Saturday, August 1, 2026
Home Blog Page 178

ഗാസ യുദ്ധം ; വെടിനിര്‍ത്തല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടാന്‍ ചര്‍ച്ച

0

ഇസ്രലേയല്‍-ഗാസ വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത് പ്രാബല്യത്തില്‍ വന്നതോടെ കൂടുതല്‍ ദിവസത്തേക്ക് ദീര്‍ഘപ്പിക്കുന്നതിനുള്ള ചര്‍ച്ചകളുമായി മധ്യസ്ഥരാഷ്ട്രങ്ങള്‍. തുടര്‍ച്ചകള്‍ക്കായി ഇസ്രയേല്‍-അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഖത്തറില്‍ യോഗം ചേര്‍ന്നു. കൂടുതല്‍ ബന്ദികളേയും തടവുകാരേയും മോചിപ്പിക്കാം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടിയത്.

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ അഞ്ചാം ദിവസം വിജയകരമായി പൂര്‍ത്തിയാക്കുകയാണ്. വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഇരുകൂട്ടരും അഞ്ചാംദിവസവും പാലിച്ചതോടെ കൂടുതല്‍ ദിവസത്തേക്ക് നീട്ടുന്നതിനുള്ള ശ്രമത്തിലാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന ഖത്തറും ഈജിപ്തും. വെടിനിര്‍ത്തല്‍ സംബന്ധിച്ച തുടര്‍ച്ചര്‍ക്കള്‍ക്കായി അമേരിക്കന്‍ രഹസ്യാന്വേഷണം ഏജന്‍സിയായ സി.ഐ.എയുടെയും ഇസ്രയേലിന്റെ മൊസാദിന്റെയും ഡയറക്ടര്‍മാര്‍ ഖത്തറില്‍ എത്തി. ഇരുവരും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിയുമായി കൂടിക്കാഴ്ച്ച നടത്തി.

ഈജിപ്തും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍്ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസത്തിനിടെ ഹമാസ് ഇരുപത് ബന്ദികളെ മോചിപ്പിക്കുന്നതിനും അറുപത് പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയക്കുന്നതിനും ആണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഇതിനിടെ ഇന്ന് രാവിലെ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍-ഹമാസ് സൈനികര്‍ തമ്മില്‍ ചെറിയ ഏറ്റുമുട്ടല്‍ ഉണ്ടായി. തങ്ങളുടെ ഏതാനും സൈനികര്‍ക്ക് ചെറിയതായി പരുക്കേറ്റെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് ഹമാസിന്റെ ആരോപണം

പതിനേഴാം നാള്‍ വെളിച്ചത്തിലേക്ക് : 41 തൊഴിലാളികളേയും രക്ഷപെടുത്തി

0


ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളെയും രക്ഷപെടുത്തി. ഒരുമണിക്കൂറിലധികം സമയം എടുത്താണ് 41 തൊഴിലാളികളേയും തുരങ്കത്തില്‍ നിന്നും പുറത്ത് എത്തിച്ചത്. തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി
പതിനേഴ് ദിവസം നീണ്ടുനിന്ന ദുഷ്‌കരമായ രക്ഷദൗത്യം ആണ് വിജയം കണ്ടത്. വൈകിട്ട് ഏഴേകാലോട് കൂടിയാണ് ആദ്യ രണ്ട് തൊഴിലാളികളെ പുറത്ത് എത്തിച്ചത്. തുടര്‍ന്ന് ഓരോരുത്തരെയായി ഒരുമണിക്കൂറിലധികം സമയം എടുത്താണ് പുറത്ത് എത്തിച്ചത്.

തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോ തൊഴിലാളികളെ വീതം ഓരോ ആംബുലന്‍സില്‍ കയറ്റിയായിരുന്ന പുറത്തേക്ക് കൊണ്ടുവന്നത്. ആര്‍പ്പുവിളികളോട് കൂടിയാണ് പുറത്ത് കാത്തുനിന്നിരുന്നവര്‍ തൊഴിലാളികളെ സ്വീകരിച്ചത്. ഋഷികേശിലെ എയിംസില്‍ ആണ് തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കുന്നത്. നവംബര്‍ പന്ത്രണ്ടിന് ദീപാവലി ദിവസം ആണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനഘട്ടത്തില്‍ യന്ത്രസഹായം ഇല്ലാതെ തന്നെ തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ നീക്കിയാണ് തൊഴിലാളികളുടെ സമീപത്തേക്ക് എത്തിയത്.

