Wednesday, August 12, 2026
Home Blog Page 121

സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ആരോപണം:പ്രത്യേക സംഘം അന്വേഷണം തുടങ്ങി

0

നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരായ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം ആയിരിക്കും തുടര്‍നടപടികള്‍.അതെസമയം തനിക്ക് എതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സിദ്ദിഖ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ രുപീകരിച്ച ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ആണ് ലൈംഗീകാതിക്രമ പരാതികള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണം ആണ് ഇപ്പോള്‍ നടത്തുന്നത്. പരാതിക്കാര്‍ മൊഴില്‍ ഉറച്ച് നിന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകും.അതെസമയം താന്‍ ലൈംഗീകാതിക്രമം കാട്ടിയെന്ന് ആരോപിച്ച രേവതി സമ്പത്തിന് എതിരെ പരാതിയുമായി സിദ്ദിഖ് രംഗത്ത് എത്തി.

ആരോപണത്തിന് പിന്നില്‍ അജന്‍ഡയുണ്ടെന്നും രേവതിയെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമാണ് കണ്ടതെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നുണ്ട്. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും പിന്നില്‍ ക്രിമിമല്‍ ഗൂഢാലോചനയുണ്ടെന്നും സിദ്ദിഖ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. തനിക്ക് എതിരെ മാത്രമല്ല അമ്മയുടെ അന്തസ്സ് തകര്‍ക്കുന്ന ആരോപണങ്ങള്‍ ആണ് രേവതി ഉന്നയിക്കുന്നതെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നുണ്ട്. അതെസമയം ലൈംഗീകാരോപണം ഉയര്‍ന്ന ഘട്ടത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെ പിന്തുണച്ച് രംഗത്ത് എത്തിയ മന്ത്രി സജി ചെറിയാന് എതിരെ സിപിഐഎമ്മിലും അതൃപതി പുകയുന്നുണ്ട്.തീര്‍ത്തും അപക്വമായ പ്രതികരണം എന്നാണ് വിമര്‍ശനം ഉയരുന്നത്.

ഇടതുമുന്നണിയിലെ ഘടകക്ഷികള്‍ക്കും ഇടത് അനുഭാവികളും മന്ത്രിയുടെ പ്രതികരണത്തില്‍ കടുത്ത വിമര്‍ശനം ആണ് ഉന്നയിക്കുന്നത്. സജി ചെറിയാന്‍ രാജിവെയ്ക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്ത് എത്തി.

യുഎഇയുടെ എണ്ണേതര വിദേശവ്യാപാരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

0

യുഎഇയുടെ എണ്ണേതര വിദേശവ്യാപാരം സര്‍വ്വകാല റെക്കോര്‍ഡില്‍.ഈ വര്‍ഷം ആദ്യ പകുതിയിലെ കണക്കുകള്‍ ആണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പുറത്തുവിട്ടത്. 1.4 ട്രില്യണ്‍ ദിര്‍ഹത്തിന്റെ ഈ വര്‍ഷം ആദ്യ പകുതിയിലെ എണ്ണതേര വിദേശവ്യാപാരം.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിന്‍ കീഴില്‍ യുഎഇ നിര്‍ണ്ണായക മുന്നേറ്റം കുറിക്കുന്നുവെന്നാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ പ്രസ്താവന. 2031-ഓട് കൂടി വിദേശവ്യാപരം നാല് ട്രില്യണ്‍ ദിര്‍ഹത്തിലേക്ക് എത്തിക്കണം എന്നാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎഇ ആഗ്രഹിച്ചത്.

ഈ വര്‍ഷം ആദ്യ ആറ് മാസത്തിനിടയില്‍ തന്നെ യുഎഇയ്ക്ക് 1.4 ട്രില്യണിന്റെ വിദേശവ്യാപരം നടത്തുന്നതിന് യുഎഇയ്ക്ക് സാധിച്ചിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോട് കൂടി 3 ട്രില്യണ്‍ ദിര്‍ഹത്തിന്റെ വിദേശവ്യാപാരം നടത്തുകയാണ് യുഎഇയുടെ ലക്ഷ്യം എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. വിവിധ രാജ്യങ്ങളുമായുള്ള യുഎഇയുടെ വാണിജ്യബന്ധവും ശക്തിപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ പത്ത് ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുര്‍ക്കിയുമായുള്ള ഇടപാടുകളില്‍ പതിനഞ്ച് ശതമാനത്തിന്റെയും ഇറാഖുമായുള്ള വ്യാപാരത്തില്‍ നാല്‍പ്പത്തിയൊന്ന് ശതമാനത്തിന്റെയും വളര്‍ച്ച രേഖപ്പെടുത്തിയതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.

