Saturday, August 1, 2026
Home Blog Page 174

കരിപ്പൂരിൽ 62 ലക്ഷം രൂപയുടെ സ്വർണം ശരീരത്തിലാക്കി കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ

0

കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റൂര്‍ സ്വദേശി ഫാറൂഖ് (47) ആണ് അറസ്റ്റിലായത്. സ്വര്‍ണ്ണം കാപ്സ്യൂളുകളുടെ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

1008 ഗ്രാം സ്വർണ്ണമാണ് പൊലീസ് ഇയാളില്‍‌ നിന്ന് പിടിച്ചെടുത്തത്. ഈ വര്‍ഷം കോഴിക്കോട് വിമാനതാവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വര്‍ണ്ണക്കടത്താണിത്.

യുഎഇയില്‍ സെറ്റ് ടോപ് ബോക്‌സുകളില്‍ സൈബര്‍ ആക്രമണം : ടെലിവിഷന്‍ചാനലുകളുടെ സംപ്രേക്ഷണം തടസപ്പെട്ടു

0

യുഎഇയില്‍ ടെലിവിഷന്‍ സെറ്റ് ടോപ്പ് ബോക്‌സുകളില്‍ സൈബര്‍ ആക്രമണം നേരിട്ടെന്ന് റിപ്പോര്‍ട്ട്. വിവിധ ചാനലുകളില്‍ സംപ്രേക്ഷണം തടസ്സപ്പെട്ടു. പലസ്തീനിലെ സ്ത്രീകളുടേയും കുട്ടികളുടേയും നിലവിലെ അവസ്ഥ വിവരിക്കുന്ന എഐ വാര്‍ത്താ അവതാരകനാണ് ചാനലുകളില്‍ പ്രത്യേക്ഷപ്പെട്ടത്.
……………………………
യുഎഇയിലെ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ടിവി പരിപാടികള്‍ക്കിടെ അപ്രതീക്ഷിതമായാണ് സൈബര്‍ ആക്രമണം ഉണ്ടായത്. രാജ്യത്തെ സെറ്റ് ടോപ്പ് ബോക്‌സുകളെ കേന്ദ്രീകരിച്ചായിരുന്നു സൈബര്‍ ആക്രമണം. ഹാക്ക് ചെയ്യപ്പെട്ട ചാനലുകളില്‍ എഐ വാര്‍ത്താ അവതാരകനാണ് പ്രത്യക്ഷപ്പെട്ടത്. സന്ദേശം കൈമാറാന്‍ ഹാക്ക് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സംഭാഷണത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാര്‍ത്താ അവതാരകന്‍ സംസാരിച്ചു തുടങ്ങിയത്. പലസ്തീനിലെ സ്ത്രീകളുടേയും കുട്ടികളുടേയും ദുരവസ്ഥ വിവരിക്കുന്നതായിരുന്നു വീഡിയോ. ഗാസയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള പതിവ് ഉള്ളടക്കത്തിന് പകരമായാണ് എഐ വാര്‍ത്താ അവതാരകന്‍ എത്തിയത്. ദുരിതം വ്യക്തമാക്കുന്ന വീഡിയോ സഹിതം വാര്‍ത്തയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. നിരവധി പരാതികളാണ് ഇതിനെ തുടര്‍ന്ന് ലഭിച്ചത്. സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
……

ഔദ്യോഗിക സന്ദര്‍ശനത്തിന് ഒമാന്‍ ഭരണാധികാരി ഇന്ത്യയിലേക്ക്

0

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ശനിയാഴ്ച ഇന്ത്യയിലെത്തും. ആദ്യമായാണ് ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപതി മുര്‍മു മറ്റ് ഉന്നത ഉദ്യോസ്ഥരുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ക്ഷണപ്രകാരമാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഇന്ത്യയിലെത്തുന്നത്. ശനിയാഴ്ചയാണ് ഒമാന്‍ ഭരണാധികാരിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം.

ജി-20 ഉച്ചകോടിയില്‍ ഒമാന്‍ ഉപപ്രധാനമന്ത്രി അസദ് ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സെയ്ദായിരുന്നു രാജ്യത്തെ പ്രതിനിധീകരിച്ചത് എത്തിയത്. രാഷ്ട്രപതി ഭവനില്‍ ഒമാന്‍ ഭരണാധികാരിക്കും സംഘത്തിനും നല്‍കുന്ന സ്വീകണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിക്ക് പുറമേ നരേന്ദ്രമോദിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തും. അടുത്തിടെ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര നിക്ഷേപ ബന്ധം മെച്ചപ്പെട്ടിരുന്നു. സ്വതന്ത്ര്യ വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഈ കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്നാണ് സൂചന. സുല്‍ത്താന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴിക കല്ലായിരിക്കുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

കുവൈത്തില്‍ കുടുംബ വീസ അനുവദിക്കാന്‍ തീരുമാനം: അടുത്ത വര്‍ഷംമുതല്‍ അനുവദിച്ച് തുടങ്ങിയേക്കും

0

അടുത്ത മാസത്തോടെ കുവൈത്തില്‍ ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിനായിരിക്കും വിസ അനുവദിക്കുക. ഫാമിലി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക വേണ്ട ശമ്പള പരിധി 500 ദിനാറില്‍ നിന്ന് 800 ദിനാറായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഫാമിലി വിസകള്‍ക്ക് കുവൈത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാന പ്രകാരം 2024 ജനുവരിയോടെ കുടുംബ വിസ നല്‍കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ നിബന്ധനകളോട് കൂടിയായിരിക്കും വിസ അനുവദിക്കുക. ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിനായിരിക്കും വിസ അനുവദിക്കുക.

കുടുംബ വിസയ്ക്ക് പുറമേ മറ്റ് വിസകളും അനുവദിക്കുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പ്രത്യേക വ്യവസ്ഥകളില്‍ ഫാമിലി വിസ അനുവദിക്കുന്ന നയം കഴിഞ്ഞ ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഫാമിലി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ശമ്പളം 500 ദിനാറില്‍ നിന്ന് 800 ദിനാറായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹമാസിന്റെ അന്ത്യം ആരംഭിച്ചെന്ന് ബെന്യാമിന്‍ നെതന്യാഹു

0

ഗാസയില്‍ ഹമാസിന്റെ അന്ത്യം ആരംഭിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഹമാസ് തീവ്രവാദികള്‍ കീഴടങ്ങിക്കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടു. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനെണ്ണായിരം കവിഞ്ഞു.

ഗാസ യുദ്ധം വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന.യുദ്ധം പൂര്‍ണ്ണശേഷിയിലേക്ക് കടന്നിരിക്കുകയാണ്. ഹമാസിനെ പൂര്‍ണ്ണമായും തകര്‍ക്കണം എങ്കില്‍ ഇനിയും സമയം വേണ്ടിവരും. പക്ഷെ ഹമാസിന്റെ അന്ത്യം ആരംഭിച്ചുകഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. ഡസ്സന്‍ കണക്കിന് ഹമാസ് തീവ്രവാദികളാണ് ആയുധം താഴെ വെച്ച് കീഴടങ്ങുന്നത്. ഹമാസിന് വേണ്ടി ജീവന്‍ കളയാതെ കീഴടങ്ങാന്‍ പോരാളികളോട് ബെന്യാമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തു. വടക്കന്‍ ഗാസ പൂര്‍ണ്ണമായും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് എത്തുകയാണെന്നും സേന അവകാശപ്പെടുത്തുന്നുണ്ട്. അതെസമയം ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ ഒരു ബന്ദിയെ പോലും മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീഷണി മുഴുക്കി.

