Friday, July 31, 2026
Home Blog Page 183

ബില്ലുകളില്‍ ഒപ്പിടാത്ത ഗവർണർമാർക്ക് രൂക്ഷ വിമര്‍ശനം; ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാ തലവന്‍ മാത്രമെന്ന് സുപ്രീംകോടതി

0

ജനാധിപത്യ സംവിധാനത്തിൽ യഥാര്‍ത്ഥ അധികാരം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാ തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് തീകൊണ്ടാണ് കളിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നടപടി ആശങ്കപ്പെടുത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു.ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രീം കോടതി ചോദിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍കൂടി അടങ്ങുന്നതാണ് സർക്കാർ. സര്‍ക്കാരിന്റെ സഹായത്തോടെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍മാര്‍ പ്രവർത്തിക്കേണ്ടത്. ഭരണഘടനാപരമായ വിഷയങ്ങളിൽ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ഗവർണറുടെ ചുമതലയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജൂണ്‍ 19, 20 തീയതികളില്‍ ചേര്‍ന്ന പഞ്ചാബ് നിയമസഭയുടെ സമ്മേളനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ ആരോപണം. എന്നാല്‍, സ്പീക്കര്‍ വിളിച്ചുചേര്‍ത്ത നിയമസഭാസമ്മേളനം ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് നിയമപരമല്ലെന്ന് പറയുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു. സഭാസമ്മേളനം നിയമപരമാണെന്നും നാല് ബില്ലുകളിലും ഉടന്‍ തീരുമാനം എടുക്കണമെന്നും കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. സഭാസമ്മേളനം ചേരാത്തതിന് പഞ്ചാബ് സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു.

നിയമസഭ പാസ്സാക്കിയ 12-ഓളം ബില്ലുകളാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി തീരുമാനമെടുക്കാതെ പിടിച്ചുവച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ല. ഗവര്‍ണറുടെ ഈ നടപടി ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ നവംബര്‍ 20-ന് വിശദമായി വാദംകേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചു.

അതേസമയം സുപ്രീം കോടതി നിരീക്ഷണത്തോടു പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേരള നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല.

ഇടുക്കിയിൽ റിസർവ് വനത്തിൽ തേക്കുമരങ്ങൾ മുറിച്ച് കടത്തി; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആരോപണം

0

ഇടുക്കിയിൽ റിസർവ് വനത്തിൽ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന തേക്ക് മരങ്ങൾ മുറിച്ചു കടത്തി. മലയാറ്റൂര്‍ റിസര്‍വിന്റെ ഭാഗമായ കരിമണല്‍ നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസ് പരിധി ആഡിറ്റ് വണ്‍ ഭാഗത്ത് നിന്നുമാണ് മൂന്ന് മരങ്ങള്‍ വെട്ടി കടത്തിയത്. മൂന്നുമാസങ്ങള്‍ക്ക് മുനപാണ് മരം മുറിക്കൽ നടന്നത്. റോഡില്‍ നിന്നും 200 മീറ്റര്‍ മാറി കാടിനുള്ളില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ചിരിക്കുന്നത്. നഗരംപ്പാറ ഓഡിറ്റ് ഒന്ന് ഭാഗത്തെ ഉൾ വനത്തിൽ മുറിച്ച തേക്കിന്‍റെ കുറ്റികളും അവശിഷ്ടങ്ങളും കാണാം.

മുഴുവൻ സമയവും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ള പ്രദേശത്തുനിന്നുമാണ് മരങ്ങള്‍ വെട്ടി കടത്തിയിരിക്കുന്നത്. ഇതിന് സമീപമാണ് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫിസ്. വനം വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുന്നത് ഒക്ടോബറിലാണ്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കുറ്റവാളികളെ കണ്ടെത്താൻ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല.

പനംകുട്ടി, നേര്യമംഗലം ചെക്ക് പോസ്റ്റുകൾ വഴിയെ മരം പുറത്തെത്തിക്കാൻ സാധിക്കൂ. പനംകുട്ടിക്കും നേര്യമംഗലത്തിനും ഇടയിലുള്ള റോഡിലൂടെ മരം കൊണ്ടു പോയിരിക്കാമെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. ജന സഞ്ചാരമുള്ള റോഡിലൂടെ തേക്ക് മരങ്ങൾ കടത്തി കൊണ്ടു പോയത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ ആണെന്നാണ് ആക്ഷേപം ഉയരുന്നത്.