ഇന്ന് ആറ് മീറ്ററോളം അവശിഷ്ടങ്ങള്‍ നീക്കി. കുഴലില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാന്‍ കഴിഞ്ഞതാണ് രക്ഷാ ദൗത്യത്തിന് പുതുജീവനേകിയത്. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണ്ണായകഘട്ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പി്ന്നീട് ഈ മെഷിന്‍ തകരാറിലായി. തുടര്‍ന്നാണ് യന്ത്രസഹായത്തോട് കൂടിയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിംഗും നടത്തിയത്.

ആശ്വാസം ; അബിഗേലിനെ കണ്ടെത്തി ; കുട്ടിയെ കണ്ടെത്തിയത് കൊല്ലം ആശ്രാമം മൈതാനത്ത്

0

കേരളം പ്രതീക്ഷയോടെ കാത്തിരുന്ന 20 മണിക്കൂറിനൊടുവില്‍ അബിഗേല്‍ സാറായെ കണ്ടെത്തി. കൊല്ലം ആശ്രാമം ഭാഗത്തു ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ തട്ടിക്കൊണ്ടു പോയ സംഘം കുട്ടിയ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ട് 4.20നാണ് കൊല്ലം ഓയൂരിന് സമീപം പൂയപ്പള്ളി ഓട്ടുമലയില്‍ നിന്നും ആറ് വയസുകാരി അഭിഗേല്‍ സാറായെ തട്ടികൊണ്ട് പോയത്. സംഭവം നടന്നതു മുതല്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കി. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പഴുതടച്ചുള്ള പരിശോധനയാണ് നടത്തിയത്. 20 മണിക്കൂര്‍ നീണ്ട അനിശ്ചിതങ്ങള്‍ക്കൊടുവില്‍ കൊല്ലം ആശ്രാമം ഭാഗത്തു നിന്നും കുട്ടിയ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആശ്രാമം മൈതാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഭാഗത്തായി കുട്ടിയെ എത്തിച്ച സംഘം കാറില്‍ നിന്നും ഇറക്കി നിര്‍ത്തിയ ശേഷം കടന്നു കളയുകയായിരുന്നു. ഒരു സ്ത്രീയാണ് കുട്ടിയെ കാറില്‍ നിന്നും ഇറക്കി വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. നാട്ടുകാര്‍ വിവിരമറിയിച്ചതിനുസരിച്ച് പൊലീസ് എത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. കുട്ടി പൊലീസ് എ ആര്‍ ക്യാമ്പിലെത്തിച്ചു. കുട്ടി അവശനിലായിരുന്നു എന്നും ദക്‌സാക്ഷികള്‍ അറിയിച്ചു. കുട്ടിയ കാണാതായതു മുതല്‍ പഴുതടച്ചുള്ള അന്വേഷണാണ് പൊലീസ് നടത്തിയത്. ഇതോടെ ജില്ലയ്ക്ക് പുറത്തു കടക്കാന്‍ സംഘത്തിനായില്ല. പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞത്. സംഘത്തെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അബിഗേലിനെ നേരത്തെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നു; തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

0

കൊല്ലത്ത് നിന്ന് കാണാതായ അബിഗേൽ സാറ എന്ന കുട്ടിയെ നേരത്തെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി സൂചന. വളരെ ആസൂത്രിതമായാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. അതുകൊണ്ട് തന്നെ സംഘത്തെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. അതിനിടെയാണ് നേരത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മയുടെ വെളിപ്പെടുത്തൽ. കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഈ കാറ് വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും ഇവർ പറ‌ഞ്ഞു.

അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. കാറില്‍ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറിലേക്ക് പിടിച്ച് കയറ്റി. തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും സഹോദരന്‍ താഴെ വീഴുകയുമായിരുന്നു. ദൃശ്യങ്ങളില്‍ കാറ് കണ്ടെത്തി. കാർ തിരുവനന്തപുരം രജിസ്‌ട്രേഷനാണെന്ന് പൊലീസ് പറയുന്നു. കാറിന്റെ നമ്പര്‍ വ്യാജമാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

കാണാതായ ആറു വയസുകാരി അബിഗേൽ സാറയെ തിരഞ്ഞ് കേരളം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു

0

കൊല്ലം ഓയൂരിൽ കാണാതായ ആറ് വയസുകാരി അബിഗേൽ സാറക്കായി തിരഞ്ഞ് കേരളം. കുട്ടിയെ കാണാതായി 18 മണിക്കൂർ പിന്നിട്ടു. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ്. ഇവിടെ എത്തി ഫോൺ ചെയ്തയാളുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്.

