Saturday, August 1, 2026
Home Blog Page 179

ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി

0

സംസ്ഥാനത്തെ ഹയർസെക്കൻഡറി വരെയുള്ള വിദ്യാര്‍ഥികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്. അക്കാദമിക് കരിക്കുലത്തിനു പുറത്തുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിന്‌ എതിരായ എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ ഹർജി പരിഗണിച്ചുകൊണ്ട് ആണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്.

നവകേരള സദസില്‍ ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും എന്നും സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

‘ചിലര്‍ക്ക് വല്ലാത്ത ബുദ്ധി, അത് നല്ലതല്ല, ആ കളി അധികം വേണ്ടെ’ ; ഷൈലജ ടീച്ചര്‍ക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നുവെന്ന് മുഖ്യമന്ത്രി

0

നവകേരള സദസ്സില്‍ കൂടുതല്‍ നേരം സംസാരിച്ചതിന് കെ.കെ.ശൈലജയെ വിമര്‍ശിച്ചെന്ന വാർത്തകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. താൻ ഷൈലജ ടീച്ചര്‍ക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു. ചിലര്‍ക്ക് വല്ലാത്ത ബുദ്ധി,അത് നല്ലതല്ല, ആ കളി അധികം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഷൈലജ ടീച്ചറുടെ അടുത്ത് പോലും ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മട്ടന്നൂരിൽ സർക്കാർ പരിപാടി നടത്തുമ്പോൾ ജനങ്ങൾ ഒഴുകിയെത്തും. അതുകണ്ടു ഹരം കയറിയാണ് ശൈലജ ടീച്ചർ തന്റെയടുത്തു വന്നു സംസാരിച്ചത്. കാര്യങ്ങൾ സമയാസമയത്ത് തുറന്നു പറയുന്നയാളാണു താൻ. മട്ടന്നൂരിൽത്തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മാധ്യമങ്ങള്‍ക്ക് ഒരുതരം വല്ലാത്ത ബുദ്ധിയാണ് ഇക്കാര്യത്തില്‍. അതിന്റെ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതു നല്ലതല്ലെന്ന് മാത്രമേ പറയുന്നുള്ളൂവെന്നും പിണറായി പറഞ്ഞു. എന്റെ തെറ്റിദ്ധാരണയല്ല. നിങ്ങള്‍ക്ക് തെറ്റിദ്ധാരണയാണെങ്കില്‍ ആ തെറ്റിദ്ധാരണയാണെന്ന് പറയാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു. നിങ്ങള്‍ക്ക് തെറ്റിദ്ധാരണ അല്ല ഉണ്ടാകുന്നത്. നിങ്ങള്‍ തന്നെ ഇപ്പോള്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാകുമല്ലോ. ആ ഉറവിടത്തെപ്പറ്റിയാണ് പറയുന്നത്. അതു വേണ്ട. ആ കളി അധികം വേണ്ട.’മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗോത്രവർഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര പട്ടികവർഗ കമ്മീഷൻ

0

സർക്കാരിന്റെ കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗത്തിൽപെട്ടവരെ പ്രദർശന വസ്തുവാക്കിയെന്ന പരാതിയിൽ ദേശീയ പട്ടികവർഗ കമ്മീഷൻ്റെ ഇടപെടൽ. പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷൻ റിപ്പോർട്ട് തേടി. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിന്റെ പരാതിയിലാണ് നടപടി.

കേരളീയത്തിലെ ആദിവാസി വിഭാഗത്തിന്റെ പരിപാടിയാണ് വിവാദമായത്. ആദിവാസി വിഭാഗത്തെ വേഷം കെട്ടി പ്രദർശന വസ്തുവാക്കി നിർത്തിയെന്നായിരുന്നു വിമർശനം. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു.