ചിക്കുൻഗുനിയ വാക്‌സിന് അംഗീകാരം; ‘ഇക്സ്ചിക് ‘ ആദ്യഘട്ടത്തിൽ പതിനെട്ട് വയസ്സിനു മുകളിൽ ഉള്ളവർക്ക്

0

ചിക്കുൻഗുനിയക്കുള്ള ലോകത്തെ ആദ്യവാക്സിന് അംഗീകാരം ലഭിച്ചു. യു.എസ് ആരോഗ്യമന്ത്രാലയമാണ് വാക്സിന് അംഗീകാരം നൽകിയത്. യൂറോപ്യൻ കമ്പനി ആയ വാൽനേവയാണ് വാക്സിൻ വികസിപ്പിച്ചെടുത്. വാക്സിൻ ‘ഇക്സ്ചിക്’ എന്നപേരിൽ വിപണിയിലെത്തും. 18 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക.

പേശിയിലേക്ക് ഇൻഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന സിംഗിൾ ഡോസ് മരുന്നാണിത്. നോർത്ത് അമേരിക്കയിൽ രണ്ടുഘട്ടങ്ങളായി നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് വാക്സിന് അംഗീകാരം നൽകുന്നത്. പതിനെട്ടുവയസ്സും അതിനുമുകളിലും പ്രായമുള്ള 3,500 പേരിലാണ് ട്രയൽ നടത്തിയത്. യുഎസ് ഡ്രഗ് റെഗുലേറ്റർ അംഗീകാരം നല്‍കിയതോടെ രോഗം വ്യാപകമായി ബാധിച്ച രാജ്യങ്ങളില്‍ വാക്സിന്‍ വിതരണം വേഗത്തിലാക്കും.

പനിക്കും കഠിനമായ സന്ധിവേദനയ്ക്കും കാരണമാകുന്ന ചിക്കുന്‍ഗുനിയ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലും പ്രധാനമായും കാണപ്പെടുന്നു. ആഗോളതലത്തിൽതന്നെ ഭീഷണി ഉയർത്തുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്.

ശക്തമായ പനി, സന്ധിവേദന, ചര്‍മത്തിലുണ്ടാകുന്ന ചുവന്നുതടിച്ച പാടുകള്‍ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അല്‍ഫാവൈറസുകളാണ് രോഗകാരികൾ. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. അസുഖം മാറിയാലും പലർക്കും സന്ധിവേദന അടക്കമുള്ള പ്രശ്നങ്ങൾ തുടരാറുണ്ട്.

നടി ഹരിത ജി നായര്‍ വിവാഹിതയായി, വരന്‍ ‘ദൃശ്യം 2’ എഡിറ്റര്‍ വിനായക്

0

സിനിമ സീരിയൽ നടി ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് ഇരുവരും. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമേ ഉള്ളൂവെന്നും ലവ് സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും ഹരിത പറഞ്ഞിരുന്നു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും ഹരിത വ്യക്തമാക്കിയിരുന്നു.

ഏഴാം ക്‌ളാസിൽ തുടങ്ങിയ സൗഹൃദമാണ് ഇന്ന് വിവാഹത്തിലേക്ക് എത്തിയതെന്നും ഹരിത പറയുന്നു. നഴ്സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷോയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്. ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം.

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; ഭാസുരാംഗനെ സിപിഐ പുറത്താക്കി

0

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ സിപിഐ പുറത്താക്കി. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. നിലവിൽ മണ്ഡലം കമ്മിറ്റി അംഗമാണ്. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ രണ്ട് തവണ ഭാസുരാംഗനെതിരെ നടപടിയെടുത്തിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഭാസുരാംഗനെ നേരത്തെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തിയിരുന്നു.

15 വര്‍ഷമായി സിപിഐ അംഗമാണ് ഭാസുരാംഗന്‍. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.

ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് പുലർച്ചെ മൂന്നുമണിയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. കണ്ടലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാങ്കിലെ ഇന്റേണൽ ഓഡിറ്റര്‍ ശ്രീഗാറിന്‍റെയും, അപ്രൈസർ അനിൽകുമാറിന്റെയും മുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, മോഹനേന്ദ്രകുമാർ എന്നിവരുടെയും വീടുകളിലെ പരിശോധന പൂർത്തിയായി. ഭാസുരാംഗന്റെ ബിനാമികൾ എന്ന് സംശയിക്കുന്നവരോട് ഇ.ഡി സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങളും രേഖകളും ശേഖരിച്ചു. ബാങ്കിൽ നിന്നും ഭാസുരാംഗന്റെ വീട്ടിൽ നിന്നും രേഖകള്‍ ഇഡി ശേഖരിച്ചെന്നാണ് സൂചന.

