Wednesday, August 12, 2026
Home Blog Page 125

യുഎഇയിലെ ഗാര്‍ഹിക തൊഴില്‍ നിയമത്തില്‍ ഭേദഗതി

0

രാജ്യത്തെ ഗാര്‍ഹിക തൊഴിലാളി നിയത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി യുഎഇ. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതാണ് പുതിയ ഭേദഗതി. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തര്‍ക്കങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയാണ് ലക്ഷ്യം.

ഗാര്‍ഹിക തൊഴിലാളികളും തൊഴിലുടമയും റിക്രൂട്ട്‌മെന്റ് കമ്പനികളും ഉള്‍പ്പെടുന്ന തകര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് നിയമത്തില്‍ പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. നിയമഭേദഗതിയിലൂടെ തര്‍ക്കങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയാണ് ലക്ഷ്യം. പുതിയ നിയമം അനുസരിച്ച് തൊഴിലാളികളുടെ കേസുകള്‍ ആദ്യം മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകം പരിഗണിക്കും. ഇതിലൂടെ പരിഹരിക്കാന്‍ കഴിയാത്ത കേസുകള്‍ മാത്രമേ അപ്പീല്‍ കോടതിയിലേക്ക് കൈമാറുകയുള്ളു. ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹിക്കുന്നതിനായാണ് തൊഴില്‍ നിയമത്തിലെ പുതിയ മാറ്റം.

അമ്പതിനായിരം ദിര്‍ഹത്തിനു താഴെയുള്ള കേസുകളായിരിക്കും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന് പരിഹരിക്കാന്‍ അനുമതിയുണ്ടാകുക. നിശ്ചിത സമയത്തിനുള്ളില്‍ കേസുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മന്ത്രാലയം കോടതിയെ സമീപിക്കണം. മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം. ഇതില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം അടിസ്ഥാനമാക്കിയാകും കോടതിയുടെ ഇടപെടല്‍.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധന

0

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയര്‍ന്നു. ബ്രെന്റ് ക്രൂഡിന്റെ വില എണ്‍പത് ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു.ബ്രെന്റ് ക്രൂഡിന് മൂന്ന് ശതമാനത്തിലധികം ആണ് വര്‍ദ്ധന.എണ്‍പത്തിരണ്ട് ഡോളറായിട്ടാണ് ബ്രെന്റ് ക്രൂഡിന്റെ വില വര്‍ദ്ധിച്ചിരിക്കുന്നത്. അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്സ്സ് ഇന്റര്‍മീഡീയറ്റിന്റെ വില എണ്‍പത് ഡോളറായും യുഎഇയുടെ മര്‍ബാന്‍ ക്രൂഡിന്റെ വില എണ്‍പത്തിയൊന്ന് ഡോളറായിട്ടും ആണ് വര്‍ദ്ധിച്ചത്. ബ്രെന്റ് ക്രൂഡ് വില ഇന്ന് രാവിലെ 82.42 ഡോളറിലേക്ക് വരെ ഉയര്‍ന്നിരുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയാണ് എണ്ണവില വര്‍ദ്ധനയ്ക്ക് കാരണം. ഏത് നിമിഷവും ഇറാനും ഹിസ്ബുള്ളയും ഇസ്രയേലനെ ആക്രമിച്ചേക്കും എന്നും അത് യുദ്ധത്തിലേക്ക് നീങ്ങിയേക്കും തുടങ്ങിയ ആശങ്കകള്‍ ആണ് എണ്ണയുടെ വില ഉയര്‍ത്തുന്നത്. പ്രത്യാക്രമണമോ യുദ്ധമോ ഉണ്ടായാല്‍ ഇറാന്‍ ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയുടെ വരവ് കുറയും എന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണമായി നിരീക്ഷകര്‍ പറയുന്നത്.

അമേരിക്കയിലെ സാമ്പത്തിക മാന്ദ്യഭീതി നീങ്ങിയതും എണ്ണയ്ക്ക് ഗുണകരമായിട്ടുണ്ട്. ഏറ്റവും വലിയ എണ്ണഇറക്കുമതി രാജ്യമായ ചൈനയിലെ ഉപഭോകൃത വില സൂചിക മെച്ചപ്പെട്ടതും എണ്ണയുടെ വില വര്‍ദ്ധനവിന്റെ കാരണങ്ങളില്‍ ഒന്നാണ്.

