Wednesday, August 12, 2026
Home Blog Page 119

യുഎഇയുടെ ബറാക്ക ആണവനിലയം പൂര്‍ണ്ണശേഷിയില്‍

0

യുഎഇയുടെ ബറാക്ക ആണവനിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണശേഷിയിലേക്ക് ഉയര്‍ന്നു.ആണവനിലയത്തിന്റെ നാലാം യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. 1400 മെഗാവാട്ടാണ് നാലാം യൂണിറ്റിന്റെ ഉത്പാദന ശേഷി.അറബ് ലോകത്തെ ആദ്യ ആണവനിലയമായ യുഎഇയുടെ ബറാക്കാ പ്ലാന്റിന് നാല് യൂണിറ്റുകള്‍ ആണ് ഉള്ളത്.ഇതില്‍ നാലാം യൂണിറ്റും വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉത്പാദനം ആരംഭിച്ചിരിക്കുകയാണ്.

കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന യുഎഇയുടെ ലക്ഷ്യത്തില്‍ നിര്‍ണ്ണായകമായ ഒരു ഘട്ടം കൂടി രാജ്യം മറികടന്നിരിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു.ബറാക്ക നിലയം പൂര്‍ണ്ണശേഷിയിലേക്ക് എത്തിയതോടെ പ്രതിവര്‍ഷം 22 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ആണ് ഒഴിവാക്കാന്‍ കഴിയുക. കഴിഞ്ഞ മാര്‍ച്ചിലാണ് ബാറാക്ക നിലയത്തിന്റെ നാലം യൂണിറ്റ് ദേശീയ പവര്‍ഗ്രിഡുമായി ബന്ധിപ്പിച്ചത്. ഊര്‍ജ്ജ ഉത്പാദന ശേഷി ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിച്ചാണ് നാലാം യൂണിറ്റ് പൂര്‍ണ്ണശേഷിയിലേക്ക് എത്തിയിരിക്കുന്നത്.

മറ്റ് മൂന്ന് യൂണിറ്റുകള്‍ പൂര്‍ണ്ണപ്രവര്‍ത്തനശേഷിയിലേക്ക് എത്തിക്കുന്നതിന് വേണ്ടി വന്നതിനെക്കാള്‍ കുറച്ച് മാത്രം സമയമെടുത്താണ് നാലാം യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കിയത്. 2020 ഫെബ്രുവരിയില്‍ ആണ് ഒന്നാം യൂണിറ്റിന് പ്രവര്‍ത്തന ലൈസന്‍സ് ലഭിച്ചത്. പൂര്‍ണ്ണശേഷിയിലേക്ക് എത്തിയതോട രാജ്യത്ത് ആവശ്യമായ മൊത്തം വൈദ്യുതിയുടെ ഇരുപത്തിയഞ്ച് ശതമാനം ബറാക്ക നിലയത്തില്‍ നിന്നും ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.അറുപത് വര്‍ഷം ആണ് നിലയത്തിന്റെ ആയുസ് കണക്കാക്കിയിരിക്കുന്നത്.

അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ് തുടരുന്നു

0

രാജ്യാന്തരവിപണിയില്‍ അംസ്‌കൃത എണ്ണവിലയില്‍ വീണ്ടും ഇടിവ്. ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ അഞ്ച് ശതമാനത്തിലധികം ആണ് ഇടിവ്. ആഗോളതലത്തില്‍ വീണ്ടും സാമ്പത്തികമാന്ദ്യ ഭീതി വര്‍ദ്ധിക്കുന്നതാണ് എണ്ണവിപണിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 72.90 പൂജ്യം ഡോളറായും യുഎഇയുടെ മര്‍ബാന്‍ ക്രൂഡിന്റെ വില എഴുപത്തിമൂന്ന് ഡോളറായും ആണ് കുറഞ്ഞത്. അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില 69.50 ഡോളറായും താഴ്ന്നു.പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചതിന് ശേഷം കഴിഞ്ഞ ഒരു കൊല്ലത്തേളമായി എണ്‍പത് ഡോളറിന് മുകളിലോ സമീപത്തോ ആയിരുന്നു ബ്രെന്റ് ക്രൂഡിന്റെ വില. ഏറ്റവും വലിയ എണ്ണഉപയോക്താക്കളായ അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ ആണ് എണ്ണയുടെ വില ദിവസങ്ങളായി കുറയുന്നതിന് വഴി വെയ്ക്കുന്നത്.

അമേരിക്കയിലെ ഫാക്ടറി ഉത്പാദന സൂചികയില്‍ സംഭവിച്ച ഇടിവ് എണ്ണയുടെ ആവശ്യകതയില്‍ കുറവ് വരുത്തും എന്നതാണ് വിപണിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ചൈനയില്‍ ഉത്പാദന നിരക്ക് ആറാമാസത്തിനിടയിലെ താഴ്ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ലിബിയയില്‍ നിന്നുള്ള കൂടുതല്‍ എണ്ണവിപണിയിലെക്ക് എത്താനുള്ള സാധ്യത തുറന്നതും വിലയിടിവിന് കാരണമാണ്.ലിബിയയില്‍ എണ്ണകയറ്റുമതി തടസ്സമായിരുന്ന രാഷ്ട്രിയപ്രശ്‌നത്തിന് പരിഹാരമായതായാണ് റിപ്പോര്‍ട്ടുകള്‍

പൊതുമാപ്പ് തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും സന്ദര്‍ശക വീസയില്‍ യുഎഇയില്‍ എത്തിയവര്‍

0

യുഎഇയില്‍ പൊതുമാപ്പിനായി എത്തുന്നവരില്‍ ഭുരിഭാഗവും സന്ദര്‍ശക-ടൂറിസ്റ്റ് വീസകളില്‍ ജോലി തേടി എത്തിയവര്‍ എന്ന് ഇമിഗ്രേഷന്‍ വകുപ്പ്.സന്ദര്‍ശകവീസയില്‍ എത്തുന്നവര്‍ തൊഴില്‍ അന്വേഷകരാകാന്‍ പാടില്ലെന്നാണ് യുഎഇ ഇമിഗ്രേഷന്‍ നിയമം. പൊതുമാപ്പ് തേടുന്നവര്‍ക്ക് ജോലി വാഗ്ദാനവുമായി കൂടുതല്‍ കമ്പനികള്‍ മുന്നോട്ട് വരുന്നുണ്ടെന്നും ജിഡിആര്‍എഫ്എ അറിയിച്ചു.സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച യുഎഇ പൊതുമാപ്പ് തേടി വിവിധ എമിറേറ്റുകളിലെ കേന്ദ്രങ്ങളില്‍ എത്തുന്നത് ആയിരങ്ങളാണ്.

ഇതില്‍ ഭൂരിഭാഗം പേരും രാജ്യത്ത് സന്ദര്‍ശകവീസയില്‍ തൊഴില്‍തേടിയെത്തി താമസനിയമലംഘകരായി മാറിയതാണെന്ന് ദുബൈ ജിഡിആര്‍എഫ്എയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ എത്തിയ പലര്‍ക്കും ജോലി നേക്കേണ്ടത് എങ്ങനെയെന്ന് പോലും അറിയില്ല. പലര്‍ക്കും ഒരു സി.വി പോലും ഇല്ല.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ജോലി തിരയാന്‍പോലും അറിയാത്ത ഇത്തരക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങും.ജോലി ലഭിക്കാതെ വരുകയും സന്ദര്‍ശകവീസയുടെ കാലാവധി കഴിയുകയും ചെയ്യും.പല കാരണങ്ങളാല്‍ ജോലി വിടുകയും സ്‌പോണ്‍സര്‍ സ്റ്റാറ്റസ് മാറ്റി നല്‍കാതിരിക്കുകയും ക്രമേണ നിയമലംഘകരായി മാറുകയും ചെയ്ത നിരവധി പേരും പൊതുമാപ്പ് തേടി എത്തുന്നുണ്ടെന്നും ജിഡിആര്‍എഫ്എ അധികൃതര്‍ അറിയിച്ചു.

യുഎഇ ഇമിഗ്രേഷന്‍ നിയമപ്രകാരം ടൂറിസ്റ്റ് വീസ സന്ദര്‍ശനാവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.ജോലി തേടുന്നവര്‍ക്കായി അറുപത് ദിവസം കാലാവധിയുളള തൊഴിലന്വേഷക വീസ യുഎഇ അനുവദിക്കുന്നുണ്ട്. അതെസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ കൂടുതല്‍ കമ്പനികള്‍ തയ്യാറാക്കുന്നുണ്ടെന്നും ജിഡിആര്‍എഫ്എ അറിയിച്ചു.അവീറിലെ ജിഡിആര്‍എഫ്എയുടെ പൊതുമാപ്പ് കേന്ദ്രത്തില്‍ കൗണ്ടര്‍ തുറന്ന കമ്പനികളുടെ എണ്ണം പതിനാറായി വര്‍ദ്ധിച്ചു.

പിവി അന്‍വറിന്റെ ആരോപണങ്ങള്‍ സിപിഐഎം ചര്‍ച്ച ചെയ്‌തേക്കും:അന്വേഷണത്തിനും സാധ്യത

0


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരെ പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഐഎം അന്വേഷണം നടത്തിയേക്കും.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും വിഷയം ചര്‍ച്ച ചെയ്യും എന്നാണ് വിവരം.അന്‍വറിന്റെ പരാതിയെ ഗൗരവത്തോടെയാണ് സിപിഐഎം നേതൃത്വം കാണുന്നത്.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഇന്ന് രാവിലെ എകെജി സെന്ററില്‍ എത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പി.വി അന്‍വര്‍ പരാതി നല്‍കി.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ പി.ശശിക്ക് എതിരെ രേഖാമൂലമുള്ള പരാതിയാണ് അന്‍വര്‍ നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. അന്‍വര്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ വെള്ളിയാഴ്ച നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.ഇതിന് ശേഷം ആയിരിക്കും അന്വേഷണത്തിന് കാര്യത്തില്‍ തീരുമാനം വരിക.

എഡിജിപി എംആര്‍ അജിത്കുമാറിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ പരാതികളും പി.വി അന്‍വര്‍ പാര്‍ട്ട് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. എഡിജിപിക്ക് എതിരായ പരാതി അന്വേഷിക്കാന്‍ ഉള്ള സംഘത്തില്‍ റാങ്കില്‍ താഴെ ഉള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതില്‍ ഉള്ള നീരസവും അന്‍വര്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.ഹെഡ്മാസ്റ്റര്‍ എതിരായ പരാതി പ്യൂണ്‍ അല്ല പരിശോധിക്കേണ്ടത് എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.ഇതിനിടെ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.ശശി രംഗത്ത് എത്തി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതല്‍ താന്‍ ആക്രമണം നേരിടുന്നുണ്ടെന്നും ഭയം തോന്നുന്നില്ലെന്നും പി.ശശി പ്രതികരിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനോട് ആണ് ശശിയുടെ പ്രതികരണം

ഐഐടി ദില്ലിയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് അബുദബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

0

ഐഐടി ദില്ലിയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് അബുദബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളെ അബുദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.
52 വിദ്യാര്‍ത്ഥികളുമായാണ് ഐഐടി ദില്ലിയുടെ ആദ്യ ബാച്ച് ആരംഭിച്ചത്. അബുദബി കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഐഐടി ദില്ലിയുടെ ആദ്യ അന്താരാഷ്ട്ര കാംപസിന്റെ ഉദ്ഘാടനം നടന്നു.

ഭാവിനേതാക്കളെ സൃഷ്ടിക്കാനുള്ള എമിറേറ്റിന്റെ നിരന്തരശ്രമങ്ങള്‍ക്ക് ഊര്‍ജമേകാന്‍ ഐഐടി ദില്ലി അബുദബിക്ക് സാധിക്കുമെന്നും ഷെയ്ഖ് ഖാലിദ് പറഞ്ഞു. ഗവേഷണവിദ്യാഭ്യാസത്തിന്റെ ആഗോളകേന്ദ്രമായി എമിറേറ്റിനെ മാറ്റാനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ സ്ഥാപനം സംഭാവനകള്‍ നല്‍കുമെന്ന് ഷെയ്ഖ് ഖാലിദ് കൂട്ടിച്ചേര്‍ത്തു. അബുദബിയിലെ സര്‍വകലാശാലകളായ ഖലീഫ യൂണിവേഴ്‌സിറ്റി, മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോബോണ്‍ യൂണിവേഴ്‌സിറ്റി അബുദബി, സായിദ് യൂണിവേഴ്‌സിറ്റി എന്നിവയുമായി ഐഐടി ദില്ലി അബുദാബി കാംപസ് സഹകരിച്ച് പ്രവര്‍ത്തിക്കും.

ഗവേഷണം, വിദ്യാഭ്യാസപരിപാടികള്‍, സെമിനാറുകള്‍, ഇന്റേണ്‍ഷിപ്പ്, മത്സരങ്ങള്‍, ശില്പശാലകള്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ സഹകരണം ഉറപ്പാക്കും. സംയുക്ത ഗവേഷണപദ്ധതികള്‍, പിജി വിദ്യാഭ്യാസം, സെമിനാര്‍, ശാസ്ത്രപരിപാടികള്‍ എന്നിവയില്‍ സോബോണ്‍ യൂണിവേഴ്‌സിറ്റിയുമായി കൈകോര്‍ക്കും. ഹ്രസ്വകാലപരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നീ രംഗങ്ങളിലാണ് മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി സഹകരിക്കുക. അധ്യാപക പരിശീലനം, അക്കാദമിക പരിപാടികള്‍ എന്നിവയ്ക്കായി സായിദ് യൂണിവേഴ്‌സിറ്റിയുമായി ഐഐടി അബുദബി കാംപസ് സഹകരിക്കും.

ഇസ്രയേലിന് ആയുധം നല്‍കുന്നതിനുള്ള ലൈസന്‍സുകള്‍ റദ്ദാക്കി ബ്രിട്ടന്‍

0


ഇസ്രയേലിന് ആയുധം നല്‍കുന്നതിനുള്ള ലൈസന്‍സുകളില്‍ ചിലത്‌ അടിയന്തരമായി റദ്ദാക്കുമെന്ന് ബ്രിട്ടന്‍. ഈ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ രാജ്യാന്തരനിയമ0 ലംഘിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് തീരുമാനം എന്ന് ബ്രിട്ടന്‍ വിശദീകരിച്ചു.ഇതിനിടയില്‍ ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആവശ്യമായതൊന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തി.

ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള 350 ലൈസന്‍സുകളില്‍ മുപ്പത് എണ്ണം അടിയന്തരമായി റദ്ദാക്കും എന്നാണ് ബ്രട്ടീഷ് വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പ്. ഇസ്രയേലിന് സുരക്ഷാ ഭീഷണികളില്‍ പ്രതിരോധം തീര്‍ക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഇസ്രയേല്‍ സ്വീകരിക്കുന്ന രീതികളില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലമ്മി പറഞ്ഞു. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണവും സാധാരണക്കാരുടെ വീടുകളും കെട്ടിടങ്ങളും നശിപ്പിക്കപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം എന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.ബ്രട്ടന്റെ തീരുമാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു രംഗത്ത് എത്തി. ബ്രിട്ടിന്റെ തീരുമാനം ലജ്ജാകരമാണെന്നും തെറ്റായ തീരുമാനം ഹമാസിനെ ശക്തിപ്പെടുത്തത്തെ ഉള്ളെന്നും നെതന്യാഹു പറഞ്ഞു.ആയുധനക്കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇസ്രയേലിന്റെ ഇച്ഛാശക്തിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു കാര്യംമായി ചെയ്യുന്നില്ലെന്ന വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തി.വൈറ്റ്ഹൗസില്‍ വാര്‍ത്തലേഖകരുടെ ചോദ്യത്തിനാണ് ബൈഡന്റെ മറുപടി

