Friday, July 31, 2026
Home Blog Page 180

റോബിൻ ബസിനെ വീണ്ടും തടഞ്ഞു; 7500 രൂപ പിഴ ചുമത്തി

0

റോബിൻ ബസിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. ഇന്ന് പുലർച്ചെയാണ് റോബിൻ ബസ് വീണ്ടും തടഞ്ഞത്. കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയിൽവെച്ചാണ് എം.വി.ഡി ബസ് തടഞ്ഞത്. മുൻപ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്.

തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിൻ ബസ് കഴിഞ്ഞ ദിവസമാണ് വീണ്ടും പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് വൻ പൊലീസ് സന്നാഹത്തോടെ എത്തി ബസ്സ് തടഞ്ഞത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, പിഴ ചുമത്തി വിട്ടയച്ച ബസ് വീണ്ടും സർവീസ് തുടങ്ങി. കഴിഞ്ഞദിവസം ഇരുസംസ്ഥാനങ്ങളിലും മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല. ബുധനാഴ്ചയിലെ സർവീസിനിടെ ബസിന് നിരവധിയിടങ്ങളിൽ സ്വീകരണം ലഭിച്ചിരുന്നു.

അതേസമയം, ഹൈകോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറക്കുന്നതെന്നും ഗതാഗത മന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ഉടമ ഗിരീഷ് പറഞ്ഞു.

ഗാസയില്‍ വെടിനിര്‍ത്തല്‍ ധാരണ: ബന്ദികളെ മോചിപ്പിക്കുന്നതിന് കരാര്‍

0

ഹമാസിനെതിരെ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കി ഇസ്രായേല്‍ മന്ത്രിസഭ. ബന്ദികളാക്കപ്പെട്ടവരില്‍ 50 പേരെ മോചിപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നാല് ദിവസത്തേയ്ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നത്. ഖത്തറിന്റെ ഈജിപ്റ്റിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് തീരുമാനമായത്. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ നീട്ടുമെന്നും ഇസ്രായേല്‍ മന്ത്രിസഭ പ്രസ്താവനയില്‍ അറിയിച്ചു

ബന്ദിമോചനവും വെടിനിര്‍ത്തലും ലക്ഷ്യമിട്ട് ഖത്തറിന്റെ മധ്യസ്ഥതയില്‍ ആഴ്ചകളായി നടന്നു വരുന്ന ചര്‍ച്ചയ്ക്കാണ് ഫലമുണ്ടായത്. കരാര്‍ പ്രകാരം ബന്ദികളുടെ മോചനത്തിനായി നാലുദിവസത്തേക്ക് വെടിനിര്‍ത്തലുണ്ടാവും. ഈ സമയത്തിനുള്ളില്‍ 50 ബന്ദികളെ വിട്ടുകിട്ടും. ഓരോ പത്ത് ബന്ദികളുടെ മോചനത്തിനും ഓരോദിവസം അധികം വെടിനിര്‍ത്തലുണ്ടാവും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ബന്ദികളെയാണ് മോചിപ്പിക്കുക. മുഴുവന്‍ ബന്ദികളേയും തിരിച്ചെത്തിക്കാനും ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാനും ഗാസയില്‍നിന്ന് ഇസ്രയേലിന് തുടര്‍ ഭീഷണികളില്ലെന്ന് ഉറപ്പുവരുത്താനുമുള്ള പോരാട്ടം ഇസ്രയേലും സുരക്ഷാസേനകളും തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. മൂന്നുവയസ്സുള്ള കുട്ടിയടക്കം മൂന്ന് അമേരിക്കന്‍ പൗരന്മാരായ ബന്ദികളെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ്. അറിയിച്ചു. കൂടുതല്‍ ബന്ദിമോചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കരാര്‍. തങ്ങള്‍ മോചിപ്പിക്കുന്ന 50 പേര്‍ക്ക് പകരമായി 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വെറുതേവിടുമെന്ന് ഹമാസും അറിയിച്ചു.


കരാര്‍ പ്രകാരം മാനുഷികസഹായങ്ങളും മരുന്നുകളും ഇന്ധനവും ഗാസയിലേക്ക് എത്തുമെന്ന് ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ളപ്പോള്‍ ഗാസയിലുള്ള ഒരാളേയും ഇസ്രയേല്‍ അക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടാവില്ല. വെടിനിര്‍ത്തല്‍ സമയത്ത് തെക്കന്‍ഗാസയില്‍ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെക്കും. വടക്കന്‍ഗാസയില്‍ രാവിലെ പത്തുമുതല്‍ നാലുവരെ ആറുമണിക്കൂര്‍ ഗതാഗതനിയന്ത്രണമുണ്ടാവുമെന്നും ഹമാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്ന സമയം 24 മണിക്കൂറിനകം പ്രഖ്യാപിക്കും. ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ പതിനാലായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അയ്യായിരത്തിലധികം പേരും കുട്ടികളാണ്.