യുഎഇയില്‍ ടെലിമാര്‍ക്കറ്റിംഗ് നിയന്ത്രിക്കുന്നതിന് പുതിയ നിയമം:ഓഗസ്റ്റ്27-ന് പ്രാബല്യത്തില്‍

0

യുഎഇയില്‍ ടെലി മാര്‍ക്കറ്റിംഗിന് ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങള്‍ ഓഗസ്റ്റ് 27ന് പ്രാബല്യത്തില്‍ വരും. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് പിഴകള്‍ ഗണ്യമായി വര്‍ദ്ധിക്കും. ഈ വര്‍ഷം ജൂണിലാണ് ടെലിമാര്‍ക്കറ്റിംഗിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ നിയമം പ്രഖ്യാപിച്ചത്.രാജ്യത്തെ ടെലിമാര്‍ക്കറ്റിംഗ് രീതികള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതിരിക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിവിധ നിയമലംഘനങ്ങള്‍ക്ക് അയ്യായിരം മുതല്‍ ഒന്നരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. അനുമതിയില്ലാതെ ടെലിമാര്‍ക്കറ്റിംഗ് പരിശീലനം നല്‍കിയാല്‍ അമ്പതിനായിരം ദിര്‍ഹമാണ് പിഴ.

പെരുമാറ്റ ചട്ടം പാലിക്കാത്ത കമ്പനികള്‍ക്ക് പതിനായിരം മുതല്‍ അമ്പതിനായിരം ദിര്‍ഹം വരെയും പിഴ ചുമത്തും. കമ്പനിയുടെ വാണിജ്യ ലൈലന്‍സിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകള്‍ ഉപയോഗിച്ചാല്‍ 75,000 ദിര്‍ഹം വരെയാണ് പിഴ. സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് കോളുകള്‍ രജിസ്റ്ററായി സൂക്ഷിച്ചില്ലെങ്കില്‍ അമ്പതിനായിരം ദിര്‍ഹം പിഴ ലഭിക്കും. കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപഭോക്താവിന്റെ അനുമതി വാങ്ങണം. നിയമം ലംഘിച്ചാല്‍ മുപ്പതിനായിരം ദിര്‍ഹം വരെയാണ് പിഴ. വിളിക്കുന്നതിന്റെ ഉദ്ദേശ്യം, കമ്പനി എന്നിവ തുടക്കത്തില്‍ തന്നെ ഉപഭോക്താവിനെ അറിയിച്ചില്ലെങ്കില്‍ മുപ്പതിനായിരം ദിര്‍ഹമാണ് പിഴ. ഫോണ്‍ നമ്പര്‍ ലഭിച്ച ഉറവിടം ഉപഭോക്താവ് ആവശ്യപ്പെട്ടിട്ടും വ്യക്തമാക്കിയില്ലെങ്കില്‍ 75,000 ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.

രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ മാത്രമായിരിക്കും ഉപഭോക്താക്കളെ വിളിക്കുന്നതിന് അനുമതി. ആദ്യ കോളില്‍ സേവനങ്ങള്‍ നിരസിച്ചാല്‍ ആവര്‍ത്തിച്ച് വിളിക്കാന്‍ പാടില്ല. ഇത് ലംഘിച്ചാല്‍ അമ്പതിനായിരം ദിര്‍ഹം വരെ പിഴ ലഭിക്കും. സമ്മതമില്ലാതെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുകയോ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താല്‍ ഒന്നര ലക്ഷം ദിര്‍ഹം വരെയാണ് പിഴ. മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കായി സ്വകാര്യ നമ്പറുകള്‍ ഉപയോഗിച്ചാലും പിഴ ലഭിക്കും. ആവര്‍ത്തിച്ചുള്ള നിയമലംഘങ്ങള്‍ക്ക് അയ്യായിരം മുതല്‍ ഇരുപതിനായിരം വരെ വ്യക്തികള്‍ക്ക് പിഴ ഈടാക്കും. വിവിധ നിയമലംഘങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴതുക ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.

യുഎഇ ട്രാഫിക് ഫൈന്‍:നിയമം പാലിക്കുന്നവര്‍ക്ക് ബ്ലാക്ക് പോയിന്റ് ഒഴിവാക്കാം

0

യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ബ്ലാക്ക് പോയിന്റുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതിയുമായി ആഭ്യന്തരമന്ത്രാലയം.
ഗതാഗതനിയമം കൃത്യമായി പാലിച്ച് വാഹനം ഓടിച്ച് ബ്ലാക്ക് പോയിന്റെ കുറയ്ക്കുന്നതിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.ആക്‌സിഡന്റ് ഫ്രീ ഡേ എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഗതാഗതബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് ബ്ലാക്ക് പോയിന്റുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള അവസരം യുഎഇ ആഭ്യന്തരമന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

നാല് ബ്ലാക്ക് പോയിന്റ് ആണ് ഒഴിവാക്കാന്‍ കഴിയുക.ഓഗസ്റ്റ് ഇരുപത്തിയാറ് മുതല്‍ ഗതാഗതനിയമലംഘങ്ങള്‍ ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ നാല് ബ്ലാക്ക് പോയിന്റാണ് ഇളവ് ചെയ്യുക. ബ്ലാക്ക് പോയിന്റ് ഒഴിവാക്കിക്കിട്ടുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ട്രാഫിക് പ്രതിജ്ഞയിലും ഒപ്പുവെയ്ക്കണം. ഓഗസ്റ്റ് ഇരുപത്തിയാറ് മുതല്‍ രണ്ടാഴ്ച്ചക്കാലം ആണ് ഈ ക്യാമ്പയിന്‍ നീണ്ടുനില്‍ക്കുക എന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മധ്യവേനലവധി കഴിഞ്ഞ രാജ്യത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ആഭ്യന്തരമന്ത്രാലയം പുതിയ ട്രാഫിക് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.


സ്‌കൂളുകള്‍ തുറക്കുമ്പോള്‍ നിരത്തുകളില്‍ വാഹനത്തിരക്ക് വര്‍ദ്ധിക്കുന്നത് പരിഗണിച്ചാണ് ക്യാമ്പയിന്‍. ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവറിംഗ് പരിശീലിപ്പിക്കുന്നതിനാണ് ബോധവത്കരണ ക്യാമ്പയിന്‍ എന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ദുബൈയില്‍ ചുമത്തിയ പാര്‍ക്കിംഗ് പിഴകളുടെ എണ്ണം വര്‍ദ്ധിച്ചു

0

ദുബൈയില്‍ പാര്‍ക്കിംഗ് നിയമലംഘനത്തിനു ചുമത്തിയ പിഴകളില്‍ വര്‍ദ്ധന. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പിഴകള്‍ ഇരുപത്തിയാറ് ശതമാനം വര്‍ദ്ധിച്ചതായി പാര്‍ക്കിന്‍ കമ്പനി അറിയിച്ചു. പൊതുപാര്‍ക്കിംഗ് മേഖലകളിലെ നിയമലംഘനത്തിനാണ് പിഴ ഈടാക്കിയത്.കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 2,91,000 പിഴകളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 26 ശതമാനം വര്‍ദ്ധിച്ച് 3,65,000 ല്‍ എത്തി. പിഴ തുകയില്‍ നിന്നുമുഴള്ള വരുമാനം 54.6 ദശലക്ഷം ദിര്‍ഹമായി. 27 ശതമാനമാണ് വര്‍ദ്ധ. പാര്‍ക്കിംഗ് എന്‍ഫോഴ്‌സുമെന്റുകള്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് പാര്‍ക്കിന്‍ കമ്പനി അറിയിച്ചു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 107.1 ദശലക്ഷമാണ് പിഴതുകയില്‍ നിന്നുമുള്ള വരുമാനം. കാറുകളില്‍ ഘടിപ്പിച്ച സ്‌കാനര്‍ ക്യാമറകള്‍ വഴിയാണ് എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ പരിശോധന നടത്തുന്നത്. ദുബൈയിലെ പൊതു പാര്‍ക്കിംഗ് സ്ഥലങ്ങള്‍ പാര്‍ക്കിന്‍ കമ്പനിയുടെ നിയന്ത്രണത്തിലായതോടെ സ്മാര്‍ട്ട് പരിശോധനാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. നിയമലംഘങ്ങള്‍ കണ്ടെത്തുന്നതില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിച്ചതായി പാര്‍ക്കിന്‍ അറിയിച്ചു. 2024 ന്റെ രണ്ടാം പാദത്തോടെ എമിറേറ്റിലെ പണമടച്ചുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളുടെ എണ്ണം രണ്ട് ലക്ഷം കടന്നതായി പാര്‍ക്കിന്‍ കമ്പനി അറിയിച്ചു. 2,900 പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

ഷാര്‍ജയില്‍ വന്‍മയക്കുമരുന്ന് വേട്ട:226 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

0

ഷാര്‍ജ പൊലീസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടി. മാര്‍ബിള്‍ സ്ലാബുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 226 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. ഏഷ്യന്‍ വംശജരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.മാര്‍ബിള്‍ സ്ലാബുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരമാണ് ഷാര്‍ജ പൊലീസ് ആന്റിനാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത്. 226 കിലോ ഹാഷിഷ്, മയക്കുമരുന്ന് ഗുളിഗകള്‍, സൈകോട്രോപിക് മരുന്നുകള്‍ എന്നിവയാണ് കണ്ടെടുത്തത്. രാജ്യത്തെ തുറമുഖം വഴി കടത്താനുള്ള പദ്ധതിയാണ് പൊലീസ് തകര്‍ത്തത്.