ആഗോളകതലത്തില്‍ വിദേശവ്യാപാരത്തില്‍ 1.5 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ യുഎഇയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

സുഹൈല്‍ ദൃശ്യമായി:കനത്ത ചൂടുകാലം അവസാനിക്കുന്നു

0

വേനല്‍ക്കാലത്തിന്റെ സമാപന സൂചനയായി യുഎഇയിലും സുഹൈല്‍ നക്ഷത്രം ദൃശ്യമായി.എന്നാല്‍ പെട്ടെന്ന് ചൂട് കുറയില്ല. നാല്‍പ്പത് ദിവസത്തിനുള്ളില്‍ ചൂട് കാര്യമായി എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നത്.ഇന്നലെ പുലര്‍ച്ചെ 5.20-ന് യുഎഇ ആകാശത്ത് സുഹൈല്‍ നക്ഷത്രം ദൃശ്യമായെന്നാണ് എമിറേറ്റ്‌സ് ആസ്‌ട്രോണമി സൊസൈറ്റി വ്യക്തമാക്കുന്നത്. സുഹൈല്‍ ദൃശ്യമാകുന്നതിന് പിന്നാലെ രാത്രികളിലെ താപനില കുറഞ്ഞു തുടങ്ങും.ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ആദ്യ സൂചനയായിട്ടാണ് വിലയിരുത്തുന്നത്.

രാത്രി താപനിലയ്ക്ക് ഒപ്പം വരും ആഴ്ച്ചകളില്‍ പകല്‍ താപനിലയും കുറഞ്ഞു തുടങ്ങും. ഒക്ടോബര്‍ പകുതിയോട് കൂടിയായിരിക്കും താപനിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുക. സുഹൈല്‍ നക്ഷത്രം ഉദിച്ച് നൂറ് ദിവസം പിന്നിടുമ്പോള്‍ ആണ് രാജ്യം ശൈത്യകാലത്തേക്ക് കടക്കുക.യുഎഇയില്‍ നിലവില്‍ കൊടുംചൂടിന് അല്‍പം ശമനമുണ്ടായിട്ടുണ്ട്. അന്തരീക്ഷ ഈര്‍പ്പത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്.46.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇന്നലെ ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു.



സിനിമയിലെ ലൈംഗീകാതിക്രമം:അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

0

കേരളത്തിലെ ചലച്ചിത്ര രംഗത്തെ ലൈംഗിക ചൂഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കും. പരാതിക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. പരാതിക്കാര്‍ ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കാനും ആണ് തീരുമാനം.
ഡിജിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം ആണ് ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നിയമോപദേശവും സര്‍ക്കാര്‍ തേടിയിരുന്നു.

ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ആണ് സര്‍ക്കാര്‍ രുപീകരിക്കുന്നത്. ഡിഐജി എസ്.അജിതാ ബീഗം,ക്രൈംബ്രാഞ്ച് എസ്.പി മെറിന്‍ ജോസഫ്,
കോസ്റ്റല്‍ പൊലീസ് എഐജി ജി.പൂങ്കുഴലി തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും. ഏഴംഗ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം ആണ് പരാതികളില്‍ അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിന് മേല്‍നോട്ടം വഹിക്കും. ആദ്യഘട്ടത്തില്‍ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആണ് നടത്തുക.

ലൈംഗീക പീഢനപരാതികള്‍ ഉന്നയിച്ച സ്ത്രീകളെ അന്വേഷണസംഘം ബന്ധപ്പെടും. പരാതികളുമായി മുന്നോട്ട് പോകാന്‍ തയ്യാറെങ്കില്‍ മൊഴി രേഖപ്പെടുത്തി തുടരന്വേഷണം നടത്തുന്നതിനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ സംവിധായകന്‍ രഞ്ജിത്തിന് എതിരെയും നടന്‍ സിദ്ദീഖിന് എതിരെയും ഉയര്‍ന്ന പരാതികളില്‍ ആണ് അന്വേഷണം നടത്തുക.