റാസല്‍ഖൈമ-കരിപ്പൂര്‍ സര്‍വീസുമായി എയര്‍ അറേബ്യ: വീണ്ടും കരിപ്പൂര്‍ സര്‍വീസുമായി സലാം എയര്‍

0

എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരിലേയ്ക്ക് സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും എയര്‍ അറേബ്യ നേരിട്ട് സര്‍വീസ് നടത്തുക. അതേസമയം സലാം എയറിന്റെ മസ്‌കത്ത്- കോഴിക്കോട് സര്‍വീസ് ഡിസംബര്‍ 17ന് ആരംഭിക്കും.വടക്കന്‍ എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കും യുഎഇയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും നേരിട്ടുള്ള വിമാന സര്‍വീസ് ഏറെ ഗുണകരമായിരിക്കും.

ഷാര്‍ജ, അബുദബി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തിയിരുന്ന എയര്‍ അറേബ്യ റാസല്‍ഖൈമയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേയ്ക്കുള്ള എയര്‍ അറേബ്യയുടെ നേരിട്ടുള്ള സര്‍വീസ് ഇന്ന് ആരംഭിച്ചു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസാണ് ഉണ്ടാകുക. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കരിപ്പൂരില്‍ ഇറങ്ങും. തിരിച്ച് കോഴിക്കോട് നിന്ന് 8.50ന് പുറപ്പെട്ട് റാസല്‍ഖൈമയില്‍ രാത്രി 11.25ന് ഇറങ്ങുന്ന തരത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കരിപ്പൂരിലെത്തും. വെള്ളിയാഴ്ച കരിപ്പൂരില്‍ നിന്നും വൈകിട്ട് 4.50ന് പുറപ്പെടുന്ന വിമാനം 7.25നാണ് റാസല്‍ഖൈമയില്‍ എത്തിച്ചേരുക.

ഒമാനിലേയ്ക്കുള്ള ബജറ്റ് എയര്‍ലൈനായ സലാം എയര്‍ കരിപ്പൂരിലേയ്ക്ക് ഡിസംബര്‍ 17 മുതല്‍ സര്‍വീസ് പുനരാംരംഭിക്കും. കരിപ്പൂരിന് പുറമേ തിരുവനന്തപുരം, ലഖ്‌നൗ, ഹൈദരാബാദ്, ജയ്പൂര്‍ വിമാനത്തിവളങ്ങളിലേയ്ക്കും സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇ ദേശീയദിന അവധികള്‍ പ്രഖ്യാപിച്ചു: രണ്ട് ദിവസം അവധി

0

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട് മൂന്ന് തീയതികളിലാണ് അവധി. ഇത്തവണ ദേശീയദിനത്തിന്റെ ഔദ്യോഗിക പരിപാടികള്‍ ദുബൈ എക്‌സ്‌പോ സിറ്റിയിലായിരിക്കും നടക്കുക.

ഡിസംബര്‍ രണ്ട് ശനിയും മൂന്ന് ഞായറുമാണ്. കഴിഞ്ഞ വര്‍ഷവും വാരാന്ത്യ അവധി ദിനങ്ങളിലായിരുന്നു ദേശീയദിന പൊതുഅവധികള്‍. പൊതുഅവധികള്‍ വാരാന്ത്യഅവധി ദിനങ്ങളില്‍ വന്നാല്‍ മറ്റൊരു പ്രവര്‍ത്തിദിനത്തില്‍ യുഎഇ അവധി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദേശീയദിനത്തിന് മറ്റ് ദിവസങ്ങളിലേക്ക് അവധി മാറ്റി നല്‍കിയിരുന്നില്ല. ഈ വര്‍ഷവും സമാനമാം വിധത്തിലാണ് രാജ്യത്ത് പൊതു-സ്വകാര്യമേഖലകള്‍ക്ക് ദേശീയദിന അവധികള്‍.അതെസമയം ഈ വര്‍ഷം ദേശീയദിനത്തോട് അനുബന്ധിച്ച് യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ ദുബൈ എക്‌സ്‌പോ സിറ്റിയിലായിരിക്കും അരങ്ങേറുക.

