Friday, July 31, 2026
Home Blog Page 184

സ്വിഫ്റ്റ് ബസ്സിൻ്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

0

സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിൻ്റെ ചില്ലാണ് തകർന്നത്.

ബസ്സിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ വിജയകുമാർ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ കല്ലെറിയുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു ഇയാളുടെ പരാക്രമം. ബസിൽ ബഹളം ഉണ്ടാക്കിയതിനേ തുടർന്ന് ഇയാളെ ഇറക്കി വിട്ടു. പുറത്തിറങ്ങിയ ഇയാൾ റോഡിൽ നിന്ന് കല്ലെടുത്ത് ബസിനു നേരെ എറിയുകയായിരുന്നു. ആർക്കും പരുക്കില്ല. തുടർന്ന് ഹൈവേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി; പ്രതി ഡൊമിനിക് മാർട്ടിൻ്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

0

കളമശ്ശേരിയിൽ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ഓരാൾ കൂടെ മരിച്ചു. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഇവർക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

അതേസമയം കളമശ്ശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. സ്ഫോടനം നടത്തിയ കൺവെൻഷൻ സെന്ററിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുക്കുക, ബോംബ് നിർമ്മാണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്തുക എന്നിവയാണ് ഇനി പോലീസ് ചെയ്യുക.മാർട്ടിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്ഫോടനത്തിന് പോകും മുൻപ് പ്രതിക്ക് ഒരു ഫോൺ കോൾ വന്നുവെന്ന ഭാര്യയുടെ മൊഴി ഉണ്ടായിരുന്നു. മാർട്ടിന്റെ വിദേശബന്ധത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഭിച്ച തെളിവുകളുടെയും മോഴികളുടെയും പശ്ചാത്തലത്തിൽ പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ട്.

ഒക്ടോബർ 29നാണ് കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവർ ചികിത്സയിൽ ഇരിക്കെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

അസ്ഫാക് ആലത്തിൻ്റെ ശിക്ഷാവിധി നവംബർ ഒൻപതിന്; ആലുവ കൊലപാതകക്കേസിൽ എല്ലാ കുറ്റവും തെളിഞ്ഞുവന്ന് കോടതി

0

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കെതിരായ 16 വകുപ്പുകളും തെളിയിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.

ശിക്ഷാ വിധി ഈ മാസം ഒൻപതിന് ഉണ്ടാകും.പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിക്ക് ഒരു മാനസിക പ്രശ്‌നവുമില്ലെന്നും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിക്ക് ഏതെങ്കിലും തരത്തിൽ മാനസാന്തരം ഉണ്ടാവാൻ സാധ്യതയുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. അതേസമയം പ്രതിക്കെതിരായ എല്ലാ വകുപ്പുകളും തെളിഞ്ഞ സാഹചര്യത്തില്‍ വധശിക്ഷ തന്നെ ലഭിച്ചേക്കും എന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.

കൃത്യം നടന്ന് നൂറാം ദിവസമാണ് ശിക്ഷ വിധിക്കുന്നത്. ഇക്കൊല്ലം ജൂലായ് 28-ന് വൈകീട്ട് മൂന്നിനാണ് ആലുവയിലെ വീട്ടില്‍ നിന്ന് അഞ്ച് വയസുകാരിയെ അസ്ഫാക് കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. കാണാതായതിനെ തുടര്‍ന്ന് പെൺകുട്ടിക്കായി ഉള്ള തിരച്ചിലിനിടെ ആണ് ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്.

അസ്ഫാക്കിനെതിരെ 16 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 99 സാക്ഷികളുള്ള കേസില്‍ 99-ാം ദിവസമാണ് വിധി വരുന്നതും എന്നതും ശ്രദ്ധേയം. കുട്ടിയുടെ വസ്ത്രങ്ങള്‍, ചെരിപ്പ്, ഡി എന്‍ എ. സാംപിളുകള്‍, സി സി ടി വി ദൃശ്യങ്ങള്‍ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില്‍ ഹാജരാക്കിയിരുന്നു.