മയക്കുമരുന്ന് കടത്ത് സംഘത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കൃത്യമായ നിരീക്ഷണം നടത്തിയാണ് സംഘത്തെ പിടികൂടിയത്. ഏഷ്യന്‍ പൗരന്മാരായ മൂന്ന് പേരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായിച്ചേര്‍ന്നായിരുന്നു മൂന്നുപേരടങ്ങുന്ന സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് ഷാര്‍ജ പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ അമേര്‍ പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള പോലീസ് സേനയുടെ പ്രയത്‌നത്തെ അദ്ദേഹം അഭിനന്ദിച്ചു.

രാജ്യത്തിനുപുറത്തുള്ള വിതരണക്കാര്‍ യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താനും വില്‍ക്കാനും ശ്രമിക്കുന്നുണ്ടെന്ന് ഷാര്‍ജ പൊലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം ഡയറക്ടര്‍ കേണല്‍ മജീദ് സുല്‍ത്താന്‍ അല്‍ അസം വ്യക്തമാക്കി. മയക്കുമരുന്നുസംഘത്തെ തിരിച്ചറിയാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുമായി പൊലീസിലെ ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിസ്ട്രക്റ്റീവ് സ്റ്റോണ്‍ എന്ന പേരില്‍ ഓപ്പറേഷന്‍ ആരംഭിച്ചതായും അല്‍ അസം അറിയിച്ചു.


ഇസ്രയേലില്‍ ഇറാന്റെ പ്രത്യാക്രമണം ഏത് നിമിഷവും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

0

ഹമാസ് നേതാവിന്റെ കൊലപാതകത്തിന് തിരിച്ചടിയായി ഇസ്രയേലില്‍
ഇറാന്റെ പ്രത്യാക്രമണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.ഇതിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ കടുത്ത ജാഗ്രതയിലാണ്. സംഘര്‍ഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലേക്ക് ഒരു അന്തര്‍വാഹിനി കൂടി അയച്ചെന്ന് അമേരിക്ക അറിയിച്ചു.ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സുകള്‍ ആണ് ഇറാന്റെ പ്രത്യാക്രമണം ഏത് സമയവും ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് പതിനഞ്ചിന് ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും മുന്‍പ് ഇറാന്‍ ആക്രമണം നടത്തും എന്നാണ് ഇസ്രയേല്‍ കണക്കുകൂട്ടുന്നത്. ഇറാന്‍ നേരിട്ട് ആയിരിക്കും ഇസ്രയേലില്‍ ആക്രമണം നടത്തുക എന്നും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഏത് ആക്രമണവും നേരിടുന്നതിന് സജ്ജമാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ് അമേരിക്ക. ഒരു മിസൈല്‍ അന്തര്‍വാഹിനി കൂടി പശ്ചിമേഷ്യയില്‍ വിന്യസിക്കും എന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ അറിയിച്ചു. അന്തര്‍വാഹിനിയുടെ വിന്യാസം സംബന്ധിച്ച് അമേരിക്ക പരസ്യമായി പ്രഖ്യാപനം നടത്തുന്നത് അപൂര്‍വ്വമാണ്. കഴിഞ്ഞ ജുലൈയില്‍ മെഡിറ്ററേനിയന്‍ കടലില്‍ യു.എസ്.എസ് ജോര്‍ജിയ എന്ന ആണവ അന്തര്‍വാഹിനി അമേരിക്ക വിന്യസിച്ചിരുന്നു.

ഇസ്രയേല്‍ പ്രതിരോധമന്ത്രിയുമായും ലോയിഡ് ഓസ്റ്റിന്‍ ചര്‍ച്ച നടത്തി.പശ്ചിമേഷ്യയില്‍ കൂടുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി:രാജസ്ഥാനില്‍ 20 മരണം

0

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. മഴക്കെടുതിയില്‍ രാജസ്ഥാനില്‍ ഇരുപത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് പതിനഞ്ച് വരെ ശക്തമായ മഴ അനുഭവപ്പെടും എന്നാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ദില്ലി,പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബംഗ്ലൂരു അടക്കമുള്ള നഗരങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

