അബുദബി: യുഎഇയില്‍ കേസുകളുടെ ഭാഗമായി ചുമത്തപ്പെടുന്ന യാത്രാവിലക്ക് അത് തീര്‍പ്പാകുമ്പോള്‍ സ്വാഭാവികമായി തന്നെ നീക്കപ്പെടും എന്ന് നീതിമന്ത്രാലയം. ഇനി മുതല്‍ യാത്രാനിരോധനം നീക്കുന്നതിന് പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. യുഎഇ സര്‍ക്കാരിന്റെ സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായിട്ടാണ് തീരുമാനം. യുഎഇയില്‍ കേസുകളില്‍പ്പെടുന്നവര്‍ക്ക് ചുമത്തപ്പെടുന്ന യാത്രാനിരോധനം നീക്കുന്നതിന് കേസ് തീര്‍പ്പായതിന് ശേഷം പ്രത്യേക അപേക്ഷ സമര്‍പ്പിക്കണമായിരുന്നു. ബന്ധപ്പെട്ട രേഖകള്‍ സഹിതമായിരുന്നു നേരത്തെ യാത്രാവിലക്ക് നീക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ഇനി ഇതിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നാണ് യുഎഇ നീതിമന്ത്രാലയത്തിന്റെ അറിയിപ്പ്. കേസ് തീര്‍പ്പായാല്‍ ഉടന്‍ തന്നെ യാത്രാവിലക്കും സ്വാഭാവികമായി തന്നെ നീങ്ങുന്നതിനുള്ള നടപടി സ്വീകരിക്കും. കേസ് തീര്‍പ്പാവുകയോ പിഴത്തുക അടയ്ക്കുകയോ ചെയ്യുമ്പോള്‍ തന്നെ യാത്രാവിലക്കും ഒഴിവാകുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം ആണ് നടപ്പാക്കിയിരിക്കുന്നത്. യാത്രാവിലക്ക് നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ എണ്ണം ഒന്‍പതില്‍ നിന്നും പൂജ്യമായി കുറഞ്ഞതായും മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ആദ്യം യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടിക്രമങ്ങള്‍ ഒഴിവാക്കിയതെന്നും മന്ത്രാലം അറിയിച്ചു.
യുഎഇക്കായി നിര്‍മ്മിച്ച ആകാശ ടാക്‌സി: അമേരിക്കന്‍ വ്യോമസേന പരീക്ഷണം നടത്തും
അബുദബി: യുഎഇയില്‍ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുന്ന ആകാശ ടാക്‌സികളുടെ പ്രവര്‍ത്തനക്ഷമത അമേരിക്കന്‍ വ്യോമ സേന പരിശോധിക്കും. ആര്‍ച്ചര്‍ ഏവിയേഷന്‍സ് നിര്‍മ്മിച്ച വാഹനം സേനയ്ക്ക് കൈമാറി. അടുത്ത വര്‍ഷ അവസാനത്തോടെയാണ് യുഎഇയില്‍ ആകാശ ടാക്‌സികള്‍ എത്തുക. വാഹനത്തിന്റെ നിര്‍മ്മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷന്‍സിന്റെ മിഡ്‌നൈറ്റ് ഫ്‌ളൈയിംഗ് ടാക്‌സികള്‍ യുഎസ് വ്യോമസേനയ്ക്ക് നല്‍കി. വാഹനത്തിന്റെ സാങ്കേതിക ക്ഷമത സേന പരിശോധിക്കും. വാഹനത്തിന്റെ പരിശോധനയ്ക്ക് യുഎസ് പ്രതിരോധ വകുപ്പ് നേരത്തെ അനുമതി നല്‍കിയിരുന്നു. ടേക്ക് ഓഫ്, ലാന്‍ഡിംഗ്, പ്രവര്‍ത്തന സമയം, ചാര്‍ജിംഗ്, ശബ്ദ പരിധി എന്നിവ വിശദമായി പരിശോധിക്കും. വിവിധ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചായിരിക്കും പരിശോധ നടത്തുക. മിഡ്‌നൈറ്റ് ഫ്‌ളൈയിംഗ് ടാക്‌സികളുടെ സാധ്യതകള്‍ ഭാവിയില്‍ യുഎസിന്റെ പ്രതിരോധ സേനയില്‍ ഇടം പിടിക്കുമെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍ സിഇഒ ആദം ഗോള്‍ഡ്‌സ്‌റ്റൈന്‍ പറഞ്ഞു. എയര്‍ടാക്‌സികള്‍ നിര്‍മ്മിക്കുന്നതിനും യുഎസില്‍ ആസ്ഥാനം സ്ഥാപിക്കുന്നതിനുമായി അബുദബി ഇന്‍വെസ്റ്റ് ഓഫീസുമായി ഈ വര്‍ഷം ആദ്യം ആര്‍ച്ചര്‍ ഏവിയേഷന്‍സ് കരാറില്‍ ഒപ്പുവെച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടുകളും അനുബന്ധ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെയാകും ആകാശ ടാക്‌സികളുടെ സര്‍വ്വീസ് ആരംഭിക്കുക എന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍സ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ നിഖില്‍ ഗോയല്‍ അറിയിച്ചു.