കേരള ചീഫ് സെക്രട്ടറി ഡോ: വി വേണുവിനോടും ഡിജിപി ഡോ: ഷെയ്ഖ് ധർവ്വേഷ് സാഹിബിനോടുമാണ് മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പിൽ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും നിർദേശിച്ചിട്ടുണ്ട്.

പണം തട്ടിയിട്ടില്ല; പരാതി അടിസ്ഥാന രഹിതമെന്ന് ശ്രീശാന്ത്

0

കർണാടകയിലെ ഉടുപ്പിയിൽ വില്ല നിർമിച്ച് നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി അടിസ്ഥാന രഹിതമെന്നു ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലിസ് കേസെടുത്തിരുന്നു. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, സാമ്പത്തിക ഇടപാടിലോ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ലെന്നും ശ്രീശാന്ത് അറിയിച്ചു. പരാതിക്കാരനെ താൻ കണ്ടിട്ട് പോലുമില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 2019ൽ കൊല്ലൂരിൽ വച്ച് പരിചയപ്പെട്ട രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിലാണ് ശ്രീശാന്ത് ഉൾപ്പെടെ 3 പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ നിർമ്മിക്കുന്ന വില്ല നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്‍റെ കൈയ്യിൽനിന്ന് വാങ്ങിയെന്ന് സരീഗ് പരാതിയിൽ പറയുന്നു. എന്നാൽ നിർമാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതിൽ പങ്കാളിയാക്കാമെന്നും രാജിവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തിൽ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാൽ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂ‍ർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീശാന്ത് അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തത്.

ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ച പോസ്റ്റിലൂടെയാണ് ശ്രീശാന്തിൻ്റെ പ്രതികരണം. “ഒരു കേസിലും എനിക്ക് യാതൊരു പങ്കും ഇല്ല. ഞാൻ സാമ്പത്തിക ഇടപാടുകളിലോ മറ്റ് പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ല. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ നന്ദി അറിയിക്കുന്നു. സംഭവം വലുതാക്കി കാണിക്കാൻ ചില വ്യക്തികൾ ശ്രമിക്കുന്നുണ്ട്. അത് നിരാശാജനകമാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു,” ശ്രീശാന്ത് വ്യക്തമാക്കി.

ദുബൈ മെട്രോയ്ക്ക് ഇനി ബ്ലൂ ലൈനും: പുതിയ പാതയ്ക്ക് ഷെയ്ഖ് മുഹമ്മദിന്റെഅനുമതി

0


ദുബൈ മെട്രോയുടെ ബ്ലൂലൈന്‍ പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അനുമതി. 1800 കോടി ദിര്‍ഹം ചിലവില്‍ നിര്‍മ്മിക്കുന്ന പുതിയ പാതയ്ക്ക് മുപ്പത് കിലോമീറ്ററാണ് ദൂരം. 2029-ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആണ് പദ്ധതി.നിലവിലുള്ള രണ്ടു ലൈനുകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പുതിയ പാതയ്ക്കാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും അംഗീകാരം നല്‍കിയിരിക്കുന്നത്.

ദുബൈയുടെ പൊതുഗതാഗത മേഖലയിലെ ഏറ്റവും പുതിയ വലിയ പദ്ധതി എന്നാണ് ഷെയ്ഖ് മുഹമ്മദ് ബ്ലുലൈനിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുപ്പത് കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയുടെ 15.5 കിലോമീറ്ററും ഭൂമിക്കടിയിലായിരിക്കും. ഭൂമിക്കടിയില്‍ എഴുപത് മീറ്ററോളം ആഴത്തിലായിരിക്കും പാത. ദുബൈ ക്രിക്ക് ഹാര്‍ബര്‍, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ്, അല്‍വര്‍ഖ, മിര്‍ദിഫ്, സിലിക്കണ്‍ ഒയാസിസ്,അക്കാദമിക് സിറ്റി തുടങ്ങിയ മേഖലകളിലൂടെയാണ് ബ്ലു ലൈന്‍ കടന്നുപോകുക. പതിനാല് സ്റ്റേഷനുകളിലായിരിക്കും ബ്ലു ലൈനില്‍ ഉണ്ടാവുക. ഏഴ് എലിവേറ്റഡ് സ്റ്റേഷനുകളും അഞ്ച് ഭൂഗര്‍ഭ സ്റ്റേഷനുകളുമായിരിക്കും പുതിയ പാതയില്‍ ഉണ്ടാവുക. രണ്ട് എലിവേറ്റഡ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളും പുതിയ ലൈനില്‍ ഉണ്ടാകും. റെഡ്‌ലൈനില്‍ സെന്റര്‍ പോയിന്റിലും ഗ്രീന്‍ലൈനില്‍ ക്രിക്ക് സ്‌റ്റേഷനിലുമായിരിക്കും പുതിയ പാതയെ ബന്ധിപ്പിക്കുക.

2024-ല്‍ കരാര്‍ നല്‍കി 2025-ല്‍ ബ്ലുലൈന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനാണ് പദ്ധതി. 2028-ല്‍ പുതിയ പാതയില്‍ പരീക്ഷണ ഓട്ടം നടക്കും.2029-ല്‍ ബ്ലൂലൈനില്‍ യാത്രക്കാരുമായി ട്രെയ്‌നുകള്‍ ഓടിത്തുടങ്ങും. ബ്ലൂ ലൈന്‍ കൂടി എത്തുന്നതോടെ ദുബൈ മെട്രോയുടെ ആകെ നീളം 119.3 കിലോമീറ്ററായി വര്‍ദ്ധിക്കും

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍: അവശ്യവസ്തുക്കളുമായി ട്രക്കുകള്‍ പ്രവേശിച്ച് തുടങ്ങി

0

ഒന്നര മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍- ഹമാസ് ഏറ്റുമുട്ടലിനൊടുവില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ, ആദ്യഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കിയ 13 പേരെ മോചിപ്പിക്കും. അവശ്യ വസ്തുക്കളുമായി 200ഓളം ട്രക്കുകളും ഗാസയില്‍ പ്രവേശിക്കും. വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മുന്‍പും ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബ് ആക്രമണം നടത്തി

ഖത്തറിന്‌റെയും ഈജിപ്റ്റിന്റെയും മധ്യസ്ഥതയിലാണ് ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാദേശിക സമയം രാവിലെ ഏഴ് മുതല്‍ പ്രാബല്യത്തില്‍ വന്നു. വെടിനിര്‍ത്തലിന് തൊട്ടുമുന്‍പ് വരെ ഇസ്രയേല്‍ സൈന്യം ഗാസയിലെ ആശുപത്രിയ്ക്ക് നേരെ ആക്രമണം നടത്തി. 150 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസി ബന്ദികളാക്കിയ 50 സ്ത്രീകളേയും കുട്ടികളേയും കൈമാറാനാണ് കരാര്‍ വ്യവസ്ഥ. ആദ്യഘട്ടതത്ില്‍ 13 പേരെയാണ് മോചിപ്പിക്കുക. ഇസ്രയേല്‍ 39 തടവുകാരെയും കൈമാമാറും. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര റെഡ്‌ക്രോസ്, റെഡ് ക്രസന്റ് എന്നീ സന്നദ്ധ സംഘടനകള്‍ ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കും. ഇരുപക്ഷവും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മധ്യസ്ഥ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ധനം അടക്കമുള്ള അവശ്യ വസ്തുക്കളടങ്ങിയ ഇരുന്നൂറോളം ട്രക്കുകളും ഗാസയില്‍ എത്തും. 1,30,000 ലിറ്റര്‍ ഡീസലും നാല് ട്രക്ക് ഗ്യാസും എത്തിക്കുമെന്ന് ഈജിപ്റ്റ് അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രായേല്‍- ഹമാസ് യുദ്ധത്തിലെ ആദ്യ സുപ്രധാന നയതന്ത്ര വിജയമാണ് നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയ്ക്കുമെങ്കില്‍ മോചിപ്പിക്കുന്ന ഓരോ പത്ത് പേര്‍ക്കും ആനുപാതികമായി വെടിനിര്‍ത്തല്‍ ഓരോ ദിവസം നീട്ടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ അന്തിമമല്ലെന്നും സമയം അവസാനിക്കുന്നതോടെ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ഗാസയില്‍ ഇതുവരെ 14,800 ല്‍ അധികം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പുതുവര്‍ഷത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ബുര്‍ജ് ഖലീഫ: വെടിക്കെട്ടില്‍ വിസ്മയം തീര്‍ക്കും