ഉദ്യോഗസ്ഥരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകള്‍: ഹൈക്കോടതി

0

പ്രതികളെ ഉദ്യോഗസ്ഥർ ജയിലിൽ മർദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളിൽ അയക്കുന്നതെന്ന് ഉദ്യോഗസ്ഥർ ഓർക്കണം. അവരോട് സമാധാനത്തിൽ പെരുമാറണമെന്നും ഹൈക്കോടതി പറഞ്ഞു. വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ മർദിച്ചെന്നാരോപിച്ച് രണ്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.

അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകൾ. വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രതികൾ ജയിലിലുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. പരാതി അന്വേഷിക്കാൻ ക്രൈം എഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനും കോടതി നിർദേശിച്ചു.

കേരളവർമ കോളേജ് പ്രശ്നം: തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യു ഹൈക്കോടതിയിൽ

0

കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയിൽ ഹർജി നൽകി. കെ. എസ്.യു ചെയ‍ർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നാണ് ഹർജിയിലെ ആരോപണം.

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ താൻ ഒരു വോട്ടിന് വിജയിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിർസ്ഥാനാർഥി എസ്.എഫ്.ഐയുടെ കെ.എസ്. അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നും ഹർജിയിൽ പറയുന്നു. റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ർജിയിൽ ആരോപിക്കുന്നു. ബാലറ്റിലടക്കം കേടുവരുത്തിയ സാഹചര്യത്തിൽ റീ വേണമെന്നാണ് ആവശ്യം.

ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് പ്രിൻസിപ്പലിന്റെ എതിർപ്പ് മറികടന്ന് വോട്ട് വീണ്ടും എണ്ണിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി തിങ്കളാഴ്ച ജസ്റ്റിസ് ടി.ആർ. രവിയുടെ പരിഗണനക്കെത്തും. അതേസമയം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുംവരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് കെഎസ്‌യു അറിയിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കഴിഞ്ഞദിവസം നിരാഹാര സമരം ആരംഭിച്ചിരുന്നു.

“മുസ്ലിം ലീഗ് കോൺഗ്രസിൻ്റെ കക്ഷത്തിലെ കീറ സഞ്ചിയല്ല”, ലീഗിന് പിന്തുണയുമായി സിപിഐഎം

0

മുസ്‌ലിം ലീഗിനെ പ്രശംസിച്ച് വീണ്ടും സി.പി.ഐ.എം. കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗെന്ന് കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ അന്തസ്സുള്ള സമീപനമാണ് ലീഗിനെന്നും എ കെ ബാലൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടി എന്ന നിലയിൽ ലീഗുമായി അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടതുപക്ഷവും സി.പി.ഐ.എമ്മും സ്വീകരിക്കുന്ന സമീപനത്തോട് അനുകൂലമായ പ്രതികരണമാണ് ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറുള്ളതെന്നും എ കെ ബാലന്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ കോണ്‍ഗ്രസിന്റെ നിലപാടിനോട് ലീഗിന് യോജിപ്പുണ്ടായിരുന്നില്ല. അന്നും സെമിനാറിന് ലീഗിനെ ക്ഷണിച്ചതാണ്. എന്നാൽ യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലയില്‍ മുന്നണി തീരുമാനിച്ച കാര്യത്തിനെതിരായി എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനാലാണ് ലീഗ് ആ സെമിനാറില്‍ പങ്കെടുക്കാതിരുന്നത്. ഇന്ന് ആ സമീപനത്തില്‍ നിന്ന് മാറി ശക്തമായ തീരുമാനം അവര്‍ എടുത്തുകഴിഞ്ഞു. ഇത് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എ കെ ബാലൻ പറഞ്ഞു.

വൈദ്യുതി ബില്ലിൽ ‘ ഷോക്ക് ‘ അടിക്കും; നിരക്ക് വർധനയ്ക്ക് പിന്നാലെ ഉപഭോക്താക്കൾക്കുള്ള സബ്‌സിഡിയും അവസാനിപ്പിച്ചു

0

കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയും അവസാനിപ്പിച്ചു. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ആനുകൂല്യങ്ങളാണ് അവസാനിപ്പിച്ചത്. നവംബര്‍ ഒന്നുമുതല്‍ പുതുക്കിയ താരിഫ് നിരക്ക് പ്രാബല്യത്തിൽ വന്നു. വൈദ്യുതി നിരക്കില്‍ യൂണിറ്റിന് ശരാശരി 20 പൈസ വര്‍ധനവ് വരുത്തുകയും ചെയ്തിരുന്നു. സബ്‌സിഡി കൂടി നിര്‍ത്തിയതോടെ വലിയ തുക വർധനവ് പലര്‍ക്കും ബില്ലില്‍ വരും.

