Saturday, August 1, 2026
Home Blog Page 177

നിരന്തര നിയമലംഘനം; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

0

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തി നേരത്തെ തന്നെ റോബിൻ ബസ്സ് വിവാദത്തിൽ പെട്ടിരുന്നു. നിരന്തരം നിയമലംഘനം കാരണം പെർമിറ്റ് റദ്ദാക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.

2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു. കെ. കിഷോർ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു.

ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോർ വാഹനവകുപ്പ് എടുത്തിരുന്നത്. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയിടുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നാലെ ബസ് കഴിഞ്ഞ എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു മാറ്റിയിരുന്നു. വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നു എന്നായിരുന്നു വാഹന വകുപ്പിൻ്റെ ആരോപണം. അതിനു പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.

യുഎഇയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മോചനം ; ഉത്തരവിട്ട് രാഷ്ട്രനേതാക്കള്‍

0

യുഎഇ ദേശീയദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ നിന്ന് 1018 തടവുകാരെ മോചിപ്പിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്. 1249 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും നിര്‍ദ്ദേശം നല്‍കി

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കാറുണ്ട്. 52മത് ദേശീയദിനത്തിന്റെ ഭാഗമായി വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന 1018 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. തെറ്റുകളില്‍ പശ്ചാത്തപിച്ച് കുടുംബത്തോടൊപ്പം പുതുജീവിതം തുടങ്ങാനുള്ള അവസരമാണ് തടവുകാര്‍ക്ക് ലഭിക്കുന്നത്. മലയാളികളടക്കം വിവിധ രാജ്യക്കാര്‍ക്ക് മോചനം ലഭിക്കും.

ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരും തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവരെയുമാണ് മോചനത്തിന് പരിഗണിച്ചത്. അജ്മാനില്‍ നിന്ന് 143 തടവുകാരെ മോചിപ്പിക്കുമെന്ന് സുപ്രീംകൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അറിയിച്ചു.

ദേശീയദിനം ; ഫുജൈറയില്‍ അന്‍പത് ശതമാനം ഗതാഗതപ്പിഴയിളവ്‌

0

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഫുജൈറയില്‍ ഗതാഗത പിഴകള്‍ക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. പിഴയടക്കുന്നവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കും. പിഴയിളവ് നാളെ പ്രാബല്യത്തില്‍ വരും.

ഫുജൈറ പൊലീസ് ആണ് അന്‍പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റില്‍ അന്‍പത് ശതമാനം ഗതാഗതപ്പിഴയിവ് പ്രഖ്യാപിച്ചത്. നവംബര്‍ മുപ്പത് മുതല്‍ അന്‍പത്തിരണ്ട് ദിവസത്തേക്കാണ് അന്‍പത് ശതമാനം പിഴയിളവ്. നവംബര്‍ മുപ്പത് വരെ എമിറേറ്റില്‍ രേഖപ്പെടുത്തപ്പെട്ട ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് പിഴയിളവ് ലഭിക്കുക. ഗതാഗതനിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ അവസരം പ്രയോജനപ്പെടുത്തണം എന്ന് ഫുജൈറ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ സലേ മുഹമ്മദ് അല്‍ ദന്‍ഹാനി പറഞ്ഞു. എന്നാല്‍ ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ക്ക് ഇളവ് ബാധകമായിരിക്കില്ല.

കഴിഞ്ഞ ദിവസം ഉംഅല്‍ഖുവൈന്‍ പൊലീസും അന്‍പത് ശതമാനം പിഴയിളവ് പ്രഖ്യാപിച്ചിരുന്നു

അബുദബിയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്: ആദ്യഘട്ടത്തില്‍ യാത്ര അഡ്‌നോക്ക്‌ ജീവനക്കാര്‍ക്ക്‌

0

അബുദബിയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍. അബുദബി നഗരത്തില്‍ നിന്നും അല്‍ദന്നയിലേക്കാണ് സര്‍വീസ്. അഡ്‌നോക് ജീവനക്കാര്‍ക്കാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുക. അബുദബി നഗരത്തില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍ദന്നയില്‍ മൂപ്പതിനായിരത്തോളം താമസക്കാരുണ്ട്. ഇവിടെയ്ക്ക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് ഇത്തിഹാദ് റെയിലും അബുദബി എണ്ണകമ്പനിയായ അഡ്‌നോകും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.

