Sunday, June 21, 2026
Home Blog Page 132

ദുബൈ വിമാനത്താവളത്തില്‍ നിയന്ത്രണം: പ്രവേശനം യാത്രക്കാര്‍ക്ക് മാത്രം

0

ദുബൈ: വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മാത്രം പ്രവേശനം. ജൂലൈ ആറ് മുതല്‍ 17 വരെ യാത്രക്കാര്‍ അല്ലാത്തവരെ വിമനാത്താവളത്തിലേക്ക് പ്രവേശിപ്പിക്കില്ല. വിമാനത്താവളത്തിലെ തിരക്ക് പ്രമാണിച്ചാണ് തീരുമാനം. ജൂലൈ ആറ് മുതല്‍ ഈ മാസം 17 വരെ 3.3 ദശലക്ഷം യാത്രക്കാര്‍ ദുബൈ വഴി സഞ്ചരിക്കുമെന്നാണ് എയര്‍പോര്‍ട്‌സ് അതോരിറ്റിയുടെ കണക്ക്. 9,14,000 യാത്രക്കാരാണ് ദുബൈയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. വരും ദിവസങ്ങളില്‍ എണ്ണം വര്‍ദ്ധിക്കും. ഇതോടെയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ടെര്‍മിനല്‍ ഒന്നിലും മൂന്നിലും ടാക്‌സികള്‍ക്കും എയര്‍പോര്‍ട്ട് വാഹനങ്ങള്‍ക്കും മാത്രമായിരിക്കും പ്രവേശനം. പരമാവധി യാത്രക്കാര്‍ മെട്രോ സര്‍വ്വീസിനെ ആശ്രയിക്കണം. ജൂലൈ 12 മുതല്‍ 14 വരെ ആയിരിക്കും ഏറ്റവും തിരക്ക് വര്‍ദ്ധിക്കുക. 8,40,000 യാത്രക്കാര്‍ സഞ്ചരിക്കുമെന്നാണ് കണക്കുകള്‍. ജൂലൈ 13 ആണ് ഏറ്റവും തിരക്കേറിയ ദിവസമായി കണക്കാക്കുന്നത്. 2,86,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. തിരക്കേറിയ ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 2,74,000 യാത്രക്കാര്‍ വീതം സഞ്ചരിക്കുമെന്നാണ് ദുബൈ എയര്‍പോര്‍ട്ട് അതോരിറ്റിയുടെ കണക്കുകള്‍. തടസ്സമില്ലാത്ത യാത്രകള്‍ക്കായാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാ നടപടികള്‍ സംബന്ധിച്ച് വിവിധ എയര്‍ലൈനുകളും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

ഡ്രൈവിംഗ് ലൈസന്‍സിന് വണ്‍ഡേ ടെസ്റ്റ്‌

0

റാസല്‍ഖൈമ: ഡ്രൈവിങ് ലൈസന്‍സിന് വണ്‍ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചു. ഒരേ ദിവസം പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ സംയോജിപ്പിച്ച് പരീക്ഷകള്‍ നടത്താന്‍ അനുവാദം ലഭിക്കും. ജൂലൈ മുതല്‍ ഡിസംബര്‍ വരെയാണ് ഫാസ്റ്റ്ട്രാക്ക് നടപടിക്രമം നടപ്പിലാക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിന് സമയവും പരിശ്രമവും ലാഭിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്. സൈനികര്‍ക്കായാണ് ഇത്തവണ വണ്‍ ഡൈ ടെസ്റ്റ് രീതി പ്രഖ്യാപിച്ചത്. മുമ്പ് ഷാര്‍ജ, ഫുജൈറ എമിറേറ്റുകളില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഒരേ ദിവസം തന്നെ പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ സംയോജിപ്പിച്ച് പരീക്ഷകള്‍ നടത്താന്‍ അപേക്ഷകര്‍ക്ക് അനുവാദം ഉണ്ടായിരിക്കും. ജൂലൈ മുതല്‍ വര്‍ഷം അവസാനം വരെ ഇത്തരത്തില്‍ ലൈസന്‍സ് നേടാന്‍ കഴിയും. ഇലക്ട്രോണിക്, ഓണ്‍സൈറ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് സര്‍വീസ് ലഭിക്കുക. ഇലക്ട്രോണിക് വിഭാഗത്തില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെ ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കാവുന്നാണ്. തുടര്‍ന്ന് എല്ലാ തിയറി ക്ലാസുകളിലും ഓണ്‍ലൈനായി പങ്കെടുക്കേണ്ടി വരും. തിയറി പരീക്ഷ ഓണ്‍ലൈനില്‍ വിജയിച്ച ശേഷം അപേക്ഷകന്‍ രണ്ടാം ഘട്ടത്തിലേയ്ക്ക് പ്രവേശിക്കും. അതില്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടുന്നുണ്ട്. അതിന് ശേഷം അവസാന പരീക്ഷാ തീയതിയില്‍ ഒരേ ദിവസം പ്രിലിമിനറി സിവില്‍ പരീക്ഷകള്‍ ഉണ്ടായിരിക്കും. നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെസ്‌സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ശീതളപാനീയങ്ങളുമായി ദുബൈ: കടുത്ത ചൂടില്‍ ആശ്വാസം

0

ദുബൈ: വേനല്‍ ചൂടില്‍ തൊഴിലാളികള്‍ക്കും ഡെലിവറി റൈഡര്‍മാര്‍ക്കും ശീതളപാനീയങ്ങളുമായി ദുബൈ. അല്‍ ഫ്രീജ് ഫ്രഡ്ജ് എന്ന പേരില്‍ ദുബൈ ആരംഭിച്ച ക്യാമ്പയിനിലൂടെയാണ് ചൂടിന് ആശ്വാസമായി സാധനങ്ങള്‍ നല്‍കുന്നത്. ആഗസ്റ്റ് 23 വരെയാണ് ക്യാമ്പയിന്‍ നടപ്പിലാക്കുക. യുഎഇയില്‍ വേനല്‍ചൂട് കഠിനമായതോട ഉച്ചവിശ്രമം നടപ്പിലാക്കിയിരുന്നു. എന്നാല്‍ വിശ്രമ സമയം അല്ലാത്ത സമയങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ഡെലിവറി ബൈക്ക് ഡ്രൈവര്‍മാക്കും സൗജന്യമായി ശാതളപാനീയങ്ങള്‍ നല്‍കുകയാണ് ദുബൈ. തണുത്ത വെള്ളം, ജ്യൂസുകള്‍, ഐസ്‌ക്രീം എന്നിവയാണ് വിതരണം ചെയ്യുന്നത്. തെരുവുകളിലും റോഡുകളിലുമുള്ള ഒരു ലക്ഷം ശുചീകരണ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഡെലിവറി റൈഡര്‍മാര്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ക്ക് സാധനങ്ങള്‍ നല്‍കും. യുഎഇ വാട്ടര്‍ എയ്ഡ് ഫൗണ്ടേഷന്റെയും യുഎഇ ഫുഡ് ബാങ്കിന്റെയും സഹകരണത്തോടെ ഫര്‍ജാന്‍ ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍ മൊബൈല്‍ ഫോണിലൂടെ: ദുബൈ ആര്‍ടിഎ

0

ദുബൈ: ഡ്രൈവിംഗ് ലൈസന്‍സും, വാഹന രജിസ്‌ട്രേഷനും മൊബൈല്‍ ഫോണിലൂടെ പുതുക്കാന്‍ കഴിയുന്ന സംവിധാനം ആരംഭിച്ച് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. സാംസങ് ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് പുതിയ സൗകര്യം ലഭ്യമാകുക. ആര്‍ടിഎയുടെ പരിഷ്‌കരിച്ച ഏകീതൃത മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സേവനം നല്‍കുന്നത്. മെയ് മാസത്തിലാണ് ദുബൈ ആര്‍ടിഎ മൊബൈല്‍ ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയത്. ഏകീകൃത പ്ലാറ്റ്‌ഫോമില്‍ ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, പാര്‍ക്കിംഗ്, ഫൈന്‍ അടക്കല്‍ ഉള്‍പ്പെടെ വിവിധ സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാംസങ് ഉപയോക്താക്കള്‍ക്കായാണ് ആര്‍ടിഎ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പുതിയ സൗകര്യം നല്‍കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കലും, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലും ഇനി മൊബൈല്‍ ഫോണിലൂടെ സാധിക്കും. ആപ്ലിക്കേഷനിലെ വ്യക്തിഗത ഡാഷ്‌ബോര്‍ഡിലൂടെയാണ് സാംസങ് ഉപയോക്താക്കള്‍ക്ക് സേവനം ഉപയോഗിക്കാന്‍ കഴിയുക എന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി അറിയിച്ചു. സേവനങ്ങള്‍ വേഗത്തില്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം. ആളുകളുടെ വിവരങ്ങളും സ്വകാര്യതയും ഉയര്‍ന്ന നിലവാരത്തില്‍ സംരക്ഷിക്കപ്പെടുമെന്ന് ആര്‍ടിഎയിലെ സ്മാര്‍ട്ട് സര്‍വ്വീസസ് ഡയറക്ടര്‍ മീര അല്‍ ഷെയ്ഖ് അറിയിച്ചു. ലോകത്തിലെ മുന്‍നിര സ്മാര്‍ട്ട് നഗരമാകാനുള്ള ദുബൈയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ആര്‍ടിഎ സേവനങ്ങള്‍ സ്മാര്‍ട്ടാക്കുന്നത്. സാംസങ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി മിലിട്ടറി ഗ്രേഡ് നോക്‌സ് സുരക്ഷാ സ്യൂട്ടിന്റെ ഉറപ്പോടെയാണ് സേവനം നല്‍കുന്നതെന്ന് സാംസങ് അധികൃതരും വെളിപ്പെടുത്തി.

ദുബൈയില്‍ പുതിയ മെട്രോ സ്‌റ്റേഷനുകള്‍: 2030 ല്‍ 96 സ്‌റ്റേഷന്‍

0

ദുബൈയിലെ മെട്രോ, ട്രാം സേവനങ്ങളുടെ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍. 2040 ഓടെ സ്റ്റേഷനുകളുടെ എണ്ണം 140 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. മെട്രോ ബ്ലൂ ലൈന്റെ നിര്‍മ്മാണവും ഈ വര്‍ഷം ആരംഭിക്കും. മെട്രോ, ട്രാം എന്നിവയുടെ സേവനം കൂടുതല്‍ മേഖലകളിലേക്കും വ്യാപിക്കുന്നതിനാണ് പദ്ധതി. നിലവില്‍ റെഡ്, ഗ്രീന്‍ ലൈനുകളിലായി 55 മെട്രോ സ്‌റ്റേഷനുകളും 11 ട്രാം സ്‌റ്റേഷനുകളുമാണ് ഉള്ളത്. ഇത് 2030 ഓടെ 96 സ്‌റ്റേഷനുകളായും 2040 ഓടെ 140 സ്‌റ്റേഷനുകളായും ഉയര്‍ത്തുകയാണ് പദ്ധതി. ദുബൈയുടെ സ്വപ്ന പദ്ധതിയായ 20 മിനിറ്റ് സിറ്റിയിലേക്കും മെട്രോ സര്‍വ്വീസ് നീട്ടും. പൊതുഗതാഗത സേവനങ്ങള്‍ 45 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈയുടെ ഒന്നാം ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലിലാണ് തീരുമാനം. മെട്രോയുടെ പുതിയ ലൈനായ ബ്ലൂ ലൈന്റെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും. 30 കിലോ മീറ്റര്‍ നീളത്തില്‍ 14 സ്‌റ്റേഷനുകളുമായാണ് ബ്ലൂ ലൈന്‍ നിര്‍മ്മിക്കുന്നത്. 1800 കോടി ദിര്‍ഹം ചിലവിലാണ് ബ്ലൂ ലൈന്‍ നിര്‍മ്മിക്കുക. പകുതിയിലധികം ദൂരവും ഭൂമിക്കടിയിലൂടെയാകും കടന്നു പോകുക. ബര്‍ദുബൈ, ദെയ്‌റ, ഡൗണ്‍ടൗണ്‍, ബിസിനസ് ബേ, സിലിക്കന്‍ ഒയാസിസ്, ദുബൈ മറീന, ജെബിആര്‍, എക്‌സ്‌പോ സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്റെ നിര്‍മ്മാണം 2029 ല്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ വര്‍ശം 70.2 കോടി യാത്രക്കാരാണ് പൊതുഗതാഗത സേവനം ഉപയോഗിച്ചത്.

