Saturday, August 1, 2026
Home Blog Page 176

ഒന്നരമാസം പ്രായമായ കുഞ്ഞിനെ അമ്മയുടെ ആൺസുഹൃത്ത് കൊലപ്പെടുത്തി; മരണത്തിൽ അമ്മയുടെ പങ്ക് അന്വേഷിക്കുന്നു

0

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകമെന്ന് പോലീസ്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി ഷാനിഫ് കുറ്റം സമ്മതിച്ചതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മ അശ്വിനിയുടെ പങ്ക് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെ അബോധാവസ്ഥയിൽ ആയ കുഞ്ഞിനെ ഇവർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവർ ഡോക്ടറോട് പറഞ്ഞത്. ന്യൂ ബോൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പോലീസിൽ വിവരം അറിയിച്ചത്. ഇതിനെത്തുടർന്നാണ് ഇരുവരെയും പോലീസ് ചോദ്യം ചെയ്തത്.

പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് ഇവർ ആദ്യം പോലീസിന് നൽകിയ മൊഴി. തലയൊട്ടിയിലുണ്ടായ ക്ഷതമാണ് മരണ കാരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഇരുവരുടെയും മൊഴിയിൽ വൈരുദ്ധ്യം കണ്ടതോടെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്. ആലപ്പുഴ സ്വദേശിയാണ് അമ്മ. സുഹൃത്ത് കണ്ണൂർ സ്വദേശിയാണ്.

കോപ്-28 ഉച്ചകോടി ;ലോസ് ആന്റ് ഡാമേജ് ഫണ്ടിന് ഐക്യകണ്‌ഠേന അംഗീകാരം

0

ആഗോളതാപനം വ്യവസാവത്കരണത്തിന് മുന്‍പുള്ള നിലവാരത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയുടെ കോപ്-28 ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ലോസ് ആന്റ് ഡാമേജ് ഫണ്ടിന് ആദ്യദിനം തന്നെ ഉച്ചകോടി ഐക്യകണ്ഠന അംഗീകാരം നല്‍കി. ലോസ് ആന്റ് ഡാമേജ് ഫണ്ടിലേക്ക് നൂറ് ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചു.

ദുബൈ എക്‌സ്‌പോ സിറ്റിയിലെ സമ്മേളനവേദിയില്‍ ഇസ്രയേല്‍-ഗാസയ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കമായത്. ഉദ്ഘാടന സെഷനില്‍ കോപ്-28 പ്രസിഡന്റായി യുഎഇയുടെ ഡോ.സുല്‍ത്താന്‍ അല്‍ ജാബറിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. തുടര്‍ന്ന് ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ ഏറ്റെടുത്തു. പിന്നീട് നടന്ന പ്ലീനറി സമ്മേളനത്തില്‍ ആണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള നാശനഷ്ടങ്ങളെ നേരിടുന്നതിനുള്ള ലോസ് ആന്റ് ഡാമേജ് ഫണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അംഗീകാരം നല്‍കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘതങ്ങളും ദുരന്തങ്ങളും നേരിടുന്ന ദുര്‍ബല രാജ്യങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ സാമ്പത്തികമായി സഹായിക്കുന്നതിനുള്ളതാണ് ധാരണ. കാലാവസ്ഥാ ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ ഇത്തരത്തില്‍ ഒരു ധാരണയില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ പറഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ആണ് നഷ്ടപരിഹാര ഫണ്ടില്‍ സമവായത്തിലേക്ക് എത്താന്‍ കഴിഞ്ഞത്.

കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനുള്ള ലോസ് ആന്റ് ഡാമേജ് ഫണ്ടിലേക്ക് യുഎഇ നൂറ് ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. വരും ദിവസങ്ങള്‍ മറ്റ് രാജ്യങ്ങളും ലോസ് ആന്റ് ഡാമേജ് ഫണ്ടിലേക്കുള്ള തുക പ്രഖ്യാപിക്കും. കോപ്-28 ഉച്ചകോടിയുടെ മൂന്ന് സുപ്രധാന അജണ്ടകളില്‍ ഒന്നാണ് ലോസ് ആന്റ് ഡാമേജ് ഫണ്ട്. ആഗോളതാപനം വ്യവസായവത്കരണത്തിന് മുള്ള 1.5 ഡിഗ്രിസെല്‍ഷ്യസ് എന്ന നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. രാഷ്ട്രത്തലവന്‍മാര്‍ അടക്കം 180 രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

യുഎഇ സ്വദേശിവത്കരണം ചെറുകിട മേഖലയിലും: 12000 സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ്‌

0

യുഎഇ നടപ്പാക്കുന്ന സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തുടക്കമിട്ടു. അടുത്തഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കേണ്ട പന്ത്രണ്ടായിരത്തിലധികം സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അറിയിപ്പ് നല്‍കി. 20 മുതല്‍ 49 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ 2024-ല്‍ ഒരു ഇമാറാത്തിക്ക് നിയമനം നല്‍കണം എന്നാണ് നിര്‍ദ്ദേശം.

