Wednesday, August 12, 2026
Home Blog Page 128

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

0

യുഎഇയിലും സ്വര്‍ണ്ണവിലയില്‍ മുന്നേറ്റം. ഒരുഗ്രാമിന് മൂന്ന് ദിര്‍ഹത്തിലധികം ആണ് വില വര്‍ദ്ധന.ആഗോളസാമ്പത്തിക സാഹചര്യങ്ങള്‍ ആണ് വില വര്‍ദ്ധനയ്ക്ക് കാരണം.
24 ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്റെ വില 297 ദിര്‍ഹം അന്‍പത് ഫില്‍സ് ആയിട്ടാണ് വര്‍ദ്ധിച്ചത്. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 275 ദിര്‍ഹം അന്‍പത് ഫില്‍സായും വര്‍ദ്ധിച്ചു. 266 ദിര്‍ഹം അന്‍പത് ഫില്‍സ് ആണ് ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന് വില. തുടര്‍ച്ചയായ മൂന്നാം ദിവസം ആണ് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നത്.

2457 ഡോളഖിലേക്കാണ് ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ചിരിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം മൂര്‍ച്ഛിക്കുന്നതും ആണ് സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധനയ്ക്ക് കാരണം. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിപ്പിക്കുകയാണ്. ഈ ആശങ്കയുടെ പേരില്‍ ആഗോളതലത്തില്‍ ഓഹരി വിപണികളിലും ഇന്ന് തകര്‍ച്ച നേരിട്ടു.

ഇന്ന് രാത്രി അമേരിക്കയില്‍ നിന്നുള്ള തൊഴില്‍-ഫാക്ടറി ഉത്പാദന കണക്കുകള്‍ പുറത്ത് വരും എന്നതും വിപണിയെ ബാധിക്കുന്നുണ്ട്. ഇത് മാന്ദ്യസൂചന നല്‍കുന്നതാകും എന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ഇസ്രയേല്‍ ഗാസ യുദ്ധം പൂതിയ തലങ്ങളിലേക്ക് വികസിക്കുന്നതും വിപണിയെ ബാധിക്കുന്നുണ്ട്.ഇത്തരം ഘട്ടങ്ങളില്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ കൂടുതല്‍ വിശ്വാസത്തില്‍ എടുക്കുന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണം

വേനലവധി: വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ള തുടരുന്നു

0

അവധിക്കാലം കഴിഞ്ഞ് പ്രാവസികള്‍ തിരികെ യുഎഇയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നതോടെ ടിക്കറ്റ് നിരക്കും കുത്തനെ ഉയരുന്നു. ഈ മാസം പകുതി മുതല്‍ ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ദ്ധന വരുത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. സാധാരണ നിരക്കില്‍ നിന്നും നാല് ഇരട്ടിയിലധികമാണ് വര്‍ദ്ധന.കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരെ കൊള്ളയിടിക്കുകയാണ് വിമാന കമ്പനികള്‍. ആഗസ്റ്റ് 15 ന് കൊച്ചിയില്‍ നിന്നും ദുബൈ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള കണക്ടഷന്‍ ഫ്‌ളൈറ്റിന് 950 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.

അബുദബിയിലേക്കുള്ള യാത്രയ്ക്ക് 1160 ദിര്‍ഹമാണ് കുറഞ്ഞ നിരക്ക്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് രണ്ടായിരം ദിര്‍ഹത്തിനു മുകളിലാണ് വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും നേരിട്ട് യുഎഇയിലെ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂവായിരം ദിര്‍ഹവും കടന്നു. താരതേന്യ ടിക്കറ്റ് നിരക്ക് കുറവുള്ള അബുദബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു പോലും യാത്ര ചെയ്യണമെങ്കില്‍ 2450 ദിര്‍ഹത്തോളം നല്‍കണം. ടിക്കറ്റ് നിരക്ക് ഉയരുമ്പോള്‍ പലരും കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യാറുണ്ട്. എന്നാല്‍ സമയ നഷ്ടത്തിനൊപ്പം അമിത നിരക്കും നല്‍കിയാല്‍ മാത്രമേ ഈ മാസം യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ കഴിയു.