ദുബൈ മെട്രോയുടെ പതിനഞ്ചാം വാര്‍ഷികം ആഘോഷമാക്കാന്‍ ആര്‍ടിഎ

0

ദുബൈ മെട്രോയുടെ പതിനഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ ആര്‍ടിഎ ഒരുങ്ങുന്നു.ആഘോഷപരിപാടികളും സമ്മാനങ്ങളുമായിട്ടാണ് വാര്‍ഷികം കൊണ്ടാടുന്നത്. മെട്രോ സ്‌റ്റേഷനുകളില്‍ പ്രത്യേക സംഗീതപരിപാടികളും നടക്കും.2024 സെപ്റ്റംബര്‍ ഒന്‍പതിന് ദുബൈ മെട്രോ ഓട്ടം തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിനോദപരിപാടികളും സമ്മാനങ്ങളുമെല്ലാമായി വാര്‍ഷികം ആഘോഷിക്കാനാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ പദ്ധതി.

ദുബൈ മെട്രോ ഓപ്പറേറ്ററായ കിയോലിസ്, ലെഗോലാന്‍ഡ് ദുബൈ,ലെഗോ മിഡില്‍ഈസ്റ്റ്,എമിറേറ്റ്‌സ് പോസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് ആഘോഷപരിപാടികള്‍. മെട്രോയുടെ പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് എമിറേറ്റ്‌സ് പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കും. മെട്രോ സര്‍വീസ് ആരംഭിച്ച 2009 സെപ്റ്റംബര്‍ ഒന്‍പതിന് ജനിച്ച കുട്ടികള്‍ക്കായും പ്രത്യേക പരിപാടി ഒരുക്കിയിട്ടുണ്ട്. ഈ ദിവസം ജനിച്ച കുട്ടികള്‍ക്കായി ദുബൈ ലെഗോലാന്‍ഡ് ആണ് ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കുന്നതിനായി 2009 സെപ്റ്റംബര്‍ ഒന്‍പതിന് ജനിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ദുബൈ ആര്‍ടിഎയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

ദുബൈ മെട്രോയുടെ രൂപത്തിലുള്ള അയ്യായിരത്തോളം ഐസ്‌ക്രീമുകളും പുറത്തിറക്കും. ഐസ്‌ക്രീം സ്റ്റിക്കുകളില്‍ ചിലതില്‍ ഒരു പ്രത്യേക കോഡും നല്‍കിയിട്ടുണ്ടാകും. ഈ കോഡ് ലഭിക്കുന്നവര്‍ക്ക് നോല്‍ ഡിസ്‌കൗണ്ട് കാര്‍ഡുകള്‍ ലഭിക്കും. ഇതിനൊപ്പം സെപ്റ്റംബര്‍ ഇരുപത്തിയൊന്ന് മുതല്‍ ഇരുപത്തിയേഴ് വരെ മെട്രോ സ്റ്റഷനുകളില്‍ സംഗിതോത്സവും അരങ്ങേറും

യോഗ്യത ഇല്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ചു:എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം പിഴ

0

മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് വിമാനസര്‍വീസ് നടത്തിയതിന് എയര്‍ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ. ഇന്ത്യന്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ആണ് പിഴ ചുമത്തിയത്. എയര്‍ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡിജിസിഎ പിഴ ചുമത്തി.
ജുലൈയ് ഒന്‍പതിന് മുംബൈ റിയാദ് വിമാനം മതിയായ യോഗ്യത ഇല്ലാത്ത
പൈലറ്റുമാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് ആണ് എയര്‍ഇന്ത്യക്ക് ഡിജിസിഎ പിഴ ചുമത്തിയത്. പരിശീലന യോഗ്യതയില്ലാത്ത പൈലറ്റിന് ഒപ്പം ട്രെയ്‌നി പൈലറ്റ് വിമാനം പറത്തിയതിനാണ് പിഴ.ഇത് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണെന്ന് എയര്‍ഇന്ത്യ ചൂണ്ടിക്കാട്ടി.