ദുബൈ മാളില്‍ പാര്‍ക്കിംഗിന് സാലിക് പ്രാബല്യത്തില്‍

0

ദുബൈ മാളില്‍ സാലിക് ഉപയോഗിച്ച് പണമടക്കുന്ന പാര്‍ക്കിംഗ് സംവിധാനം പ്രാബല്യത്തിലായി. മൂന്ന് പാര്‍ക്കിംഗ് സോണുകളുടെ പ്രവേശന കവാടത്തിലാണ് സാലിക് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍കര്‍ക്ക് മറ്റ് തടസ്സങ്ങളില്ലാതെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. സാലിക് ഉപയോഗിച്ച് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയ ആദ്യ ദിനം പാര്‍ക്കിംഗ് സോണുകളിലെ തിരക്കൊഴിഞ്ഞു. സിനിമ, ഗ്രാന്‍ഡ്, ഫാഷന്‍ പാര്‍ക്കിംഗ് സോണുകളിലാണ് സാലിക് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനം പാര്‍ക്കിംഗ് ഏരിയായില്‍ പ്രവേശിക്കുമ്പോള്‍ പ്രവേശന കവാടത്തില്‍ പുതിയതായി സ്ഥാപിച്ചരിക്കുന്ന കാമറകള്‍ സാലികുമായി ബന്ധിപ്പിച്ചിരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്യും. വാഹനം തിരികെ ഇറങ്ങുമ്പോള്‍ വീണ്ടും സ്‌കാന്‍ ചെയ്താണ് പാര്‍ക്ക് ചെയ്ത സമയം കണക്കാക്കി പണം ഈടാക്കുന്നത്. പാര്‍ക്കിംഗ് സോണുകളിലേക്കുള്ള പ്രവേശനത്തിനും പാര്‍ക്കിംഗ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് മേഖലകളില്‍ പുതിയ പാര്‍ക്കിംഗ് നിരക്കുകളും പ്രദര്‍ശിപ്പിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ ആദ്യ നാല് മണിക്കൂര്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. വാരാന്ത്യങ്ങളില്‍ ആദ്യ ആറ് മണിക്കൂറും സൗജന്യ പാര്‍ക്കിംഗ് ലഭിക്കും. സബീല്‍, ഫൗണ്ടേയ്ന്‍ വ്യൂ പാര്‍ക്കിംഗ് മേഖലകളില്‍ സൗജന്യ പാര്‍ക്കിംഗ് തുടരും. പുതിയ പാര്‍ക്കിംഗ് സംവിധാനം സുഗമമായ പാര്‍ക്കിംഗ് ഒരുക്കുന്നതായി മാളിലെ സ്ഥിരം സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നതായി മാള്‍ അധികൃതര്‍ വെളിപ്പെടുത്തി.

ശബ്ദപരിധി അളക്കും: അബുദബി പരിസ്ഥിതി ഏജന്‍സി

0

അബുദബി: ശബ്ദപരിധി അളക്കാന്‍ നിര്‍ദ്ദേശം നല്‍കി അബുദബി പരിസ്ഥിതി ഏജന്‍സി. എമിറേറ്റിലുടനീളമുള്ള പ്രദേശങ്ങളിലെ ശബ്ദപരിധി അളക്കുന്നതിനാണ് നിര്‍ദ്ദേശം. ഉയര്‍ന്ന ശബ്ദപരിധിയിലുള്ള അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനാണ് പദ്ധതി. എമിറേറ്റിലെ ഏറ്റവും ഉയര്‍ന്ന ശബ്ദ സ്രോതസ്സുകളുടെ ശ്രേണി കണ്ടെത്തുകയാണ് ലക്ഷ്യം. ഉയര്‍ന്ന ശബ്ദപരിധി ബാധിക്കുന്ന താമസ മേഖലകളെ കണ്ടെത്തി പരിഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന ശബ്ദപരിധിയില്‍ ഉണ്ടാകുന്ന ആഘാതങ്ങള്‍ വിലയിരുത്തും. പദ്ധതിയുടെ ഭാഗമായി പത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നോയ്‌സ് കമ്മറ്റി രൂപീകരിച്ചതായി പരിസ്ഥിതി ഏജന്‍സിയിലെ എന്‍വയോണ്‍മെന്റല്‍ ക്വാളിറ്റി സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ ഹമ്മാദി വ്യക്തമാക്കി. ഉയര്‍ന്ന ശബ്ദപരിധിയില്‍ നിന്നും താമസ മേഖലകളെയോ, സ്‌കൂളകളെയോ സംരക്ഷിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവരശേഖരണത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ആരോഗ്യ മുന്‍കരുതലുകള്‍ പരിസ്ഥിതി ഏജന്‍സി സ്വീകരിക്കും. എമിറേറ്റില്‍ 2007 മുതല്‍ വായു ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി പദ്ധതി നടപ്പിലാക്കിയുരുന്നു. ഇതിന്റെ ഭാഗമായി വായു ഗുണനിലവാരം ഉയര്‍ത്തുന്നതിനായി വിവിധ പദ്ധതികളും നടപ്പിലാക്കുകയാണ്.

