Saturday, August 1, 2026
Home Blog Page 172

പാർലമെൻ്റിലെ പ്രതിഷേധം: ആസൂത്രകന്‍ ബംഗാള്‍ സ്വദേശി ലളിത് ഝാ, പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

0

പാര്‍ലമെൻ്റിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൻ്റെ മുഖ്യ ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝായാണെന്ന് റിപ്പോർട്ട്. സംഭവ സമയത്ത് ഇയാൾ പാര്‍ലമെന്‍റിനു പുറത്തുണ്ടായിരുന്നെന്നും ആക്രമണത്തിന്‍റെ വിഡിയോ ചിത്രീകരിച്ചെന്നുവെന്നും പോലീസ് പറയുന്നു. ലളിത് ഝായ്ക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ജനുവരി മുതൽ പ്രതികള്‍ പ്രതിഷേധം ആസൂത്രണം തുടങ്ങിയതായും ദില്ലി പൊലീസ് വ്യക്തമാക്കി.

ഒന്നര വർഷം മുൻപ് ചണ്ഡിഗഡിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിലാണ് ഇവര്‍ കണ്ടുമുട്ടിയതെന്നാണു വിവരം. പിന്നീട് ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ ബന്ധം ദൃഢമായി. മൂന്നു ദിവസങ്ങൾക്കു മുൻപ് പല സ്ഥലങ്ങളിൽനിന്നു ദില്ലിയിൽ എത്തി ഇന്ത്യാ ഗേറ്റിൽ വച്ച് കണ്ടുമുട്ടി. ഇവിടെവച്ചാണ് കാനിസ്റ്ററുകൾ കൈമാറിയത്.

പാർലമെന്റിൽ കടന്നു കയറിയത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണെന്നാണ് പ്രതികളുടെ മൊഴി. തൊഴിലില്ലായ്മ, കാർഷിക പ്രശ്നങ്ങൾ, വിലക്കയറ്റം, മണിപ്പുർ വിഷയങ്ങളിലാണ് പ്രതിഷേധം. പുലർച്ചെ നാലുമണിവരെ നീണ്ട ചോദ്യം ചെയ്യലിലാണു പ്രതികൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ ആറുപേർ പിടിയിലായിട്ടുണ്ട്.

ശബരിമല തീർഥാടകർക്ക് സുരക്ഷയും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കണം; കേരളത്തോട് സ്റ്റാലിൻ

0

ശബരിമലയിൽ തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. ശബരിമലയിലെ തിരക്കുമായിബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ആവശ്യം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നിർദേശപ്രകാരം ആണ് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ , കേരള ചീഫ് സെക്രട്ടറിയുമായി സംസാരിച്ചത്.

തമിഴ്നാട്ടിൽനിന്നടക്കം ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കണമെന്നാണ് തമിഴ്നാട് മുന്നോട്ടുവെച്ച ആവശ്യം. സേലം സ്വദേശിയായ പെൺകുട്ടി ശബരിമലയിൽ കുഴഞ്ഞു വീണു മരിച്ചതും, തീർത്ഥാടകർ മണിക്കൂറുകൾ ദർശനത്തിനായി കാത്തുനിൽക്കുന്നതും തമിഴ്നാട്ടിൽ ചർച്ച ആയിരുന്നു. ഇതിന്‍റെ പശ്ചാതലത്തിലാണ് സ്റ്റാലിന്‍റെ ഇടപെടൽ.

ശബരിമല ദർശനത്തിനെത്തിയ കുട്ടി പിതാവിനെ കാണാതെ കരയുന്ന ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിച്ചവർക്കെതിരേ കേസെടുക്കും

0

ശബരിമലയിൽ ദർശനത്തിനെത്തിയ ഇതര സംസ്ഥാനത്തു നിന്നുള്ള കുട്ടി അച്ഛനെ കാണാതെ കരയുന്ന ദൃശ്യങ്ങൾ മതസ്പർധയുണ്ടാക്കും വിധവും സംസ്ഥാനത്തിനെതിരേയും പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കാൻ എസ്പിമാർക്ക് നിർദേശം. തെറ്റായ വിവരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തവരുടെ വിവരം ജില്ലകളിൽനിന്ന് ശേഖരിച്ച് സൈബർ വിഭാഗത്തിനു കൈമാറാൻ പൊലീസ് ആസ്ഥാനത്തുനിന്ന് നിർദേശം നൽകി. സൈബർസെല്ലും പ്രത്യേകമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഫോട്ടോകൾ പോസ്റ്റു ചെയ്ത ആളുകളുടെ വിവരങ്ങൾ സമൂഹ മാധ്യമ കമ്പനികളിൽനിന്ന് ശേഖരിക്കും. എഫ്ഐആർ റജിസ്റ്റർ ചെയ്താൽ പോസ്റ്റുകൾ നീക്കാൻ സമൂഹമാധ്യമ കമ്പനികളോട് ആവശ്യപ്പെടുമെന്ന് സൈബർ ഉദ്യോഗസ്ഥർ പറഞ്ഞു. തെറ്റായ വിവരം പോസ്റ്റ് ചെയ്ത അൻപതിലധികം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റായ വിവരം പോസ്റ്റു ചെയ്തവരുടെ വിവരങ്ങൾ പൊതുജനങ്ങളും സൈബർ സെല്ലിനെ അറിയിക്കുന്നുണ്ട്. പോസ്റ്റു ചെയ്ത ചില ഇതര സംസ്ഥാനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു.

തിരക്കിനിടയില്‍ പിതാവിനെ കാണാതായതിനെ തുടർന്ന് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. പൊലീസ് കുട്ടിയെ ആശ്വസിപ്പിച്ചു. പിതാവ് എത്തിയപ്പോൾ ഒപ്പം അയച്ചു. ഈ ദൃശ്യങ്ങളും ഫോട്ടോയുമാണ് സംസ്ഥാനത്തെ മോശമാക്കി ചിത്രീകരിക്കാൻ ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

നരഭോജി കടുവയെ തിരിച്ചറിഞ്ഞു; വെടിവച്ച് കൊല്ലാനുള്ള നീക്കങ്ങളുമായി മുന്നോട്ട്

0

വയനാട്ടിലെ നരഭോജി കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ചുകൊല്ലാൻ ഉള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കടുവയെ നിരീക്ഷിക്കാനായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി 25 ക്യാമറകളും രണ്ട് കൂടും സജ്ജമാണ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്ത് ഉണ്ടെന്നും ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കടുവയ്ക്കായുള്ള തിരച്ചിലിനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീം വയനാട്ടിലെത്തും. കടുവയെ പിടികൂടുന്നതിനായി കൂടുതൽ ക്യാമറകൾ, കൂടുതൽ തോക്ക് എന്നിവയും അനുവദിച്ചിട്ടുണ്ട്.

വയനാട്ടിൽ കടുവയുടെ അക്രമണത്തിൽ ശനിയാഴ്ചയാണ് ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിക്കാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കും; എൽഡിഎഫ് യോഗം 24ന്

0

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനങ്ങൾ സ്വീകരിക്കുന്നതിനായുള്ള എൽഡിഎഫ് യോഗം ഈ മാസം 24-ന് ചേരും. സത്യപ്രതിജ്ഞയുടെ തീയതി തീരുമാനിക്കും. ഗവർണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനം. വകുപ്പുകളുടെ കാര്യത്തിലും ധാരണയിൽ എത്തും. ആന്റണി രാജു , അഹമ്മദ് ദേവർ കോവിൽ എന്നിവർക്ക് പകരം രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ എന്നിവരെ പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തും.

നവംബർ 19-ന് രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയിരുന്നു. നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനം. ഇതേസമയത്ത് നവകേരള സദസ് നിശ്ചയിച്ചതിനെ തുടർന്നാണ് പുനഃസംഘടന നീണ്ടുപോയത്. മന്ത്രിസഭയുടെ നേട്ടങ്ങൾ വിശദീകരിക്കാൻ ലക്ഷ്യമിട്ടുള്ള നവകേരള സദസിൽ ഇപ്പോഴത്തെ മന്ത്രിമാർ എല്ലാവരും ഉണ്ടാകുന്നതാണ് ഉചിതമെന്നായിരുന്നു മുന്നണി യോഗത്തിൻ്റെ പൊതു വികാരം. ഇതേത്തുടർന്നാണ് പുനഃസംഘടന ഡിസംബർ 24-ന് ശേഷം മതിയെന്ന നിലപാടിലെത്തിയത്. എറണാകുളത്തെ മാറ്റി വെച്ച നവകേരള സദസിൽ പുതിയ മന്ത്രിമാരെ പങ്കെടുപ്പിക്കാനും ധാരണയായിട്ടുണ്ട്.