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവല്‍ക്കരണമാണ് നടക്കുന്നത്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 79,000 സ്വദേശികള്‍ സ്വകാര്യ കമ്പനികളില്‍ ജോലി നേടിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ കൂടുതലും ദുബൈ എമിറേറ്റിലെന്നാണ് സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചത്. സര്‍ക്കാര്‍ ജോലി മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന സ്വദേശികള്‍ക്ക് ചുവടുമാറ്റം അവസരങ്ങളുടെ പുതിയ വഴിയാണ് തുറക്കുന്നത്. നിലവില്‍ 49ല്‍ കൂടുതല്‍ വിദഗ്ധ തൊഴിലാളികള്‍ ജോലി ചെയ്യുന്ന വന്‍കിട കമ്പനികളിലാണ് രണ്ട് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ 20 മുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാകും.

പന്ത്രണ്ടായിരത്തോളം സ്വകാര്യ കമ്പനികള്‍ക്ക് മാനവവിഭവശേഷി മന്ത്രാലയം അറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്വകാര്യ രംഗത്തെ 14 തൊഴില്‍ മേഖലയ്ക്കും 71 ഉപവിഭാഗങ്ങള്‍ക്കുമാണ് മുന്നറിയിപ്പ്. 20ല്‍ അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഐടി, ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ്, വിദ്യാഭ്യാസം, അഡിമിനിസ്‌ട്രേഷന്‍, സാമൂഹിക മേഖല, ആരോഗ്യ രംഗം, കല, വിനോദം, നിര്‍മ്മാണം, ഖനനം, വെയര്‍ഹൗസ്, ഹോട്ടല്‍- ഹോസ്പിറ്റാലിറ്റി എന്നിവയ്ക്ക് പുറമേ സാങ്കേതിക ശാസ്ത്ര പ്രൊഫഷണല്‍ ജോലികളെല്ലാം സ്വദേശിവല്‍ക്കരണത്തില്‍ ഉള്‍പ്പെടും. ഈ രംഗത്തെ മികച്ച തസ്തികകളിലായിരിക്കും സ്വദേശി നിയമനം. 2024ല്‍ ഒരു സ്വദേശിയേയും 2025ല്‍ മറ്റൊരാളേയും നിയമിക്കണം. സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയില്ലെങ്കില്‍ 96,000 ദിര്‍ഹമാണ് പിഴ ലഭിക്കുക. വ്യാജ സ്വദേശിവല്‍ക്കരണം നടത്തിയാലും കനത്ത പിഴ ഈടാക്കും

യുഎഇ പെട്രോള്‍ ഡീസല്‍ വില കുറച്ചു

0

യുഎഇയില്‍ പെട്രോള്‍ , ഡീസല്‍ വില കുറച്ചു. പെട്രോളിന് എട്ട് ഫില്‍സ് വരെയും ഡീസലിന് ഇരുപത്തിമൂന്ന് ഫില്‍സും ആണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വരും. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആണ് യുഎഇ പ്രാദേശിക വിപണിയില്‍ ഇന്ധന വിലയില്‍ കുറവ് വരുത്തിയത്.