കോപ് 28 കാലാവസ്ഥാ ഉച്ചകോടി എക്‌സ്‌പേസിറ്റിയില്‍ ഈ ദിവസങ്ങളില്‍ നടക്കുന്നത് കൂടി കണക്കിലെടുത്താണ് ദേശീയദിനാഘോഷവും ദുബൈയില്‍ സംഘടിപ്പിക്കുന്നത്. 2023 സുസ്ഥിരതാ വര്‍ഷം ആയി ആചരിക്കുന്നതിനാല്‍ യുഎഇയുടെ സുസ്ഥിര ഭാവിയില്‍ ഊന്നിയുള്ളതായിരിക്കും പരിപാടികള്‍

കണ്ടലയില്‍ നടന്നത് കരുവന്നൂർ മോഡല്‍ തട്ടിപ്പ്; നടന്നത് 200 കോടി രൂപയുടെ തട്ടിപ്പെന്ന് ഇഡി

0

കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ എന്‍ ഭാസുരാംഗന്‍, മകൻ അഖിൽ ജിത്ത് എന്നിവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും ഇഡി വ്യക്തമാക്കി. കരുവന്നൂർ മാതൃകയിലുള്ള തട്ടിപ്പാണ് കണ്ടലയിലും ഉണ്ടായതെന്നും ഇഡി പറയുന്നു. പല ഉന്നത നേതാക്കളും വഴിവിട്ട ലോണിനായി ഇടപെട്ടതായി വ്യക്തമായിട്ടുണ്ട് എന്നും ഇ ഡി പറയുന്നു.

പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ എന്‍ ഭാസുരാംഗന്‍, മകൻ അഖിൽ ജിത്ത് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഇഡി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാസുരാംഗൻ ബാങ്ക് പ്രസിഡന്‍റായിരുന്ന കാലത്താണ് മകൻ അഖിൽ ജിത്ത് വൻ സാമ്പത്തിക വളർച്ച നേടിയത്. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ അഖിൽ ജിത്തിന് കഴിഞ്ഞിട്ടില്ല. പ്രതികൾ അന്വഷണവുമായി പൂർണ്ണമായി സഹകരിച്ചില്ലെന്നും ഇഡി ആരോപിക്കുന്നു.

കേസിൽ ഇഡി അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഭാസുരാംഗനെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് നീക്കിയിരുന്നു. 30 വർഷത്തോളം ബാങ്ക് പ്രസിഡന്‍റായിരുന്ന എൻ ഭാസുരാംഗന്‍റെ നേതൃത്വത്തിൽ ക്രമക്കേട് നടന്നെന്നാണ് പരാതി. ആകെ 74 നിക്ഷേപകർ പരാതിയുമായി രംഗത്ത് വന്നെങ്കിലും കാര്യമായ നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. ആരോപണങ്ങളെത്തുടർന്ന് ഭരണസമിതി രാജിവെക്കുകയും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയുമായിരുന്നു.

സാഹിത്യകാരി പി വത്സല അന്തരിച്ചു

0

പ്രശസ്ത എഴുത്തുകാരി പി വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന്‌ കോഴിക്കോടാണ് പി വത്സലയുടെ ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. “നിഴലുറങ്ങുന്ന വഴികൾ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

“നെല്ല്” ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. പ്രദർശനത്തിനു എത്തുന്ന “ഖിലാഫത്ത്” എന്ന ചലച്ചിത്രം വത്സലയുടെ ‘വിലാപം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌.

പ്രധാന കൃതികൾ:

എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണ്ണകഥകൾ, വേറിട്ടൊരു അമേരിക്ക, റോസ്മേരിയുടെ ആകാശങ്ങൾ, അശോകനും അയാളും, വത്സലയുടെ സ്ത്രീകൾ, മൈഥിലിയുടെ മകൾ, പേമ്പി, ആദി ജലം, നെല്ല് (നോവൽ), കൂമൻ കൊല്ലി, വിലാപം, നിഴലുറങ്ങുന്ന വഴികൾ, പോക്കുവെയിൽ പൊൻവെയിൽ

മുഖ്യമന്ത്രി ക്രിമിനൽ, കലാപാഹ്വാനം നടത്തുന്നു, രാജിവെക്കണം; അല്ലെങ്കിൽ പൊതുമാപ്പ് പറയണം: വിഡി സതീശൻ