ഗാസയില്‍ ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ പതിനെണ്ണായിരം പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കന്‍ ഗാസയില്‍ മാത്രം അന്‍പതിനായിരത്തോളം പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റിരിക്കുന്നത്. ഇതില്‍ എണ്ണായിരത്തോളം പേര്‍ക്ക് അടിയന്തരമായ ചികിത്സ വേണ്ടവരാണ്. ഗാസയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ ജനറല്‍ അസംബ്ലി നാളെ യോഗം ചേരുന്നുണ്ട്

വയനാട്ടിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്; കടുവയെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കും

0

വയനാട് വാകേരിയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്. മൂന്ന് സംഘമായി തിരിഞ്ഞാണ് പരിശോധന. ആർ ആർ ടി യും വനം വകുപ്പുജീവനക്കാരുമാണ് തിരച്ചിൽ നടത്തുന്നത്. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിക്കും.

കഴിഞ്ഞ ദിവസമാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രജീഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്നാണ് ഇവർ പ്രജീഷിനെ അന്വേഷിച്ചത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

അതെസമയം കടുവയെ ആവശ്യമെങ്കിൽ വെടിവെച്ചു കൊല്ലാമെന്ന് ഉത്തരവ്. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കിൽ കടുവയെ കൊല്ലാം എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാനുള്ള അനുമതി സൗത്ത് വയനാട് ഡി.എഫ്.ഒ. തേടിയിരുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സംസ്കരിച്ചു. മൂടക്കൊല്ലി കൂടല്ലൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു.

ഷൂ എറിഞ്ഞ കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്; നരഹത്യ കുറ്റമടക്കം ചുമത്തി

0

നവകേരള സദസ് ബസ്സിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്. മനപൂർവമായ നരഹത്യാക്കുറ്റമടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ്. ഐപിസി 283, 353, 34 വകുപ്പുകൾ പ്രവർത്തകർക്കെതിരെ ചുമത്തി. കുറുപ്പുംപടി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.

കെഎസ്‌യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് ബസ്സ് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഷൂ എറിഞ്ഞ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അതെസമയം ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമാണെന്നും സംഘടനാതലത്തിലെ തീരുമാനമല്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പ്രതിഷേധിച്ചവരെ സംഘടന ഒറ്റപ്പെടുത്തുകയില്ലേന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കുമെന്ന് നവകേരള സദസ്സിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ചിലർ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവഗണിച്ചു. ഇന്ന് ബസിന് നേരെ ചെരിപ്പേറുണ്ടായി. ഇവരുടെ പ്രശ്നമെന്താണെന്നാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതിഷേധങ്ങൾക്കിടെയിൽ നവകേരള സദസ് പര്യടനം തുടരുന്നു. ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക.

ഡോ. ഷഹനയുടെ ആത്മഹത്യയിൽ ഡോ. റുവൈസിന്റെ അച്ഛനെയും പ്രതി ചേർത്ത് പൊലീസ്

0

ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ.റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നീ രണ്ടു വകുപ്പുകൾ ചുമത്തിയാണ് പ്രതിചേർത്തത്. പിതാവിനെ വൈകാതെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. സ്ത്രീധനം കൂടുതൽ വാങ്ങാൻ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹന ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് അച്ഛനെയും പ്രതി ചേർത്തത്. കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട് പൂട്ടിയ നിലയിലാണ്. ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും റുവൈസിന്റെ അച്ഛനെ കണ്ടെത്താനായില്ല. ആത്മഹത്യാപ്രേരണ കുറ്റത്തിന് മകൻ അറസ്റ്റിലായതോടെ പിതാവ് ഒളിവിൽ പോയതായാണ് വിവരം.