കണ്ടല സഹകരണ ബാങ്കിൽ ഇ ഡി റെയ്ഡ്, മുൻസെക്രട്ടറിമാരുടെയും കളക്ഷൻ ഏജന്റിന്റെയും വീടുകളിൽ പരിശോധന

0

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ആറിടങ്ങളിൽ ഇ ഡി പരിശോധന. മുൻ സെക്രട്ടറിമാരുടെ വീട്ടിലും ഇ ഡി പരിശോധന നടത്തുകയാണ്. ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാങ്കന്റെ വീട്ടിലും ഇ ഡി എത്തി. പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്.

പുലര്‍ച്ചയാണ് കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് ആരംഭിച്ചത്. നാല് വാഹനങ്ങളിലാണ് സംഘം എത്തിയത്. ബാങ്കിലെ വായ്പ ഇടപാടുകള്‍ സംബന്ധിച്ചും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടും സഹകരണ റജിസ്ട്രാറുടെ റിപ്പോര്‍ട്ട് ഇഡി നേരത്തെ തേടിയിരുന്നു. അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളുമാണ് ഇഡി പരിശോധിക്കുന്നത്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെയും പേരൂര്‍ക്കടയിലെ മുൻ സെക്രട്ടറി മോഹന ചന്ദ്രന്‍റെ വീട്ടിലും കളക്ഷൻ ഏജന്‍റ് അനിയുടെ വീട്ടിലും അടക്കം ആറിടങ്ങളിലാണ് പരിശോധന.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍.

ടൈംഡ് ഔട്ട് അല്ല, അഞ്ച് സെക്കൻ‍ഡുകൾ കൂടി ബാക്കിയുണ്ട്; വീഡിയോ തെളിവുമായി എയ്ഞ്ചലോ മാത്യൂസ്

0

ഏകദിന ലോകകപ്പ് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായിരുന്നു. ഇങ്ങനെ ഒരു നിയമം ഉണ്ടെങ്കിലും ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഇത് പ്രാവർത്തികമാക്കുന്നത്.

സംഭവത്തിൽ വിശദീകരണവുമായി എയ്ഞ്ചലോ മാത്യൂസ് രംഗത്തെത്തിയിരിക്കുന്നു. വീഡിയോ തെളിവ് അടക്കം പങ്കുവച്ചാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്.അപമാനകരമായ സംഭവമായിരുന്നു ഇതെന്നാണ് മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞത്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. തയാറാകാൻ രണ്ടു മിനിറ്റ് സമയമുണ്ടായിരുന്നു. എന്നാൽ യാന്ത്രികമായ ഒരു തകരാറാണ് അവിടെ സംഭവിച്ചത്. സാമാന്യബോധം എന്നത് അപ്പോൾ എവിടെപ്പോയി എന്നും മാത്യൂസ് ചോദിക്കുന്നു.

ഒരു ബാറ്റർ ഔട്ടായാൽ അടുത്ത കളിക്കാരന് ക്രീസിലെത്താൻ മൂന്ന് മിനിറ്റാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ലോകകപ്പിൽ ഇത് രണ്ട് മിനിറ്റ് മാത്രമാണ്. എന്നാൽ താൻ കൃത്യ സമയത്ത് ക്രീസിലെത്തിയിരുന്നു എന്നാണ് മാത്യൂസ് പറയുന്നത്. അ‌ടുത്ത പന്ത് നേരിടാനായി താൻ അഞ്ച് സെക്കന്റ് മുമ്പെ തയ്യാറായിരുന്നു. ഹെൽമറ്റിന്റെ തകരാറാണ് കൂടുതൽ സമയം നഷ്ടപ്പെടുത്തിയതെന്നും മാത്യൂസ് വ്യക്തമാക്കുന്നു.