0

നവകേരള സദസ്സ് യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി നികൃഷ്ടമായ ക്രിമിനല്‍ മനസിന് ഉടമയാണെന്ന് സതീശൻ പറഞ്ഞു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും സതീശൻ കുറ്റപെടുത്തി. മുഖ്യമന്ത്രി രാജിവച്ച്‌ സ്ഥാനമൊഴിയണമെന്നും അതിന് മടിയുണ്ടെങ്കില്‍ ജനങ്ങളോട് പൊതുമാപ്പ് പറയണമെന്നും സതീശൻ ആലുവയിൽ പറഞ്ഞു. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി. നികൃഷ്ട മനസാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തിൽ മനഃപൂർവമായി കൊല്ലണമെന്ന ഉദേശത്തോടെയുള്ള ആക്രമണം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കാൻ പിണറായി വിജയന് അർഹതയില്ല. ഒരു കൂട്ടം കുട്ടികളെ ഹെല്‍മറ്റും ഇരുമ്പ് വടിയും ചെടിച്ചട്ടിയും പൊലീസിന്റെ വയര്‍ലെസ് സെറ്റ് വച്ചും ഇടിച്ചിട്ട് എത്ര ഉളുപ്പില്ലാതെയാണ് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറയുന്നത് എന്നും സതീശൻ ചോദിച്ചു. വധശ്രമം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസില്‍ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. ഉദ്യോഗസ്ഥരെ കൊണ്ട് പിരിവ് നടത്തിയാണോ ഈ പാര്‍ട്ടി പരിപാടി നടത്തുന്നത്. പഞ്ചായത്തില്‍ ജനങ്ങള്‍ അടയ്ക്കുന്ന നികുതി എടുത്ത് പാര്‍ട്ടി പരിപാടി നടത്തുകയാണ്. ഇതൊരു നാണംകെട്ട പരിപാടിയാണ്. കക്ഷിനേതാക്കളായ മന്ത്രിമാരെ മാത്രമാണ് പ്രഭാത ഭക്ഷണത്തിന് പോലും ക്ഷണിക്കുന്നത്. മറ്റുള്ളവര്‍ മുറികളിലിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ഭരണവും നടക്കുന്നില്ല. അഞ്ച് മാസം മുന്‍പ് അദാലത്ത് നടത്തി വാങ്ങിയ പരാതികള്‍ കെട്ടഴിച്ചുപോലും നോക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നവകേരള സദസ്സിന് പണം നല്‍കരുതെന്ന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പാലിക്കാതെ പണം നല്‍കിയ ഏതെങ്കിലും യുഡിഎഫ് ഭരണസമിതിയുണ്ടെങ്കില്‍ അവര്‍ ആ സ്ഥാനത്തുണ്ടാകില്ല. ആരെങ്കിലും തീരുമാനമെടുത്താല്‍ അതില്‍ ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നും സതീശൻ പറഞ്ഞു. പിണറായി വിജയനുമായി സന്ധി ചെയ്യുന്ന പാർട്ടിയാണ് ബിജെപി. സംസ്ഥാനത്ത് എൽഡിഎഫും- യുഡിഎഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. അതിൽ ബിജെപിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

2024-ലെ പൊതുഅവധികള്‍ക്ക് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ

0

2024ലെ പൊതു- സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. അടുത്ത വര്‍ഷത്തെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത വര്‍ഷം പൊതു- സ്വകാര്യ മേഖലയ്ക്ക് അവധി ദിവസങ്ങള്‍ തുല്യമായിരിക്കും.

പുതുവത്സരവമാണ് അടുത്ത വര്‍ഷത്തെ ആദ്യ പൊതു അവധി. ചെറിയ
പെരുന്നാളിനാണ് അടുത്ത വര്‍ഷം ആദ്യം ദൈര്‍ഘ്യമേറിയ അവധി ദിവസങ്ങള്‍ ലഭിക്കുക. റമദാന്‍ ഇരുപത്തിയൊന്‍പത് മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും ചെറിയ പെരുന്നാള്‍ അവധി. മാസപ്പിറവിയുമായി ബന്ധപ്പെട്ട് ദിവസങ്ങളില്‍ മാറ്റമുണ്ടായേക്കാം.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാല് ദിവസമാണ് അവധി ലഭിക്കുക .അറഫ ദിനം മുതല്‍ ദുല്‍ഹജ്ജ് പന്ത്രണ്ട് വരെയായിരിക്കും ബലിപെരുന്നാള്‍ അവധി. ജൂലൈ മൂന്നാം വാരത്തോടെ ഇസ്ലാമിക പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള പൊതു അവധിയും ലഭിക്കും. സെപ്റ്റംബറില്‍ നബിദിന അവധിയും ലഭിക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2,3 തീയതികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രയേല്‍-ഹമാസ് യുദ്ധം: ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ വിജയത്തിലേക്ക് : വെടിനിര്‍ത്തലിന്സാധ്യത

0

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രതിരോധ സേന വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ്. ഗാസയില്‍ മരണസംഖ്യ 13,300 ആയി.

തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ പ്രതിരോധ സേന ആക്രമണം തുടരുന്നതിന് ഇടയിലാണ് വെടിനിര്‍ത്തലിന് സാധ്യതയെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഹമാസും ഇസ്രായേലും തമ്മില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇസ്രായേലോ ഹമാസോ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ഇസ്രയേലുമായുള്ള താല്‍കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് തങ്ങളെന്ന് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തുന്ന പക്ഷം ഹമാസ് തടവിലാക്കിയവരുടെ മോചനത്തിന്റെ കാര്യത്തിലും തീരുമാനമാകും. ഒന്നര മാസത്തോളമായി തുടരുന്ന ആക്രമണങ്ങളില്‍ ഗാസയില്‍ 13,300 പേരാണ് കൊല്ലപ്പെട്ടത്. സൈനികരടക്കം ആയിരത്തി അഞ്ഞൂറോളം ഇസ്രയേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തിയേക്കുമെന്ന സൂചന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നല്‍കിയിരുന്നു.

അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണയെന്നും ഹമാസ് ബന്ദിയാക്കിയ സ്ത്രീകളെയും കുട്ടികളെയും വിട്ടുനല്‍കുമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പകരമായി ഇസ്രയേല്‍ തടവറയിലുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. യുദ്ധം തുടങ്ങി ഒന്നര മാസത്തോളമായിട്ടും ബന്ദികളുടെ മോചന കാര്യത്തില്‍ തീരുമാനമാകാത്തത് ഇസ്രയേലില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും മുതിര്‍ന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ്.

ദുബൈയില്‍ സൂപ്പര്‍ സെയില്‍ ഈ വാരാന്ത്യത്തില്‍: വന്‍ വിലക്കിഴിവ്‌

0

ദുബൈ സൂപ്പര്‍ സെയില്‍ വീണ്ടും എത്തുന്നു. മൂന്ന് ദിവസം ആണ് തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവില്‍ വില്‍പ്പന. നവംബര്‍ ഇരുപത്തിനാല് വെള്ളിയാഴ്ച മുതല്‍ നവംബര്‍ ഇരുപത്തിയാറ് ഞായറാഴ്ച വരെയാണ് ദുബൈ സൂപ്പര്‍ സെയിലിന്റെ പുതിയ പതിപ്പ്. അഞ്ചൂറിലധികം ബ്രാന്‍ഡുകള്‍ ഇത്തവണ സൂപ്പര്‍ സെയിലിന്റെ ഭാഗമാകും. എമിറേറ്റിലെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ സൂപ്പര്‍ സെയിലിന്റെ ഭാഗമാകും. ദുബൈ ടൂറിസത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ സെയിലില്‍ എമിറേറ്റിലെ ഷോപ്പിംഗ് മാളുകളും ഷോപ്പിംഗ് സെന്ററുകളും പങ്കാളികളാകും.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍,സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവില്‍ വാങ്ങുന്നതിനുള്ള അവസരം ആണ് സൂപ്പര്‍ സെയിലിലൂടെ ഒരുക്കിയിരിക്കുന്നത്. വിലക്കിഴിവിന് ഒപ്പം സമ്മാനങ്ങളും ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളിലും ഫെസ്റ്റിവല്‍ പ്ലാസയിലും മുന്നൂറ് ദിര്‍ഹത്തിന് മുകളില്‍ ഷോപ്പിംഗ് നടത്തിയാല്‍ മുപ്പിനായിരം ദിര്‍ഹത്തിന്റെ റിവാര്‍ഡ് പോയിന്റുകളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഓരോ അരമണിക്കൂറിലും ഒരാള്‍ക്ക് വീതം റിവാഡ് പോയിന്റുകള്‍ ലഭിക്കും. ദുബൈയില്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് സൂപ്പര്‍ സെയില്‍ നടക്കുക