കഴിഞ്ഞ ബജറ്റിൽ സബ്‌സിഡി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. നവംബർ ഒന്നുമുതൽ നടപ്പിലാകുന്നുവെന്ന് മാത്രം. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 85 പൈസവരെ യൂണിറ്റിന് നൽകി വന്നിരുന്ന സബ്‌സിഡി ഉണ്ടാകില്ല. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസയാണ് സബ്‌സിഡി. 41 മുതൽ 120 യൂണിറ്റ് വരെയുള്ളതിന് 50 പൈസയുമാണ് സബ്‌സിഡി. ഇങ്ങനെ മൊത്തം 85 പൈസയാണ് ശരാശരി യൂണിറ്റിന് സബ്‌സിഡിയായി ലഭിച്ചിരുന്നത്. രണ്ടുമാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 240 യൂണിറ്റ് വരെ ഉപയോഗിക്കുമ്പോൾ സബ്‌സിഡി ലഭിച്ചിരുന്നു.

90 ലക്ഷം പേരെങ്കിലും മാസം 250 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരാണ് എന്നാണ് റെഗുലേറ്ററി കമ്മീഷന്റെ കണക്ക്. മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 44 രൂപയോളം സബ്‌സിഡി ഇളവ് ലഭിച്ചിരുന്നു. അതാണ് ഇല്ലാതായത്. ഇതിന് പുറമെ ഫിക്‌സഡ് ചാർജിൽ നൽകിയിരുന്ന സബ്‌സിഡിയും ഒഴിവാക്കിയിട്ടുണ്ട്.

മണിപ്പുര്‍ കത്തിയപ്പോള്‍ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു? സുരേഷ് ഗോപിക്കും ബിജെപിക്കും എതിരെ തൃശ്ശൂര്‍ അതിരൂപത

0

പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മുന്‍ എം.പി സുരേഷ്‌ഗോപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം മറക്കില്ലെന്നാണ് മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബര്‍ ലക്കം മുഖലേഖനത്തിലെ വിമരശനം. മണിപ്പുരിലും യു.പി.യിലും കാര്യങ്ങൾ നോക്കാൻ ആണുങ്ങൾ ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിക്കുന്നു. കരുവന്നൂർ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാവുമെന്നും അതിരൂപത ആരോപിക്കുന്നു. അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത് അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങള്‍ ഉണ്ട്’ എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് അതിരൂപതയെ ചൊടിപ്പിച്ചത്. തൃശൂരിനെ എടുക്കാന്‍ അഗ്രഹിക്കുന്ന ബിജെപി നേതാവ് സിനിമാ ഡയലോഗ് പോലെ നടത്തിയ പ്രസ്താവന ഇതിന് തെളിവാണെന്ന് മുഖലേഖനം വിമര്‍ശിക്കുന്നു. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബി.ജെ.പി കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോയെന്നാണ് ജനം തിരിച്ചു ചോദിക്കുന്നതെന്ന് മുഖ ലേഖനത്തിൽ ആരോപിക്കുന്നു.

മണിപ്പൂര്‍ കലാപത്തെ തടയാന്‍ കേന്ദ്രത്തിലെ ‘ആണുങ്ങള്‍ക്ക്’ സാധിച്ചില്ല എന്നത് ലോക ജനത തിരിച്ചറിഞ്ഞതാണ്. യൂറോപ്യന്‍ പാര്‍ലമെന്റ് വരെ ഇക്കാര്യത്തില്‍ ഇന്ത്യക്കെതിരെ പ്രമയേം പാസാക്കി. മണിപ്പൂരില്‍ കലാപത്തിന് കോപ്പുകൂട്ടുന്നത് അറിയാഞ്ഞിട്ടല്ല, തടയാന്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തുന്ന ബിജെപിക്ക് മനസുണ്ടായില്ലെന്നാണ് ബോധ്യമാവുന്നതെന്നും അതിരൂപത പറയുന്നു.ഞങ്ങള്‍ മണിപ്പൂര്‍ ആവര്‍ത്തിക്കുമെന്നും ഇവിടെയും വോട്ട് ചെയ്ത് ഞങ്ങളെ ജയിപ്പിക്കുക, ഭരണം കിട്ടിയാല്‍ കേരളവും മണിപ്പൂരാക്കി തരാം എന്നതാണോ ഇവർ ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുന്നവരുമുണ്ട്. മണിപ്പൂരിലെ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അക്രമികള്‍ക്കുള്ള ലൈസന്‍സ് ആയിരുന്നു. അത് ജനാധിപത്യ ബോധമുള്ളവര്‍ക്ക് അത്രവേഗം മറക്കാന്‍ പറ്റുന്നതല്ല. അതിനാല്‍ മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. സ്വന്തം പാര്‍ട്ടിക്ക് തൃശൂരില്‍ പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ പ്രസ്താവനക്കാരന്‍ തൃശൂരില്‍ ആണാകാന്‍ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ ഉയർന്നിട്ടുണ്ടെന്നും മുഖലേഖനത്തിൽ പറയുന്നു.

അനുവാദമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തു; വിഡിയോ കോളിൽ മുത്തലാഖ് ചൊല്ലി ഭർത്താവ്

0

പുരികം ത്രെഡ് ചെയ്തതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കാൺപൂരാണ് സംഭവം. തൻ്റെ ഇഷ്ടത്തിന് എതിരായി പുരികം ത്രെഡ് ചെയ്തതിൽ രോഷാകുലനായ ഭർത്താവ് വീഡിയോ കോളിലൂടെ തലാക്ക് കൊല്ലുകയായിരുന്നു. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.ഒക്‌ടോബർ നാലിനാണ് സംഭവം നടന്നത്.

കാൻപുർ സ്വദേശിനിയായ ഗുൽസബ എന്ന യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ഭർത്താവ് സലിം ഗുൽസബയുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ പുരികം ശ്രദ്ധയിൽപെട്ടു. തൻ്റെ അനുവാദമില്ലാതെ എന്തിനാണ് ചെയ്തതെന്ന് ചോദിച്ച് പൊടുന്നനെ ചൂടാവുകയും മുത്തലാക്ക് ചൊല്ലുകയുമയിരുന്നു. 2022 ജനുവരിയിലാണ് സലീമും ഗുൽസായ്ബയും വിവാഹിഹതരായത്. വിവാഹ ശേഷം ഓഗസ്റ്റ് 30 നു ജോലിക്കായി സലിം സൗദി അറേബ്യയിലേക്ക് പോയി. ഇതിന് പിന്നാലെ സ്ത്രീധനം ചോദിച്ച് സലീമിന്റെ വീട്ടുകാർ ഗുൽസായ്ബയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായും പരാതിയിലുണ്ട്.

2017 ലാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി സുപ്രിംകോടതി പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെ മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വരികയും ചെയ്തു. ഇത് പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണ്.

സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് ഇ ടി മുഹമ്മദ് ബഷീർ

0

പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സിപിഐഎം ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കും. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണ്. പാർട്ടി കൂടിയാലോചിച്ച് തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഈ പരിപാടിയിൽ ലീഗിന് പങ്കെടുക്കാവുന്നതാണ്. പലസ്തീൻ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജ്യവ്യാപകമായി ഇത്തരം റാലികൾ സംഘടിപ്പിക്കപ്പെടണമെന്നും ഇ ടി മുഹമ്മദ് ബഷീർ കൊച്ചിയിൽ പറഞ്ഞു.

“സ്വഭാവികമായിട്ടും വിളിക്കുകയാണെങ്കിൽ പോകാവുന്നതേയുള്ളൂ. ഞങ്ങളെ വിളിച്ചതായി അറിയില്ല. നടക്കാൻ പോകുന്നതല്ലേയുള്ളൂ. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടിയാലോചിച്ചിട്ടില്ല. പക്ഷേ പോകാവുന്നതേയുള്ളൂ. പലസ്തീൻ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഓരോ ദിവസവും നമ്മൾ വായിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് ആ പാരമ്പര്യത്തെ എല്ലാവരും കാത്തുസൂക്ഷിക്കേണ്ടതുണ്ട്” ഇ.ടി പറഞ്ഞു.

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നവംബർ 11ന് കോഴിക്കോടാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉൾപ്പെടെ സമുദായ സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനം.