Saturday, August 1, 2026
Home Blog Page 175

കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച യുവാക്കൾക്ക് നാട് കണ്ണീരോടെ വിടനൽകി

0

കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാല് യുവാക്കളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. നാലുപേരുടെ മൃതദേഹങ്ങളും ഒരുമിച്ചാണ് സംസ്കരിച്ചത്. നെടുങ്ങോട് സ്വദേശികളായ അനിൽ, വിഘ്നേഷ്, രാഹുൽ , സുധീഷ് എന്നിവർ കശ്മീരിലെ സോജില പാസ്സിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച ചിറ്റൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ അവരെ കാണാൻ ആയിരങ്ങളാണ് എത്തിയത്. രാവിലെ എട്ടുമണിവരെ പൊതുദർശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച മൃതദേഹങ്ങൾ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു.

ഇന്ന് പൂലർച്ചെ മൂന്ന് മണിക്കാണ് നാല് പേരുടെയും മൃതദേഹങ്ങൾ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ എറ്റുവാങ്ങി. സംഘത്തിലുണ്ടായിരുന്ന മറ്റ് ആറ് പേരും വിമാന മാർഗ്ഗം നാട്ടിലെത്തിയിരുന്നു. കൊച്ചിയിൽ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ പിന്നീട് ആംബുലൻസ് മാർഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു.

വിനോദ സഞ്ചാരം കഴിഞ്ഞ് മടങ്ങവേ സോജില ചുരത്തിൽ വച്ച് സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ അടക്കം വേഗത്തിലാക്കി മൃതദേഹം വിമാന മാർഗം നാട്ടിൽ എത്തിക്കാനുള്ള നീക്കങ്ങൾ ഏകോപിപ്പിച്ചത് ഡല്‍ഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിൻ്റെ നേതൃത്വത്തിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കുള്ള മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

0

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് തിരിച്ചടി. ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ സെഷന്‍സ് ജഡ്ജി വസ്തുതാ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. അന്വേഷണത്തിനായി പൊലീസ് ഉള്‍പ്പടെ ഏത് ഏജന്‍സിയുടെയും സഹായം തേടാം. അതിജീവിതയ്ക്ക് സെഷന്‍സ് ജഡ്ജിന് മുന്നില്‍ പരാതി അവതരിപ്പിക്കാം. കുറ്റകൃത്യം തെളിയുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് മുന്നോട്ട് പോകാമെന്നും ഉത്തരവിൽ പറയുന്നു. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ആണ് ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നത്.

സംഭവത്തിൽ അന്വേഷണ സമയത്ത് കേസെടുക്കാന്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നലകാമെന്ന് കോടതി ഉത്തരവിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള പിടിച്ചെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതിജീവിതയ്ക്ക് പരാതിയുണ്ടെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നും നിർദ്ദേശമുണ്ട്.

സംഭവത്തിൽ ഗൗരവകരമായ നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയത്. അതിജീവിതയുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ നമ്മൾ പരാജയപ്പെട്ടു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കപ്പെട്ടു. ചിന്തിക്കുന്നതിന് അപ്പുറമാണ് അതിജീവിതയ്ക്ക് ഉണ്ടായ ആഘാതം. നീതിന്യായ നടപടികളുടെ ശുദ്ധിക്കാണ് അന്വേഷണമെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണം വേണ്ടെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. 2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

0

സൗദിയില്‍ മലയാളി കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സ്വദേശി അബ്ദുല്‍ മജീദാണ് മരിച്ചത്. 47 വയസായിരുന്നു. സൗദിയിലെ അബഹയില്‍ വെച്ച് ബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റാണ് മരിച്ചത്. കഴുത്തിലാണ് കുത്തേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. 15 വര്‍ഷമായി അബ്ദുല്‍ മജീദ് സൗദിയിലെ ദര്‍ബ് ജിസാന്‍ റോഡില്‍ ശീഷ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി രണ്ട് മാസം മുമ്പാണ് മജീദ് നാട്ടിലെത്തിയത്.

വ്‌ളാദിമര്‍ പുടിന്‍ യുഎഇയില്‍: സൗദിയിലും സന്ദര്‍ശനം

0

ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ യുഎഇയില്‍ എത്തി. അബുദബി ഖസര്‍ അല്‍ വതാനില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പുടിന്‍ കൂടിക്കാഴ്ച നടത്തി. യുഎഇ സന്ദര്‍ശനത്തിന് ശേഷം സൗദിയില്‍ എത്തുന്ന പുടിന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക സന്ദര്‍ശനത്തിനായി അബുദബിയില്‍ എത്തിയ വ്‌ളാദിമര്‍ പുടിന് രാജകീയസ്വീകരണം ആണ് യുഎഇ നല്‍കിയത്.