നായകൻ ശാകിബുൽ ഹസനെയും ബംഗ്ലാദേശ് ടീമിനെയും രൂക്ഷമായി വിമർശിക്കുന്നു എയ്ഞ്ചലോ മാത്യൂസ്. ശാകിബിൽ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് താരം പറഞ്ഞു. നിശ്ചിത സമയം കഴിഞ്ഞിട്ടും താരം ബാറ്റിങ്ങിന് തയാറാകാതെ വന്നതോടെ ബംഗ്ലാദേശിന്‍റെ അപ്പീൽ അമ്പയർ അംഗീകരിക്കുകയായിരുന്നു. തുടർന്ന് ശാകിബിനോടും മാത്യൂസ് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ടൈംഡ് ഔട്ടിനായുള്ള ശാകിബിന്‍റെ അപ്പീൽ അമ്പയർ അംഗീകരിക്കുകയായിരുന്നു. മത്സര ശേഷം ഇരു ടീമുകളുടെയും താരങ്ങളും ഷെയ്ക്ക് ഹാൻഡ് നൽകാതെയാണ് ഗ്രൗണ്ട് വിട്ടത്.

ഏതായാലും തെളിവായി ഒരു വിഡിയോ മാത്യൂസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. രണ്ടു മിനിറ്റ് പൂർത്തിയാകുന്നതിനു മുൻപു തന്നെ താൻ ക്രീസിലെത്തിയിരുന്നു എന്നാണു മാത്യൂസിന്റെ വാദം. ‘‘ഫോർത്ത് അംപയർക്ക് ഇവിടെ തെറ്റുപറ്റിയിരിക്കുന്നു. ഹെൽമറ്റ് മാറ്റിയിട്ടും എനിക്ക് അഞ്ച് സെക്കൻ‍ഡുകൾ കൂടി ബാക്കിയുണ്ടെന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. ഫോർത്ത് അംപയര്‍ ഇക്കാര്യം വ്യക്തമാക്കുമോ?’’– എയ്ഞ്ചലോ മാത്യൂസ് പറയുന്നു.

ശ്രീലങ്കൻ ബാറ്റിങ്ങിന്റെ 25–ാം ഓവറിലെ രണ്ടാം പന്തിൽ ശാകിബുൽ ഹസന്റെ പന്തിൽ സധീര സമരവിക്രമ പുറത്തായി. തൊട്ടുപിന്നാലെ ആറാമനായി എയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തി. ക്രീസിലെത്തി ബാറ്റിങ്ങിനൊരുങ്ങുമ്പോഴാണ് ഹെൽമറ്റിന്റെ സ്ട്രാപ്പിന് തകരാറ് സംഭവിച്ചതായി മാത്യൂസ് മനസ്സിലാക്കുന്നത്. തുടർന്ന് പുതിയ ഹെൽമറ്റ് ആവശ്യപ്പെട്ടു. ഈ സമയത്താണ് ബംഗ്ലദേശ് ക്യാപ്റ്റൻ ശാകിബുൽ ഹസൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്തത്. അപ്പീൽ അനുവദിച്ച് അംപയർ മറെ ഇറാസ്മസ് എയ്ഞ്ചലോ മാത്യൂസിനോട് ഗ്രൗണ്ടിന് പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു.

ആലുവയില്‍ ദുരഭിമാന കൊല: ഇതര മതസ്ഥനെ പ്രണയിച്ചതിന് അച്ഛൻ മകളെ വിഷം കുടിപ്പിച്ച് കൊന്നു

0

ഇതര മതസ്ഥനെ പ്രണയിച്ചതിന് ആലുവയിൽ അച്ഛൻ മകളെ വിഷം കൊടുത്ത് കൊന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് 14 കാരി പെൺകുട്ടി മരിച്ചത്. ഇയാൾ കുട്ടിയെ കൊണ്ട് കളനാശിനി കുടിപ്പിക്കുകയായിരുന്നു. അച്ഛൻ അബീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് ഇയാൾ വിഷം നൽകിയത്. കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു. ഒരാഴ്ചയോളം പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അച്ഛനാണ് വിഷം കൊടുത്തതെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്.മകളുടെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പ്രണയ വിവരം അച്ഛനോട് പറഞ്ഞത്. തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി ഇയാൾ ബഹളം വെച്ചു. തിരികെ വന്ന ഇയാള്‍ മകളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതിന് ശേഷമാണ് കളനാശി കുടിപ്പിച്ചത്.