1970കള്‍ മുതല്‍ അഡ്‌നോക്കിന്റെ ജീവനക്കാര്‍ കൂടുതലായി താമസിച്ച് വരുന്ന മേഖലായണ് അല്‍ദന്ന. പുതിയ കരാര്‍ പ്രകാരം അഡ്‌നോകിന്റെ ജീവനക്കാര്‍ക്ക് അല്‍ദന്നയ്ക്കും അബുദബി നഗരത്തിനും ഇടയില്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യാം. കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങില്‍ അബുദബി ഡെവലപ്‌മെന്റ് ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് തെയാദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വ്യവയാ മന്ത്രി ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ എന്നിവര്‍ പങ്കെടുത്തു.

ലോകത്തോര സഞ്ചാരസൗകര്യം ഒരുക്കുക എന്ന ഇത്തിഹാദ് റെയിലിന്റെ കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ട്രെയിന്‍ സര്‍വീസ് എന്ന് ,യെ്ഖ് തെയാദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് വൈകാതെ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇത്തിഹാദ് റെയില്‍. 2030-ഓട് കൂടി പ്രതിവര്‍ഷം 36.5 ദശലക്ഷയാത്രക്കാരേയാണ് ഇത്തിഹാദ് റെയില്‍ പ്രതീക്ഷിക്കുന്നത്.
എന്‍ടിവി,അബുദബി

ഗാസ യുദ്ധം ; വെടിനിര്‍ത്തല്‍ നീട്ടുന്നതിന് ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ച

0


താത്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ
വീണ്ടും ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച വിലപേശലുകളുമായി ഇസ്രയേലും ഹമാസും. ഖത്തറില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണും എന്നാണ് പ്രതീക്ഷ. ഇരുകൂട്ടരും വെടിനിര്‍ത്തിലിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.നാല് ദിവസം പ്രഖ്യാപിച്ച ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ രണ്ട് ദിവസം കൂടി നീട്ടാന്‍ തിങ്കളാഴ്ച ധാരണയില്‍ എത്തിയിരുന്നു.തുടര്‍ന്ന് ആറ് ദിവസം നീണ്ട വെടിനിര്‍ത്തല്‍ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. അതിന് മുന്‍പ് ദീര്‍ഘിപ്പിക്കുന്നതിനുള്ള കരാറില്‍ എത്തുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ദോഹയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഖത്തറിനെ കൂടാതെ ഈജിപിതും അമേരിക്കയും പങ്കാളികളാണ്.

ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥരേയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി അമേരിക്ക ദോഹയിലേക്ക് അയച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഗൗരവമുള്ളതെങ്കില്‍ പരിഗണിക്കുമെന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് എയ്‌ലോണ്‍ ലെവി പറഞ്ഞു. ബന്ദികളുടെ മോചനത്തിനാണ് പ്രഥമ പരിഗണന എന്നും ഇസ്രയേല്‍ വക്താവ് വ്യക്തമാക്കി. 161 പേര്‍ പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കി വെച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 146 പേര്‍ ഇസ്രയേലികളും 15 പേര്‍ വിദേശികളും ആണ്.ഹമാസും വെടിനിര്‍ത്തല്‍ നീട്ടണം എന്ന നിലപാടിലാണ്. ഇരുകൂട്ടരും വെടിനിര്‍ത്തല്‍ നീട്ടുന്നതിനോട് അനുകൂലിക്കുന്നുണ്ടെങ്കിലും കരാര്‍ വ്യവസ്ഥകളില്‍ സമവായത്തില്‍ എത്തിയിട്ടില്ല.

വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചാലും പത്ത് ദിവസത്തിനപ്പുറം പോകാന്‍ പാടില്ലെന്ന നിലപാടും ഇസ്രയേലും മുന്നോട്ട് വെയ്ക്കുന്നുണ്ട്.വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്ന നിമിഷം തന്നെ ഗാസയില്‍ യുദ്ധം ആരംഭിക്കും എന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഗാസയില്‍ യുദ്ധം മരണപ്പെടുന്നവരേക്കാള്‍ അധികമായിരിക്കും രോഗങ്ങള്‍ മൂലം മരണപ്പെടുന്നവര്‍ എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലക്ഷണക്കിന് പേര്‍ ഗാസയില്‍ ശ്വാസകോശരോഗികളാണ്. പകര്‍ച്ചവ്യാഥികളും പടര്‍ന്നുപിടിക്കുകയാണ്.