സൂപ്പര്‍ തൊണ്ണൂറ്റിയെട്ട് പെട്രോളിന്റെ വില ലീറ്ററിന് മൂന്ന് ദിര്‍ഹം ദശാംശം പൂജ്യം മൂന്ന് ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം തൊണ്ണൂറ്റിയാറ് ഫില്‍സായിട്ടാണ് കുറച്ചത്. സ്‌പെഷ്യല്‍ തൊണ്ണൂറ്റിയഞ്ചിന്റെ വില രണ്ട് ദിര്‍ഹം തൊണ്ണൂറ്റി രണ്ട് ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം എണ്‍പ്പത്തിയഞ്ച് ഫില്‍സായും കുറച്ചു. ഇപ്ലസിന് ഡിസംബറില്‍ രണ്ട് ദിര്‍ഹം എഴുപത്തിയേഴ് ഫില്‍സ് ആയിരിക്കും ലീറ്ററിന് നിരക്ക്. നിലവില്‍ രണ്ട് ദിര്‍ഹം എണ്‍പത്തിയഞ്ച് ഫില്‍സ് ആണ് ഇപ്ലസിന് നല്‍കേണ്ടത്. ഡീസലിന്റെ വില മൂന്ന് ദിര്‍ഹം നാല്‍പ്പത്തിരണ്ട് ഫില്‍സില്‍ നിന്നും മൂന്ന് ദിര്‍ഹം പത്തൊന്‍പത് ഫില്‍സ് ആയിട്ടാണ് കുറച്ചിരിക്കുന്നത്.

യുഎഇയില്‍ തുടര്‍ച്ചയായ രണ്ടാം മാസം ആണ് ഇന്ധന നിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.ഒക്ടോബറില്‍ സൂപ്പര്‍ തൊണ്ണൂറ്റിയെട്ടിന്റെ വില ലീറ്ററിന് 3.44 ദിര്‍ഹം വരെ ഉയര്‍ന്നതിന് ശേഷം ആണ് മൂന്ന് ദിര്‍ഹത്തില്‍ താഴേയ്ക്ക് എത്തിയിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ പെട്രോള്‍ വിലയില്‍ അന്‍പത് ഫില്‍സില്‍ അധികം ആണ് കുറവ് വരുത്തിയിരിക്കുന്നത്.യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണ്ണയസമിതിയാണ് പ്രതിമാസനിരക്കുകള്‍ പ്രഖ്യാപിക്കുന്നത്

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ കൂടി നീട്ടി

0

ഗാസയില്‍ ഒരു ദിവസത്തേയ്ക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടി. നിലവിലുള്ള കരാര്‍ അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേയാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനമായത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഏഴാം ദിവസവും വെടിനിര്‍ത്തലിന് ധാരണയായത് . ഗാസയിലെ വെടിനിര്‍ത്തല്‍ അവസാനിക്കുന്ന നിമിഷം തന്നെ ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കേയാണ് വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ഇതോടെ വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രാവിലെ ഏഴിന് അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കേയാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഏഴാം ദിവസവും വെടിനിര്‍ത്താന്‍ ഹമാസും ഇസ്രായേലും ധാരണയായത്. ബന്ദികളെ മോചിപ്പിക്കുന്നത് തുടരാനുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി കരാറിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഹമാസുമായുള്ള സന്ധി തുടരുമെന്ന് ഇസ്രായേല്‍ സേന അറിയിച്ചു. വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായതായി ഹമാസും പ്രസ്താവനയില്‍ അറിയിച്ചു.

വെടിനിര്‍ത്തലിന്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‌ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയും കൈമാറി. 30 പലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. മൊത്തം 60 ഇസ്രായേലി ബന്ദികള്‍ ഇതുവരെ മോചിതരായി. ഇതിനുപുറമെ 19 തായ്‌ലന്‍ഡുകാരെയും ഒരു ഫിലിപ്പീന്‍സ് പൗരനെയും ഒരു റഷ്യന്‍ പൗരനെയും ഹമാസ് മോചിപ്പിച്ചു. ഇസ്രായേല്‍ സൈനിക കോടതി വര്‍ഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവര്‍ ഉള്‍പ്പെടെ 180ഓളം തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയച്ചത്

പുതിയ 500 ദിര്‍ഹം നോട്ട് പുറത്തിറക്കി യുഎഇ: ഇന്ന് മുതല്‍ പ്രചാരത്തില്‍

0

അഞ്ഞൂറ് ദിര്‍ഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. നീലനിറത്തില്‍ പുതിയ പോളിമര്‍ നോട്ടാണ് പുറത്തിറക്കിയത്. ഇന്ന് മുതല്‍ പുതിയ നോട്ട് പ്രചാരത്തിലായി.
കള്ളപ്പണത്തെ ചെറുക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പുതിയ 500 ദിര്‍ഹത്തിന്റെ നോട്ടാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. യു.എ.ഇ.യുടെ സംസ്‌കാരവും സുസ്ഥിരവികസന മാതൃകകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും നോട്ടില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

നോട്ടിന്റെ ഇരുവശങ്ങളിലും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ നഹ്യാന്റെ ചിത്രമുണ്ട്. മുന്‍വശത്ത് എക്‌സ്‌പോ സിറ്റിയിലെ ടെറ സുസ്ഥിരതാ പവിലിയന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് ദുബൈ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, ബുര്‍ജ് ഖലീഫ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. പുതിയ നോട്ടുകള്‍ നിര്‍മ്മിക്കുന്ന പോളിമര്‍ ഉപയോഗിച്ചാണ് 500 ദിര്‍ഹത്തിന്റെ നോട്ടും നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ നോട്ട് പ്രചാരത്തിലായതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.


വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് : ഡിസംബറില്‍ ദുബൈ വിമാനത്താവളത്തില്‍ തിരക്കേറും

0

ദേശീയദിനാഘോഷവും, കാലാവസ്ഥ ഉച്ചകോടിയും ക്രിസ്മസ് അവധി എന്നിവയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി ദുബൈ വിമാനത്താവള അധികൃതര്‍. തിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണം. വിവിധ എയര്‍ലൈനുകളുടെ സിറ്റി ചെക്ക് ഇന്‍ സംവിധാനം ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വാരാന്ത്യങ്ങളില്‍ മാത്രം എഴുപത്തിയയ്യായിരത്തിലധികം ആളുകള്‍ ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ദിന ആഘോവും, കാലാവസ്ഥാ ഉച്ചകോടിയും, ക്രിസ്മസ് അവധി ദിനങ്ങളും എത്തുന്നതോടെ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിമാനത്താവള അധികൃതര്‍. ഡിസംബര്‍ മാസത്തെ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. പരമാവധി യാത്രക്കാര്‍ സെല്‍ഫ് ചെക്ക് ഇന്‍, സെല്‍ഫ് ബാഗേജ് ഡ്രോപ് സംവിധാനം ഉപയോഗിക്കണം.

സിറ്റി ചെക്ക് ഇന്‍, ഹോം ചെക്ക് ഇന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു. യാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതിനായി കൂടുതലും ആളുകള്‍ സ്മാര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. തിരക്കുള്ള സമയങ്ങളില്‍ പരമാവധി യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനും മുഴുവന്‍ യാത്രക്കാര്‍ക്കും യാത്രാ നടപടികള്‍ വേഗത്തിലും സുതാര്യവുമാക്കുന്നത്തിന്റെ ഭാഗമായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ചര്‍ച്ച ; കോപ്-28 ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കം

0

യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ദുബൈയില്‍ തുടക്കം. ലോക നേതാക്കള്‍ ദുബൈയിലേക്ക് എത്തി തുടങ്ങി. അന്താരാഷ്ട്ര സമൂഹത്തെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്ത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എത്തും. കനത്ത സുരക്ഷയില്‍ ദുബൈ.2023നെ സുസ്ഥിരതാ വര്‍ഷമായി ആചരിച്ച് ദീര്‍ഘകാലത്തെ ഒരുക്കത്തിന് ശേഷമാണ് കോപ് 28നായി ലോകനേതാക്കളെ യുഎഇ വരവേല്‍ക്കുന്നത്.

പതിമൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ ആദ്യ മൂന്ന് ദിവസം ലോക നേതാക്കള്‍ സംസാരിക്കും. ബ്രിട്ടനിലെ ചാള്‍സ് രാജാവ്, യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, വിവിധ അറബ് ഭരണാധികാരികള്‍ എന്നിവരാണ് ആദ്യ ദിനം ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍ എത്തും.

വെള്ളായാഴ്ച മോദി തിരികെ മടങ്ങും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ല. ക്ാലാവസ്ഥാ വ്യതിയാനം, ഫോസില്‍ ഇന്ധനങ്ങളുടെ ഭാവി, കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിനുള്ള നടപടികള്‍, മലിനീകരണം തടയാനുള്ള സാങ്കേതിക വിദ്യകള്‍, ശുദ്ധ ഊര്‍ജ ശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. വെള്ളിയാഴ്ച പല്‌സീന്‍ പ്രസിഡന്‍ര് മഹമൂദ് അബ്ബാസ്, ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവര്‍ എത്തും. യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേല്‍ പലസ്തീന്‍ നേതാക്കള്‍ ഒരേ വേദിയിലെത്തുന്നത് ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