അജിത്കുമാറിനെ മാറ്റിനിര്‍ത്തില്ല;അന്വേഷണ സംഘത്തിന് എതിരെയും വിമര്‍ശനം

0


പി.വി അന്‍വറിന്റെ ആരോപണത്തില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിന് എതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റില്ല. അതെസമയം ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും എഴുതി നല്‍കിയെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
കൊലപാതകം,സ്വര്‍ണ്ണക്കള്ളക്കടത്ത്,മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയ ഗുരുതര ആരോപണം ആണ് എഡിജിപി എംആര്‍ അജിത്കുമാറിന് എതിരെ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ചത്.പിന്നാലെ ആരോപണങ്ങളില്‍ പൊതുവേദിയില്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ക്രമസമാധാന ചുമതലയില്‍ നിന്നും എംആര്‍ അജിത്കുമാറിനെ മാറ്റി നിര്‍ത്തിക്കൊണ്ടായിരിക്കും അന്വേഷണം എന്നാണ് ആഭ്യന്തരവകുപ്പില്‍ നിന്നും ആദ്യ പുറത്തുവന്ന സൂചനകള്‍. എന്നാല്‍ വൈകിട്ടോട് കൂടി കാര്യങ്ങളില്‍ മാറ്റം വന്നു.അന്വേഷണത്തിനായി അജിത് കുമാറിനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറി. ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയെങ്കിലും പൊലീസ് മേധാവി ഒഴിച്ചുള്ളവര്‍ എല്ലാം അജിത്കുമാറിനെക്കാള്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്.

മുഖ്യമന്ത്രി പിണറായി വിജയനുമായി സെക്രട്ടറിയേറ്റില്‍ കൂടിക്കാഴ്ച നടത്തിയ പി.വി അന്‍വറും അല്‍പ്പം അയഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയെ കാര്യങ്ങള്‍ വിശദമായി ധരിപ്പിച്ചിട്ടുണ്ടെന്നും പ്രധാന കാര്യങ്ങള്‍ എഴുതിക്കൊടുത്തെത്തും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കി പരാതി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നല്‍കും. ഇതോടെ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്നും ഇനി എല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു.

ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ പുതിയ എഡിഷന്‍ ഒക്ടോബര്‍ 26 മുതല്‍

0

ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ എട്ടാം പതിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഇരുപത്തിയാറിന് ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമാകും. ഈ വര്‍ഷത്തെ പരിപാടികളും രജിസ്‌ട്രേഷന്‍ വിശദാംശങ്ങളും വരും ആഴ്ച്ചകളില്‍ പ്രഖ്യാപിക്കും.ഒക്ടോബര്‍ ഇരുപത്തിയാറിന് മുതല്‍ നവംബര്‍ ഇരുപത്തിനാല് വരെയാണ് ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ 2024-ലെ പതിപ്പ്.തുടര്‍ച്ചയായ മുപ്പത് ദിവസം മുപ്പത് മിനുട്ട് വീതം വ്യായാമം ചെയ്യുക എന്നതാണ് ചലഞ്ച്. ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ദുബൈ റൈഡ് നവംബര്‍ പത്ത് ഞായറാഴ്ചയും ദുബൈ റണ്‍ നവംബര്‍ ഇരുപത്തിനാലിനും നടക്കും.

ഫിറ്റ്‌നസ് ചലഞ്ചിന്റെ ഇത്തവണത്തെ പരിപാടികള്‍ വരും ആഴ്ച്ചകളില്‍ പ്രഖ്യാപിക്കും. ദുബൈ ഫിറ്റനസ് ചലഞ്ചിന്റെ വെബ്‌സൈറ്റില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.കൂടുതല്‍ വിശദാശങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷം ഇരുപത്തിനാല് ലക്ഷം പേരാണ് ഫിറ്റനസ് ചലഞ്ചിന്റെ ഭാഗമായത്. ദുബൈയില്‍ റൈഡില്‍ 35000 പേരും ദുബൈയില്‍ റണ്ണില്‍ 2,26000 പേരും പങ്കെടുത്തു. ഇത്തവണയും നിരവധി കായികപരിപാടികള്‍ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടക്കും.2017-ല്‍ ആണ് ദുബൈ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് ഫിറ്റ്‌നസ് ചലഞ്ച് പ്രഖ്യാപിച്ചത്.

ആരോഗ്യപരിപാലനത്തിനായി വ്യായാമം ശീലമാക്കുന്നതിന് യുഎഇ പൗരന്‍മാരേയും താമസക്കാരേയും സന്ദര്‍ശകരേയും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഫിറ്റ്‌നസ് ചലഞ്ച് നടത്തുന്നത്.