ടിക്കറ്റ് നിരക്ക് വര്‍ദ്ധനയില്‍ ഇന്ത്യന്‍ വിമാന കമ്പനികളാണ് മുന്‍പന്തിയില്‍. ഇന്‍ഡിഗോ, എയര്‍ഇന്ത്യ, എയന്‍ഇന്ത്യ എക്‌സ്പ്രസ് വിമാന കമ്പനികളാണ് ഭീമമായ നിരക്ക് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഈ സമയങ്ങളില്‍ ആകാശ എയറും 1800 ദിര്‍ഹം മുതലാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. യുഎഇയുടെ വിമാന കമ്പനികള്‍ക്കും മൂവായിരം ദിര്‍ഹം വരെയാണ് നിരക്ക്. കുടുംബമായി കേരളത്തില്‍ നിന്നും യാത്ര ചെയ്യുന്നവരെയാണ് നിരക്ക് വര്‍ദ്ധന ഏറെ പ്രതികൂലമായി ബാധിക്കുന്നത്. അതേസമയം ഇന്ത്യയിലെ മറ്റ് സെക്ടറുകളില്‍ നിന്നും ഈ മാസം അവസാനം വരെ യാത്ര ചെയ്യുന്നവര്‍ക്ക് 1000 ദിര്‍ഹം മുതല്‍ ടിക്കറ്റും ലഭ്യമാണ്. സെപ്റ്റംബര്‍ ആദ്യവാരം കഴിയുന്നതോടെ നിരക്ക് സാധാരണ നിലയിലേക്ക് താഴുന്നുമുണ്ട്.


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 300 കടന്നു:തെരച്ചില്‍ തുടരുന്നു

0

വയനാട് ദുരന്തത്തില്‍ മരണം 317-ആയി വര്‍ദ്ധിച്ചു.ഇരുനൂറിലധികം പേരെ ആണ് ഇനി കണ്ടെത്താനുള്ളത്. ഇതിനിടെ മുണ്ടക്കൈയിലെ തകര്‍ന്ന വീട്ടില്‍ നിന്നും നാല് പേരെ സൈന്യം ജീവനോട് കൂടി രക്ഷപെടുത്തി.ബെയ്‌ലിപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കൂടുതല്‍ സന്നാഹങ്ങള്‍ എത്തിച്ചാണ് നാലാം ദിവസത്തെ തെരച്ചില്‍. ഇതുവരെ കണ്ടെടുത്തതില്‍ എഴുപത്തിനാല് മൃതശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ വയനാട് ജില്ലയിലെ വിവിധ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ ആണ് തീരുമാനം.

ചാലിയാറില്‍ നിന്നും 176 മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത്. ചാലിയാറില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ ഉപയോഗിച്ച് ഇന്നും പരിശോധന നടത്തി.ഇതിനിടെ മുണ്ടക്കൈയിലെ പടവെട്ടിക്കുന്നില്‍ നിന്നും നാലുപേരെ സൈന്യം രക്ഷിച്ചു. രണ്ട് പുരുഷന്‍മാരേയും രണ്ട് സ്ത്രീകളേയും ആണ് രക്ഷപെടുത്തിയത്. ഉരുള്‍പൊട്ടിയൊഴുകിയിന്റെ വലതുഭാഗത്തുള്ള ഹോംസ്‌റ്റേയില്‍ നിന്നാണ് നാല് പേരെ രക്ഷപെടുത്തിയത്.

ഇന്ന് മുപ്പത് പേര്‍ അടങ്ങുന്ന ആറ് സംഘങ്ങള്‍ ആണ് മുണ്ടക്കൈ ചൂരല്‍മല മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. ദുരന്തത്തില്‍ ആകെ 206 പേരെ കാണാതായി എന്നാണ് കണക്ക്. ഇതില്‍ നാല്‍പ്പത്തിയൊന്‍പത് പേര്‍ കുട്ടികളാണ്. കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി.

ഉള്ളുലച്ച് വയനാട്: മരണം 290 കടന്നു

0

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 290 കടന്നു. ഇനിയും ഇരുനൂറിലധികം പേരെ കണ്ടെത്താനുണ്ട്. കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് തെരത്തില്‍.മുണ്ടക്കൈയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും തെരച്ചില്‍ പുരോഗമിക്കുമ്പോള്‍ മരണസംഖ്യയും ഉയരുകയാണ്. പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നും ഇതുവരെ കണ്ടെടുത്തത് 139 മൃതദേഹങ്ങള്‍ ആണ്. ചാലിയാറില്‍ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചു.