0

പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ ഗംഭീര തയ്യാറെടുപ്പുമായി ദുബൈ. അതിഗംഭീരമായ കരിമരുന്ന് പ്രദര്‍ശനമാണ് ദുബൈയില്‍ അരങ്ങേറുക. ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന പുതുവര്‍ഷ വെടിക്കെട്ട് തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും ഇത്തവണ റെക്കോര്‍ഡ് വെടിക്കെട്ടായിരിക്കുമെന്നും എമ്മാര്‍ പ്രോപ്പര്‍റ്റീസ് അറിയിച്ചു.

പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ദുബൈ ബുര്‍ജ് ഖലീഫയില്‍ ഒരുക്കുന്ന ആകാശത്തിലെ വര്‍ണ്ണപൂരം ആഗോളതലത്തില്‍ തന്നെ ഏറെ പ്രശസ്തമാണ്. ഇത്തവണ റെക്കോര്‍ഡ് വെടിക്കെട്ടാണ് ഒരുക്കുന്നതെന്നും തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും എമ്മാര്‍ പ്രോപ്പര്‍ട്ടീവ് അറിയിച്ചു. ബുര്‍ജ് പാര്‍ക്കിലേയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 325 ഫയറിങ് പൊസിഷന്‍ ഉണ്ടായിരിക്കും. 2800ല്‍ അധികം കരിമരുന്ന് ഷൂട്ടിങ് സ്ഥാനങ്ങളും 15,600ല്‍ അധികം പൈറോ ടെക്‌നിക് സാങ്കേതിക വിദ്യയും വെടിക്കെട്ടിന് മാറ്റ് കൂട്ടും.

ബുര്‍ജ് ഖലീഫയിലെ പ്രദര്‍ശനവുമായി സംയോജിപ്പിച്ച് വാട്ടര്‍ ഫൗട്ടനിലും പ്രത്യേക ഷോ ഉണ്ടായിരിക്കും. ന്യൂ ഇയര്‍ ലൈറ്റ് ഷോയ്ക്കായി 1,45,000 വാട്ട് വെളിച്ചവും നാലായിരം വാട്ട് ലേസറും ഉപയോഗപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു കെട്ടിടത്തിലെ ഏറ്റവും വലിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്ന ലോക റെക്കോര്‍ഡാണ് ബുര്‍ജ് ഖലീഫയ്ക്കുള്ളത്. വെടിക്കെട്ടിന് പുറമേ ലോകപ്രശസ്തരായ ആളുകളുടെ സംഗീത പരിപാടിയും ഒരുക്കുന്നുണ്ട്.

വന്‍ വിലക്കിഴിവ് : ദുബൈ സൂപ്പര്‍ സെയിലിന് തുടക്കം

0

ദുബൈ സൂപ്പര്‍ സെയിലിന് തുടക്കം. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സൂപ്പര്‍ സെയിലില്‍ തൊണ്ണൂറ് ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് മുതല്‍ നവംബര്‍ ഇരുപത്തിയാറ് ഞായറാഴ്ച വരെയാണ് ദുബൈ സൂപ്പര്‍ സെയിലിന്റെ പുതിയ പതിപ്പ്. ദുബൈ ഫെസ്റ്റിവല്‍ ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തില്‍ ദുബൈയിലെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