ഓട്ടോയിൽ വന്ന 2 അംഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു. സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി. 7 മണിയോടെ ആണ് രണ്ട് പേരും എത്തിയത്. വന്നവർ ബിസ്ക്കറ്റും റസ്കുമാണ് വാങ്ങിയതെന്നും വ്യാപാരി പറയുന്നു. അത്യാവശ്യമായി ഒരു കോൾ ചെയ്യാനെന്ന് പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നും ഇവർ പറയുന്നു.

ഇന്നലെ വൈകീട്ട് നാലരക്കാണ് സഹോദരനൊപ്പം ട്യൂഷന് പോകും വഴി അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സംഭവം പുറത്ത് അറിഞ്ഞപ്പോൾ മുതൽ കൊല്ലം ജില്ലയുടെ വിവിധഭാഗങ്ങളിൽ അന്വേഷണം നടക്കുകയാണ്. അതിനിടെയാണ് ഇന്നലെ രാത്രി കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്. കുട്ടിയെ വിട്ടുകിട്ടാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു കോൾ.

അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന നടത്തി. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേരെ കസ്റ്റിയിലെടുത്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.

ഗോഫസ്റ്റിന് മൂന്ന് മാസം കൂടി സമയം : തിരികെ വരാന്‍ എയര്‍ലൈന്റെ ശ്രമം

0


പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ഗോഫസ്റ്റിന് തൊണ്ണൂറ് ദിവസം കൂടി സമയം അനുവദിച്ച് ഇന്ത്യന്‍ കമ്പനി നിയമ ട്രിബ്യൂണല്‍. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിയും ഗോഫസ്റ്റ് എന്‍.സി.എല്‍.ടിക്ക് സമര്‍പ്പിക്കണം.സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ സര്‍വീസ് നിര്‍ത്തിയ ഗോഫസ്റ്റ് തിരികെ വരാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. സര്‍വീസ് മുടങ്ങി ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രശ്‌നപരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് മൂന്ന് മാസങ്ങള്‍കൂടി ദേശീയകമ്പനി നിയമ ട്രിബ്യൂണല്‍ അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി നാല് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 6500 കോടി രൂപയോളം ആണ് ഗോഫസ്റ്റിന്റെ കടം.

ഏതാനും വിമാനങ്ങളുമായി സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട് പോയ ഗോഫസ്റ്റിന് വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കിയ കമ്പനികള്‍ നല്‍കിയ കേസുകള്‍ ആണ് തടസ്സമായത്. പിന്നാലെ പൈലറ്റും ക്യാബിന്‍ ക്രൂവും അടക്കമുള്ള വിമാനജീവനക്കാര്‍ മറ്റ് എയര്‍ലൈനുകളിലേക്ക് ചേക്കേറി. എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിന് നവീന്‍ ജിന്‍ഡാലിന്റെ ജിന്‍ഡാല്‍ ഗ്രൂപ്പ് താത്പര്യം പ്രകടപ്പിച്ച് രംഗത്ത് എത്തിയിരുന്നുവെങ്കില്‍ പിന്നീട് പിന്‍മാറി.

മലേഷ്യന്‍ എയര്‍ലൈന്‍സും ഗോഫസ്റ്റ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.ഒരു മികച്ച കമ്പനി ഇപ്പോഴും എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിനായി താത്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഗോഫസ്റ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരികെ വരുന്നില്ലെങ്കില്‍ പിന്നീട് അത് അസാധ്യമായി മാറും.

അസംസ്‌കൃത എണ്ണയ്ക്ക് വീണ്ടും വിലയിടിവ്: ഉത്പാദകരാജ്യങ്ങളുടെ യോഗം 30-ന്‌

0

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വീണ്ടും വിലയിടിവ്. ബ്രെന്റ് ക്രൂഡ് വില വീണ്ടും എണ്‍പത് ഡോളറിന് താഴേയ്ക്ക് എത്തി.
ഉത്പാദനനിയന്ത്രണം സംബന്ധിച്ച് ഒപെക്കില്‍ സമവായം ഉണ്ടാകാത്തതാണ് വിലയിടിവിന് കാരണം.ഇസ്രയേല്‍-ഹാമാസ് യുദ്ധം ആരംഭിച്ചിതിന് ശേഷം നൂറ് ഡോളറിലേക്ക് വരെ ഉയര്‍ന്ന എണ്ണവില പിന്നീട് ഇടിയുകയായിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡിന്റെ വില എഴുപത്തിയൊന്‍പത് ഡോളറായും കുറഞ്ഞു.

വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുകയും ആവശ്യകത ആനുപാതികമായി വര്‍ദ്ധിക്കാത്തതും ആണ് വിപണിയിലെ അസ്ഥിരതയ്ക്ക് കാരണമായി വിദഗദ്ധര്‍ പറയുന്നത്. എണ്ണവിപണനവുമായി ബന്ധപ്പെട്ട 2024-ലേക്കുള്ള നയരൂപീകരണത്തിനായി ഈ മാസം മുപ്പതിന് യോഗം ചേരാനുള്ള തയ്യാറെടുപ്പിലാണ് ഒപെക്പ്ലസ് രാജ്യങ്ങള്‍. അടുത്ത വര്‍ഷം ആദ്യ പാദത്തിലും നിലവിലെ വിതരണനിയന്ത്രണം തുടരുന്നതിനാണ് സൗദി അറേബ്യയുടെയും റഷ്യയുടെയും തീരുമാനം. എന്നാല്‍ ഒപെക് പ്ലസ് സഖ്യത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വിതരണനിയന്ത്രണം തുടരുന്നതിനോട് അനുകൂല നിലപാടല്ല.

അഫ്രിക്കന്‍ രാജ്യങ്ങള്‍ ആണ് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ മുഴുവന്‍ അംഗരാജ്യങ്ങളും വിതരണനിയന്ത്രണം തുടരുന്നതിനോട് യോജിക്കും എന്നാണ് ഒപെക് നേതൃത്വം വ്യക്തമാക്കുന്നത്. സമായമുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്ക് ജോ ബൈഡന്‍ എത്തില്ല: നരേന്ദ്രമോദി മുപ്പതിന് എത്തും

0

യുഎഇ ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ യുഎസ് പ്രതിനിധി കോപ് 28ന് എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണമായി. വരും ദിവസങ്ങളില്‍ ലോകനേതാക്കള്‍ യുഎഇയിലേയ്ക്ക് എത്തിത്തുടങ്ങും.
വൈറ്റ് ഹൗസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തില്ല.

കോപ് 28 നടക്കുന്ന നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെയുള്ള ബൈഡന്റെ ഷെഡ്യൂളില്‍ യുഎഇ സന്ദര്‍ശനമില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കൊളറാഡോ, അംഗോള സന്ദര്‍ശനമാണ് ബൈഡന്റെ ഷെഡ്യൂളില്‍ ഉള്ളത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസും കോപ് 28ന് എത്തില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ യുഎസ് പ്രതിനിധി ആരെങ്കിലും പങ്കെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. യുഎസ് കാലാവസ്ഥ പ്രതിനിധിയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ജോണ്‍ കെറി എത്തുമെന്നും സൂചനയുണ്ട്. ഈജിപ്റ്റില്‍ നടന്ന കോപ് 27ല്‍ ബൈഡന്‍ പങ്കെടുത്തിരുന്നു.

ഇലക്ട്രിക് കാറുകള്‍ക്ക് ഇന്‍സന്റീവ് നല്‍കുന്നതും ഹരിത സമ്പദ് വ്യവസ്ഥയ്ക്കായി കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചതും ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ ബൈഡന്‍ കൈക്കൊണ്ടിരുന്നു. വ്യാഴാഴ്ച ആരംഭിക്കുന്ന കോപ് 28നുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ദുബൈ എക്‌സ്‌പോ സിറ്റിയിലാണ് ആഗോള ഉച്ചകോടി നടക്കുന്നത്. വരും ദിവസങ്ങളില്‍ ലോക നേതാക്കളെല്ലാം ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ചാള്‍സ് രാജാവും ഉള്‍പ്പെടെയുള്ളവര്‍ യുഎഇയില്‍ എത്തിച്ചേരും

