Wednesday, August 12, 2026
Home Blog Page 130

ഗാസ യുദ്ധം:തെക്കന്‍ ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ഒഴിപ്പിക്കല്‍

0

തെക്കന്‍ ഗാസയില്‍ ജനങ്ങള്‍ക്ക് വീണ്ടും ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി ഇസ്രയേല്‍ സൈന്യം. രൂക്ഷമായ ഏറ്റുമുട്ടല്‍ ആണ് ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഈജിപ്ത് അതിര്‍ത്തിയില്‍ റഫായിലും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്.ഖാന്‍ യൂനിസ് അടക്കമുള്ള പ്രദേശങ്ങളില്‍ ആണ് ഇസ്രയേല്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.

തെക്കന്‍ ഗാസയില്‍ നാല് ലക്ഷത്തോളം വരുന്ന പലസ്തീനികള്‍ വേഗത്തില്‍ ഒഴിഞ്ഞുപോകണം എന്നാണ് ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 27 മരണം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയെന്നാണ് ആരോപണം. ഒഴിഞ്ഞുപോകുന്നതിന് സമയം ലഭിച്ചില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

ഗാസയിലേക്ക് സഹായവുമായി എത്തിയ ഐക്യരാഷ്ട്രസഭയുടെ വാഹനവ്യൂഹത്തിന് നേരേയും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയെന്ന് യു.എന്‍ പലസ്ഥീന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. ഒരു വാഹനത്തില്‍ മാത്രം അഞ്ച് ബുള്ളറ്റുകള്‍ ആണ് തറച്ചത്. ഐക്യരാഷ്ട്രസഭ എന്ന് അടയാളപ്പെടുത്തിയ വാഹനങ്ങള്‍ നേരെയാണ് ആക്രമണം നടന്നതന്നും പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. ഇതിനിടെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അമേരിക്കയില്‍ എത്തി. ഇമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനുമായി നെതന്യാഹു നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തും.

ബൈഡന്‍ പിന്‍മാറി:എല്ലാ കണ്ണുകളും കമല ഹാരിസിലേക്ക്‌

0

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്‍മാറിയതോടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പിന്തുണയേറുന്നു. തനിക്ക് പകരം കമലാ ഹാരീസിന്റെ പേര് നിര്‍ദ്ദേശിച്ചാണ് ബൈഡന്‍ പിന്‍മാറിയത്. ബൈഡനെ തോല്‍പ്പിക്കുന്നിതിലും എളുപ്പമാണ് കമലാ ഹാരിസിനെ പരാജയപ്പെടുത്തുന്നതെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാല് മാസം ശേഷിക്കെയാണ് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയത്.

തനിക്ക് പകരം കമലാ ഹാരിസ് സ്ഥാനാര്‍ത്ഥിയാകട്ടെ എന്ന നിര്‍ദ്ദേശവും ബൈഡന്‍ മുന്നോട്ടുവെച്ചു. 284 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ അമേരിക്കയില്‍ ഇതുവരെ ഒരു ഒരു വനിത പോലും പ്രസിഡന്റായിട്ടില്ല. അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റിംഗ് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ ആണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്യുന്നത്. തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിര്‍ദ്ദേശം ബഹുമതിയാണെന്നും പാര്‍ട്ടി നോമിനേഷന്‍ ലഭിക്കാനും വിജയിക്കാനും പരിശ്രമിക്കുമെന്നും കമലാ ഹാരിസ് പ്രതികരിച്ചു.

ഡെമോക്രാറ്റിംഗ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരും കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിന്നുണ്ട്. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്മാറണം എന്ന് ഡെമോക്രാറ്റിംക് പാര്‍ട്ടിയില്‍ നിന്നുതന്നെ ആവശ്യം ഉയര്‍ന്നിരുന്നു.

മെയനില്‍ ഹൂത്തികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം: മൂന്ന് മരണം

0

ഹുത്തികളെ ലക്ഷ്യമിട്ട് യെമിനില്‍ ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് യെമന്‍ ഭരണകൂടം അറിയിച്ചു.ഇസ്രയേലില്‍ ഹുത്തികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് യെമനിലെ ആക്രമണം.യെമനിലെ ഹുദൈദ തുറമുഖത്തിന് സമീപത്താണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ആക്രണത്തില്‍ മൂന്ന് പേര്‍ മരിച്ചെന്നും എണ്‍പത്തിയേഴ് പേര്‍ക്ക് പരുക്കേറ്റെന്നും ഹുത്തി നേതൃത്വം അറിയിച്ചു. ചെങ്കടല്‍ തുറമുഖമായ ഹുദൈയ്ക്ക് സമീപത്തുള്ള എണ്ണസംഭരണകേന്ദ്രങ്ങളിലും വൈദ്യുതി നിലയത്തിലും ആണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.