എസ്ഫ്ഐയുടെ വെല്ലുവിളിക്ക് ചെക്ക് വിളിച്ച് ഗവർണർ; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ

0

ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ വെല്ലുവിളിക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലേക്ക്. ഡിസംബർ 16-ന് വൈകീട്ടാണ് ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തുക.ഗവർണക്കെതിരായ പ്രതിഷേധം തുടരുമെന്ന് നേരത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞിരുന്നു.

ഈ മാസം 16നും 17നും രാത്രി കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലാണ് ഗവർണർക്ക് താമസം സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം ക്യാമ്പസിൽ തങ്ങുന്ന ഗവർണർ ജില്ലയിലെ ചില സ്വകാര്യ ചടങ്ങുകളിലും 18-ന് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സനാതന ധർമ സെമിനാറിലും പങ്കെടുക്കും. 18-ന് ഉച്ചയ്ക്ക് 2.30നാണ് സെമിനാർ. 17ന് കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കും.

എസ്.എഫ്.ഐയുടെ വെല്ലുവിളി നേരിടുകയെന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് ഗവർണർതന്നെ ഇടപെട്ട് താമസം സർവകലാശാല കാമ്പസിലേക്ക് മാറ്റിയത്. ഗവർണറുടെ സുരക്ഷ വലിയതോതിൽ വർദ്ധിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എസ്എഫ്ഐയുടെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. സർവ്വകലാശാലകളിലേക്ക് ആർഎസ്എസ് നോമിനികളെ തിരുകിക്കേറ്റാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് എസ്എഫ്ഐ ആരോപണം.

ലോകകപ്പിലെ മികച്ച പ്രകടനം: അർജുന അവാർഡ് പട്ടികയിൽ മുഹമ്മദ് ഷമിയും

0

അർജുന അവാർഡ് പട്ടികയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ശുപാർശ ചെയ്തതു. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനെ തുടർന്നാണ് ഷമിയെ അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പട്ടികയിൽ ഷമിയുടെ പേര് ഉൾപ്പെടുത്താൻ കായിക മന്ത്രാലയത്തോട് ബിസിസിഐ പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു.

ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിലായി 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. മൂന്ന് ലോകകപ്പിലായി 55 വിക്കറ്റുകൾ ഷമി നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഷമിയുടെ പേരിലാണ്. ഡിസംബർ 26ന് സെഞ്ചൂറിയനിൽ ആദ്യ ടെസ്റ്റ് ബോക്‌സിംഗ് ഡേ മത്സരം നടക്കും. തുടർന്ന് ജനുവരി 3 മുതൽ കേപ്ടൗണിൽ രണ്ടാം മത്സരവും നടക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഷമി ഇടംപിടിച്ചേക്കുമെന്നും സൂചനയുണ്ട്.

സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എഎം ഖാൻവിൽക്കറാണ് സമിതിയുടെ അധ്യക്ഷൻ. അദ്ദേഹത്തെ കൂടാതെ ആറ് മുൻ അന്താരാഷ്ട്ര അത്‌ലറ്റുകളും സമിതിയിലുണ്ട്. ഹോക്കി താരം ധനരാജ് പിള്ള, മുൻ തുഴച്ചിൽ താരം കമലേഷ് മേത്ത, മുൻ ബോക്‌സറായ അഖിൽ കുമാർ, വനിതാ ഷൂട്ടറും നിലവിലെ ദേശീയ പരിശീലകയുമായ ഷുമ ഷിരൂർ, മുൻ ക്രിക്കറ്റ് താരം അഞ്ജും ചോപ്ര, ബാഡ്മിന്റൺ താരം തൃപ്‌തി മുർഗുണ്ടെ, പവർലിഫ്റ്റർ ഫർമാൻ പാഷ എന്നിവരും പാനലിലെ അംഗങ്ങളാണ്. മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡും അർജുന അവാർഡും ഉൾപ്പെടെ ഈ വർഷത്തെ കായിക അവാർഡുകൾ തീരുമാനിക്കാൻ മന്ത്രാലയം 12 അംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു.

നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവിനെതിരെ നൽകിയ ഹർജി ഹൈകോടതി തള്ളി; ഹർജിക്കാരന് 25,000 രൂപ പിഴ

0

വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ നൽകിയ പൊതു താൽപര്യ ഹർജി ഹൈകോടതി തള്ളി. ഹർജിക്കാർക്ക് 25000 രൂപ പിഴയും ചുമത്തി. ക്ഷീരകര്‍ഷകനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന ഉത്തരവിനെതിരേ ആനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റി നല്‍കിയ ഹർജിയാണ് തള്ളിയത്. മനുഷ്യനെ കൊന്നുതിന്ന കടുവയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

ഒരു മനുഷ്യജീവൻ നഷ്ടമായതിനെ എങ്ങനെ വില കുറച്ചുകാണാനാകുമെന്ന് കോടതി ചോദിച്ചു. തുടർന്നാണ് പിഴ ചുമത്തിയത്. ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന് ഉത്തരവിറക്കിയത്. മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപിച്ചാണ് ഇതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷി (36) നെയാണ് കടുവ കൊലപ്പെടുത്തിയത്. പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ നടത്തിയ അന്വേഷണത്തിൽ വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്നു; ‘ക്വീൻ എലിസബത്ത്’ ഡിസംബര്‍ 29 ന് തിയേറ്ററുകളിൽ

0

നടി മീര ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്വീൻ എലിസബത്ത്’ ഡിസംബര്‍ 29 ന് റിലീസ് ചെയ്യും. എം. പത്മകുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടെയിനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘വെള്ളം’, ‘അപ്പന്‍’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിര്‍മാതാവു കൂടിയായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അര്‍ജുന്‍ ടി. സത്യനാണ് തിരക്കഥ.

‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടല്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നരേനും മീര ജാസ്മിനും ഒരുമിക്കുന്നചിത്രം ആണ് ‘ക്വീൻ എലിസബത്ത്’. ഒരിടവേയ്ക്ക് ശേഷം മികച്ച ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് മീര ജാസ്മിൻ. ശ്വേത മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, പേളി മാണി, നീന കുറുപ്പ്, മഞ്ജു പത്രോസ്, എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി.എം: രഞ്ജിന്‍ രാജ്, ഗാനരചയിതാക്കള്‍: ഷിബു ചക്രവര്‍ത്തി, അന്‍വര്‍ അലി, സന്തോഷ് വര്‍മ്മ,ജോ പോള്‍, എഡിറ്റര്‍: അഖിലേഷ് മോഹൻ.

അഞ്ച് സീറ്റ് LDFല്‍നിന്ന് പിടിച്ചെടുത്തു, തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് UDF

0

സംസ്ഥാനത്തെ 33 തദ്ദേശ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകൾ നേടി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകൾ സിപിഐഎം പിടിച്ചെടുത്തു. എൽഡിഎഫ് പതിമൂന്ന്, യുഡിഎഫ് 12, ബിജെപി 6, എസ് ഡി പി ഐ രണ്ട് ഉപതെരഞ്ഞെടുപ്പിന് മുൻപ് ഇതായിരുന്നു സ്ഥിതി. ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ അടക്കം 33 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നേട്ടം ഉണ്ടാക്കിയത് യുഡിഎഫാണ്. 11 സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയ യുഡിഎഫ് എൽഡിഎഫിന്റെ അഞ്ചും എസ്ഡിപിഐയുടെ ഒന്നും സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്താണ് സീറ്റ് എണ്ണം 17 ല്‍ എത്തിച്ചത്.

കോഴിക്കോട്ടെ നാല് സീറ്റുകളും യുഡിഎഫ് തൂത്തുവാരി. കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകൾ ഇടതിൽ നിന്ന് പിടിച്ചു. ഇടത് മുന്നണിയുടെ 10 സീറ്റുകളിൽ 3 എണ്ണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതാണ്. കൊല്ലം ഉമ്മന്നൂർ പഞ്ചായത്ത് ഇരുപതാം വാർഡ്, പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡ് മലപ്പുറം ഒഴൂർ പതിനാറാം വാർഡ് എന്നിവയാണ് ഇത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരി പന്ത്രണ്ടാം വാർഡിൽ ഇടതു സ്ഥാനാർത്ഥി ഒരു വോട്ടിനാണ് വിജയിച്ചത്.

അതേസമയം തിരുവനന്തപുരം അരുവിക്കര പഞ്ചായത്ത് മണമ്പൂർ വാർഡിൽ സിറ്റിംഗ് സീറ്റിൽ സിപിഐഎം, ബിജെപിയോട് തോറ്റു. ഒറ്റപ്പാലം നഗരസഭ ഏഴാം വാർഡ് , കായംകുളം നഗരസഭ 32 ആം വാർഡ് , ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ എന്നിവയാണ് ബിജെപി നിലനിർത്തിയത്.ഇടുക്കി കരിങ്കുന്നം ഏഴാം വാർഡ് വിജയിച്ച ആം ആദ്മി പാർട്ടിയും സാന്നിധ്യം അറിയിച്ചു.