രാജ്യത്തിന്റെ വ്യോമാതിര്‍ത്തിമുതല്‍ യുഎഇ വായുസേനയുടെ വിമാനങ്ങള്‍ പുടിന്റെ വിമാനത്തിന് അകമ്പടിയായി. വിമാനത്താവളത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് വ്‌ളാദിമര്‍ പുടിനെ സ്വീകരിച്ചത്. തുടര്‍ന്ന് ഖസല്‍ അല്‍ വതാനില്‍ എത്തിയ പുടിന് യുഎഇ ഔദ്യോഗിക വരവേല്‍പും ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. ഏറെ രാഷ്ട്രപ്രാധാന്യമുണ്ട് പുടിന്റെ യുഎഇ സന്ദര്‍ശനത്തിന്. പ്രസിഡന്റ് യുഎഇ സന്ദര്‍ശനത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധവും ഗാസ യുദ്ധവും എല്ലാം ചര്‍ച്ചയാകുമെന്ന് ക്രെംലിന്‍ വ്യക്തമാക്കിയിരുന്നു.

യുഎഇയില്‍ നിന്നും സൗദിയില്‍ എത്തുന്ന പുടിന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ചകള്‍ നടത്തും. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സഖ്യമായ ഒപെക് പ്ലസിലെ ഏറ്റവും വലിയ രണ്ട് ഉത്പാദകരാണ് റഷ്യയും സൗദിയും. എണ്ണഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട വിഷയവും വില സ്ഥിരതയും എല്ലാം കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും എന്നാണ് സൂചന. യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്റെ രാജ്യാന്തര സന്ദര്‍ശനങ്ങള്‍ അപൂര്‍വ്വമാണ്. യുക്രൈനില്‍ നിന്നും കുട്ടികളെ റഷ്യയിലേക്ക് കടത്തിയെന്ന കുറ്റത്തിന് രാജ്യാന്തചര ക്രിമിനല്‍ കോടതി പുടിന് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇക്കാരണത്താലാണ് പുടിന്‍ വിദേശയാത്രകള്‍ ഒഴിവാക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ പവര്‍ പ്രോജക്ട് ദുബൈയില്‍

0


ലോകത്തിലെ ഏറ്റവും വലിയ കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ പവര്‍ പ്രോജക്ട് ദുബൈയില്‍ ഉദ്ഘാടനം ചെയ്തു. 263 മീറ്റര്‍ ഉയരം വരുന്നതാണ് സോളാര്‍ പാര്‍ക്കിലെ സൗരോര്‍ജ ഗോപുരം.
ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടി കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പവര്‍ പ്രോജക്ട് നിര്‍മ്മിച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. 950 മെഗാവാട്ട് ശേഷിയുള്ളതാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ടം.

ഇതില്‍ നൂറ് മെഗാവാട്ടാണ് സി.എസ്.പി ടവറിന്റെ ഉത്പാദന ശേഷി. 263.126 മീറ്റര്‍ ആണ് സി.എസ്.പി ടവറിന്റെ ഉയരം. 600 മെഗാവാട്ട് പാരോബോളിക് ബേസിന്‍ കോംപ്ലക്‌സും 250 മെഗാവാട്ട് ഫോട്ടോവോള്‍ട്ടെയ്ക് സൗരോജ പാനലുകളും അടങ്ങുന്നതാണ് നാലാം ഘട്ടം. അയിരത്തി അഞ്ചൂറ് കോടി ദിര്‍ഹം ചിലവില്‍ ആണ് നാലാംഘട്ടത്തിന്റെ നിര്‍മ്മാണ ചിലവ്. 44 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതയില്‍ ആണ് സോളാര്‍ പാര്‍ക്കിന്റെ നാലാംഘട്ടം വ്യാപിച്ചുകിടക്കുന്നത്. 320000 വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് പദ്ധതിക്ക് സാധിക്കും.

ചാന്ദ്ര ദൗത്യം ; നാസയും ദുബൈ എംബിആര്‍എസ്‌സിയും തമ്മില്‍ ചര്‍ച്ച

0

ഇമാറാത്തികളെ ചന്ദ്രനിലേക്ക് അയക്കുന്നത് സംബന്ധിച്ച് യുഎഇയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിലെ പങ്കാളിത്തം സംബന്ധിച്ചാണ് ചര്‍ച്ച. നാസയും ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററും തമ്മിലാണ് ഇമാറാത്തികളെ ചാന്ദ്രപര്യവേഷണ പദ്ധതിയില്‍ പങ്കാളികളാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ട് സ്ഥാപനങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ മുതിരുന്നില്ലെന്നും നാസ അഡ്മിനിസ്ട്രറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. 2027-ല്‍ ചന്ദ്രനില്‍ മനുഷ്യരെ എത്തിക്കുന്നതിനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ എന്നാണ് സൂചന. ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഇടത്താവളമായി ലൂണാര്‍ ഗെയ്റ്റ്‌വേ എന്ന പേരില്‍ ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് നാസ ഒരുങ്ങുന്നത്.

ചന്ദ്രനെ വലംവെയ്ക്കുന്ന ഈ ബഹിരാകാശ നിലയത്തില്‍ പങ്കാളിത്തം വഹിക്കുന്നതിനുള്ള താത്പര്യവും യുഎഇ അറിയിച്ചിട്ടുണ്ട്. നിലവില്‍ ആര്‍ട്ടെമിസ് ദൗത്യത്തില്‍ അമേരിക്കന്‍ കനേഡിയന്‍ ആസ്‌ട്രോണട്ടുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഹസ്സ അല്‍ മന്‍സൂരിക്കും സുല്‍ത്താന്‍ അല്‍ നെയാദിക്കും പിന്നാലെ രണ്ട് ഇമാറാത്തികള്‍ കൂടി ബഹിരാകാശ യാത്രയ്ക്ക് നാസയില്‍ പരിശീലനം നേടുന്നുണ്ട്. അടുത്ത വര്‍ഷം അവരുടെ പരിശീലനം പൂര്‍ത്തിയാകും. ചാന്ദ്രദൗത്യങ്ങള്‍ക്കുള്ള പരിശീലനവും നോറ അല്‍ മത്രൂഷിക്കും മുഹമ്മദ് അല്‍ മുല്ലയ്ക്കും ലഭിക്കുന്നുണ്ട്. നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാവി ദൗത്യങ്ങളില്‍ യുഎഇ സഞ്ചാരികളും ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്
എന്‍ടിവി,ദുബൈ

കശ്മീര്‍ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍ നാട്ടിലെത്തിക്കും

0

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് നോർക്ക ഉദ്യോഗസ്ഥർ ശ്രീനഗറിലേക്ക് തിരിച്ചു. സംസ്ഥാന സർക്കാർ നിർദേശ പ്രകാരം നോർക്ക ഡവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനഗറിലേക്ക് തിരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ വിമാന മാർഗം നാട്ടിൽ എത്തിക്കാനാണ് നീക്കം.

സോജില ചുരത്തിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ ഇന്നലെ അപകടത്തിൽ പെട്ടത്. മഞ്ഞ് വീണ പാതയിൽ വാഹനം തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂർ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ് എന്നിവരാണ് മരിച്ച മലയാളികൾ. ശ്രീനഗർ സ്വദേശിയായ ഡ്രൈവർ ഐജാസ് അഹമ്മദും അപകടത്തിൽ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരുക്ക്. ഗുരുതരമായി പരുക്കേറ്റ മനോജിനെ സൗറയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്ന നിലയിലായിരുന്നു.

ഗാസ യുദ്ധം: ഇസ്രയേലിനെതിരെ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ഖത്തര്‍

0

ഇസ്രയേലിനെതിരെ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ഖത്തര്‍. ദേഹയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനിയാണ് ആവശ്യം ഉന്നയിച്ചത്. വെടി നിര്‍ത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ശ്രമം തുടരുമെന്നും ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചു.

ദോഹയില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ 44-ാമത് ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് മന്ത്രിമാരുടെ യോഗം ചേര്‍ന്നത്. യോഗത്തിലായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി. ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ടത്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സാധാരണക്കാരെയും ആശുപത്രി, സ്‌കൂള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അവശ്യ സേവനങ്ങളെയെല്ലാം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. യുദ്ധക്കുറ്റങ്ങളില്‍ ഉത്തരവാദികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിനിടെ ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് നവംബര്‍ 24 മുതല്‍ ഏഴ് ദിവസം വെടി നിര്‍ത്തല്‍ സാധ്യമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാമ് ഇസ്രയേല്‍ വീണ്ടും ആക്രമണക്കിന് തുടക്കം കുറിച്ചത്. ഖത്തറിന്റെ നേതൃത്വത്തില്‍ മറ്റ് അന്താരാഷ്ട്ര കക്ഷികളുമായി സഹകരിച്ച് വെടിനിര്‍ത്തല്‍ ശ്രമം ശക്തമായി തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. വെടിനിര്‍ത്തലും യുദ്ധം പൂര്‍ണമായി അവസാനിപ്പിച്ച് മേഖലയില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കലുമാണ് ഖത്തറിന്റെ ലക്ഷ്യം. വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശകാര്യ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

ഗാസ മുനമ്പിലെ യുഎഇ ഫീല്‍ഡ് ആശുപത്രി പ്രവര്‍ത്തിച്ച് തുടങ്ങി

0

ഗാസ മുനമ്പില്‍ യുഎഇ ആരംഭിച്ച ഫില്‍ഡ് ആശുപത്രിയില്‍ രോഗികളെ ചികിത്സിച്ച് തുടങ്ങി. രണ്ട് പലസ്തീന്‍ സ്വദേശികളാണ് ആദ്യ രോഗികള്‍.നൂറ്റിയമ്പത് പേരെ കിടത്തി ചികിത്സിക്കുന്നതിനുളള സൗകര്യം ആണ് ഫീല്‍ഡ് ആശുപത്രിയില്‍ ഉള്ളത്. ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ പതിനേഴ് വയസുകാരന്‍ ആണ് യുഎഇ ആരംഭിച്ച ഫീല്‍ഡ് ആശുപത്രിയില്‍ ആദ്യം എത്തിയത്.

