Friday, July 31, 2026
Home Blog Page 181

യുഎഇ തണുപ്പുകാലത്തിലേക്ക്:ശൈത്യകാലം ഡിസംബര്‍ മൂന്നാം വാരം ആരംഭിക്കും

0

യുഎഇയില്‍ ശൈത്യകാലം ഡിസംബര്‍ മൂന്നാം ആഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗദ്ധര്‍. ശൈത്യകാലത്ത് കൂടുതല്‍ മഴയ്ക്കും സാധ്യതയുണ്ട്. ക്ലൗഡ് സീഡംഗ് ദൗത്യങ്ങള്‍ രാജ്യത്ത് മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുകയാണെന്ന് യുഎഇ ദേശീയകാലാവസ്ഥാ വിദഗദ്ധന്‍ ഡോ. അഹമ്മദ് ഹബിബ് പറഞ്ഞു.ഡിസംബര്‍ പകുതിയോട് കൂടി രാജ്യം തണുപ്പുകാലത്തേക്ക് കടക്കും എന്നാണ് യുഎഇ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. നിലവില്‍ ശരത്കാലത്തിലൂടെയാണ് യുഎഇ കടന്ന് പോകുന്നത്. ഡിസംബര്‍ മൂന്നാം വാരത്തോട് കൂടി യുഎഇ ശൈത്യകാലത്തേക്ക് കടക്കും എന്ന് ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.

ഡിസംബര്‍ പകുതിയോട് കൂടി താപനിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തും. ശൈത്യകാലത്ത് രാജ്യത്ത് കൂടുതല്‍ മഴ അനുഭവപ്പെടാറുണ്ടെന്നും ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. മാര്‍ച്ച് വരെ മഴ അനുഭവപ്പെട്ടേക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ദുബൈ എക്‌സ്‌പോ മേഖലയില്‍ ആണ് ഏറ്റവും കൂടുതല്‍ മഴ വെള്ളിയാഴ്ച ലഭിച്ചത്. 65.8 മില്ലിമീറ്റര്‍ മഴയാണ് എക്‌സ്‌പോ മേഖലയില്‍ മാക്രം ലഭിച്ചത്. രാജ്യത്തിന്റെ എഴ് എമിറേറ്റുകളിലും മഴ ലഭിച്ചിരുന്നു. റാസല്‍ഖൈമയിലും ഉമല്‍ഖുവൈനിലും അന്‍പത് മില്ലിമീറ്റര്‍ മഴലഭിച്ചെന്നും ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. ഷാര്‍ജ വിമാനത്താവളത്തിന് സമീപത്തും ശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.
..

വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് റിട്ടയര്‍മെന്റ് വീസയുമായി ദുബൈ

0

ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് റിട്ടയര്‍മെന്റ് വീസയുമായി ദുബൈ. അഞ്ച് വര്‍ഷത്തെ കാലപരിധിയുള്ള വീസയാണ് നല്‍കുന്നത്. സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും.55 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീസ അനുവതിക്കുന്നത്. യുഎഇയിലോ മറ്റ് ഏതെങ്കിലും രാജ്യത്തോ കുറഞ്ഞത് 15 വര്‍ഷമെങ്കിലും ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. വീസലഭിക്കുന്നവര്‍ക്ക് ഭാര്യയയെും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാനും കഴിയും.

റിട്ടയര്‍മെന്റിനു ശേഷം കുറഞ്ഞത് പ്രതിമാസം 15000 ദിര്‍ഹമോ, 1,80000 ദിര്‍ഹ വാര്‍ഷിക വരുമാനമോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സേവിങ്‌സ് ഡെപ്പോസിറ്റോ 10 ലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുവകകളും ഉണ്ടായിരിക്കണം. വര്‍ഷം 5 ലക്ഷം ദിര്‍ഹത്തിന്റെ സ്ഥിര നിക്ഷേപ അടിസ്ഥാനത്തിലാണ് വീസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ ജിഡിആര്‍എഫ്എ വഴിയും, വസ്തുവകകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് വഴിയുമാണ് വീസയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഭാര്യയെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, യുഎഇ വീസ ഉള്ളവരാണെങ്കില്‍ വീസയുടെ പകര്‍പ്പ്, എമിറേറ്റ്‌സ് ഐഡി, വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വരുമാനം തെളിയിക്കുന്ന അതോരിറ്റിയുടെ ലെറ്റര്‍, 6 മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കുന്നതെങ്കില്‍ എന്‍ഡ് ഓഫ് സര്‍വ്വീസ് ലെറ്റര്‍ എന്നിവിയും നല്‍കണം. വസ്തു അടിസ്ഥാനമാക്കിയാണ് വീസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ ആധാരത്തിന്റെ പകര്‍പ്പ് നല്‍കണം. കമ്പനി അടിസ്ഥാനമാക്കിയാണെങ്കില്‍ കമ്പനിയുടെ 100 ശതമാനം ഓഹരിയും സ്വന്തം പേകില്‍ സാക്ഷ്യപ്പെടുത്തണം. വീസയ്ക്ക് അനുമതി ലഭിച്ചാല്‍ 3714 ദിര്‍ഹം ആകെ ഫീസായി നല്‍കണം.