ഗാസ യുദ്ധം : വെടിനിര്‍ത്തല്‍ നീട്ടുന്നതിന് ശ്രമങ്ങളുമായി മധ്യസ്ഥ രാഷ്ട്രങ്ങള്‍


ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി മധ്യസ്ഥ രാഷ്ട്രങ്ങള്‍. വെടിനിര്‍ത്തല്‍ നീട്ടണം എന്ന് ഹമാസും ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതോടെ ഗാസയില്‍ ശക്തമായ ആക്രമണം ആരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടുന്നതിന് ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമങ്ങള്‍ നടത്തുന്നത്. വെടിനിര്‍ത്തല്‍ നീട്ടുന്നതിനും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലേക്ക് കൂടുതല്‍ മാനുഷികസഹായം എത്തിക്കുകയും ആണ് ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ഇസ്രയേലും ഹമാസും തുറന്ന സമീപനം ആണ് സ്വീകരിക്കുന്നതെന്നും ജോ ബൈഡന്‍ പറഞ്ഞു.

പ്രതിദിന പത്ത് ബന്ദികളെ വീതം മോചിപ്പിക്കും എങ്കില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനെ സ്വാഗതം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിക്കുമ്പോള്‍ ഗാസയില്‍ ശക്തമായ ആക്രമണം ആരംഭിക്കും. ഗാസ മുന്‍പ് എന്തായിരുന്നോ അങ്ങനെ തുടരാന്‍ അനുവദിക്കില്ലെന്നും ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം മൂന്ന് ഘട്ടങ്ങളിലായി ബന്ദികളാക്കിയ മുപ്പത്തിയൊന്‍പത് ഇസ്രയേല്‍ പൗരന്‍മാരേയാണ് ഹമാസ് മോചിപ്പിച്ചത്. 117 പലസതീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. പതിനേഴ് തായിലന്റ് സ്വദേശികളേയും ഒരു ഫിലിപ്പൈന്‍സ് പൗരനേയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. ഇന്ന് കൂടുതല്‍ തടവുകാരുടെ മോചനം ഉണ്ടാകും. ഇന്ധനവും ഭക്ഷ്യവസ്തുക്കളും അടക്കം അവശ്യവസ്തുക്കളുമായി ഗാസയിലേക്ക് കൂടുതല്‍ ട്രക്കുകളും എത്തുന്നുണ്ട്

സർവകക്ഷി തീരുമാനം മറികടന്ന് ആലപ്പുഴ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം

0

നൂറനാട് മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കൽ. സർവകക്ഷി തീരുമാനം ലംഘിച്ചാണ് സംഘം മണ്ണെടുക്കാൻ യന്ത്രങ്ങളുമായി എത്തിയത്. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ റവന്യൂ വകുപ്പ് സ്റ്റോപ്പ്‌ മെമ്മോ നൽകിയിട്ടില്ലെന്നും മണ്ണെടുപ്പുമായി മുന്നോട്ടു പോകുമെന്നും കരാറുകാരൻ പറഞ്ഞു.

അതേസയം, മറ്റപ്പള്ളിമലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. തന്നെ പ്രകോപിക്കാനാണ് കരാറുകാരന്റെ ശ്രമം. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സംഭവത്തിൽ സർക്കാരിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നിയമത്തിന്റെ വഴിയേ മലയെ സംരക്ഷിക്കും. സർവകക്ഷി യോഗത്തിന് കോടതി ഉത്തരവിന് മുകളിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

നവംബർ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നവംബർ 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. സർവകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായാണ് മാവേലിക്കര എം.എൽ.എ അരുൺകുമാർ വ്യക്തമാക്കിയിരുന്നത്. നവംബർ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു.

2008 മുതൽ പ്രദേശത്ത്‌ മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാർ ശക്തമായി എതിർത്ത് വരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണ് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ മണ്ണെടുക്കാൻ തുടങ്ങിയത്. കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.മണ്ണുമായി ഒരൊറ്റ ലോറിയെ പോലും കടത്തിവിടില്ലെന്ന് സമരക്കാർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മലകൾ ഇടിച്ചു നിരത്തിയാൽ നാട്ടിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള വാട്ടർ ടാങ്ക് മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് തുടർന്നാൽ വാട്ടർ ടാങ്ക് തകരും. രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.