ഇതുവരെ ദുരന്തമുഖത്ത് നിന്നും 1600-ഓളം പേരെ രക്ഷപെടുത്തി.എണ്ണായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ട്. മുണ്ടക്കൈ,ചൂരല്‍മല,പുഞ്ചിരിമട്ടം എന്നി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനി എത്ര പേരെ കണ്ടെത്താനുണ്ട് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 250-ല്‍ അധികം പേരെ കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കല്ലും മണ്ണും മരങ്ങളും കെട്ടിടാവശിഷ്ടങ്ങളും നീക്കായണ് തെരച്ചില്‍ നടത്തുന്നത്.മണ്ണുമാന്തി യന്ത്രങ്ങള്‍ അടക്കം കൂടുതല്‍ യന്ത്രസാമഗ്രികള്‍ ഇന്ന് ദുരന്തമുഖത്ത് എത്തിച്ചിട്ടുണ്ട്.ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ ഇന്നും ബാധിക്കുന്നുണ്ട്.

വയനാട്ടിലേത് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.അഞ്ചൂറിലധികം സൈനികര്‍ ആണ് ദുരിതബാധിത മേഖലകളില്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്.നിര്‍മ്മാണം പൂര്‍ത്തിയായ ബെയ്‌ലി പാലം സ്ഥിരം പാലം നിര്‍മ്മിക്കും വരെ മുണ്ടക്കൈയില്‍ തുടരും എന്നും സൈന്യം അറിയിച്ചു.

യുഎഇയില്‍ താമസനിയമലംഘകര്‍ക്ക് പിഴയിളവ് പ്രഖ്യാപിച്ചു

0

യുഎഇയില്‍ താമസനിയമലംഘകര്‍ക്ക് പൊതുമാപ്പിന് സമാനമായ പിഴയിളവ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ രണ്ട് മാസക്കാലം ആണ് പിഴയിളവ് ലഭിക്കുക. ഇക്കാലയളവില്‍ താമസനിയമലംഘകര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുകയോ രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്ത് തുടരുകയോ ചെയ്യാം എന്നാണ് ഐ.സി.പിയുടെ അറിയിപ്പ്.

നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും എന്നും ഐസിപി അറിയിച്ചു.വീസ കാലാവധി അവസാനിച്ചതിന് ശേഷവും രാജ്യത്ത് തുടരുന്നവര്‍ക്ക് സഹായകമാകുന്നതാണ് യുഎഇയുടെ ഈ പ്രഖ്യാപനം.ഇതിന് മുന്‍പ് 2018-ല്‍ ആണ് യുഎഇ താമസനിയമലംഘകര്‍ക്ക് സമാനമാം വിധത്തില്‍ പൊതുമാപ്പ് അനുവദിച്ചത്.

ഹിസ്ബുള്ളയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇസ്രയേല്‍

0

ഗോലാന്‍ കുന്നിലെ ആക്രമണത്തിന് ഹിസ്ബുള്ളയ്ക്ക് തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭയുടെ അനുമതി.ഇതിന് പിന്നാലെ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.ഇസ്രയേല്‍ അധിനിവേശ ഗോലാന്‍കുന്നില്‍ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ കുട്ടികളും കൗമാരക്കാരും അടക്കം പന്ത്രണ്ട് പേര്‍ ആണ് കൊല്ലപ്പെട്ടത്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുന്നതിന് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനേയും പ്രതിരോധമന്ത്രി യോവ് ഗ്യാലന്റിനേയും ചുമതലപ്പെടുത്തി.

ഇറാന്‍ നിര്‍മ്മിത റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ലബനന്‍ സായുധവിഭാഗമായ ഹിസ്ബുള്ള ഗോലാന്‍കുന്നുകളില്‍ ആക്രമണം നടത്തിയത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. തെക്കന്‍ലബനനില്‍ നിന്നാണ് മിസൈല്‍ തൊടുത്തത് എന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. സുരക്ഷാ മന്ത്രിസഭയുടെ യോഗത്തിന് പിന്നാലെ ലബനനില്‍ ഇസ്രയേല്‍ സൈന്യം ആക്രമണവും തുടങ്ങിയിട്ടുണ്ട്. തെക്കന്‍ലബനനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഗോലാന്‍കുന്നിലെ ആക്രമണത്തിന് ലബനനില്‍ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹിസ്ബുള്ളയും എന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ ലബനനില്‍ ആണ് ഇസ്രയേല്‍ ആക്രമണം പ്രതീക്ഷിക്കുന്നത്. ഇസ്രയേലിന്റെ ആക്രമണ ഭീഷണി ബെയ്‌റൂട്ട് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളേയും റബാധിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയും ചില വിമാനങ്ങള്‍ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്തു.