ട്വന്‍റി20 പരമ്പരയ്ക്കും സഞ്ജു ഇല്ല; സൂര്യകുമാർ ക്യാപ്റ്റൻ

0

വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കിൽ നിന്നു മുക്തനാകാത്ത ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവിനെയാണ് ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മൂന്നു മത്സരങ്ങളിൽ ഓപ്പണർ ഋതുരാജ് ഗെയ്ക്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റൻ. നാലാം മത്സരം മുതൽ ടീമിനൊപ്പം ചേരുന്ന ശ്രേയസ് അയ്യർ അവസാന രണ്ടു മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനാകും. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല.

ലോകകപ്പ് കളിച്ച ടീമിലുണ്ടായിരുന്നവരിൽ സൂര്യയെയും ഇഷാനെയും കൂടാതെ പ്രസിദ്ധ് കൃഷ്ണയെ മാത്രമാണ് ടീമിൽ നിലനിർത്തിയിട്ടുള്ളത്. ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ലോകകപ്പ് ടീമിൽ നിന്ന് പരുക്കു കാരണം പുറത്തായ അക്ഷർ പട്ടേലിനെയും തിരികെ വിളിച്ചു. സഞ്ജുവിനെ കൂടാതെ, ഷഹബാസ് അഹമ്മദ്, അസം ക്യാപ്റ്റൻ റിയാൻ പരാഗ്, മുഷ്താഖ് അലി ട്രോഫിയിൽ പ്ലെയർ ഓഫ് ദ ടൂർണമെന്‍റ് ആയിരുന്ന അഭിഷേക് ശർമ എന്നിവർക്കും അവസരം കിട്ടിയില്ല.

അക്ഷറിനെ കൂടാതെ സ്പിൻ ഓൾറൗണ്ടറായി വാഷിങ്ടൺ സുന്ദറിനെയും പേസ് ബൗളിങ് ഓൾറൗണ്ടറായി ശിവം ദുബെയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രവി ബിഷ്ണോയിയാണ് ടീമിലെ ഏക ലെഗ് സ്പിന്നർ.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം:

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കുസിംഗ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാൻ, മുകേഷ് കുമാർ

മത്സരങ്ങൾ

നവംബർ 23: വിശാഖപട്ടണം

നവംബർ 26: തിരുവനന്തപുരം

നവംബർ 28: ഗോഹട്ടി

ഡിസംബർ 1: റായ്‌പുർ

ഡിസംബർ 3: ബംഗളൂരു

തൃശൂർ വിവേകോദയം സ്കൂളിൽ വെടിവയ്പ്പ്; പൂർവ വിദ്യാർഥി കസ്റ്റഡിയിൽ

0

തൃശൂരില്‍ സ്‌കൂളിനുള്ളിൽ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സംഭവം. സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വ വിദ്യാര്‍ത്ഥിയാണ് വെടിയുതിർത്തത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ഇയാൾ ലഹരിക്കടിമയാണെന്നാണ് വിവരം.

രാവിലെ സ്കൂളിൽ എത്തിയ പ്രതി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. വെടിവയ്പ്പിൽ ആർക്കും പരുക്കില്ല. മുകളിലേക്കാണ് വെടിവെച്ചത്. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസ് കെെമാറുകയായിരുന്നു.

ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടി; പണം തട്ടിയത് മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ്

0

ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് പരാതി ഉയർന്നത്. കുടുംബത്തെ കബളിപ്പിച്ച് 1,20,000 രൂപയാണ് തട്ടിയെടുത്തത്. ആരോപണം നേരിടുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടേതാണു തീരുമാനം. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്നാണു വിശദീകരണം.