പി.വി അന്‍വറിന്റെ ആരോപണം:എഡിജിപി എം.ആര്‍ അജിത് കുമാറിനെ നീക്കിയേക്കും

0

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റും. എംആര്‍ അജിത് കുമാറിന് എതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണവും പ്രഖ്യാപിച്ചു. പി.വി അന്‍വറുമായുളള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു.സ്വര്‍ണ്ണക്കടത്ത്, കൊലപാതകം,മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ആണ് എംആര്‍ അജിത് കുമാറിന് എതിരെ പി.വി അന്‍വര്‍ ഉന്നയിച്ചത്. പിന്നാലെ ഇന്ന് കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പൊതുവേദിയില്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയാണ് എഡിജിപി എം.ആര്‍ അജിത് കുമാറിന് എതിരായ അന്വേഷണം നടത്തുക.

അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആണ് അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനം. എം.ആര്‍ അജിത് കുമാറിന് പകരം ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ്, ജയില്‍ മേധാവി ബല്‍റാം ഉപാധ്യായ എന്നവരെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അജിത്കുമാറിന് എതിരെ ഇന്നും ഗുരുതരമായ ആരോപണവുമായി പി.വി അന്‍വര്‍ രംഗത്ത് എത്തി.സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി എംആര്‍ അജിത് കുമാര്‍ ആഢംബര വീട് നിര്‍മ്മിക്കുന്നു എന്നത് അടക്കം ആണ് ഇന്നത്തെ ആരോപണങ്ങള്‍.

അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കള്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയേക്കും എന്നാണ് സൂചന. പിവി അന്‍വര്‍ ടെലഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിന് പിന്നാലെ പത്തനംതിട്ട എസ്.പി സുജിത് ദാസിന് എതിരെയും നടപടി സ്വീകരിച്ചു. സര്‍വീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാാണ് സുജിത ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.മലപ്പുറം എസ്പിയായിരിക്കെ ക്യാമ്പ് ഓഫീസില്‍ നിന്നും മരം മുറിച്ചുകടത്തിയെന്ന ആരോപണവും സുജിത് ദാസ് നേരിടുന്നുണ്ട്.

യുഎഇ സ്‌കൂളില്‍ നിന്നും അനുമതി കൂടാതെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം

0

യുഎഇയിലെ സ്‌കൂളുകളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍്‌ദ്ദേശം. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ രാജ്യത്തെ സ്വകാര്യതാ നിയമത്തിന്റെ ലംഘനമാണെന്നും സ്‌കൂളുകള്‍ മുന്നറിയിപ്പ് നല്‍കി. കൂട്ടികളെ ബോധവത്കരിക്കാന്‍ രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിന് എതിരെയാണ് ബോധവത്കരണം.യുഎഇയില്‍ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ബോധവത്കരണം. സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചാല്‍ നടപടികള്‍ നേരിടേണ്ടിവരും എന്നാണ് മുന്നറിയിപ്പ്. കുറ്റക്കാര്‍ കുട്ടികളിലായതിനാല്‍ ലളിതമായ ശിക്ഷാ നടപടികളാണ് നല്‍കുക. ജുവൈനല്‍ നിയമപ്രകാരം സാമൂഹിക സേവനം പോലുള്ള നിയമ നടപടികള്‍ സ്വീകരിക്കും. പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റക്കാരുടെ മേല്‍ നിരീക്ഷണം ശക്തമാക്കും. വിദ്യാര്‍ത്ഥികള്‍ ഫോട്ടോകള്‍ പകര്‍ത്തി പങ്കുവെച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കും.

2021 ലെ മുപ്പത്തിനാലാം ഫെഡറല്‍ നിയമം പ്രകാരമാണ് നടപടി. 12 മുതല്‍ 16 വയസുവരെയുള്ള കൂട്ടികള്‍ക്ക് ക്രമിനല്‍ ശിക്ഷയ്ക്ക് പകരം നല്ല നടപ്പിനു വിധിക്കും. ഇക്കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കായില്‍ കേസ് ഒഴിവാക്കപ്പെടും. 16 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കേസിന്റെ ഗൗരവം അനുസരിച്ച് തടവു വരെ ശിക്ഷ ലഭിക്കും.ചില സ്‌കൂളുകള്‍ പഠനത്തിനായി ടാബ്ലെറ്റുകളും ലാപ്‌ടോപ്പുകളും നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സൈബര്‍ സുരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്.