പെണ്‍കുട്ടിയുടെ ഫോണ്‍ നേരത്തെ ഇയാൾ പിടിച്ചുവെച്ചിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിന് മകളെ വിലക്കിയിരുന്നു. എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടരുകയായിരുന്നു. കമ്പി വടികൊണ്ട് ഉള്ള അടിയിൽ കുട്ടിയുടെ കൈയ്യും കാലും ഒടിഞ്ഞു. കുട്ടിയുടെ അമ്മയെയും സഹോദരനെയും വീടിന് പുറത്താക്കിയ ശേഷമാണ് കുട്ടിയെ ഇയാൾ ഉപദ്രവിച്ചത്. പെണ്‍കുട്ടിയെ വിഷം കുടിപ്പിച്ചശേഷം ഇയാള്‍ പുറത്തേക്ക് പോവുകയായിരുന്നു. അമ്മ അകത്ത് കയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കളനാശിനിയുടെ മൂടി കടിച്ച് തുറന്നപ്പോള്‍ അബദ്ധത്തില്‍ അത് വായില്‍ പോയി എന്നണ് പ്രതി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം ആലുവ വെസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയിലും അച്ഛൻ വിഷം കുടിപ്പിച്ചുവെന്നാണുള്ളത്. മൊഴിയെടുത്ത മജിസ്‌ട്രേറ്റിനോടും ഇക്കാര്യം കുട്ടി ആവര്‍ത്തിച്ചു. ഈ മൊഴിപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മകളുടെ കൈയ്യിലുണ്ടായിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് അച്ഛൻ പോലീസിനോട് പറഞ്ഞത്. പ്രതി ഇപ്പോൾ റിമാൻഡിലാണ്.

ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ; കേരളീയം പരിപാടിയിലെ നടപടിയിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

0

ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ആദിവാസികളെ ഷോക്കേസിൽ വെക്കരുതെന്നാണ് തന്‍റെ നിലപാട്. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയത്തിലാണ് ആദിവാസികളെ വേഷവിധാനങ്ങളോടെ അവതരിപ്പിച്ചിട്ടുള്ളത്.

ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത് എന്നും മന്ത്രി പറഞ്ഞു.ഒരുകാരണവശാലും ആദിവാസി ജനവിഭാഗങ്ങളെ ഷോക്കേസിൽ വെക്കേണ്ട ജനതയാണ് എന്ന് ചിന്തിച്ചിട്ടില്ല. അത് തെറ്റായ സന്ദേശമാണ്. അങ്ങനെ ചെയ്യുന്നതും ശരിയല്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു.പുതിയ കാലഘട്ടത്തിൽ പഴയ കാര്യങ്ങൾ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ ജീവിതം ഒരുക്കിയത്.

ഇന്നലെ വിവരം അറിഞ്ഞ വേളയിൽ തന്നെ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും നിരുപദ്രവകരമായാണ് അവർ ഇതു ചെയ്തതെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് കനകക്കുന്നിൽ മ്യൂസിയം തയാറാക്കിയിരിക്കുന്നത്. പരമ്പരാഗത വസ്ത്രമണിഞ്ഞ് കുടിലുകൾക്ക് മുമ്പിൽ ഇവരെ ഇരുത്തിയിരിക്കുകയാണ്. പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്. ഏതായാലും ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന രീതിയിൽ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.

ബാഗ് തട്ടിപ്പറിച്ച അക്രമിസംഘം യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേർക്ക് പരുക്ക്

0

തൃശ്ശൂരിൽ യുവാവിനെ അക്രമി സംഘം കുത്തിക്കൊന്നു. റെയില്‍വേ സ്റ്റേഷന്‍ വഞ്ചിക്കുളം ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിലാണ് ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) കൊല്ലപ്പെട്ടത്. ശ്രീരാഗിൻ്റെ സഹോദരങ്ങളായ ശ്രീരേഖ്, ശ്രീരാജ് എന്നിവർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. പ്രതിയായ മുഹമ്മദ് അൽത്താഫ് എന്നയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി 11-ന് ശേഷമാണ് സംഭവം. ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ പുറത്തേക്ക് വന്നത്. ഈ സമയം ദിവാന്‍ജി മൂലയില്‍ തമ്പടിച്ച അക്രമി സംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചു. എന്നാല്‍ ഇവർക്ക് ബാഗില്‍ നിന്ന് ഒന്നും കിട്ടിയില്ല. ഇതോടെ വലിച്ച് വാരിയിട്ട സാധനങ്ങള്‍ തിരികെ വെക്കണമെന്ന് ശ്രീരാഗും സംഘവും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ശ്രീരാഗിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരൻ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണ്. മുഹമ്മദ് അൽത്താഫിനെ കോ- ഓപ്പറേറ്റീവ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. രണ്ട് സംഘത്തിലും പെട്ട രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.