ഇസ്രയേലിലെ ടെല്‍അവീവില്‍ ഹൂത്തികള്‍ കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായിട്ടാണ് ഇസ്രയേല്‍ സൈന്യം യെമനില്‍ പ്രത്യാക്രമണം നടത്തിയത്. ഹുത്തികള്‍ ഹൂദൈന തുറമുഖം ആയുധക്കടത്തിന് ഉപയോഗിക്കുന്നുവെന്നും ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇറാനില്‍ നിന്നുള്ള ആയുധങ്ങള്‍ ഹുദൈദ തുറമുഖം വഴിയാണ് ഹുത്തികള്‍ യെമനില്‍ എത്തിക്കുന്നതെന്നും ഇസ്രയേല്‍ സൈന്യം ആരോപിച്ചു. അതെസമയം ഇന്നും യെമനിലെ ഹൂത്തികള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

യെമനില്‍ നിന്നും ഹുത്തികള്‍ തൊടുത്ത മിസൈല്‍ ഇസ്രയേലിന്റെ വ്യോമമേഖലയില്‍ പ്രവേശിക്കും മുന്‍പ് തകര്‍ത്തെന്നും പ്രതിരോധ സേന അറിയിച്ചു. കഴിഞ്ഞ ഒന്‍പത് മാസമായി യെമനില്‍ നിന്നും ഹുത്തികള്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഹുത്തികള്‍ അയച്ചുവെച്ചും ഇസ്രയേല്‍ സൈന്യം ആരോപിച്ചു.

കേരളത്തില്‍ വീണ്ടും നിപ മരണം:മരിച്ചത് പതിനാലുകാരന്‍

0

കേരളത്തില്‍ വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന പതിനാലുകാരന്‍ ആണ് മരിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐ.സി.യുവിലേക്ക് മാറ്റിയത്.കുട്ടിക്ക് ഇന്ന് രാവിലെ 10.50-ന് ഹൃദയാഘാതം സംഭവിക്കുകയും രക്തസമ്മര്‍ദ്ദം താഴുകയും ആയിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് വൈറോളജി ലാബിലും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനയിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.പതിനൊന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. നിപ ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മാസ്‌ക്കും നിര്‍ബന്ധമാക്കി.2018-ന് ശേഷം ഇത് അഞ്ചാം തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

വിമാനയാത്ര:ദുബൈയില്‍സ്മാര്‍ട്ട് ഗെയ്റ്റ് രജിസ്‌ട്രേഷന്‍ മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പാക്കാം

0

വിമാനയാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഗെയ്റ്റ് രജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് മുന്‍കൂട്ടി പരിശോധിക്കുന്തിനുള്ള
സൗകര്യം ഒരുക്കി ദുബൈ ഇമിഗ്രേഷന്‍ വകുപ്പ്. ജിഡിആര്‍എഫ്എയുടെ വൈബ്‌സൈറ്റില്‍
ആണ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാണ് ദുബൈ ജിഡിആര്‍എഫ്എ
വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ഗെയ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സെക്കന്‍ഡുകള്‍കൊണ്ട്
ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗെയ്റ്റിലെ
രജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് മുന്‍കൂട്ടി അറിയുന്നതിനുള്ള ക്രമീകരണം ആണ് ജിഡിആര്‍എഫ്
നല്‍കിയിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് സ്മാര്‍ട്ട് ഗെയ്റ്റ്
രജിസ്‌ട്രേഷന്‍ പരിശോധിച്ച് ഉറപ്പക്കാം.

ജിഡിആര്‍എഫ്എ വെബ്‌സൈറ്റില്‍ എന്‍ക്വയറി ഫോര്‍ സ്മാര്‍ട്ട്
ഗേറ്റ് രജിസ്‌ട്രേഷന്‍ എന്ന വിഭാഗത്തില്‍ ആണ് എമിറേറ്റ്‌സ് ഐഡി വിശദാംശങ്ങളും പാസ്‌പോര്‍ട്ട്വിശദാംശങ്ങളും നല്‍കേണ്ടത്. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നതെന്നും ജിഡിആര്‍എഫ്എ അറിയിച്ചു. യുഎഇ പൗരന്മാര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പൗരന്മാര്‍, യുഎഇ താമസവീസക്കാര്‍ എന്നിവര്‍ക്കാണ് സ്മാര്‍ട്ട് ഗെയ്റ്റ് ഉപയോഗിക്കാന്‍ കഴിയുക.127 സ്മാര്‍ട്ട് ഗെയ്റ്റുകള്‍ ആണ് നിലവില്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. 2023-ല്‍ 21 ദശലക്ഷം യാത്രക്കാര്‍ ആണ് ദുബൈ വിമാനത്താവളത്തില്‍ സ്മാര്‍ട്ട്ഗെയ്റ്റുകള്‍ ഉപയോഗിച്ചത്.