യുദ്ധവുമായി ബന്ധപ്പെട്ട് അറബ് നേതാക്കളുമായി ചര്‍ച്ച നടത്തും. കനത്ത സുരക്ഷയിലാണ് ഉച്ചകോടി നടക്കുന്നത്. ഡിസംബര്‍ 9,10 ദിവലസങ്ങളിലാണ് രണ്ടാമത്തെ സെഷന്‍ നടക്കുന്നത്. ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പ്പ എത്തില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരുമാനം. ഡിസംബര്‍ ഒമ്പതിന് ദുബൈ എക്‌സ്‌പോസിറ്റിയിലെ ഫെയ്ത്ത് പവിലിയനില്‍ ശ്രീ ശ്രീ രവിശങ്കര്‍ സംസാരിക്കും. ഉച്ചകോടിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി ഡിസംബര്‍ 1,2,3 ദിവസങ്ങളില്‍ രാവിലെ ഷെയ്ഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേള്‍ഡ് ട്രേഡ് സെന്റര്‍ മുതല്‍ എക്‌സ്‌പോസിറ്റി ഇന്റര്‍സെഷന്‍ വരെ രാവിലെ 7 മുതല്‍ 11 വരെ ഗതാഗതം അനുവദിക്കില്ല.

ഡോ.ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി, സ‍ര്‍ക്കാരിനും ഗവര്‍ണ‍ര്‍ക്കും കോടതിയുടെ വിമര്‍ശനം

0

കണ്ണൂർ വി സിയായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും കോടതി ഉത്തരവിൽ പറയുന്നു. വി സി നിയമനത്തിൽ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

നാല് ചോദ്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. വിസിയുടെ പുനർനിയമനം സാധ്യമാണോ എന്നതാണ് ഒന്നാമത്തേത്. അത് സാധ്യമാണെന്ന് കോടതി കണ്ടെത്തി. വി സി പുനർനിയമനത്തിന് പ്രായപരിധി ബാധകമാകുമോ എന്നാണ് രണ്ടാമത് പരിശോധിച്ചത്. 60 വയസ് എന്ന പ്രായപരിധി ഇല്ല എന്ന് ഇക്കാര്യത്തിൽ കോടതി തീരുമാനത്തിലെത്തി. 60 വയസ് കഴിഞ്ഞവരെയും നിയമിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവ്വകലാശാല ചാൻ‌സലർ എന്ന രീതിയിലാണ് ഗവർണർ ഈ നിയമനം നടത്തേണ്ടത്. എന്നാൽ, തനിക്ക് മേൽ ഇക്കാര്യത്തിൽ വലിയ സമ്മർദ്ദമുണ്ടായെന്ന് ഗവർണർ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ തനിക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ പുനർനിയമനത്തിന് അനുമതിനൽകിയതെന്ന് ഗവർ‌ണർ‌ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യശക്തികൾക്ക് വഴങ്ങി എന്നാണ് മനസിലാക്കേണ്ടത്. അത്തരത്തിലൊരു നിയമനം ചട്ടവിരുദ്ധമാണ് എന്നാണ് വിലയിരുത്തൽ. ഈ നിയമനരീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് നടപടി റദ്ദാക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നിർണായക നിരീക്ഷണങ്ങളാണ് കോടതിയിൽ നിന്ന് ഇതുസംബന്ധിച്ച് ഉണ്ടായത്. നിയമനവുമായി ബന്ധപ്പെട്ട് ഗവർണറെയും സംസ്ഥാന സർക്കാരിനെയും ഹൈക്കോടതിയെയും സുപ്രീംകോടതി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് ഗവർണർക്ക് തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിന് വഴങ്ങിയതിലൂടെ ഗവര്‍ണര്‍ അധികാരം ദുർവിനിയോഗം ചെയ്തു എന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്.

കുട്ടിയെ തട്ടിക്കൊണ്ട് പോയ കാർ കണ്ടെത്താൻ സഹായം തേടി പോലീസ്

0

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ KL 04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമ്മിച്ചവർ പൊലീസുമായി ബന്ധപ്പെടാൻ കൊല്ലം റൂറൽ പൊലീസ്സിൻ്റെ നിർദേശം. വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മലപ്പുറം സ്വദേശിയുടെ വാഹനത്തിൻ്റെ നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തിൽ സംഘം ഉപയോഗിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനം തിരിച്ചറിയാൻ സഹായം തേടി പൊലീസ് നോട്ടിസ് പുറത്തിറക്കി.

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥന. ഇതിനായി 9497980211 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് കൊല്ലം റൂറൽ പൊലീസ് ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഘം ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.