അഞ്ചൂറിലധികം ബ്രാന്‍ഡുകള്‍ ഇത്തവണ സൂപ്പര്‍ സെയിലിന്റെ ഭാഗമായിട്ടുണ്ടെന്നാണ് പ്രഖ്യാപനം. എമിറേറ്റിലെ ഷോപ്പിംഗ് മാളുകളും വ്യാപാരകേന്ദ്രങ്ങളും എല്ലാം സൂപ്പര്‍ സെയിലില്‍ ഇത്തവണയും പങ്കെടുക്കുന്നുണ്ട്.വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവില്‍ വാങ്ങുന്നതിനുള്ള അവസരം ആണ് സൂപ്പര്‍ സെയിലിലൂടെ ഒരുക്കിയിരിക്കുന്നത്. വിലക്കിഴിവിന് ഒപ്പം സമ്മാനങ്ങളും ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളിലും ഫെസ്റ്റിവല്‍ പ്ലാസയിലും മുന്നൂറ് ദിര്‍ഹത്തിന് മുകളില്‍ ഷോപ്പിംഗ് നടത്തിയാല്‍ മുപ്പിനായിരം ദിര്‍ഹത്തിന്റെ റിവാര്‍ഡ് പോയിന്റുകളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഓരോ അരമണിക്കൂറിലും ഒരാള്‍ക്ക് വീതം റിവാഡ് പോയിന്റുകള്‍ ലഭിക്കും. സൂപ്പര്‍ സെയിലിനോട് അനുബന്ധിച്ച് നൂണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വന്‍ വിലക്കിഴിന് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയില്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് സൂപ്പര്‍ സെയില്‍ നടക്കുക

യുഎഇ ദേശീയദിനത്തിന് സ്വകാര്യമേഖലയ്ക്ക് അധിക അവധി

0

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട് മുതലാണ് അവധി ലഭിക്കുക. നേരത്തെ സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. ഷാര്‍ജയില്‍ പൊതുമേഖല ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

52-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. നേരത്തെ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതുക്കിയ അവധി മാനവവിഭശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം ഡിസംബര്‍ രണ്ട്, മൂന്ന്, നാല് തിയതികളില്‍ സ്വകാര്യ മേഖലയിലേയും ജീവനക്കാര്‍ക്ക് അവധി ലഭിക്കും. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുന്നത്. ഡിസംബര്‍ 5 ചെവ്വാഴ്ച്ച രാജ്യത്ത് പ്രവൃത്തി ദിനമായിരിക്കും.

സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. നേരത്തെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധിക്ക് പുറമേ തിങ്കളാഴ്ചയും അവധിയായിരിക്കുമെന്ന് യുഎഇ ഫെഡറല്‍ അഥോരിട്ടി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച ഓഫീസുകളില്‍ എത്താതെ വിദൂര ജോലിയില്‍ ഏര്‍പ്പെടുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

0

സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും മകളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം എടുത്തു. തിരുവനന്തപുരം ലോ കോളജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം നേടി.

സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിതയും ഫാത്തിമ ബീവിയാണ്. വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ അവർക്ക് രണ്ടാമത്ത ഉയർന്ന കേരള പ്രഭ അവാർഡ് നൽകി സർക്കാർ ആദരിച്ചു.

കേരള ലോവർ ജുഡീഷ്യറിയിലാണ് ഫാത്തിമ ബീവി കരിയർ ആരംഭിച്ചത്. 1958 മേയിൽ കേരള സബ് ഓർഡിനേറ്റ് ജുഡീഷ്യൽ സർവീസസിൽ മുൻസിഫായി നിയമിതയായി. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജിയായും 1972 ൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായും 1974 ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു. 1983 ആഗസ്റ്റ് നാലിന് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 മെയ് 14 ന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 1989 ഏപ്രിൽ 29 ന് ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ശേഷം 1989 ഒക്ടോബർ ആറിന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.