636 ബസുകള്‍ വാങ്ങാന്‍ 110 കോടി ദിര്‍ഹത്തിന്റെ കരാര്‍ നല്‍കി ദുബൈ ആര്‍ടിഎ

0

ദുബൈയുടെ പൊതുഗതാഗത ശൃംഖലയില്‍ കൂടുതല്‍ ബസുകള്‍ ഇറക്കുന്നതിന് 110 കോടി ദിര്‍ഹത്തിന്റെ കരാര്‍ നല്‍കി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി. അറുനൂറിലധികം പുതിയ ബസുകള്‍ ആണ് ആര്‍ടിഎ വാങ്ങുന്നത്. ഇലക്ട്രിക് ബസുകള്‍ അടക്കമാണ് ആര്‍ടിഎ നിരത്തിലിറക്കാന്‍ പോകുന്നത്.നൂറ്റിപ്പത്ത് കോടി ദിര്‍ഹം ചിലവില്‍ 636 ബസുകള്‍ വാങ്ങുന്നതിനാണ് ദുബൈ ആര്‍ടിഎ കരാര്‍ നല്‍കയിരിക്കുന്നത്.

യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശാനുസരണം ആണ് ദുബൈ ആര്‍ടിഎ എമിറേറ്റിലെ പൊതുഗതാഗത ശൃംഖല വിപൂലീകരിക്കുന്നത്. യൂറോ സിക്‌സ് നിലവാരത്തിലുള്ള ബസുകള്‍ ആണ് പുതിയതായി വാങ്ങുന്നതെന്നും ആര്‍ടിഎ അറിയിച്ചു. ഇതില്‍ 146 ബസുകള്‍ ഡബിള്‍ ഡെക്കര്‍ ബസുകളായിരിക്കും. 450 സിറ്റി സര്‍വീസ് ബസുകളും ആണ് ആര്‍ടിഎ വാങ്ങുന്നത്. ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കും എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയുന്ന ലോഫ്‌ലോര്‍ ബസുകള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നും ആര്‍ടിഎ അറിയിച്ചു. വാങ്ങുന്നവയില്‍ 40 എണ്ണം ഇലക്ട്രിക് ബസുകളാണ്.

ഘട്ടംഘട്ടമായി ഇലകട്രിക് ഹൈബ്രീഡ് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് നാല്‍പ്പത് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത്. 2030 ഓട് കൂടി പൊതുഗതാഗത യാത്രകള്‍ ഇരുപത്തിയഞ്ച് ശതമാനമാക്കി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം എന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്നതിനും യാത്രക്കാരുടെ എണ്ണം എടുക്കുന്നതിനും സംവിധാനങ്ങള്‍ ഉള്ളതാണ് പുതിയതായി വരാന്‍ പോകുന്ന ബസുകള്‍.കുട്ടികള്‍ക്കായി പ്രത്യേക സീറ്റുകള്‍, വൈഫൈ, മൊബൈല്‍ ഫോര്‍ചാര്‍ജിംഗ് പോയിന്റുകള്‍ തുടങ്ങിയവയും ബസില്‍ ഉണ്ടാകും.

ചാന്ദിപ്പുര വൈറസ് ബാധയില്‍ മഹാരാഷ്ട്രയില്‍ മരണം വര്‍ദ്ധിക്കുന്നു

0

ഗുജറാത്തില്‍ ചാന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി ഉയര്‍ന്നു. മുപ്പതോളം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളിലേക്ക് വൈറസ് വ്യാപിക്കുന്നുണ്ട്.സബര്‍കാന്ത, ആരവല്ലി, മഹിസാഹര്‍, മെഹ്‌സാന,രാജ്‌കോട്ട് ജില്ലകളിലാണ് വൈറസ് ബാധ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു നാല് വയസുകാരന്‍ അടക്കം പതിനഞ്ച് കുട്ടികള്‍ ഇതുവരെ വൈറസ് രോഗലക്ഷണങ്ങളോടെ മരണപ്പെട്ടു.

പന്ത്രണ്ട് ജില്ലകളില്‍ ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇരുപത്തിയൊന്‍പത് പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നുണ്ട്. കൂടുതല്‍ ജില്ലകളിലേക്ക് വൈറസ് വ്യാപനം നടന്നിരിക്കുന്നതിനാല്‍ വരും ദിവസങ്ങളഇല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പും ഡോക്ടര്‍മാരും പ്രതീക്ഷിക്കുന്നത്. വൈറസ് ബാധയെ കുറിച്ച് വിശദമായി പഠിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത ഇതുവരെ 51725 പേരേ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

മരണസാധ്യത കൂടുതലുള്ള അപൂര്‍വ്വ വൈറസ് ആണ് ഗുജറാത്തില്‍ ഭീതി പരത്തുന്നത്. മഹാരാഷ്ട്രയിലെ ചാന്ദിപ്പുര ഗ്രാമത്തില്‍ ആണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. ഇക്കാരണത്താലാണ് ഈ വൈറസ് ചാന്ദിപുര വൈറസ് എന്ന് അറിയപ്പെടുന്നത്. കടുത്ത പനിയും,ഛര്‍ദ്ദിയും ആണ് പ്രധാന രോഗലക്ഷണങ്ങള്‍.


കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു, വ്യാപകനാശം

0

കേരളത്തില്‍ കനത്ത നാശം വിതച്ച് അതിതീവ്രമഴ. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലായി നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരിലിറങ്ങേണ്ട കുവൈത്ത് കണ്ണൂര്‍ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റില്‍ ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞു വീണതിനാല്‍ കൊച്ചി മെട്രോയുടെ സര്‍വ്വീസ് തടസ്സപ്പെട്ടു.

ഇടുക്കി ജില്ലയില്‍ മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലത്തിനു സമീപം പൂയംകുട്ടിയില്‍ കാട്ടാന പുഴയില്‍ വീണു. മലപ്പുറത്ത് 42 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ഇടുക്കിയില്‍ 25 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.


ജൂലൈ 18 യൂണിയന്‍ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

0

ജൂലൈ പതിനെട്ട് യുഎഇയില്‍ യൂണിയന്‍ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 1971 ല്‍ യുഎഇ രൂപീകരിക്കുന്നതിനു മുന്നോടിയായി ജൂലൈ 18നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന് രാജ്യത്തിന് പേരു നല്‍കിയത്. ഈ ദിവസത്തിന്റെ പ്രധാന്യം കണക്കിലെടുത്താന്‍ ജൂലൈ 18 യൂണിയന്‍ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ചത്.

യുഎഇ എന്ന രാജ്യം രൂപീകൃതമായതിന്റെ സുപ്രധാന ദിനമാണ് 1971 ജൂലൈ 18. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ സാന്നിധ്യത്തില്‍ വിവിധ എമിറേറ്റുകള്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് രാജ്യത്തിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന് പേര് നല്‍കുന്നതിന് തീരുമാനിച്ചത്. അന്നു തന്നെ രാജ്യത്തിനായി തയ്യാറാക്കിയ ഭരണഘടനയിലും ഭരണകര്‍ത്താക്കള്‍ ഒപ്പുവെച്ചു. രാജ്യത്തിനായി അടിത്തറയിട്ട സുപ്രധാന ദിവസമായതിനാല്‍ ജൂലൈ 18 യുഎയില്‍ യൂണിയന്‍ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ എക്‌സിലൂടെ അറിയിച്ചു. ഇതിനു ശേഷം 1971 ഡിസംബര്‍ രണ്ടിനാണ് രാജ്യം സ്ഥാപിക്കുന്നത്.

യൂണയിന്‍ ദിനം, പതാക ദിനം, അനുസ്മരണം ദിനം എന്നിവയ്ക്ക് ശേഷം യുഎഇയിലെ ഔദ്യോഗിക ദിനമായാണ് പുതിയ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ ചരിത്രപരമായ ദിനങ്ങളെ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.


ഷാര്‍ജയില്‍ മഴക്കെടുതി ബാധിതര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം

0

യുഎഇയില്‍ കഴിഞ്ഞ ഏപ്രിലില്‍ അനുഭവപ്പെട്ട അസാധാരണമഴയില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് ഷാര്‍ജ ഭരണകൂടം. അന്‍പതിനായിരം ദിര്‍ഹമായി നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ചതായി യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ്ല്‍ ഖാസിമി പ്രഖ്യാപിച്ചു.ഏപ്രില്‍ പതിനാറിന് അനുഭവപ്പെട്ട അസാധാരണമഴയിലും വെള്ളപ്പൊക്കത്തിലും ഷാര്‍ജയില്‍ നിരവധി വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

വീടുകള്‍ക്ക് നാശംസംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഷാര്‍ജ ഭരണകൂടം ഏപ്രിലില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 618 പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചതായി ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ അറിയിച്ചു. മഴക്കെടുതി നേരിടുന്നവര്‍ക്ക നഷ്ടപരിഹാരം നല്‍കുന്നതിനായി പതിനഞ്ച് ദശലക്ഷത്തി മുപ്പത്തിമൂവായിരം ദിര്‍ഹം ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അനുവദിച്ചിരിക്കുന്നത്. ഇത് ഉടന്‍ അര്‍ഹരായവരില്‍ എത്തിക്കണം എന്ന് ഭരണാധികാരിയ ഷാര്‍ജ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദ്ദേശം നല്‍കി.

മഴക്കെടുതിയില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ ഷാര്‍ജ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.