യുഎഇയില്‍ രൂപയിലും ദിര്‍ഹത്തിലും ഇടപാടിന് നിര്‍ദ്ദേശം
അബുദബി: യുഎഇയിലെ ഇടപാടുകള്‍ രൂപയിലും ദിര്‍ഹത്തിലുമായി നടത്താന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇടപാടുകള്‍ക്ക് ഡോളര്‍ ഇടനില കുറയ്ക്കണം എന്നാണ് നിര്‍ദ്ദേശം. യുഎഇയുമായുള്ള വ്യാപാര-വാണിജ്യ ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ യുഎഇ സന്ദര്‍ശനങ്ങളില്‍ ഇന്ത്യ-യുഎഇ ഇടപാടുകള്‍ രൂപയിലും ദിര്‍ഹത്തിലും നടത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ യുഎഇയില്‍ നിന്നും അസംസ്‌കൃത എണ്ണയും സ്വര്‍ണ്ണവും എല്ലാം ഇന്ത്യ രൂപ നല്‍കി ഇറക്കുമതി ചെയ്ത് തുടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് യുഎഇയുമായുള്ള ഇടപാടുകളില്‍ ഒരു ഭാഗമെങ്കിലും രൂപയിലും ദിര്‍ഹത്തിലും നടത്തണം എന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ ബാങ്ക് സ്രോതസുകളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡോളര്‍ ഒഴിവാക്കി രൂപയിലും ദിര്‍ഹത്തിലും നേരിട്ട് ഇടപാടുകള്‍ നല്‍കണം എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത്തരം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ക്ക് പ്രത്യേക ടാര്‍ഗറ്റ് ഒന്നും റിസര്‍വ് ബാങ്ക് നിശ്ചയിച്ച് നല്‍കിയിട്ടില്ല. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത് വ്യാപാര പങ്കാളിയാണ് യുഎഇ. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 83 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം. യുഎഇയ്ക്ക് സമാനമായി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തുന്നതിന് റഷ്യയുമായി ഇന്ത്യന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്നും എണ്ണവാങ്ങിയത് ഡോളറിന് പകരം ദിര്‍ഹം നല്‍കിയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എംപോക്‌സ് ഭീതി:ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
എംപോക്‌സ് ആഗോളതലത്തില്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍
വീണ്ടും ആഗോള ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗവ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് വിലയിരുത്തിയാണ് ലോകാരോഗ്യസംഘടനയുടെ നടപടി. രോഗലക്ഷണങ്ങളില്‍ വന്ന മാറ്റവും ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അറിയിച്ചു.ആഫ്രിക്കയ്ക്ക് പുറത്തും എംപോക്‌സ് അതിവേഗത്തില്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ലോകാരോഗ്യസംഘടന വീണ്ടും ഒരു ആരോഗ്യഅടിയന്തരവാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്ന ഗ്രോഡ്-ത്രി വിഭാഗത്തില്‍ ആണ് രോഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍വര്‍ഷത്തേക്കാള്‍ 160 ശതമാനം ആണ് ഈ വര്‍ഷം രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധന. പതിമൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആണ് എംപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.ലോകത്ത് ആകെ 116 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.രോഗത്തിന്റെ പുതിയ വകഭേദം കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നുവെന്നും മരണനിരക്കിലും വര്‍ദ്ധന വന്നുവെന്നും ആരോഗ്യവിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാനി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
രോഗവ്യാപനം തടയുന്നതിന് രാജ്യാന്തര തലത്തില്‍ ഏകോപിത പ്രതികരണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു. മങ്കിപോക്‌സ് എന്ന പേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന എംപോക്‌സ് 2022 മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് തീവ്രവ്യാപനമായി മാറിയിരിക്കുകയാണ്.ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പതിനായിരങ്ങളെയാണ് രോഗം ബാധിച്ചത്.
യുഎഇയിലും വിപുലമായ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍
ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രവാസ ലോകവും. അബുദബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ദേശീയ പതാക ഉയര്‍ത്തി.വിവിധ ഇന്ത്യന്‍ അസോസിയേഷനുകളിലും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടന്നു.രാവിലെ ഏഴരയോട് കൂടിയായിരുന്നു അബുദബി ഇന്ത്യന്‍ എംബസിയില്‍ ദേശീയദിനാഘോഷ പരിപാടികള്‍.
നിരവധി പേരെ സാക്ഷിയാക്കിയാണ് അംബാസഡര്‍ സഞ്ജയ് സുധീര്‍ ദേശീയപതാക ഉയര്‍ത്തിയത്. തുടര്‍ന്ന് നടന്ന പരിപാടിയില്‍ സാമൂഹ്യസേവനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ദേശീയ പതാക ഉയര്‍ത്തി മുഴുവന്‍ ഭാരതീയര്‍ക്കും കോണ്‍സുല്‍ ജനറല്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
യുഎഇയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളിലും സംഘടനകളുടെ നേതൃത്വത്തിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ഭാരതം
ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായതിന്റെ എഴുപത്തിയെട്ടാം വാര്‍ഷികം ആഘോഷിച്ച് രാജ്യം. സ്വാതന്ത്ര്യദിനത്തില്‍ രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികളാണ് നടത്തുന്നത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. വികസിത ഭാരതം 2047 എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളായവരെ അനുസ്മരിച്ചു
. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരന്റെയും സ്വപ്നം അതില്‍ പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ഏറ്റവും കൂടുതല്‍ തവണ ദേശീയപതാക ഉയര്‍ത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിച്ചു.
പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്. തിരുവനന്തപുരത്ത് കനത്ത മഴയിലായിരുന്നു സ്വാതന്ത്ര്യദിനപാരിപാടികള്‍. മുഖ്യന്ത്രി പിണറായി വിജയന്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ജില്ലകളില്‍ വിവിധ മന്ത്രിമാര്‍ സ്വാതന്ത്ര്യദിനപരേഡില്‍ പങ്കെടുത്തു. വിവിധ രാഷ്ട്രതലവന്മാര്‍ ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നു.
ദുബൈ കോണ്‍സുലേറ്റിന്റെ ഇന്‍ഷൂറന്‍സിന് മികച്ച പ്രതികരണം
താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടപ്പാക്കിയ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് മികച്ച പ്രതികരണം. അയ്യായിരത്തിലധികം പേരാണ് ഇതുവരെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.ചെറിയ തുകയ്ക്ക് തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രഖ്യാപിച്ചത്. സ്വാഭാവിക മരണത്തിനും അപകടമരണത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
ലൈഫ് പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ 5500 പേര്‍ ഇതുവരെ അംഗങ്ങളായെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. 37 ദിര്‍ഹം നല്‍കിയാല്‍ 35000 ദിര്‍ഹം വരെയാണ് ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുക. അന്‍പത് ദിര്‍ഹത്തിന്റെ പദ്ധതിക്ക് അന്‍പതിനായിരം ദിര്‍ഹത്തിന്റെയും എഴുപത്തിരണ്ട് ദിര്‍ഹത്തിന്റെ പാക്കേജില്‍ 75000 ദിര്‍ഹത്തിന്റെയും കവറേജ് ആണ് ലഭിക്കുക. പദ്ധതിയില്‍ അംഗങ്ങളായവര്‍ യുഎഇയില്‍ മരിച്ചാല്‍ ഇന്‍ഷൂറന്‍സ് തുക കുടുംബങ്ങള്‍ക്ക് ലഭിക്കും.
മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുകയും ചെയ്യും. അപകടത്തില്‍ അംഗഭംഗം സംഭവിച്ചാലും നഷ്ടപരിഹാം ലഭിക്കും. എഴുപത് വയസുവരെയുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാം. ഗര്‍ഗാഷ് ഇന്‍ഷൂറന്‍സുമായി ചേര്‍ന്നാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പദ്ധതി നടപ്പാക്കുന്നത്.
ദുബൈയില്‍ ഇന്ത്യന്‍ കമ്പനികളില്‍ വര്‍ദ്ധന :കൂടുതല്‍ നിക്ഷേപം എത്തുന്നു
ദുബൈയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ വര്‍ദ്ധന. ഈ വര്‍ഷം ആദ്യപകുതിയില്‍ എണ്ണായിരത്തോളം പുതിയ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഇമറാത്തി ഇതര കമ്പനികളുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണത്തിലാണ് ഇന്ത്യയില്‍ നിന്നുമുള്ള നിക്ഷേപകരുടം എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 7860 പുതിയ നിക്ഷേപകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ബിസിനസുകള്‍ക്കിയില്‍ കൂടുതല്‍ സാധ്യതകള്‍ നിക്ഷേപകര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നതായി ദുബൈ ചേംബര്‍ അറിയിച്ചു.
രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന് രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 3968 ആണ്. ഈജിപ്ത്, സിറിയ, യുകെ, ബംഗ്ലാദേശ്, ഇറാഖ്, ചൈന, സുഡാന്‍, ജോര്‍ദാന്‍ ആദ്യ പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ട്രേഡ് ആന്‍ഡ് റിപ്പയറിംഗ് സേവന മേഖല ഒന്നാം സ്ഥാനത്തെത്തി. 41.5 ശതമാനമാണ് കമ്പനികളുടെ എണ്ണം. റിയല്‍ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവന മേഖലകള്‍ എന്നിവയാണ് രണ്ടാം സ്ഥാനത്ത്. 33.6 ശതമനമാണിത്. നിര്‍മ്മാണ മേഖല 9.4 ശതമാനവുമായി മൂന്നാം സ്ഥാനത്തും, ഗതാഗതം, സംഭരണം, വാര്‍ത്താവിനിമയ മേഖല 8.4 ശതമാനമായി നാലാം സ്ഥാനത്തും എത്തി.
2024ന്റെ ആദ്യ പകുതിയില്‍ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ചേരുന്ന പുതിയ കമ്പനികളുടെ മികച്ച അഞ്ച് മേഖലകളില്‍ നിര്‍മ്മാണ മേഖല ഏറ്റവും ശക്തമായ വളര്‍ച്ച പ്രകടമാക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പന്ത്രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. 12 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും.
തുടര്‍ച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതകള്‍ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
കടലാക്രമണ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തത്തിനു വിലക്കേര്‍പ്പെടുത്തി. ഇടുക്കിയില്‍ വ്യാഴാഴ്ച വരെ ഓറഞ്ച് അലര്‍ട്ടാണ്. വയനാട്ടില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകിട്ട് ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ കനത്ത മഴ പെയ്തതോടെ 83 പേരെ മാറ്റി പാര്‍പ്പിച്ചു.
റഷ്യക്കുള്ളില്‍ കൂടുതല്‍ മുന്നേറ്റം നടത്തി യുക്രൈന്‍ സൈന്യം:ഒരു പ്രദേശത്ത് കൂടി അടിയന്തരാവസ്ഥ
യുക്രൈന്റെ ആക്രമണ ഭീതിയില്‍ രണ്ടാമത് ഒരു മേഖലയില്‍ കൂടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബെല്‍ഗൊരോദില്‍ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. റഷ്യയില്‍ 74 നഗരങ്ങളും ഗ്രാമങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ിന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു.യുക്രൈന്‍ സൈന്യം അപ്രതീക്ഷിതമായി അതിര്‍ത്തി കടന്ന് റഷ്യയില്‍ പ്രവേശിച്ച് ആക്രമണം ആരംഭിച്ചിട്ട് ഒരാഴ്ച്ച പിന്നിടുകയാണ്. റഷ്യയിലെ കുര്‍സക് മേഖലയില്‍ ആയിരം ചതുരശ്രകിലോമീറ്റര്‍ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് യുക്രൈന്റെ അവകാശവാദം.
റഷ്യക്കുള്ളില്‍ തങ്ങള്‍ മുന്നേറ്റം തുടരുകയാണെന്നും യുക്രൈന്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. റഷ്യ-യുക്രൈന്‍ അതിര്‍ത്തിയേട് ചേര്‍ന്ന് കിടക്കുന്ന ബെല്‍ഗൊരോദിലും താമസക്കാരെ ഒഴിപ്പിക്കുകയാണ് പുടിന്‍ ഭരണകൂടം. ഇവിടെ യുക്രൈന്‍ സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുന്നുവെന്നും നിരവധി വീടുകള്‍ തകര്‍ക്കപ്പട്ടെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റന്നും ബെല്‍ഗൊരോദ് ഗവര്‍ണര്‍ യാച്ചെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു.യുക്രൈനില്‍ നിന്നും 117 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യന്‍ സൈന്യവും അറിയിച്ചു.റഷ്യയ്ക്ക് റഷ്യന്‍ ജനതയ്ക്കും എതിരെ യുക്രൈന്‍ ഇപ്പോള്‍ നടപ്പാക്കുന്നത് കുറ്റകൃത്യം ആണെന്നും തിരിച്ചടി നല്‍കും എന്നും പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പ്രതികരിച്ചു.
2022-ല്‍ യുക്രൈനില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ റഷ്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഓഗസ്റ്റ് ആറിന് പുലര്‍ച്ചെയാണ് ആയിരത്തോളം സൈനികര്‍ ടാങ്കുകളും കവചിത വാഹനങ്ങളുമായി റഷ്യന്‍ അതിര്‍ത്തി കടന്ന് മുന്നേറ്റം ആരംഭിച്ചത്.