കണങ്കാലിനും കാല്‍മുട്ടിനും ഗുരുതരമായി പരുക്കേറ്റ പതിനേഴ് വയസുകാരന ഗാസയിലെ തന്നെ അബു യൂസഫ് ആശുപത്രിയില്‍ നിന്നാണ് ഇമാറാത്തി ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ വിലയ കോണ്‍ക്രീറ്റ് പാളി ശരീരത്തിലേക്ക് വീണാണ് അബ്ദുള്‍ കരീം എന്ന പതിനേഴുകാരന് പരുക്കേറ്റത്. ഗാസയിലെ യൂറോപ്യന്‍ ഹോസ്പിറ്റലില്‍ നിന്നും ഒരു പതിമൂന്നുകാരനേയും ഇമാറാത്തി ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മിസൈല്‍ ആക്രമണത്തില്‍ തുടയില്‍ ഗുരുതരമായി പരുക്കേറ്റ പതിമൂന്നുകാരനേയും വിദഗദ്ധ ചികിത്സയിക്കായിട്ടാണ് ഫീല്‍ഡ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്.

150 പേരെ കിടത്തി ചികിത്സിക്കുന്നതിന് സൗകര്യമുള്ള താത്കാലിക ആശുപത്രി ആണ് യുഎഇ ഗാസയില്‍ ആരംഭിച്ചിരിക്കുന്നത്. ശസ്ത്രക്രിയാ സൗകര്യങ്ങള്‍ അടക്കം ഏറ്റവും ആധുനിക ചികിത്സാ സൗകര്യങ്ങളും ഉപകരണങ്ങളും ആണ് ആശുപത്രിയില്‍ ഉള്ളത്.വിദഗദ്ധരായ ഇമാറാത്തി ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ആണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്.

അവധിക്കാലം എത്തുന്നു. വിമാനടിക്കറ്റ് നിരക്കില്‍ കുത്തനെ വര്‍ദ്ധന

0

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുത്തനെ വര്‍ദ്ധന. സാധാരണ നിരക്കില്‍ നിന്നു മൂന്ന് ഇരട്ടി വരെയാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.ശൈത്യകാല അവധിയും ക്രിസ്തുമസും മുന്നില്‍ കണ്ടാണ് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനയാത്രകള്‍ക്ക് നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നത്. യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബര്‍ ഒമ്പത് മുതലാണ്. 2024 ജനുവരി രണ്ടിന് ശൈത്യകാല അവധിക്കു ശേഷം വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ മൂന്ന് ഇരട്ടിയാണ് ഈ സമയങ്ങളിലെ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചില വിദ്യാലയങ്ങളില്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെ മാത്രമാണ് ശൈത്യകാല അവധി. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ ആദ്യ ദിനങ്ങളില്‍ അവധി ആയിരുന്നതിനാല്‍ നാലു ദിവസം മാത്രമാണ് ഡിസംബറില്‍ വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തി ദിനം ഉണ്ടായിരുന്നത്. ഡിസംബര്‍ ആദ്യത്തില്‍ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് വിമാനയാത്ര നിരക്ക് താരതേന്യ കുറവാണെങ്കിലും ക്രിസ്തുമസിനു ശേഷം ജനുവരി ആദ്യം കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള വിമാനയാത്ര നിരക്ക് വലിയതോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഡിസംബര്‍ ഒമ്പതു മുതല്‍ കോഴിക്കോട്ടേക്ക് 900 ദിര്‍ഹം മുതല്‍ 2700 ദിര്‍ഹം വരെയും, കൊച്ചിയിലേക്ക് 1500 ദിര്‍ഹം മുതല്‍ 2200 ദിര്‍ഹം വരെയും, തിരുവനന്തപുരത്തേയ്ക്ക് 900 ദിര്‍ഹം മുതല്‍ 1700 ദിര്‍ഹം വരെയുമാണ് വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത് എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ്. 1150 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ജനുവരി ആദ്യത്തില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1350 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ യാത്രക്കാര്‍ കുറവായതിനാല്‍ വിമാനനിരക്ക് ഗണ്യമായി കുറച്ചത് പ്രവാസികള്‍ക്ക് ഗുണമായിരുന്നു.