേണുക്കുട്ടൻ സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കുകയായിരുന്നു.

ശ്രീജയുടെ വീട്ടിലാണ് സംഭവം നടന്നത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് എട്ടുമാസമായി ഇവർ വേർപിരിഞ്ഞ് താമസിക്കുകയാണ്. വേണു ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. ശ്രീജ തെങ്ങണയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. വ്യാഴാഴ്ച രാവിലെ ഭാര്യയുടെ വീട്ടിലെത്തിയ വേണു ശ്രീജയെ ക്രൂരമായി ആക്രമിച്ചെന്നാണ് വിവരം.

ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവർക്ക് ആറാംക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

പാഠപുസ്തകങ്ങളിൽ ഇന്ത്യ ഒഴിവാക്കി ‘ഭാരത് ‘ ആക്കാനുള്ള നീക്കത്തിനെതിരെ കേരളം

0

എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് ഒഴിവാക്കി ഭാരത് എന്നാക്കി മാറ്റുന്ന ശുപാര്‍ശയ്‌ക്കെതിരെ കേരളം. ബദല്‍ സാധ്യത തേടാന്‍ സംസ്ഥാന സര്‍ക്കാർ ഒരുങ്ങുന്നു. ഇന്ത്യ എന്ന പേര് നിലനിര്‍ത്തി എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കാനാണ് കേരളത്തിൻ്റെ നീക്കം. നേരത്തെ എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ എസ്‌സിഇആര്‍ടി പുസ്തകങ്ങളിൽ കേരളം ഉള്‍പ്പെടുത്തിയിരുന്നു.

എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള നിര്‍ദേശം എൻസിഇആര്‍ടി പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാന സമിതി ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ മാറ്റം നടപ്പാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളില്‍ ഇന്ത്യന്‍ രാജാക്കന്മാരുടെ ചരിത്രം കൂടൂതല്‍ ഉള്‍പ്പെടുത്തും.

ലീഗിൻ്റെ പലസ്തീൻ ഐക്യദാർഢ്യ മഹാ സമ്മേളനം ഇന്ന്; സമസ്തയെ ക്ഷണിക്കത്തതിൽ അപാകതയില്ലെന്ന് എം കെ മുനീർ

0

മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സമസ്തയെ ക്ഷണിക്കാത്തതില്‍ അപാകതയില്ലെന്ന് എം കെ മുനീര്‍. രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലാണ് സമ്മേളനം നടത്തുന്നത്. അന്തര്‍ദേശീയ വിഷയങ്ങളില്‍ പലപ്പോഴും വലിയ സാന്നിധ്യമായി മാറിയിട്ടുള്ള പ്രസ്ഥാനമാണ് ലീഗ്. ഇങ്ങനെ ഒരു മനുഷ്യാവകാശ റാലി നടത്തുക എന്നത് മുസ്ലീംലീഗിന്റെ ഉത്തരവാദിത്തമാണെന്നും അതിനപ്പുറം മറ്റൊന്നും ഈ ഘട്ടത്തില്‍ ആലോചിച്ചിട്ടില്ലെന്നും മുനീര്‍ പറഞ്ഞു.

ലീഗ് റാലി തെരഞ്ഞെടുപ്പ് പരിപാടി അല്ല. ഓരോത്തതരും സ്വന്തം നിലയില്‍ പ്രതിഷേധിക്കണം. ഇതില്‍ ആരെ വിളിക്കണം എന്നതല്ല പ്രധാനം, ലീഗ് എന്ത് നിലപാട് എടുക്കുന്നു എന്നതാണെന്നും മുനീർ പറഞ്ഞു. ഇപ്പോൾ നടക്കുന്ന യുദ്ധത്തില്‍ ഐക്യരാഷ്ട്ര സഭ നോക്കുകുത്തിയാണെന്നും ഇസ്രായേല്‍ യഥാര്‍ഥ തെമ്മാടി രാഷ്ട്രമാണെന്നും അദ്ദേഹം ആരോപിച്ചു.പരിപാടിയുടെ മുഖ്യാതിഥിയായി ശശി തരൂരിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയ്ക്കല്ല. അദ്ദേഹം ഒരു ഇൻ്റർനാഷണല്‍ ഫിഗര്‍ ആണ്. ഐക്യരാഷ്ട്ര സഭയിൽ ഏറെക്കാലം ഉണ്ടായിരുന്ന വ്യക്തിയാണ് തരൂർ. പലസ്തീന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് എന്തെന്ന് അറിയാവുന്ന ആളെന്ന നിലയിലും പലസ്തീൻ വിഷയത്തിൽ സംസാരിക്കാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലുമാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും മുനീർ പറഞ്ഞു.

മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്യുക. സമസ്തയുമായുള്ള വിവാദങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രധാന പരിപാടി എന്ന നിലയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ഒരുക്കത്തിലാണ് ലീഗ്. റാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വവ്വാല്‍ സാമ്പിളുകളില്‍ നിപ ആന്റിബോഡി കണ്ടെത്തി; മന്ത്രി വീണ ജോര്‍ജ്

0

വയനാട്ടില്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഐ.സി.എം.ആര്‍. ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് കണ്ടെത്തിയത്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ പരിശോധനകള്‍ ആ മേഖലകളില്‍ ഉണ്ടായതുകൊണ്ടാണ് ഈ കണ്ടെത്തല്‍. പൊതു ജാഗ്രത ഉണ്ടാകണം. ഗുരുതര ശ്വാസകോശ രോഗങ്ങളുമായി വരുന്നവരില്‍ നിപ മുൻകരുതൽ എടുക്കുന്നതിന് ആവശ്യമായ പരിശീലനം എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വവ്വാല്‍ സാന്നിദ്ധ്യം കൂടുതലുള്ള മാനന്തവാടി പഴശ്ശിപാര്‍ക്കിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ വന്നേക്കും.

കോഴിക്കോട് നിപ വ്യാപനത്തിലെ ഇന്‍ക്യുബേഷന്‍ പീരിയഡ് വ്യാഴാഴ്ച പൂര്‍ത്തിയാകുകയാണ്. ആദ്യം തന്നെ രോഗം തിരിച്ചറിയാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞു. 70 ശതമാനംവരെ മരണ നിരക്കുള്ള പകര്‍ച്ചവ്യാധിയാണ് നിപ. അതിനെ 33 ശതമാനത്തിലേക്ക് എത്തിച്ച് നിയന്ത്രിക്കാനായി. നേരത്തേ നിപ ബാധിച്ച് ഒരാള്‍ മരിച്ച കോഴിക്കോട് മരുതോങ്കരയില്‍നിന്ന് 12 വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ആന്റിബോഡി കണ്ടെത്തിയിരുന്നു.