ജുമഅ നമസ്‌കാരം പത്തുമിനിറ്റില്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം

0

അബുദബി: ചൂട് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജുമഅ നമസ്‌കാരം പത്തുമിനിറ്റില്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം. യുഎഇ ജനറല്‍ അതോരിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സാണ് നിര്‍ദ്ദേശം നല്‍കിയത്. ഒക്ടോബര്‍ അവസാനം വരെയാണ് തീരുമാനം ബാധകമായിരിക്കുക. രാജ്യത്തുടനീളമുള്ള പള്ളികളില്‍ ജൂണ്‍ 28 മുതല്‍ വെള്ളിയാഴ്ച മുതല്‍ മുതല്‍ ഒക്ടോബര്‍ അവസാനം വരെ തീരുമാനം ബാധകമായിരിക്കും. സാധാരണ 20 മിനിറ്റെടുക്കുന്ന മതപ്രഭാഷണങ്ങള്‍ പത്തുമിനിറ്റായി ചുരുക്കാനും നിര്‍ദേശമുണ്ട്. തിരക്കുകാരണം പള്ളികള്‍ക്കുള്ളില്‍ സ്ഥലമില്ലാതെ വരുമ്പോള്‍ ഒട്ടുമിക്കയിടങ്ങളിലും വിശ്വാസികള്‍ പള്ളിയുടെ മുറ്റത്തും നടപ്പാതകളിലുമായാണ് വെള്ളിയാഴ്ചയിലെ ജുമഅ നമസ്‌കാരത്തില്‍ പങ്കെടുക്കാറുള്ളത്. ചുട്ടുപൊള്ളുന്ന വെയിലില്‍നിന്ന് വിശ്വാസികളെ സുരക്ഷിതരാക്കാനാണ് സമയനിബന്ധന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യുഎഇ വിസിറ്റ് വീസ: വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു

അബുദബി: വിസിറ്റ് വീസയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായി ദുബൈ ജിഡിആര്‍എഫ്എ. വിസിറ്റ് വീസയുടെ കാലാവധി കഴിഞ്ഞ് പത്ത് ദിവസത്തിലധികം രാജ്യത്ത് തങ്ങിയാല്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. യുഎഇ ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചതായി കാണിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചത്. ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ പിന്നീട് രാജ്യത്ത് ഒരു വീസയും ലഭിക്കില്ലെന്നും രാജ്യത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് ജിഡിആര്‍എഫ്എ. കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നാണ് നിര്‍ദ്ദേശം. വിസിറ്റ് വീസയില്‍ കഴിയുന്നവര്‍ക്ക് ഓവര്‍സ്‌റ്റേ ഉള്‍പ്പെടെ വീസ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും ഓഫീസുമായോ ടോള്‍ഫ്രീ നമ്പറായ 8005111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബൈ ആര്‍ടിഎ: ഫൈവ് സ്റ്റാര്‍ റേറ്റിംഗ്‌

0

ദുബൈ: റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയ്ക്ക് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ ഫൈവ് സ്റ്റാര്‍ റേറ്റിംഗ്. വിവിധ മേഖകളിലെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും വിലയിരുത്തിയാണ് റേറ്റിങ് നല്‍കിയത്. തൊഴില്‍ അന്തരീക്ഷത്തിലും നിര്‍മ്മാണ സ്ഥലങ്ങളിലും മറ്റെല്ലാ പ്രവര്‍ത്തന മേഖലകളിലും മികച്ച ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതിനാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയ്ക്ക് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചത്. 57 ഘടകങ്ങള്‍ വിലയിരുത്തിയാണ് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ റേറ്റിങ് നടത്തിയത്. അതോടൊപ്പം പതിനാല് സ്ഥലങ്ങളില്‍ പരിശോധനകളും നടത്തിയിരുന്നു. ഇവയില്‍ 96 ശതമാനം മനദണ്ഡങ്ങള്‍ പാലിച്ചതായാണ് കണ്ടെത്തിട്ടുള്ളത്. 92 ശതമാനമാണ് റേറ്റിങ് സ്വന്തമാക്കാന്‍ ആവശ്യമായിരുന്നത്. തൊഴില്‍പരമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആര്‍ടിഎയുടെ സ്ഥാനവും പ്രതിബദ്ധതയും അടയാളപ്പെടുത്തുന്നതാണ് നേട്ടം. മികവിനും സുസ്ഥിരതയ്ക്കുമുള്ള ആര്‍ടിഎയുടെ പരിശ്രമങ്ങളുടെ തെളിവാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ് നേട്ടമെന്ന് സേഫ്റ്റി റിസ്‌ക് റെഗുലേഷന്‍ ആന്റ് പ്ലാനിങ് വകുപ്പ് ഡയറക്ടര്‍ നദ ജാസിം പറഞ്ഞു.