ചട്ടപ്രകാരം ട്രെയ്‌നി പൈലറ്റിന് ഒപ്പം ഒരു ട്രെയ്‌നിംഗ് ക്യാപ്റ്റന്‍ നിര്‍ബന്ധമാണ്.എയര്‍ഇന്ത്യ തന്നെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ വിമാനജീവനക്കാരുടെ കാര്യത്തില്‍ അടക്കം വേറെയും നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇവയും സുരക്ഷെ ബാധിക്കുന്നതാണ്. ഇതെ തുടര്‍ന്ന് ജുലൈയ് 22-ന് എയര്‍ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

എന്നാല്‍ എയര്‍ഇന്ത്യയ്ക്ക് ഇക്കാര്യങ്ങളില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.ഇതെ തുടര്‍ന്നാണ് 90 ലക്ഷം രൂപ പിഴ ചുമത്തിയത്. ഇത് കൂടാതെ എയര്‍ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ക്ക് ആറ് ലക്ഷം രൂപയും ട്രെയ്‌നിംഗ് ഡയറക്ടര്‍ക്ക് മൂന്ന് ലക്ഷം രൂപയും പിഴ ചുമത്തി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ സെന്‍സറിംഗ്:വിവരാവകാശ കമ്മീഷനെ മറികടന്നു വെട്ടിയത് 129 ഖണ്ഡികകള്‍

0

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത് വിവാദമാകുന്നു.റിപ്പോര്‍ട്ടിലെ 129 ഖണ്ഡികകള്‍ ആണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സെന്‍സറിംഗ് നടത്തിയതിന് എതിരെ പ്രതിപക്ഷവും സിനിമാ മേഖലയില്‍ ഉള്ളവരും വിമര്‍ശനവുമായി രംഗത്ത് എത്തി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 21 ഖണ്ഡികകള്‍ ഒഴിവാക്കി പുറത്തുവിടാന്‍ ആയിരുന്നു വിവരാവകാശ കമ്മീഷണറുടെ നിര്‍ദ്ദേശം. എന്നാല്‍ സര്‍ക്കാര്‍ ഇരുപത്തിയൊന്നിന് പകരം 129 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 49 മുതല്‍ അന്‍പത്തിമൂന്ന് വരെ പേജുകള്‍ വിവരാവകാശ കമ്മീഷണറെ മറികടന്ന് സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ഒഴിവാക്കിയിട്ടുണ്ടെന്നാണ് പരാതി. എന്നാല്‍ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് കൂടുതല്‍ ഭാഗങ്ങള്‍ നീക്കി റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഭാഗം വെട്ടിമാറ്റിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ കടുത്ത വിമര്‍ശനം ആണ് ഉയരുന്നത്. റിപ്പോര്‍ട്ടിലെ പേജുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്രം അന്വേഷണം പ്രഖ്യാപിക്കണം എന്ന് ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കി. സര്‍ക്കാര്‍ ഇടപെടുന്നതിന് മാറിനിന്നുവെന്നും ഇത് കുറ്റകരമായ അനാസ്ഥയാണെന്നും സംവിധായകന്‍ ആഷിഖ് അബു പ്രതികരിച്ചു.

സര്‍ക്കാരിന് ഭയമുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സെന്‍സറിംഗ് വ്യക്തമാക്കുന്നതെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരെയോ രക്ഷിക്കാനുള്ള ഒളിച്ചുകളിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തിപ്പെടുകയാണ്. എന്നാല്‍ ഇനി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.


ബാക് ടു സ്‌കൂള്‍:യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ്‌

0

മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്ന ദിവസം ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ചു. സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് ജോലി സമയത്തില്‍ ഇളവ്. പിടിഎ മീറ്റിംഗ് അടക്കമുളള സ്‌കൂളുകളിലെ പ്രധാന പരിപാടികള്‍ക്ക് തുടര്‍ന്നും രക്ഷിതാക്കള്‍ക്ക് ജോലിയില്‍ ഇളവ് അനുവദിക്കും

യുഎഇ ഫെഡറല്‍ ഗവര്‍ണമെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അതോറിട്ടിയാണ് രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന ദിവസം ജോലി സമയത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. ജോലി സമയത്തില്‍ മൂന്ന് മണിക്കൂര്‍ ഇളവ് ആണ് ലഭിക്കുക. ഇത് ഒറ്റഘട്ടമായിട്ടോ രാവിലെയും വൈകിട്ടുമായി രണ്ട് തവണയായോ വിനിയോഗിക്കാം.അതെസമയം നഴ്‌സറികളും കിന്റര്‍ഗാട്ടനുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച്ചയിലെ എല്ലാ ദിവസും ഈ ഇളവ് ലഭിക്കും.

കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനും തിരികെ കൂട്ടിക്കൊണ്ടുവരുന്നതിനുമായിട്ടാണ് ഈ ക്രമീകരണം.പുതിയ അധ്യയന വര്‍ഷം പിടിഎ മീറ്റിംഗും ഗ്രാജുവേഷനും അടക്കം സ്‌കൂളുമായി ബന്ധപ്പെട്ട പ്രധാനപരിപാടികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവിദക്കും.മന്ത്രാലയങ്ങളും മറ്റ് വകുപ്പുകളും അടക്കം രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തീരുമാനം ബാധകമാണ്. യുഎഇ സര്‍ക്കാരിന്റെ ബാക് ടു സ്‌കൂള്‍ നയത്തിന്റെ ഭാഗമായിട്ടാണ് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍

0

മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. കേസില്‍ വനിത കമ്മിഷനെയും കോടതി കക്ഷി ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യം ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കണം എന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചു.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ പത്തിന് കോടതിയില്‍ ഹാജരാക്കാന്‍ ആണ് നിര്‍ദ്ദേശം. റിപോര്‍ട്ടില്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കമ്മിറ്റി രുപീകരിച്ചത് അടക്കം പാഴ് വേലയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നും കോടതി ആരാഞ്ഞു. ഹേമ കമ്മിറ്റി ജുഡീഷ്യല്‍ കമ്മീഷന്‍ അല്ലെന്നും സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ മൊഴി നല്‍കിയവര്‍ക്ക് മുന്നോട്ടു വരാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. കമ്മിറ്റിയോട് പേര് പറയാന്‍ സര്‍ക്കാരിനാവില്ലെന്നും സര്‍ക്കാരിന്റെ പക്കല്‍ പേരുകള്‍ ഇല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

റിപ്പോര്‍ട്ടിലെ ലൈംഗീക പീഡന പരാതികള്‍ പഠിക്കാന്‍ അന്വേഷണസമിതിയെ നിയമിക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. കുറ്റകൃത്യങ്ങള്‍ക്ക് എതിരെ നടപടി ഉണ്ടാകണം എന്നും സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

യുഎഇ പൊതുമാപ്പ്:ടൈപ്പിംഗ് സെന്ററുകളിലേക്ക് നിരവധി കോളുകള്‍

0

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വരാനിരിക്കെ രാജ്യത്തെ ടൈപ്പിംഗ് സെന്ററുകളില്‍ ലഭിക്കുന്നത് നിരവധി ഫോണ്‍ കോളുകള്‍. പൊതുമാപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ചാണ് താമസനിയമലംഘകരുടെ അന്വേഷണങ്ങള്‍. പൊതുമാപ്പ് നടപടിക്രമങ്ങള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ വൈകാതെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബര്‍ ഒന്നിന് ആണ് രാജ്യത്തെ താമസനിയമലംഘകര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വരിക.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി നിരവധി പേര്‍ കാത്തിരിക്കുന്നുവെന്നാണ് യുഎഇയിലെ ടൈപ്പിംഗ് സെന്ററുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ദിനവും നൂറുകണക്കിന് ഫോണ്‍ കോളുകള്‍ ആണ് ടൈപ്പിംഗ് സെന്ററുകളില്‍ പൊതുമാപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. പൊതുമാപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ചും ആവശ്യമായ രേഖകള്‍ എന്തെല്ലാം എന്നത് അടക്കം ആണ് അന്വേഷണങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്ത വരേണ്ടതുണ്ടെന്നാണ് ടൈപ്പിംഗ് സെന്ററുകള്‍ പറയുന്നത്.പൊതുമാപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും എന്നാണ് ഐസിപി നേരത്തെ അറിയിച്ചിട്ടുള്ളത്. ഇത് വൈകാതെ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

മുന്‍കാലങ്ങളിലേത് പോലെ ഇത്തവണ പ്രത്യേക പൊതുമാപ്പ് കേന്ദ്രങ്ങളും ടെന്റുകളും ഉണ്ടാകില്ലെന്നാണ് ഐസിപി അധികൃതര്‍ സൂചന നല്‍കിയിട്ടുള്ളത്. പകരം ടൈപ്പിംഗ് സെന്ററുകള്‍ മുഖേന വ്യക്തികള്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. താമസനിയമലംഘകര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി പിഴ കൂടാതെ രാജ്യം വിടുകയോ രേഖകള്‍ നിയമപരമായി രാജ്യത്ത് തുടരുകയോ ചെയ്യാം.