Friday, July 31, 2026
Home Blog Page 182

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ

0

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഐ ഗ്രൂപ്പിൽനിന്ന് അഡ്വ. അബിൻ വർക്കിയാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. രാഹുൽ 221986 വോട്ടുകൾ നേടിയപ്പോൾ അബിൻ 168588 വോട്ടുകളാണ് നേടിയത്. ഫലം വന്നതിന് പിന്നാലെ സംഘടനയെ കൂടുതൽ മികവോടെ നയിക്കുമെന്ന് രാഹുൽ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകൾ അടക്കം 13 പേർ മത്സരംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും തമ്മിലായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് ഇരുവരും. 31,930 വോട്ടുകൾ നേടിയ അരിത ബാബുവാണ് മൂന്നാമത്. അബിൻ വർക്കി, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും. തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലം വരുന്നത്. അഭിമുഖത്തിന് ശേഷമായിരിക്കും ഔദ്യോഗികമായി അധ്യക്ഷനെ പ്രഖ്യാപിക്കുക.

33കാരനായ രാഹുൽ അടൂർ സ്വദേശിയാണ്. ചാനൽ ചർച്ചകളിൽ സജീവമായി കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന നേതാവ് കൂടിയാണ് രാഹുൽ. കെപിസിസി അംഗമായ രാഹുൽ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറിയായിരുന്നു. ഇപ്പോൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുകയാണ്. .

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: എൻ ഭാസുരാംഗനും മകനും വീണ്ടും ഹാജരാകാൻ ഇഡി നോട്ടീസ്

0

കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് വീണ്ടും ഇ ഡി നോട്ടിസ്. നാളെ രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ഭാസുരാംഗനെ എട്ട് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഭാസുരാഗൻ്റെ മകൻ അഖിൽ ജിത്തും ഹാജരാകണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാസുരാംഗനെ അന്വേഷണ സംഘം ഇന്നലെ എട്ടരമണിക്കൂർ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണു വീണ്ടും സമൻസ് അയച്ചിട്ടുള്ളത്. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. വീട്ടിലും ബാങ്കിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ. കേസിൽ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എപ്പോൾ വിളിച്ചാലും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് ഭാസുരാംഗൻ വ്യക്തമാക്കിയിരുന്നു.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി ഭാസുരാംഗനാണ് ബാങ്ക് പ്രസിഡൻ്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് ഇഡി നോട്ടീസ് നൽകുകയും ചെയ്തു. 42 മണിക്കൂർ പരിശോധനയാണ് ബാങ്കിൽ നടത്തിയത്.

ക്ഷേത്രങ്ങളിലെ ആയുധപരിശീലനം: തീരുമാനത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0

തിരുവിതാംകൂർ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് ചുമതലയേറ്റു. നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. ദേവസ്വം ബോർഡ് അംഗമായി എ.അജികുമാറും ചുമതലയേറ്റെടുത്തു. ആർ. അനന്തഗോപന്റെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് പി.എസ് പ്രശാന്ത് പ്രസിഡൻ്റായി ചുമതലയേറ്റത്. പരിപാടിയിൽ ബോർഡ് കമ്മീഷണർ ജി ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു.

മുന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കുമെന്ന് ചുമതല ഏറ്റെടുത്ത ശേഷം പ്രശാന്ത് പറഞ്ഞു. തന്റെ ആദ്യ ഉദ്യമം മണ്ഡലകാല പ്രവര്‍ത്തനങ്ങളായിരിക്കും. ക്ഷേത്രത്തിലെ ആയുധ പരിശീലന വിഷയത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ക്ഷേത്രം വിശ്വാസികളുടേതാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അന്യാധീനപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കുന്നത് പ്രധാന അജണ്ടയാണെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം വിതുര സ്വദേശിയായ പ്രശാന്ത് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി ആര്‍ അനിലിനെതിരെ നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.എന്നാൽ മണ്ഡലത്തിലെ തോല്‍വിയുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞാണ് കോണ്‍ഗ്രസ് വിട്ട് പ്രശാന്ത് സിപിഐഎമ്മിലെത്തിയത്. കെപിസിസി സെക്രട്ടറിയായും സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിഷപ്പുകയിൽ ശ്വാസംമുട്ടി ദില്ലി; ദീപാവലി കഴിഞ്ഞതോടെ വായൂമലിനീകരണം കൂടി

