Sunday, June 21, 2026
Home Blog Page 134

ദുബൈ സമ്മര്‍സര്‍പ്രൈസ് എത്തുന്നു

0

ദുബൈ: ദുബൈ സമ്മര്‍സര്‍പ്രൈസിന്റെ ഇരുപത്തിയേഴാം പതിപ്പ് ഈ മാസം 27 മുതല്‍. വേനല്‍ക്കാലം ആഘോഷമാക്കാന്‍ 65 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്തിലാണ് ദുബൈ സമ്മര്‍സര്‍പ്രൈസ് ഒരുക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ലോകോത്തര കലാകാരന്മാര്‍ അണിനിരക്കുന്ന നൃത്ത, സംഗീത പരിപാടികളുണ്ടാകും. സൗന്ദര്യവര്‍ധകവസ്തുക്കള്‍, വസ്ത്രം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ വമ്പിച്ച കിഴിവുകള്‍, സമ്മാനങ്ങള്‍, വിനോദ ആകര്‍ഷണങ്ങളിലേക്ക് കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം എന്നിങ്ങനെ ഒട്ടേറെ വാഗ്ദാനങ്ങളാണ് ഡി.എസ്.എസ്. നല്‍കുന്നത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച മോദേഷ് വേള്‍ഡിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. പുതിയപതിപ്പിലെ പ്രധാന പരിപാടികളുടെ മുഴുവന്‍ വിവരങ്ങളും അധികൃതര്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും. വൈവിധ്യമാര്‍ന്ന വിനോദപരിപാടികളുമായി കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി എമിറേറ്റിലെ വേനല്‍ക്കാലം അവിസ്മരണീയമാക്കുകയാണ് ഡി.എസ്.എസ്. വേനല്‍ക്കാലത്തും എമിറേറ്റിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ 1998ലാണ് ദുബൈ സമ്മര്‍സര്‍പ്രൈസ് ആരംഭിച്ചത്.

പുതിയ സീസണിലേക്കുള്ള ഉംറ വീസകള്‍ അനുവദിച്ചു തുടങ്ങി

0

ജിദ്ദ: പുതിയ ഉംറ സീസണിലേക്കുള്ള വീസകള്‍ അനുവദിക്കുന്നത് ആരംഭിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഇന്നലെ മുതലാണ് പുതിയ വീസകള്‍ അനുവദിച്ചു തുടങ്ങിയത്. ഉംറ വീസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് വീസാ കാലാവധിയില്‍ സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ഹജ് സീസണ്‍ അവസാനിച്ച ശേഷം മുഹറം ഒന്നു മുതലാണ് വീസകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷം മുതല്‍ ഹജ് പൂര്‍ത്തിയായാലുടന്‍ വീസ അനുവദിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വകുപ്പുകളുമായും ഏകോപനം നടത്തിയാണ് മന്ത്രാലയം വീസകള്‍ അനുവദിക്കുന്നത്. കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള പദ്ധതി അനുസരിച്ചാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. വിദേശങ്ങളില്‍ നിന്നെത്തിയ ഹജ് തീര്‍ഥാടകരില്‍ ബഹുഭൂരിഭാഗവും ഇനിയും സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടില്ല. ഇതിനു മുമ്പു തന്നെ ഉംറ വീസ അനുവദിക്കുകയാണിപ്പോള്‍. 2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയര്‍ത്താനാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ നിന്ന് 1.35 കോടിയിലേറെ ഉംറ തീര്‍ഥാടകരെത്തിയിരുന്നു.

മലയാളി യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു: കോഴിക്കോടിനുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തീപിടിത്തം

0

അബുദബി: വ്യാഴാഴ്ച പുലര്‍ച്ചെ അബുദബിയില്‍നിന്നു കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയര്‍ അറേബ്യയില്‍ തീപിടിത്തം. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് വിമാനത്തിനു തീപിടിച്ചത്. തീ കണ്ടതോടെ യാത്രക്കാര്‍ എക്‌സിറ്റ് ഡോറുകള്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചതായും സഹയാത്രികര്‍ പവര്‍ ബാങ്ക് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പവര്‍ ബാങ്ക് കൈവശം വച്ച മലയാളി യുവാവിനെയും സഹോദരിയെയും അധികൃതര്‍ തടഞ്ഞുവച്ചു. കൂടാതെ എക്‌സിറ്റ് ഡോറുകള്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ച രണ്ടുപേരെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരുന്നു.

ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഉപയോഗിച്ച് പരസ്യം: പെര്‍മിറ്റ് നിര്‍ബന്ധമാക്കി

0

അബുദബി: വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഉപയോഗിച്ച് പരസ്യം ചെയ്യും മുന്‍പ് പെര്‍മിറ്റ് എടുക്കണം എന്ന് വാണിജ്യ വികസന വകുപ്പ്. അനുമതി കൂടാതെ പരസ്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. അബുദബി വാണിജ്യവികസന വകുപ്പ് ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഉപയോഗിച്ച് പരസ്യം ചെയ്യും മുന്‍പ് സ്ഥാപനങ്ങള്‍ പെര്‍മിറ്റ് എടുക്കണം എന്ന് വ്യക്തമാക്കുന്നത്. വാണിജ്യ വികസന വകുപ്പില്‍ നിന്നും ആണ് പെര്‍മിറ്റ് നേടേണ്ടത്. പരസ്യത്തിനായി കരാറില്‍ ഏര്‍പ്പെടും മുന്‍പ് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം എന്നും വാണിജ്യ വികസന വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. 2018ല്‍ നാഷണല്‍ മീഡിയ കൗണ്‍സില്‍ പുറപ്പെടുവിച്ച നിയമപ്രകാരം സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് മീഡിയ ലൈസന്‍സ് നിര്‍ബന്ധമാണ്. പെര്‍മിറ്റ് എടുക്കാതെ സമൂഹമാധ്യമങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് പണം നല്‍കി പരസ്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും അബുദബി വാണിജ്യ വികസന വകുപ്പ് അറിയിച്ചു. 3,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ ആണ് പിഴ ശിക്ഷ. സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികളും സ്വീകരിച്ചേക്കും.

പൊതുഗതാഗതം ഉപയോഗിച്ചത് 6.7 ദശലക്ഷം യാത്രക്കാര്‍

0

ദുബൈ: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബൈ ആര്‍ടിഎയുടെ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിച്ചത് 6.7 ദശലക്ഷം യാത്രക്കാര്‍. മെട്രോയിലാണ് ഏറ്റവുമധികം യാത്രക്കാര്‍ സഞ്ചരിച്ചത്. ജൂണ്‍ പതിനഞ്ച് മുതല്‍ പതിനെട്ട് വരെയുള്ള കണക്കുകളാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി പുറത്തുവിട്ടത്. മെട്രോ, ട്രാം, ബസ്, ടാക്‌സികള്‍, ജലയാനങ്ങള്‍ എന്നിവയില്‍ 6.7 ദശലക്ഷം യാത്രക്കരാണ് സഞ്ചരിച്ചത്. മെട്രോയിലാണ് ഏറ്റവുമധികം യാത്രക്കാര്‍ സഞ്ചരിച്ചത്. റെഡ്, ഗ്രീന്‍ ലൈനുകളില്‍ യാത്രക്കാരുടെ എണ്ണം 2.5 ദശലക്ഷത്തിലെത്തി. ട്രാം ഉപയോഗിച്ചത് ഒരു ലക്ഷത്തി ആയിരം പേരാണ്. ബസിലെ യാത്രക്കാരുടെ എണ്ണം 1.4 ദശലക്ഷമായി. 2,80000 പേര്‍ മറൈന്‍ ഗതാഗത സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. രണ്ട് ദശലക്ഷം ആളുകള്‍ ടാക്‌സികള്‍ ഉപയോഗിച്ചു. 3,50000 പേരാണ് ഷെയര്‍ ടാക്‌സികള്‍ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6.4 ദശലക്ഷം യാത്രക്കാരായിരുന്നു ദുബൈയിലെ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിച്ചത്. അവധി ദിനങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനായി മെട്രോയുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിരുന്നു. ഇതിനു പുറമേ ബസുകളും, ടാക്‌സികളും അധിക സര്‍വ്വീസുകളും നടത്തിയിരുന്നു.

സേവനങ്ങള്‍ പരിചയപ്പെടുത്താന്‍ പ്രദര്‍ശനം: ദുബൈ ജിഡിആര്‍എഫ്എ

0

ദുബൈ: വീസ സേവനങ്ങള്‍ പരിചയപ്പെടുന്നതിനായി ദുബൈ ജിഡിആര്‍എഫ്എ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. നിങ്ങള്‍ക്കായി ഞങ്ങള്‍ ഇവിടെയുണ്ട് എന്ന ജിഡിആര്‍എഫ്എയുടെ പൊതുജന ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പ്രദര്‍ശനം. ജൂണ്‍ 24 മുതല്‍ 28 വരെ ദുബൈ വാഫി മാളിലാണ് പ്രദര്‍ശനം. ഉപഭോക്തൃ കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക്, ഗോള്‍ഡന്‍ വിസ, എന്‍ട്രി പെര്‍മിറ്റ് സേവനങ്ങള്‍, വീഡിയോ കോള്‍, ഐഡന്റിറ്റി, പൗരത്വ മേഖലയുടെ കാര്യങ്ങള്‍, റസിഡന്‍സി വിസ ഇഷ്യു ചെയ്യല്‍ നടപടിക്രമങ്ങള്‍, താമസ കുടിയേറ്റ നിയമ ഉപദേശ സര്‍വീസ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തും. ദുബൈയിലെ താമസക്കാരുടെയും സന്ദര്‍ശകരുടെയും ഉപഭോക്തൃ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി ജിഡിആര്‍എഫ്എ നല്‍കുന്ന സേവനങ്ങളുടെ വിപുലമായ ശ്രേണി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. സേവനങ്ങളുടെ വിശദാംശങ്ങള്‍ വേഗത്തിലും സുഗമമായും എങ്ങനെ അപേക്ഷിക്കാമെന്നും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കും. വിവിധ മത്സരങ്ങളും, കുട്ടികള്‍ക്കായി ചിത്രരചാന സൗകര്യങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം: 18 പേര്‍ കൊല്ലപ്പെട്ടു

0

ഗാസ: അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ആക്രമണത്തില്‍ പതിനെട്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബുറേജി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്. നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പതിനേഴ് പേര്‍ കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം മാത്രം നടന്ന ആക്രമണങ്ങളില്‍ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ 274 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. ഹമാസ് ബന്ദികളാക്കിയ നാല് പേരെ മോചിപ്പിച്ചതിന് ശേഷമാണ് ഇസ്രയേല്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയത്. ഇസ്രയേലിലെ യുദ്ധകാര്യ മന്ത്രിസഭ, പ്രധാനമന്ത്രി ബെന്യമീന്‍ നെതന്യാഹു പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം നെതന്യാഹു എടുത്തത്. ബെന്നി ഗാന്റ്‌സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചത്. ഗാന്റ്‌സ് മന്ത്രിസഭ വിട്ടതോടെ അതിന്റെ പ്രസക്തി നഷ്ടമായെന്ന് നെതന്യഹു പറഞ്ഞതായി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ക്കിംഗ് നിയമ ലംഘനം: വാഹനം പിടിച്ചെടുക്കും

0

അബുദബി: അല്‍ഐന്‍ നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹനം പിടിച്ചെടുക്കും. ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു. നിയമ നടപടികള്‍ ഒഴിവാക്കുന്നതിന് മവാഖിഫ് പാര്‍ക്കിംഗ് സംവിധാനം പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ജൂണ്‍ പത്തൊമ്പത് മുതല്‍ നഗരത്തില്‍ പാര്‍ക്കിംഗ് നിയമ ലംഘനം നടത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. അബുദബി മൊബിലിറ്റിയുടെ മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ് വെഹിക്കിള്‍ ടോവിങ് നടപടി ആരംഭിച്ചത്. പാര്‍ക്കിങ് ഏരിയായില്‍ ലൈസന്‍സ് പ്ലേറ്റില്ലാതെ കണ്ടെത്തുന്ന വാഹനങ്ങള്‍ അല്‍ഐന്‍ വ്യവസായ മേഖലയിലെ മവാഖിഫ് വെഹിക്കിള്‍ ഇംപൗണ്ടിങ് യാര്‍ഡിലേക്ക് കൊണ്ടുപോകും. അനുമതിയില്ലാത വാഹനങ്ങള്‍ വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കുകയോ വാണിജ്യ, പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും. പെര്‍മിറ്റ് ഇല്ലാതെയും കാലഹരണപ്പെട്ട പെര്‍മിറ്റ് ഉപയോഗിച്ച് പാര്‍ക്ക് ചെയ്യുകയും ചെയ്താല്‍ വാഹനം കണ്ടുകെട്ടും. പൊതു പാര്‍ക്കിങ് ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മവാഖിഫ് റെഗുലേഷന്‍ നിയമം നടപ്പിലാക്കുന്നതിനാണ് വാഹന ടോവിങ് സേവനം ലക്ഷ്യമിടുന്നത്. നഗര ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമയാണ് പദ്ധതി. കൃത്യമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക, നിരോധിത മേഖലകളില്‍ പാര്‍ക്കിങ് ഒഴിവാക്കുക, വാഹന ഗതാഗതം തടസ്സപ്പെടുത്താതിരിക്കുക, സുഗമമായ ഗതാഗതം നിലനിര്‍ത്തുക, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തൊഴിലിടങ്ങളെ പുകയില രഹിതമാക്കും. ഗൈഡ് പുറത്തിറക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം

0

അബുദബി: തൊഴിലിടങ്ങളെ പുകയിലെ രഹിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഗൈഡ് പുറത്തിറക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. പുകയില ഉപേക്ഷിക്കുന്നതിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെയും പ്രധാന്യം ബോധവത്കരിക്കുകയാണ് ലക്ഷ്യം. മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാമാണ് പുതിയ ഗൈഡ് വിസിപ്പിച്ചെടുത്തത്. പുകവലയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം ഗൈഡ് പുറത്തിറക്കിയത്. തൊഴിലിടങ്ങളെ പുകവലി രഹിതമാക്കുന്നതിനും നിയമ ലംഘങ്ങള്‍ക്കെതിരെയുള്ള നടപടികളും ഗൈഡില്‍ വിശദമാക്കിയിട്ടുണ്ട്. പുകവലി വ്യക്തി ജീവിതത്തിലും പരിസ്ഥിതിയിലും ദോഷകരമായി മാറുന്നതായും മന്ത്രാലയം അറിയിച്ചു. പുകവലി നിയന്ത്രിക്കുന്നതിനായി 2009 ലെ 15-ാം നമ്പര്‍ ഫെഡറല്‍ നിയമം പാസാക്കിയിരുന്നു. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ പുകവലി നിയന്ത്രിക്കുന്നതിനായാണ് നിയമത്തിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിയന്ത്രണങ്ങള്‍ കര്‍ശമായി പാലിക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് മന്ത്രാലയം. തൊഴിലിടങ്ങളെ പുകയില രഹിതമാക്കാന്‍ സ്ഥാപന ഉടമകളും ബന്ധപ്പെട്ട അധികൃതരും ശ്രമിക്കണമെന്നാണ് ഗൈഡില്‍ വിശദമാക്കുന്നത്. ലോകപുകയില വിരുദ്ധദിനത്തില്‍ ഇ സിഗരറ്റുകളുടെ ഉപയോഗവും പ്രചരണവും കുറക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ 3 ബന്ദികള്‍ കൊലപ്പെട്ടെന്ന് ഹമാസ്‌

0

നുസൈറത്തില്‍ ബന്ദികളുടെ മോചനത്തിനായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. എന്നാല്‍ ഹമാസിന്റെ ആരോപണം ഇസ്രയേല്‍ തള്ളി. ഇതിനിടെ ഇസ്രയേല്‍ യുദ്ധമന്ത്രിസഭാ അംഗം ബെന്നി ഗാന്റസ് സര്‍ക്കാരില്‍ നിന്നും രാജിവെച്ചു.ഗാസയിലെ നുസൈറത്തില്‍ അഭയാര്‍ത്ഥി കേന്ദ്രം ആക്രമിച്ച് നാല് ബന്ദികളെ ആണ് ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചത്. കരവഴിയും ആകാശമാര്‍ഗ്ഗവും അതിരൂക്ഷാമായ ആക്രമണം ആണ് ശനിയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയത്.

ഇസ്രയേല്‍ നടത്തിയ ഈ ആക്രമണത്തില്‍ മൂന്ന് ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സം ബ്രിഗേഡ്‌സ് അറിയിച്ചു. ഒരു അമേരിക്കന്‍ പൗരന്‍ അടക്കം മൂന്ന് ബന്ദികളാണ് മരിച്ചത് എന്നും ഹമാസ് അറിയിച്ചു. എന്നാല്‍ ബന്ദികളുടെ പേരും മറ്റ് വിശദാംശങ്ങളും ഹമാസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഹമാസ് കളളം പറയുകയാണെന്നും ഇസ്രയേല്‍ ആക്രമണത്തില്‍ ബന്ദികള്‍ കൊല്ലപ്പെട്ടിട്ടില്ല എന്നും പ്രതിരോധ സേന വക്താവ് അറിയിച്ചു. നുസൈറത്തില്‍ ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 274 പേര്‍ ആണ് കൊല്ലപ്പെട്ടത്. ഇതില്‍ 64 പേര്‍ കുട്ടികളാണെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതിനിടയില്‍ ഇസ്രയേല്‍ മന്ത്രിസഭയിലും ഭിന്നത രൂക്ഷമാവുകയാണ്. യുദ്ധം വിജയത്തിലേക്ക് എത്തുന്നതിന് നെതന്യാഹു തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ബെന്നി ഗ്യാന്റസ് രാജിവെച്ചത്. ദിശാബോധമില്ലാത്ത സമീപനങ്ങള്‍ ആണ് ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിക്കുന്നത് എന്നും ബെന്നി ഗ്യാന്റസ് ആരോപിച്ചു.