2030 വേള്‍ഡ് എക്‌സ്‌പോ സൗദി തലസ്ഥാനമായ റിയാദില്‍

0

2030-ലെ വേള്‍ഡ് എക്‌സ്‌പോ സൗദി അറേബ്യയില്‍ നടക്കും. ഇന്നലെ പാരീസ് നടന്ന തെരഞ്ഞെടുപ്പിലാണ് സൗദി തലസ്ഥാനമായ റിയാദിനെ എക്‌സ്‌പോ വേദിയായി പ്രഖ്യാപിച്ചത്. എക്‌സ്‌പോ വേദിയായി തെരഞ്ഞെടുക്കപ്പെട്ട സൗദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിനന്ദിച്ചു.എക്‌സ്‌പോ സംഘാടകരായ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സില്‍ അംഗങ്ങളായ 180 രാജ്യങ്ങളില്‍ 119 രാഷ്ട്രങ്ങളുടെ പിന്തുണയാണ് സൗദി അറേബ്യയ്ക്ക് ലഭിച്ചത്. ഇറ്റലി,ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളാണ് അന്തിമഘട്ട മത്സരത്തില്‍ സൗദിക്ക് ഒപ്പം ഉണ്ടായിരുന്നത്. ഒരു രാജ്യത്തിന് ഒരു വോട്ട്

എന്ന നിലയില്‍ ആയിരുന്നു വോട്ടെടുപ്പ്. ഇതോടെ ദുബൈയ് എക്‌സ്‌പോയ്ക്ക് ശേഷം മറ്റൊരു വേള്‍ഡ് എക്‌സ്‌പോ കൂടി ജിസിസിയിലേക്ക് എത്തുകയാണ്. എക്‌സ്‌പോ 2020യ്ക്ക് ആണ് യുഎഇ ആതിഥേയത്വം വഹിച്ചത്. 2030 ഒക്ടോബര്‍ ഒന്ന് മുതല്‍ 2031 മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയാണ് റിയാദ് എക്‌സ്‌പോ അരങ്ങേറുക. സമ്പദ്ഘടനയുടെ വൈവിധ്യവത്കരണം അതിവേഗത്തില്‍ നടത്തുന്ന സൗദിയില്‍ നടക്കാന്‍ പോകുന്ന ലോകോത്തര പരിപാടികളില്‍ ഒന്നായിരിക്കും


എക്‌സ്‌പോ 2030. 2034-ലെ ലോകകപ്പ് ഫുട്‌ബോളും, 2024-ലെ ഏഷ്യന്‍ ഗെയിംസും സൗദിയില്‍ ആയിരിക്കും നടക്കുക. വേള്‍ഡ് എക്‌സ്‌പോയ്ക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പെ സൗദി അറേബ്യ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. റിയാദ് എക്‌സ്‌പോ വേദിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനേയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനേയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും അഭിനന്ദിച്ചു.

അബിഗേലിനെ തട്ടികൊണ്ട് പോയത് ആര്, എന്തിന്? അന്വേഷണം ശക്തമാക്കി പോലീസ്

0

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. അബിഗേലിനെ കൊണ്ടുപോയത് വർക്കലയിലേക്ക് ആണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ ആണ് കുട്ടിയുള്ളത്. കുഞ്ഞ് ആഘാതത്തിൽ നിന്ന് പൂര്‍ണമായും മാറാൻ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. കുട്ടി ആരെയും തിരിച്ചറിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ ഒന്നിൽ കൂടുതൽ സ്ത്രീകൾ ഉണ്ടെന്നാണ് നിഗമനം.

അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന ഒരു യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയാറാക്കും. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് നിഗമനം. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലങ്കസംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ റെജിയെ ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു സ്ത്രീ മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചുപോയി എന്നാണ് ദൃക്‌സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് അറു വയസ്സുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്.

മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രതിഷേധിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

0

കോട്ടയത്ത് മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 29 അഭിഭാഷകർക്കെതിരെയാണ് ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്. ബാർ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

വ്യാജരേഖ ചമച്ച അഭിഭാഷകന്‍ എം.പി നവാബിനെതിരെ നടപടിയെടുത്തതാണ് അഭിഭാഷകരുടെ പ്രകോപനത്തിന് കാരണം. കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ നവാബിനെതിരെ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമായി അഭിഭാഷകർ കോട്ടയം കോടതി കോംപ്ലക്സിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

കേസ് എടുത്തതിൻ്റെ ഭാഗമായി കോടതിയലക്ഷ്യക്കേസിന്റെ പകർപ്പ് കോടതിയലക്ഷ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പിനു നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് 30-ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവം നീതിന്യായ സംവിധാനത്തിന് തന്നെ അവമതിപ്പുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

യാത്രക്കാരൻ പുകവലിച്ചു; വന്ദേഭാരത് നിന്നു, ട്രെയിൻ വൈകിയത് പതിനഞ്ച് മിനിറ്റ്

0

യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ വീണ്ടും നിന്നു. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ശുചിമുറിയിൽ നിന്ന് യാത്രക്കാരന്‍ പുകവലിച്ചതിനെ തുടർന്നാണ് ട്രെയിൻ നിന്നത്. ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയാണ് കോഴിക്കോട്ട് എത്തിയത്.

പുകവലിച്ചതിനെ തുടർന്ന് ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചതോടെയാണ് കാസര്‍കോട്‌- തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ നിന്നത്. തിക്കോടിക്ക് അടുത്താണ് സംഭവം. മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെത്തി എഫ്.ഡി.എസ്. സംവിധാനത്തിലെ പാനല്‍ മാറ്റിയതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടരാനായത്. വടകരയില്‍ വെച്ച്, ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് ശുചിമുറിയില്‍ കയറി മദ്യവും സിഗരറ്റും ഉപയോഗിച്ചത്.

മെക്കാനിക്കല്‍ വിഭാഗം ആര്‍പിഎഫിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസം തിരൂര്‍, പട്ടാമ്പി- പള്ളിപ്പുറം എന്നിവിടങ്ങളിലും സമാന സംഭവം ഉണ്ടായിരുന്നു.

മൂവായിരം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ദുബൈ : പ്രതിവര്‍ഷം 50 ദശലക്ഷം ദിര്‍ഹം ചിലവഴിക്കും

0

ഒരു വര്‍ഷം മൂവായിരം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബൈ ആരോഗ്യ വകുപ്പ്. 50 ദശലക്ഷം ദിര്‍ഹം ഇതിനായി ചെലവഴിക്കും. അല്‍ ജലീല ചില്‍ഡ്രല്‍സ് ആശുപത്രിയിലാണ് ചികിത്സ നല്‍കുക.
………………………..
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സൗജന്യ ചികിത്സ നല്‍കുക. ഇതിനായി അല്‍ ജലീല ഫൗണ്ടേഷന്‍ ചൈല്‍ഡ് ഫണ്ട് എന്ന പേരില്‍ സംരംഭം ആരംഭിച്ചെന്ന് ദുബൈ ആരോഗ്യ വകുപ്പ് അറിയിച്ചു. ഓരോ വര്‍ഷവും മൂവായിരം കുട്ടികള്‍ക്ക് 50 ദശലക്ഷം ദിര്‍ഹത്തിന്റെ ചികിത്സയാണ് ലഭ്യമാക്കുക. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അല്‍ ജലീല ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. രാജാ ഈസ സലേ അല്‍ ഗുര്‍ഗ് അറിയിച്ചു. അര്‍ബുദ ബാധിതര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, മറ്റ് വിട്ടുമാറാത്ത രോഗമുള്ളവര്‍ ഉള്‍പ്പെടെ 8600ല്‍ അധികം രോഗികള്‍ക്ക് ഫൗണ്ടേഷന്‍ ഇതുവരെ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിലെ മികവിനായി പ്രധാന പങ്കുവഹിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ദുബൈ ഹെല്‍ത്ത് ബോര്‍ഡ് ഡയറക്ടര്‍മാരുടെ ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍, ഔഖാഫ് ദുബൈ, തറാഹൂം, അല്‍ ബത്ത ഹോള്‍ഡിങ് എന്നിവരുടെ സഹകരണത്തോടെയാണ് പുതിയ സംരംഭത്തിന്റെ പ്രവര്‍ത്തനം. കുട്ടികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുകയും സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ് ചൈല്‍ഡ് ഫണ്ടിന്റെ ലക്ഷ്യമെന്നും ഷെയ്ഖ് മന്‍സൂര്‍ പറഞ്ഞു. അല്‍ ജലീല ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ഷെയ്ഖ് മന്‍സൂര്‍ ചികിത്സയിലിരിക്കുന്ന കുട്ടികളെ കണ്ട് ആശയ വിനിമയം നടത്തുകയും ചെയ്തു.