വ്യാജസ്വദേശിവത്കരണം:അബുദബിയില്‍ സ്വകാര്യസ്ഥാപനത്തിന് കനത്ത തുക പിഴ

0

അബുദബിയില്‍ വ്യാജസ്വദേശിവത്കരണത്തിന് സ്വകാര്യസ്ഥാപനത്തിന് ഒരു കോടി ദിര്‍ഹം പിഴ. നൂറിലധികം ഇമാറാത്തികള്‍ക്ക് തൊഴില്‍ നല്‍കി എന്ന പേരിലായിരുന്നു തട്ടിപ്പ്.
അബുദബി കോടതിയാണ് വ്യാജസ്വദേശിവത്കരണം നടത്തിയ സ്വകാര്യസ്ഥാപനത്തിന് പത്ത് ദശലക്ഷം ദിര്‍ഹം പിഴ ചുമത്തിയത്. 113 സ്വദേശിപൗരന്‍മാര്‍ക്ക് നിയമനം നല്‍കിയെന്ന പേരിലായിരുന്നു തട്ടിപ്പ്.

കമ്പനിയുടെ സ്വദേശിവത്കരണ നടപടിക്രമങ്ങളില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ ഉണ്ടെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നടത്തിയ പരിശോധനയില്‍ ആണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് മന്ത്രാലയം കേസ് അബുദബി പ്രോസിക്യൂഷന് കൈമാറി. ഇമാറാത്തികള്‍ക്ക് യഥാര്‍ത്ഥത്തില്‍ നിയമം നല്‍കാതെയാണ് കമ്പനി ജീവനക്കാരെ രജിസ്ട്രര്‍ ചെയ്തതും വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതും . നാഫിസ് പദ്ധതിയിലും ഇല്ലാത്ത ഇമാറാത്തി ജീവനക്കാരുടെ പേരില്‍ രജിസ്ട്രര്‍ ചെയ്തു.ഇമറാത്തിവത്കരണ നിയമത്തെ അട്ടിമറിക്കും വിധത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് കോടതി കനത്ത തുക പിഴ വിധിച്ചത്.

യുഎഇയില്‍ മുപ്പത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാര്‍

0

യുഎഇയില്‍ മുപ്പത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.അഞ്ച് ജിസിസി രാജ്യങ്ങളിലായി തൊണ്ണൂറ് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. യുഎഇയില്‍ ഒരുകൊല്ലത്തിനിടയില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം ആണ് വര്‍ദ്ധന
ഇന്ത്യന്‍വിദേശകാര്യസഹമന്ത്രി കിര്‍ത്തി വര്‍ദ്ധന്‍ സിംഗ് പാര്‍ലമെന്റില്‍ ആണ് ജിസിസി രാഷ്ട്രങ്ങളിലെ ഇന്ത്യക്കാരുടെ കണക്ക് അവതരിപ്പിച്ചത്. ജിസിസിയില്‍ ആകെ 9258302 ഇന്ത്യക്കാര്‍ ആണ് ഉള്ളത്. ജിസിസിയില്‍ യുഎഇയില്‍ ആണ് ഏറ്റവും അധികം ഇന്ത്യക്കാര്‍. 2023- 2024 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 3554274 ആണ് യുഎഇയില്‍ ഉള്ള ഇന്ത്യക്കാരുടെ എണ്ണം. 2022-2023 കാലയളവില്‍ ഇത് 3419875-ആയിരുന്നുവെന്നും മന്ത്രി അറിയിച്ചു.രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയാണ്. സൗദിയില്‍ 2645302 ഇന്ത്യക്കാരാണ് കഴിയുന്നത്.