0

ദീപാവലി കഴിഞ്ഞതോടെ ദില്ലിയിൽ വീണ്ടും വായു മലിനീകരണം രൂക്ഷമാകുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.സി.ബി) കണക്കനുസരിച്ച് നഗരം വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ്. മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സാണ് (എ.ക്യു.ഐ) രേഖപ്പെടുത്തിയത്. ദീപാവലിക്ക് പിന്നാലെയാണ് അന്തരീക്ഷ മലിനീകരണ തോത് വീണ്ടും വലിയ തോതില്‍ ഉയര്‍ന്നത്. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

രാജ്യ തലസ്ഥാനം പൂര്‍ണമായും വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. പ്രധാന മേഖലകളില്‍ നാനൂറിന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദ്വാരക സെക്ടര്‍ 404, ഐടിഒ 430, നരേല 418, രോഹിണി, ആര്‍കെ പുരം 417 എന്നിങ്ങനെ ആണ് പ്രധാന നഗരകേന്ദ്രങ്ങളിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ അന്തരീക്ഷ മലിനീകരണ തോത്. ദീപാവലിക്ക് തൊട്ടുമുമ്പ് നഗരത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വലിയ തോതില്‍ പടക്കം പൊട്ടിച്ചതോടെ വീണ്ടും സ്ഥിതി വഷളായി.

സുപ്രീം കോടതി ഉത്തരവു പോലും വകവക്കാതെയാണ് ജനങ്ങള്‍ ആഘോഷത്തില്‍ ഏര്‍പ്പെട്ടത്. ദീപാവലിക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വായു മലിനീകരണ തോത് വലിയ തോതില്‍ ഉയരുമെന്ന് ദില്ലി സര്‍ക്കാര്‍ നേരത്തെ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദീപാവലിയുടെ പിറ്റേ ദിവസം മുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് ഒറ്റ, അക്ക നമ്പര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

അസ്ഫാക് ആലത്തിന് തൂക്കുകയർ; കൊലപാതകം അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി

0

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വധശിക്ഷ. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് എറണാകുളം പോക്സോ കോടതി പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു.

പോക്സോ നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങൾക്ക് ജീവിതാവസാനം വരെ തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഐപിസി 328, 364, 366എ, 367 വകുപ്പുകളിൽ പത്ത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിക്ക് ബലമായി മദ്യം നൽകിയതിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നൽകി. ഐപിസി 376, 377 വകുപ്പുകളിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. ശിശുദിനത്തിൽ വിധിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുക. അതിന് മുൻപ് സുപ്രീം കോടതിയിൽ വരെ സമീപിക്കാൻ പ്രതിക്ക് അവകാശമുണ്ടായിരിക്കും. സുപ്രീം കോടതിയും വധശിക്ഷ തള്ളിയാൽ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാവുന്നതാണ്. വധശിക്ഷ ഇളവ് ചെയ്തില്ലെങ്കിൽ മാത്രമാണ് തൂക്കുകയർ നടപ്പാക്കുക.

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് താൽക്കാലികമായി നിര്‍ത്തിവെച്ചു; 16 ന് മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം

0

ആലപ്പുഴ നൂറനാട് മലകൾ ഇടിച്ച് മണ്ണ് എടുക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മണ്ണെടുപ്പ് നിർത്തിയത്. ഈ മാസം 16 ന് മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം ചേരും. യോഗത്തില്‍ റവന്യൂ, കൃഷി മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. സർവ്വകക്ഷി യോഗം ചേരുന്നതുവരെ മണ്ണെടുപ്പ് നിർത്തിവയ്ക്കണമെന്ന എഡിഎമ്മിന്റെ നിർദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

ഇപ്പോളത്തെ സാഹചര്യത്തിൽ സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാര്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചര്‍ച്ചയ്ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രി പ്രസാദും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സർവകക്ഷി യോഗത്തിലെ തീരുമാനം എതിരാണെങ്കിൽ വീണ്ടും സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു.

ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് രണ്ടുദിവസം മുന്‍പ് നിര്‍ത്തിവച്ച മണ്ണെടുപ്പ് ഇന്ന് പുലര്‍ച്ചെയാണ് പുനരാരംഭിച്ചത്. ഇതിനകം പത്തുലോഡ് മണ്ണ് കടത്തി. വന്‍ പൊലീസ് സന്നാഹത്തിലാണ് മണ്ണെടുപ്പ് നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് വൻ സംഘർഷമുണ്ടായിരുന്നു. പൊലീസും നാട്ടുകാരും ഏറ്റുമുട്ടുകയും നിരവധി പേരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധമായി രംഗത്തെത്തിയത്.

ദുരിതാശ്വാസനിധി വിനിയോഗത്തിൽ അധികാരം മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും; സർക്കാരിന് ക്ലീൻചിറ്റ് നൽകി ലോകായുക്ത

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് ക്ലീൻ ചിറ്റ് നൽകി ലോകായുക്ത വിധി. മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും പൊതുപണം കൈകാര്യം ചെയ്യാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ലോകായുക്ത നിരീക്ഷിച്ചു.

ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർ എസ് ശശികുമാറിന്‍റെ ഹർജിയാണ് ആദ്യം തള്ളിയത്. ഇതിനുശേഷമാണ് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും തള്ളിയത്.

മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ പക്ഷപാതപരമായ തീരുമാനമാണെന്ന് കണക്കിലാക്കാന്‍ സാധിക്കില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിന്യായത്തില്‍ പറയുന്നു. അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്ന് തെളിവുകളില്ല. അങ്ങനെ നടന്നുവെന്ന് തെളിയിക്കപ്പെട്ടില്ല. മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തില്‍ ഇടപെടില്ല. മന്ത്രിസഭ അഴിമതി നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധിയില്‍ വ്യക്തമാക്കി.

പ്രണയ സാഫല്യം; നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

0

നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റാഗ്രാമിൽ വൈറലാവുകയാണ്. ജയറാം, പാർവ്വതി, മാളവിക എന്നിവർ വിവാഹനിശ്ചയ വേദിയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം.

തമിഴ് ആചാരപ്രകാരം ആയിരുന്നു ചടങ്ങുകൾ. ഇളം പിങ്ക് ഇൻ നിറത്തിലുള്ള ലെഹങ്ക പോലുള്ള വസ്ത്രമാണ് താരിണി ധരിച്ചിരിക്കുന്നത്. ജുബ്ബയും പൈജാമയുമാണ് കാളിദാസിന്റെ വേഷം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മോഡലായ താരിണി കലിംഗരായരുമായി ഏറെനാളായി താരം പ്രണയത്തിലാണ്. പ്രണയത്തിലാണെന്ന വാർത്ത കഴിഞ്ഞ വർഷമാണ് ഇരുവരും വെളിപ്പെടുത്തിയത്. ശേഷം കാളിദാസിന്റെ പല കുടുംബ ചിത്രങ്ങളിലും താരിണി പ്രത്യക്ഷപ്പെട്ടു.

താരിണിയെ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന് കഴിഞ്ഞദിവസം പൊതുവേദിയിൽ കാളിദാസ് ജയറാം പറഞ്ഞിരുന്നു. കാളിദാസ് ജയറാം ഷി അവാർഡ് വേദിയിലാണ് പ്രണയം വെളിപ്പെടുത്തിയത്. തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ താരിണി കലിംഗരായര്‍ക്കൊപ്പം കാളിദാസ് എത്തിയിരുന്നു. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു. അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്ന് പറഞ്ഞ അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാൻ പോകു‌ന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടർന്ന് നടൻ സൂര്യയുടെ ശബ്ദം അനുകരിച്ച് താരിണിയെ പ്രപ്പോസ് ചെയ്തു. താരിണി കലിംഗരായരെ കാളിദാസ് എടുത്ത് ഉയർത്തുന്ന വീഡിയോയും വൈറലായിരുന്നു.

സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു കാളിദാസ്. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നാണ് കാളിദാസ് അറിയിച്ചത്. 2021 മിസ് ദിവാ റണ്ണറപ്പായിരുന്നു താരിണി. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരി കൂടിയാണ്. മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 22-കാരിയായ താരുണി ചെന്നൈ സ്വദേശിനിയാണ്.

ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ ഡിസംബർ അവസാനം

0

സംസ്ഥാനത്തെ മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നവകേരള സദസ്സിന് ശേഷമായിരിക്കും പുനഃസംഘടനയെന്ന് ജയരാജന്‍ അറിയിച്ചു. അഹമ്മദ് ദേവര്‍കോവിലിനു പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആന്റണി രാജുവിനു ശേഷം കെ.ബി. ഗണേഷ്‌കുമാറുമായിരിക്കും പുതുതായി മന്ത്രിസ്ഥാനമേറ്റെടുക്കുക. നിലവിലെ രണ്ട് മന്ത്രിമാരുടെ രണ്ടര വര്‍ഷമെന്ന കാലാവധി നവംബര്‍ 20-ന് പൂര്‍ത്തിയാവും.

നവംബര്‍ 18 മുതലാണ് നവകേരള സദസ്സ് നടക്കുന്നത്. ഡിസംബര്‍ 24 വരെ നീണ്ടുനില്‍ക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം ഡിസംബർ 24ന് അവസാനിക്കും. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം ഉണ്ടാകില്ലെന്ന സൂചനയും എൽഡിഎഫ് കൺവീനർ നൽകി. മുന്നണിയിലെ നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനം.

സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ട് അഭിമുഖീകരിക്കുകയാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരേ ദേശീയ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. ദേശീയതലത്തില്‍ ദില്ലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന വലിയ പ്രക്ഷോഭം സംഘടിപ്പിക്കും.

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ സഹകരണവും തേടും. ഇതിന് ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ ചുമതലപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരുമായും ധനമന്ത്രിമാരുമായും ബാലഗോപാൽ നേരിട്ട് ചർച്ച നടത്തും. റബ്ബർ കർഷകരെ സംരക്ഷിക്കാൻ പ്രതിഷേധ പരിപാടികളുടെ ആദ്യഘട്ടമെന്ന നിലയിൽ കോട്ടയത്ത് കൺവൻഷൻ വിളിക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

‘മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയും രണ്ട് വീടുകളുമുണ്ട്’; ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച വയോധികക്ക് നേരെ സി.പി.ഐ.എം സൈബർ ആക്രമണമെന്ന് പരാതി

0

അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് മറിയക്കുട്ടി. ബന്ധുക്കള്‍ വിദേശത്താണെന്നും സ്വന്തമായി ഇവർക്ക് രണ്ട് വീടുണ്ടെന്നും ഇതിലൊന്ന് വാടകക്ക് കൊടുത്തിരിക്കുകയാണെന്നും ആണ് ആരോപണം. തനിക്ക് ലക്ഷങ്ങളുടെ ആസ്തി ഉണ്ടെന്ന ആരോപണം തെളിയിക്കാൻ മറിയക്കുട്ടിയും രംഗത്തെത്തി. അങ്ങനെ ഒരു വീടുണ്ടെങ്കിൽ സി.പി.ഐ.എം അതിന്‍റെ പട്ടയം നൽകണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.

സിപിഐഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മറിയക്കുട്ടി പറഞ്ഞു. ഭൂമി എവിടെയെന്ന് സിപിഐഎം കാണിച്ചുരണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു. തന്നെ ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്നും ഇവർ വ്യക്തമാക്കി.

മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചിരുന്നു. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി രണ്ട് പേർക്കും ഒരു മാസത്തെ പെൻഷനും കിറ്റും നൽകി.

അതേസമയം മറിയക്കുട്ടിയുടെ ആരോപണം സിപിഐഎം തള്ളി. മറിയക്കുട്ടിയെ ഭീഷണിപ്പെടുത്തേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ പറഞ്ഞു. പെൻഷൻ കുടിശ്ശികയുണ്ടെന്നുളളത് ശരിയാണ്. എന്നാൽ പെൻഷൻ നിന്നുപോയിട്ടില്ലെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി. ക്ഷേമപെൻഷനുകൾ ഏറ്റവുമധികം കൊടുത്തത് ഇടതുമുന്നണി സർക്കാരാണാണെന്നും ചാണ്ടി പറഞ്ഞു.