രാജസ്ഥാനത്തില്‍ വിവിധയിടങ്ങളലിായി ഒഴുക്കില്‍പ്പെട്ടും പുഴയില്‍ മുങ്ങിയും ഇരുപത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജയ്പൂര്‍,സവായി മധോപൂര്‍,ദൗസ എന്നിവിടങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്.ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്,അരുണാചല്‍പ്രദേശ്, അസം ,മേഘാലയ,മണിപ്പൂര്‍,നാഗാലാന്‍ഡ് മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കര്‍ണ്ണാടകയിലും കേന്ദ്രസര്‍ക്കാര്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നതിനെ തുടര്‍ന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു. ബംഗളൂരുവില്‍ പെയ്ത കനത്ത മഴ നഗരത്തില്‍ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. ചിലയിടങ്ങളില്‍ അടിപ്പാതകളിലും വെള്ളം നിറഞ്ഞു. ബംഗളൂരുവില്‍ ഓഗസ്റ്റ് പതിനേഴ് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജനകീയ തെരച്ചില്‍ : വയനാട് മുണ്ടക്കൈ പ്രദേശങ്ങളില്‍ നിന്നും ഇന്നും ശരീരഭാഗങ്ങള്‍ ലഭിച്ചു

0

വയനാട് മുണ്ടക്കൈ പ്രദേശങ്ങളില്‍ ഇന്ന് നടത്തിയ തെരച്ചിലിലും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍പ്പെട്ട 126 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. വരും ദിവസങ്ങളലും പ്രദേശത്ത് തെരച്ചില്‍ തുടരും.പരപ്പന്‍പാറയില്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നും ഇന്ന് മൂന്ന് ശരിരഭാഗങ്ങള്‍ ആണ് ലഭിച്ചത്. രണ്ട് കാലുകള്‍ അടക്കം ആണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൃതദേഹം ലഭിച്ച ഭാഗത്ത് നിന്നും ആണ് ഇന്നും മൃതദേഹഭാഗങ്ങള്‍ ലഭിച്ചത്. പുഞ്ചിരിമട്ടം, മുണ്ടകൈ,സ്‌കൂള്‍ റോഡ്, ചൂരല്‍മല ,വില്ലേജ് റോഡ്, അട്ടമല എന്നീ ആറ് സോണുകളിലായിട്ടാണ് ഇന്ന് ജനകീയ തെരച്ചില്‍ നടത്തിയത്. ഞായറാഴ്ച്ചയായതിനാല്‍ ഇന്ന് കൂടുതല്‍ പേര്‍ തെരച്ചിലില്‍ പങ്കെടുത്തു.

1857 പേര്‍ ഇന്ന് തെരച്ചിലില്‍ പങ്കെടുത്തു. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ തുടരുന്നുണ്ട്. വയനാട് ദുരന്തത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴയാണെന്നാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 29 30 തീയതികളില്‍ അനുഭവപ്പെട്ട കനത്ത മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായത്. 2018 മുതല്‍ ഈ മേഖലയില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന വര്‍ദ്ധിപ്പിച്ചു

0

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ആണ് കൊച്ചി രാജ്യാന്തരവിമാനത്താവളം അടക്കം രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന ശക്തിപ്പെടുത്തിയത്. ഓഗസ്റ്റ് ഇരുപത് വരെയാണ് സുരക്ഷാ പരിശോധന വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിമാനത്തിലേക്ക് കയറുന്നതിന് മുന്‍പ് സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്കിംഗ് എന്ന ഒരു പരിശോധന കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൊച്ചി രാജ്യാന്തരവിമാനത്താവളം അറിയിച്ചു. അധികപരിശോധന കൊച്ചിയിലും മുംബൈ വിമാനത്താവളത്തിലും എല്ലാം തിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

യാത്രക്കാര്‍ കൂടുതലായി സഞ്ചരിക്കുന്ന സമയത്ത് അധികപരിശോധന കൂടി എത്തിയതാണ് തിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. എയര്‍ഇന്ത്യ അടക്കമുള്ള എയര്‍ലൈനുകള്‍ യാത്രക്കാരോട് വിമാനത്താവളത്തില്‍ നേരത്തെ എത്തണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രാജ്യാന്തര യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് എങ്കിലും എത്തണം എന്നാണ് നിര്‍ദ്ദേശം.

ഇതിനിടെ സുരക്ഷാ പരിശോധനയ്ക്കിടെ ജീവനക്കാരനോട് മോശമായി പെരുമാറിയ യാത്രക്കാരനെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നും മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ യാത്രക്കാരനായ മനോജ് കുമാറിനെ ആണ് അറസ്റ്റ് ചെയ്തത്. തന്റെ ബാഗിലെന്താ ബോംബ് ഉണ്ടോ എന്ന് ചോദിച്ചതിനാണ് അറസ്റ്റ്.