ഇന്ത്യക്കാരുടെ എണ്ണത്തില്‍ ജിസിസിയില്‍ മൂന്നാം സ്ഥാനത്ത് കുവൈത്തും നാലാം സ്ഥാനത്ത് ഖത്തറും അഞ്ചാം സ്ഥാനത്ത് ഒമാനും ആണ്. കുവൈത്തില്‍ 1000726 ഇന്ത്യക്കാരും ഖത്തറില്‍ 835000 ഇന്ത്യക്കാരും ആണ് ഉള്ളത്. ഒമാനില്‍ 673000 ആണ് ഇന്ത്യക്കാരുടെ എണ്ണം. ജിസിസിയില്‍ ഏറ്റവും കുറവ് ഇന്ത്യക്കാരുള്ളത് ബഹ്‌റൈനില്‍ ആണ്. മൂന്നരലക്ഷം. ജിസിസിയില്‍ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞുവരുന്ന രാജ്യം കുവൈത്ത് ആണ്. മുന്‍വര്‍ഷത്തേക്കാള്‍ 2024-ല്‍ കുവൈത്തില്‍ ഇരുപത്തിയ്യായിരത്തിലധികം ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു.

യുഎഇയില്‍ അടുത്തയാഴ്ച ചൂട് കുറയും മഴയ്ക്കും സാധ്യത

0

യുഎഇയില്‍ അടുത്ത ആഴ്ച താപനിലയില്‍ കുറവ് രേഖപ്പെടുത്തും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.രാജ്യത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്.യുഎഇയില്‍ കൂടിയ താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് വരെ ഉയര്‍ന്നതിന് ശേഷം ആണ് കുറവ് രേഖപ്പെടുത്തുന്നത്.

ഇന്ന് മുതലുള്ള ദിവസങ്ങളില്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.ബുധനാഴ്ചയും വ്യാഴാഴ്ചയും രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലും കിഴക്കന്‍ ഭാഗങ്ങളിലും താപനിലയില്‍ കുറവ് രേഖപ്പെടുത്തും. വ്യാഴാഴ്ച താപനിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തും എന്നും ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.നിലവില്‍ നാല്‍പത്തിയെട്ട് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ആണ് യുഎഇയില്‍ ഉയര്‍ന്ന താപനില. അടുത്തയാഴ്ച ഇതില്‍ കുറവ് വരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.

ബുധനാഴ് മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാജ്യത്ത് മഴയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച രാജ്യത്തിന്റെ കിഴക്കന്‍ തീരപ്രദേശങ്ങളിലും ബുധന്‍ വ്യാഴം ദിവസങ്ങളില്‍ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ ഭാഗങ്ങളിലും ആണ് മഴയ്ക്ക് സാധ്യത.

ഗോലാന്‍ കുന്നിലെ ആക്രമണത്തിന് ഹിസ്ബുള്ളയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍

0

ഗോലാന്‍കുന്നിലെ ആക്രമണത്തിന് ഹിസ്ബുള്ളയ്ക്ക് ചുട്ടമറുപടി നല്‍കുമെന്ന് ഇസ്രയേല്‍. അധിനിവേശ ഗോലാന്‍കുന്നില്‍ ഇന്നലെ നടന്ന റോക്കറ്റ് ആക്രമണത്തില്‍ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.അധിനിവേശ ഗോലാന്‍കുന്നിലെ മജ്ദ് അല്‍ ഷംശി എന്ന ഗ്രാമത്തില്‍ ആണ് റോക്കറ്റ് വീണ് കുട്ടികളും കൗമാരക്കും അടക്കം പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് റോക്കറ്റ് വന്ന് വീണത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നില്‍ ലബനനിലെ സായുധവിഭാഗമായ ഹിസ്ബുള്ള ആണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇതിന് തക്കതിരിച്ചടി ഹിസ്ബുള്ളയ്ക്ക് നല്‍കും എന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന അറിയിച്ചു. ലബനനുള്ളില്‍ എട്ട് ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ലബനനില്‍ നിന്നും ഹിസ്ബുള്ളയും ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്.പക്ഷെ ഇത്രയും ജീവനെടുത്ത ആക്രമണം ഇത് ആദ്യമായിട്ടാണ്.

ഗോലാന്‍കുന്നിലെ ആക്രമണം ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്നും ആശങ്ക ഉയരുന്നുണ്ട്.അമേരിക്കയിലുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സന്ദര്‍ശനം വെട്ടിച്ചുരുക്കി ഉടന്‍ തിരികെ എത്തും. അതെസമയം ഗോലാന്‍കുന്നിലെ ആക്രമണത്തിന്റെ ഉത്തരവാദികള്‍ തങ്ങള്‍ അല്ലെന്നാണ് ഹിസ്ബുള്ള വിശദീകരിക്കുന്നത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ഡോമില്‍ നിന്നും തെറ്റായി മിസൈലുകളും വന്ന് പതിച്ചാണ് എന്ന വാദവയും ഉയരുന്നുണ്ട്.