അൻവർ സാദത്ത് എംഎൽഎ ഇടപെട്ടാണു കുടുംബത്തെ പുതിയ വാടകവീട്ടിലേക്കു മാറ്റി പാർപ്പിച്ചത്. ഹസീനയും ഭർ‌ത്താവും പെൺകുട്ടിയുടെ കുടുംബത്തെ സമീപിക്കുകയും വാടക വീടിന് അഡ്വാൻസ് നൽകാൻ 20,000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് അവരിൽ നിന്ന് വാങ്ങി. പിന്നീട് എംഎൽഎ ഈ തുക ഇവർക്ക് തിരികെ നൽകിയെങ്കിലും അതു പെൺകുട്ടിയുടെ വീട്ടുകാർക്കു ലഭിച്ചില്ല. ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനെന്നു പറഞ്ഞ് തുടർച്ചയായി ആറു ദിവസം പെൺകുട്ടിയുടെ കുടുംബത്തിൽനിന്നും 20,000 രൂപവീതം വാങ്ങി. പറ്റിക്കപ്പെടുകയാണെന്നു പെൺകുട്ടിയുടെ അച്ഛന് മനസ്സിലായപ്പോൾ എംഎൽഎയെ സമീപിച്ചു. എംഎൽഎ ഇടപെട്ടതോടെയാണ് 70,000 രൂപ തിരികെ നൽകിയത്.

സംഭവം വിവാദമായതോടെ ഹസീന പണം മുഴുവൻ തിരികെ നൽകിയിരുന്നു. പണം ലഭിച്ചതോടെ തങ്ങൾക്കു പരാതിയില്ലെന്നു പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞിരുന്നു. എന്നാൽ ക്രമക്കേടു നടന്നതായി അൻവർ സാദത്ത് എംഎൽഎ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശ പ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി എൽ.അനിതയാണു ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തത്.

ആദിത്യശ്രീ മരിച്ചത് ഫോൺ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം കടിച്ച്, ഫൊറൻസിക് റിപ്പോർട്ട് പുറത്ത്

0

തിരുവില്വാമല പട്ടിപറമ്പ് സ്വദേശിനി ആദിത്യ ശ്രീ മരിച്ചത് ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് സ്ഥിരീകരണം. കുട്ടി മരിച്ചത് പന്നിപ്പടക്കം പൊട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിലാണെന്നാണ് സൂചന. ഫോറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചു. അപകടസ്ഥലത്ത് നിന്ന് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.

ഏപ്രിലിലാണ് പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ (8) മരിച്ചത്. രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. മൊബൈൽഫോണിൽ കളിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വിവരം. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. കുന്നംകുളം എസിപി സി ആർ സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആദിത്യശ്രീ.

വധശിക്ഷയ്ക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ

0

യമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. യമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ സഹായം തേടി നിമിഷയുടെ അമ്മ നൽകുന്ന അപേക്ഷയിൽ ഒരാഴ്ചയ്ക്കം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്കിയ ഹർജി ഈ മാസം 13ന് യെമൻ സുപ്രീംകോടതിയും തള്ളിയെന്ന് വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയ അറിയിപ്പിലാണ് ഉള്ളത്. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മകളെ കാണാനാകുമെന്നാണ് വിശ്വാസമെന്നും യമൻ ഹൈക്കോടതി നടപടി അപ്രതീക്ഷിതമെന്നും നിമിഷയുടെ അമ്മ പറഞ്ഞു.യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ കാത്ത് യെമൻ ജയിലിൽ കഴിയുന്നത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. ഇന്ത്യൻ പ്രധാനമന്ത്രിയും രാഷ്ട്രപതിയും വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ കത്തെഴുതിയിരുന്നു. സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ കത്താണ് നിമിഷ പ്രിയ പ്രധാനമന്ത്രി മോദിക്കും രാഷ്ട്രപതിക്കും കെെമാറിയിരുന്നത്.

എരവന്നൂരിൽ അധ്യാപക യോഗത്തിനിടയിലെ കൂട്ടയടി; അധ്യാപകൻ അറസ്റ്റിൽ

0

നരിക്കുനി എരവന്നൂർ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ യോഗം നടന്നു കൊണ്ടിരിക്കെ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ എൻടിയു നേതാവും മറ്റൊരു സ്കൂളിൽ അധ്യാപകനുമായ എം.പി.ഷാജിയെ അറസ്റ്റ് ചെയ്തു. അധ്യാപകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണു പ്രശ്നങ്ങൾക്ക് കാരണം. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. സമീപത്തെ പോലൂർ എൽപി സ്കൂളിലെ അധ്യാപകനാണ് എംപി ഷാജി.

കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഷാജി, എന്‍.ടി.യു. ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, മറ്റ് അധ്യാപകരായ പി. ഉമ്മര്‍, വി. വീണ, കെ. മുഹമ്മദ് ആസിഫ്, അനുപമ, എം.കെ. ജസ്ല എന്നിവർക്ക് പരുക്കേറ്റു. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകന്റെയടക്കം പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ഷാജിയുടെ ഭാര്യ സുപ്രീന സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

ഷാജി നടത്തിയ ആക്രമണം മറച്ചുവച്ച് എരവന്നൂർ സ്കൂളിലെ അധ്യാപകർക്കെതിരെ ആരോപണം ഉന്നയിച്ചപ്പോഴാണ് വിഡിയോ പുറത്തുവിട്ടതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചിരുന്നു. ഭാര്യ സുപ്രീനയെയും മകനെയും വിളിക്കാനായി എത്തിയ ഷാജിയെ ആക്രമിച്ചെന്നായിരുന്നു എൻടിയു ആദ്യം ആരോപിച്ചത്. സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ, ഇയാൾ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി.

ലഹരിമരുന്ന് വാങ്ങാൻ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം: മൂന്ന് യുവാക്കൾ പിടിയിൽ

0

തൃശൂരിൽ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ സംഘം അറസ്റ്റില്‍. അഴീക്കോട് അയ്യാരില്‍ അഹമ്മദ് ഹാബില്‍, പൊടിയന്‍ ബസാര്‍ ചെമ്പനെഴത്തു സൂര്യ, മേത്തല ഉണ്ടേക്കടവ് പെരിങ്ങാട്ട് പ്രണവ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വില കൂടിയ വാച്ചുകളും വീട്ടിലെ ഉപകരണങ്ങളും കാറിന്റെ ബാറ്ററിയും മോഷ്ടിച്ച പത്തോളം പേരുടെ സംഘത്തിലെ അംഗങ്ങളാണ് ഇവർ.

തൃശൂർ ജിബി നിലയം വീട്ടിൽ ഭാഗ്യലക്ഷ്മിയുടെ രണ്ടുമാസമായി പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. മോഷണ മുതലുകള്‍ പലപ്പോഴായി വിറ്റശേഷം കിട്ടിയ പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവർ മുമ്പും പല സ്റ്റേഷനുകളിലെയും മോഷണ കേസുകളില്‍ പ്രതികളാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.

വിദേശത്തുള്ള വീട്ടുടമയുടെ ബന്ധുവിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

പാലക്കാട്ടെ ദമ്പതികളുടെ മരണം; മകൻ അമ്മയെ മർദ്ദിച്ചതായി ബന്ധുക്കൾ; മകൻ അറസ്റ്റിൽ

0

ഹൃദ്രോഗിയായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു. ബഹളത്തിനിടയിൽ അവശനിലയിലായിരുന്ന അച്ഛനും മരിച്ചു. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് സ്വദേശികളായ അപ്പുണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകൻ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചികിത്സയിലായിരുന്ന അപ്പുണി ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് കാടാങ്കോട്ടെ വീട്ടിൽ തിരിച്ചെത്തിയത്. ഉച്ചയോടെ വീണ്ടും അവശനായ അപ്പുണിയെ ബന്ധുക്കളുടെ സഹായത്തോടെ യശോദ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ അനൂപ് ഇവരെ മാരകമായി മർദ്ദിച്ചത്. തടയാനെത്തിയ ബന്ധുവിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെയും അനൂപ് മർദ്ദിച്ചു.

പരിക്കേറ്റ യശോദയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയ്ക്കിടെയാണ് അപ്പുണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്യപിച്ചെത്തി സ്ഥിരമായി നാട്ടുകാരുമായും, വീട്ടുകാരുമായും പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയാണ് അനൂപെന്നാണ് നാട്ടുകാർ പറയുന്നത്. കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് അനൂപ്. അപ്പുണ്ണിയുടെയും, യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുകൾക്ക് വിട്ടു നൽകും.