അന്വേഷണത്തിന്റെ ഭാഗമായി ഷഹനയുടെ സുഹൃത്തുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഷഹന തിങ്കളാഴ്ച രാവിലെയാണ് റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചു. റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. റുവൈസിനെ ഡിസംബർ 21 വരെ റിമാൻഡിൽവിട്ടിരിക്കുകയാണ്. ഐപിസി 306, സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയത്. റുവൈസിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ വെബ്സൈറ്റുകളിൽ ആക്രമണം നടത്തുമെന്ന് ഹാക്കർ ഗ്രൂപ്പുകൾ; ജാഗ്രതാ നിർദേശം

0

ഇന്ത്യക്കെതിരെ ഹാക്കിങ് ഗ്രൂപ്പുകൾ സൈബർ ആക്രമണങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റേത് ഉൾപ്പെടെ പ്രധാന വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കും എന്നാണ് വിവരം. എല്ലാ സർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും സൈബർ സുരക്ഷ വർധിപ്പിക്കാനുള്ള നടപടിക്രമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഹാക്കർഗ്രൂപ്പുകളിലൊന്നണ് ഇന്ത്യൻ വെബ്സൈറ്റുകൾക്കും ഐടി ശൃംഖലയ്ക്കും നേരെ സൈബറാക്രമണത്തിന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ആരോഗ്യമേഖലയിലെ ഐടി ശൃംഖലയായിരിക്കാം ഹാക്കർമാരുടെ പ്രഥമലക്ഷ്യം എന്നാണ് കരുതുന്നത്. കൊറോണയ്ക്ക് ശേഷം ആരോഗ്യ മേഖലയിലെ ഡിപ്പാർട്ട്മെന്റുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഹാക്കിങ് ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് എന്നാണ് വിലയിരുത്തുന്നത്. ഏവരും പാലിക്കേണ്ട സൈബർ ഹൈജീൻ സ്റ്റാൻഡേർഡ് ഒപ്പറേറ്റിങ് പ്രോസീജിയർ ( SoPs) പൂർത്തിയാക്കാനാണ് നിർദ്ദേശം.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് പാകിസ്ഥാൻ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സൈബർ ഗ്രൂപ്പുകൾ ഒരു പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഡിജിറ്റൽശൃംഖലയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും കയ്യടക്കാനുമായി ഡിസംബർ 11 ന് സംഘടിതമായി ‘സൈബർ പാർട്ടി’ നടത്തുമെന്ന് ഹാക്കർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. 4000 ഓളം അംഗങ്ങൾ ഉള്ള ഹാക്കർമാരുടെ ടെലഗ്രാം ഗ്രൂപ്പിലാണ് കൈമാറിയത്.

മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലോ ഏതെങ്കിലും പ്രത്യേക ജന വിഭാഗങ്ങൾക്ക് എതിരായോ ഒക്കെ മുൻകാലങ്ങളിൽ ഇവർ സൈബർ ആക്രമങ്ങൾ നടത്തിയിട്ടുണ്ട്. 12,000 സർക്കാർ വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് ഇവർ ഒരു “റെഡ് നോട്ടീസ്” പുറപ്പെടുവിച്ചിരുന്നു. അമേരിക്ക, സ്വീഡൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ ഇവർ വൻ തോതിലുള്ള സൈബർ ആക്രമണങ്ങൾ നേരത്തെ നടത്തിയിരുന്നു.

കശ്മീർ വാഹനാപകടം: ചികിത്സയിലായിരുന്ന മനോജും മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 5 ആയി

0

കശ്മീരിൽ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജാണ് പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. ശ്രീനഗറിലെ സൗറയിലുള്ള സ്കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുഹൃത്തുക്കളായ വിഘ്നേഷ്, അനിൽ, രാഹുൽ, സുധീഷ് എന്നിവരാണ് അപകടത്തിൽ ആദ്യം മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്.

സൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയിൽ മനോജിന് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്. വിനോദയാത്ര പോയ 13 അംഗ സംഘത്തിലെ പാലക്കാട് ചിറ്റൂർ സ്വദേശികളായ 4 സുഹൃത്തുക്കളും കശ്മീർ സ്വദേശിയായ ഡ്രൈവറും ആണ് നേരത്തെ മരിച്ചത്.

സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ അപകടത്തിൽ പെട്ടത്. വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറ്റൂർ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഘ്നേഷ് (22) എന്നിവരാണു നേരത്തെ മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു.